Tuesday, February 5, 2013

പാതയൊരുക്കുന്നു സ്വകാര്യകുത്തകകള്‍ക്ക്

കേരളം കഴിഞ്ഞ നൂറ്റാണ്ടില്‍ പൊതുമേഖലയില്‍ നല്ല നിലയില്‍ ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്ത പല സേവനത്തുറകളെയും സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. എ കെ ആന്റണി- ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ വിദ്യാഭ്യാസവും ആരോഗ്യരക്ഷയും സ്വകാര്യവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളെയാകെ തകര്‍ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. യുപിഎ- എന്‍ഡിഎ സര്‍ക്കാരുകള്‍ നടപ്പാക്കിയ നയത്തിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍. അവ കേരളത്തിലെ ജനസാമാന്യത്തിന്റെ- ദരിദ്രരുടെയും ഇടത്തരക്കാരുടെയും ജീവിതനിലവാരത്തെ തകര്‍ക്കുകയും തൊഴില്‍ സാധ്യത തടയുകയും അവരില്‍ പലരെയും ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയുംചെയ്യുന്നു.

ആ മൂശയില്‍ വാര്‍ത്തെടുത്തതാണ് യുഡിഎഫ് സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച കേരള ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ ലിമിറ്റഡ് എന്ന കമ്പനി. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയില്‍നിന്ന് വെള്ളം മൊത്തമായി വാങ്ങി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണംചെയ്ത് അവരില്‍നിന്ന് വെള്ളക്കൂലി ഈടാക്കുകയാണ് ലക്ഷ്യമായി പറയുന്നത്. ഇപ്പോള്‍ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം കാര്യക്ഷമമായ ജലവിതരണത്തിന് സര്‍ക്കാരിന് കഴിയുന്നില്ല, ജനങ്ങളില്‍നിന്ന് പ്രതിഫലം ഈടാക്കാന്‍ കഴിയാത്തതുകൊണ്ട് സര്‍ക്കാരും വാട്ടര്‍ അതോറിറ്റിയും വലിയ പ്രയാസത്തിലാണ് എന്നാണ് പറയുന്ന ന്യായം.

തിരുവനന്തപുരത്തും എറണാകുളത്തും മറ്റു നഗരങ്ങളിലും തദ്ദേശസ്ഥാപനങ്ങളാണ് ജലവിതരണം നടത്തിവന്നത്. അവിടങ്ങളില്‍ ജലവിതരണത്തിലും പ്രതിഫലം ഈടാക്കുന്നതിലും വലിയ വീഴ്ചയുണ്ടെന്നു പറഞ്ഞാണ് ആ ജോലി വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി കാര്യക്ഷമമല്ല എന്നുപറഞ്ഞാണ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വകാര്യമേഖലയിലെ കമ്പനികള്‍ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തവരാണ് എന്നുപറഞ്ഞ് പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വിദേശ കുത്തകകളെ ഈ പണി ഏല്‍പ്പിക്കാന്‍ ശ്രമിച്ചേക്കാം. രാജ്യത്തെ പല പ്രവൃത്തികളും വിദേശകമ്പനികളെ ഏല്‍പ്പിച്ച് ഭരണംതന്നെ അവരുടെ കൈയിലാക്കുന്ന പ്രവര്‍ത്തനമാണ് യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ചുവടുപിടിക്കുകയാണ് യുഡിഎഫ് സര്‍ക്കാരും. രാജ്യത്തെ കുടിവെള്ളത്തിന്റെ സ്രോതസ്സ് മുഴുവന്‍ സ്വകാര്യ മുതലാളിമാരുടെ കൈയിലേക്ക് മാറ്റുന്നതിന്റെ തുടക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ കുറിക്കുന്നത്. വാട്ടര്‍ അതോറിറ്റിക്കോ തദ്ദേശസ്ഥാപനങ്ങള്‍ക്കോ കഴിവുകേടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ മെനക്കെടാതെ സ്വകാര്യമേഖലയെ ജലവിതരണച്ചുമതല ഏല്‍പ്പിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനാണ്.

സ്കൂള്‍ കോളേജ് തലത്തിലും ചികിത്സാരംഗത്തുമുള്ള സ്വകാര്യ ഏജന്‍സികള്‍ ജനങ്ങളെ എങ്ങനെ കൊള്ളയടിക്കുന്നു എന്ന് കണ്ടറിഞ്ഞവരെ, ജലവിതരണവും സ്വകാര്യമേഖലയെ ഏല്‍പ്പിച്ചാല്‍ എന്താകും ഫലമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. ജല ഉപഭോഗത്തിന്റെ കാര്യത്തില്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് വീണ്ടുവിചാരം ആവശ്യമാണ്. കുടിവെള്ളം, കൃഷി, വീട്ടാവശ്യങ്ങള്‍, വ്യവസായ-വ്യാപാര സംരംഭങ്ങള്‍ എന്നിവയ്ക്കൊക്കെ വര്‍ധിച്ചതോതില്‍ വെള്ളം ആവശ്യമായി വരുന്നു. കേരളത്തില്‍ (മറ്റെവിടെയായാലും) ലഭ്യമാകുന്ന വെള്ളത്തിനു പരിമിതിയുണ്ട്. അതിനാല്‍ ഓരോ കുടുംബവും ഓരോ സംരംഭവും അവയ്ക്കു ലഭിക്കുന്ന ജലം കാര്യക്ഷമമായി ശേഖരിക്കണം (കിണര്‍ മുതലായ സംവിധാനങ്ങളിലൂടെ) എന്ന് നിഷ്കര്‍ഷിക്കണം. ഇങ്ങനെ വെള്ളം കിട്ടാന്‍ സാധ്യതയില്ലാത്തവര്‍ക്കാകണം പൊതുവിതരണത്തില്‍ മുന്‍ഗണന. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആയിരിക്കണം പ്രഥമ പരിഗണന. ഉപയോഗിച്ച വെള്ളം ശുദ്ധിചെയ്ത് പുനരുപയോഗിക്കുക, ഉപ്പുവെള്ളത്തില്‍നിന്ന് ഉപ്പുമാറ്റി ശുദ്ധജലമാക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇത്തരത്തിലുള്ള നവജല സംസ്കരണമേഖലകളിലേക്ക് സ്വകാര്യമേഖലയെ പ്രവേശിപ്പിക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. അതേസമയം ഇതേവരെ തദ്ദേശസ്ഥാപനങ്ങളും വാട്ടര്‍ അതോറിറ്റിയും നടത്തിവന്ന ജലവിതരണ സംവിധാനങ്ങള്‍ അവയുടെ ആഭിമുഖ്യത്തില്‍ കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ ഭരണ- സാങ്കേതിക പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സര്‍ക്കാരിന്റെ പശ്ചാത്തല സ്വകാര്യവല്‍ക്കരണ യത്നം ജലവിതരണത്തില്‍മാത്രം ഒതുങ്ങുന്നതല്ല. നിയമസഭയില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിവരുന്ന കേരള പശ്ചാത്തല വികസനബില്‍ ഉണ്ടെന്ന് അറിയുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട പശ്ചാത്തല വികസന പദ്ധതികള്‍ പൊതു-സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി കുറെ സെക്രട്ടറിമാരും വിദഗ്ധരും മറ്റ് നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും അടങ്ങുന്ന പശ്ചാത്തല വികസനബോര്‍ഡും അതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും ഒരു നിരയും രൂപീകരിക്കാനാണ് ബില്ലിലെ പ്രധാന നിര്‍ദേശം. ആര്‍ക്ക് എങ്ങനെയൊക്കെ പദ്ധതികള്‍ നല്‍കാം, അതിനുള്ള ഏജന്‍സികളെ ഏത് രീതിയില്‍ തെരഞ്ഞെടുക്കാം എന്നൊക്കെ സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ ബില്ലിലുണ്ടാകും. ഇതിലെ പല വ്യവസ്ഥകളും സ്വകാര്യമേഖലയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ബില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പലതും ഏറെ ചര്‍ച്ചചെയ്യപ്പെടും എന്നതില്‍ സംശയമില്ല. പക്ഷേ, അതിലേറെ ശ്രദ്ധേയമായ കാര്യം ഈ പശ്ചാത്തല വികസന ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന മേഖലകളാണ്. കമ്പോളം, വിളവെടുക്കല്‍ എന്നിവയടക്കമുള്ള കാര്‍ഷിക പശ്ചാത്തല സൗകര്യങ്ങള്‍, അപ്രധാന ധാതുക്കളുടെ വികസനം, ജലവിതരണവും ഉപ്പുനീക്കവുമടക്കമുള്ള കുടിവെള്ളം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പശ്ചാത്തലം, ഫിഷറീസ്, വാതകവും വാതക വിതരണവും, ആരോഗ്യ പശ്ചാത്തലം, ചേരി വികസനം ഉള്‍പ്പെടെ ഭവനിര്‍മാണം, വ്യവസായ പാര്‍ക്കുകളും പ്രത്യേക സാമ്പത്തികമേഖലയും ഉള്‍പ്പെടെ വ്യവസായ എസ്റ്റേറ്റുകള്‍, വിവര-വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടവ, ദേശീയ ജലപാതകളല്ലാത്ത ജലപാതകള്‍, അണകളും കനാലുകളും ഉള്‍പ്പെടെ ജലസേചനം, മണ്ണ് വീണ്ടെടുക്കല്‍ പദ്ധതികള്‍, ചെറുകിട തുറമുഖങ്ങളും ഹാര്‍ബറുകളും, വൈദ്യുതി ഉല്‍പ്പാദന-പ്രേഷണ-വിതരണങ്ങള്‍, റെയില്‍ മേല്‍-കീഴ്പാതകളും ബൈപ്പാസുകളും ഉള്‍പ്പെടെ പാലങ്ങളും റോഡുകളും, ഖരമാലിന്യം കൈകാര്യംചെയ്യല്‍, കളികള്‍ക്കും വിനോദത്തിനുമുള്ള പശ്ചാത്തല സൗകര്യം, ടൂറിസം, നഗരഗതാഗതം, ബസ്സ്റ്റാന്‍ഡുകള്‍, പല നിലകളായുള്ള പാര്‍ക്കിങ്, മലിനജലവും മലവും സംസ്കരിക്കല്‍ എന്നിങ്ങനെ 21 ഇനമാണ് ഈ പട്ടികയിലുള്ളത്. അതായത്, സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സകല പശ്ചാത്തല വികസന മേഖലകളും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നു.

