Tuesday, March 5, 2013

ഗുരുവിന്റെ നാമത്തില്‍

ദൈവസങ്കല്‍പം വ്യക്ത്യാധിഷ്ഠിതമാണ്. ദൈവം ആരാണ്. എങ്ങനെയാണ് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വ്യക്തികള്‍തോറും മാറിക്കൊണ്ടിരിക്കും. യേശുക്രിസ്തു, അള്ളാഹു, പരമശിവന്‍, ശ്രീകൃഷ്ണന്‍ തുടങ്ങി അമൃതാനന്ദമയി, ആശാറാം ബാപു വരെയുള്ളവര്‍ ദൈവഗണത്തില്‍പ്പെടുന്നു. കടലിനേയും പര്‍വതങ്ങളേയും സൂര്യചന്ദ്രന്മാരെയും ദൈവമായി കാണുന്നവരും നിരവധിയാണ്. സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണുന്നവരുടെ എണ്ണം വിരളമല്ല. അതുകൊണ്ട് ദൈവവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരമാണ് ഉയര്‍ന്നു വരിക. ഈയടുത്തകാലത്ത് സുപ്രീംകോടതി ശ്രീനാരായണഗുരു ദൈവമാണോ എന്ന ഒരു സംശയം പ്രകടിപ്പിച്ചിരുന്നു. ഇങ്ങനെ ഒരു സംശയം പ്രകടിപ്പിക്കാനുണ്ടായ സാഹചര്യം സ്ഥലപരിമിതിമൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. കോടതി ഇനി ഗുരുവിനെ ദൈവമായ് കാണാന്‍ പറ്റില്ലെന്നുള്ള അഭിപ്രായം പറഞ്ഞാലും ഗുരുഭക്തരുടെ എണ്ണത്തില്‍ കുറവൊന്നും വരാന്‍ പോകുന്നില്ല.

ശബരിമലയിലെ മകരജ്യോതി മനുഷ്യസൃഷ്ടിയാണെന്ന് നൂറുതവണ ദേവസ്വംബോര്‍ഡ് വിളിച്ച് പറഞ്ഞാലും അയ്യപ്പഭക്തന്‍മാരുടെ എണ്ണത്തില്‍ കുറവ് വരില്ല. ശ്രീനാരായണഗുരു അത്ഭുതവിദ്യകള്‍ കാണിച്ചിരുന്നുവെന്നും അദ്ദേഹം അമാനുഷികനാണെന്നും വരുത്തിത്തീര്‍ത്ത് യേശുദേവനെ ആരാധിക്കുന്നതുപോലെ ഗുരുവിനെയും ആരാധിക്കാന്‍ ആവശ്യപ്പെടുന്നതിലുള്ള യുക്തിരാഹിത്യമാണിവിടെ പ്രതിപാദിക്കുന്നത്. ഗുരുവിന്റെ അത്ഭുതസിദ്ധികള്‍ ഉയര്‍ത്തിക്കാണിച്ച് അദ്ദേഹത്തെ ദൈവമായ് ചിത്രീകരിക്കുന്നത് ഗുരുവിന്റെ പേരില്‍ രൂപീകൃതമായ സംഘടന (എസ്എന്‍ഡിപി) തന്നെയാണ്. ശാരീരിക - മാനസിക അസുഖങ്ങള്‍ ഭേദപ്പെടുത്തുന്നതിലുള്ള ഗുരുവിന്റെ കഴിവിനെയാണ് എസ്എന്‍ഡിപി അമാനുഷികതയായി ചിത്രീകരിക്കുന്നത്. ഗുരുവിന്റെ ഇത്തരം കഴിവുകള്‍ മാനുഷികമാണെന്ന കാര്യം വിശദമായി പഠിക്കാതെ അദ്ദേഹത്തെ ദൈവമായ് കാണാന്‍ ആവശ്യപ്പെടുമ്പോള്‍ നാം അദ്ദേഹത്തെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടോയെന്ന സംശയം ഉയര്‍ന്നുവന്നേക്കാം.

ഗുരുവിന്റെ ജീവകഥ എഴുതിയ ചില വ്യക്തികളാണ് ഗുരുവിന് ചില മാന്ത്രികശക്തികള്‍ ഉണ്ടെന്ന കാര്യം സമര്‍ഥിച്ചത്. 1930-ല്‍ പ്രസിദ്ധീകരിച്ച മൂര്‍ക്കോത്ത് കുമാരന്റെ ഗുരുവിനെക്കുറിച്ചുള്ള ജീവചരിത്രം ഗുരുവിന്റെ ഇത്തരം കഴിവുകള്‍ക്ക് ചിരകാല പ്രതിഷ്ഠ നല്‍കുകയുണ്ടായി. അതിനുമുമ്പ് ഗുരുവിന്റെ ജീവചരിത്രം വിവേകോദയത്തില്‍ പ്രസിദ്ധീകരിച്ച കുമാരനാശാന്‍ അത്ഭുതസിദ്ധികള്‍ കാണിക്കുന്ന ഒരു ദൈവം എന്ന രീതിയില്‍ ഗുരുവിനെ ചിത്രീകരിച്ചിട്ടില്ല. പില്‍ക്കാലത്ത് സ്വാമി ധര്‍മ്മാനന്ദജി 1965ല്‍ തയ്യാറാക്കിയ ഗുരുവിന്റെ ജീവചരിത്രത്തിലും ഗുരുവിന്റെ അത്ഭുത കൃത്യങ്ങള്‍ക്കും അമിതമായ പ്രാധാന്യം നല്‍കിയിരുന്നു. ഗുരുവിന്റെ മാന്ത്രികശക്തികള്‍ പ്രയോഗിക്കപ്പെട്ടത് പലതരത്തിലുള്ള ശാരീരിക-മാനസിക അസുഖങ്ങള്‍ ഭേദമാക്കുന്നതിലായിരുന്നു. കുഷ്ഠം, വസൂരി തുടങ്ങിയ അസുഖങ്ങള്‍ ഭേദമാക്കാന്‍ ഗുരുവിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ അമാനുഷിക ശക്തികൊണ്ടാണെന്ന് പലരും പില്‍ക്കാലത്ത് വിശ്വസിച്ചു.

ഗുരു ഒരിക്കലും തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ടിട്ടില്ല. താന്‍ ഒരു ദൈവമല്ലെന്ന് പലതവണ പല അവസരങ്ങളിലായി അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അസുഖം ബാധിച്ചവരെ ഗുരുവിന് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ആയുര്‍വേദ ചികിത്സകൊണ്ടു മാത്രമാണ്. ഗുരുവിന് ആയുര്‍വേദത്തില്‍ ആഴത്തിലുള്ള അറിവ് ഉണ്ടായിരുന്നതായി രേഖകള്‍ പറയുന്നു. ഈ അറിവുകൊണ്ടാണ് അദ്ദേഹത്തിന് പലരുടെയും അസുഖങ്ങള്‍ നിര്‍ണയിക്കാനും അവ ചികിത്സിച്ച് ഭേദമാക്കാനും കഴിഞ്ഞത്. നിര്‍ഭാഗ്യവശാല്‍ ഈ അറിവ് മുഴുവനായും രേഖപ്പെടുത്തിവയ്ക്കാന്‍ ആരുംതന്നെ മെനക്കെട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യന്‍ ആയുര്‍വേദത്തിന് ഒരു മഹത്തായ സംഭാവനയാകുമായിരുന്നു അത്. ആയുര്‍വേദത്തിലുള്ള ഗുരുവിന്റെ അറിവ് പാരമ്പര്യമായി കിട്ടിയ ഒന്നാണെന്ന് രേഖകളിലൂടെ മനസ്സിലാക്കാം. അദ്ദേഹത്തിന്റെ ജനം തന്നെ ഒരു ഈഴവ വൈദ്യകുടുംബത്തിലാണ്. പിതാവ് മാടാനാശാന്‍ ഒരു വൈദ്യനായിരുന്നു. ഗുരുവിന്റെ അമ്മാവന്മാരായിട്ടുള്ള കൃഷ്ണന്‍വൈദ്യരും രാമന്‍വൈദ്യരും വളരെ പ്രശസ്തരായ ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു. ആയുര്‍വേദത്തിലെ അപൂര്‍വങ്ങളായ പല ഗ്രന്ഥങ്ങള്‍ അവരുടെ കൈവശം ഉണ്ടായിരുന്നു. പലതരത്തിലുള്ള അസുഖങ്ങളെക്കുറിച്ചും അവയ്ക്കുള്ള ഒറ്റമൂലികളെക്കുറിച്ചും അവര്‍ രേഖപ്പെടുത്തിയിരുന്നു.

ആയുര്‍വേദത്തില്‍ ഗുരു ഉന്നതപഠനം നടത്തിയതായും പറയുന്നുണ്ട്. ഗുരുവിന് സതീര്‍ഥ്യരായി ലഭിച്ചത് കവിതയിലും വൈദ്യത്തിലും പേരെടുത്ത വെളുത്തേരി കേശവന്‍ വൈദ്യര്‍, പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യര്‍ തുടങ്ങിയവരായിരുന്നു. ചെറുപ്പകാലത്ത് തന്നെ ഗുരു തന്റെ ആയുര്‍വേദത്തിലുള്ള അറിവ് പ്രയോഗിച്ചിരുന്നതായി കാണുന്നുണ്ട്. ചാത്തന്‍ എന്ന യുവാവിന്റെ കുഷ്ഠം ദേഭമാക്കിയതുപോലെ വസൂരി ബാധയുണ്ടായപ്പോള്‍ സ്വയം ചികിത്സ നടത്തി അത് ഭേദമാക്കിയതായും പറയുന്നുണ്ട്. ചെടികളുടെയും വള്ളികളുടെയും മറ്റും ഇല, തളിര്, വേര്, കിഴങ്ങ്, കായ് തുടങ്ങിയവ രുചിച്ചുനോക്കുന്ന സ്വഭാവം കുട്ടിക്കാലത്ത് തന്നെ നാണു (ഗുരു)വിനുണ്ടായിരുന്നു. പിള്ളതടം ഗുഹയിലെ തപസ്സുകാലത്ത് ഭക്ഷണത്തിന്റെ പ്രശ്നം പരിഹരിച്ചത് ഈ ഗവേഷണത്തിന്റെ ഫലമായിട്ടാണ്. അടവതിയന്‍ കിഴങ്ങ്, തഴുതാമ, കട്ടുക്കോടി, അടമ്പ് മുതലായവയായിരുന്നു അക്കാലത്തെ ഗുരുവിന്റെ ആഹാരം. അക്കാലത്ത് മാറാവ്യാധിയായി കൊണ്ടുനടന്ന പല അസുഖങ്ങളും ഗുരുവിന്റെ ചികിത്സയിലൂടെ ഭേദമായതായി കാണുന്നുണ്ട്. ഒരിക്കല്‍ അരുമാനൂര്‍ കുഞ്ഞുകൃഷ്ണന്‍ വെളിപ്പെടുത്തിയ ഒരു സംഭവം ഉണ്ട്.

അദ്ദേഹം തന്റെ അച്ഛന്റെ കുഷ്ഠരോഗം മാറ്റുന്നതിനായി ഒരിക്കല്‍ ഗുരുവിനെ സമീപിച്ചു. ഗുരു തുളസിയിലച്ചാറ് കൊണ്ട് അച്ഛന്റെ കുഷ്ഠം മാറ്റിയതായി അദ്ദേഹം തന്നെ പറഞ്ഞു. ഇതിനെ ചിലര്‍ ഗുരുവിന്റെ അമാനുഷിക കഴിവായിട്ട് വിശേഷിപ്പിച്ചിരുന്നു. കുഞ്ഞുകൃഷ്ണന്റെ അച്ഛന് ഉണ്ടായ അസുഖം കുഷ്ഠരോഗമല്ലെന്നും തുളസിയിലച്ചാറുകൊണ്ട് മാറ്റുവാന്‍ കഴിയുന്ന ഒരു ചര്‍മരോഗമാണെന്നും യുക്തിബോധമുള്ള ആര്‍ക്കും ബോധ്യമാകും. ഇതുപോലുള്ള മറ്റ് അസുഖങ്ങളും ഗുരു തന്റെ ആയുര്‍വേദ മരുന്നുകൊണ്ട് ഭേദമാക്കിയതായി കാണാം. ഒരു തവണ ഗുരുവിന് ശരീരത്തില്‍ ഒരു കുരു (പരു) വന്നതിനെത്തുടര്‍ന്ന് നിരവധി വൈദ്യന്മാര്‍ അത് ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഭേദമാകാത്തതിനെതുടര്‍ന്ന് ഗുരുവിനെ മദ്രാസിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മദ്രാസിലേക്കു യാത്ര പുറപ്പെടേണ്ട ദിവസം രാവിലെ ഗുരുവിന്റെ നിര്‍ദേശപ്രകാരം ചില പച്ചില മരുന്നുകളുടെ ഒരു നീര് കൊണ്ടുവന്ന് പരുവിന്‍മേല്‍ പ്രയോഗിച്ചു. പരു പൊട്ടി ഭേദമായി. പേവിഷത്തിനെതിരെയുള്ള ഒറ്റമൂലിയെക്കുറിച്ച് ഗുരുവിന് അറിവുണ്ടായിരുന്നു. പല സന്ദര്‍ഭങ്ങളിലായ് അത് പ്രയോഗിച്ചതായി രേഖകള്‍ പറയുന്നുണ്ട്. ഒരുതവണ തിരുവനന്തപുരത്തെ പൊട്ടുകുഴി എന്ന സ്ഥലത്തെ കോന്നത്ത് വീട്ടില്‍ അച്യുതന്റെ വീട്ടില്‍വച്ച് പേയിളകിയ ഒരു കുട്ടിക്ക് ഗുരു ഒരു ഒറ്റമൂലി നല്‍കി അവന്റെ ജീവന്‍ രക്ഷപ്പെടുത്തിയ സംഭവം ഉണ്ട്. തൃശൂരിലെ കൂര്‍ക്കാഞ്ചേരി ആശ്രമത്തില്‍ വച്ചും ഗുരു ഇത്തരത്തിലുള്ള ഒരു ചികിത്സ നടത്തിയതായി പറയുന്നുണ്ട്. തിരുവനന്തപുരത്തെ പൊട്ടകുഴിയിലെ ഈ വൈദ്യകുടുംബം പേവിഷത്തിനെതിരെയുള്ള ഈ ചികിത്സ സംഭവത്തിനുശേഷവും തുടര്‍ന്നു വരുന്നതായി പറയുന്നുണ്ട്. ആലപ്പുഴയിലെ സുശീല ഗോപാലന്റെ തറവാട്ടുകാരും ഈ ചികിത്സ നടത്തുന്നതായി പറയുന്നുണ്ട്. ഈ ചികിത്സയെക്കുറിച്ച് സി ആര്‍ കേശവന്‍ വൈദ്യരുടെ "പ്രത്യക്ഷ്യവിധിയും പ്രഥമ ചികിത്സയും" എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗുരുവിന്റെ കണ്ണു ചികിത്സയും പല ഗ്രന്ഥങ്ങളിലായി പരാമര്‍ശിച്ചു കാണുന്നുണ്ട്. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ രാമന്‍ ഇളയത് എന്ന ബ്രാഹ്മണന്റെ കണ്ണില്‍ ഒരു സത്യഗ്രഹ വിരോധി കമ്മട്ടിപ്പാലും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം പുരട്ടി. കാഴ്ച നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ വൈദ്യന്മാരുടെ ചികിത്സ പരാജയപ്പെട്ട അവസ്ഥയില്‍ ഇളയതിനെ ഗുരുവിനടുത്തേക്ക് കൊണ്ടുവന്നു. പര്‍പ്പടകപ്പുല്ലും മുലപ്പാലും ചേര്‍ത്തരച്ച നീരുധാര ചെയ്യാന്‍ ഗുരു ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അത് ഫലം കണ്ടു. ഇതേപോലെ ഗുരുവിന്റെ വന്ധ്യത ചികിത്സയും രേഖപ്പെടുത്തി കാണുന്നുണ്ട്. കുട്ടികളില്ലാത്ത പലര്‍ക്കും ഗുരുവിന്റെ ഉപദേശങ്ങളും ചികിത്സകളും പഥ്യം തെറ്റാതെ അനുസിച്ച് ജീവിച്ചവര്‍ക്ക് സന്താന സൗഭാഗ്യം കൈവന്ന അനുഭവങ്ങളുമുണ്ട്. മദ്രാസിലെ ഒരു വണിക് പ്രമുഖന്‍ ധര്‍മ്മലിംഗ മുതലിയാര്‍ ഗുരുവിന്റെ നിര്‍ദേശപ്രകാരം ശിവഗിരി ആശ്രമത്തിനടുത്ത് ഭാര്യയോടൊത്ത് താമസം മാറ്റുകയുണ്ടായ്. മുറ തെറ്റാതെയുള്ള ചികിത്സകളും. ജീവിതരീതിയും പിന്തുടര്‍ന്നു വന്ന ആ ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടായത് ഒരു ഉദാഹരണം മാത്രം. ശിവഗിരിയിലെ ജീവിതത്തില്‍ വന്നുചേര്‍ന്ന ശാരീരിക പരിവര്‍ത്തനത്തിന്റെ ഫലമായി മൂന്നാഴ്ചകൊണ്ട് മുതലിയാരുടെ ഭാര്യക്ക് ഗര്‍ഭധാരണം ഉണ്ടായി. തുടര്‍ന്ന് മദ്രാസിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ ഗുരു ഒരു കദളിപ്പഴം അവര്‍ക്ക് സന്തോഷമായി നല്‍കി. ഗുരു നല്‍കിയ കദളിപ്പഴം കഴിച്ചതുകൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ആ ദമ്പതികള്‍ക്ക് സന്താനഭാഗ്യം ഉണ്ടായെന്ന കഥയും പില്‍ക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടു. അള്‍സര്‍, വയറുവേദന തുടങ്ങിയ ചില രോഗങ്ങള്‍ക്ക് ഗുരുവിന്റെ കൈയില്‍നിന്നും ഒരു ഉരുള ചോറോ പഴമോ പച്ചിലയോ കഴിച്ചിട്ടു മാറിയ കഥകള്‍ ജീവചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അപചി അഥവാ ഗണ്ഡമാല എന്ന രോഗത്തിന്റെ ചികിത്സയും ഗുരുവിന് വശമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ചികിത്സകളും ഔഷധങ്ങളും മാന്ത്രികശക്തിയാല്‍ തയ്യാറാക്കിയതാണെന്ന് പറയുമ്പോള്‍ ഗുരു എന്ന യുഗപുരുഷന്റെ ആയുര്‍വേദ അറിവിനെ നാം തരംതാഴ്ത്തുകയാണ് ചെയ്യുന്നത്. ശാരീരിക അസുഖങ്ങള്‍ക്കു മാത്രമല്ല മാനസിക അസ്വസ്ഥതകള്‍ക്കും ഉള്ള പരിഹാരം ഗുരു കണ്ടെത്തിയിരുന്നു. ഒരിക്കല്‍ മാനസിക വിഭ്രാന്തി ബാധിച്ച് ചങ്ങലകളില്‍ ബന്ധിച്ച ഒരു അക്രമകാരിയെ ഗുരുവിനടുത്തേക്ക് കൊണ്ടുവന്നു. അയാളുടെ ചങ്ങലകള്‍ അഴിച്ചുമാറ്റി ഗുരു വളരെ ശാന്തസ്വരത്തില്‍ അയാളോട് സംസാരിച്ചു. ചില കാര്യങ്ങള്‍ ഉപദേശിച്ചുകൊണ്ട് ഗുരു അയാളെ തിരിച്ചയച്ചു. അയാളുടെ മാനസിക വിഭ്രാന്തി പിന്നീട് മാറ്റിയതായും പറയുന്നുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ വേറെയുമുണ്ടായിരുന്നു. ഗുരുവിന്റെ ഉപദേശം കാരണം നിരവധി കുടിയന്മാരുടെ കുടി നിര്‍ത്തലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുരുവിന്റെ ഇത്തരം കൗണ്‍സിലിങ്ങിലൂടെ പലരേയും യഥാര്‍ഥ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. മനുഷ്യമനസ്സിനെ ആഴത്തില്‍ മനസ്സിലാക്കാനും അവയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി മനഃശാസ്ത്രപരമായ രീതിയില്‍ പരിഹാരം കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒരു നല്ല മനഃശാസ്ത്രജ്ഞന്റെ അറിവും കഴിവും അദ്ദേഹത്തിനുണ്ടെന്ന് നാം അംഗീകരിക്കേണ്ടതാണ്. അല്ലാതെ അമാനുഷിക ശക്തി അദ്ദേഹത്തില്‍ അടിച്ചേല്‍പിച്ച് അദ്ദേഹത്തിന്റെ കഴിവുകളെ തരം താഴ്ത്തുകയല്ല വേണ്ടത്.

