Friday, February 3, 2012

മോഡി: തിരിച്ചടികളും നാടകങ്ങളും

ദൈവത്തേക്കാള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുക സാത്താനാണ്. കാരണം മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കലാണല്ലോ മൂപ്പരുടെ സ്ഥിരം പണി. സാത്താനേക്കാള്‍ ഭീകരനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കാര്യമാണെങ്കില്‍ പറയുക തന്നെ വേണ്ട. ഈ വാരം രണ്ടുതവണ ഈ ഫാസിസ്റ്റാചാര്യന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ ബുധനാഴ്ച വന്ന സുപ്രിംകോടതി വിധിയാണ്. 2002-06 കാലത്തെ മോഡിയുടെ വാഴ്ചയ്ക്കുകീഴില്‍ ഗുജറാത്തില്‍ നടന്ന എല്ലാ വ്യാജ ഏറ്റുമുട്ടല്‍ കേസുകളും അന്വേഷിക്കുവാനാണ് പരമോന്നത നീതിപീഠം ഉത്തരവിട്ടിരിക്കുന്നത്.

ജവേദ് അക്തറും ബി ജി വര്‍ഗീസും നല്‍കിയ രണ്ടു പരാതികള്‍ക്കു പുറത്താണ് സുപ്രിംകോടതിയുടെ രണ്ടംഗബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച് മുന്‍ സുപ്രിംകോടതി ജഡ്ജിയായ എം ബി ഷായുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് അതോറിട്ടിക്കാണ് അന്വേഷണച്ചുമതല. കേസ് പരിഗണയ്‌ക്കെടുത്തപ്പോള്‍ ഗുജറാത്ത് ഗവണ്‍മെന്റിന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഏറ്റുമുട്ടല്‍ കേസുകള്‍ പരിഗണനയ്ക്കു വരുമ്പോള്‍ ഗുജറാത്ത് ഗവണ്‍മെന്റ് ശക്തമായി എതിര്‍ക്കുകയും എന്നാല്‍ അന്വേഷണം നടന്ന് സത്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നുതന്നെ നിലപാടുമാറ്റി നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കേസാണെന്ന് സമ്മതിക്കുകയും ചെയ്യുന്നതെന്ന് കോടതി തിരിച്ചുചോദിച്ചപ്പോള്‍ അഭിഭാഷകനായ രഞ്ജിത്കുമാറിന് മറുപടിയുണ്ടായില്ല.

ഗുജറാത്തില്‍ മോഡിയുടെ ഭരണം തുടങ്ങുന്നതിനു മുമ്പും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. 1991 മുതല്‍ 2001 വരെയുള്ള പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ ഇങ്ങനെ 15 ഏറ്റുമുട്ടലുകളാണ് നടന്നിട്ടുള്ളത്. പക്ഷെ, മോഡിയുടെ കാലമായ 2002 തൊട്ട് 2007 വരെയുള്ള അഞ്ചുവര്‍ഷത്തിനിടയ്ക്ക് ഈ നടന്ന ഏറ്റുമുട്ടലുകളുടെ എണ്ണം 19 ആണ്. ഇതില്‍ 2006 വരെ നടന്ന 18 എണ്ണമാണ് ഇപ്പോള്‍ അന്വേഷണ വിധേയമാകാന്‍ പോകുന്നത്. ഇതില്‍ ഇസ്രത്ത് ജഹാന്‍, സൊഹ്‌റാബുദീന്‍, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഇപ്പോള്‍ത്തന്നെ സുപ്രിംകോടതിയുടേയും ഗുജറാത്ത് ഹൈക്കോടതിയുടേയും ഉത്തരവനുസരിച്ച് പ്രത്യേക ഏജന്‍സികള്‍ അന്വേഷിക്കുന്നതിനാല്‍ അവ പുതിയ മോണിറ്ററിംഗ് അതോറിട്ടി അന്വേഷിക്കേണ്ടതില്ല.

കോടതി ഇപ്പോള്‍ അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ട എല്ലാ ഏറ്റുമുട്ടല്‍ കേസുകളും നടന്നത് ഡി ഡി വന്‍സാര ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവനായി വന്ന ശേഷമാണ്. സ്റ്റേറ്റ് സര്‍വീസിലെ ഓഫീസറായിരുന്ന ഇയാള്‍ അറിയപ്പെടുന്നത് മോഡിയുടെ സ്വന്തം ആള്‍ എന്നാണ്. മോഡി മുഖ്യമന്ത്രിയായ ശേഷമാണ് പല പ്രധാന സ്ഥാനങ്ങളും അടിക്കടിയുള്ള സ്ഥാനക്കയറ്റങ്ങളും ഇയാളെ തേടിവരാന്‍ തുടങ്ങിയത്.

വന്‍സാരയുടെ ആദ്യ ഇര ഒരു സമീര്‍ഖാന്‍ പത്താനായിരുന്നു. 2002 ഒക്ടോബര്‍ 22ന് ഇയാളെ വന്‍സാരയും കൂട്ടരും അതിസാഹസികമായി വധിച്ചത് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം പൊലീസ് ഇയാളെ വെടിവച്ചു കൊന്നു എന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ ഭാഷ്യം. ഏതായാലും താമസിയാതെ ഇയാള്‍ക്കുമേല്‍ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സെഷന്‍സ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ഒരേപോലെ വിധിയെഴുതി.
അടുത്ത ഇര സാദിഖ് ജമാല്‍ മേത്തര്‍ എന്നൊരു മെക്കാനിക്കായിരുന്നു. 2003 ജനുവരി 13നാണ് ഇയാളെ വധിച്ചത്. നരേന്ദ്രമോഡിയേയും അദ്വാനിയേയും വധിക്കുവാന്‍ നിയുക്തനായ പാക്ചാരനായിരുന്നു ഇയാളെന്നാണ് വന്‍സാരയും കൂട്ടരും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആറുമാസം കഴിഞ്ഞപ്പോള്‍ കഥ മാറി. മുംബൈ പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധനായ ദയാ നായിക്കിന്റെ സഹായിയും പത്രപ്രവര്‍ത്തകനുമായ കേതന്‍ തിരോദ്കര്‍ സാദിഖ് ജമാല്‍വധം ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസായിരുന്നുവെന്ന് മഹാരാഷ്ട്രയിലെ സ്‌പെഷ്യല്‍ എം സി ഒ സി എ കോടതിയില്‍ വെളിപ്പെടുത്തി. ഗുജറാത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ നിര്‍ദേശമനുസരിച്ചാണ് ദയാ നായിക് സാദിഖിനെ ഗുജറാത്ത് പൊലീസിന് കൈമാറിയത് എന്നും അയാള്‍ വെളിപ്പെടുത്തി. ഒപ്പം താനാണ് സാദിഖിനെ ഒരു ഭീകരവാദിയായി ചിത്രീകരിച്ചതെന്നും അയാള്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി.

ഇങ്ങനെ പോകുന്നു മറ്റു ഏറ്റുമുട്ടല്‍ കേസുകള്‍ക്കും പിന്നാലെ ഗുജറാത്ത് പൊലീസ് പടച്ചുവിട്ട കഥകള്‍. ഇതില്‍ സൊഹ്‌റാബുദീന്‍, ഇസ്രത്ത് ജഹാന്‍, തുളസീറാം പ്രജാപതി ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ചുള്ള പുതിയ അന്വേഷണം മറ്റു കേസുകളുടേയും പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പോകുകയാണ്. ഈ യാഥാര്‍ഥ്യങ്ങളും വ്യത്യസ്തമാകാനിടയില്ല. കാരണം ഗുജറാത്ത് പൊലീസ് ഈ ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് നല്‍കിയിരിക്കുന്ന സമാനമായ വ്യാഖ്യാനങ്ങള്‍ തന്നെ. കൊല്ലപ്പെട്ട എല്ലാവരുടേയും ലക്ഷ്യം നരേന്ദ്രമോഡി, അല്ലെങ്കില്‍ ഉന്നതരായ ബി ജെ പി, സംഘപരിവാര്‍ നേതാക്കളാണെന്നതായിരുന്നു പൊലീസ്ഭാഷ്യം. മാത്രമല്ല, എല്ലാ ഏറ്റുമുട്ടലുകളും നടന്നത് പുലര്‍ച്ചെയാണ്. അതായത് നാടും നഗരവും ഉറങ്ങിക്കിടക്കുന്ന സമയത്ത്. അപ്പോള്‍ സംഭവം വ്യാജമാണോ യഥാര്‍ഥമാണോ എന്ന് ആരും അറിയില്ലല്ലോ. പിറ്റേന്നു രാവിലെ വന്‍സാര പത്രസമ്മേളനം നടത്തി നല്‍കുന്ന കെട്ടുകഥകള്‍ വസ്തുതകളാകാന്‍ പിന്നെ ബുദ്ധിമുട്ടുമില്ലല്ലോ. അങ്ങനെ ഒന്നിനു പുറകെ ഒന്നായി ഏറ്റുമുട്ടല്‍ നാടകങ്ങള്‍ കളിച്ച് ഗുജറാത്ത് പൊലീസ് പേരെടുക്കുകയും മോഡി ആഗോള ഭീകരരില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട കുഞ്ഞാടിന്റെ പരിവേഷമണിഞ്ഞു നില്‍ക്കുകയും ചെയ്യുമ്പോഴാണ് സൊഹ്‌റാബുദീന്‍ ഏറ്റുമുട്ടല്‍ കേസ് സി ബി ഐ അന്വേഷിക്കുകയും വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തുകയും ചെയ്തത്. തുടര്‍ന്ന് ജയിലില്‍ പോയ വന്‍സാര ഇതുവരെ പുറംലോകം കണ്ടിട്ടില്ല.

ഫാസിസ്റ്റുകളും കോര്‍പ്പറേറ്റുകളും തെരുവുഗുണ്ടകളും അടങ്ങിയ ഒരു മാഫിയയിലെ ശക്തമായ കണ്ണികളായിരുന്നു മോഡിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന പഴയ സംസ്ഥാന ആഭ്യന്തരസഹമന്ത്രി അമിത്ഷായും വന്‍സാരയും കൊല്ലപ്പെട്ട സൊഹ്‌റാബുദീനും പ്രജാപതിയുമെല്ലാം മോഡിയുടെ രാഷ്ട്രീയ ശത്രുവായിരുന്ന ഹരേണ്‍ പാണ്ഡ്യവധത്തില്‍ സൊഹ്‌റാബുദീനും പ്രജാപതിക്കും പങ്കുണ്ടായിരുന്നതായും തെളിവു നശിപ്പിക്കാനാണ് ഇവരെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലൂടെ തുടച്ചുനീക്കിയതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ ഓരോ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ക്കും പിന്നാലെ പോയാല്‍ വാദികള്‍ തന്നെ പ്രതികളാകുന്ന ഒട്ടനവധി അവിശുദ്ധ ബന്ധങ്ങള്‍ പുറത്തുവരാനിടയുണ്ട്. കാരണം ഇങ്ങനെ കൊല്ലപ്പെട്ട പലരും വാടകഗുണ്ടകളും ക്രിമിനലുകളുമായിരുന്നു. ഗോദ്രയില്‍ തീവണ്ടിക്ക് തീവച്ച് കര്‍സേവകരെ കൊന്ന ആള്‍ക്കൂട്ടത്തിന് നേതൃത്വം നല്‍കിയ ബിലാല്‍ ഹാജി എന്ന ബിലാല്‍ സുലേജയും മറ്റും ഇത്തരം ക്രിമിനലുകളാണ്. ബാനര്‍ജി കമ്മിഷന്‍ കണ്ടെത്തിയതുപോലെ ട്രെയിനിനുള്ളില്‍ നിന്നല്ല അന്ന് തീപടര്‍ന്നതെങ്കില്‍ തീവച്ചത് ആള്‍ക്കൂട്ടമാണ്. ഈ ആള്‍ക്കൂട്ടത്തെ നയിച്ച ക്രിമിനലുകളുടെ യഥാര്‍ഥ ലക്ഷ്യമെന്തായിരുന്നു? ആരാണ് അവരെ ഉപയോഗപ്പെടുത്തിയത്? പുതിയ വെളിപ്പെടുത്തലുകള്‍ ഈ ചോദ്യങ്ങള്‍ക്ക് ശക്തിപകരുന്നവയാണ്.

ഇതിനിടയ്ക്കാണ് നരേന്ദ്രമോഡി കഴിഞ്ഞവാരം ഗോദ്രയില്‍ സദ്ഭാവന യജ്ഞം നടത്തിയത്. സമാധാനവും സാമുദായിക ഐക്യവും ഊട്ടിയുറപ്പിക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ടായിരം നിരപരാധികളെ കൊന്നുതള്ളിയ വംശഹത്യക്ക് കാര്‍മ്മികത്വം വഹിച്ച നേരത്ത് ഇങ്ങനെയൊരു സദ്ഭാവനയജ്ഞം ഗോദ്രയില്‍ നടത്തിയാല്‍ പോരായിരുന്നോ? എന്നാല്‍ അതല്ല മോഡി ചെയ്തതെന്നും മറിച്ച് വംശഹത്യക്ക് ഇറങ്ങി പുറപ്പെട്ട ഹിന്ദുത്വവാദികള്‍ക്ക് സഹായകരമായ നിലപാടാണ് എടുത്തതെന്നും കഴിഞ്ഞ ബുധനാഴ്ച തന്നെ ഗുജറാത്തിലെ ഉന്നത ഐ പി എസ് ഓഫീസറായ സഞ്ജീവ് ഭട്ട് വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ വംശഹത്യ നടത്തിയവര്‍ മുന്‍ പാര്‍ലമെന്റംഗമായ ഇഷാന്‍ ജഫ്രിയെ പൊലീസ് നോക്കിനില്‍ക്കുമ്പോള്‍ വധിക്കുവാന്‍ പോകുകയാണെന്ന് താന്‍ വിവരമറിയിച്ചപ്പോള്‍ ജഫ്രി മുമ്പ് കലാപകാരികള്‍ക്ക് നേരെ വെടിവച്ച് ഒരു സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുവാനാണ് മോഡി തന്നോടാവശ്യപ്പെട്ടതെന്ന് ഭട്ട് വെളിപ്പെടുത്തുകയുണ്ടായി. അതായത് ജഫ്രിയുടെ കൊലപാതകത്തെ ന്യായീകരിക്കുവാനുതകുന്ന കാരണങ്ങള്‍. മാത്രവുമല്ല സംഭവസമയം തനിക്കു പുറമെ മറ്റാരോ സംഭവങ്ങള്‍ കൃത്യമായി മോഡിയെ ധരിപ്പിക്കുന്നുണ്ടായിരുന്നു എന്നും ഭട്ട് പറയുകയുണ്ടായി. (ദി ഹിന്ദു, 12-ാം പേജ്, 26/01/12). ഇതെല്ലാം സൂചിപ്പിക്കുന്നത് വംശഹത്യക്ക് മോഡി നേരിട്ട് കാര്‍മ്മികത്വം വഹിച്ചു എന്നാണ്. എന്നിട്ടാണിപ്പോള്‍ സാമുദായിക ഐക്യത്തിന്റെ പേരില്‍ പൊറാട്ടുനാടകം കളിക്കുന്നത്.

ഇത്രയും ക്രൂരനും നിന്ദ്യനുമായ ഒരു മനുഷ്യനുമായി അടുക്കുവാന്‍ മനഃസാക്ഷിയുള്ള ആരും മടിക്കും. പക്ഷേ, മഹാത്മാഗാന്ധിയുടെ പൈതൃകം അവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ നേതാവായ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മോഡിക്ക് കൈകൊടുത്തുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ലവലേശം മനഃസാക്ഷിക്കുത്ത് തോന്നിയില്ല. കഴിഞ്ഞ പ്രവാസി സമ്മേളനത്തിലാണ് സംഭവം. കേരളത്തിലെ ഒരു മുഖ്യപത്രം ഇങ്ങനെ മോഡിയും ചാണ്ടിയും ഹസ്തദാനം ചെയ്യുന്നത് ഒന്നാം പേജില്‍ കൊടുത്തപ്പോള്‍, മറ്റൊരു പ്രമുഖപത്രം സമ്മേളനത്തില്‍ മോഡിയാണ് താരം എന്നെഴുതിയാണ് ആത്മനിര്‍വൃതിയടഞ്ഞത്.

എന്താണ് ഇത്തരം ഒരു ചിത്രമെടുക്കുവാന്‍ നിന്നു കൊടുക്കുക വഴി ചാണ്ടി ഉദ്ദേശിച്ചത്. ആല ചാരിയാല്‍ ചാണകം മണക്കും എന്നു പറയുന്നതുപോലെ മോഡിയുടെ വികസനനായകനെന്ന വ്യാജ മേല്‍വിലാസം തനിക്കും പതിച്ചുകിട്ടുമെന്നാണോ? കടുത്ത കമ്മ്യൂണിസ്റ്റ് വിരോധം കാണിക്കുമെങ്കിലും കേരളത്തിലെ മുഖ്യധാരാപത്രങ്ങള്‍ ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങള്‍ പരമാവധി മുറുകെപ്പിടിക്കുന്നവരാണ്. എന്നിട്ടും ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റവും വലിയ ഭീഷണിയായ മോഡിയെ ആഘോഷിക്കുവാന്‍ അവരെ പ്രേരിപ്പിച്ച വസ്തുതയെന്താണ്? വികസന സങ്കല്‍പ്പമാണെങ്കില്‍ അവര്‍ ആഘോഷിക്കേണ്ടത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെയായിരുന്നു. കാരണം കണ്‍കെട്ടുവിദ്യകളില്ലാതെ യഥാര്‍ഥവികസനം കൊണ്ടുവരുന്നതില്‍ ഇന്ന് ഇന്ത്യക്ക് മാതൃക നിതീഷാണ്. സഖ്യകക്ഷിയായ ബി ജെ പിയെ വര്‍ഗീയ രാഷ്ട്രീയം കളിക്കാനനുവദിക്കാതെ മൂക്കുകയറിട്ട അദ്ദേഹം ബിഹാറിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ പ്രിയങ്കരനുമാണ്. എന്തുകൊണ്ട് നിതീഷിന് നമ്മുടെ മുഖ്യമന്ത്രി ഹസ്തദാനം നടത്തിയില്ല, അല്ലെങ്കില്‍ ആ ചിത്രം നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ ആഘോഷിച്ചില്ല? കാരണം മറ്റൊന്നുമല്ല, പത്രങ്ങള്‍ കൂടിയുള്‍പ്പെട്ട കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കു വേണ്ടി സ്വന്തം ജനതയെയും പൊതുഖജനാവിനെയും തീറെഴുതുന്ന മോഡിയെപ്പോലെ കപട വികസനവാദിയല്ല നിതീഷ്. ഇനി മോഡിയുടെ കൂടെ നിന്നിട്ട് തന്റെ പ്രതിഛായ കൂടുമെന്ന് ഉമ്മന്‍ചാണ്ടി കരുതിയെങ്കില്‍ സംഗതി തിരിച്ചാണ് സംഭവിച്ചത്. കോണ്‍ഗ്രസ്സുകാരനും കേരള മുഖ്യമന്ത്രിയും എന്ന ഉമ്മന്‍ചാണ്ടിയുടെ പേരും പദവിയും കോടതികളില്‍ നിന്നും നിരന്തരം തിരിച്ചടിയേല്‍ക്കുന്ന ഈ കഷ്ടകാലത്ത് മോഡിക്കാണ് ഗുണം ചെയ്തത്.

*
മുഹമ്മദ് ഫക്രുദീന്‍ അലി ജനയുഗം 01 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദൈവത്തേക്കാള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുക സാത്താനാണ്. കാരണം മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കലാണല്ലോ മൂപ്പരുടെ സ്ഥിരം പണി. സാത്താനേക്കാള്‍ ഭീകരനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കാര്യമാണെങ്കില്‍ പറയുക തന്നെ വേണ്ട. ഈ വാരം രണ്ടുതവണ ഈ ഫാസിസ്റ്റാചാര്യന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ ബുധനാഴ്ച വന്ന സുപ്രിംകോടതി വിധിയാണ്. 2002-06 കാലത്തെ മോഡിയുടെ വാഴ്ചയ്ക്കുകീഴില്‍ ഗുജറാത്തില്‍ നടന്ന എല്ലാ വ്യാജ ഏറ്റുമുട്ടല്‍ കേസുകളും അന്വേഷിക്കുവാനാണ് പരമോന്നത നീതിപീഠം ഉത്തരവിട്ടിരിക്കുന്നത്.