പശ്ചാത്തല വികസന ബോര്‍ഡിനെ ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏല്‍പ്പിക്കുമ്പോള്‍ വലിയ അധികാര കേന്ദ്രീകരണമാണ് നടക്കുക. പല വകുപ്പുകള്‍ക്കും കാര്യമായ ചുമതലയൊന്നും ഉണ്ടാവില്ല. ദശാബ്ദങ്ങളായി നിലനിന്നുവരുന്ന ആ വകുപ്പുകളും അവയ്ക്കുകീഴില്‍ സ്ഥാപിക്കപ്പെട്ട സംവിധാനങ്ങളും അനാവശ്യമായിത്തീരും. വാസ്തവത്തില്‍ ഇങ്ങയൊരു നിയമനിര്‍മാണത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നത് സമൂലമായ ഭരണപരിഷ്കാരത്തിനൊടുവിലാണ്. അത് ചെയ്യാതെ ഈ നിയമനിര്‍മാണം കൊണ്ടുവരുന്നത് കുതിരയ്ക്കുമുമ്പില്‍ വണ്ടികെട്ടുന്നതുപോലെയാകും. ഭരണനിര്‍വഹണവും വികസന പ്രവര്‍ത്തനവും കാര്യക്ഷമമാക്കാനല്ല, വികസന പ്രവര്‍ത്തനങ്ങള്‍ മൊത്തമായി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനാണ് ഇത് ഇടയാക്കുക. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മൊത്തം അടങ്കലിന്റെ 50 ശതമാനം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നതുകൊണ്ട് വന്നുചേരുന്ന ഒരു പരിണതിയാണത്. സമ്പദ്വ്യവസ്ഥയുടെ ഉത്തുംഗസ്ഥാനത്ത് സ്വകാര്യ കുത്തകകളെ ഔദ്യോഗികമായി അവരോധിക്കുന്നതിന്റെ ഭാഗമാണിത്.

*
സി പി നാരായണന്‍ ദേശാഭിമാനി 05 ഫെബ്രുവരി 2013

No comments: