Friday, February 3, 2012

മടങ്ങിവരാത്ത കുട്ടികള്‍

ഒരു കണക്കെടുപ്പ്. ഓരോ നാലു സെക്കന്റിലും ഒരു കുട്ടി. ഒരോ മിനിറ്റിലും 14. മണിക്കൂറിലും അതിനോട് ചേരുന്നൊരനുപാതത്തില്‍. കണക്ക് ദിവസത്തിലെത്തുമ്പോള്‍ 21000 എന്നൊരായിരക്കണക്കാണ് പറയാനുള്ളത്. ഇതൊരു മരണക്കണക്കാണെന്നറിയുമ്പോഴാണ് ഞെട്ടലിന്റെ തീവ്രത വെളിപ്പെടുക. അതും ജീവിതത്തിലേക്ക് വഴിനടന്നു തുടങ്ങുന്ന കുട്ടികള്‍.

മരണത്തെക്കുറിച്ചുള്ള പറച്ചിലുകള്‍ക്കും അക്കങ്ങളുടെ എണ്ണങ്ങള്‍ക്കും കേട്ടുമറക്കുന്ന മറ്റെല്ലാ സംഭവങ്ങളേയും പോലെ പ്രസക്തി നഷ്ടപ്പെടുന്നുണ്ട്. സ്വന്തം ശരീരത്തിലുള്ള മുറിവിന് ആഴം കൂടുമെന്ന തിരിച്ചറിവുപോലെ മരണവുമായി ബന്ധപ്പെട്ടവര്‍ക്ക് നഷ്ടവും ആകുലതയും ബാക്കിയാകും. ബാക്കിയെല്ലാം നേരത്തെപ്പറഞ്ഞ കേട്ടുമറവിയും അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന് നല്‍കുന്ന വിങ്ങല്‍ മാത്രമായി ഇല്ലാതാകും. കുട്ടികളുടെ മരണസംഖ്യയുടെ വെളിപ്പെടുത്തല്‍ ഗൗരവബുദ്ധിയില്‍ ആലോചിക്കുകയും പഠിക്കുകയും നടപടിയെടുക്കാന്‍ വൈകരുതാത്തതുമാകുന്നു.

ഈ മരണങ്ങളുടെ കാരണങ്ങളിലേക്ക് നടന്നെത്തുമ്പോള്‍ യുദ്ധവും പ്രകൃതിദുരന്തങ്ങളും ദാരിദ്ര്യവും രോഗങ്ങളുമെല്ലാം കാഴ്ചയായി അനുഭവവേദ്യമാകും. പ്രകൃതിദുരന്തങ്ങള്‍ ഒട്ടും നിനച്ചിരിക്കാതെയുള്ള ചെയ്തിയും തുടച്ചുമാറ്റപ്പെടലുമാകുമ്പോള്‍ മറ്റെല്ലാം നമ്മളാലുണ്ടായി അവസാനനാശത്തിന് ഇരയാകേണ്ടിയും വരുന്നു. രണ്ടായിരത്തിനുശേഷമുണ്ടായ രണ്ട് വലിയ പ്രകൃതിദുരന്തങ്ങളാണ് ഹെയ്തിയിലെ ഭൂകമ്പവും ഏഷ്യന്‍ സുനാമിയും. സുനാമിയില്‍ ഓരോ 11 ദിവസത്തിലും ഒരു കുട്ടി വീതം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഹെയ്തിയിലിത് 10 ദിവസം കൂടുന്തോറുമാണുണ്ടായത്. കഴിഞ്ഞ വര്‍ഷമുണ്ടായ ലിബിയന്‍ സംഘര്‍ഷത്തില്‍ എട്ടുമാസത്തിനിടെ ആയിരക്കണക്കിന് കുട്ടികളാണ്- അതും അഞ്ചിനും പതിനഞ്ചിനുമിടെ- മരണത്തിനിരയാക്കപ്പെട്ടത്. യുദ്ധവും ദാരിദ്ര്യവും രോഗവുമെല്ലാം ഇവിടെ മരണകാരിയായി അവതരിച്ചു.

ഇറാഖിലെ വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥയിലും സ്ഥിതി വേറിട്ടതല്ല. 7.6 മില്യണ്‍ കുട്ടികള്‍ അഞ്ചാംപിറന്നാള്‍ കാണാതെ 2010 ല്‍ മരണപ്പെട്ടു എന്നൊരു തിട്ടപ്പെടുത്തല്‍ മനസ്സിലാക്കുമ്പോള്‍ കൂട്ടിവായിക്കേണ്ടത് ഒരു തലമുറയുടെ നാശമായിരുന്നു സംഭവിച്ചതെന്നാണ്.

പതിനഞ്ച് വയസ്സിനു താഴെയുള്ള രണ്ട് മില്യണ്‍ കുട്ടികള്‍ എച്ച് ഐ വി ബാധിതരായിട്ടുണ്ടെന്ന വിലയിരുത്തല്‍ ജീവിക്കാനുള്ള അര്‍ഹത കൂടി നഷ്ടപ്പെടുത്തുകയാണ് നമ്മളവരുടെ. അരക്ഷിതാവസ്ഥയിലും അതിജീവനത്തിന്റെ വഴിയിലേക്ക് അവര്‍ എത്തിനോക്കും, പിന്നെ ഏറെയും ഏറ്റവും പ്രയാസകരമായ ആ അവസ്ഥയില്‍ കാലിടറി വീഴും.കഴിഞ്ഞ പത്ത് മാസത്തിനിടെ സിറിയയില്‍ കലാപത്തില്‍ 384 കുട്ടികള്‍ കൊല്ലപ്പെടുകയും ഏകദേശം അത്രയും കുട്ടികള്‍ ജയിലടക്കപ്പെടുകയും ചെയ്തു എന്ന് യൂണിസെഫ്. ഇതിന് ആധാരമായത് മനുഷ്യാവകാശ സംഘടനയുടെ കണക്കുകളാണ്. 14 വയസിന് താഴെയുളള കുട്ടികളാണ് അധികവും കൊല്ലപ്പെടുകയും ജയിലടക്കപ്പെടുകയും ചെയ്തത്. വിവിധ മനുഷ്യാവകാശ സംഘടകള്‍ നല്‍കിയ കണക്കുകള്‍, ഡോക്ടര്‍മാര്‍, ആശുപത്രി രേഖകള്‍, കൊല്ലപ്പെട്ട ഇരകളുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് യൂണിസെഫിന്റെ ഈ വെളിപ്പെടുത്തല്‍.

മധ്യവര്‍ഗവും അതിനു മുകളിലൊരു വിഭാഗവും പുരോഗതിയും സാധ്യമാകുമ്പോഴും ദാരിദ്ര്യമെന്ന വലിയ സത്യം അവശേഷിക്കുന്നുണ്ട്. ഉത്പാദനം വേണ്ടവിധേന ആവാത്തതും വിതരണത്തിന്റെ അപര്യാപ്തതയുമെല്ലാം ദരിദ്രര്‍ ദരിദ്രരാക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. എളുപ്പം കീഴടക്കുന്ന രോഗങ്ങളും അവ പടര്‍ന്നുപിടിക്കുന്നതും അതതു സമയങ്ങളില്‍ ലഭിക്കേണ്ടുന്ന കുത്തിവയ്പ്പുകള്‍ ലഭിക്കാതെയും കൂടി വരുമ്പോള്‍ കുട്ടികള്‍ അരക്ഷിതരാകുക തന്നെയാണ്. എത്രയെത്ര നവീനതയുടെ വഴിയിലേക്ക് ലോകം പൊയ്‌ക്കൊണ്ടിരിക്കുമ്പോഴും ചില സത്യങ്ങള്‍ തലപൊക്കിക്കൊണ്ടേയിരിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ വരേണ്ട ഒരോര്‍മ്മപ്പെടുത്തലാണ് ഈ കുട്ടികളുടേത്.

മരണത്തിനിരയാകുന്നത് കുട്ടികള്‍ മാത്രമെന്ന് ഇവിടെ അര്‍ഥമാക്കുന്നില്ല. ജീവിച്ചുതുടങ്ങുമ്പോഴേ ഇല്ലാതാകുന്ന അവസ്ഥ ഭീതിദമാണ്. അത് ലോകത്തിന്റെ മുന്നോട്ടുള്ള വഴിയിലേക്കു കൂടി ചേര്‍ത്ത് ചിന്തിക്കുമ്പോള്‍ ഭീതിദാവസ്ഥയ്ക്ക് ആക്കം കൂടുന്നു. തിരിച്ചുവരാത്ത ഉണ്ണികള്‍ ഒറ്റക്കോളത്തിലൊതുങ്ങി നാമാവശേഷമാകരുത്. അവര്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള തണലും അവസ്ഥയും മാര്‍ഗവുമൊരുക്കിക്കൊടുക്കുക തന്നെ ചെയ്യേണ്ടതുണ്ട്.

*
രാഹുല്‍ രാജ് ജനയുഗം 31 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു കണക്കെടുപ്പ്. ഓരോ നാലു സെക്കന്റിലും ഒരു കുട്ടി. ഒരോ മിനിറ്റിലും 14. മണിക്കൂറിലും അതിനോട് ചേരുന്നൊരനുപാതത്തില്‍. കണക്ക് ദിവസത്തിലെത്തുമ്പോള്‍ 21000 എന്നൊരായിരക്കണക്കാണ് പറയാനുള്ളത്. ഇതൊരു മരണക്കണക്കാണെന്നറിയുമ്പോഴാണ് ഞെട്ടലിന്റെ തീവ്രത വെളിപ്പെടുക. അതും ജീവിതത്തിലേക്ക് വഴിനടന്നു തുടങ്ങുന്ന കുട്ടികള്‍.