Saturday, February 4, 2012

ആരവിടെ? ആഘോഷം തുടരട്ടെ!

തൃശ്ശൂര്‍ നഗരം ജനുവരി മാസം മുഴുവന്‍ ഉത്സവലഹരിയിലായിരുന്നു. മാതൃഭൂമി പുസ്തകോത്സവം. പിന്നെ ജനുവരി ആദ്യത്തെ ആഴ്ചയില്‍ സി പി എമ്മിന്റെ ജില്ലാ സമ്മേളനം. പിന്നെ ഡി സിയുടെയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പുസ്തകോത്സവങ്ങള്‍. ഒപ്പം തന്നെ രാജ്യാന്തര പുസ്തകോത്സവം. പിന്നെ സാക്ഷാല്‍ സ്‌കൂള്‍ യുവജനോത്സവം, ഒപ്പം തന്നെ തേക്കിന്‍കാട് മൈതാനിയില്‍ പുഷ്‌പോത്സവം. അതു തീരുന്നതിനു മുമ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഫെബ്രുവരി 1 മുതല്‍ അന്താരാഷ്ട്ര നാടകോത്സവവും തുടങ്ങി.

ഡിസംബര്‍ ആദ്യത്തില്‍ത്തന്നെ മറ്റൊരാഘോഷം ഇവിടെ അരങ്ങേറിയിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ ദീനക്കിടയ്ക്കയായിരുന്നു അരങ്ങ്. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവരുടെ കൊച്ചുവര്‍ത്തമാനങ്ങളും പടങ്ങളും ഒരു സ്ഥിരംപംക്തി പോലെ പത്രങ്ങളില്‍ നിറഞ്ഞു. പിറ്റേന്നത്തെ പത്രത്തില്‍ തന്റെ പടം വരില്ലേ എന്ന ഉത്ക്കണ്ഠയോടെയായിരുന്നു പലരുടേയും സന്ദര്‍ശനം എന്നു പോലും തോന്നിയിരുന്നു.

ജീവിതത്തിന്റെ അവസാനശയ്യയിലായ ഒരാളെ കാണാന്‍ പോവുന്നത് വേണ്ടതുതന്നെ. പക്ഷേ അത് രോഗിയ്ക്ക് വിശ്രമം നിഷേധിയ്ക്കുന്ന തരത്തിലാവരുത്. അഴീക്കോടിനെ നിരന്തരം എഴുന്നേല്‍പ്പിച്ചിരുത്തിയും സംസാരിപ്പിച്ചും പുരസ്‌ക്കാരം സമര്‍പ്പിച്ചും പ്രസംഗിപ്പിച്ചും സുഖാന്വേഷികള്‍ പീഡിപ്പിച്ചു. അഴീക്കോട് അതൊക്കെ ആഗ്രഹിച്ചിരുന്നു അല്ലെങ്കില്‍ ആസ്വദിച്ചിരുന്നു എന്നത് വേറെകാര്യം. പക്ഷേ എന്നുമെന്നും ചെന്നു കാണുന്നത് സ്വന്തം പേരുറപ്പിയ്ക്കാനല്ലെങ്കില്‍പ്പിന്നെ എന്തിനാണ്?

യുവജനോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരികസമ്മേളനത്തിന്റെ അവസാന ദിവസം. അന്നു രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ആശങ്കയുണര്‍ത്തുന്ന സന്ദേശങ്ങള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. നന്ദിപ്രകാശനത്തിന്റെ അവസാനത്തെ വാചകം പറയുന്നതിനു മുമ്പ് പ്രസംഗകന്‍ മൈക്കിലൂടെ പറയുന്നു: ''ഒരശുഭവാര്‍ത്ത നമ്മളെ തേടിയെത്തിയിട്ടുണ്ട്. ആരും പിരിഞ്ഞു പോവരുത്.'' രണ്ടു മിനിട്ടിനകം ആശുപത്രിയില്‍നിന്ന് വിവരം കിട്ടുന്നു. സ്ഥിതി ആശങ്കാജനകം തന്നെ. പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല.
പിറ്റേന്ന് യുവജനോത്സവവേദിയില്‍ എത്തിയപ്പോള്‍ കേട്ടു. അഴീക്കോട് അതിഗുരുതരാവസ്ഥയില്‍ത്തന്നെ. പത്രക്കാരില്‍ നല്ലൊരു വിഭാഗം യുവജനോത്സവവേദി വിട്ട് ആശുപത്രിയിലേയ്ക്കു പോയിരിക്കുകയാണ്.

ഏതായാലും യുവജനോത്സവം കൊടിയിറങ്ങി രണ്ടാമത്തെ ദിവസമേ വിജിഗീഷുവായ മൃത്യു ആ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തിയുള്ളു. സാഗരഗര്‍ജ്ജനം എന്നൊക്കെ വിശേഷിപ്പിയ്ക്കപ്പെട്ടിട്ടുണ്ടങ്കിലും അദ്ദേഹം സൗമ്യനായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഈ ഉത്സവവേളയില്‍ ആരെയും ബുദ്ധിമുട്ടിയ്‌ക്കേണ്ട എന്ന് അദ്ദേഹം വിചാരിച്ചിരിയ്ക്കാം. തന്റെ മരണം ഒരാഘോഷവും മുടങ്ങാന്‍ ഇടയാക്കരുതെന്ന് ആഗ്രഹിച്ചിട്ടുമുണ്ടാവാം.

ശവം ശകുനത്തിന് നല്ലതാണെന്ന് പ്രമാണമുണ്ടെങ്കിലും മംഗളകരമായ മുഹൂര്‍ത്തത്തിനിടയ്ക്ക് മരണം ഒരശ്രീകരം തന്നെയാണ്. 1994-ലെ കൃസ്തുമസ് ദിനത്തിലായിരുന്നു മുന്‍രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്റെ മരണം. സിനിമ കാണാന്‍ മോഹിച്ച് ടിവിയ്ക്കു മുന്നിലിരുന്ന ഒരു ചെറുപ്പക്കാരന്‍ ദൂരദര്‍ശന്‍ ഷെഹനായ് വായിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നോടു പറഞ്ഞു: ''എന്നാലും വലിയ ചതിയായിപ്പോയി. അയാള്‍ക്ക് മരിക്കാന്‍ കണ്ട ഒരു നേരം!''

ഞാന്‍ എപ്പോഴും ഓര്‍മ്മിക്കുന്ന ഒരു സംഭവമുണ്ട്. എന്റെ അച്ഛന്‍ ദീനക്കിടക്കയില്‍ കിടക്കുന്ന കാലമാണ്. ആ കാലഘട്ടമത്രയും എന്റെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും നടന്നിരുന്നത് ആശങ്കയുടെ മുള്‍മുനയിലാണ്. അങ്ങനെയിരിക്കുമ്പോള്‍ എന്റെ തറവാട്ടില്‍ അപ്ഫന്റെ മകന്റെ വിവാഹം തീരുമാനിച്ചു. ഒരുക്കങ്ങള്‍ അങ്ങനെ തകൃതിയായി നടക്കുകയാണ്. ഇനി രണ്ടു ദിവസം മാത്രമേ ബാക്കിയുള്ളു. അപ്പോള്‍ രാവിലെ നാലു മണിക്ക് ടെലഫോണ്‍ ശബ്ദിക്കുന്നു. വധുവിന്റെ വീട്ടില്‍ നിന്നാണ്. വധുവിന്റെ ഒരു മുത്തച്ഛന്‍ പെട്ടെന്ന് മരിച്ചു. തറവാട്ടില്‍ വിവരം അറിയിക്കണം. നേരെ ടോര്‍ച്ചുമെടുത്ത് തറവാട്ടിലേയ്ക്കു നടന്നു. രാത്രി വൈകി ഉറങ്ങിയതുകൊണ്ടാവാം, ആരും ഉണര്‍ന്നിട്ടില്ല. വാതില്‍ക്കല്‍ മുട്ടി വിളിച്ചു. ആരോ ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന് വാതില്‍ തുറന്നു. എന്നെ കണ്ടതോടെ അയാളുടെ ഉറക്കം പോയി. ''അച്ഛന്‍?'' അയാളുടെ മുഖത്തെ പരിഭ്രമം എനിക്കു നല്ലവണ്ണം മനസിലായി.

ഇനി എന്തു ചെയ്യണം? ഉറക്കമുണര്‍ന്നു വന്നവര്‍ വന്നവര്‍ ചര്‍ച്ച തുടങ്ങി. തനിക്ക് ഒരാഴ്ചത്തെ അവധിയേയുള്ളു എന്ന് വരന്‍ തിട്ടമായി പറഞ്ഞു. അതു കഴിഞ്ഞാല്‍ ഇനി എന്നാണ് ലീവു കിട്ടുക എന്ന് ഒരുറപ്പുമില്ല. ആകെ ഒരു സ്തംഭനം. എല്ലാവരും എന്നെ കാണുന്നത് മരണം കൊണ്ടുവന്ന അശ്രീകരമായിട്ടാണ് എന്നു തോന്നി.

സരോജിനിയേടത്തിയുടെ കല്യാണം അടുത്ത സമയത്ത് കുളിമുറിയിലേയ്ക്കു നടക്കുന്നതിനിടയില്‍ അക്കരെമുത്തശ്ശി വീണു. അതുകൊണ്ടുമായില്ല. കല്യാണദിവസം രാവിലെ മുത്തശ്ശി മരിച്ചു. നേരെയുള്ള മുത്തശ്ശിയൊന്നുമല്ലെങ്കിലും തറവാട്ടില്‍ ഏറ്റവും പ്രായം ചെന്നിരിക്കുന്ന ആളാണ് എന്ന സ്ഥാനമുണ്ട്. പുലയുമുണ്ട്. അതുകൊണ്ട് തല്‍ക്കാലം ആരെയും അറിയിക്കണ്ട എന്നു തീരുമാനിച്ചു. മുറി അടച്ചിട്ടു. തേക്കുകാരന്‍ രാവുണ്ണിയെ കാവലും ഇരുത്തി. താന്‍ കുളിപ്പിച്ചു കിടത്തിയ മുത്തശ്ശിയുടെ കയ്യില്‍ എങ്ങനെ വെള്ളരിയും തുളസിപ്പൂവും വന്നു എന്ന് അമ്പരക്കുകയാണ് രാവുണ്ണി. അതിന്റെ രഹസ്യമറിയുന്നവളാവട്ടെ ഭ്രാന്തിപ്പെണ്ണാണല്ലോ. എം ടി വാസുദേവന്‍ നായരുടെ 'ചെറിയ ചെറിയ ഭൂകമ്പങ്ങള്‍' എന്ന ചെറുകഥയിലെ നമ്മുടെ സ്വന്തം ജാനകിക്കുട്ടി.

എന്തിനു കഥകളിലേയ്ക്കു പോവണം? 2010 ഡിസംബറില്‍ കേരള സ്‌കൂള്‍ അത്‌ലെറ്റിക് മീറ്റില്‍ സുജിത് കുട്ടന്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുമ്പോള്‍ അവനറിയില്ലായിരുന്നു തന്റെ അച്ഛന്‍ മുരളി കുട്ടന്‍ തലേന്ന് മരിച്ചുപോയിരുന്നു എന്ന്. സ്വര്‍ണ്ണമെഡല്‍ നേടിക്കഴിഞ്ഞതും വാര്‍ത്ത അവനെ അറിയിച്ചപ്പോള്‍ പൊട്ടിക്കരയുന്ന അവന്റെ മുഖം പത്രങ്ങളില്‍ വന്നിരുന്നു. ഏവരുടേയും കണ്ണുകളെ ഈറനണിയിച്ച ഒരു ചിത്രമായിരുന്നു അത്.

മുരളി കുട്ടന്റെ മരണം നീട്ടിവെയ്ക്കാവുന്നതായിരുന്നില്ല. എന്നാല്‍ ഇന്ന് മരണവും നമ്മുടെ സൗകര്യത്തിനനുസരിച്ച് മാറ്റിവെയ്ക്കാവുന്നതാണ്. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ ബന്ധുക്കളുടെ മുഖത്തൊന്നും ഒരു പ്രസാദമില്ലായ്മ ശ്രദ്ധിച്ചു. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. ഒടുവില്‍ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് വധൂവരന്‍മാരും അവരുടെ അച്ഛനമ്മമാരും തിടുക്കത്തില്‍ മണ്ഡപം വിട്ടു. അവര്‍ നേരെ പോയത് ആശുപത്രിയിലേയ്ക്കാണ്. ജീവന്‍ നിലനിര്‍ത്തിയിരുന്ന ഉപകരണങ്ങള്‍ അഴിച്ചെടുക്കാനുള്ള മുഹൂര്‍ത്തമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും.

അന്നത് വല്ലാത്ത അലോസരമുണ്ടാക്കി എനിക്ക്. ആ മുത്തശ്ശി എപ്പോഴോ മരിച്ചുകഴിഞ്ഞിരുന്നു എന്നും വിവാഹത്തിന്റെ സൗകര്യത്തിനുവേണ്ടി അവരെ ജീവിപ്പിച്ചു കിടത്തുകയായിരുന്നു എന്നും അറിഞ്ഞ് ദേഷ്യവും സങ്കടവുമൊക്കെ തോന്നി. പിന്നെപ്പിന്നെ അതു ധാരാളം സംഭവിച്ചു തുടങ്ങി. ഇപ്പോഴാവട്ടെ ആദ്യം തോന്നിയ പൊരുത്തക്കേടൊക്കെ പോയി. മംഗളമായ ഒരു മുഹൂര്‍ത്തം മുടക്കണമെന്ന് മരിയ്ക്കാന്‍ കിടക്കുന്ന ആള്‍ക്കും ഒരുദ്ദേശ്യവും ഉണ്ടാവില്ലല്ലോ. അഴീക്കോടിന്റെ കാര്യവും അങ്ങനെത്തന്നെ. കുറേക്കാലമായി ആഘോഷങ്ങളായ ആഘോഷങ്ങള്‍ക്കെല്ലാം ഒരവിഭാജ്യഘടകമായിരുന്നുവല്ലോ അദ്ദേഹം. സമ്മേളനവേദികള്‍ അദ്ദേഹത്തിന്റെ വരവും കാത്ത് ക്ഷമയോടെ ഇരുന്നു. എല്ലായ്‌പ്പോഴും അധികം വൈകാതെ അദ്ദേഹം സദസ്സിലേയ്ക്ക് നേര്‍ത്ത പുഞ്ചിരിയോടെ എത്തി.

സദസ്സു നിറഞ്ഞിരിയ്ക്കുന്നു. അധ്യക്ഷനും ഉദ്ഘാടകനും മറ്റു പ്രസംഗകരുമൊക്കെ വേദിയില്‍ നിരന്നിരിക്കുന്നു. സ്വാഗതം പറയാന്‍ നിയുക്തനായ ആള്‍ ഉച്ചഭാഷിണിയുടെ അടുത്തെത്തി. ഇടറിയ തൊണ്ടയോടെ അയാള്‍ പറയുന്നു: ''ഇത്തരം സമ്മേളനങ്ങളില്‍ അധ്യക്ഷനായോ ഉദ്ഘാടകനായോ വേദിയെ അലങ്കരിയ്ക്കാറുള്ള ആളാണ് സുകുമാര്‍ അഴീക്കോട്. ഇന്ന് അദ്ദേഹം നമ്മളോടൊപ്പമില്ല. സമ്മേളനം തുടങ്ങും മുമ്പ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നമ്മള്‍ എഴുന്നേറ്റുനിന്ന് ഒരു നിമിഷം മൗനം ആചരിക്കുക.'' വേദിയിലും സദസ്സിലുമുള്ളവര്‍ എഴുന്നേറ്റു നിന്നു. ഓര്‍മ്മകളില്‍ മുഴുകി ഒരു മിനിട്ടു നേരത്തെ നിശ്ശബ്ദത. പിന്നെ വേദിയിലും സദസ്സിലുമുള്ളവര്‍ എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളിലേയ്ക്കു തന്നെ മടങ്ങി. പ്രസംഗപീഠത്തിനടുത്തു തന്നെ നില്‍ക്കുകയായിരുന്ന സ്വാഗതക്കാരന്‍ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് 'തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യ'ത്തിലേയ്ക്കു കടന്നു.

*
അഷ്ടമൂര്‍ത്തി ജനയുഗം 03 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൃശ്ശൂര്‍ നഗരം ജനുവരി മാസം മുഴുവന്‍ ഉത്സവലഹരിയിലായിരുന്നു. മാതൃഭൂമി പുസ്തകോത്സവം. പിന്നെ ജനുവരി ആദ്യത്തെ ആഴ്ചയില്‍ സി പി എമ്മിന്റെ ജില്ലാ സമ്മേളനം. പിന്നെ ഡി സിയുടെയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പുസ്തകോത്സവങ്ങള്‍. ഒപ്പം തന്നെ രാജ്യാന്തര പുസ്തകോത്സവം. പിന്നെ സാക്ഷാല്‍ സ്‌കൂള്‍ യുവജനോത്സവം, ഒപ്പം തന്നെ തേക്കിന്‍കാട് മൈതാനിയില്‍ പുഷ്‌പോത്സവം. അതു തീരുന്നതിനു മുമ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഫെബ്രുവരി 1 മുതല്‍ അന്താരാഷ്ട്ര നാടകോത്സവവും തുടങ്ങി.

ഡിസംബര്‍ ആദ്യത്തില്‍ത്തന്നെ മറ്റൊരാഘോഷം ഇവിടെ അരങ്ങേറിയിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ ദീനക്കിടയ്ക്കയായിരുന്നു അരങ്ങ്. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവരുടെ കൊച്ചുവര്‍ത്തമാനങ്ങളും പടങ്ങളും ഒരു സ്ഥിരംപംക്തി പോലെ പത്രങ്ങളില്‍ നിറഞ്ഞു. പിറ്റേന്നത്തെ പത്രത്തില്‍ തന്റെ പടം വരില്ലേ എന്ന ഉത്ക്കണ്ഠയോടെയായിരുന്നു പലരുടേയും സന്ദര്‍ശനം എന്നു പോലും തോന്നിയിരുന്നു.