Tuesday, March 5, 2013

ബാക്കിനില്‍ക്കുന്നത് ആശങ്കകള്‍ മാത്രം

(ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനെക്കുറിച്ച് ദേശാഭിമാനി മുന്‍ സ്പോര്‍ട്സ് എഡിറ്റര്‍ എ എന്‍ രവീന്ദ്രദാസിന്റെ വിശകലനം)

ഒരു സന്തോഷ്ട്രോഫികൂടി കൊടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ബാക്കിയാകുന്നത് ആശങ്കകളും ഉത്ക്കണ്ഠകളും മാത്രം. നമ്മുടെ ഫുട്ബോള്‍ സങ്കല്‍പ്പങ്ങളിലേക്ക് പുതുതായി ഒന്നും സംഭാവന ചെയ്യാതെയും പരിഷ്കൃതമായ കേളീശൈലി നല്‍കാതെയും പഴയ സങ്കേതങ്ങളില്‍ തട്ടിമുട്ടി നീങ്ങുന്ന ഇന്ത്യന്‍ ഫുട്ബോളിന്റെ അന്ത്യശ്വാസം വലിക്കുന്ന ശരീരംതന്നെയാണ് ഇവിടെയും പ്രദര്‍ശനത്തിനുവച്ചത്. 60കളിലും 70കളിലും 80കളിലും ദക്ഷിണകൊറിയയെയും ജപ്പാനെയുംവരെ തോല്‍പ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ സംഭാവനചെയ്തിരുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പായിരുന്നു സന്തോഷ് ട്രോഫി. 51ലും 62ലും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍മാരായ, 56ലെയും 60ലെയും ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ സംഭാവനചെയ്ത ചാമ്പ്യന്‍ഷിപ്പും മറ്റൊന്നല്ല. ഒ ചന്ദ്രശേഖരനും അബ്ദുര്‍റഹ്മാനും ചുനി ഗോസ്വാമിയും മേവലാലും ഇന്ദര്‍സിങ്ങും ഭൗമിക്കും മനോരഞ്ജന്‍ ഭട്ടാചാര്യയും സത്യനും ഷറഫലിയും ഐ എം വിജയനുമൊക്കെ ഇന്ത്യന്‍ ടീമിലേക്ക് നടന്നുകയറിയത് സന്തോഷ് ട്രോഫിയിലും മറ്റ് ആഭ്യന്തര ടൂര്‍ണമെന്റുകളിലും കാഴ്ചവച്ച പ്രകടനങ്ങളിലൂടെയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഐ ലീഗ് എന്ന സൂപ്പര്‍ ഫുട്ബോളിനു താഴെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സന്തോഷ് ട്രോഫിയില്‍നിന്ന് കിടയറ്റ കളിക്കാരോ പ്രശസ്തരായ താരങ്ങളോ കടന്നുവരുന്നില്ല. ഈ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ത്തന്നെ വിവിധ ടീമുകളുടെ നിലവാരം അളക്കുകയാണെങ്കില്‍ ഭേദപ്പെട്ടതെന്നു പറയാന്‍ പഞ്ചാബും സര്‍വീസസും മഹാരാഷ്ട്രയും പിന്നെ കേരളവും മാത്രമാണുള്ളത്. ഇതില്‍ത്തന്നെ ഏതെങ്കിലും തരത്തില്‍ പരിഷ്കൃതമായ ആശയങ്ങള്‍ കാഴ്ചവച്ചത് പഞ്ചാബും മഹാരാഷ്ട്രയും മാത്രം. ഫൈനലില്‍ ജയിച്ച സര്‍വീസ് തന്ത്രത്തിലോ കേളീമികവിലോ എതിരാളികളായ കേരളത്തേക്കാള്‍ മുന്നിലായിരുന്നു എന്നു പറഞ്ഞുകൂട. പക്ഷെ, ഗെയിംപ്ലാന്‍ ടൂര്‍ണമെന്റിലുടനീളം നടപ്പാക്കാനും ആസൂത്രണമികവും ആശയഭദ്രതയും പ്രകടിപ്പിക്കാനും കഴിഞ്ഞതുകൊണ്ടാണ് സുശക്തരായ പഞ്ചാബിനെയും ഫൈനലില്‍ കേരളത്തെയും മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. പട്ടാളടീമുകള്‍ക്ക് ലഭിക്കുന്ന അടിസ്ഥാനസൗകര്യങ്ങളുടെയും അനുഭവസമ്പത്തിന്റെയും കണക്കെടുപ്പില്‍ സര്‍വീസസ് മുന്നില്‍ത്തന്നെയാണ്.

കേരളത്തിന്റെ തോല്‍വിക്ക് കോച്ചിനെയോ കളിക്കാരെയോ ബലിയാടാക്കിയിട്ട് കാര്യമില്ല. ഇന്ന് സാര്‍വത്രികമായി നടപ്പിലുള്ള 4-4-2 സമ്പ്രദായത്തില്‍ത്തന്നെയാണ് കേരളം കളിച്ചത്. എന്നാല്‍, വിങ്ങുകള്‍ക്ക് ഏറ്റവുമധികം ഫലപ്രാപ്തി നല്‍കുന്ന ഈ വ്യൂഹസംവിധാനത്തില്‍ ഓരോ പൊസിഷനിലും അനുയോജ്യരായ, വാസനാസമ്പന്നരായ കളിക്കാരെ അണിനിരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഫലം ദുരന്തമായിരിക്കും. കേരളത്തിന്റെ തോല്‍വി ഇതിന് ഉദാഹരണമാണ്. കളിക്കാരെല്ലാം ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ പ്രതിഭയുള്ളവരാണെങ്കിലും കോച്ചിന്റെ തന്ത്രങ്ങള്‍ കളത്തില്‍ നടപ്പാക്കാനുള്ള ശേഷിയും കൂട്ടായ്മയും പരസ്പരധാരണയും നന്നേ കുറവാണെന്ന് ക്വാര്‍ട്ടര്‍ ലീഗ് മുതല്‍ ഫൈനല്‍വരെയുള്ള മത്സരങ്ങളില്‍ കേരളം തെളിയിച്ചു. സെമിയില്‍ മഹാരാഷ്ട്രയെ കഷ്ടിച്ചു മറികടന്നപ്പോള്‍ കണ്ട ന്യൂനതകള്‍ തിരുത്താനോ പുതിയ തന്ത്രങ്ങള്‍ ഫൈനലില്‍ ആവിഷ്കരിക്കാനോ കേരളത്തിനു കഴിഞ്ഞില്ല.

കേരളത്തില്‍ ക്ലബ്ബുകള്‍ നാമമാത്രമാവുകയും ടൂര്‍ണമെന്റുകള്‍ കുറ്റിയറ്റുപോവുകയും ചെയ്തതോടെ സന്തോഷ് ട്രോഫിക്ക് ടീമിനെ ഒരുക്കുന്നത് മാത്രമായി നമ്മുടെ ഫുട്ബോള്‍ പ്രവര്‍ത്തനം. മുമ്പ് ദേശീയടീമുകളിലേക്കുള്ള ചവിട്ടുപടിയായാണ് ഓരോ സന്തോഷ് ട്രോഫി പതിപ്പുകളെയും താരങ്ങള്‍ കണ്ടിരുന്നത്. അവിടെ മാറ്റുതെളിയിക്കാന്‍ എത്ര വിയര്‍പ്പൊഴുക്കാനും അവര്‍ തയ്യാറായിരുന്നു. ക്ലബ്ബുകളും ടൂര്‍ണമെന്റുകളും അതിന്റെ സുവര്‍ണകാലങ്ങളിലായിരുന്നപ്പോള്‍ അവസരങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 1981ല്‍ രൂപീകരിച്ച പൊലീസ് ടീമിനെ കേന്ദ്രബിന്ദുവാക്കി കേരളം 1987ലെ ദേശീയഗെയിംസിലും 89ലെയും 90ലെയും ഫെഡറേഷന്‍ കപ്പിലും 92ലെയും 93ലെയും സന്തോഷ് ട്രോഫിയിലും നേടിയെടുത്ത കിരീടങ്ങള്‍. പക്ഷേ, പിന്നീട് ഇതിന്റെ തുടര്‍ച്ചയുണ്ടായില്ല. മുമ്പ് പ്രീമിയര്‍ ടയേഴ്സും എഫ്എസിടിയും പിന്നീട് കേരള പൊലീസും എഫ്സി കൊച്ചിനും എസ്ബിടിയുംപോലുള്ള ക്ലബ്ബുകളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് നാം അഞ്ചുതവണ സന്തോഷ് ട്രോഫി നേടിയത്.

ഫുട്ബോളിലെ അടിസ്ഥാനസൗകര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളം. ചരിത്രത്തിലാദ്യമായി സുബ്രതോ കപ്പിന്റെ ഫൈനലിലെത്തിയ മലപ്പുറം എംഎസ്പി സ്കൂള്‍ ടീമിന്റെ നേട്ടം പ്രചോദനമാക്കി പുതിയ തലമുറയില്‍ ഫുട്ബോള്‍ അവബോധം സൃഷ്ടിക്കാനും വളര്‍ത്തിയെടുക്കാനുമുള്ള സുവര്‍ണാവസരംപോലും കെഎഫ്എ മുതലാക്കിയില്ല. വിഷന്‍ കേരളയും ഗോള്‍പദ്ധതിയുംപോലെയുള്ള ഫിഫ സഹായസംരംഭങ്ങളെ ഇന്ത്യയില്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നതില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും പരാജയപ്പെട്ടു. സെപ്റ്റ്പോലുള്ള കോഴിക്കോട്ടെ സ്വകാര്യ ഫുട്ബോള്‍ സംരംഭകര്‍ കേരളത്തിലെ മറ്റു കേന്ദ്രങ്ങളിലുമുണ്ടെങ്കിലും അവയോടും കെഎഫ്എയ്ക്ക് അവഗണനാമനോഭാവമാണ്. 39 സെവന്‍സ് ടൂര്‍ണമെന്റുകള്‍ അരങ്ങേറുന്ന മലപ്പുറത്തെ ഫുട്ബോള്‍ ആവേശത്തില്‍ കത്തിവയ്ക്കുകയും ആ ടൂര്‍ണമെന്റുകളില്‍ കളിച്ച പഴയ കളിക്കാര്‍ക്കെതിരെ നടപടിയെടുക്കാനും നിയമക്കുരുക്കുകള്‍ സൃഷ്ടിക്കാനും കെഎഫ്എ കാട്ടുന്ന താല്‍പ്പര്യം ലേശം നേരമ്പോക്കിന് വകയുള്ളതാണ്.

മുന്‍ താരങ്ങളെയൊന്നും നാലയലത്ത് അടുപ്പിക്കാതെ വര്‍ഷങ്ങളായി കേരള ഫുട്ബോള്‍ കയ്യാളിവരുന്നത് ഒരു കൂട്ടരാണ്. കളിയില്‍ പ്രൊഫഷണലിസം ഇല്ലെന്നു പറയുകയും കോച്ചിനെയും താരങ്ങളെയും പഴിചാരുകയും ചെയ്യുന്ന ഫുട്ബോള്‍ അധികൃതര്‍ ആദ്യം പ്രൊഫഷണലിസം കൊണ്ടുവരേണ്ടത് സംഘടനാനടത്തിപ്പിലും പ്രവര്‍ത്തനങ്ങളിലുമാണ്. ദേശീയലീഗില്‍ മേല്‍വിലാസം നഷ്ടപ്പെട്ടുപോയ കേരളത്തില്‍ ശക്തമായ ഒരു പ്രൊഫഷണല്‍ ക്ലബ്ബിനെ വാര്‍ത്തെടുക്കാന്‍വേണ്ട സഹായവും പിന്തുണയും നല്‍കേണ്ട കെഎഫ്എ ഫുട്ബോളിന്റെ അധോഗതിയെക്കുറിച്ച് വിലപിക്കുകയും നിസ്സംഗരായിരിക്കുകയുംചെയ്യുന്നതില്‍ എന്തര്‍ഥമാണുള്ളത്. ഇപ്പോഴും 1973ലെയും മറ്റും ടീമുകളുടെ സന്തോഷ് ട്രോഫി വിജയത്തിന്റെ പേരില്‍ മേനിനടിക്കുന്ന കേരളം ദേശീയതലത്തില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്.

*
ദേശാഭിമാനി 05 മാര്‍ച്ച് 2013

No comments: