Monday, March 4, 2013

സെലിബ്രിറ്റി ക്രിക്കറ്റ്

സീന്‍ ഒന്ന്

മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയം. പുല്ലിനു മീതെ ഓടിനടക്കുന്ന ക്യാമറ. സെക്യൂരിറ്റിക്കാര്‍ തടഞ്ഞുനിര്‍ത്തി, ക്യാമറ ക്യാമറമാനെ ഏല്‍പിച്ചു. പശ്ചാത്തലത്തില്‍ ശബ്ദം. "ഈ പുല്‍ത്തകിടി എത്ര ഭാഗ്യം ചെയ്തതാണ്. ഇവിടെയാണ് താരങ്ങള്‍ ഇറങ്ങുന്നത്. താരനഖങ്ങളുടെ പരിലാളനങ്ങളേല്‍ക്കാന്‍ കൊതിച്ചുകിടക്കുകയാണ് ഈ പുല്‍ക്കുട്." ഗാനം. "പുല്ലിന്റെ മോഹം പൂവണിഞ്ഞു-ഭൂ മൊട്ടിന്റെ മോഹം കുളിരണിഞ്ഞു. കാണാക്കുയിലേ ഡോര്‍ തുറക്കൂ-നിന്റെ കാമുകനെത്തുന്ന നേരമായി."

സീന്‍ രണ്ട്

ആകാശത്ത് വെള്ളിടി. ക്ലോസപ്പ്. മേഘം പിളര്‍ന്നു മാറുന്നു. ഇപ്പോള്‍ ദേവന്മാരെ മുഴുവന്‍ കാണാം. ഒരു പൂക്കൊട്ടയ്ക്ക് ചുറ്റും നില്‍ക്കുകയാണ് ദേവന്മാര്‍. അവര്‍ കൊട്ടയില്‍ നിന്ന് ഓരോ താരങ്ങളെ താഴേക്ക് ഇടുന്നു. താരങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വീണു- മുതല വെള്ളത്തില്‍ ചാടുന്ന പോലെ.

സീന്‍ മൂന്ന്

ഗ്രാമത്തിലെ ചായക്കട. പ്രഭാതം. ആവി പറക്കുന്ന പുട്ട്. ഒരാള്‍ ഉറക്കെ പത്രം വായിക്കുന്നു. "താരങ്ങള്‍ നിലത്തിറങ്ങി. ആര്‍ക്കും പരിക്കില്ല. കാണികള്‍ കളകളാരവം മുഴക്കെ പൗര്‍ണമിയിലെ പൂര്‍ണചന്ദ്രനെപ്പോലെ ചിരിയഴക് വിടര്‍ത്തിയാണ് താരനക്ഷത്രങ്ങള്‍ പുല്‍പ്പരപ്പില്‍ഇറങ്ങിയത്. ആവേശത്തിരമാലപ്പുറത്ത് തോണിതുഴഞ്ഞെത്തിയ താരങ്ങളുടെ കൊഞ്ചിക്കുഴയലില്‍ കാണികള്‍ നോട്ടൗട്ടാവാതെ പിടിച്ചുനിന്നു. ഒരാള്‍: അപ്പോ കലക്കും. മറ്റൊരാള്‍: കലക്കാനാ സാദ്ധ്യത. വേറൊരാള്‍: നമ്മുടെ ഒരു ഭാഗ്യേയ്.. മറ്റൊരാള്‍: അതെന്താ? വേറൊരാള്‍: ഇക്കാലത്ത് തന്നെ ജീവിക്കാന്‍ കഴിഞ്ഞല്ലോ. ചായയടിക്കുന്നയാള്‍: അവരുടെ തുണീടെ നെറമെന്താ?. സാതാരണ അത് പറയണതാണല്ലോ. അതറിയാഞ്ഞിട്ട് ഒരു സുഖൂല്ല.

വായന തുടരുന്നു. "മറൂണ്‍ ഷര്‍ട്ടും, ബ്ലാക് ജീന്‍സുമിട്ടാണ് താരരാജാവെത്തിയത്." ഒരാള്‍(ആവേശഭരിതനായി):"മറൂണ്‍ ഷര്‍ട്ട് സിന്താബാദ് ബ്ലാക് ജീന്‍സ് സിന്താബാദ്." വായന തുടരുന്നു. "വേറൊരു താരന്‍ കറുത്ത കുര്‍ത്തയിലായിരുന്നു." ശ്രോതാവിലൊരാള്‍: അതെന്താ പുള്ളി കറുത്തതിട്ടത്?. മറ്റൊരാള്‍: അതിനെന്താ?. ഒരാള്‍: ഒരു ചടങ്ങൊക്കെ നടക്കേല്ലെ!. വേറൊരാള്‍: പുള്ളി പ്രതിഷേധിച്ചതാ.. ഒരാള്‍: എന്തിന്?. വേറൊരാള്‍: ഡീസലിന് വെല കൂടീല്ലേ. അതിന്റെയെതിര്‍പ്പാ. വേറൊരാള്‍: പുള്ളി ഒരു ഭയങ്കരനാണ്‍ഡാ..

സീന്‍ നാല്.

ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ നായികയുടെ അടുത്തേക്ക്. "വെള്ളിത്തിരയിലെ അഴകിന്റെ റാണി ഇപ്പോള്‍ എന്റെയടുത്തുണ്ട്. ഞങ്ങളുടെ ചാനലില്‍ മാത്രമാണ് ഇത്രയും അടുത്ത് വന്നിട്ടുള്ളത്. സൗന്ദര്യത്തിന്റെ ഈ നിലാമഴയോട് നമുക്ക് ചോദിക്കാം."

റിപ്പോര്‍ട്ടര്‍: ക്രിക്കറ്റ് എങ്ങനെയാണ്?.

നായിക: ക്രിക്കറ്റ് ഈസ് ആസ് ഇറ്റീസ്.

റിപ്പോര്‍ട്ടര്‍: അല്ല. ഞാന്‍ ചോദിച്ചത്, ക്രിക്കറ്റ് ഇഷ്ടമാണോ എന്നാണ്?.

നായിക: ട്രൂലി... ട്രൂലി... ഇറ്റ് ഈസ് വണ്ടര്‍ഫുള്‍.

റിപ്പോര്‍ട്ടര്‍: കളിക്കുമായിരുന്നോ..?

നായിക: നോ.. നോ.. ബട് ഐ ലൈക്കിറ്റ് വെരിമച്ച്..

റിപ്പോര്‍ട്ടര്‍: എന്താണ് ക്രിക്കറ്റിനോട് ഇത്രയും ഇഷ്ടം തോന്നാന്‍ കാരണം?.

നായിക: ആക്റ്റിങ് ആന്റ് ക്രിക്കറ്റ് ഈസ് സെയിം. വിക്കറ്റ് പോയാല്‍ തീര്‍ന്നല്ലൊ രണ്ടും. പിന്നെ ബോള്‍.. ഇറ്റ് ഈസ് റിയലി ഗ്രേറ്റ്. ഒരു ബോള്‍ കൊണ്ട് എന്തൊക്കെയാ ബൗളര്‍ കാണിക്കുന്നേ..വണ്ടര്‍ഫുള്‍.

റിപ്പോര്‍ട്ടര്‍: ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുഭവമുണ്ടോ?.

നായിക: ഉണ്ടോന്നോ... സോ മെനി.. ഒരിക്കല്‍ സച്ചിന് സെഞ്ചുറി മിസ്സായ ദിവസം ഞാന്‍ സെറ്റിലിരുന്ന് പൊട്ടിക്കരഞ്ഞു. അവസാനം ഡിറക്റ്റര്‍ ചേട്ടനും, ക്യാമറ ചേട്ടനും, ഹീറോ ചേട്ടനുമൊക്കെ വന്ന് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു...

റിപ്പോര്‍ട്ടര്‍: ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും..?

നായിക:..യ്...യ്...യ്യോ. ഞാനോ?....നോ..നോ...പ്ലീസ്...

റിപ്പോര്‍ട്ടര്‍: ഞങ്ങളുടെ പ്രേക്ഷകര്‍ അതിനു വേണ്ടി ദാഹിക്കുകയാണ്. രണ്ടു വാക്ക് മതി. പ്ലീസ്...രണ്ടേ രണ്ടുവാക്ക്.. നായിക: ഐ ലവ് ഓള്‍ ഓഫ് യൂ.... (ആര്‍പ്പുവിളി)

റിപ്പോര്‍ട്ടര്‍: അയ്യോ... രണ്ട് വാക്ക് മതിയായിരുന്നു..

നായിക: എങ്കില്‍...ലവ്..യൂ... കുളിരുകോരി കോച്ചിപ്പോയ റിപ്പോര്‍ട്ടറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

സീന്‍ അഞ്ച്

സ്റ്റേഡിയത്തിന് പുറത്ത് ടിപ്പര്‍ വന്ന് നില്‍ക്കുന്നു. അത് നിറയെ കട്ടിയുള്ള ബൈന്റിട്ട വലിയ പുസ്തകം. ഡോര്‍ തുറന്നിറങ്ങുന്ന ഡ്രൈവറോട് ഒരാള്‍. "ഇതെന്താ..?" "വിശേഷണങ്ങളാ?" "എന്തിനാ?" "റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ളതാ.."

സീന്‍ ആറ്

ക്യാമറ വീണ്ടും സ്റ്റേഡിയത്തിനകത്തേക്ക്. വിവിധതരം താരങ്ങള്‍ ഗ്രൗണ്ടിലുണ്ട്. ഓരോരുത്തരുടെയും ആലിംഗനങ്ങളാണ് നടക്കുന്നത്. ഒറ്റക്കും കൂട്ടായും ആലിംഗനം ചെയ്യുന്നതിന്റെ പല ദൃശ്യങ്ങള്‍. ഓരോ താരനും താരിയും എത്തുമ്പോള്‍ കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍. കൈയടികള്‍ക്കിടയിലൂടെ പാഞ്ഞുകയറുന്ന ക്യാമറ. പ്രേക്ഷകര്‍ ആത്മസംതൃപ്തി നുണയുന്ന വിവിധ ഭാവങ്ങള്‍ ക്ലോസപ്പില്‍.

സീന്‍ ഏഴ്

ഗ്രൗണ്ടിലെ സ്റ്റേജില്‍ ചിയര്‍ഗേള്‍സിന്റെ നൃത്തം. തുള്ളിയുറയുകയാണ്. പശ്ചാത്തലത്തില്‍ ഗാനം. " വീര വീരാട കുമാര വിഭോ.. ചാരുതര ഗുണസാഗരഭോ..." സ്റ്റേഡിയം ഇരമ്പുന്നു. എല്ലാവരും കുമ്മിയടിക്കുന്നു.

സീന്‍ എട്ട് 

കളിക്കാര്‍ ഗ്രൗണ്ടിലേക്കിറങ്ങുന്നു. അനൗണ്‍സ്മെന്റ്. "ഇതാ... അനന്തകോടി സൂര്യന്മാര്‍ ഭൂമിയില്‍ ഒന്നിച്ചുദിക്കുന്നു. നമുക്കു വേണ്ടി, നമ്മുടെ നാടിനുവേണ്ടി, നമ്മുടെ വരും തലമുറക്കു വേണ്ടി അവര്‍ ത്യാഗനിര്‍ഭരമായി പാഡുകെട്ടുന്നു. നമ്മുടെ ആരാധനാമൂര്‍ത്തികള്‍, നമ്മുടെ പൂജാവിഗ്രഹങ്ങള്‍... ഇതാ..നമ്മുടെ മുന്നിലൂടെ മന്ദം..മന്ദം.. അടിവച്ചു നീങ്ങുന്നു..." ഓരോരുത്തരുടെയും കൂടെ കോസ്റ്റ്യൂം ഡയറക്റ്ററും, പഴ്സണല്‍ മേക്കപ്മാനും ഉണ്ട്. താരങ്ങള്‍ പരസ്പരം ഷൂട്ടിങ്ഡേറ്റുകള്‍ കൈമാറി സൗഹൃദം പങ്കുവയ്ക്കുന്നു.

സീന്‍ ഒമ്പത്.

രണ്ട് അമ്പയര്‍മാര്‍ നടന്നുവരുന്നു. ഹാസ്യ കഥാപാത്രങ്ങളാണ്. ക്യാപ്റ്റന്മാരുമായി പരിചയപ്പെടുന്നു. ഒരമ്പയര്‍ പൊങ്ങിപ്പോയി.

സീന്‍ പത്ത് 

അഭ്രപാളിയിലെ നിത്യവിസ്മയങ്ങള്‍ രണ്ടു പാളികളായി ഗ്രൗണ്ടില്‍ നിന്നു. ഫീല്‍ഡിങ്ങിന് വേണ്ടി താരന്മാര്‍ വിവിധഭാഗങ്ങളിലായി നിന്നു. ഫ്ളഡ്ലിറ്റിന്റെ ചൂടേല്‍ക്കാതിരിക്കാന്‍ ലൈറ്റ്ബോയ്സ് താരങ്ങള്‍ക്ക് കുട നിവര്‍ത്തി നിന്നു. ഫീല്‍ഡര്‍മാര്‍ ഇടക്കിടക്ക് കണ്ണാടി നോക്കുന്നുണ്ട്.

സീന്‍ പതിനൊന്ന്

കളി തുടങ്ങാറായി. ചിയര്‍ഗേള്‍സ് നൃത്തം തുടങ്ങി. ഗാനം " കളിക്കാം... കളിയില്‍ കുളികുളിക്കാം കുളിക്കാം കുളിയില്‍ കുഴികുഴിക്കാം (ഈ ഗാനം പില്‍ക്കാലത്ത് ഏറ്റവും നല്ല ജനപ്രിയ ഗാനത്തിനുള്ള അവാര്‍ഡ് നേടി)

സീന്‍ പന്ത്രണ്ട്

ബാറ്റിങ്ങിന് വേണ്ടി നായകനിറങ്ങുന്നു. ക്യാമറ ഡ്രെസ്സിങ് റൂമിലേക്ക്. ഡയറക്റ്റര്‍ ആക്ഷന്‍ പറഞ്ഞു. നായകന്‍ പുറത്തേക്ക്. ബാറ്റുമായി ലൈറ്റ് ബോയ് കൂടെ. സ്ലോ മോഷനിലായിരുന്നു നായകന്റെ നടത്തം.പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റു. ദര്‍ശന പുണ്യം. പതിനെട്ടാം പടിയിലെന്ന പോലെ കാണികള്‍ ഉറക്കെ വിളിച്ചു. "സ്വാമിയേ...ശരണമയ്യപ്പാ..." പ്രേക്ഷകരെ നായകന്‍ പ്രത്യഭിവാദ്യം ചെയ്തു. പ്രേക്ഷകര്‍ക്ക് മോഹാലസ്യം.

സീന്‍ പതിമൂന്ന്.

നായകന്‍ വിക്കറ്റിനു മുന്നില്‍. കാല്‍നഖം കൊണ്ട് വരയ്ക്കുന്നു. നായകന്‍ അമ്പയറെ വിളിക്കുന്നു. അമ്പയര്‍ വിനീതവിധേയനായി നില്‍ക്കുന്നു. നായകന്‍: ഈ കോലൊക്കെ എന്തിനാ ഇവിടെ കുഴിച്ചിട്ടിരിക്കണെ?. അമ്പയര്‍: അത് കോലല്ല. വിക്കറ്റെന്നാ പറയണെ.. അത് പോകാതെ നോക്കണം. നായകന്‍: എന്നാ പിന്നെ ഇതെടുത്ത് വല്ല ലോക്കറിലും വച്ചാ പോരെ..?

സീന്‍ പതിനാല്

ബൗളര്‍ ഒരുങ്ങുന്നു. പന്തെടുത്ത് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാന്തുന്നു. അവിടെയൊക്കെ മേക്കപ്മാന്‍ പൗഡര്‍ പൂശുന്നു. ബൗളര്‍ക്കരികില്‍ ഡാന്‍സ്മാസ്റ്റര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു.

സീന്‍ പതിനഞ്ച് 

ബൗളറുടെ മുഖത്താണ് ഇപ്പോള്‍ ക്യാമറ. വില്ലന്റെ ഭാവം.പന്ത് കടിച്ചുപിടിച്ച് നായകനെ നോക്കുന്നു. നായകന്‍ നിശ്ചയദാര്‍ഢ്യത്തില്‍. ക്യാമറ പത്തുമിനിറ്റു കൂടി തന്റെ മുഖത്ത് തന്നെയിരിക്കട്ടെ എന്ന് നായകന്റെ ആജ്ഞ. ബൗളര്‍ വിക്കറ്റിനു ചുറ്റും ചുവടുകള്‍ വയ്ക്കുന്നു. മോഹിനിയാട്ടത്തിന്റേതാണ് ചുവടുകള്‍. ധിം..ധിംധിം..ധിം... പന്തെറിഞ്ഞു, പൂവെറിയുമ്പോലെ. നായകന്‍ ബാറ്റു കൊണ്ട് പന്ത് പൊട്ടിച്ചെടുത്തു. തോട്ടത്തില്‍ നിന്ന് പൂ പൊട്ടിക്കുന്ന പോലെ. ഗാനം. നീയെറിഞ്ഞാല്‍ ഞാനടിച്ചുവിടും ഞാനടിച്ചാല്‍ നീയൊടിഞ്ഞു വീഴും പൊടിതട്ടിയെഴുന്നേറ്റ് വീണ്ടും നീയെറിഞ്ഞെന്നാല്‍ അടിക്കും ഞാനടിച്ചൊടിക്കും. ഹാ..ഹൊ ഹോ... നായകന്‍ ഓടുന്നു. ഒപ്പം ലൈറ്റ് ബോയിയുമുണ്ട്. ഇടക്കിടക്ക് പയ്യന്‍ നായകന്റെ മുഖം തുടയ്ക്കുന്നു.

സീന്‍ പതിനാറ്

വീണ്ടും ബൗളര്‍. നായകന്‍ ആഞ്ഞുവീശുന്നു. പിന്നില്‍ വിക്കറ്റ് തെറിക്കുന്ന ശബ്ദം. അമ്പയര്‍ നായകന്റെ മുഖത്ത് നോക്കി വിരലുയര്‍ത്തുന്നു. നായകന്‍ അമ്പയറുടെ വിരല്‍ പിടിച്ചു താഴ്ത്തുന്നു. "സത്യം തോല്‍ക്കുമെന്ന് കരുതരുത്... ഞാന്‍ വരും...ഇനിയും വരും... അപ്പോള്‍ നമുക്ക് ഒരിക്കല്‍ കൂടി കാണേണ്ടി വരും... കാ..ണ...ണം." നായകന്‍ നടക്കുന്നു. നായിക വിതുമ്പുന്നു. പ്രേക്ഷകലക്ഷം കണ്ണീരൊപ്പുന്നു.

സീന്‍ പതിനേഴ്


സംവിധായകന്‍ ധാര്‍മികരോഷം കൊണ്ട് തിളയ്ക്കുന്നു. "എന്താ..സിനിമാക്കാര്‍ക്ക് ക്രിക്കറ്റ് കളിച്ചൂടെ? ബാക്കി എല്ലാവര്‍ക്കും കളിക്കാം.. ജഡ്ജിമാര്‍ക്ക് കളിക്കാം, വക്കീലന്മാര്‍ക്ക് കളിക്കാം, ഡോക്റ്റര്‍മാര്‍ക്ക് കളിക്കാം. സിനിമാക്കാര്‍ക്ക് നിഷിദ്ധം!. ഞങ്ങളും മനുഷ്യരല്ലെ...പറയൂ ഞങ്ങളും മനുഷ്യരല്ലെ?. നിശബ്ദത. സംവിധായകന്‍: ഞങ്ങള്‍ ഇനിയും കളിക്കും. കളിച്ച് കളിച്ച് മരിക്കും. ആരുണ്ട് കാണട്ടെ?..കലാകാരന്റെ ഹൃദയത്തില്‍ എന്നും ഒരു കളിക്കാരനുണ്ട്. നല്ല കലാകാരന്‍ എപ്പോഴും നല്ല കളിക്കാരനായിരിക്കും. കാലത്തിനുസരിച്ച് കളിക്കുന്നവനാണ് യഥാര്‍ഥ കളിക്കാരന്‍. നിശബ്ദത. സംവിധായകന്‍(വികാരാധീനായി): സ്നേഹത്തിനും സൗഹാര്‍ദത്തിനും വേണ്ടിയാണ് ഈ കളി... പശ്ചാത്തലത്തില്‍ നിന്ന് പരേതനായ തിലകന്റേതു പോലെയൊരു ശബ്ദം. "..ഉവ്വ.. ഉവ്വേയ്..."

*
എം എം പൗലോസ്

No comments: