നിയമം നിയമത്തിന്റെ വഴിക്ക് പോകും, അല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്ഥിരം പല്ലവിയാണ്. അതില്‍ അടങ്ങിയിട്ടുള്ളത് പുച്ഛവും കാപട്യവുമാണ്. നിയമം കൃത്യമായി നടപ്പാക്കുമെന്ന് പറയാന്‍ ബാധ്യതപ്പെട്ട ആള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നു പറയുന്നതിനര്‍ഥം നിയമത്തിലൊന്നും വലിയ കാര്യമില്ലെന്ന് നിസ്സാരവല്‍ക്കരിക്കുന്നതിന് തുല്യമാണ്.
പൊലീസിനെയും വിജിലന്‍സിനെയുമെല്ലാം പൂര്‍ണമായും ദുരുപയോഗിക്കുകയും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന് ഭാവിക്കുകയും ചെയ്യുക ഉമ്മന്‍ചാണ്ടി ഒരു ശൈലിയാക്കി മാറ്റിയിരിക്കുകയാണ്. എഴുപതുകളുടെ ആദ്യംമുതല്‍ കരുണാകരനില്‍ നിന്ന് കണ്ടുപഠിച്ചതും അനുഭവിച്ചതുമായിരിക്കാം ഇത്. പണ്ട് കരുണാകരന്‍ രാഷ്ട്രീയശത്രുക്കള്‍ക്കെതിരെയെന്നപോലെ സ്വന്തം പാര്‍ടിക്കകത്തെ എതിര്‍ഗ്രൂപ്പുകാരെയും ഒതുക്കാന്‍ പൊലീസിനെ ഉപയോഗിച്ചിരുന്നുവെന്നത് അക്കാലത്ത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട ആന്റണിഗ്രൂപ്പിന്റെ പ്രധാന ആക്ഷേപമായിരുന്നുവല്ലോ.
ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസിനെ ദുരുപയോഗിക്കുന്നുവെന്ന് കെപിസിസി-ഐ പ്രസിഡന്റ് പ്രതിനിധാനംചെയ്യുന്ന ഗ്രൂപ്പുകാര്‍ പരസ്യമായി ആക്ഷേപമുന്നയിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടി അധികാരമേറ്റ ഉടനെതന്നെ ചെയ്തത് പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. പൊലീസിനകത്ത് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസുകാരെ ഇഷ്ടമുള്ളിടത്ത് പ്രതിഷ്ഠിക്കുകയും മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അസോസിയേഷന്‍ ഭാരവാഹികളോ പ്രവര്‍ത്തകസമിതി അംഗങ്ങളോ ആയവരെയും അവരുമായി സഹകരിച്ചവരെയുമാകെ രാഷ്ട്രീയമുദ്ര കുത്തി തലങ്ങുംവിലങ്ങും സ്ഥലംമാറ്റി ദ്രോഹിക്കുകയുമായിരുന്നു. പരസ്യമായി രാഷ്ട്രീയം കളിക്കുന്ന പൊലീസുകാരെ പേടിച്ച് കഴിയേണ്ട ദുരവസ്ഥയിലായി ഓഫീസര്‍മാര്‍ . പൊലീസ് സ്റ്റേഷനുകളിലും മറ്റും ഉമ്മന്‍ചാണ്ടിയുടെയും കെ സുധാകരന്‍ എംപിയുടെയുമെല്ലാം ഫ്ളക്സ്ബോര്‍ഡുകള്‍ സ്ഥാപിച്ച് കോണ്‍ഗ്രസ് ഗ്രൂപ്പിസം പൊലീസിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം എന്ന് വിവിധ ജില്ലകളില്‍ പോലീസ് അസോസിയേഷന്‍കാര്‍ ബോര്‍ഡെഴുതി വച്ചത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ , കണ്ണൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ഫ്ളക്സ്ബോര്‍ഡാണ് അവിടത്തെ പൊലീസ് അസോസിയേഷന്‍കാര്‍ വച്ചത്. ആ ബോര്‍ഡ് മാറ്റിക്കാന്‍ എസ്പിക്ക് മുഖ്യമന്ത്രിയോ അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാതലത്തില്‍ ഭരണകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന എ ഗ്രൂപ്പ് നേതാക്കളോ നിര്‍ദേശം നല്‍കിയെന്നും എസ്പി അതുപ്രകാരം ബോര്‍ഡ് മാറ്റിച്ചുവെന്നും ബോര്‍ഡ് വച്ച അസോസിയേഷന്‍കാരെ സസ്പെന്‍ഡ് ചെയ്തുവെന്നുമാണ് വാര്‍ത്ത. എന്നാല്‍ , മുഖ്യമന്ത്രിയെ അഭിവാദ്യംചെയ്യുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനകത്തടക്കം നിലനിര്‍ത്തുമ്പോള്‍ തന്റെ ബോര്‍ഡ് മാറ്റിച്ചത് പരസ്യമായി അപമാനിക്കലല്ലേ എന്നതാണ് സുധാകരന്റെ ചോദ്യം.
പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുക മാത്രമല്ല, ഗ്രൂപ്പ്വല്‍ക്കരിച്ചിരിക്കുകയാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഓരോ ജില്ലയിലും പൊലീസിനെ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് പ്രതിനിധികളെ നിയോഗിച്ചിരിക്കുകയാണ്. അതായത് നിയമം നിയമത്തിന്റെ വഴിക്കും പൊലീസ് ഭരണം വേറൊരു വഴിക്കുമാണ് പോകുന്നത്. എ ഗ്രൂപ്പിലെ തന്റെ അടുപ്പക്കാര്‍ക്ക് ഓരോ ജില്ലയിലും "ഭരണച്ചുമതല" നല്‍കിയ മുഖ്യമന്ത്രി മറ്റ് ഗ്രൂപ്പുകാരെ എല്ലാറ്റില്‍നിന്നും അകറ്റി നിര്‍ത്തുന്നുവെന്നും എതിര്‍ഗ്രൂപ്പുകാരെ ഭിന്നിപ്പിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നുവെന്നുമെല്ലാമാണ് പരസ്യമായും അല്ലാതെയും ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
അധികാരം കിട്ടുമെന്നുറപ്പായ ആദ്യനിമിഷംതന്നെ തുടങ്ങിയതാണല്ലോ ഉമ്മന്‍ ചാണ്ടിയുടെ "ഇടപെടല്‍". പാമൊലിന്‍ കേസില്‍ യഥാര്‍ഥ അന്വേഷണ റിപ്പോര്‍ട്ടും നിയമോപദേശവും അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചുവല്ലോ. ആ കള്ളറിപ്പോര്‍ട്ട് നിരസിക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയുംചെയ്ത വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും ആസൂത്രണംചെയ്യുകയും അങ്ങനെ കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിയെ പിന്തിരിപ്പിക്കുകയും ചെയ്തു. തനിക്കെതിരായ കേസ് അട്ടിമറിക്കാന്‍ ഏതറ്റംവരെയും ഉമ്മന്‍ചാണ്ടി പോകുമെന്ന് ആ സംഭവത്തില്‍നിന്ന് വ്യക്തമായി. ഐസ്ക്രീം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലാണുള്ളത്. അതിന്റെ ഉള്ളടക്കം എന്താണെന്നു വ്യക്തമല്ല. എന്നാല്‍ , അന്വേഷണം അട്ടിമറിക്കാനും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചെടുക്കാനും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങള്‍ പരക്കെ അറിവുള്ളതാണ്. മുഖ്യമന്ത്രിയുടെ ശ്രമം വിജയിച്ചോ നിയമം നിയമത്തിന്റെ വഴിക്കങ്ങ് പോയോ എന്നൊക്കെ പിന്നീടേ വ്യക്തമാവൂ. രണ്ടാം മാറാട് വര്‍ഗീയക്കുഴപ്പത്തിന്റെ ഗൂഢാലോചന അന്വേഷിക്കുന്ന ഉന്നതതല ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ ചില ലീഗ് നേതാക്കള്‍ക്കെതിരാണെന്ന് മനസിലാക്കേണ്ട താമസം, അന്വേഷണ സംഘത്തവനെ സ്ഥലംമാറ്റിയിരിക്കുന്നു. ഇങ്ങനെ പൊലീസിനെയും വിജിലന്‍സിനെയുമെല്ലാം ദുരുപയോഗിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി കരുണാകരനെ കടത്തിവെട്ടിക്കഴിഞ്ഞിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് കണ്ണൂരിലെ ഫ്ളക്സ്ബോര്‍ഡ് വിവാദത്തെയും കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തെയും കാണേണ്ടത്. "പൊലീസ് ക്യാമ്പിനകത്ത് കുളമുണ്ടാക്കാന്‍ എംപിഫണ്ടില്‍നിന്ന്" പത്തു ലക്ഷം രൂപ നല്‍കിയ സുധാകരന് അഭിവാദ്യങ്ങള്‍ എന്നെഴുതിയ ബോര്‍ഡ് മാറ്റിച്ചപ്പോള്‍ സുധാകരന്റെ അനുയായികള്‍ എസ്പിയുടെ കോലം കത്തിച്ചു. സുധാകരനും അനുയായികളും നാളെ ഉമ്മന്‍ചാണ്ടിയുടെ കോലവും കത്തിക്കുമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ പ്രതികരിക്കുകയുണ്ടായി.
ഇതിനേക്കാള്‍ ഒക്കെ പ്രധാനം പൊലിസിലെ ഒരു അച്ചടക്ക നടപടിയെപ്പറ്റി രണ്ട് കേന്ദ്രമന്ത്രിമാര്‍ നടത്തിയ പരസ്യ പ്രസ്താവനയാണ്. സുധാകരന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടും എസ്പിയെ ആക്ഷേപിച്ചുകൊണ്ടും പൊലീസിനെ ഉമ്മന്‍ചാണ്ടി നിലയ്ക്കുനിര്‍ത്തണമെന്നാണ് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടത്. എസ്പി സത്യസന്ധനാണെന്നും അദ്ദേഹത്തെ മാറ്റരുതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ . എസ്പിയെ മുല്ലപ്പള്ളിക്ക് നന്നായി ബോധിച്ചെങ്കില്‍ ഡല്‍ഹിയിലേക്ക് ഒപ്പം കൂട്ടിക്കോ എന്ന് സണ്ണി ജോസഫ് എംഎല്‍എ. വാരാന്ത്യത്തില്‍ നാട്ടില്‍ വന്ന് വാര്‍ത്തയ്ക്കു വേണ്ടി എന്തെങ്കിലും തട്ടിമൂളിക്കുന്ന നിരുത്തരവാദിത്തമാണ് മുല്ലപ്പള്ളിയുടേതെന്ന് കെപിസിസിയുടെ ഒരു സെക്രട്ടറി.
പൊലീസിന്റെ ആഭ്യന്തരകാര്യത്തില്‍ കേന്ദ്രമന്ത്രിമാര്‍വരെ ഇടപെടുന്നു! ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് തര്‍ക്കത്തിലേക്കും വിഴുപ്പലക്കലിലേക്കും മാത്രമല്ല; പൊലീസിനെയും ഭരണത്തെയും പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിച്ചതിലേക്കും ഗ്രൂപ്പുവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിലേക്കുമാണ്.
1991-1996ലെ കരുണാകരന്‍ , ആന്റണി സര്‍ക്കാരുകളുടെയും 2001-2006ലെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെയും ജുഗുപ്സാവഹമായ അവസ്ഥയിലേക്ക് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും യുഡിഎഫും കോണ്‍ഗ്രസ് ഐയും ഇതിനകംതന്നെ എത്തിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് പുറത്തുവരുന്നത്.
ജനാധിപത്യ പാര്‍ടി എന്ന് വിശേഷിപ്പിക്കപ്പെട്ടുപോന്ന കോണ്‍ഗ്രസിന് ജനാധിപത്യവുമില്ല, ഭരണഘടനയുമില്ല എന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. പ്രസിഡന്റിനെ നിശ്ചയിച്ചുതരണമെന്ന് സോണിയ ഗാന്ധിയോട് കെപിസിസി ആവശ്യപ്പെടുകയും അങ്ങനെ ചെന്നിത്തലയെ സോണിയ നാമനിര്‍ദേശം ചെയ്യുകയുമായിരുന്നു. എന്നാല്‍ , എക്സിക്യൂട്ടീവ് പുനഃസംഘടിപ്പിക്കാനോ ഭാരവാഹികളെ നിശ്ചയിക്കാനോ കഴിഞ്ഞില്ലെന്നുമാത്രമല്ല, അതിനുള്ള ചര്‍ച്ചനടത്താന്‍ പോലുമായില്ല. ഡിസിസികളുടെ പുനഃസംഘടനാ പ്രശ്നം തെരുവുയുദ്ധങ്ങളായി മാറുന്നു. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കുശേഷം ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്‍/ അംഗ സ്ഥാനങ്ങള്‍ മുന്നണിക്കകത്ത് പങ്കുവച്ചെങ്കിലും കോണ്‍ഗ്രസിനു വേണ്ടി പിടിച്ചുവാങ്ങിയ സ്ഥാനങ്ങളിലേക്ക് ഒരാളെപ്പോലും നിയമിക്കാന്‍ കെപിസിസി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ അടുത്തകാലത്തൊന്നും അത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല.
ഭരണം തുടങ്ങി എട്ട് മാസത്തിനകംതന്നെ കോണ്‍ഗ്രസ് വലിയ ആഭ്യന്തരക്കുഴപ്പത്തിലേക്ക് പതിച്ചുകഴിഞ്ഞിരിക്കുന്നു. വക്കം കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന വിഴുപ്പലക്കലുകളും ഏറ്റവുമൊടുവില്‍ പോലീസ് അസോസിയേഷന്‍ കെ സുധാകരന് സിന്ദാബാദ് വിളിക്കുന്ന ബോര്‍ഡ് വച്ചതുമായി ബന്ധപ്പെട്ട പ്രശ്നവും കോണ്‍ഗ്രസ് എത്തിപ്പെട്ട രൂക്ഷമായ കുഴപ്പത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍മാത്രമാണ്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം തെരുവുയുദ്ധത്തിലേക്കാണ് പുരോഗമിക്കുന്നത്. മുസ്ലിംലീഗിലാകട്ടെ ജനറല്‍ സെക്രട്ടറിമാരിലൊരാളായ ഇ ടി മുഹമ്മദ് ബഷീര്‍ പരസ്യമായി കലാപക്കൊടിയുയര്‍ത്തിയിരിക്കുന്നു. ലീഗിന് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ ആവശ്യമില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന കഴിഞ്ഞ കുറെക്കാലമായി ആ പാര്‍ടി നേരിടുന്ന ആന്തരിക വൈരുധ്യത്തിന്റെ സൂചനയാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തിലും ലീഗിന്റെ ഔദ്യോഗിക നേതൃത്വവും ഇ ടി മുഹമ്മദ് ബഷീറും രണ്ടുതട്ടിലാണ്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗിന് അഞ്ച് മന്ത്രി സ്ഥാനമുണ്ടെന്നും അതില്‍ അഞ്ചാമന്‍ മഞ്ഞളാംകുഴി അലിയാണെന്നും പ്രഖ്യാപിച്ചിട്ട് കാലമേറെയായി. ഇന്നും അഞ്ചാം മന്ത്രിസ്ഥാനം യാഥാര്‍ഥ്യമാകാത്തത് ലീഗിനകത്തും ലീഗും കോണ്‍ഗ്രസും തമ്മിലും നീരസത്തിനിടയാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ പരസ്യമായ തര്‍ക്കത്തിലാണ്. ജലവിഭവമന്ത്രി പി ജെ ജോസഫിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് തുടരുകയാണ്. അതിന്റെ പരസ്യപ്രകടനമാണ് കുട്ടനാട് പാക്കേജ് സംബന്ധിച്ച് ആലോചനായോഗത്തില്‍ ഉണ്ടായത്.
"അഴിമതിരഹിത സുതാര്യഭരണം", "നിയമം നിയമത്തിന്റെ വഴിക്ക്" തുടങ്ങിയ വായ്ത്താരികളുമായി അധികാരത്തിലേറിയ യുഡിഎഫ് അഴിമതിക്കുവേണ്ടി കടിപിടികൂടുന്ന, ജീര്‍ണതയുടെ കൂടാരമായി അധഃപതിക്കുകയാണെന്ന് എട്ട് മാസംകൊണ്ടുതന്നെ വ്യക്തമായി. വക്കം കമ്മിറ്റി റിപ്പോര്‍ട്ട്, ബോര്‍ഡ്-കോര്‍പറേഷന്‍ നിയമനം, സംഘടനാഭാരവാഹികളെ നിശ്ചയിക്കല്‍ , അഞ്ചാം മന്ത്രിസ്ഥാനം എന്നിവയില്‍ ഏതുതൊട്ടാലും, ഒരാളുടെ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാര്‍ നിലംപതിക്കുമെന്ന സ്ഥിതി വന്നിരിക്കുന്നു- പിറവം ഉപതെരഞ്ഞെടുപ്പ് പരമാവധി നീട്ടിക്കാനുള്ള ഗൂഢാലോചനയും സമ്മര്‍ദവും ഈ പശ്ചാത്തലത്തിലാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ യുഡിഎഫിന് ഭയമായിരിക്കുന്നു.
*
വി എസ് അച്യുതാനന്ദന്‍
Subscribe to:
Post Comments (Atom)
1 comment:
നിയമം നിയമത്തിന്റെ വഴിക്ക് പോകും, അല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്ഥിരം പല്ലവിയാണ്. അതില്‍ അടങ്ങിയിട്ടുള്ളത് പുച്ഛവും കാപട്യവുമാണ്. നിയമം കൃത്യമായി നടപ്പാക്കുമെന്ന് പറയാന്‍ ബാധ്യതപ്പെട്ട ആള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നു പറയുന്നതിനര്‍ഥം നിയമത്തിലൊന്നും വലിയ കാര്യമില്ലെന്ന് നിസ്സാരവല്‍ക്കരിക്കുന്നതിന് തുല്യമാണ്.
Post a Comment