Thursday, December 1, 2011

മലയാളസിനിമയില്‍ സന്തോഷ് പണ്ഡിറ്റിന്റെ കാലം

മലയാള സിനിമാവ്യവസായത്തിലും കേരളത്തിലെ സിനിമാശാലകളിലുമായി ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ കൂട്ടി വായിച്ചാല്‍ പിടിവിട്ട പട്ടം പോലെ കളി കാര്യമായിരിക്കുന്നു എന്നു ബോധ്യപ്പെടും. ദീപാവലി സീസണില്‍ സൂപ്പര്‍ താരങ്ങളുടേതടക്കമുള്ള പ്രധാനപ്പെട്ട റിലീസുകള്‍ മാറ്റിവെക്കേണ്ട വിധത്തില്‍ തമിഴ്, ഹിന്ദി സിനിമകളുടെ ആധിപത്യത്തിന് കേരളത്തിലെ തിയറ്ററുകള്‍ വിട്ടുകൊടുക്കേണ്ടി വന്നു. 'അന്യഭാഷാ സിനിമകള്‍ മലയാളത്തെ ആക്രമിച്ചു' എന്നൊക്കെയുള്ള അഭൂതപൂര്‍വമായ തലക്കെട്ടുകളോടെയാണ് ചില പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്. കഴിഞ്ഞ കുറച്ചു കാലമായി രൂപപ്പെട്ടു വരുന്ന കേരളം/മലയാളം എന്ന തരത്തില്‍ ഉപരിപ്ളവമായ വ്യാജാഭിമാനബോധത്തിന് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു വിദ്വേഷമനോഭാവത്തോടെ ഈ പ്രശ്നത്തെ സമീപിക്കുന്നത് ഒരു നിലക്കും ഗുണം ചെയ്യില്ല. പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നതിന് സഹകരിക്കില്ല എന്ന തിയറ്ററുടമകളിലൊരു വിഭാഗത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് മറ്റു ഭാഷകളില്‍ നിന്നുള്ള സിനിമകളും ഈ സംഘടനക്കാര്‍ക്ക് കൊടുക്കുന്നില്ലെന്ന പ്രതികാര നടപടിയാണ് വിതരണക്കാരുടെ സംഘടന സ്വീകരിച്ചത്. രണ്ടു തീരുമാനവും വേണ്ടത്ര ആലോചനയില്ലാതെയും പരസ്പരബഹുമാനമില്ലാതെയും ജനാധിപത്യബോധമില്ലാതെയും എടുത്തതാണെന്ന് വ്യക്തം. ഇപ്പോള്‍, മലയാള സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്ന തീരുമാനമെടുത്ത സംഘടനയില്‍ പെട്ട ചില തിയറ്ററുകളില്‍(ഉദാഹരണം- എറണാകുളം കവിത) ചില യുവജനസംഘടനാ പ്രവര്‍ത്തകര്‍ അക്രമം കാണിച്ചു എന്നും റിപ്പോര്‍ടുകളുണ്ട്. ഏറ്റവും അപലപനീയമായ രീതിയിലേക്കാണ് പ്രശ്നങ്ങള്‍ വഴി തിരിഞ്ഞു പോകുന്നതെന്നാണ് ഇതു കാണിക്കുന്നത്. ഏറ്റവും അവസാനം മലയാള സിനിമാ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തീരുമാനിച്ചിരിക്കുകയാണ്. സമരത്തിലില്ലാത്തത്, സാങ്കേതികവിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക്കയും അഭിനേതാക്കളുടെ സംഘടനയായ അമ്മയും മാത്രമാണ്.

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി നോമ്പുകാലത്തായിരുന്നു ഓണം എന്നതിനാല്‍, മലയാള സിനിമയുടെ വിളവെടുപ്പു സീസണാഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ സ്ഥിതി മാറി. മുസ്ളിങ്ങള്‍ പൊതുവെ യാഥാസ്ഥിതികരും മതമൌലികവാദികളുമാണെന്നും അതിനാല്‍, ആധുനിക മാധ്യമമായ സിനിമയോടവര്‍ക്ക് വിരോധമാണെന്നും ഒരു ഭാഗത്ത് ആക്ഷേപിക്കുകയും; മറു ഭാഗത്ത്, മൃദു ഹിന്ദുത്വ പൊതുബോധത്തിന് കീഴ്പെട്ടുകൊണ്ട് മുസ്ളിങ്ങളെ പൈശാചികവത്ക്കരിക്കുന്ന രീതിയിലുള്ള ഇതിവൃത്ത-ആഖ്യാന പദ്ധതികള്‍ നിരന്തരമായി ആവര്‍ത്തിക്കുകയും ചെയ്യുന്ന മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ പ്രധാനപ്പെട്ട പ്രേക്ഷകര്‍ മുസ്ളിങ്ങള്‍ തന്നെയാണെന്ന കാര്യം, നോമ്പുകാലത്ത് സിനിമ റിലീസ് ചെയ്താല്‍ കലക്ഷന്‍ കുറവായിരിക്കും എന്ന വസ്തുതയിലൂടെ കൃത്യമായി വെളിവാക്കപ്പെട്ട സീസണുകളാണ് കടന്നു പോയത്. എന്നാല്‍, 2011ല്‍ ചെറിയ പെരുന്നാളിന് ശേഷം ഓണം വന്നപ്പോഴും കേരളത്തിലെ സിനിമാവ്യവസായത്തിന് അതിന്റെ ഗുണം പൂര്‍ണതോതില്‍ മുതലെടുക്കാനായില്ല. കേരളത്തിലെ 130ലധികം തിയറ്ററുകള്‍ ഓണക്കാലത്ത് അടഞ്ഞു കിടന്നു. കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനിലംഗത്വമെടുത്ത ബി ക്ളാസ് തിയറ്ററുകളാണ് അടഞ്ഞു കിടന്നത്. വടക്കാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം പോലുള്ള പട്ടണങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് ഞാന്‍ തന്നെ നേരില്‍ കാണുകയുണ്ടായി.

സിനിമയുടെ ചുമതലയുള്ള മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരം; എ സി, ഡി ടി എസ്, കഫെറ്റേറിയ, വൃത്തിയുള്ള മൂത്രപ്പുരകള്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏതു തിയറ്ററിലും റിലീസ് അനുവദിക്കുമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച്, ലക്ഷക്കണക്കിന് രൂപ മുടക്കി ഇത്തരം സംവിധാനങ്ങളേര്‍പ്പെടുത്തിയ തിയറ്ററുകള്‍ക്ക് റിലീസ് ചിത്രങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്ന നിലപാടാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എടുത്തത്. ഇതിന് കാരണമായി അവര്‍ പറയുന്നത്, മലയാള സിനിമകള്‍ നിര്‍മാണമാരംഭിക്കുമ്പോള്‍ തന്നെ തങ്ങളുടെ പക്കല്‍ നിന്ന് രണ്ടും മൂന്നും അഞ്ചും ലക്ഷം രൂപ വീതം അഡ്വാന്‍സായി പിരിച്ചെടുക്കാറുണ്ടെന്നും അത് തിരിച്ചു പിടിക്കാനുള്ള ഏക അവസരം ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴാണെന്നാണെന്നുമാണ്. തങ്ങളുടെ തിയറ്ററുകളില്‍ സിനിമ കാണാനെത്താറുള്ളവരുടെ വീടിനടുത്തുള്ള തിയറ്ററുകളിലും അതേ ചിത്രം റിലീസ് ചെയ്താല്‍ അവര്‍ യാത്ര ചെയ്ത് തങ്ങളുടെ എ ക്ളാസ് തിയറ്ററില്‍ വരില്ലെന്നും അതു മൂലം തങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടം സഹിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വൈഡ് റിലീസ് അവര്‍ തടയുന്നത്. സത്യത്തില്‍, വൈഡ് റിലീസ് മുമ്പൊരിക്കല്‍ നടപ്പിലായതാണ്. ഇത് വൈഡ് വൈഡ് റിലീസാണ്. വ്യാജ സിഡിയായും ഡൌണ്‍ലോഡിംഗ് ഡാറ്റയായും പുതിയ സിനിമകള്‍ വളരെ പെട്ടെന്ന് രൂപാന്തരം പ്രാപിക്കുന്നതിനാല്‍, വ്യാപകമായുള്ള റിലീസ് മാത്രമേ പോംവഴിയായുള്ളൂ എന്നതിനാലാണ് തങ്ങള്‍ വൈഡ് റിലീസ് ആവശ്യപ്പെടുന്നതെന്നാണ് ബി ക്ളാസുകാര്‍ പറയുന്നത്. ഏതായാലും, നൂറ്റി മുപ്പതിലധികം തിയറ്ററുകളില്‍ ഓണം റിലീസ് പോയിട്ട് ഓണക്കാലത്ത് സിനിമാപ്രദര്‍ശനം തന്നെ ഇല്ലാതായതിലൂടെ; ആനന്ദത്തിന്റെ വ്യാപനം എത്ര കണ്ട് തടയപ്പെട്ടു എന്നും വളര്‍ച്ചയുള്ളതോ അതോ വളര്‍ച്ച മുറ്റിയതോ ആയ ഒരു കലാ-വ്യവസായത്തിന്റെ നിലനില്‍പിന് ഇത്തരം വഴിമുടക്കുകള്‍ എത്ര കണ്ട് വിഘാതമുണ്ടാക്കും എന്നും വിശദമായി വിലയിരുത്തപ്പെടുകയുണ്ടായില്ല.

ഇപ്പോള്‍, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അവരുടെ തിയറ്ററുകളിലും നിസ്സഹകരണ സമരം ആരംഭിച്ചിരിക്കുന്നു. നവംബര്‍ 1 മുതല്‍, പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല എന്നാണവരുടെ നിലപാട്. അതിനെ തുടര്‍ന്നാണ്, ഈ തിയറ്ററുകള്‍ക്ക് ഒരു പടവും നല്‍കുന്നില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴസ് അസോസിയേഷന്‍ തീരുമാനിച്ചത്. മള്‍ട്ടിപ്പിള്‍ സിറോസിസ് ബാധിച്ച രോഗിയുടെ ശരീരം പോലെയാണ് മലയാള സിനിമയുടെ പ്രദര്‍ശനവ്യവസായം. ഏതു രോഗത്തിന് ചികിത്സ ചെയ്യണമെന്നറിയില്ല. മാത്രമല്ല, ഒരു രോഗത്തിന് ചികിത്സിക്കുമ്പോള്‍ മറ്റൊരു രോഗം മൂര്‍ഛിക്കുകയും ചെയ്യും. തിയറ്റര്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് രണ്ടു രൂപ സര്‍വീസ് ചാര്‍ജ് ഓരോ ടിക്കറ്റിന്മേലും ഈടാക്കിക്കൊള്ളാന്‍ സര്‍ക്കാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഈ സംഖ്യ വാങ്ങി തിയറ്റര്‍ മുതലാളിമാര്‍ കീശയിലിടുകയല്ലാതെ, ബഹുഭൂരിപക്ഷം തിയറ്ററുകളും വൃത്തിയായി സൂക്ഷിക്കാറേയില്ല. തീവണ്ടിക്കക്കൂസുകള്‍ക്ക് സമാനമായിട്ടാണ് ആണ്‍ കാണികളില്‍ വലിയൊരു വിഭാഗം തിയറ്ററുകളെ പരിഗണിക്കുന്നത്. ബീവറേജസില്‍ നിന്ന് ക്വാര്‍ട്ടറോ ഹാഫോ വാങ്ങി, ഇരുളിന്റെ ഏതെങ്കിലും ഒരു മറയിലിരുന്ന് അത് വെള്ളം കൂട്ടിയും സോഡ കൂട്ടിയും കൂട്ടാതെയും അച്ചാര്‍ നക്കിയും വിഴുങ്ങിയതിനു ശേഷം ലഹരി ഇറങ്ങുന്നതു വരെ ഒരു ഗുമ്മിനാണ് തിയറ്ററിലെ സമയം ഇക്കൂട്ടര്‍ തള്ളി നീക്കുന്നത്. ഈയടുത്ത കാലത്ത് രണ്ട് സെക്കന്റ് ഷോകളില്‍ (ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, വീരപുത്രന്‍) ഈ അധ:സ്ഥിത മദ്യപാനികളുടെ പീഡനം ഞാന്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഇത്രയും സമയം നടികളുടെ ഗുഹ്യാവയവങ്ങളെക്കുറിച്ചും മറ്റുമായി ഉച്ചത്തില്‍ കമന്റടിക്കുന്ന ശബ്ദാക്രമികളുടെ വെളിമ്പ്രദേശമായി തിയറ്ററിലെ ഇരുട്ട് മാറിത്തീരുന്നു.

ഇക്കൂട്ടര്‍ തന്നെയാണ്, സന്തോഷ് പണ്ഡിറ്റിന്റെ ആഭാസ സിനിമയിലും കേറി വിളയുന്നത്. പല തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാവുന്ന ആളുകള്‍ അതിനോട് പ്രതികരിക്കാനോ കൃത്യമായ പരിഹാരം കാണാനോ കഴിയാതെ ഉഴലുന്നുണ്ട്. ഇത്തരക്കാരുടെ സ്ഥിരവും താല്‍ക്കാലികവുമായ മാനസിക വൈകല്യങ്ങളാണ്, തീവണ്ടിക്കക്കൂസുകളിലെ ചുമരെഴുത്തുകളായും ചിത്രങ്ങളായും പ്രകടിപ്പിക്കപ്പെടാറുള്ളത്. അതേ തോതിലുള്ള പ്രകടനമാണ് സന്തോഷ് പണ്ഡിറ്റിന്റെ ആഭാസ സിനിമയായ കൃഷ്ണനും രാധയും പ്രദര്‍ശിപ്പിക്കുന്ന ഏതാനും തിയറ്ററുകളിലും നടക്കുന്നത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, രണ്ടു രണ്ടര മണിക്കൂര്‍ അര്‍മാദിക്കാനുള്ള അവസരമായിട്ടാണ് ബഹുഭൂരിപക്ഷവും ഇതിനെ കാണുന്നത്. യുട്യൂബിലും മറ്റും പോസ്റ് ചെയ്തിട്ടുള്ള സന്തോഷ് പണ്ഡിറ്റ് സിനിമയിലെ ഗാനരംഗങ്ങള്‍ക്കും ടി വി ചാനല്‍ അഭിമുഖങ്ങള്‍ക്കും താഴെയുള്ള നൂറു കണക്കിന് കമന്റുകള്‍ തീവണ്ടിക്കക്കൂസ് നിലവാരത്തിലുള്ളവയാണ്. ഏതോ യുവാക്കള്‍, മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പണ്ഡിറ്റിനെ ഫോണില്‍ ബന്ധപ്പെട്ട് തെറി വിളിക്കുന്ന യു ട്യൂബ് പോസ്റിന് നാലു ലക്ഷത്തോളം ഹിറ്റുകള്‍ ലഭിച്ചു കഴിഞ്ഞു. ഈ തെറിവിളിയിലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കിലും മലയാളം ടി വി ചാനലവതാരകരും അവര്‍ ക്ഷണിച്ചു വരുത്തിയ ഏതാനും മുഖ്യധാരാ സിനിമാക്കാരും സന്തോഷ് പണ്ഡിറ്റിനെ കൊന്നു കൊലവിളിക്കുന്നതും ഇതേ മനോഭാവത്തോടെ തന്നെ. ഓവര്‍കോട്ടിട്ട് അഭിനയിക്കുകയും സ്റുഡിയോയില്‍ വന്നിരിക്കുകയും ചെയ്യുന്ന പണ്ഡിറ്റിനെ നോക്കി, ഇയാള്‍ കോട്ടിട്ടാണോ കുളിക്കുന്നത് എന്നാണ് സാള്‍ട്ട് എന്‍ പെപ്പറിലൂടെ കോമഡിക്കാരനായി എന്ന് സ്വയം വിചാരിക്കുന്ന ബാബുരാജ് ചോദിക്കുന്നത്(മനോരമ-നിയന്ത്രണരേഖ). ചാനലുകളില്‍ വാര്‍ത്ത വായിക്കുകയും ഇത്തരം സംവാദപരിപാടികളില്‍ അവതാരകരായി വിലസുകയും ചെയ്യുന്നവരോട് തിരിഞ്ഞ് ഇതു ചോദിക്കാത്തതെന്ത്? മലയാള സിനിമാ വ്യവസായം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു എന്നു വേണമെങ്കില്‍ അതിവാദപരമായി വ്യാഖ്യാനിക്കാവുന്ന രീതിയിലേക്ക്, പ്രശ്നങ്ങള്‍ ഗുരുതരമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ആത്മഹത്യക്ക് വേണ്ടി നിര്‍മിച്ചെടുത്ത് സ്വയം വിഴുങ്ങുന്ന വിഷക്കായയുടെ നിയോഗമാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമയും ടിയാന്റെ അഭിമുഖങ്ങളും എന്നും നിരീക്ഷിക്കുന്നതില്‍ അനൌചിത്യമില്ല. ഭ്രാന്തവേഗത്തിലോടിയ ഒരു ബസ് വഴിപോക്കനെ ഇടിച്ചു താഴെയിടുമ്പോള്‍, ബസിലിരിക്കുന്ന മുഴുവന്‍ ആളുകളും ആ വഴിപോക്കനെ തെറിവിളിക്കുകയാണെങ്കില്‍, അതാണിപ്പോള്‍ പണ്ഡിറ്റിനെതിരെ നടക്കുന്നത് എന്നാണ് ബി അബൂബക്കര്‍ കൃത്യമായി നിരീക്ഷിക്കുന്നത്(മലയാള്‍ ഡോട്ട് എ എം).

