Thursday, December 1, 2011

പുതിയ അണക്കെട്ട് മാത്രം പോംവഴി

ഒരേ സാംസ്കാരികപൈതൃകമുള്ള, ഒരേ ഭാഷാപൈതൃകമുള്ള പഴയ തമിഴകത്തിന്റെ രണ്ട് പ്രവിശ്യകളാണ് ഇന്നത്തെ തമിഴ്നാടും കേരളവും. അങ്ങനെ എല്ലാ അര്‍ഥത്തിലും സഹോദരങ്ങളായ ജനതയാണ് തമിഴരും മലയാളികളും. തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിക്കാനും ഉപജീവനോപാധിയായ കൃഷിക്കും കഴിയാവുന്നത്ര വെളളം കൊണ്ടുപോകാന്‍ അനുവദിക്കേണ്ടത് കേരളീയരുടെ കര്‍ത്തവ്യമാണ്. കേരളീയസഹോദരങ്ങളുടെ ജീവനുനേരെ ഉയര്‍ന്ന ഭീഷണിയില്‍ തമിഴ് മക്കള്‍ക്ക് ആശങ്കയുണ്ടാകേണ്ടതും സ്വാഭാവികമാണ്. തങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതിനുണ്ടാക്കിയ അണക്കെട്ടാണ് സഹോദരങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തി നില്‍ക്കുന്നതെന്നുവരുമ്പോള്‍ ജീവരക്ഷോപായങ്ങള്‍ക്ക് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം ഗുണഭോക്താക്കള്‍ക്കല്ലേ. അത്തരം ആശങ്കയും ഹൃദയവിശാലതയുമില്ലാത്ത ജനങ്ങളാണ് തമിഴ് മക്കള്‍ എന്ന് ഒരിക്കലും കരുതാനാകില്ല. എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള കുടിപ്പകയുടെയോ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെയോ പേരില്‍ നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ , ചരിത്രം ഒരിക്കലും മാപ്പ് നല്‍കില്ല.

പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വാത്മനാ പിന്തുണ നല്‍കി, അതിനായി യുക്തിസഹമായ പുതിയ കരാര്‍ ഉണ്ടാക്കുന്നതിനും അണക്കെട്ട് നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നതിനും പ്രാഥമികമായിത്തന്നെ തങ്ങള്‍ക്കാണ് ബാധ്യത എന്ന് തമിഴ്നാട് തിരിച്ചറിയണം. തമിഴ്നാട്ടിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഈ ചുമതല ഓര്‍മിപ്പിച്ച് നിര്‍ബന്ധം ചെലുത്തേണ്ട ഉത്തരവാദിത്തം മുല്ലപ്പെരിയാര്‍ ജലത്തിന്റെ ഗുണഭോക്തൃജനത സ്വാഭാവികമായും ഏറ്റെടുക്കേണ്ടതാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും മേഖലയിലെ വര്‍ധിച്ച ഭൂകമ്പസാധ്യതയും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും സുപ്രീംകോടതിയുടെ അടിയന്തരപരിഗണനയില്‍ പ്രശ്നം കൊണ്ടുവരാനും അതിലെല്ലാമുപരി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുളള പ്രാഥമിക നടപടികള്‍ സ്വീകരിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് സ്മരണീയമാണ്. ഉമ്മന്‍ചാണ്ടി മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് കേരളതാല്‍പ്പര്യങ്ങള്‍ പൂര്‍ണമായി നിരാകരിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. അണക്കെട്ട് സുരക്ഷിതമാണെന്നുമാത്രമല്ല, ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്താമെന്നും ഭാവിയില്‍ ബേബിഡാം കുറെക്കൂടി ശക്തിപ്പെടുത്തിയാല്‍ ജലനിരപ്പ് 152 അടി വരെയായി ഉയര്‍ത്തുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന ആപല്‍ക്കരമായ വിധിയാണന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. സുപ്രീംകോടതിയില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ ശരിയായി അവതരിപ്പിക്കുന്നതില്‍ വന്ന വീഴ്ചയും അതിന് മുമ്പത്തെ നടപടികളില്‍ കാണിച്ച നിസ്സംഗതയുമെല്ലാമാണ് അത്തരമൊരു വിധിയിലേക്ക് നയിച്ചത്. ആ വിധിയാണ് തമിഴ്നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇന്നും ഉദ്ധരിക്കുന്നത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കി ഈ പ്രശ്നത്തില്‍ ഇടപെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് ത്രിമുഖ നടപടികളാണ് കൈക്കൊണ്ടത്. നദീജലപ്രശ്നം കൈകാര്യംചെയ്യാന്‍ ഒരു അഡൈ്വസറുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റില്‍ പ്രത്യേക സംവിധാനമുണ്ടാക്കി. ദില്ലി കേരള ഹൗസില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കൈകാര്യംചെയ്യുന്നതിന് സംവിധാനമുണ്ടാക്കി. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കോടതിയിലുണ്ടായ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ ജലവിഭവമന്ത്രി ദില്ലിയില്‍ ക്യാമ്പ്ചെയ്ത് കേസ് നടത്തി. തലമുതിര്‍ന്ന അഭിഭാഷകരെ വക്കാലത്തെടുപ്പിക്കാനുംമറ്റുമായി മുഖ്യമന്ത്രി തന്നെ ദില്ലിയിലെത്തി ചര്‍ച്ച നടത്തുകയും ക്യാമ്പ് ചെയ്യുകയും ചെയ്തു.

നമ്മുടെ വാദമുഖങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി സുപ്രീംകോടതി വീണ്ടുവിചാരത്തിന് തയ്യാറായി. അണക്കെട്ടിന്റെ ബലസ്ഥിതി വീണ്ടും പരിശോധിക്കാനും പുതിയ അണക്കെട്ടിന്റെ സാധ്യത പരിശോധിക്കാനും തയ്യാറായെന്നുമാത്രമല്ല, മൂന്നംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ച് കേസ് സമഗ്രമായി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇരുസംസ്ഥാനത്തിന്റെയും പ്രതിനിധി ഉള്‍പ്പെട്ട അഞ്ചംഗ വിദഗ്ധസമിതിക്ക് രൂപംനല്‍കാനും സുപ്രീംകോടതി തയ്യാറായി. നിയമപരമായി ഈ നടപടികള്‍ക്കൊപ്പം തന്നെ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞതിന്റെ ഭാഗമായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2006 നവംബര്‍ 29ന് ഇരു സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചര്‍ച്ച ദില്ലിയില്‍ നടത്താന്‍ പ്രധാനമന്ത്രി മുന്‍കൈയെടുത്തു. കരുണാനിധിയുമായി കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ നടന്ന ആ ചര്‍ച്ചയില്‍ പുതിയ അണക്കെട്ടിന്റെ അനിവാര്യത ഞാന്‍ വ്യക്തമാക്കി. അതിന് ആഴ്ചകള്‍ക്കുമുമ്പ് ചെന്നൈയില്‍ കരുണാനിധിയെ ചെന്നുകണ്ട് അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുകയും ജലനിരപ്പ് കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഈ നിര്‍ദേശത്തെ തമിഴ്നാട് ശക്തിയായി എതിര്‍ത്തു. കോടതി വഴിയുള്ള ഇടപെടല്‍ , കേന്ദ്രത്തില്‍ നടത്തിയ സമ്മര്‍ദം എന്നിവയ്ക്ക് പുറമെ സ്വന്തം നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ബദല്‍ നടപടി ആരംഭിച്ചു. ഡാമിന്റെ സുരക്ഷാസ്ഥിതി പരിശോധിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിച്ചു. 136 അടിയില്‍ കൂടുതല്‍ ജലനിരപ്പുയര്‍ത്തരുതെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ടുണ്ടാക്കാന്‍ 2007 ആഗസത് 14ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. 2007 നവംബര്‍ 19ന് പുതിയ അണക്കെട്ടിനായി സര്‍വേ ആരംഭിച്ചു.

പുതിയ അണക്കെട്ടിന്റെ സ്ഥലം കണ്ടെത്തുകയും ഏഴ് കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തു. ശേഷിച്ച മൂന്നു കിലോമീറ്റര്‍ കടുവാസങ്കേതത്തില്‍ പെടുന്നതിനാല്‍ സര്‍വേക്ക് കേന്ദ്രാനുമതി ആവശ്യമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ജാഗ്രതയും കഠിനാധ്വാനവും പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഇല്ലാതെപോയി. അണക്കെട്ടിന്റെ ബലക്ഷയം രൂക്ഷമായതായി വിദഗ്ധസംഘം ജൂണ്‍ 13ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. 27 ഭൂചലനങ്ങള്‍ മേഖലയില്‍ ഉണ്ടാകുകയും ജനം ഭയവിഹ്വലരാകുകയും ചെയ്ത ശേഷമാണ് സര്‍വകക്ഷിയോഗം വിളിച്ചത്. തങ്ങളുടെ നേതാക്കളാണ് ദില്ലിയില്‍ ഭരിക്കുന്നതെന്ന അനുകൂലാവസ്ഥ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രി നേരിട്ട് സമ്മര്‍ദം ചെലുത്താന്‍ തയ്യാറായില്ല. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്ക അവഗണിച്ച് ചലച്ചിത്ര അവാര്‍ഡ് നിശയ്ക്കും സ്പീഡ് പ്രോഗ്രാമെന്ന മാമാങ്കത്തിനും പോകാനാണ് മുഖ്യമന്ത്രി തയ്യാറായത്. 126 വര്‍ഷം മുമ്പത്തെ കരാര്‍ അതേപോലെ തുടരാമെന്ന് എഴുതിക്കൊടുത്താല്‍ മധ്യസ്ഥത്തിനു ശ്രമിക്കാമെന്നാണ് കേന്ദ്ര ജലവിഭവമന്ത്രിയുടെ ഔദാര്യം! സംസ്ഥാനത്തുള്ള ആറ് കേന്ദ്രമന്ത്രിമാര്‍ കാത്തുകെട്ടിനിന്ന് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഇടപെടാമെന്ന് അദ്ദേഹം മൂളിയെന്നോ പറഞ്ഞെന്നോ ആംഗ്യംകാട്ടിയെന്നോ ആണ് കേള്‍ക്കുന്നത്. അദ്ദേഹം ഇതേവരെ ഇക്കാര്യത്തില്‍ പരസ്യമായി ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല.

മുപ്പത്തഞ്ച് ലക്ഷം ജനങ്ങളുടെ ജീവനോ ഒരു സംസ്ഥാനത്തിന്റെ നിലനില്‍പ്പോ അല്ല, കേന്ദ്രഭരണം നിര്‍ബാധം തുടരലാണ് യുപിഎക്കും കോണ്‍ഗ്രസിനും പ്രധാനം. പഴയ കരാര്‍ അതേപടി തുടരാമെന്ന് എഴുതിക്കൊടുത്താല്‍ മധ്യസ്ഥശ്രമം തുടങ്ങാമെന്ന് പറഞ്ഞതിന്റെ അര്‍ഥമെന്താണ്- ബ്രിട്ടീഷ് സാമ്രാജ്യത്വകാലത്ത് കാണിച്ച കാപട്യം അതേപടി തുടരാമെന്നോ? ഇന്ന് നിലവിലില്ലാത്ത രണ്ട് ഏജന്‍സികള്‍ തമ്മില്‍ 1886ല്‍ ഉണ്ടാക്കിയ കരാര്‍ സ്വതന്ത്ര ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍ പുതുക്കണമെന്ന് പറയുന്നതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് രാജഭരണകാലത്ത് ഉണ്ടാക്കിയ പാട്ടക്കരാറില്‍ത്തന്നെ വളഞ്ഞവഴി പ്രകടമാണ്. തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചുവിടാന്‍ പെരിയാറില്‍ അണകെട്ടുന്നതിന് നിര്‍ദേശമുയര്‍ന്നപ്പോള്‍ 1882 ഒക്ടോബറില്‍ ദിവാന്‍ പേഷ്കാറുടെ നേതൃത്വത്തില്‍ കമ്മിറ്റിയുണ്ടാക്കുകയും പഠനം നടത്തുകയും ചെയ്തു. 1882 മാര്‍ച്ച് 20ന് ആ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് ഡാം നിര്‍മിക്കുന്നത് തിരുവിതാംകൂറിന്റെ രക്ഷയ്ക്ക് ഭീഷണിയാണെന്നാണ്. എന്നാല്‍ , വിശാഖം തിരുനാള്‍ അന്തരിച്ചശേഷം ഭരണം അല്‍പ്പം ദുര്‍ബലമായെന്നുതോന്നിയ ഘട്ടത്തില്‍ മദിരാശി ഭരണകൂടം കരാര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. 999 വര്‍ഷത്തേക്ക് മുല്ലപ്പെരിയാറിലെ വെള്ളം അണകെട്ടി കൊണ്ടുപോകുന്നതിനുളള കരാര്‍ . പ്രതിഫലം നാമമാത്രം. അണകെട്ടുന്നതിന് എണ്ണായിരം ഏക്കര്‍ സ്ഥലമാണ് വിട്ടുകൊടുത്തത്. ആ കാലത്തെ മറ്റെല്ലാ പാട്ടക്കരാറുകളും കേവലം 99 വര്‍ഷത്തേക്കായിരുന്നു എന്നോര്‍ക്കണം. അണകെട്ടാന്‍ നേതൃത്വം നല്‍കിയ ചീഫ് എന്‍ജിനിയര്‍ പെന്നി ക്വീക്ക് അവകാശപ്പെട്ടത് അണയുടെ ആയുസ്സ് അമ്പതുകൊല്ലം എന്നാണത്രേ. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാര്‍ . അണകെട്ടിയിട്ട് 116 വര്‍ഷമായി. പഴക്കത്തിന് പുറമെ ഭൂകമ്പഭീഷണിയും ഭൂമിശാസ്ത്രപരമായ മറ്റ് സാഹചര്യങ്ങളും കൂടിയാണ് മുല്ലപ്പെരിയാറിന്റെ സ്ഥിതി ഗുരുതരമാക്കുന്നത്. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാകുക. ഇടുക്കി ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട 24 ചതുരശ്രമൈല്‍ വരുന്ന ജലാശയങ്ങള്‍ , ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകള്‍ എന്നിവയാകെ അപകടപ്പെട്ടേക്കാം. അതായത് മുല്ലപ്പെരിയാറിന് അപകടമുണ്ടായാല്‍ കേരളത്തിന്റെ തകര്‍ച്ചയാണ് സംഭവിക്കുക.

തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് കൃഷിക്കാരുടെ ആശ്രയമാണ് മുല്ലപ്പെരിയാര്‍ ജലം. പ്രതിവര്‍ഷം നൂറൂകോടി ക്യൂബിക് അടിയോളം വെള്ളമാണ് അവര്‍ക്ക് കിട്ടുന്നത്. അത് തുടരേണ്ടതുതന്നെയാണ്. എന്നാല്‍ , അതിനുവേണ്ടി കേരളത്തിന്റെ ജീവിതം ആശങ്കയിലാക്കുന്ന സ്ഥിതി വന്നാലോ. 999 വര്‍ഷം വെള്ളം കൊടുക്കാനാണ് കരാര്‍ . അന്നുണ്ടാക്കിയ അണക്കെട്ട് 999 വര്‍ഷം തുടരാനല്ല. ഇപ്പോള്‍ പഴയ സ്ഥിതി മാറി. അണക്കെട്ടിന്റെ സ്ഥിതി അതീവഗുരുതരമായി. ചോര്‍ച്ച വര്‍ധിച്ചു. മേഖലയില്‍ ഭൂകമ്പങ്ങള്‍ ആവര്‍ത്തിക്കുന്നു. ജലനിരപ്പ് അടിക്കടി ഉയരുന്നു. പതനം ആസന്നമാണെന്ന ഭീതിയില്‍ ജനം ഭയവിഹ്വലരായി കഴിയുന്നു. ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് നിര്‍മാണം അടിയന്തരമായി തുടങ്ങണം. ചോര്‍ച്ച രൂക്ഷമായപ്പോള്‍ 1979ല്‍ കേന്ദ്ര ജല കമീഷന്‍ വിദഗ്ധസംഘം അണക്കെട്ട് പരിശോധിച്ച് ബലക്ഷയം സ്ഥിരീകരിക്കുകയും പുതിയ അണക്കെട്ടാണ് കരണീയമെന്ന് വ്യക്തമാക്കുകയും അത് കേരളവും തമിഴ്നാടും അംഗീകരിക്കുകയും ചെയ്തതാണ്. പുതിയ അണക്കെട്ടിന്റെ സ്ഥലനിര്‍ണയത്തില്‍പോലും തമിഴ്നാട് അധികൃതര്‍ ഭാഗഭാക്കായെങ്കിലും പിന്നീട് അജ്ഞാതകാരണങ്ങളാല്‍ എതിര്‍ നിലപാടെടുത്തു. 1979ല്‍ ജലകമീഷന്‍ ശുപാര്‍ശ ചെയ്തതും 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച് നടപടികളാരംഭിക്കുകയും ചെയ്ത പുതിയ അണക്കെട്ടിന്റെ നിര്‍മാണം ഇനി വൈകിക്കൂടാ. അണക്കെട്ട് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ സമയമില്ല. അതുകൊണ്ട് ജലനിരപ്പ് 136ല്‍നിന്ന് 120 അടിയായി കുറയ്ക്കുകയാണ് അടിയന്തരാവശ്യം. ഈ ആവശ്യങ്ങളുയര്‍ത്തി ശക്തമായ ബഹുജനസമ്മര്‍ദം ഉയര്‍ന്നുവരണം. അതിന്റെ ഭാഗമായാണ് ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ മുതല്‍ എറണാകുളം വരെ മനുഷ്യമതില്‍ ഉയര്‍ത്തുന്നത്.

*
വി എസ് അച്യുതാനന്ദന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരേ സാംസ്കാരികപൈതൃകമുള്ള, ഒരേ ഭാഷാപൈതൃകമുള്ള പഴയ തമിഴകത്തിന്റെ രണ്ട് പ്രവിശ്യകളാണ് ഇന്നത്തെ തമിഴ്നാടും കേരളവും. അങ്ങനെ എല്ലാ അര്‍ഥത്തിലും സഹോദരങ്ങളായ ജനതയാണ് തമിഴരും മലയാളികളും. തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിക്കാനും ഉപജീവനോപാധിയായ കൃഷിക്കും കഴിയാവുന്നത്ര വെളളം കൊണ്ടുപോകാന്‍ അനുവദിക്കേണ്ടത് കേരളീയരുടെ കര്‍ത്തവ്യമാണ്. കേരളീയസഹോദരങ്ങളുടെ ജീവനുനേരെ ഉയര്‍ന്ന ഭീഷണിയില്‍ തമിഴ് മക്കള്‍ക്ക് ആശങ്കയുണ്ടാകേണ്ടതും സ്വാഭാവികമാണ്. തങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതിനുണ്ടാക്കിയ അണക്കെട്ടാണ് സഹോദരങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തി നില്‍ക്കുന്നതെന്നുവരുമ്പോള്‍ ജീവരക്ഷോപായങ്ങള്‍ക്ക് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം ഗുണഭോക്താക്കള്‍ക്കല്ലേ. അത്തരം ആശങ്കയും ഹൃദയവിശാലതയുമില്ലാത്ത ജനങ്ങളാണ് തമിഴ് മക്കള്‍ എന്ന് ഒരിക്കലും കരുതാനാകില്ല. എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള കുടിപ്പകയുടെയോ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെയോ പേരില്‍ നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ , ചരിത്രം ഒരിക്കലും മാപ്പ് നല്‍കില്ല.