Friday, March 1, 2013

വഴികാട്ടിയായി ത്രിപുര

ഇന്ത്യയിലെ ഇടതുപക്ഷത്തിനു മാത്രമല്ല, എല്ലാ പുരോഗമന ജനാധിപത്യ ശക്തികള്‍ക്കും ആഹ്ലാദകരവും പ്രചോദനകരവുമാണ് ത്രിപുരയില്‍ അഞ്ചാംവട്ടമുണ്ടായ തിളക്കമാര്‍ന്ന ഇടതുപക്ഷ വിജയം. ഏഴാംവട്ടമാണ് ത്രിപുരയില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ അധികാരത്തില്‍ വരുന്നത്. തുടര്‍ച്ചയായി അഞ്ചാംവട്ടവും. 1978ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷത്തിന് അവിടെ ഒരു ചെറിയ ഘട്ടത്തില്‍മാത്രമേ മാറിനില്‍ക്കേണ്ടിവന്നുള്ളൂ. അത് ഭീകരപ്രവര്‍ത്തകരുടെ പിന്തുണയോടെയും പട്ടാളകാര്‍മികത്വത്തിലൂടെയും ബൂത്തുകള്‍ പിടിച്ചടക്കി കോണ്‍ഗ്രസ് കൃത്രിമവിജയം പ്രഖ്യാപിച്ച 1988-93 ഘട്ടത്തിലാണ്.

സിപിഐ എമ്മിന് ത്രിപുരയിലുള്ള രൂഢമൂലമായ സ്വാധീനത്തിന് നിദര്‍ശനമാണ് ഈ വിജയം. അതിനുമപ്പുറം ബദല്‍ നയങ്ങള്‍ക്കുള്ള ജനപിന്തുണയുടെ ആവര്‍ത്തിച്ചുള്ള സ്ഥിരീകരണവുമാണ്. ത്രിപുര ഇന്ത്യയുടെ വഴികാട്ടിനക്ഷത്രമായി ഉയര്‍ന്നുനില്‍ക്കുകയാണ്.

സിപിഐ എമ്മിനുണ്ടായ സീറ്റുവര്‍ധന, ജയിച്ച സീറ്റുകളിലെ ഭൂരിപക്ഷവര്‍ധന തുടങ്ങിയവ ശ്രദ്ധേയമാണ്. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ഭൂരിപക്ഷത്തില്‍ പ്രകടമായ റെക്കോഡ് വര്‍ധന, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് റജീനാഥിനുണ്ടായ ദയനീയ പരാജയം എന്നിവയും ത്രിപുരയെ വീണ്ടുമൊരിക്കല്‍ക്കൂടി ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ട്. 1978ല്‍ നൃപന്‍ ചക്രവര്‍ത്തിയുടെയും 93ല്‍ ദശരഥ്ദേവിന്റെയും 98 മുതല്‍ മണിക് സര്‍ക്കാരിന്റെയും നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭകള്‍ ത്രിപുരയെ എങ്ങനെ പുതിയ പാതയിലൂടെ നയിച്ചു എന്ന് ജനങ്ങള്‍ വിശദീകരിക്കുന്നുണ്ട് ഈ വിജയത്തിലൂടെ. അസം അടക്കമുള്ള ഏഴ് ഉത്തരപൂര്‍വ സംസ്ഥാനങ്ങളില്‍ ത്രിപുര എങ്ങനെ വേറിട്ട വ്യക്തിത്വവുമായി ഉയര്‍ന്നുനില്‍ക്കുന്നു എന്നതും വിശദീകരിക്കപ്പെടുന്നുണ്ട് ഈ ജനവിധിയിലൂടെ.

വിഘടനവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും നടുത്തളമായിരുന്നു ഒരിക്കല്‍ ത്രിപുര. അത്തരം ഛിദ്രശക്തികളുമായി, പ്രത്യേകിച്ച് ത്രിപുര ഉപജാതി ജൂബാ സമിതി, ടിഎന്‍വി തുടങ്ങിയവയുമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് കാലാകാലങ്ങളിലുണ്ടാക്കിയ കൂട്ടുകെട്ടുകള്‍ അവിടത്തെ ജനജീവിതം അസാധ്യമാകുന്ന തരത്തിലുള്ള ദുസ്സഹാവസ്ഥയാണ് സൃഷ്ടിച്ചത്. ആ ത്രിപുരയെ വടക്കുകിഴക്കന്‍ മേഖലയിലെ സമാധാനം നിലനില്‍ക്കുന്ന ഏക സംസ്ഥാനമാക്കി മാറ്റിയെടുത്തത് സിപിഐ എമ്മും സിപിഐ എം ഉള്‍പ്പെടുന്ന ഇടതുപക്ഷവുമാണ്. സമാധാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അഴിമതിഗ്രസ്തമായ "കോണ്‍ട്രാക്ട് രാജു"കള്‍ക്ക് കേള്‍വിപ്പെട്ട വടക്കുകിഴക്കുള്ള ഇതര സംസ്ഥാനങ്ങളില്‍നിന്നാകെ വ്യത്യസ്തമായി അഴിമതിരഹിതവും സുതാര്യവുമായ ഒരു ഭരണ രാഷ്ട്രീയ സംസ്കാരം കൊണ്ട് ഇടതുപക്ഷം ത്രിപുരയെ വേറിട്ട വ്യക്തിത്വമാക്കി മാറ്റി.

ട്രൈബല്‍ ഓട്ടോണമി ഏരിയാ സംവിധാനവും ഭൂപരിഷ്കരണ പരിപാടികളുമായി ആദിവാസി ജനവിഭാഗത്തിന്റെ താല്‍പ്പര്യസംരക്ഷണം ഉറപ്പാക്കി ആദിവാസി-ആദിവാസിയിതര ജനവിഭാഗങ്ങള്‍ക്കിടയില്‍ മൈത്രി പുനഃസ്ഥാപിച്ചതും സമാധാനാന്തരീക്ഷത്തിലൂടെ വികസനത്തിലേക്ക് നയിച്ചതും ഒക്കെ ത്രിപുരയിലെ ഇടതുപക്ഷ സ്വാധീനം ആര്‍ക്കും ഇളക്കാനാകാത്തവിധം ഉറപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷം ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വേളയില്‍ വിഘടന-വിധ്വംസക ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കി തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് കുറുക്കുവഴി തേടുകയായിരുന്നു കോണ്‍ഗ്രസ്. ഇന്ത്യയേക്കാള്‍ കൂടുതല്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ത്രിപുര. ബംഗ്ലാദേശ് ആസ്ഥാനമായി നടന്നുവന്ന ഭീകരപ്രവര്‍ത്തനത്തെ ഫലപ്രദമായി നിര്‍വീര്യമാക്കുന്നതിലും ഇന്തോ-ബംഗ്ലാ സൗഹൃദബന്ധം സാധാരണാവസ്ഥയില്‍ നിലനിര്‍ത്തുന്നതിലും ത്രിപുരയിലെ ഇടതുപക്ഷം വഹിച്ച പങ്കും ശ്രദ്ധേയമാണ്.

കേന്ദ്രഫണ്ട് പൂര്‍ണമായി വിനിയോഗിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന പദവിയും ത്രിപുരയ്ക്ക് അവകാശപ്പെട്ടതായത് ഇടതുപക്ഷ ഭരണഘട്ടത്തിലാണ്. ജനങ്ങള്‍ക്കും നാടിനും വേണ്ടി പ്രതിബദ്ധതയോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അറുപതില്‍ അമ്പത് സീറ്റില്‍ വിജയിക്കുന്ന നിലയിലേക്ക് ഇടതുപക്ഷത്തെ ഉയര്‍ത്തിയത്. സിപിഐ എമ്മിനുതന്നെ നേരത്തെ ഉണ്ടായിരുന്നതില്‍നിന്ന് മൂന്ന് സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ് പശ്ചിമബംഗാളില്‍ രാഷ്ട്രപതിയുടെ മകന്റെ നിയമസഭാ സീറ്റ് പിടിച്ചെടുത്ത് സിപിഐ എം നേടിയ വിജയം. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും തൃണമൂല്‍ മൂന്നാം സ്ഥാനത്തായി എന്നതും പശ്ചിമബംഗാളിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചന നല്‍കുന്നു. പ്രാദേശിക കാര്യങ്ങളും വിഘടനവാദത്തോളമെത്തുന്ന പ്രാദേശിക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുമാണ് മേഘാലയ-നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് അടിയൊഴുക്കായി നിന്നത് എന്നതുകൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ അവ വലിയ ചലനങ്ങളൊന്നും ഉണര്‍ത്തുന്നില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 01 മാര്‍ച്ച് 2013

No comments: