Friday, March 1, 2013

എല്ലാം മോശം

അപ്രസക്തമായ അസംബന്ധങ്ങള്‍ കുത്തിനിറച്ച ബജറ്റ് പ്രസംഗം അതിന്റെ യഥാര്‍ഥ വാഗ്ദാനം ചുരുക്കിയും വ്യക്തമായും പറയുന്നതിലടക്കം പരാജയപ്പെട്ടു. ധനകമ്മി കുറയ്ക്കുന്നതിലുള്ള ആഗ്രഹത്തിനല്ലാതെ മറ്റൊന്നിനും ഊന്നല്‍ നല്‍കാന്‍ ധനമന്ത്രി ചിദംബരത്തിന് കഴിഞ്ഞതായി കാണുന്നില്ല. പുതുക്കിയ ധനകമ്മി ലക്ഷ്യം ജിഡിപിയുടെ 5.2 ശതമാനത്തിലെത്തിക്കുന്നതിന് 2012-13ലെ അവസാന മാസങ്ങളില്‍ ചെലവു ചുരുക്കുന്നതിലാണ് ചിദംബരം ശ്രദ്ധ കേന്ദ്രീകരിച്ചത്. 2013-14ലേക്ക് ധനകമ്മി 4.8 ശതമാനത്തിലെത്തിക്കാന്‍ വരുമാന വര്‍ധനയും ബജറ്റ് ചെലവുകളിലെ വെട്ടിക്കുറവും ചേര്‍ന്നുള്ള ശുഭാപ്തിമിശ്രിതത്തെ ചിദംബരം ആശ്രയിക്കുന്നു. അതാകട്ടെ, നിലനില്‍പ്പില്ലാത്ത ധാരണകളുടെ അടിസ്ഥാനത്തിലാണുതാനും.

വരുമാനത്തെക്കുറിച്ചുള്ള അമിതമായ ശുഭാപ്തിയാണ് ചിദംബരത്തിന്റെ റവന്യൂ അടങ്കല്‍ കണക്കുകളില്‍. കഴിഞ്ഞവര്‍ഷത്തെ പുതുക്കിയ അടങ്കലിനേക്കാള്‍ ഉയരെ നികുതിവരുമാനം 19 ശതമാനമാക്കുമെന്ന് ബജറ്റില്‍ പറയുന്നു. കോര്‍പറേറ്റ് നികുതികള്‍ 17 ശതമാനവും ആദായനികുതി 20 ശതമാനവും സേവന നികുതി 36 ശതമാനവും കൂടുതല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. ഉയര്‍ന്ന വരുമാനക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നികുതിനിരക്കുകളില്‍ വര്‍ധന വരുത്തുകയല്ല, പകരം സര്‍ചാര്‍ജ് ചുമത്തുകയാണ്. ഈ വര്‍ധന യാഥാര്‍ഥ്യമാകാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ധനകമ്മി ചൂണ്ടിക്കാണിക്കപ്പെട്ടതിനേക്കാള്‍ കൂടുതലാകും. ധനകമ്മിയുടെ ബാധ മറ്റൊരു വിപല്‍ക്കരമായ പ്രവണതയിലേക്കും നയിക്കും. വരവ് സ്വരൂപിക്കാന്‍ ധനമന്ത്രി പൊതുമുതലിന്റെ വന്‍തോതിലുള്ള വില്‍പ്പനയെയാണ് ആശ്രയിക്കുന്നത്. 2013-14ലെ ബജറ്റില്‍ "പലവക മൂലധന വരവ്" (ാശരെലഹഹമിലീൗെ രമുശമേഹ ൃലരലശുേെ) വലിയതോതില്‍ പ്രതീക്ഷിക്കുന്നതായി കാണാം. അത് ഓഹരി വില്‍പ്പനയിലൂടെയും സ്പെക്ട്രം വില്‍പ്പനപോലുള്ള വഴികളിലൂടെയും സ്വരൂപിക്കുന്ന ഫണ്ടിനെ സൂചിപ്പിക്കുന്നു. 2012-13ലെ പുതുക്കിയ കണക്കനുസരിച്ച് ആയിനത്തിലുള്ള വരവ് 24,000 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിച്ചത് 30,000 കോടിയായിരുന്നു. 2011-12ല്‍ യഥാര്‍ഥത്തില്‍ ലഭിച്ചത് 18,088 കോടിയാണ്. ഇത്തവണ 55,814 കോടിയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ സ്വത്തുക്കള്‍ വില്‍ക്കാനുണ്ട് എന്ന ബോധ്യത്തില്‍ തന്റെ കൈയില്‍ വറ്റാത്ത ധനസംഭരണിയുണ്ടെന്ന് ധനമന്ത്രി പറയുകയാണ്. ഇത് ഭാഗികമായി ശരിയാണെങ്കിലും ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ നിസ്സാരവിലയ്ക്ക് "നിക്ഷേപകര്‍" എന്നു പറയുന്നവരെ ആകര്‍ഷിക്കുന്നതിനായി വിറ്റുതുലയ്ക്കുന്നതിലേക്കാണ് നയിക്കുക. ഇന്ത്യയിലെയും വിദേശത്തെയും മൂലധനം അതിലേക്കായി കണ്ണുനട്ടിരിക്കും. എന്നാല്‍, അത് സാമ്പത്തികമായി രാജ്യത്തിന് ഗുണകരമല്ല. ഒപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ധനപ്രതിസന്ധിയെ വഷളാക്കുകയും ചെയ്യും. ഇത്തരം പ്രവണത ചിദംബരത്തെപ്പോലുള്ള ബിസിനസ് പ്രണയിയായ ധനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കേണ്ടതുതന്നെയാണ്. എന്നാല്‍, പൊതുതെരഞ്ഞെടുപ്പിനുമുമ്പുള്ള അവസാനത്തെ പൂര്‍ണ ബജറ്റ് എന്ന നിലയില്‍ കോണ്‍ഗ്രസിലെ ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്ന ചെലവു വര്‍ധനയിലേക്ക് നയിക്കാന്‍ ഇതൊന്നും കാരണമായില്ല എന്നതാണ് ആശ്ചര്യകരം.

കഴിഞ്ഞവര്‍ഷത്തെ ബജറ്റിലെ മൊത്തം ചെലവ് 11.7 ശതമാനമാണ് വര്‍ധിച്ചത്. പണപ്പെരുപ്പം തട്ടിക്കിഴിച്ച് യഥാര്‍ഥത്തില്‍ വളരെ കുറഞ്ഞ അളവാണത്. വളര്‍ച്ച അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞ സാഹചര്യത്തില്‍ ഇതുകൊണ്ട് പ്രത്യേക പ്രയോജനമില്ല. ചെലവുകള്‍ നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമായി കണ്ടെത്തിയ മേഖലകളും രീതിയുമാണ് കൂടുതല്‍ അപകടകരം. ഉദാഹരണത്തിന്, യുപിഎ സര്‍ക്കാര്‍ അര്‍ധമനസ്സോടെയാണെങ്കിലും നടപ്പാക്കിയ ഏതാനും വന്‍ പദ്ധതികളിലൊന്നായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെടുക്കാം. ഈ മേഖലയില്‍, തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ഒരു വലിയ മുന്നേറ്റം പ്രതീക്ഷിച്ചതാണ്. (പദ്ധതിയിലടങ്ങിയ സാമൂഹിക ഉന്നമന ലക്ഷ്യങ്ങള്‍ നിറവേറ്റുക എന്ന ആഗ്രഹമല്ല ഇതിലേക്ക് നയിക്കുന്നത് എന്നര്‍ഥം). തൊഴിലുറപ്പു പദ്ധതിക്ക് ഈ ബജറ്റില്‍ 33,000 കോടിയാണ് നീക്കിവച്ചത്. 2012-13ലെ ബജറ്റിലും അതേ തുകയായിരുന്നു. അക്കൊല്ലം ചെലവിട്ടത് 29,387 കോടിരൂപയാണ്. പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിനും വേതനം ഉചിതമായ തലത്തിലേക്ക് ഉയര്‍ത്തുന്നതിനും ഉള്ള ചെലവുകള്‍ മരവിപ്പിക്കപ്പെട്ടു എന്നര്‍ഥം. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇത് പദ്ധതിക്ക് തിരിച്ചടി ലഭിക്കുന്നതിന്റെ സൂചനയാണ്. ക്ഷേമപദ്ധതികള്‍ക്കുള്ള നീക്കിവയ്പില്‍ വേറെയും വെട്ടിച്ചുരുക്കലുകളുണ്ട്. 2012-13ലെ പുതുക്കിയ ചെലവ് അടങ്കലിനേക്കാള്‍ 10 ശതമാനം കണ്ട് കൂടുതല്‍ സബ്സിഡി ഈ ബജറ്റിലൂടെ ചുരുക്കപ്പെടും. ഭക്ഷ്യസുരക്ഷാബില്ലിന്റെ ചര്‍ച്ചാവേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വിസ്മരിച്ചു. ഭക്ഷ്യസബ്സിഡി അടുത്തവര്‍ഷത്തേക്ക് 90,000 കോടി രൂപയാണ് വകയിരുത്തുന്നത്. ഇക്കൊല്ലം ചെലവാക്കിയത് 85,000 കോടിയാണ്. ഈ നേരിയ വര്‍ധന വിലക്കയറ്റത്തില്‍ തട്ടിക്കിഴിക്കപ്പെടും. താങ്ങുവില ഉറപ്പാക്കുന്നതിനും കൂടുതല്‍ തുക വേണ്ടിവരും. പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വില ഉയരും.

