Saturday, December 3, 2011

സന്തോഷ് പണ്ഡിറ്റുമാര്‍ക്ക് ആര് മണി കെട്ടും ?

ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സാങ്കേതികവിദ്യയുടെയും രംഗത്തുണ്ടായ വമ്പിച്ച പരിവര്‍ത്തനങ്ങളുടെ ഫലമായി നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ സ്വഭാവത്തിലും ധര്‍മത്തിലും വലിയ മാറ്റങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ടിന്റുമോന്‍ ഫലിതങ്ങള്‍ മുതല്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഭരണകൂട രാഷ്ട്രീയത്തെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കുന്ന പിസി ജോര്‍ജിന്റെ വിടുവായത്തംവരെ വളരെ ആഹ്ലാദപൂര്‍വം പ്രക്ഷേപിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ക്ക് വിധേയപ്പെട്ടുകൂടിയാണ് മലയാളികളുടെ പൊതുജീവിതം തുടരുന്നത്. സാഹിത്യാദികലകളില്‍നിന്ന് വ്യത്യസ്തമായി ദൃശ്യകലകള്‍ ഇന്ദ്രിയങ്ങളോട് നേരിട്ട് സംസാരിക്കുകയാണ്. ജീവിതത്തിന്റെ സകല മണ്ഡലങ്ങളെയും കീഴടക്കിയ ഈ ദൃശ്യത എന്നതുതന്നെ വള്‍ഗറാണ് എന്ന് ഫ്രെഡറിക് ജെയിംസണ്‍ ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്.

സിനിമ എന്ന മാധ്യമത്തിന്റെ സമകാലികതയെ സമീപിക്കുമ്പോള്‍ ഈ വള്‍ഗാരിറ്റി ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലാണ് തുടരുന്നത്. സിനിമയെ ആനന്ദത്തിന്റെ യന്ത്രമായിട്ടാണ് കാണേണ്ടതെന്നാണ് കോണ്‍സ്റ്റാന്റ്പെന്‍ലി അഭിപ്രായപ്പെട്ടത്. ഈ ആനന്ദയന്ത്രം ഒരു കലാമാധ്യമത്തിന്റെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് ഇന്ന് മലയാളത്തിന്റെ അഭ്രപാളികളില്‍ തുടരുന്നത്. മലയാളസിനിമയും അനുബന്ധ മാധ്യമങ്ങളും സൃഷ്ടിക്കുന്ന പഴയതും പുതിയതുമായ ചലച്ചിത്ര ബിംബങ്ങളും അവരുടെ സിനിമകളും നമ്മുടെ ആസ്വാദനക്ഷമതയെ നിരന്തരം ശൈശവവല്‍ക്കരിച്ച് ഷണ്ഡീകരിക്കുന്നുണ്ട്. കൃഷ്ണനും രാധയുമെന്ന സിനിമയുമായി നമ്മുടെ മുഖ്യധാരാ തിയേറ്ററിലേക്ക് പ്രവേശനം നേടിക്കഴിഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ ഇടം എവിടെയായിരിക്കാം. മലയാളിയുടെ ഉപരിപ്ലവമാക്കപ്പെട്ട ആസ്വാദനബോധത്തിന് ഇദ്ദേഹം ബോധപൂര്‍വം ഒരു പാരഡി ചമയ്ക്കുകയോ അതോ സ്വയം ഒരു പാരഡിയായി തീരുകയോ ?

ടെലിവിഷനും ഇന്റര്‍നെറ്റും പോലുള്ള മാധ്യമങ്ങളാണ് നമ്മുടെ ബോധാബോധങ്ങളെ പാകപ്പെടുത്തുന്നത്. ടെലിവിഷന്‍ ക്യാമറകളാല്‍ പരിഗണിക്കപ്പെടുന്ന വ്യക്തികളാണ് കലാസാംസ്കാരിക -രാഷ്ട്രീയ മേഖലയിലെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. ഒരു ജനതയെ നയിക്കാനുള്ള ശേഷിയോ പ്രതിഭയോ ഭരണരംഗത്തെ പാടവമോ നൈപുണിയോ നാടിനെക്കുറിച്ചുള്ള ക്രാന്തദര്‍ശിത്വമോ ഒന്നുമല്ല ഇന്ന് മുഖ്യധാരയില്‍ ഒരു ജനനായകനെ രൂപപ്പെടുത്തുന്നതുപോലും. മറിച്ച് ടെലിവിഷന്‍ ചാനലുകള്‍ തയ്യാറാക്കുന്ന ചാനല്‍ചര്‍ച്ചകളില്‍ സ്ഥിരം ഇരിപ്പിടം കിട്ടുന്നവരും വാദിച്ച് ജയിക്കുന്നവര്‍ക്കുമാണ് ഇന്നൊരു ജനനായകന്റെ പരിവേഷം കിട്ടിക്കൊണ്ടിരിക്കുന്നത്. ജനപ്രതിനിധിയായി താന്‍ വയനാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാനകാരണമായി എം ഐ ഷാനവാസ് ചൂണ്ടിക്കാണിച്ചത് ചാനല്‍ചര്‍ച്ചയിലെ തന്റെ സ്ഥിരം സാന്നിധ്യമാണ്. സംഗീതമേഖലയിലാകട്ടെ മ്യൂസിക് റിയാലിറ്റി ഷോകളില്‍ പെര്‍ഫോം ചെയ്യപ്പെടുന്നവരാണ് നല്ല പാട്ടുകാരും നൃത്തക്കാരുമൊക്കയായി തീരുന്നത്. ഈ പുതിയ ദൃശ്യസംസ്കാരത്തില്‍നിന്നാണ് വിപണിയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട "ഖല്‍ബാണ് ഫാത്തിമ" എന്ന ഗാനമാലപിച്ച താജുദ്ദീന്‍ വടകരയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനെന്ന് പ്രശസ്ത പോപ്പ് ഗായിക ഉഷാ ഉതുപ്പിനെക്കൊണ്ട് പറയിപ്പിച്ചത്. ഇങ്ങനെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യജ ബിംബങ്ങളും മിഥ്യാധാരണകളുമാണ് പുതിയ ഭാവുകത്വത്തെ നിയന്ത്രിക്കുന്നത്.

ഉത്തരാധുനിക സമൂഹം പ്രതിബിംബങ്ങളുടെ (ടശാൗഹമൃരമ) സമൂഹമെന്നും കാഴ്ചയുടെ സമൂഹമെന്നുമുള്ള ബോദ്രിയാറിന്റെ നിരീക്ഷണം ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. വിവരസാങ്കേതികവിദ്യ തുറന്നുവിട്ട പുതിയ ഡോട്കോം ലോകം കലാസാംസ്കാരിക മേഖലയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യം തന്നെയാണ്. ഇരുതലമൂര്‍ച്ചയുള്ള വാളായിട്ടാണ് ഇന്ന് ഇ-ലോകം പ്രവര്‍ത്തിക്കുന്നത്. മുഖ്യധാരാ അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിധിയില്‍പ്പെടാത്ത ഒട്ടനവധി എഴുത്തുകാരും കലാകാരന്മാരും ആക്ടിവിസ്റ്റുകളും ആത്മാവിഷ്കരണത്തിനുള്ള ഇടമാക്കി സൈബര്‍ സ്പേസിനെ മാറ്റുന്നുണ്ട്. അതുകൊണ്ടുതന്നെ ഒട്ടനവധി വെബ്മാഗസിനുകളും വ്യക്തിഗത ബ്ലോഗുകളും നമ്മുടെ സാമ്പ്രദായിക വായനയെ നവീകരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഹരിതകം.കോം, പുഴ.കോം, ഇന്ദുലേഖ.കോം, ബൂലോക കവിത തുടങ്ങിയ വെബ് മാഗസിനുകള്‍ എഴുത്തിലും ആസ്വാദനത്തിലും ഭാവുകത്വ വ്യതിയാനം സാധ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാകാം ബ്ലോഗ് കവിതകളുടെ ഒരു സമാഹാരം "നാലാമിടം" എന്നപേരില്‍ സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്തത്. ഇതേ സൈബര്‍ ലോകത്തുതന്നെയാണ് ആത്മാവിഷ്കാരത്തിന്റെ അതിരുകടന്ന ആത്മരതികള്‍ അരങ്ങേറുന്നത്. ഇത് പലപ്പോഴും അരോചകവും അരാജകവുമായ സാംസ്കാരിക മലിനീകരണത്തിന് കാരണമായിത്തീരാറുണ്ട്. അതിന്റെ പാരമ്യമാണ് സന്തോഷ് പണ്ഡിറ്റിന്റെ ആത്മാവിഷ്കരണങ്ങള്‍ . എന്നാല്‍ പണ്ഡിറ്റിന്റെ പരീക്ഷണങ്ങള്‍ സൈബര്‍ ലോകത്ത് അവസാനിക്കുന്നില്ല. "കൃഷ്ണനും രാധയും" എന്ന സിനിമയിലൂടെ ഇദ്ദേഹം ഇന്ന് മലയാളസിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ്.

കേരളത്തിലെ എറണാകുളം, തൃശൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളിലെ മൂന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ഈ സിനിമ തൊട്ടടുത്ത ആഴ്ചതന്നെ പതിനഞ്ചോളം തിയറ്ററുകളിലേക്ക് വ്യാപകമായി റിലീസ് ചെയ്തിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കുപോലും കിട്ടാത്ത മാധ്യമശ്രദ്ധയാണ് ആദ്യഘട്ടത്തില്‍തന്നെ ഈ സിനിമയ്ക്ക് കിട്ടിയിട്ടുള്ളത്. ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള കുടിപ്പകയും അമ്മ, ഫെഫ്ക, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ , തിയറ്റര്‍ ഉടമകള്‍ തുടങ്ങിയ സംഘടനകളുടെ സമരാഹ്വാനങ്ങള്‍ കൊണ്ടും പോര്‍വിളികൊണ്ടും സംഘര്‍ഷഭരിതമായ സവിശേഷ പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ അരങ്ങേറ്റം. ഇത് ചില സംവാദങ്ങള്‍ തുറന്നുവിടുന്നുണ്ട്. തീര്‍ച്ചയായും മലയാള സിനിമ വലിയ പ്രതിസന്ധികളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കുന്നുണ്ട്. താരങ്ങളുടെ പ്രതിഫലം, അന്യഭാഷാ ചിത്രങ്ങളുടെ കടന്നുകയറ്റം, തിയറ്ററുകളുടെ ഗുണനിലവാരമില്ലായ്മ, പ്രതിഭാധനരായ സൃഷ്ടികര്‍ത്താക്കളുടെ അഭാവം തുടങ്ങി പലവുരു ആവര്‍ത്തിക്കപ്പെട്ട രോഗകാരണങ്ങളിലാണ് ചര്‍ച്ചകളെല്ലാം മുട്ടി നില്‍ക്കുന്നത്. മുഖ്യധാരാ ചലച്ചിത്രമണ്ഡലം ജുഗുപ്സാവഹവും അരാഷ്ട്രീയവുമാണെന്ന പണ്ഡിതവ്യാഖ്യാനങ്ങളെ പരിഗണിച്ചുകൊണ്ടുതന്നെ പറയട്ടെ 1928ല്‍ വിഗതകുമാരനില്‍ തുടങ്ങിയ നമ്മുടെ സിനിമാ വ്യവസായത്തിന് ജീവവായു നല്‍കിയത് കച്ചവട സിനിമകള്‍തന്നെയാണെന്ന് തീര്‍ത്തു പറയാം. സാങ്കേതികവും കലാപരവുമായ പുതിയ പരീക്ഷണങ്ങള്‍ മലയാളത്തിലാദ്യമുണ്ടായത് ജനപ്രിയ കച്ചവട സിനിമകളിലാണ്. മാത്രമല്ല കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ജനങ്ങളുടെ പ്രിയപ്പെട്ട കലാമാധ്യമങ്ങളിലൊന്ന് സിനിമതന്നെയാണ്. അതു നിലനില്‍ക്കേണ്ടത് അനിവാര്യവുമാണ്.

പക്ഷേ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി മലയാള സിനിമകളെക്കാള്‍ പലപ്പോഴും തമിഴ് സിനിമകളാണ് തിയറ്ററുകളില്‍ നിറഞ്ഞാടുന്നത്. ഇത് ഒരു നല്ല സൂചനയല്ല. മറാത്തിയിലും ആസ്സാമിലുമൊക്കെയുള്ള ചലച്ചിത്രത്തിന്റെ സമകാലികമുഖം നമുക്കറിയാവുന്നതാണ്. വെറും ഫെസ്റ്റിവെല്‍ സിനിമകളും മറ്റും മാത്രമായി അവിടങ്ങളിലൊക്കെ ഈ മാധ്യമം ചുരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍തന്നെ ഹിന്ദി കഴിഞ്ഞാല്‍ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷയിലുള്ള സിനിമകളാണ് ടെലിവിഷന്‍ , ഇന്റര്‍നെറ്റ് തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് കീഴടങ്ങാതെ പിടിച്ചു നില്‍ക്കുന്നത്. ഇതില്‍ മലയാള സിനിമയുടെ പന്ഥാവ് ചില അപകട സൂചനകള്‍ നല്‍കുന്നുണ്ട്. 2011 ജനുവരിയില്‍ റിലീസ് ചെയ്ത "കയം" എന്ന സിനിമമുതല്‍ ഒക്ടോബര്‍ അവസാനം റിലീസ് ചെയ്യപ്പെട്ട "കൃഷ്ണനും രാധ"യുമുള്‍പ്പെടെ 76 സിനിമകളാണ് മലയാളിക്ക് ഈ വര്‍ഷം ചലച്ചിത്രമെന്ന മാധ്യമത്തിന്റെ സംഭാവന. ഇതില്‍തന്നെ ട്രാഫിക് (രാജേഷ് പിള്ള) സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ (ആഷിക് അബു) തുടങ്ങിയ സിനിമകളാണ് വലിയ വിജയം കൈവരിച്ചത്. ആദാമിന്റെ മകന്‍ അബു (സലിം അഹമ്മദ്) ഗദ്ദാമ (കമല്‍) മേല്‍വിലാസം (മാധവ് രാംദാസ്) ചാപ്പാ കുരിശ് (സമീര്‍ താഹിര്‍) വീട്ടിലേക്കുള്ള വഴി (ഡോ. ബിജു) പ്രണയം (ബ്ലസ്സി) മകരമഞ്ഞ് (ലെനിന്‍ രാജേന്ദ്രന്‍) തുടങ്ങിയ സിനിമകളാണ് നല്ല സിനിമ എന്ന ശീര്‍ഷകത്തിന് കീഴില്‍ പെടുത്താവുന്നത്. പാച്ചുവും ഗോപാലനും, ലക്കി ജോക്കേഴ്സ്, മഹാരാജ ടാക്കീസ്, സര്‍ക്കാര്‍ കോളനി, കുടുംബശ്രീ ട്രാവല്‍സ്, ആഴക്കടല്‍ തുടങ്ങിയ പേരുകളില്‍ നിര്‍മിക്കപ്പെട്ട അറുപതില്‍കൂടുതല്‍ ചിത്രങ്ങള്‍ ശരാശരിക്കും താഴെയാണ്. മലയാള സിനിമയെ അടക്കിഭരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ മിക്കതും കച്ചവട സിനിമാക്കാര്‍ക്കോ കലാസിനിമക്കാര്‍ക്കോ പ്രതീക്ഷക്ക് ഒട്ടും വക നല്‍കുന്നതായിരുന്നില്ല.

2011ല്‍ തന്നെ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളായ ഡബ്ള്‍സ്, ആഗസ്ത് 15, ദ ട്രെയിന്‍ , ബോംബെ മാര്‍ച്ച് 12, സുരേഷ്ഗോപി ചിത്രങ്ങളായ കലക്ടര്‍ , വെണ്‍ശംഖുപോല്‍ , ദിലീപിന്റെ ഫിലിംസ്റ്റാര്‍ , ഓര്‍മമാത്രം, പൃഥ്വിരാജിന്റെ തേജാഭായി, സിറ്റി ഓഫ് ഗോഡ്, അര്‍ജുനന്‍ സാക്ഷി, ജയറാമിന്റെ ഉലകം ചുറ്റും വാലിബന്‍ , കുടുംബശ്രീ ട്രാവല്‍സ് തുടങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെല്ലാം തികഞ്ഞ പരാജയമായിരുന്നു. വിജയിച്ച ചിത്രങ്ങളായ ചൈനാടൗണും ക്രിസ്ത്യന്‍ ബ്രദേഴ്സും മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെന്ന കാരണത്താല്‍ ജനം കയറിയതായിരുന്നു. ഷാജി കൈലാസ് (ഓഗസ്ത് 15) സിബി മലയില്‍ (വയലിന്‍) വിജി തമ്പി (നാടകമേ ഉലകം) ഫാസില്‍ (ലിവിങ് ടുഗെദര്‍) തുടങ്ങിയ പഴയ ഹിറ്റ് മേക്കര്‍മാര്‍ക്കും അടിതെറ്റി. എന്നിട്ടും വ്യാപാരസിനിമയുടെ തലതൊട്ടപ്പന്മാര്‍ എന്ന ശീര്‍ഷകത്തിനുകീഴില്‍ ഇവരെയൊക്ക അണിനിരത്തുന്നതിന്റെ യുക്തി ജനപ്രിയ സിനിമ സൃഷ്ടിക്കുന്ന വ്യാജ വലയത്തിനകത്തുനിന്ന് പുറത്തുകടന്ന് പ്രേക്ഷകര്‍ തന്നെ വിചാരണ ചെയ്യട്ടെ. എന്നാല്‍ ജനപ്രിയ സിനിമയില്‍ മാമോദിസ മുക്കിയിറങ്ങിയ സഞ്ജീവ്രാജ് (ഫിലിംസ്റ്റാര്‍) എം എസ് മണി (സാന്‍വിച്ച്) കുക്കു സുരേന്ദ്രന്‍ (റൈസ്) കെ ബിജു (ഡോക്ടര്‍ ലവ്) കിരണ്‍ (കുടുംബശ്രീ ട്രാവല്‍സ്) തുടങ്ങിയവരുടെ സൃഷ്ടികള്‍ക്കും ജനപ്രിയ സിനിമക്ക് ജീവവായു നല്‍കാന്‍ കഴിഞ്ഞില്ല. പഴയതും പുതിയതുമായ സംവിധായകരും സൂപ്പര്‍സ്റ്റാറുകളും സ്റ്റാറുകളും മലയാള സിനിമക്ക് വന്നുപെട്ട ഈ അപചയത്തിന് ഒരുപോലെ കാരണക്കാരാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സി-ബി ക്ലാസ് തിയറ്ററുകള്‍ നാട്ടിന്‍പുറത്തുനിന്ന് അപ്രത്യക്ഷമായെങ്കില്‍ വന്‍ നഗരങ്ങളില്‍ ഇന്ന് എ ക്ലാസ് തിയറ്ററുകള്‍ ഷോപ്പിങ് കോംപ്ലക്സുകളായി മാറിത്തുടങ്ങിയിട്ടുണ്ട്. ഒരു കല എന്ന നിലയിലും വ്യവസായമെന്ന നിലയിലും സിനിമയുടെ ഭാവിസാധ്യതകളുടെ ആശങ്കയുടെ ബാക്കിപത്രമാണ് ഈ ചുവടുമാറ്റം. നിലനില്‍ക്കുന്ന തിയറ്ററുകളാകട്ടെ സമരഭൂമിയിലുമാണ്. ഇങ്ങനെ ചിന്നഭിന്നമായിത്തുടങ്ങുന്ന മലയാള സിനിമയുടെ മുഖ്യധാരയിലേക്കാണ് ഇന്റര്‍നെറ്റിന്റെയും ജനപ്രിയ വ്യാകരണത്തിന്റെയും നൂതന വഴിയിലൂടെ "നെഗറ്റീവ് സിനിമ" എന്ന പരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റെന്ന യുവാവ് പുതിയ ചൂണ്ടയെറിയുന്നത്.

മലയാളഭാഷയെന്ന പ്രാദേശിക സിനിമയില്‍ തുടങ്ങിയ ഇദ്ദേഹത്തിന്റെ നെഗറ്റീവ് സിനിമയുടെ ജനപ്രിയത അതിവേഗം അന്തര്‍ദേശീയമായി തീര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്യങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കുമെല്ലാം പൊതുമണ്ഡലത്തില്‍ പരിഹാസ്യമായ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. യൂ ട്യൂബ് വഴി ലോകത്തെവിടെയുമുള്ള മലയാളികള്‍ കൃഷ്ണനും രാധയുമെന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഗാനരംഗങ്ങളും സന്തോഷിന്റെ ഇന്റര്‍വ്യൂകളും ഡൗണ്‍ലോഡ് ചെയ്തുകൊണ്ടേയിരിക്കുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെ സന്ദര്‍ശിക്കപ്പെടുന്ന മലയാളി യുവാവ് ഇദ്ദേഹമാണ്. ഓരോ മലയാളിയുടെ മൊബൈലിലും ഇയാളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ സേവ് ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പ്രിന്റഡ് മീഡിയയുടെയും മറ്റും സഹായമില്ലാതെതന്നെയാണ് ഇയാള്‍ റസൂല്‍ പൂക്കുട്ടിയേക്കാള്‍ വേഗത്തില്‍ മലയാളിയുടെ ഇടയില്‍ തിരിച്ചറിയപ്പെട്ടത്.

സൃഷ്ടികര്‍ത്താവ് സൃഷ്ടിയേക്കാള്‍ വേഗത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. യൂട്യൂബിലെ ഇദ്ദേഹത്തിന്റെ ദൃശ്യങ്ങളിലേക്കുള്ള ഒരു ക്ലിക്കിന് 4 രൂപവച്ച് ഇദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വസ്തുത. ഒരു മാസംകൊണ്ടുതന്നെ 25 ലക്ഷത്തോളം മലയാളികള്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങളെപ്പോലും പണമാക്കി മാറ്റുന്ന വിനോദ വ്യവസായത്തിന്റെ പുതിയ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ ഈ മലയാളിക്ക് കഴിയുന്നുണ്ട്. കീഴാളത, പ്രാദേശികത, പാസ്റ്റിഷ്, വിരുദ്ധോക്തികള്‍ തുടങ്ങിയ ഉത്തരാധുനിക സൈദ്ധാന്തിക ന്യായങ്ങള്‍ നിരത്തി ഇദ്ദേഹത്തിന്റെ ഇടപെടലുകളെ ന്യായീകരിക്കുന്നവരുണ്ട്. എന്നാല്‍ ചലച്ചിത്രമണ്ഡലത്തില്‍നിന്നുള്ള നിരൂപണങ്ങളും വിമര്‍ശനങ്ങളും മറ്റൊരു തരത്തിലാണ്. മലയാള സിനിമയില്‍ പുതിയൊരു മാനസികരോഗി ഇറങ്ങിയിരിക്കുന്നു എന്നും കേരളം അദ്ദേഹത്തെ ഏറ്റെടുത്തതിലാണ് തന്റെ ദുഃഖമെന്നും നടന്‍ മാമുക്കോയ അഭിപ്രായപ്പെട്ടിട്ടുണ്ട്. താനും തന്റെ സഹപ്രവര്‍ത്തകരും സമീപകാലത്ത് ചെയ്തുപോരുന്ന സിനിമാ കോമാളിത്തരങ്ങളില്‍ മാമുക്കോയക്ക് തെല്ലും ദുഃഖമില്ലത്രെ. മുഖ്യധാര ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കലാകാരന്മാര്‍ക്കും സന്തോഷ് പണ്ഡിറ്റ് ഉണ്ടാക്കുന്ന മാലിന്യം താങ്ങാന്‍ പറ്റുന്നില്ലത്രെ. ചലച്ചിത്രകലയെ മലീമസമാക്കുന്നുവെന്ന് പറഞ്ഞ് മുഖ്യധാരാ ചലച്ചിത്രപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനുനേരെ തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങള്‍ യഥാര്‍ഥത്തില്‍ ഇവര്‍ നേരത്തെ ഏറ്റുവാങ്ങേണ്ടതാണ്. ഇവരുടെ വിമര്‍ശനങ്ങള്‍ ചില ചോദ്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. കാരണം സമകാലിക മുഖ്യധാരാ മലയാള സിനിമയുടെ ഉള്ളടക്കത്തെയും പരിചരണത്തെയുംകുറിച്ച് പ്രാഥമിക ബോധമുള്ള മലയാളി പ്രേക്ഷകര്‍ക്ക് സന്തോഷ് പണ്ഡിറ്റ് ഏതെങ്കിലും തരത്തിലുള്ള വലിയ അത്ഭുതങ്ങള്‍ ചെയ്തതായി തോന്നുകയില്ല. അത്രമാത്രം പരിഹാസ്യമല്ലേ മലയാള സിനിമയുടെ പുതിയ മുഖം. ഈ പരിഹാസ്യത തന്റെ ആദ്യ ചിത്രത്തില്‍ തുടങ്ങി എന്ന കുറ്റം മാത്രമേ സന്തോഷ് പണ്ഡിറ്റ് ചെയ്തിട്ടുള്ളൂ.

ജനപ്രിയ സിനിമ എന്ന പേരില്‍ മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ദിലീപുമൊക്കെ കാണിക്കുന്ന "കലാവൈദഗ്ധ്യവും" സന്തോഷ്പണ്ഡിറ്റിന്റെ ആദ്യ സിനിമയിലെ കലാവൈദഗ്ധ്യവും തമ്മില്‍ വേര്‍തിരിക്കുവാന്‍ കഴിയില്ല. അത്രമാത്രം അലിഞ്ഞുചേര്‍ന്നിട്ടുണ്ട് ഈ കോപ്രായങ്ങള്‍ . മലയാളസിനിമയില്‍ തഴക്കവും പഴക്കവുംചെന്ന സൂപ്പര്‍സ്റ്റാര്‍ "പണ്ഡിറ്റുകള്‍" ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മുറിവുകളെ പുതിയ ഈ പണ്ഡിറ്റ് ആഴമുള്ളതാക്കിതീര്‍ത്തുവെന്നേയുള്ളൂ. മോഹന്‍ലാല്‍ എന്ന നടന്റെയടുത്ത് പുതിയ പ്രോജക്ടുകളുമായി സമീപിക്കാന്‍പോലും കൂടെയുള്ള ഉപഗ്രഹങ്ങള്‍ സമ്മതിക്കുന്നില്ലെന്ന് ഈയിടെ സംവിധായകന്‍ രഞ്ജിത്ത് അഭിപ്രായപ്പെടുകയുണ്ടായി. മാത്രമല്ല സംവിധായകരുടെ മനസ്സിലുള്ള സിനിമ സ്വതന്ത്രമായി സാക്ഷാത്കരിക്കാന്‍ ഈ ഉപഗ്രഹങ്ങള്‍ സമ്മതിക്കാറില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

രാവണപ്രഭു എന്ന സിനിമയെടുക്കുമ്പോള്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു നാഷണല്‍ ഹൈവേയില്‍ വച്ച് ഡിവൈഎസ്പിയെ നായകനായ മോഹന്‍ലാല്‍ തല്ലുന്ന സീന്‍ ചിത്രീകരിച്ചത് എന്ന് രഞ്ജിത്ത് ഈയടുത്ത് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാള സിനിമ പ്രതിസന്ധിയിലായാലും ഇല്ലെങ്കിലുമൊക്കെ ഇനിയുള്ള കാലം നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം അവര്‍ക്ക് പരസ്യചിത്രങ്ങളിലും ഉദ്ഘാടനസദസ്സുകളിലും മറ്റു ബിസ്സിനസ്സുകളിലുമേര്‍പ്പെട്ട് മുന്നോട്ട് പോകുകതന്നെ ചെയ്യാം. ഇതിനിടയില്‍ തമിഴില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ പ്രേക്ഷകരേയും താരാരാധകരേയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോടികള്‍ തന്നാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് കമലഹാസന്‍ , രജനീകാന്ത് തുടങ്ങിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകള്‍ പ്രഖ്യാപിച്ചത് ഈയടുത്താണ്. നാഷണല്‍ ബ്രാന്‍ഡുകളും ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളും കോടികള്‍ക്കൊണ്ട് സമീപിച്ചിട്ടും അതിനെയൊക്കെ നിരാകരിച്ച് ഇത്തരമൊരു തീരുമാനമെടുത്തു. മലയാളത്തിലെത്ര താരങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കഴിയും.

തമിഴില്‍ സമീപകാലത്ത് വന്‍ വിജയം നേടിയ സിനിമകളൊന്നും താരപരിവേഷത്താലോ അമ്പരപ്പിക്കുന്ന നൃത്തഗാന സംഘട്ടനരംഗങ്ങളാലോ നെടുങ്കന്‍ സംഭാഷണത്താലോ ആയിരുന്നില്ല ശ്രദ്ധിക്കപ്പെട്ടത്. "എങ്കേയും എപ്പോതും", "അങ്ങാടിത്തെരുവ്" തുടങ്ങിയ വന്‍ വിജയം നേടിയ സമീപകാല തമിഴ് സിനിമകളിലൊക്കെ മലയാള സിനിമ എന്നോ കൈയൊഴിഞ്ഞ ജീവിതയാഥാര്‍ഥ്യങ്ങളെ തന്മയത്വത്തോടെ ആവിഷ്കരിക്കുകയായിരുന്നു. പരിചരണരീതിയിലും സാങ്കേതിക മേഖലയിലും ഇവര്‍ പുലര്‍ത്തുന്ന നൂതനത്വവും സൂക്ഷ്മതയും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് പാഠമാകേണ്ടതാണ്. സാങ്കേതികവൈദഗ്ധ്യത്തിന്റെ സാധ്യതകള്‍ മലയാളത്തിലെ ജനപ്രിയ സിനിമകള്‍ ഭാവനാപരമായി ഉപയോഗിക്കുന്നില്ലാ എന്ന തമിഴ് സംവിധായകനായ വെട്രിമാരന്റെ അഭിപ്രായം ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന പല സാങ്കേതിക വിദഗ്ധരും മലയാളികളാണ് എന്നതും അവരെല്ലാംതന്നെ മലയാളസിനിമക്ക് പുറത്താണ് താന്താങ്ങളുടെ കൈയൊപ്പ് ചാര്‍ത്തിയത് എന്നതും പ്രധാന വസ്തുതയാണ്. സന്തോഷ് തുണ്ടിയില്‍ , രാജീവ് രവി, റസൂല്‍ പൂക്കുട്ടി, അമല്‍ നീരദ് തുടങ്ങിയവരെയൊക്കെ മലയാള സിനിമ തിരിച്ചറിഞ്ഞത് അന്യഭാഷകളിലെ അവരുടെ പ്രകടനം വഴിയായിരുന്നു. തേജാഭായി എന്ന തട്ടുപൊളിപ്പന്‍ സിനിമയുടെ യുക്തിരാഹിത്യത്തെക്കുറിച്ചും വളിപ്പന്‍ തമാശകളെക്കുറിച്ചും ഒരു ടെലിവിഷന്‍ അവതാരകന്‍ പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ഓണം പോലുള്ള ആഘോഷവേളകളില്‍ മലയാളികള്‍ക്ക് ആസ്വദിക്കാനുള്ള ഒരു ഫെസ്റ്റിവെല്‍ സിനിമയായി മാത്രം കണ്ടാല്‍ മതി എന്നാണ് പ്രേക്ഷകന് തന്ന സദുപദേശം.

പണവും നല്ല സാങ്കേതിക വിദഗ്ധരും കലാകാരന്മാരുമുള്ള ഒരു സ്ഥലത്തുനിന്ന് തേജാഭായി പോലുള്ള ഒരു സിനിമ നിര്‍മിച്ച് ചലച്ചിത്രമെന്ന പേരില്‍ മലയാളികള്‍ക്ക് കൊടുക്കാമെങ്കില്‍ ഇതൊന്നും കൈയിലില്ലാത്ത ഒരാള്‍ ഈയൊരു ജനപ്രിയ മാധ്യമത്തോടും അതിന്റെ ലീലാവിലാസങ്ങളോടും തോന്നിയ ഒരു കൗതുകത്തിന്റെ പേരില്‍ കൃഷ്ണനും രാധയുംപോലുള്ള സിനിമകള്‍ സൃഷ്ടിച്ചെങ്കില്‍ അതിലെന്തിനാണ് മുഖ്യധാരാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഇത്രയധികം പൊള്ളുന്നത്.

ഞങ്ങള്‍ പ്രേക്ഷകര്‍ സമീപകാല മലയാള സിനിമകള്‍ കണ്ട് നേരത്തെതന്നെ തൊലിയുരിക്കപ്പെട്ടവരാണ്. എന്തായാലും താരങ്ങളുടെയും സൂപ്പര്‍സ്റ്റാറുകളുടേയും ആത്മരതികള്‍ക്ക് കാരണമായിത്തീരുന്ന തരത്തില്‍ മാത്രമാണ് ഇനിയും മലയാള സിനിമകള്‍ തുടരുന്നതെങ്കില്‍ തീര്‍ച്ചയായും ഈയൊരു കലാവ്യവസായത്തിന്റെ ഭാവി സന്തോഷ് പണ്ഡിറ്റുമാരില്‍ അവസാനിക്കും. കാരണം ഇദ്ദേഹം ജഗ്ഗുബായി എന്ന ചോക്കലേറ്റ് ബായി, കാളിദാസന്‍ കവിതയെഴുതുകയാണ് എന്നീ രണ്ടു മലയാള സിനിമകളുടെ കൂടി പണിപ്പുരയിലാണിപ്പോള്‍ . അതുകൂടി മലയാളികള്‍ കാണേണ്ടി വരും. പ്രേക്ഷകര്‍ ഇപ്പോള്‍തന്നെ കൃഷ്ണനും രാധയുമെന്ന സിനിമയെ കൂവിത്തോല്‍പ്പിച്ച് വിജയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത് വലിയ അപകട സൂചനയാണെന്നതില്‍ തര്‍ക്കമില്ല. സന്തോഷ് പണ്ഡിറ്റ് എന്ന ഈ "നാര്‍സിസ്റ്റ്" നാളത്തെ ചലച്ചിത്രലോകത്തില്‍ എങ്ങനെയായിരിക്കും അടയാളപ്പെടുത്തുക എന്നത് കാണാനിരിക്കുന്നതേയുള്ളൂ. മലയാള സിനിമയിലെ ഭാവുകത്വ പ്രതിസന്ധിയും ഭാവനാ പ്രതിസന്ധിയും എത്രമാത്രം തീവ്രമാണെന്ന് തിരിച്ചറിയാന്‍ മലയാളിയെ പ്രേരിപ്പിച്ചതിന് മലയാളികളും ചലച്ചിത്രസമൂഹവും സന്തോഷ് പണ്ഡിറ്റിനോട് നന്ദി പറയേണ്ടതുണ്ട്.

*
വി കെ ജോബിഷ്, റിയാസ് കളരിക്കല്‍ ദേശാഭിമാനി വാരിക 03 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിനിമ എന്ന മാധ്യമത്തിന്റെ സമകാലികതയെ സമീപിക്കുമ്പോള്‍ ഈ വള്‍ഗാരിറ്റി ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലാണ് തുടരുന്നത്. സിനിമയെ ആനന്ദത്തിന്റെ യന്ത്രമായിട്ടാണ് കാണേണ്ടതെന്നാണ് കോണ്‍സ്റ്റാന്റ്പെന്‍ലി അഭിപ്രായപ്പെട്ടത്. ഈ ആനന്ദയന്ത്രം ഒരു കലാമാധ്യമത്തിന്റെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് ഇന്ന് മലയാളത്തിന്റെ അഭ്രപാളികളില്‍ തുടരുന്നത്. മലയാളസിനിമയും അനുബന്ധ മാധ്യമങ്ങളും സൃഷ്ടിക്കുന്ന പഴയതും പുതിയതുമായ ചലച്ചിത്ര ബിംബങ്ങളും അവരുടെ സിനിമകളും നമ്മുടെ ആസ്വാദനക്ഷമതയെ നിരന്തരം ശൈശവവല്‍ക്കരിച്ച് ഷണ്ഡീകരിക്കുന്നുണ്ട്. കൃഷ്ണനും രാധയുമെന്ന സിനിമയുമായി നമ്മുടെ മുഖ്യധാരാ തിയേറ്ററിലേക്ക് പ്രവേശനം നേടിക്കഴിഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ ഇടം എവിടെയായിരിക്കാം. മലയാളിയുടെ ഉപരിപ്ലവമാക്കപ്പെട്ട ആസ്വാദനബോധത്തിന് ഇദ്ദേഹം ബോധപൂര്‍വം ഒരു പാരഡി ചമയ്ക്കുകയോ അതോ സ്വയം ഒരു പാരഡിയായി തീരുകയോ ?