ഗുരുവിന്റെ ചികിത്സാരീതികളും മരുന്നും നിരവധി വൈദ്യന്മാര്‍ അക്കാലത്ത് പ്രയോഗിച്ചെങ്കിലും അത് ഫലപ്രദമായിരുന്നില്ല. ഇതിന്റെ കാരണം അന്വേഷിച്ച വൈദ്യന്മാര്‍ക്ക് ഗുരു വ്യക്തമായ മറുപടിയും നല്‍കിയിരുന്നു: ""ദേശഭേദം, സ്ഥലഭേദം ഇതൊക്കെ ഔഷധികള്‍ക്കു വ്യത്യാസം വരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈയായിരിക്കുമ്പോഴും കായ്ച്ച് നില്‍ക്കുമ്പോഴും ഒരേ ഫലമല്ല. മനുഷ്യശരീരത്തിനുതന്നെ നമുക്കറിയാന്‍ പറ്റാത്ത പല വ്യത്യാസങ്ങളും ഉണ്ട്. ചേര് (ദല്ലാതകം) തൊട്ടാല്‍ "പക"യുള്ളവരും ഇല്ലാത്തവരും ഉണ്ട്. രോഗിയുടെ സ്ഥിതിയും രോഗസ്വഭാവവും ഭിന്നമായിരിക്കും. ഇതൊക്കെ സൂക്ഷ്മമായി ചിന്തിക്കണം. ഒരു രോഗം ഒരു ഔഷധം കൊണ്ട് തന്നെ എല്ലായ്പ്പോഴും മാറി എന്നു വരില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഒരു രോഗത്തിനു തന്നെ പല മരുന്നുകള്‍ വിധിക്കേണ്ടിയിരുന്നില്ലല്ലോ... ""

