Tuesday, February 5, 2013

അസ്വസ്ഥപ്പെടുത്തുന്ന ഓര്‍മകള്‍

ദൃശ്യമാധ്യമങ്ങളില്‍ പി ജെ കുര്യന്റെ ഫോട്ടോ കാണുമ്പോള്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഇപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്നുവെന്നാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. മനുഷ്യമൃഗങ്ങളുടെ ക്രൂരമായ പീഡനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ആ പെണ്‍കുട്ടിയെ ഇന്നും വേട്ടയാടുന്നു. അതേ കുര്യന്റെ പേര് ഭരണപക്ഷത്തെയും അസ്വസ്ഥപ്പെടുത്തുകയാണോ? പതിമൂന്നാം കേരള നിയമസഭയുടെ ഏഴാംസമ്മേളനത്തിന്റെ രണ്ടാംനാള്‍ ഭരണപക്ഷംമാത്രമല്ല, സ്പീക്കര്‍പോലും അസ്വസ്ഥത പ്രകടിപ്പിച്ചോ? സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചാവേളയില്‍ ഉയര്‍ന്ന സംശയമിതാണ്. ഒരുവേള പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് സ്പീക്കര്‍ ജി കാര്‍ത്തികേയനോട് പറയേണ്ടിവന്നു, "താങ്കള്‍ അസ്വസ്ഥനാകരുത് സര്‍". ഏത് വിധേനയും കുര്യനെ സംരക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നിയമമന്ത്രിയുമെല്ലാം.

ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ തിങ്കളാഴ്ച നന്ദിപ്രമേയവും തുടര്‍ചര്‍ച്ചയും നടക്കേണ്ടിയിരുന്നെങ്കിലും സൂര്യനെല്ലിവിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന കള്ളക്കളിക്കെതിരെ ഉയര്‍ന്ന പ്രതിപക്ഷ രോഷത്തില്‍ സഭ നിശ്ചലമായി. സഭയില്‍ വനിതാ അംഗങ്ങളുടെ രോഷം ആളിക്കത്തിയ ദിവസംകൂടിയായി തിങ്കളാഴ്ച. കെ കെ ലതികയും കെ എസ് സലീഖയും അയിഷാപോറ്റിയും ഇ എസ് ബിജിമോളും ഗീതാഗോപിയും ജമീലാ പ്രകാശവുമെല്ലാം പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുന്‍നിരയിലായിരുന്നു. പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളിച്ച് അവര്‍ സ്പീക്കറെ പ്രതിഷേധം അറിയിച്ചു.

കോടിയേരി ബാലകൃഷ്ണനാണ് ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. കോടിയേരി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഭരണപക്ഷം അസ്വസ്ഥത പ്രകടിപ്പിച്ചു. ഭരണപക്ഷത്തെ പിന്‍നിരയില്‍ നിന്ന് പലവിധത്തില്‍ ഒച്ചപ്പാടുണ്ടാക്കി സഭ അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നു. ക്രമപ്രശ്നമെന്ന പേരില്‍ നിയമമന്ത്രി കെ എം മാണിയും ഇടയ്ക്കിടെ എഴുന്നേറ്റ് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പ്രശ്നം ഭരണപക്ഷത്തെ എത്രത്തോളം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഈ നടപടികള്‍. പെണ്‍കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുത്ത് തുടരന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം. എന്നാല്‍, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. കുര്യനെതിരെ അന്വേഷണം പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അറിയിച്ചു.

പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് നിയമോപദേശം തേടുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞാല്‍ സംശയിക്കാനെന്തിരിക്കുന്നു? എന്നാല്‍, ഈ ഡിജിപി കെപിസിസി എക്സിക്യൂട്ടീവ് അംഗം ആസിഫലി ആയാലോ? പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇതുകൂടി വ്യക്തമാക്കിയതോടെ നിയമോപദേശത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും മിണ്ടാട്ടമില്ലാതായി. സുപ്രീംകോടതി വെറുതെവിട്ട കേസാണെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാടും സഭയില്‍ തുറന്നുകാട്ടപ്പെട്ടു. കുര്യനെ രക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ നടന്ന ഒത്തുകളിയാണ് പുറത്തുവന്നത്.

ഇരയുടെ മൊഴിയാണ് ആധികാരികം എന്ന രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പിട്ട ഓര്‍ഡിനന്‍സിനെയും ഭരണപക്ഷം തത്വത്തില്‍ നിരാകരിച്ചു. ഈ പ്രതിഷേധമൊന്നും ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന സ്പീക്കറുടെ നിലപാടും പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടയാക്കി. പ്രതിപക്ഷ പ്രതിഷേധം തുടരവെ ഭരണപക്ഷത്തോട് സംസാരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. കേള്‍ക്കേണ്ടവര്‍ കേള്‍ക്കും, ഹെഡ് ഫോണ്‍ ഉണ്ടല്ലോ എന്നും സ്പീക്കര്‍ പറഞ്ഞു. ഇതെല്ലാം പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചതേ ഉള്ളൂ. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ മന്ത്രിമാര്‍ കടലാസുകള്‍ മേശപ്പുറത്ത് വച്ചെങ്കിലും സംസാരിക്കാനായില്ല. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ചീഫ് വിപ്പ് പി സി ജോര്‍ജ് അവതരിപ്പിച്ചെങ്കിലും ആരും കേട്ടില്ല. ഇതിനിടയില്‍ ജോര്‍ജ് നടത്തിയ ആക്രോശങ്ങളും ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് നടത്താനിരുന്ന ചര്‍ച്ചയും സ്പീക്കര്‍ വേണ്ടെന്നുവച്ചു. സഭ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി സഭാകവാടത്തിലേക്ക് വന്നു. ദേശീയ സ്കൂള്‍കായികമേളയില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായ കേരള ടീമിനെ നിയമസഭ അഭിനന്ദിച്ചു.

*
എം രഘുനാഥ് ദേശാഭിമാനി 05 ഫെബ്രുവരി 2013

No comments: