Tuesday, March 5, 2013

അക്കൗണ്ടില്‍ സബ് സിഡിപ്പണം മാന്ത്രികവടിയല്ല

സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്സിഡികളും നേരിട്ട് പണമായി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്നതുകൊണ്ടുമാത്രം ഇന്ത്യന്‍സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വം കുറച്ചുകൊണ്ടുവരാന്‍ കഴിയില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലുള്ള ചില പദ്ധതികളുടെ കാര്യത്തില്‍ നേരിട്ട് അക്കൗണ്ടില്‍ പണം എത്തിക്കല്‍ പ്രയോജനംചെയ്യും. എന്നാല്‍, വന്‍തോതില്‍ ദാരിദ്ര്യം നിലനില്‍ക്കുന്ന രാജ്യത്ത് ഇതിനെ പൊതുസംവിധാനമായി മാറ്റുന്നത് മാന്ത്രികവടിയുടെ ഫലമൊന്നും നല്‍കില്ല.

എന്തിനു പകരമാണ് അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കല്‍ നടപ്പാക്കുന്നത്, ഇതിന്റെ ഫലമായി ദരിദ്രജനവിഭാഗങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകുമോ എന്നീ ചോദ്യങ്ങളും പ്രധാനമാണ്. പണം കൈമാറ്റത്തിന്റെ രീതിമാത്രമല്ല പ്രശ്നം; എത്രത്തോളം പണം കൈമാറുന്നു, ആര്‍ക്ക് കൈമാറുന്നു, എന്തിനു പകരമായി ഇത് കൊണ്ടുവരുന്നു എന്നീ വിഷയങ്ങളും ഉയരുന്നു.

ഉദാഹരണത്തിന് ഭക്ഷ്യസബ്സിഡി ഈ സംവിധാനത്തിലേക്ക് മാറ്റുമ്പോള്‍, ദരിദ്രജനവിഭാഗങ്ങളുടെ കൈവശം സബ്സിഡിരഹിത നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പണമുണ്ടോയെന്ന് ഉറപ്പാക്കണം. സബ്സിഡി സംവിധാനത്തിലെ മാറ്റം കുടുംബങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്ന വിതരണപ്രത്യാഘാതവും പ്രധാനമാണ്. പുരുഷമേധാവിത്വസംവിധാനം നിലനില്‍ക്കുന്ന നമ്മുടെ ഉപഭൂഖണ്ഡത്തില്‍ രൂഢമൂലമായ സാമൂഹിക മുന്‍ഗണനകള്‍ മറികടക്കുന്ന വിധത്തില്‍വേണം സബ്സിഡികളുടെ പ്രയോജനം ലഭിക്കേണ്ടത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കും ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കും പ്രയോജനം ലഭിക്കണം. ഭക്ഷ്യസബ്സിഡിക്ക് പകരമായാണ് നേരിട്ട് പണമെത്തിക്കല്‍ നടപ്പാക്കുന്നതെങ്കില്‍ നല്‍കുന്ന പണം പോഷകാഹാര ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിക്കപ്പെടുകയെന്ന് ഉറപ്പാക്കണം, പോഷകാഹാരക്കുറവും അവഗണനയും അനുഭവിക്കുന്ന പെണ്‍കുട്ടികളുടെ ക്ഷേമത്തിനും അത് ഉപകരിക്കണം.

ഇത്തരം കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചാല്‍പ്പോലും പുതിയ സംവിധാനം നടപ്പാക്കുന്നതിലെ ഗൗരവതരമായ പ്രായോഗികപ്രശ്നങ്ങള്‍ ശേഷിക്കും. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ അക്കൗണ്ട് തുടങ്ങാന്‍ നേരിടുന്ന കാലതാമസം ഇതില്‍ മുഖ്യമാണ്. സബ്സിഡി നിരക്കില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ അപ്രത്യക്ഷമാവുകയും ദരിദ്രര്‍ക്ക് വിവിധ കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കാതെ വരികയുംചെയ്യുന്ന അവസരത്തില്‍ അവര്‍ക്ക് ഇരട്ടആഘാതം നേരിടേണ്ടിവരും. സബ്സിഡി പണം ലഭിക്കുകയുമില്ല, ഉയര്‍ന്ന നിരക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ മറ്റുള്ളവര്‍ വാങ്ങിയെടുക്കുകയും ചെയ്യും. പുതിയ സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടത്തില്‍ ചില ജനവിഭാഗങ്ങള്‍ അങ്ങേയറ്റം ദുരിതത്തിലേക്ക് തള്ളപ്പെടാം. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ(എഫ്ഡിഐ) കാര്യത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. എഫ്ഡിഐ എന്നതിനെ കണ്ണടച്ച് അനുഗ്രഹമോ ശാപമോ ആയി കരുതാനാവില്ല. അതിന്റെ യഥാര്‍ഥ പ്രത്യാഘാതം, നിക്ഷേപം അനുവദിക്കുന്ന മേഖലകള്‍, വരുന്ന പണത്തിന്റെ അളവ്, ഇന്ത്യയുടെ സാമ്പത്തികനയത്തിന്റെ മുന്‍ഗണനകളില്‍ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്നിവയെ ആശ്രയിച്ചാണ് ഇതിന്റെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടത്. ചെറുകിട വ്യാപാര മേഖലയിലെ എഫ്ഡിഐ കര്‍ഷകര്‍ക്ക് ഗുണകരമാകും എന്ന വാദമുണ്ട്. എന്നാല്‍, വാള്‍മാര്‍ട്ട് പോലുള്ള ഭീമന്മാര്‍ രാജ്യത്ത് ആധിപത്യം സ്ഥാപിക്കുന്നത് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുകതന്നെ ചെയ്യും.

ഭരണാധികാരികള്‍ ഇതിന്റെ എല്ലാവശങ്ങളും സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് അന്തിമനിഗമനത്തില്‍ എത്തേണ്ടത്. ഇത് എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല. നയപരമായ എല്ലാ കാര്യങ്ങളിലും ഇത്തരത്തില്‍ വിശദമായ വിലയിരുത്തല്‍ ആവശ്യമാണ്. അഴിമതിയുടെ വിഷയം രാജ്യത്തെ ജനങ്ങള്‍ ഗൗരവത്തോടെ എടുത്തിരിക്കുന്നത് ആവേശകരമാണ്. ഇത് നല്ല പ്രവണതയാണ്. ഇന്ത്യയില്‍ കാര്യങ്ങള്‍ എത്രത്തോളം മോശമായാണ് നടക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും അതിനെതിരെ അവര്‍ തെരുവില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

അഴിമതി ഇന്ത്യന്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമായി തുടരുന്നത് അനുവദിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ അവകാശപ്പെട്ട എന്തെങ്കിലും ലഭിക്കുന്നതിന് കോഴ നല്‍കേണ്ടിവരുന്ന അവസ്ഥ നിശബ്ദമായി സഹിക്കാന്‍ കഴിയില്ല, അതിനെതിരെ പ്രതിഷേധം ഉയരണം. അതേസമയം, ഈ പ്രശ്നം തെരുവിലെ പ്രതിഷേധം വഴിമാത്രം പരിഹരിക്കാന്‍ കഴിയില്ല. നമ്മുടെ നീതിന്യായസംവിധാനം കാര്യക്ഷമമായി മാറണം. ആരും നിയമത്തിന് അതീതരായി മാറരുത്, കോടതികള്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയാത്തവരായി ആരും ഉണ്ടാകരുത്.

*
അമര്‍ത്യസെന്‍

(ദ് ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍നിന്ന്)

സമരസന്ദേശ യാത്ര വെബ് സൈറ്റ്

No comments: