അത്യന്താധുനിക സംവേദന ഉപാധികളും പ്രകാശവേഗത്തിലേക്ക് കുതിക്കുകയാണോ എന്നുപോലും തോന്നത്തക്കവിധമുള്ള ഗതാഗതസൗകര്യങ്ങളും ഉപഗ്രഹ സംപ്രേക്ഷണ വൈദഗ്ധ്യവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന 21-ാം നൂറ്റാണ്ടില്‍ ഇവിടെ വിവരിക്കുന്ന കാര്യങ്ങള്‍ വൈദേശികമോ ദേശീയമോ എന്ന് തിട്ടപ്പെടുത്തുക പ്രയാസം. അത്ഭുതകരമായ ഈ മാറ്റങ്ങള്‍ക്ക് തിരിക്കുറ്റിയായി വര്‍ത്തിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അഥവാ വിവരസാങ്കേതികവിദ്യയാണ്. വിവരസാങ്കേതികവിദ്യയുടെ വിസ്മയകരമായ സംഭാവനകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ്. ലോകത്തിലുള്ള എല്ലാ കംപ്യൂട്ടറുകളെയും ബന്ധിപ്പിക്കുന്ന ഒരു സംവിധാനത്തിലൂടെ വിവരങ്ങളും വിശേഷങ്ങളും അറിവുകളും ഏതെങ്കിലും ഒരു കംപ്യൂട്ടറിലൂടെ നമുക്ക് ലഭ്യമാക്കുന്ന ഒരു ഏര്‍പ്പാടാണിത്. അങ്ങനെ "നെറ്റ്" അഥവാ വലക്കെട്ടില്‍ സകലമാന കംപ്യൂട്ടറുകളും ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.
ഇന്റര്‍നെറ്റ് സംവിധാനത്തെ ഇന്‍ഫര്‍മേഷന്‍ ഹൈവേ അഥവാ വിവരങ്ങളുടെ വിനിമയം സാധ്യമാക്കുന്ന രാജപാത എന്നാണ് വിളിക്കുന്നുന്നത്. അതൊരു അനുഗ്രഹമാണെന്നതില്‍ തര്‍ക്കമില്ല അഥവാ ഇതുവരെ തര്‍ക്കമില്ലായിരുന്നു. സംവേദനത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും ചുമതലകള്‍ വഹിക്കുന്ന കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളും പ്രകടിപ്പിക്കുന്ന ആശങ്കകളും ഇന്റര്‍നെറ്റിനെ തര്ക്കവിഷമാക്കിയിരിക്കുന്നു. ഭാരതത്തിന്റെ സാംസ്കാരികപാരമ്പര്യത്തിനും താല്‍പ്പര്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും ഇന്റര്‍നെറ്റിലെ പല പരിപാടികളും ആപല്ക്കരമായിത്തീര്ന്നിരിക്കുന്നുവെന്നാണ് മന്ത്രി സിബലിന്റെ ആക്ഷേപം. ബിജെപി നേതാവ് എല്‍ കെ അദ്വാനിയും സിബലിന്റെ ആശങ്കകളില്‍ പങ്കുചേരുന്നു. മറ്റു നേതാക്കള്‍ നിലപാടുകള്‍ ആവിഷ്കരിച്ച് വരുന്നതേയുള്ളൂ. അതിവേഗം ഇതൊരു ദേശീയ വിവാദപ്രശ്നമാകാന് പോകുകയാണെന്ന് വ്യക്തം. മുതലാളിത്തവും സാങ്കേതികവിദ്യയും ശാസ്ത്രസാങ്കേതികവിദ്യയും അവയുടെ അനന്തമായ നേട്ടങ്ങളും സകലമാന മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ , മുതലാളിത്തത്തില്‍ അവയുടെ നേട്ടങ്ങള്‍ മുതലാളിവര്‍ഗത്തിനും കോട്ടങ്ങള്‍ ജനസാമാന്യത്തിനും ആണെന്നത് ഇന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഈ പൊതുനിയമത്തിന് അപവാദമല്ല. മുതലാളിത്തത്തിന്‍കീഴില്‍ ആര്‍ക്കും പണം സമ്പാദിച്ച് മുതലാളിയാകാന്‍ അവകാശമുണ്ടെന്നു പറയുന്നതുപോലെ ഇന്റര്‍നെറ്റില്‍ ഒരു "ബ്ലോഗ്" വഴി ആര്‍ക്കും എന്ത് വിവരവും അതില്‍ സന്നിവേശിപ്പിക്കാം. അങ്ങനെചെയ്യുന്ന സ്വതന്ത്ര ബുദ്ധികളും സ്ഥാപനങ്ങളും ഉണ്ടുതാനും. പക്ഷേ, ഈ സൗകര്യം ഉപയോഗിക്കുന്നത് ഗൂഗിള്‍ , യാഹൂ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നിങ്ങനെ നാല് ബഹുരാഷ്ട്ര കമ്പനിയാണ്. ഏത് വിവരവും ഇന്റര്‍നെറ്റില്‍ ഇവരുടെ പേരടിച്ച് ആവശ്യപ്പെട്ടാല്‍ നമുക്ക് കിട്ടും. വിവരവും ഒപ്പം വിവരക്കേടും. സത്യത്തോടൊപ്പം അസത്യങ്ങളും.
കോടതിയലക്ഷ്യം, ഔദ്യോഗിക രഹസ്യങ്ങള്‍ , പാര്‍ലമെന്ററി അവകാശങ്ങള്‍ എന്നതൊന്നും അവരുടെ പരിഗണനാവിഷയമല്ല. യൂറോപ്പില്‍ അനേകം നൂറ്റാണ്ടുകളായി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന "ആന്റി സെമിറ്റിസം" (അചഞ്ചലമായ ജൂതവിരുദ്ധത) മറ്റ് വംശീയ വൈരങ്ങള്‍ , അവിതര്‍ക്കിതങ്ങളായ ധാര്‍മിക രീതികള്‍ , ഇതൊന്നും ഗൂഗിളിനും യാഹുവിനും പ്രശ്നമല്ല. ഭാരതത്തിലെ പരമ്പരാഗതമായ പാപ-പുണ്യ സങ്കല്‍പ്പങ്ങളെ അവര്‍ക്ക് പുച്ഛമാണ്. ശൈശവ പോര്‍ണോഗ്രഫി, കുഞ്ഞുങ്ങളെ വഴിതെറ്റിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമവ്യവസ്ഥകള്‍ ഇന്റര്‍നെറ്റ് ഭീമന്മാര് തൃണവല്ഗണിച്ചാല് അത് തടയാന്‍ നിയമമില്ല എന്നാണ് കപില്‍ സിബല്‍ പരാതിപ്പെടുന്നത്. പക്ഷേ,അങ്ങനെയൊരു നിയമമുണ്ടാക്കിയാല്‍ വിശ്വവിശാല വലക്കെട്ട് നേതാക്കളെ അനുസരിക്കുമെന്ന് എന്താണ് ഉറപ്പ്? അനുസരിപ്പിക്കാന്‍ ആര്‍ക്കാണ് അധികാരം? മൗലികാവകാശം സര്‍ക്കാരുകളുടെ നിയന്ത്രണമോ ലാഭേച്ഛയോ കൂടാതെ ഒരു ലോകവിവര ക്രമീകരണ സംവിധാനത്തെക്കുറിച്ച് പലരും ആലോചിക്കുന്നുണ്ട്. അങ്ങനെ ഒന്നുണ്ടായാല്‍ സ്വാഭാവികമായി അത് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലായിരിക്കണം. എന്നാല്‍ , ഐക്യരാഷ്ട്ര സംഘടനയെ അതിന്റെ തലതൊട്ടപ്പന്മാരായ അമേരിക്കന്‍ ഐക്യനാടും മറ്റും അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്യുന്ന കാലമാണിത്. ഐക്യരാഷ്ട്ര സംഘടനയിലെ 193 അംഗങ്ങളില്‍ ഏതെങ്കിലും ചിലതിന്റെയോ ഒന്നിന്റെ തന്നെയോ സ്വേച്ഛാധിപതികള്‍ക്ക് ഈ ഇന്‍ഫര്‍മേഷന്‍ റെഗുലേറ്ററി സിസ്റ്റത്തെ ധിക്കരിക്കാന്‍ കഴിയും. അവര്‍ക്കും ഇന്റര്‍നെറ്റില്‍ വല്ലതുമൊക്കെ കുത്തിനിറയ്ക്കുകയും ചെയ്യാം. ഇവന്മാരെ തടയാന്‍ കപില്‍ സിബലോ മന്‍മോഹന്‍സിങ് സര്‍ക്കാരോ ശ്രമിച്ചാല്‍ അത് ഭരണഘടനയുടെ 19-ാം വകുപ്പിനെ ധിക്കരിക്കലാകും. ആ വകുപ്പാണല്ലോ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായി വ്യവസ്ഥചെയ്യുന്നത്. ഇവയെ ഒക്കെ മറികടക്കാന്‍ ഏതെങ്കിലും വിദ്യ കണ്ടുപിടിച്ചാല്‍ത്തന്നെ നഷ്ടമാകുന്നത് പൗരാവകാശങ്ങളാണ്. രോഗത്തേക്കാള്‍ ആപല്‍ക്കരം.
വിവരസാങ്കേതികവിദ്യമൂലം വല്ലാത്തൊരു വിഷമവൃത്തത്തിലാണ് ലോകം അകപ്പെട്ടരിക്കുന്നത്. മനുഷ്യജീവിതത്തെ സുഗമവും സുഖപ്രദവും സമ്പന്നവുമാക്കാന്‍ സഹായിക്കുമെന്ന് കരുതിയിരുന്ന ഇന്‍ഫര്‍മേഷന്‍ ഹൈവേ ഇപ്പോള്‍ മിസ്ഇന്‍ഫര്‍മേഷന്‍ ഹൈവേ ആയിത്തീര്‍ന്നിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥയ്ക്കു പകരം മറ്റൊരു ലോകവ്യവസ്ഥ ആഗോളതലത്തില്‍ രൂപംകൊള്ളാതെ ഈ വിഷമവൃത്തത്തില്‍നിന്ന് മനുഷ്യരാശിക്ക് മോചനം നേടാനാകില്ല. കപില്‍ സിബലിന്റെ സര്‍ക്കാര്‍ അതിന് നേരെ വിപരീതദിശയിലാണ് ചരിക്കുന്നത്. പക്ഷേ, ലോകമെങ്ങും ഈ പുതുയുഗത്തിന്റെ കേളികൊട്ട് മുഴങ്ങിത്തുടങ്ങിയിട്ടുണ്ടെന്നത് കപില്‍ സിബലിനെയും മന്മോഹന് സിങ്ങിനെയും സോണിയ ഗാന്ധിയെയും ഉണര്‍ത്താനാകുമെന്ന് കരുതാന്‍ കഴിയുന്നില്ല.
*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 13 ഡിസംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
അത്യന്താധുനിക സംവേദന ഉപാധികളും പ്രകാശവേഗത്തിലേക്ക് കുതിക്കുകയാണോ എന്നുപോലും തോന്നത്തക്കവിധമുള്ള ഗതാഗതസൗകര്യങ്ങളും ഉപഗ്രഹ സംപ്രേക്ഷണ വൈദഗ്ധ്യവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന 21-ാം നൂറ്റാണ്ടില്‍ ഇവിടെ വിവരിക്കുന്ന കാര്യങ്ങള്‍ വൈദേശികമോ ദേശീയമോ എന്ന് തിട്ടപ്പെടുത്തുക പ്രയാസം. അത്ഭുതകരമായ ഈ മാറ്റങ്ങള്‍ക്ക് തിരിക്കുറ്റിയായി വര്‍ത്തിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അഥവാ വിവരസാങ്കേതികവിദ്യയാണ്. വിവരസാങ്കേതികവിദ്യയുടെ വിസ്മയകരമായ സംഭാവനകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ്. ലോകത്തിലുള്ള എല്ലാ കംപ്യൂട്ടറുകളെയും ബന്ധിപ്പിക്കുന്ന ഒരു സംവിധാനത്തിലൂടെ വിവരങ്ങളും വിശേഷങ്ങളും അറിവുകളും ഏതെങ്കിലും ഒരു കംപ്യൂട്ടറിലൂടെ നമുക്ക് ലഭ്യമാക്കുന്ന ഒരു ഏര്‍പ്പാടാണിത്. അങ്ങനെ "നെറ്റ്" അഥവാ വലക്കെട്ടില്‍ സകലമാന കംപ്യൂട്ടറുകളും ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.
Post a Comment