തന്റെ ചികിത്സാരീതിയെ മുഹൂര്‍ത്ത ചികിത്സ എന്ന പേരിലാണ് ഗുരു വിശേഷിപ്പിച്ചത്. തന്നില്‍ മാന്ത്രികശക്തികളുണ്ടെന്ന വാദം ജനങ്ങള്‍ക്കിടയില്‍ ബലപ്പെട്ട് വരുന്ന കാര്യം ഗുരുവിന് നല്ല രീതിയില്‍ ബോധ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പ്രവണതകളെ ഗുരു ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഈ രീതിയില്‍ ഗുരുവിനെ സമീപിച്ചവര്‍ക്ക് ഗുരു പരിഹാസരൂപത്തില്‍ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ഒരു വ്യക്തി ഗുരുവിനെ സമീപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രശ്നം അയാളുടെ വീട് കുട്ടിച്ചാത്തന്‍ നിരന്തരം ആക്രമിക്കുന്നു എന്നായിരുന്നു. അയാളുടെ പ്രശ്നം പറഞ്ഞുകേട്ടപ്പോള്‍ ഒരു ദുര്‍ബല മനസ്സിലുണ്ടാവുന്ന തോന്നല്‍ മാത്രമാണ് കുട്ടിച്ചാത്തന്‍ ആക്രമണം എന്നുപറഞ്ഞ് ഗുരു അയാളെ ബോധ്യപ്പെടുത്തി തിരിച്ചയക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ ഗുരു എന്തെങ്കിലും ചെയ്ത് തരണമെന്ന് നിര്‍ബന്ധിച്ചു. ഇതേത്തുടര്‍ന്ന് ഗുരു ഒരു കത്തെഴുതി "പ്രിയപ്പെട്ട കുട്ടിച്ചാത്തന് ഈ പാവം മനുഷ്യനെ ഉപദ്രവിക്കാന്‍ പാടില്ല - എന്ന് സ്വന്തം നാരായണഗുരു. ചാത്തന്റെ ശല്യം ഒഴിവാക്കാനായി ഈ കത്ത് വീടിന് ചുറ്റും വായിച്ച് നടക്കാനും ഗുരു ഉപദേശിച്ചു. മറ്റൊരവസരത്തില്‍ രുദ്രാക്ഷം ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് സംശയം ഉന്നയിച്ച വ്യക്തിയോട് രുദ്രാക്ഷം അരച്ച് കലക്കി കുടിക്കുവാനാണ് ഗുരു ഉപദേശിച്ചത്. ഇതേപോലെ മൃതദേഹം അടക്കം ചെയ്യുന്ന രീതിയെപ്പറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ അത് ചാക്കില്‍കെട്ടി വളമാക്കി ഉപയോഗിക്കാം എന്നാണ് ഗുരു മറുപടി പറഞ്ഞത്. ഈ രീതിയില്‍ ഗുരുവില്‍ അമാനുഷികതയുണ്ടെന്ന വിശ്വാസത്തിന് ചുട്ട മറുപടി ഗുരു തന്നെ നല്‍കിയിട്ടുണ്ട്. ഗുരുവിന്റെ മാന്ത്രികശക്തികളെ നിരാകരിക്കുന്ന ഒരു ഗ്രന്ഥം എസ്എന്‍ഡിപിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവേളയില്‍ പ്രസിദ്ധീകരിച്ചിരുന്നു. "ഗുരു" എന്ന തലക്കെട്ടുള്ള ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ചില സന്യാസിമാര്‍ തന്നെയാണ്.

ഗുരുവിന്റെ ആയുര്‍വേദത്തിലുള്ള അഗാധമായ അറിവിനെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. ഈ അറിവുപയോഗിച്ചാണ് ഗുരു രോഗബാധിതരെ ചികിത്സിച്ച് ഭേദമാക്കിയതെന്നും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് മനസ്സിലാക്കാതെ ഗുരുവില്‍ അമാനുഷിക കഴിവുകള്‍ ഉണ്ടെന്ന് പറയുമ്പോള്‍ നാം അദ്ദേഹത്തിന്റെ കഴിവുകളെ താഴ്ത്തിക്കെട്ടുകയാണ് ചെയ്യുന്നത്. ഇന്ന് ഗുരുവിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന എസ്എന്‍ഡിപി യോഗത്തെ ഗുരു തള്ളിപ്പറഞ്ഞ് അതില്‍നിന്ന് പുറത്ത് വന്നതാണ്. എസ്എന്‍ഡിപി രൂപീകരണത്തിലൂടെ ഗുരു ഉദ്ദേശിച്ചത് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കു ഒരു സംഘടന ഉണ്ടാവുക എന്നുള്ളതാണ്. എല്ലാ ജാതിയിലുംപെട്ടവരെ അതില്‍ ഉള്‍പ്പെടുത്താനും പ്രത്യേകം ശ്രമിച്ചിരുന്നു. ഈഴവ മാടമ്പിമാരുടെ ശക്തമായ പ്രതിഷേധത്തിലും കുമാരനാശാന്‍ എന്ന ഒരു പെരുങ്കുടിയുടെ മകനെ അതിന്റെ അധ്യക്ഷസ്ഥാനത്ത് നിയമിക്കാന്‍ ഗുരുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഗുരുവിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ എസ്എന്‍ഡിപിക്ക് ആയില്ല.

ജാതി അഹന്ത പൂണ്ട ചില ഈഴവ പ്രമാണിമാരുടെ ഒരു സംഘടനയായി അത് മാറിയിരുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ച് എസ്എന്‍ഡിപി ഈഴവ - തീയ്യ നേതൃത്വം തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കീഴ്ജാതിക്കാരോട് കാണിക്കുന്നതില്‍ നായര്‍-ബ്രാഹ്മണ വിഭാഗങ്ങളേക്കാള്‍ ഒട്ടും പിറകിലായിരുന്നില്ല. പുലയര്‍ ഉള്‍പ്പെടെയുള്ള തൊട്ടുകൂടാത്തവര്‍ക്ക് ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ഈ മാടമ്പി നേതൃത്വം പ്രവേശനം നിഷേധിച്ചിരുന്നു. തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ തൊട്ടുകൂടാത്ത ജാതിക്കാരെ പ്രവേശിപ്പിക്കാന്‍ ഗുരു ശ്രമിച്ചപ്പോള്‍ നേരിട്ട പ്രതിഷേധം ഒരു ഉദാഹരണം മാത്രം. നെയ്യാറ്റിന്‍കരയില്‍ പുലയ-നായര്‍ കലാപം നടന്ന ഘട്ടത്തില്‍ അവിടെയുള്ള ഈഴവ മാടമ്പിമാരും അവരുടെ ശിങ്കിടികളും പുലയര്‍ക്കെതിരെ നായര്‍ മാടമ്പിമാരുമായി കൈകോര്‍ക്കുകയാണ് ചെയ്തത്. പിന്നീട് അയ്യങ്കാളി ഈ കാര്യം ഗുരുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ ആണ് ഈ കൃത്യത്തില്‍നിന്ന് പിന്മാറാന്‍ ഗുരു ഈഴവരോട് അഭ്യര്‍ഥിച്ചത് സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം ആരംഭിച്ചപ്പോള്‍ അതിനെതിരെ രംഗത്ത് വന്നതും അയ്യപ്പന്റെ മേല്‍ ചാണകവെള്ളം കലക്കി ഒഴിച്ചതും ഈ മാടമ്പിമാര്‍ തന്നെ. ഗുരുവിന്റെ മദ്യത്തിനെതിരെയുള്ള സമരം പരാജയപ്പെടാന്‍ കാരണവും ഇവര്‍തന്നെ. എസ്എന്‍ഡിപി നേതൃത്വത്തിലെ ജാതിസ്പിരിറ്റ് മനസ്സിലാക്കിയ ഗുരു അദൈ്വത ആശ്രമത്തിലെ ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും പുലയരെ മനഃപൂര്‍വം നിയമിക്കുകയാണ് ചെയ്തത്. ഒരു തരത്തിലും നേതൃത്വവുമായ് പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയും വന്നുചേര്‍ന്നപ്പോള്‍ ഗുരു 1916ല്‍ എസ്എന്‍ഡിപിയില്‍ നിന്നും രാജിവച്ചു.

