Thursday, February 2, 2012

ജവഹര്‍ഘട്ടിലെ സാമ്രാജ്യത്വത്തിനെതിരായ കുരുതിപ്പൂക്കള്‍

സ്വാതന്ത്ര്യത്തിനു വേണ്ടി സാമ്ര്യാജ്യത്വത്തിനെതിരായ ജനമുന്നേറ്റത്തില്‍ സുപ്രധാനമാണ് 1940 സപ്തംബര്‍ 15 ന്റെ മര്‍ദ്ദനപ്രതിഷേധ ദിനാചരണവും പല ഭാഗങ്ങളിലും നടന്ന ഐതിഹാസികമായ ജനമുന്നേറ്റവും. തലശ്ശേരി ജവഹര്‍ഘട്ട്, മൊറാഴ, കൂത്തുപറമ്പ്, മട്ടനൂര്‍,വടകര തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കെ പി സി സി ആഹ്വാനം ചെയ്ത പ്രസ്തുത പ്രതിഷേധ ദിനത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുചേര്‍ന്നു. ദിനാചരണത്തിന്റെ ഭാഗമായി റാലികളും പൊതുയോഗങ്ങളും ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും എല്ലായിടത്തും ബ്രിട്ടീഷ് വിധേയത്വമുള്ള പോലീസ് മേധാവികള്‍ പലകാരണങ്ങള്‍ പറഞ്ഞ് നിരോധനമേര്‍പ്പെടുത്തി. പ്രതിഷേധങ്ങളെയെല്ലാം മര്‍ദ്ദനത്തിലൂടെ അടിച്ചമര്‍ത്തുന്ന നയത്തിനെതിരായ സംഘം ചേരലാണ് സപ്തംബര്‍ 15 ന്റെ പ്രതിഷേധ ദിനാചരണം എന്നതിനാല്‍ നിരോധനാജ്ഞ വകവെക്കാതെ ആയിരക്കണക്കിനാളുകള്‍ എല്ലായിടത്തും ഒത്തുകൂടുകയായിരുന്നു. കെ പി സി സി സെക്രട്ടറിയായിരുന്ന കെ ദാമോദരന്‍ നിരോധനാജ്ഞ ലംഘിക്കാന്‍ അണികളെയും ബഹുജനങ്ങളെയും ആഹ്വാനം ചെയ്യുകയുമുണ്ടായി.

രണ്ടാംലോകമഹായുദ്ധകാലത്ത് ഇന്ത്യാക്കാരുടെ താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ ബ്രിട്ടീഷ് സാമ്രാജ്യത്വം രാജ്യത്തെ യുദ്ധത്തില്‍ പങ്കാളിയാക്കിയതായി പ്രഖ്യാപിച്ചു. നിര്‍ബന്ധപൂര്‍വ്വം രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലാകെ പ്രതിഷേധം സംഘടിപ്പിക്കാന്‍ അന്ന് ഇടതുപക്ഷത്തിന്റെ കയ്യിലായിരുന്ന കെ പി സി സി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് പൊലിസും പട്ടാളവും സന്നദ്ധമായത്. അതേതുടര്‍ന്നാണ് 1940 സെപ്തംബര്‍ 15 മര്‍ദ്ദനപ്രതിഷേധദിനമായി ആചരിക്കാന്‍ കെ പി സി സി ആഹ്വാനം ചെയ്തത്.

1940 സെപ്തംബര്‍ 15ന് തലശ്ശേരിയില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് കര്‍ഷകരും തൊഴിലാളികളും ചെറുജാഥകളായി പ്രതിഷേധയോഗം ചേരാന്‍ നിശ്ചയിച്ചിരുന്ന തലശ്ശേരി ജവര്‍ഘട്ട് കടപ്പുറത്തേക്ക് ഒഴുകിയെത്തി.

പോരാളികളുടെ ചോരകൊണ്ടു കുതിര്‍ന്ന ജവഹര്‍ഘട്ട്

ഈ സമയം കോണ്‍ഗ്രസ് ഓഫീസിലെത്തിയ ജോയിന്റ് മജിസ്‌ട്രേറ്റും പൊലിസും നിരോധനാജ്ഞയുള്ളതിനാല്‍ പൊതുയോഗം നടത്തരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ കെ പി സി സി ആഹ്വാനം അനുസരിച്ചുള്ള പൊതുയോഗം ചേരുകതന്നെ ചെയ്യുമെന്ന് നേതാക്കള്‍ മറുപടി നല്‍കി. ക്ഷുഭിതരായ പൊലിസ്, ഓഫീസിലുണ്ടായിരുന്ന നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് കൂത്തുപറമ്പിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് റിമാന്റ് ചെയ്ത് തടങ്കലിലടച്ചു. ഓഫീസിലെത്തി പൊലിസ് സംസാരിക്കുന്നതിനിടയില്‍ പി കെ മാധവന്‍, പി കൃഷ്ണന്‍ എന്നിവര്‍ പിറകുവശത്തെ മതില്‍ചാടി ജവഹര്‍ഘട്ടിലേക്ക് പോയിരുന്നു. ജവഹര്‍ഘട്ടില്‍ തിങ്ങികൂടിയ ജനങ്ങളോട് പി കെ മാധവന്‍ പ്രസംഗിച്ചു. ഈ സമയമാകുമ്പോഴേക്കും പൊലിസ് രംഗത്തെത്തിയെങ്കിലും വന്‍ജനക്കൂട്ടത്തെക്കണ്ട് പിന്‍വാങ്ങി. വീണ്ടും കൂടുതല്‍ സജ്ജീകരണങ്ങളുമായി സ്ഥലത്തെത്തിയ പൊലീസുകാര്‍ യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ടു. യോഗം നടത്തുമെന്ന് പ്രകടനക്കാര്‍ വിളിച്ചുപറഞ്ഞപ്പോള്‍ പൊലിസ് ലാത്തിവീശി. പലരും അടിയേറ്റു വീണു. പ്രകടനത്തിന് എത്തിയവര്‍ പൊലിസിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് പൊലിസ് വെടിവെപ്പ് ആരംഭിച്ചു. 18 റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് ചരിത്രം. അധ്യാപകനായ അബുവും ചാത്തുക്കുട്ടിയും ജവഹര്‍ഘട്ടില്‍ തന്നെ മരിച്ചുവീണു. ടി വി അച്ചുതന്‍നായര്‍ തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് സഖാക്കള്‍ പി കെ മാധവന്‍ തലശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിലും പി ബാലഗോപാലന്‍ മാസ്റ്റര്‍ മഞ്ഞോടിയിലും ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളകിയെന്നും ഇന്ത്യ ഒറ്റക്കെട്ടായി അണിനിരന്നു കഴിഞ്ഞു എന്നും ബ്രിട്ടീഷ് ഭരണം അവസാനിക്കാറായെന്നുമാണ് അവര്‍ അവിടെ പ്രസംഗിച്ചത്.

തലശ്ശേരി കടല്‍തീരത്താണ് ജവഹര്‍ഘട്ട്. ജവഹര്‍ഘട്ടിലെ മണല്‍പരപ്പ് സ്വാതന്ത്ര്യപോരാളികളുടെ ചോരകൊണ്ട് കുതിര്‍ന്നു. 21 ഉം 18 ഉം വയസ്സ് പ്രായമായ ചെറുപ്പക്കാരായിരുന്നു അബ്ദുള്ള എന്ന അബുവും ചാത്തുക്കുട്ടിയും. അബു