മലയാള സിനിമയെ താങ്കള്‍(സന്തോഷ് പണ്ഡിറ്റ്) പരിപൂര്‍ണമായി നശിപ്പിക്കരുതെന്നും, കന്നഡയിലും മറാത്തിയിലും പ്രാദേശിക സിനിമ മുഴുവനായി നശിച്ചു എന്നും ബാബുരാജ് മനോരമ-നിയന്ത്രണരേഖയില്‍ വിലപിക്കുന്നതു കണ്ടു. മറാത്തിയില്‍ ഒരിക്കലില്ലാതായ പ്രാദേശിക സിനിമ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്. അതു പോലെ, ബാബുരാജ്(മനുഷ്യമൃഗം) മുതല്‍ സന്തോഷ് പണ്ഡിറ്റ് വരെയുള്ളവര്‍ ശ്രമിച്ച് മലയാള സിനിമ(അതിന്റെ ഇപ്പോഴത്തെ അവസ്ഥ) ഇല്ലാതാക്കിയാല്‍; മലയാളികളുടെയും കേരളീയരുടെയും സ്വാഭിമാനബോധം പുതിയ മലയാള സിനിമയെ രൂപീകരിക്കുമെന്ന് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതാണ് ഇപ്പോഴത്തെ ഭീകരത അനുഭവിക്കുന്നതിലും ഭേദം.

കഴിഞ്ഞ ഏതാനും ദശകങ്ങളായി നിലനില്‍ക്കുകയും വളരുകയോ തളരുകയോ ചെയ്യുന്നതായി വിലയിരുത്തപ്പെടുകയും ചെയ്ത 'മലയാള സിനിമ' എന്നത് കേവലം ഒരു കുമിള മാത്രമായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കുമിള കുത്തിപ്പൊട്ടിച്ച മൊട്ടു സൂചിയാണ് സന്തോഷ് പണ്ഡിറ്റ്. മലയാളത്തിലിറങ്ങുന്ന ഏതു ചപ്പുചവറു സിനിമയും ലോകോത്തരം എന്ന് വിശേഷിപ്പിക്കുന്ന ചിത്രവിശേഷം, സിനിമാഡയറി, മൂവിബസാര്‍, ഫിലിം ന്യൂസ്, ഫുള്‍ ടിക്കറ്റ്, പുത്തന്‍പടം, സിനിമ ടുഡേ തുടങ്ങിയ പല പേരുകളില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടികളിലൂടെ വിശ്വാസ്യത നഷ്ടമായ ചാനലുകാര്‍ എല്ലാവരും ഒരേ പോലെ സന്തോഷ് പണ്ഡിറ്റിനെ കീറിമുറിച്ചത് തികച്ചും മനുഷ്യത്വരഹിതമായ രീതിയിലായിരുന്നു. എന്നാല്‍, ആവശ്യത്തിലധികം തൊലിക്കട്ടിയുള്ളതിനാല്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധ്യമായില്ല. ശുദ്ധാത്മാക്കള്‍ക്കു പകരം നല്ല തൊലിക്കട്ടിയുള്ളവര്‍ക്കു മാത്രമേ മലയാള സിനിമാക്കാരോടും ചാനലുകാരോടും പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണീ സംഭവം വ്യക്തമാക്കുന്നത്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാ കൊലകൊമ്പന്‍ സംഘടനകളെയും ഒറ്റക്ക് വെല്ലുവിളിച്ചാണ് പണ്ഡിറ്റ് തന്റെ സിനിമ തിയറ്ററുകളിലെത്തിച്ചത് എന്നത് അത്ഭുതകരമാണ്. ഈ സംഘടനകളെല്ലാം തന്നെ സിനിമ-വ്യവസായ-തൊഴിലാളി-കാണി വിരുദ്ധമായി വീണ്ടും മുന്നോട്ട് പോകുകയാണെങ്കില്‍ വൈകാതെ അപ്രസക്തമായിത്തീരും എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

*
ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാള സിനിമാവ്യവസായത്തിലും കേരളത്തിലെ സിനിമാശാലകളിലുമായി ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ കൂട്ടി വായിച്ചാല്‍ പിടിവിട്ട പട്ടം പോലെ കളി കാര്യമായിരിക്കുന്നു എന്നു ബോധ്യപ്പെടും. ദീപാവലി സീസണില്‍ സൂപ്പര്‍ താരങ്ങളുടേതടക്കമുള്ള പ്രധാനപ്പെട്ട റിലീസുകള്‍ മാറ്റിവെക്കേണ്ട വിധത്തില്‍ തമിഴ്, ഹിന്ദി സിനിമകളുടെ ആധിപത്യത്തിന് കേരളത്തിലെ തിയറ്ററുകള്‍ വിട്ടുകൊടുക്കേണ്ടി വന്നു. 'അന്യഭാഷാ സിനിമകള്‍ മലയാളത്തെ ആക്രമിച്ചു' എന്നൊക്കെയുള്ള അഭൂതപൂര്‍വമായ തലക്കെട്ടുകളോടെയാണ് ചില പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്. കഴിഞ്ഞ കുറച്ചു കാലമായി രൂപപ്പെട്ടു വരുന്ന കേരളം/മലയാളം എന്ന തരത്തില്‍ ഉപരിപ്ളവമായ വ്യാജാഭിമാനബോധത്തിന് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു വിദ്വേഷമനോഭാവത്തോടെ ഈ പ്രശ്നത്തെ സമീപിക്കുന്നത് ഒരു നിലക്കും ഗുണം ചെയ്യില്ല. പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നതിന് സഹകരിക്കില്ല എന്ന തിയറ്ററുടമകളിലൊരു വിഭാഗത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് മറ്റു ഭാഷകളില്‍ നിന്നുള്ള സിനിമകളും ഈ സംഘടനക്കാര്‍ക്ക് കൊടുക്കുന്നില്ലെന്ന പ്രതികാര നടപടിയാണ് വിതരണക്കാരുടെ സംഘടന സ്വീകരിച്ചത്. രണ്ടു തീരുമാനവും വേണ്ടത്ര ആലോചനയില്ലാതെയും പരസ്പരബഹുമാനമില്ലാതെയും ജനാധിപത്യബോധമില്ലാതെയും എടുത്തതാണെന്ന് വ്യക്തം. ഇപ്പോള്‍, മലയാള സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്ന തീരുമാനമെടുത്ത സംഘടനയില്‍ പെട്ട ചില തിയറ്ററുകളില്‍(ഉദാഹരണം- എറണാകുളം കവിത) ചില യുവജനസംഘടനാ പ്രവര്‍ത്തകര്‍ അക്രമം കാണിച്ചു എന്നും റിപ്പോര്‍ടുകളുണ്ട്. ഏറ്റവും അപലപനീയമായ രീതിയിലേക്കാണ് പ്രശ്നങ്ങള്‍ വഴി തിരിഞ്ഞു പോകുന്നതെന്നാണ് ഇതു കാണിക്കുന്നത്. ഏറ്റവും അവസാനം മലയാള സിനിമാ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തീരുമാനിച്ചിരിക്കുകയാണ്. സമരത്തിലില്ലാത്തത്, സാങ്കേതികവിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക്കയും അഭിനേതാക്കളുടെ സംഘടനയായ അമ്മയും മാത്രമാണ്.