ഡോ. പല്‍പ്പുവിനയച്ച രാജിക്കത്തില്‍ ഗുരു അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേവര്‍ഷം തന്നെ ഡോ. പല്‍പ്പു എസ്എന്‍ഡിപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. 1923ല്‍ ഡോ. പല്‍പ്പു എസ്എന്‍ഡിപി നേതൃത്വത്തിനയച്ച കത്തില്‍ നേതാക്കളെ പെരുച്ചാഴികള്‍ എന്നാണ് വിശേഷിപ്പിച്ചത്. കുമാരനാശാന്‍ എസ്എന്‍ഡിപിയില്‍ അവസാനം വരെ ഉണ്ടായിരുന്നെങ്കിലും ജാതി അഹന്ത പൂണ്ട ഈഴവ-തീയ്യ മാടമ്പിമാരില്‍ നിന്നു കയ്പേറിയ അനുഭവങ്ങളാണുണ്ടായിരുന്നത്. ആശാനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഇവര്‍ ഒരു തവണ ആശാന്‍ തിരുവാഭരണം മോഷ്ടിച്ചു ഭാര്യയ്ക്കു കൈമാറിയതായും ആരോപിച്ചിരുന്നു. അങ്ങനെ എസ്എന്‍ഡിപിയില്‍ വിശ്വാസം നഷ്ടപ്പെട്ട ഗുരു പിന്നീട് എസ് എന്‍ ധര്‍മ്മസംഘം സ്ഥാപിച്ച് തന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അതിന്റെ പേരിലാക്കി വില്‍പത്രം തയ്യാറാക്കുകയും ചെയ്തു.

ഗുരുവിന്റെ അവസാന കാലഘട്ടത്തില്‍ ചികിത്സയ്ക്കുവേണ്ടി സ്വരൂപിച്ച ഫണ്ടില്‍പ്പോലും ചില എസ്എന്‍ഡിപി നേതാക്കള്‍ തിരിമറി നടത്തിയതായി പറയുന്നു. അങ്ങനെയുള്ള ഒരു സംഘടനയ്ക്ക് ഇന്ന് ഗുരുവിന്റെ മേല്‍ എന്തവകാശം. ഗുരുവിന്റെ മാനുഷിക കഴിവുകള്‍ പിടിച്ചുതാഴ്ത്തി അമാനുഷിക ശക്തികള്‍ അദ്ദേഹത്തില്‍ അടിച്ചേല്‍പ്പിച്ച് ഗുരുവിനെ ദൈവമായ് കാണാന്‍ ആവശ്യപ്പെടുമ്പോള്‍ ഗുരുവിനെ നിന്ദിക്കുകയാണ് അത്തരക്കാര്‍ ചെയ്യുന്നത്. ഗുരുവിനെ അപഹസിച്ചതിനുശേഷം സാമുദായിക നേതാക്കളെ കണ്ട് തൊഴുതു മടങ്ങിയാല്‍ തീരുന്നതാണോ ഗുരുനിന്ദ. ഇത്തരം സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും ഗുരുവിനുമേല്‍ എന്തവകാശം. ശ്രീനാരായണഗുരു ഒരു ജാതിയുടെയോ മതത്തിന്റെയോ പ്രതിനിധി ആയിരുന്നില്ല. അദ്ദേഹം മാനവികതയുടെ മുഴുവന്‍ പ്രതിനിധി ആണ്. അതേപോലെ കേരള സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിലെ ഉജ്ജ്വലനായ നേതാവും ആയിരുന്നു.

*
സിജേഷ് കെ ദേശാഭിമാനി വാരിക

1 comment:

ഗാനൻ said...

https://www.facebook.com/ganan.uppungal/posts/473812669333337 എന്റെ ഫെയിസ് ബുക്കിൽ ഈ വിഷയത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഒന്ന് വായിച്ചു നോക്കുക. ചില കാര്യങ്ങൽ ഭൌതിക വാദത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതും ഈ ലോകത്തുണ്ട്. അത് മനസ്സിലാക്കണമെങ്കിൽ അതിന്റെ രീതിയിലുള്ള വായന ആവശ്യമാണ്.