1919 ജൂലായ് 15ന് ജനിച്ചു. വളരെ പാവപ്പെട്ട കുടുംബാംഗമായിരുന്നു. കഷ്ടപ്പാടുകളുടെ നടുവില്‍ പാതിരിയാട് എലിമെന്ററി സ്‌കൂളില്‍ നിന്നും എട്ടാംതരം പാസ്സായി. സ്‌കൂളില്‍ നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയും പ്രാസംഗികനുമായിരുന്ന അബു ഓടക്കാട് മാപ്പിള (ഇപ്പോഴത്തെ കുന്നിരിക്ക എലിമെന്ററി സ്‌കൂള്‍) സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. അധ്യാപകനായി ജോലി ചെയ്യുന്നതിനിടയില്‍ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാവുകയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കിറങ്ങുകയുമായിരുന്നു. പ്രതിഷേധദിനാചരണം നടക്കുന്ന മറ്റൊരു കേന്ദ്രമായ കൂത്തുപറമ്പിന് അടുത്തായിരുന്നെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് അബു 1940 സെപ്തംബര്‍ 15ന്റെ തലശ്ശേരി പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത്. പാതിരിയാട് വില്ലേജില്‍ മമ്പറം ബസാറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഓടക്കാടാണ്് അബു ജനിച്ചത്.

ധര്‍മ്മടം വില്ലേജില്‍ പാലയാട് പുതിയപറമ്പന്‍ കുഞ്ഞിരാമന്റെയും മുളിയില്‍ താലയുടെയും മൂന്നാമത്തെ മകനായ ചാത്തുക്കുട്ടി 1922ലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വീട്ടിലെ പ്രാരാബ്ധത്തെ തുടര്‍ന്ന് പത്രം വില്‍പ്പനക്കാരനായി. പിന്നീടാണ് ബീഡിത്തൊഴിലാളിയായത്. സെപ്തംബര്‍ 15ന് പ്രതിഷേധദിനത്തിന്റെ മുന്നോടിയായി തലേന്ന് ധര്‍മ്മടത്ത് നടന്ന പ്രചരണജാഥയിലെ അംഗമായിരുന്നു ചാത്തുക്കുട്ടി. തലശ്ശേരി ടെമ്പിള്‍ ഗെയിറ്റിലെ ഗ്രെയിറ്റ് ഡര്‍ബാര്‍ ബീഡി കമ്പനിയിലായിരുന്നു തൊഴിലെടുത്തിരുന്നത്. ഊര്‍ജ്ജസ്വലനായ തൊഴിലാളിയായി പേരെടുത്തു തുടങ്ങിയ ചാത്തുക്കുട്ടി 18-ാം വയസ്സിലാണ് ജവഹര്‍ഘട്ടില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രക്തസാക്ഷിയായത്.

തലശ്ശേരി സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. പൊലിസ് ഇവരെയടക്കം പ്രതിചേര്‍ത്ത് പ്രമാദമായൊരു കേസും ചാര്‍ജ്ജുചെയ്യുകയുണ്ടായി. ടി യു രാമുണ്ണി, സി എന്‍ ബാലന്‍, കുനിയില്‍ കൃഷ്ണന്‍, എ വി പത്മനാഭന്‍, ടി സി ഉമ്മന്‍, സി വി കരുണാകരന്‍നായര്‍ തുടങ്ങി ഇരുപതോളം പേരെ ആറുമാസം മുതല്‍ മൂന്നുകൊല്ലം വരെ ശിക്ഷിച്ചു. സാമ്രാജ്യവിരുദ്ധ പോരാട്ടത്തില്‍ തിലകക്കുറിയായി തലശ്ശേരിയിലെ ജവഹര്‍ഘട്ട് വേറിട്ടു നില്‍ക്കുന്നു.

ഇതേ ദിവസം തന്നെ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി മട്ടനൂരിലെ മൈതാനിയില്‍ പലഭാഗത്തുനിന്നുള്ളവര്‍ ഒത്തുകൂടി. അവിടെ നിരോധനം ഉണ്ടായിരുന്നുവെങ്കിലും പി. ശങ്കരന്‍നമ്പ്യാര്‍ പ്രസംഗം തുടങ്ങി. ഉടന്‍ തന്നെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. എങ്കിലും ജനം പിരിഞ്ഞുപോയില്ല. തുടര്‍ന്ന് പോലീസ് ജനങ്ങള്‍ക്കുനേരെ നിറയൊഴിച്ചു. സഹികെട്ട ജനങ്ങള്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ആ ഏറ്റുമുട്ടലില്‍ പരുക്കേറ്റ പോലീസുകാരന്‍ പിന്നീട് ആശുപത്രിയില്‍ മരണപ്പെട്ടു.

60 പേരെ പ്രതിചേര്‍ത്ത് ഈ സംഭവത്തില്‍ കേസെടുത്തു. ഇവരില്‍ ഏഴു പേരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. തലശ്ശേരിയില്‍ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായ വാര്‍ത്തയറിഞ്ഞ് പ്രക്ഷുബ്ധാവസ്ഥയിലായിരുന്നു കൂത്തുപറമ്പില്‍ മറോളിഘട്ടില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്നത്. പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും യോഗം തടഞ്ഞില്ല. പത്തലായി കുഞ്ഞിക്കണ്ണന്‍, ഗോപാലന്‍ നമ്പ്യാര്‍, കെ.ടി. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗാനന്തരം നടത്തിയ ജാഥയുടെ ഒടുവിലാണ് പോലീസ് ലാത്തിചാര്‍ജ്ജും മര്‍ദ്ദനവുമുണ്ടായത്. കുറേപേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. ഏഴുപേരെ പ്രതിചേര്‍ത്ത് കേസെടുത്തു. ഒളിവില്‍പോയി പിടികൊടുക്കാതിരുന്ന ടി.കെ. രാജു ഒഴികെ മറ്റുള്ളവരെ 9 മാസം തടവിന് ശിക്ഷിച്ചു.

*
സി പി ഷൈജന്‍ ജനയുഗം 31 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വാതന്ത്ര്യത്തിനു വേണ്ടി സാമ്ര്യാജ്യത്വത്തിനെതിരായ ജനമുന്നേറ്റത്തില്‍ സുപ്രധാനമാണ് 1940 സപ്തംബര്‍ 15 ന്റെ മര്‍ദ്ദനപ്രതിഷേധ ദിനാചരണവും പല ഭാഗങ്ങളിലും നടന്ന ഐതിഹാസികമായ ജനമുന്നേറ്റവും. തലശ്ശേരി ജവഹര്‍ഘട്ട്, മൊറാഴ, കൂത്തുപറമ്പ്, മട്ടനൂര്‍,വടകര തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കെ പി സി സി ആഹ്വാനം ചെയ്ത പ്രസ്തുത പ്രതിഷേധ ദിനത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുചേര്‍ന്നു. ദിനാചരണത്തിന്റെ ഭാഗമായി റാലികളും പൊതുയോഗങ്ങളും ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും എല്ലായിടത്തും ബ്രിട്ടീഷ് വിധേയത്വമുള്ള പോലീസ് മേധാവികള്‍ പലകാരണങ്ങള്‍ പറഞ്ഞ് നിരോധനമേര്‍പ്പെടുത്തി. പ്രതിഷേധങ്ങളെയെല്ലാം മര്‍ദ്ദനത്തിലൂടെ അടിച്ചമര്‍ത്തുന്ന നയത്തിനെതിരായ സംഘം ചേരലാണ് സപ്തംബര്‍ 15 ന്റെ പ്രതിഷേധ ദിനാചരണം എന്നതിനാല്‍ നിരോധനാജ്ഞ വകവെക്കാതെ ആയിരക്കണക്കിനാളുകള്‍ എല്ലായിടത്തും ഒത്തുകൂടുകയായിരുന്നു. കെ പി സി സി സെക്രട്ടറിയായിരുന്ന കെ ദാമോദരന്‍ നിരോധനാജ്ഞ ലംഘിക്കാന്‍ അണികളെയും ബഹുജനങ്ങളെയും ആഹ്വാനം ചെയ്യുകയുമുണ്ടായി.