സബ്സിഡി നിയന്ത്രിക്കുന്നതുമായി ഇത് താദാത്മ്യപ്പെടും. ഭക്ഷ്യ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഇത് സംഭവിക്കുന്നത്. ഇക്കൊല്ലത്തെ ബജറ്റില്‍ വളം സബ്സിഡി 65,971.5 കോടിരൂപയാണ്. കഴിഞ്ഞവര്‍ഷം ചെലവഴിച്ചതും ഏതാണ്ട് ഇത്രതന്നെ- 65,974.1 കോടി. ധാന്യവിളകൃഷി അന്നന്ന് പ്രയോജനകരമല്ലാതാകുന്നതിന്റെ വിഷമത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഫലത്തില്‍ ഒരു താങ്ങും ലഭിക്കുന്നില്ല. മൊത്തം സബ്സിഡിയിലെ വെട്ടിച്ചുരുക്കല്‍ ഉറപ്പാക്കുന്നത് പെട്രോളിയം സബ്സിഡി 96,880 കോടിയില്‍നിന്ന് 65,000 കോടിയിലേക്ക് കുറയ്ക്കുന്നതിലൂടെയാണ്. ഈയിടെയുണ്ടായ പെട്രോള്‍- ഡീസല്‍- പാചകവാതക വിലവര്‍ധന ഇനിയുമിനിയും തുടരുമെന്നര്‍ഥം. ഇത് റെയില്‍വേ നിരക്ക്, ചരക്കുകൂലി വര്‍ധന തുടങ്ങിയ മറ്റ് ചെലവു വര്‍ധനയിലേക്കും പണപ്പെരുപ്പം കൂടുതല്‍ രൂക്ഷമാകുന്നതിലേക്കുമാണ് നയിക്കുക.

ചുരുക്കത്തില്‍ ഇന്നത്തെ വളര്‍ച്ചാനിരക്കിലെ ഇടിവ് പരിഹരിക്കുന്നതിനുള്ള എന്തെങ്കിലും ധനപരമായ ഉത്തേജനം ഈ ബജറ്റില്‍ കാണാനില്ല. അത് പണപ്പെരുപ്പം, വിശേഷിച്ചും ഭക്ഷ്യപ്പണപ്പെരുപ്പം വര്‍ധിപ്പിക്കും. അതിലൂടെ പാവങ്ങളെ പ്രഹരിക്കും. ഇന്ത്യ അഭിമുഖീകരിക്കുന്ന വളര്‍ച്ചയിലെ ഇടിവും ധനപ്പെരുപ്പവും കൂടുതല്‍ രൂക്ഷമാകും. ആഘാതമനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇതിനപ്പുറം ബജറ്റില്‍ വകയൊന്നുമില്ല. എന്നാല്‍, സംരംഭക അലവന്‍സ്, ധനനിക്ഷേപകര്‍ക്കുള്ള നിയന്ത്രണങ്ങളിലെ അയവ് (വിശേഷിച്ചും വിദേശനിക്ഷേപകര്‍ക്ക്) എന്നിവയിലൂടെ ധനമന്ത്രി ഇന്ത്യന്‍-വിദേശ മൂലധനത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിച്ചിരിക്കുന്നു. അദ്ദേഹത്തിന് അത് ലഭിക്കാം. കോര്‍പറേറ്റ് മാധ്യമങ്ങള്‍ അവയുടെ പ്രതികരണത്തില്‍ മയംവരുത്തിയേക്കാം. എന്നാല്‍, ഈ ബജറ്റിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവര്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ഒട്ടും സഹതാപം കാണിച്ചേക്കില്ല.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി

No comments: