Wednesday, February 1, 2012

ഭരണത്തിനുപകരം ചേരിപ്പോര്

യുഡിഎഫ് പൊതുവിലും അതിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് വിശേഷിച്ചും പഴയ ഭരണകാലത്തെ ചേരിപ്പോരിന്റെയും തെരുവുകലാപത്തിന്റെയും സംസ്കാരം പുനരാവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ മന്ത്രി പി ജെ ജോസഫും എംപി കൊടിക്കുന്നില്‍ സുരേഷും തമ്മില്‍ പരസ്യമായി നടന്ന വാഗ്വാദം, തുടര്‍ന്ന് തെരുവില്‍ ഇരുപാര്‍ടികളുടെയും അണികള്‍ തമ്മിലുള്ള കയ്യാങ്കളി, ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എംപി കെ സുധാകരനും തമ്മില്‍ നടക്കുന്ന പോര്, അതില്‍ ചേരിതിരിഞ്ഞ് അണിനിരക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടുന്ന വ്യഗ്രത തുടങ്ങിയവയൊക്കെ യുഡിഎഫ് എപ്പോള്‍ അധികാരത്തില്‍ വന്നാലും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അധികാരം മുന്‍നിര്‍ത്തിയുള്ള ചക്കളത്തിപ്പോരിലേക്ക് ഭരണത്തെ അധഃപതിപ്പിക്കുമെന്നതിനുള്ള സ്ഥിരീകരണമാകുന്നുണ്ട്.

കണ്ണൂര്‍ പോസ്റ്റര്‍ വിവാദം ഒരു പോസ്റ്റര്‍ പതിക്കുകയോ നീക്കം ചെയ്യുകയോ എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. അതിന്റെ വേരുകള്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ത്തന്നെ രൂക്ഷമാകുന്ന അധികാരവടംവലിയിലേക്കും ഉപജാപങ്ങളിലേക്കും നീങ്ങിയിരിക്കുന്നു. ഇത് കേവലം ഉമ്മന്‍ചാണ്ടിക്കും സുധാകരനുമിടയില്‍ മാത്രമായി ഒതുങ്ങുന്നതല്ല; കെപിസിസി പ്രസിഡന്റും കേന്ദ്രമന്ത്രിമാരുംവരെ ഉള്‍പ്പെട്ട അന്തര്‍നാടകങ്ങളിലേക്ക് വ്യാപിച്ചുനില്‍ക്കുന്നതാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാന്‍ രമേശ് ചെന്നിത്തല വിസമ്മതിച്ചതുമുതലുള്ള സംഭവവികാസങ്ങളുടെ ബഹിര്‍സ്ഫുരണംകൂടിയാണിത്. ഇക്കാരണങ്ങളാല്‍ കേരളത്തിന്റെ ഭരണ-രാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന പുതുചേരിതിരിവുകളുടെയും അധികാരവടംവലിയുടെയും തിരനോട്ടമായിത്തന്നെ പോസ്റ്റര്‍ വിവാദത്തെ കാണേണ്ടിയിരിക്കുന്നു.

കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് എംപിതന്നെ പത്രസമ്മേളനം നടത്തി ആക്ഷേപമുന്നയിക്കുന്നു. സുധാകരന്‍ എംപിയുടെ ചിത്രം ഉമ്മന്‍ചാണ്ടിയുടെ അനുയായികളും ഉമ്മന്‍ചാണ്ടിയുടെ ചിത്രം സുധാകരന്റെ അനുയായികളും വലിച്ചുകീറുന്നു. കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ ചേരിതിരിഞ്ഞ് അണിനിരക്കുന്നു. കണ്ണൂര്‍ എസ്പി സത്യസന്ധനാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു. പൊതുപ്രവര്‍ത്തകരോട് പൊലീസ് ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് പെരുമാറണമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മുന്നറിയിപ്പുനല്‍കുന്നു. ഇങ്ങനെ യുഡിഎഫിലും കോണ്‍ഗ്രസിലും നേതാക്കള്‍ ചേരിതിരിയുകയായി.

റിപ്പബ്ലിക്ദിന പരേഡ് ഗ്രൗണ്ടിനടുത്ത് കെ സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ച പ്രശ്നത്തില്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികളടക്കം ആറ് പൊലീസുകാര്‍ക്കെതിരെ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണ്‍ നടപടിയെടുത്തതാണ് പ്രശ്നത്തിന്റെ തുടക്കം എന്നാണ് തോന്നുക. തനിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന സചിത്ര ഫ്ളക്സ്ബോര്‍ഡ് കണ്ട് ആസ്വദിക്കണമെന്നാഗ്രഹിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെക്കുറിച്ച് എന്താണ് പറയുക! അദ്ദേഹത്തിന്റെ ആ സന്തോഷത്തിന് ഗ്ലാനിയുണ്ടായപ്പോള്‍ , അതായത് എസ്പിയുടെ നിര്‍ദേശാനുസരണം ബോര്‍ഡ് നീക്കം ചെയ്യപ്പെട്ടപ്പോള്‍ , എംപിയുടെ ആള്‍ക്കാര്‍ പ്രതിഷേധപ്രകടനവും എസ്പിയുടെ കോലംകത്തിക്കലുമായി പ്രതികരിച്ചു. ആ എസ്പിയെ അവിടെനിന്ന് പറപ്പിച്ചാല്‍ കൊള്ളാമെന്നുണ്ട് സ്വന്തം മുഖം സ്വയം കണ്ട് ആസ്വദിക്കാന്‍ വ്യഗ്രതപൂണ്ടിരിക്കുന്ന എംപിക്ക്. എസ്പിക്കെതിരെ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ലെന്നുമാത്രമല്ല, എസ്പിയെ അനുകൂലിച്ച് അദ്ദേഹം പരാമര്‍ശം നടത്തുകയും ചെയ്തു. ഇതാകട്ടെ, പണ്ടുമുതല്‍ക്കേ ഉമ്മന്‍ചാണ്ടിക്കും സുധാകരനുമിടയിലെ പരസ്പര ശത്രുതയിലും അവിശ്വാസത്തിലും വേരുകളുള്ള വികാരങ്ങളുടെ ബഹിര്‍സ്ഫുരണമായാണ് ഉരുണ്ടുകൂടിയത്. മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ നീക്കിയതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമായാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കണ്ടത്. എസ്പി നല്ലയാളാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി മുല്ലപ്പള്ളിയോട്, എങ്കില്‍ ആ എസ്പിയെ ഡല്‍ഹിക്ക് കൊണ്ടുപോയിക്കൊള്ളാനാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഇതെല്ലാം ഒരു പോസ്റ്റര്‍ പതിക്കലിന്റെ തുടര്‍സംഭവങ്ങളല്ല, എന്നും രൂക്ഷമാകുന്ന ചേരിപ്പോരിന്റെ തുടര്‍ച്ചകളാണെന്നും കാണാന്‍ കേരളീയര്‍ക്ക് അസാമാന്യബുദ്ധിപാടവമൊന്നും ആവശ്യമില്ല.

കഴിഞ്ഞ ഓരോ യുഡിഎഫ് ഭരണഘട്ടത്തിലും സ്ഥിതി ഇതുതന്നെയായിരുന്നു. പ്രതിഛായാ ചര്‍ച്ചമുതല്‍ തെരുവുകളില്‍ നടന്ന കൂട്ടത്തല്ലുവരെ കേരളീയരുടെ ഓര്‍മയിലുണ്ട്. ആ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് വീണ്ടും നീങ്ങുന്നുവെന്നതിലാകട്ടെ, അസാധാരണത്വമൊന്നും ആരും കാണുന്നുമില്ല. കോണ്‍ഗ്രസിലെ സ്ഥിതി മാത്രമല്ലിത്. യുഡിഎഫ് അപ്പാടെ കെട്ടുറപ്പില്ലാത്ത ആള്‍ക്കൂട്ടമായിരിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മന്ത്രിസഭയില്‍ത്തന്നെ അംഗങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തുന്ന നിലയായി. കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസ് നേതാക്കളെയും ആക്ഷേപിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം വഷളാക്കിയപോലെ പി ജെ ജോസഫ് കുട്ടനാട് പ്രശ്നവും വഷളാക്കുകയാണെന്ന് പരസ്യമായി കൊടിക്കുന്നില്‍ സുരേഷ് എംപി ആക്ഷേപിക്കുന്നു. ഇതിനുമുമ്പ് മുസ്ലിംലീഗ്, തങ്ങളുടെ മന്ത്രിമാരുടെ എണ്ണം, വകുപ്പുകള്‍ എന്നിവ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനുപോലും കാത്തുനില്‍ക്കാതെ സ്വയം പ്രഖ്യാപിക്കുന്നതും കേരളം കണ്ടു. അച്ഛനായ ആര്‍ ബാലകൃഷ്ണപിള്ള മകനായ ഗണേശ്കുമാറിനെതിരെ പാര്‍ടിയില്‍ നടപടിയെടുക്കുന്നതും ഇങ്ങനെയൊരു മന്ത്രിയെക്കൊണ്ട് കാര്യമില്ലെന്ന് പ്രഖ്യാപിക്കുന്നതും കണ്ടു.

യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഒക്കെ ആഭ്യന്തരകാര്യങ്ങള്‍ എന്നു പറഞ്ഞ് വേണമെങ്കില്‍ ഇതിനെയൊക്കെ അവഗണിക്കാം. എന്നാല്‍ , അങ്ങനെ അവഗണിക്കാവുന്നതല്ല ഇവിടുത്തെ സ്ഥിതി. ചേരിപ്പോര് തെരുവുകലാപമാവുകയും ഭരണം ചക്കളത്തിപ്പോരുമൂലം മരവിക്കുകയും ചെയ്യുമ്പോള്‍ ഇത് പാര്‍ടികളുടെയോ മുന്നണികളുടെയോ പ്രശ്നമല്ല, കേരളത്തിന്റെ പ്രശ്നമാണ് എന്നു വരുന്നു. ഭരിക്കാന്‍ ഇവര്‍ക്ക് സമയമില്ല. സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകാന്‍ ചില ആഴ്ചകള്‍മാത്രം അവശേഷിക്കേ വാര്‍ഷികപദ്ധതിയുടെ 60 ശതമാനവും നടപ്പാക്കാന്‍ കഴിയാത്ത ഭരണാധികാരികളാണ് ഇവര്‍ . മുല്ലപ്പെരിയാര്‍പോലെ ഗൗരവമേറിയ പ്രശ്നത്തില്‍ കേന്ദ്രത്തെക്കൊണ്ട് ഒരു നിലപാടെടുപ്പിക്കാന്‍ കഴിയാത്ത നിഷ്ക്രിയത്വമാണ് ഇവരുടേത്. യുപിയും ബിഹാറും പശ്ചിമബംഗാളുമൊക്ക കേന്ദ്രത്തില്‍നിന്ന് പ്രത്യേക പാക്കേജുകള്‍ വാങ്ങിയെടുക്കുമ്പോള്‍ അര്‍ഹതപ്പെട്ട വിഹിതത്തില്‍നിന്നുപോലും ഒരു പൈസ വാങ്ങിയെടുക്കാന്‍ കഴിയാത്ത നിസ്സഹായതയാണ് ഇവരുടേത്. കര്‍ഷകര്‍ നിത്യേനയെന്നോണം ആത്മഹത്യചെയ്യുന്ന സ്ഥിതിയുണ്ടായിട്ടും ആ രംഗത്ത് എന്തുചെയ്യണമെന്ന് ആലോചിക്കാന്‍പോലും സമയമില്ല.

കേരളത്തിന്റെയും കേരളീയരുടെയും നിരവധി നീറുന്ന പ്രശ്നങ്ങളിരിക്കെ, അതിനൊന്നുമല്ല, പോസ്റ്റര്‍ പതിക്കുന്നതിനും നീക്കുന്നതിനുമാണ് പ്രാധാന്യം എന്ന് കല്‍പ്പിക്കുന്നതും അത് ഭരണത്തിന്റെ മുഖ്യ അജന്‍ഡാ വിഷയം എന്ന നിലയ്ക്ക് കൊണ്ടുനടക്കുന്നതും അനുചിതമാണ്. തെരഞ്ഞെടുത്ത ജനങ്ങളോടുള്ള അവജ്ഞയാണ് ഇതില്‍ തെളിയുന്നത്. അത് ഈ ഭരണാധികാരിവൃന്ദത്തെ ഓര്‍മിപ്പിക്കേണ്ട സമയമായിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 01 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് പൊതുവിലും അതിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് വിശേഷിച്ചും പഴയ ഭരണകാലത്തെ ചേരിപ്പോരിന്റെയും തെരുവുകലാപത്തിന്റെയും സംസ്കാരം പുനരാവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ മന്ത്രി പി ജെ ജോസഫും എംപി കൊടിക്കുന്നില്‍ സുരേഷും തമ്മില്‍ പരസ്യമായി നടന്ന വാഗ്വാദം, തുടര്‍ന്ന് തെരുവില്‍ ഇരുപാര്‍ടികളുടെയും അണികള്‍ തമ്മിലുള്ള കയ്യാങ്കളി, ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എംപി കെ സുധാകരനും തമ്മില്‍ നടക്കുന്ന പോര്, അതില്‍ ചേരിതിരിഞ്ഞ് അണിനിരക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടുന്ന വ്യഗ്രത തുടങ്ങിയവയൊക്കെ യുഡിഎഫ് എപ്പോള്‍ അധികാരത്തില്‍ വന്നാലും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അധികാരം മുന്‍നിര്‍ത്തിയുള്ള ചക്കളത്തിപ്പോരിലേക്ക് ഭരണത്തെ അധഃപതിപ്പിക്കുമെന്നതിനുള്ള സ്ഥിരീകരണമാകുന്നുണ്ട്.