സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ അവകാശ പോരാട്ടത്തില്‍ പിടഞ്ഞുണര്‍ന്ന ഗ്രാമക്കഥകളില്‍ കാവുമ്പായി വേറിട്ടുനില്‍ക്കുന്നു. ജന്മിമാരുടെയും മാടമ്പിമാരുടെയും പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ വഴിയില്‍ മുന്നേറിയ ജനതയുടെ കഥയാണത്.
കാവുമ്പായി ഉള്‍പ്പെടുന്ന ഇരിക്കൂര്‍ ഫര്‍ക്കയിലെ ഭൂമി മുഴുവന്‍ കല്ല്യാട്ടെശ്മാന്റെയും കരക്കാട്ടിടം നായനാരുടേതുമായിരുന്നു. പുനംകൃഷി ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് കാവുമ്പായിയിലെ കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ജന്മിമാര്‍ ചെവിക്കൊണ്ടില്ല. പുനം കൊത്തി കൃഷിചെയ്യാനുള്ള ശ്രമങ്ങള്‍ ഗുണ്ടകളും പൊലീസും പരാജയപ്പെടുത്തി. ഈ ഘട്ടത്തിലാണ് കര്‍ഷകസംഘത്തിന്റെ സന്ദേശം കാവുമ്പായിലും എത്തിയത്. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നിവേദനങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജന്മിമാര്‍ കര്‍ഷകദ്രോഹം വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ പുനം കയ്യേറി കൃഷിയിറക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.
200ഓളം കൃഷിക്കാര്‍ 1946 ഡിസംബര്‍ 15ന് വള്ളിയംമാടുകുന്നിലേക്ക് മാര്‍ച്ച് ചെയ്ത് അവിടെ ചെങ്കൊടി നാട്ടിയശേഷം പുനം കൊത്തി കൃഷിയോഗ്യമാക്കി. സംഭവമറിഞ്ഞെത്തിയ പൊലീസ് ഏറ്റുമുട്ടലിന് നില്‍ക്കാതെ പിന്മാറി. എന്നാല്‍ പിറ്റേദിവസം മുതല്‍ ഇരിക്കൂര്‍ ഫര്‍ക്കയിലാകെ പൊലീസും ഗുണ്ടകളും തേര്‍വാഴ്ച ആരംഭിച്ചു. എന്തിനും സന്നദ്ധമായ 700ഓളം കര്‍ഷകര്‍ ഡിസംബര്‍ 29ന് കാവുമ്പായികുന്നില്‍ ഒത്തുചേര്‍ന്നു. കല്ലും കവണയും അമ്പും വില്ലും വാരിക്കുന്തങ്ങളുമടക്കം പരമ്പരാഗത ആയുധങ്ങളേന്തിയാണ് അവര്‍ ഒത്തുകൂടിയത്. വിവരമറിഞ്ഞ എം.എസ്.പി.ക്കാര്‍ പുലര്‍ച്ചെയോടെ കുന്നുവളഞ്ഞ് വെടിവെച്ചുതുടങ്ങി. 5 പേര്‍ രക്തസാക്ഷികളായി. പി. കുമാരന്‍, മഞ്ഞേരി ഗോവിന്ദന്‍ നമ്പ്യാര്‍, ആലോറമ്പന്‍കണ്ടി കൃഷ്ണന്‍, തെങ്ങില്‍ അപ്പനമ്പ്യാര്‍ എന്നിവര്‍ വെടിയേറ്റും പുളുക്കൂല്‍ കുമാരന്‍ പൊലീസ് തോക്കുകൊണ്ടിടിച്ചും കൊലചെയ്യപ്പെട്ടു. ചിലരെ പിടിച്ച് നിരത്തിനിര്‍ത്തി വെടിവെക്കുകയായിരുന്നു. 186 പേരായിരുന്നു കാവുമ്പായി കേസില്‍ പ്രതികള്‍. 49 പേരെ വെറുതെ വിട്ടു. ബാക്കിയുള്ളവരെ ഓരോ വര്‍ഷം തടവും നല്ലനടപ്പും ശിക്ഷവിധിച്ചു. ഇതിന്റെ കൂടെതന്നെ കൃഷിക്കാരുമായി ഏറ്റുമുട്ടലില്‍ കരക്കാട്ടിടം നായനാരുടെ ആനക്കാരന്‍ മരിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമുണ്ടായി. ഇതില്‍ ഏഴുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
കാവുമ്പായി ചരിത്രത്തില്‍ കുറിച്ചിട്ടത്
കേരളത്തിന്റെ സാമൂഹികാടിത്തറ ഉറപ്പിക്കുന്നതിനായി ജന്മിത്വത്തിനെതിരായി ചെമ്പതാകക്കു കീഴില്‍ നിന്നുകൊണ്ട് വെടിയുണ്ടകള്‍ നെഞ്ചേറ്റിയ അഞ്ചു പേരുടെ വീരസ്മരണകളാണ് കാവുമ്പായി സമരത്തിന് പറയാനുള്ളത്. സ്വന്തം ഹൃദയങ്ങളില്‍ നിന്ന് ചോരച്ചാലുകള്‍ പടര്‍ന്നൊഴുകിയപ്പോഴും തളരാതെ ഇന്‍ക്വിലാബ് വിളിച്ചവരുടെ വീരസ്മരണകള്‍ ഉയര്‍ത്തുന്ന പടനിലങ്ങളില്‍ ഒന്നാണ് കാവുമ്പായി. ജന്മിത്വവും അധികാരത്തിന്റെ സായുധ ശക്തിയും ചേര്‍ന്ന് നടത്തിയ കര്‍ഷക പീഢനങ്ങള്‍ കൊടികുത്തി വാഴുകയായിരുന്നു. ചെറിയ എതിര്‍പ്പിനെപ്പോലും തൂക്കിലേറ്റി ഇല്ലാതാക്കാന്‍ സ്വന്തമായി കഴുമരം ഉണ്ടാക്കിയവരായിരുന്നു ജന്മിമാര്‍. അങ്ങിനെയൊരു അവസ്ഥയിലേക്കാണ് കര്‍ഷക സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവകാശബോധത്തിന്റെ സന്ദേശവുമായെത്തിയത്. ഇതിന്റെ തുടര്‍ച്ചയായി കാവുമ്പായിയിലും പരിസരങ്ങളിലും കര്‍ഷക സംഘടനകള്‍ രൂപംകൊണ്ടു. കര്‍ഷക സംഘത്തിന്റെ രൂപീകരണത്തോടെ കര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിക്കുകയും ജന്മിമാരുടെ ക്രൂരതകള്‍ക്കെതിരെ ശബ്ദിക്കാനാരംഭിക്കുകയും ചെയ്തു. അക്രമപ്പിരിവുകള്‍ക്കെതിരായി പ്രതിഷേധം ശക്തമായി. പാട്ടക്കാശ് നല്‍കാതെ കൃഷിയിറക്കാനുള്ള അവകാശം വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. 1942 - 46 കാലത്തെ യുദ്ധത്തിന്റെ അനന്തരഫലമായി ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ തരിശിട്ടിരിക്കുന്ന നിലങ്ങള്‍ കയ്യേറി കൃഷിയിറക്കണമെന്ന് തീരുമാനിച്ചു. പട്ടിണിയും ഭക്ഷ്യക്ഷാമവും നേരിടാന്‍ ഗ്രാമങഅങള്‍ തോറും പ്രൈമറി സഹകരണ സംഘങ്ങള്‍ (പി സി സി കള്‍) സ്ഥാപിച്ചു. അവയെ തകര്‍ക്കാന്‍ ജന്മിമാര്‍ ഗുണ്ടകളുടെ സഹായത്തോടെ ശ്രമങ്ങള്‍ നടത്തി. 1946 ല്‍ ബ്ലാത്തൂരിലെ കര്‍ഷക നേതാവും ഇരിക്കൂര്‍ പി സി സി ഡയരക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന പി നാരായണന്‍ നമ്പ്യാരെ വധിച്ച് കിണറ്റിലെറിഞ്ഞു. ഇത് കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷത്തിനും വന്‍ പ്രതിഷേധത്തിനും ഇടയാക്കി. ഇതേ തുടര്‍ന്ന് ജന്മിയുടെ ആവശ്യപ്രകാരം കാവുമ്പായിയും പരിസരങ്ങളും പൊലീസ് ക്യാമ്പായി മാറി.
പാട്ടം നല്‍കാതെ കൃഷിയിറക്കുന്നതിനുള്ള അവകാശത്തിനായി സര്‍ക്കാരില്‍ നിവേദനം നല്‍കാന്‍ കെ എ കേരളീയന്‍, എ കുഞ്ഞിക്കണ്ണന്‍തുടങ്ങിയവര്‍ മദിരാശിയില്‍ ചെന്ന് മന്ത്രി ടി പ്രകാശത്തെ കണ്ട് നിവേദനം നല്‍കിയത് ഇതേവേളയിലായിരുന്നു. അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒ പി അനന്തന്‍ മാസ്റ്റര്‍, തളിയന്‍ രാമന്‍ നമ്പ്യാര്‍, എം സി ആര്‍ എന്നിവര്‍ ജന്മിയെ കണ്ട് പുനം കൊത്തി കൃഷിയിറക്കാനുള്ള അനുവാദം ചോദിച്ചു. എന്നാല്‍ ധിക്കാരപൂര്‍വ്വമായിരുന്നു ജന്മി പെരുമാറിയത്. ഇത് കൂസാതെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ 1946 ഡിസമ്പര്‍ 22 ന് പുനം കൊത്തി (വിശാലമായ കാടുകള്‍ കൃഷിയിറക്കുന്നതിനായി വെട്ടിത്തെളിക്കുന്നതിനെയാണ് പുനം കൊത്തല്‍ എന്ന് പറയുന്നത്. അവിടെ കൃഷിയിറക്കുന്നത് പുനം കൃഷിയും). എം എസ് പി ക്കാര്‍ കര്‍ഷകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. മര്‍ദ്ദനം അസഹ്യമായപ്പോള്‍ അക്രമിക്കാന്‍ വരുന്നവരെ തിരിച്ചും അക്രമിക്കണമെന്ന് കര്‍ഷക സംഘം തീരുമാനിച്ചു.
1946 ഡിസമ്പര്‍ 29 ന് രാത്രി കരക്കാട്ടിടം നായനാരുടെ പത്തായപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് ഏകദേശം നൂറുമീറ്റര്‍ മാത്രം അകലെയുള്ള കാവുമ്പായി കുന്നില്‍ ഒത്തുചേരാനായിരുന്നു പരിപാടി. എം എസ് പി ക്കാരോ ഗുണ്ടകളോ അക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കണമെന്നും തീരുമാനിച്ചിരുന്നു. ഏരുവേശ്ശിയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ ഡിസമ്പര്‍ 29 ന് രാത്രി കാവുമ്പായി കുന്നിലെത്തി. പയ്യാവൂര്‍, ബ്ലാത്തൂര്‍, കല്ല്യാട്, കുയിലൂര്‍, നെടുങ്ങോം, എള്ളെരിഞ്ഞി, ഊരത്തൂര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളില്‍ നിന്നും വളണ്ടിയര്‍മാര്‍ എത്തി. എല്ലാ പ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. കോടമഞ്ഞ് പെയ്യുന്ന രാത്രി.
ഏറെ വൈകിയിട്ടും എം എസ് പി ക്കാര്‍ ആ വഴിക്കു വന്നില്ല. ഒന്നും സംഭവിക്കില്ലെന്ന് കരുതി വളണ്ടിയര്‍മാര്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു. കര്‍ഷകരുടെ പദ്ധതി മനസ്സിലാക്കിയ എം എസ് പി ക്കാര്‍ പുലര്‍ച്ചെ 5 മണിയോടെ കാവുമ്പായി കുന്ന് വളഞ്ഞു. ഞെട്ടിയുണര്‍ന്ന പ്രവര്‍ത്തകര്‍ നിദ്രയിലാണ്ട ഗ്രാമത്തെ ഉണര്‍ത്തുന്നതിന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു. കയ്യിലുണ്ടായിരുന്ന ആയുധങ്ങളുമായി പ്രവര്‍ത്തകര്‍ സജ്ജരായി. പോലീസുകാര്‍ പ്രവര്‍ത്തകര്‍ക്ക് അരികിലേക്ക് വന്നുകൊണ്ടിരുന്നു. അതിനിടയല്‍ പ്രവര്‍ത്തകരിലൊരാള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നാടന്‍തോക്ക്‌കൊണ്ട് വെടിവെച്ചു. പോലീസ് ഉദ്യോഗസ്ഥനായ രാമകൃഷ്ണന് പരിക്കേറ്റു. ഭയന്ന പൊലീസുകാര്‍ പിന്‍വാങ്ങിയെങ്കിലും അല്‍പം കഴിഞ്ഞ് കൂടുതല്‍ സജ്ജീകരണങ്ങളോടെ തിരിച്ചെത്തി.
പിന്നീട് യുദ്ധസമാനമായിരുന്നു രംഗങ്ങള്‍. മെഷിന്‍ ഗണ്ണുകള്‍ തുരുതുരാ ശബ്ദിച്ചു. വെടി ശബ്ദവും പുകയും മാത്രം ഉയര്‍ന്നു. പൊലീസ് വെടിവെയ്പില്‍ 5 പേര്‍ രക്തസാക്ഷികളായി. പി. കുമാരന്‍, മഞ്ഞേരി ഗോവിന്ദന്‍ നമ്പ്യാര്‍, ആലോറമ്പന്‍കണ്ടി കൃഷ്ണന്‍, തെങ്ങില്‍ അപ്പനമ്പ്യാര്‍ എന്നിവര്‍ വെടിയേറ്റും പുളുക്കൂല്‍ കുമാരന്‍ പോലീസ് തോക്കുകൊണ്ടിടിച്ചും മരണപ്പെട്ടു. കണ്ണില്‍ കണ്ടവരെയൊക്കെ പിടികൂടി. പിടികൂടിയവരെയും രക്തസാക്ഷികളായവരുടെ മൃതദേഹങ്ങളുമായി പൊലീസ് ജന്മിയുടെ പത്തായപ്പുരയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പിലേക്ക് പോയി. 180 പേരെ പ്രതി ചേര്‍ത്ത് കേസെടുത്തു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കാവുമ്പായിയും പരിസരങ്ങളിലും വിവരിക്കാനാവാത്ത പോലീസ് തേര്‍ വാഴ്ചയ്ക്കിരയായി. പലരേയും കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തു. ജയിലില്‍ അടക്കപ്പെട്ട തളിയന്‍ രാമന്‍ നമ്പ്യാരും ഒ പി അനന്തന്‍ മാസ്റ്റരും 1950 ഫെബ്രുവരി 11 ന് നടന്ന സേലം ജയില്‍ വെടിവെയ്പില്‍ രക്തസാക്ഷികളായി. ആനക്കാരന്‍ കൊലക്കേസ് എന്ന മറ്റൊരു കള്ളക്കേസ് സൃഷ്ടിച്ച് അതിലെ പ്രതികളായവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ജന്മിത്വത്തിനും ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ശക്തമായ മുന്നേറ്റവും രക്തസാക്ഷിത്വവും നടന്ന പ്രദേശമാണ് കാവുമ്പായിക്കുന്ന്. ചരിത്രത്തില്‍ ഇന്നത് സമരക്കുന്ന് എന്നാണറിയപ്പെടുന്നത്.
*
ഇ ഡി മഗേഷ് കുമാര്‍ ജനയുഗം 01 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:
സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ അവകാശ പോരാട്ടത്തില്‍ പിടഞ്ഞുണര്‍ന്ന ഗ്രാമക്കഥകളില്‍ കാവുമ്പായി വേറിട്ടുനില്‍ക്കുന്നു. ജന്മിമാരുടെയും മാടമ്പിമാരുടെയും പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ വഴിയില്‍ മുന്നേറിയ ജനതയുടെ കഥയാണത്.
Post a Comment