Friday, February 3, 2012

ലോകം സുസ്ഥിര ഊര്‍ജത്തിലേക്ക്

ലോകസംഗീതത്തിലെ പ്രതിഭകളിലൊരാളായ ലിന്‍കിന്‍ പാര്‍ക്കിനെ ഇന്ന് ഏവരും ഉറ്റു നോക്കുന്നത് ഗ്രാമി അവാര്‍ഡിന്റെ പ്രഭാവം കൊണ്ടു മാത്രമല്ല, പാര്‍ക്കിന്റേയും അദ്ദേഹത്തിന്റെ മ്യൂസിക് ഫോര്‍ റിലീഫ് (എം എഫ് ആര്‍) എന്ന സന്നദ്ധസംഘടനയുടേയും പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഹെയ്തിയിലെ 8.3 ദശലക്ഷം ജനങ്ങള്‍ക്ക് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബള്‍ബുകള്‍ വിതരണം ചെയ്യാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതില്‍ എം എഫ് ആര്‍ സജീവമായി രംഗത്തുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതത്തിന് ആധുനിക രീതിയിലുള്ള ഊര്‍ജ ഉപാധികള്‍ ലഭ്യമാക്കണമെന്ന യു എന്‍ അസംബഌയുടെ തീരുമാനമാണ് പാര്‍ക്കിനേയും സുഹൃത്തുക്കളേയും ഇങ്ങനൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

ലോകത്ത് 1.4 ദശലക്ഷം ജനങ്ങള്‍ക്ക് ആവശ്യമായ തോതില്‍ ഊര്‍ജം ലഭ്യമാക്കാനുള്ള ഉപാധികള്‍ നിലവില്‍ ലഭ്യമല്ലെന്ന് യു എന്‍ വെളിപ്പെടുത്തിയത് ഈയടുത്താണ്. 2030 ആകുമ്പോഴേക്കും ഈ കണക്ക് 1.2 ദശലക്ഷമായി കുറയ്ക്കണമെന്ന ഉദ്ദേശത്തോടെയാണ് സുസ്ഥിര ഊര്‍ജം യു എന്നിന്റെ മില്ലനീയം ഡെവലപ്‌മെന്റ് ഗോളില്‍ ഉള്‍പ്പെടുത്തി ലോകത്തെ ഊര്‍ജവത്കരിക്കുക എന്ന പദ്ധതിക്ക് തുടക്കമായത്. തുടര്‍ന്ന് ഡിസംബര്‍ 2010ന് യു എന്‍ ജനറല്‍ അസംബഌ 2012 അന്തര്‍ദേശീയ സുസ്ഥിര ഊര്‍ജവര്‍ഷമായി അചരിക്കാന്‍ തീരുമാനിച്ചു. ചെലവു കുറഞ്ഞ ഊര്‍ജമാര്‍ഗ്ഗങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ഊര്‍ജത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണമാണ് ഊര്‍ജവര്‍ഷത്തിലെ അദ്യ ചുവടുവെയ്പ്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളിലുള്ള ഇടപെടലുകളാണ് ഇത് മുന്നോട്ടു വെയ്ക്കുന്നത്. ഊര്‍ജലഭ്യത കണ്ടെത്തല്‍ തന്നെയാണ് നിലവിലെ പ്രശ്‌നവും പ്രശ്‌ന പരിഹാരവും. ആധുനികരീതിയിലുള്ള അടുപ്പുകള്‍, വൈദ്യുതി തുടങ്ങി മനുഷ്യജീവിതത്തിന്റെ പുരോഗതിയെ നിര്‍വചിക്കാന്‍ സഹായിക്കുന്ന ഊര്‍ജത്തെ ഏവര്‍ക്കും പ്രാപ്യമാക്കുക ഒരു കടമ്പ തന്നെയാണ്. എങ്കിലും സുസ്ഥിര ഊര്‍ജം കണ്ടെത്തുകയും ഉപയോഗിക്കുകയും വഴി സാമുഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2030ഓടെ സുസ്ഥിര ഊര്‍ജം ലഭ്യമാക്കാന്‍ യു എന്‍ സ്വീകരിച്ച നടപടികളില്‍ ചിലതാണ്,

1. ആധുനിക ഊര്‍ജസേവനം ലോകമാകമാനം ഉറപ്പുവരുത്തുക

2. കാര്യക്ഷമതയുള്ള ഊര്‍ജപുരോഗതിയുടെ നിരക്ക് ഇരട്ടിയാക്കുക

3. ആഗോള ഊര്‍ജ ഉത്പാദനത്തില്‍ വിഭവലഭ്യതയുടെ തോത് ഇരട്ടിയാക്കുക എന്നിവ

വേഗം കുറഞ്ഞ പ്രക്രിയയാണെങ്കിലും ആധുനികരീതിയിലുള്ള ഊര്‍ജ ഉപയോഗം പരിസ്ഥിതിമലിനീകരണം കുറയ്ക്കുകയും വികസനത്തെ സഹായിക്കുകയും ചെയ്യുക മാത്രമല്ല ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കുവാനും കാലാവസ്ഥാവ്യതിയാനത്തെ സന്തുലിതപ്പെടുത്താനും സഹായിക്കും. ഇത്തരം സങ്കേതങ്ങള്‍, വൈദ്യുതി, പാചകവാതകം (എല്‍ പി ജി, ബയോഗ്യാസ്) തുടങ്ങിയവയുടെ ഉപഭോഗരീതി സാമ്പത്തികവികസനത്തെ കാര്യമായി സഹായിക്കുമെങ്കിലും 1.3 ദശലക്ഷം ജനങ്ങള്‍ക്ക് വൈദ്യുതിയും 2.7 ദശലക്ഷം പേര്‍ക്ക് ശുചിത്വമുള്ള ജോലിസാഹചര്യവും നിലവിലില്ല. ഇവിടെയാണ് മോഡേണ്‍ എനര്‍ജി കടന്നു വരുന്നതും ഒരു കുടുംബത്തിന് ലഭ്യമാവുന്നതും അശ്രയിക്കാവുന്നതുമായ പാചകസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതും. ഇന്ന് ബയോഗ്യാസ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇത്തരം കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുണൈറ്റഡ് നാഷണല്‍ ഫൗണ്ടേഷന്‍ നവീനരീതിയിലുള്ള ആഗോള ഊര്‍ജസമീപനത്തിന് നേതൃത്വം നല്‍കുന്നത്. 2030ല്‍ പൊതു-സ്വകാര്യ മേഖലകളിലേയും സിവില്‍ സമൂഹത്തിലേയും പ്രയോക്താക്കളെ ഒന്നിച്ചു കൊണ്ടുവരികയും ഊര്‍ജവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയുമാണ് പ്രവര്‍ത്തനലക്ഷ്യങ്ങള്‍.

മെച്ചപ്പെട്ട ജീവിതവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിനായി യു എന്‍ ഫൗണ്ടേഷന്‍ പാചക സ്റ്റൗവുകള്‍ വിതരണം ചെയ്യുകയും സ്ത്രീകളുടെ ശാക്തീകരണപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. കുറഞ്ഞ വിലയും കുതിച്ചുയരുന്ന നിക്ഷേപവും വരുംവര്‍ഷങ്ങളില്‍ ഊര്‍ജമേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരകമായാണ് വിലയിരുത്തപ്പെടുന്നത്.

*
ജോമിഷ സെലിന്‍ ജോണ്‍സ് ജനയുഗം 31 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...