Tuesday, January 3, 2012

പോംവഴി മാര്‍ക്സിസത്തിലൂടെ

മനുഷ്യസമൂഹത്തിന്റെ പുരോഗതി സാധ്യമാക്കുന്ന ആശയങ്ങള്‍ തടസ്സങ്ങളില്ലാത്ത നേര്‍വഴികളിലൂടെ മാത്രം മുന്നേറുന്നവയല്ല. നിരവധി പ്രതിരോധങ്ങളെ മറികടന്നും വൈരുധ്യങ്ങളുടെ കുരുക്കഴിച്ചുകൊണ്ടുമാണ് മനുഷ്യസമൂഹം പുതിയ ഘട്ടങ്ങളില്‍ എത്തിച്ചേരുന്നത്. ഈ യാത്രയില്‍ പല അപചയവും സംഭവിക്കുന്നു. അപചയങ്ങള്‍ക്ക് ധൈഷണികമായി അടിമപ്പെടാതെ നൂതനമായ പോംവഴികള്‍ക്കുവേണ്ടിയുള്ള ക്രിയാത്മകമായ ശ്രമങ്ങള്‍ സ്വായത്തമാക്കുകയാണ് പൊതുവെ സാമൂഹ്യപരിശ്രമങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. പക്ഷേ, അതൊരു തുടര്‍ക്കഥയല്ലതാനും. നിരന്തരമായ സാമൂഹ്യസംവേദനങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ചരിത്രം. ഈ പ്രക്രിയയില്‍ അനിതരസാധാരണമായ മാറ്റങ്ങള്‍ ആവശ്യമുള്ള ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തത്തെയാണ് മനുഷ്യസമൂഹം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന കാര്യം വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. കഴിഞ്ഞുപോയ നൂറ്റാണ്ടിനെ സംഘര്‍ഷഭരിതമായ കാലഘട്ടമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം തകര്‍ന്നപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയനേതാക്കള്‍ അതിനെ തങ്ങളുടെ വിജയമായാണ് നോക്കിക്കണ്ടത്. അതായത് മുതലാളിത്തത്തിന്റെ വിജയവും സോഷ്യലിസത്തിന്റെ പരാജയവും. മാര്‍ക്സിസത്തിന്റെ അപര്യാപ്തതയുടെ ഉദാഹരണമായാണ് ചിലര്‍ ഇതിനെ വ്യാഖ്യാനിച്ചത്. മാര്‍ക്സിസം കാലഹരണപ്പെട്ട തത്വസംഹിതയാണെന്ന നിഗമനത്തിലാണ് മുതലാളിത്ത രാഷ്ട്രീയനേതൃത്വവും ബുദ്ധിജീവികളും എത്തിച്ചേര്‍ന്നത്. മാര്‍ക്സിസത്തോടുള്ള പൊതുബോധത്തെ അതു ബാധിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരും സ്വതന്ത്ര ബുദ്ധിജീവികളും സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സംഭവിച്ച തിരിച്ചടിയെ മാര്‍ക്സിസത്തിന്റെ അപര്യാപ്തതയായി പെരുപ്പിച്ചുകാണിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു; അവരില്‍ പലര്‍ക്കും മാര്‍ക്സിസത്തിന്റെ അപാരമായ വിജ്ഞാനസമ്പത്ത് അപരിചിതമായിരുന്നെങ്കിലും. പക്ഷേ, ലോകത്തെമ്പാടും മാര്‍ക്സിസ്റ്റ് തത്വസംഹിതയോടുള്ള ധൈഷണിക താല്‍പ്പര്യത്തില്‍ കാര്യമായ കുറവൊന്നുമുണ്ടായില്ല.

അമേരിക്കന്‍ സര്‍വകലാശാലകളുള്‍പ്പെടെ ലോകത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ക്സിസം പഠനവിഷയമായി തുടര്‍ന്നുപോന്നു. ഇന്ന് അന്തര്‍ദേശീയ നിലവാരത്തില്‍ അറിയപ്പെടുന്ന എല്ലാ സാമൂഹ്യശാസ്ത്രജ്ഞരുടെയും ചിന്താമണ്ഡലത്തില്‍ മാര്‍ക്സിസം സ്വാധീനം ചെലുത്തി; യോജിച്ചോ വിയോജിച്ചോ. അതായത് ഗൗരവപൂര്‍വമായ ധൈഷണിക വ്യവഹാരങ്ങളില്‍ മാര്‍ക്സിസത്തിന്റെ സാന്നിധ്യം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പരാജയത്തിനുശേഷവും നിലനിന്നു എന്നര്‍ഥം. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും പതനം മാര്‍ക്സിസത്തിന്റെ പതനമായിരുന്നില്ല. മാര്‍ക്സിസം ഭരണവ്യവസ്ഥയല്ല; മനുഷ്യസമൂഹത്തിന്റെ പരിണാമപ്രക്രിയ വിശദീകരിക്കുന്ന ശാസ്ത്രീയ തത്വസംഹിതയാണ്. ടെറി ഈഗിള്‍ട്ടണ്‍ പറഞ്ഞതുപോലെ മാര്‍ക്സിന്റെ ആശയങ്ങള്‍ സൂചിപ്പിക്കുന്നത് സാമൂഹ്യ-രാഷ്ട്രീയ സാധ്യതകളെയാണ്. ആ സാധ്യതകളുടെ ജയപരാജയങ്ങള്‍ മറ്റു പല ഘടകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സോഷ്യലിസത്തിന് നേരിട്ട അപചയത്തിനുശേഷം "മുതലാളിത്തവസന്ത"മാണ് ഉണ്ടാകാന്‍ പോകുന്നതെന്ന പൊതുധാരണ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ഫ്രാന്‍സിസ് ഫുക്കുയാമയെയും സാമുവല്‍ ഹണ്ടിങ്ടനെയും പോലെയുള്ളവരാണ് ഈ ആശയത്തിന്റെ വക്താക്കളായി രംഗത്തെത്തിയത്. അവരുടെ അനുയായികള്‍ മുതലാളിത്തത്തിന്റെ വീരഗാഥകളുമായി എല്ലാ രാജ്യത്തും ജൈത്രയാത്ര നടത്തി. മുതലാളിത്തത്തിന് ഉദാരമുഖമുണ്ടെന്നും സാമൂഹ്യ അസമത്വത്തിന് മുതലാളിത്തത്തിനു മാത്രമേ പ്രതിവിധി കണ്ടെത്താന്‍ കഴിയൂ എന്നും അവര്‍ വാദിച്ചു. ആഗോളവല്‍ക്കരണം മുതലാളിത്തവികസനത്തിന്റെ ഗുണഭോക്താക്കളായി ദരിദ്രരാജ്യങ്ങളെയാകെ മാറ്റിത്തീര്‍ക്കുമെന്നും അവകാശപ്പെട്ടു. അതായത് മുതലാളിത്തത്തിന്റെ ന്യായീകരണത്തിനായി എല്ലാവിധ തന്ത്രവും പുറത്തെടുത്തു എന്നര്‍ഥം.

പക്ഷേ, ഇതൊരു കെട്ടുകഥയായാണ് ഇന്ന് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം ഇതില്‍നിന്ന് എത്രയോ വ്യത്യസ്തമാണ്. ആഗോളവല്‍ക്കരണം മുതലാളിത്ത ചൂഷണവ്യവസ്ഥയുടെ പുതിയ മുഖമായാണ് പ്രത്യക്ഷപ്പെട്ടത്. ബഹുഭൂരിപക്ഷത്തിന്റെയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയല്ല, മോശമാവുകയാണുണ്ടായത്. ഇന്ത്യയില്‍ 80 ശതമാനം അര്‍ധപട്ടിണിക്കാരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ കാണിക്കുന്നു. ചെറിയ ന്യൂനപക്ഷത്തിന്റെ അവസ്ഥയില്‍ മാത്രമാണ് ഗുണപരമായ മാറ്റമുണ്ടായിട്ടുള്ളത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യം വലിയതോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിച്ചിരിക്കുന്നു. ഋണബാധ്യതയില്‍ കുടുങ്ങിയിരിക്കുകയാണ് സാധാരണക്കാരായ ജനങ്ങളാകെ. അതുകൊണ്ട് മിക്കവാറും എല്ലാ രാജ്യത്തും സാമ്പത്തികവും രാഷ്ട്രീയവുമായ അസംതൃപ്തി തീക്ഷ്ണമായിക്കൊണ്ടിരിക്കുന്നു. അതില്‍നിന്ന് ഉടലെടുത്ത പ്രകടനങ്ങള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഇതൊരു പുതിയ യുഗത്തിന്റെ നാന്ദിയായി പരിണമിക്കുമോ എന്നതാണ് ലോകം ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന സ്ഥിതിവിശേഷം. ഇടതുപക്ഷസ്വഭാവമുള്ള, മാര്‍ക്സിസത്തില്‍നിന്ന് സൈദ്ധാന്തികമായ പ്രചോദനം ഉള്‍ക്കൊള്ളുന്ന, രാഷ്ട്രീയ സാമ്പത്തികവ്യവസ്ഥ സംജാതമാകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി വ്യക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. കാരണം, വിഖ്യാത ചരിത്രകാരനായ എറിക് ഹോബ്സ്ബോം പറഞ്ഞപോലെ, "ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രശ്നങ്ങള്‍ക്ക്, സാമ്പത്തിക-രാഷ്ട്രീയ ഉദാരശീലത്വത്തിന്, ഒറ്റയ്ക്കോ കൂട്ടായോ പോംവഴി കണ്ടുപിടിക്കാനാകുകയില്ല. മാര്‍ക്സിനെ ഗൗരവപൂര്‍വം മനസ്സിലാക്കേണ്ട സന്ദര്‍ഭമാണ് ഇത്!"

ഈ കാലഘട്ടത്തില്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന മൂന്ന് പ്രവണത തിരിച്ചറിയാന്‍ കഴിയും. അമേരിക്കന്‍ സഹായത്തോടെ ഭരണം നടത്തിയിരുന്ന ലാറ്റിനമേരിക്കന്‍ സ്വേച്ഛാധിപതികള്‍ക്കെതിരായ ബഹുജനമുന്നേറ്റം; അറബ്രാജ്യങ്ങളിലെ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; മുതലാളിത്തത്തിനെതിരായ ലോകവ്യാപകമായ പ്രകടനങ്ങള്‍ . ലാറ്റിന്‍ അമേരിക്കയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളില്‍നിന്നും അമേരിക്കന്‍ ദല്ലാളുകളായിരുന്ന ഭരണാധികാരികള്‍ പുറന്തള്ളപ്പെട്ടുകഴിഞ്ഞു. വെനസ്വേലയിലും നിക്കരാഗ്വയിലും ചിലിയിലും അര്‍ജന്റീനയിലുമൊക്കെ ജനാധിപത്യസ്വഭാവമുള്ള ഭരണങ്ങള്‍ നിലവില്‍വന്നു. "അറബ്വസന്തം" സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അനുകൂലമായ കാഹളം മുഴക്കിക്കഴിഞ്ഞു. മുതലാളിത്തത്തിനും ആഗോളവല്‍ക്കരണത്തിനും എതിരെ മിതമായ രീതിയില്‍ ന്യൂയോര്‍ക്കില്‍ തുടങ്ങിയ പ്രകടനങ്ങള്‍ ലോകത്തെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. "മുതലാളിത്തത്തെ തൂത്തെറിയുക" എന്നതാണ് ഈ പ്രകടനക്കാര്‍ മുഴക്കുന്ന മുദ്രാവാക്യം. മുതലാളിത്തം പ്രതിസന്ധിയിലാണോ എന്നതിനെക്കുറിച്ച് ആര്‍ക്കും സംശയത്തിനിടയില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണമാറ്റത്തിനു പിന്നിലും മുതലാളിത്തവിരുദ്ധ കാഴ്ചപ്പാടുകള്‍ സ്വാധീനം ചെലുത്തിയതായി കാണാം. ഈ പ്രതിരോധപ്രസ്ഥാനങ്ങളുടെയെല്ലാം സ്വഭാവത്തിലും ലക്ഷ്യങ്ങളിലും പല വ്യത്യാസങ്ങളുമുണ്ട്. പക്ഷേ, ഇവയിലെല്ലാം പൊതുവായ സ്വഭാവം ഇടതുപക്ഷസ്വാധീനമാണ്. ആഗോളവല്‍ക്കരണത്തില്‍ അധിഷ്ഠിതമായ മുതലാളിത്തം സാമൂഹ്യപുരോഗതിക്ക് ഗുണപ്രദമല്ലെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു പോംവഴിയായി പരിഗണിക്കപ്പെടുന്നത് മാര്‍ക്സ് നിര്‍ദേശിച്ച പാതയാണ്; ആ പാതയെക്കുറിച്ചുള്ള ധാരണയും സങ്കല്‍പ്പവും വളരെ വ്യത്യസ്തമാണെങ്കില്‍ക്കൂടി. അതുകൊണ്ടാണ് മാര്‍ക്സിസത്തെക്കുറിച്ചുള്ള ഗൗരവപൂര്‍വമായ ചര്‍ച്ചകള്‍ക്ക് പ്രചാരവും പ്രാധാന്യവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലണ്ടനില്‍ നടക്കുന്ന മാര്‍ക്സിസ്റ്റ് വാര്‍ഷികാഘോഷങ്ങളിലും അമേരിക്കയിലെ മാര്‍ക്സ് സെമിനാറിലും മാര്‍ക്സിസ്റ്റുകളല്ലാത്തവരുടെയും പങ്കാളിത്തമുണ്ടാകുന്നത്. മാര്‍ക്സ് ശരിയായിരുന്നു എന്ന് ഇന്നു പറയുന്നത് ടെറി ഈഗിള്‍ട്ടനെപ്പോലുള്ള മാര്‍ക്സിസ്റ്റ് പണ്ഡിതന്മാര്‍ മാത്രമല്ല, മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ പോലും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ് അത്.

മനുഷ്യസമൂഹത്തിന്റെ പരിണാമപ്രക്രിയയെ സൈദ്ധാന്തവല്‍ക്കരിക്കുന്നതില്‍ മാര്‍ക്സിസത്തേക്കാള്‍ ശാസ്ത്രീയമായ ഒരു വിശകലനപദ്ധതി സാമൂഹ്യശാസ്ത്രത്തിലില്ല. കാരണം മാര്‍ക്സിസം സമഗ്രമായ ഒരു കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാട് സാമ്പത്തികോല്‍പ്പാദനത്തെയും പ്രത്യയശാസ്ത്ര സ്വാധീനത്തെയും സാംസ്കാരിക അവബോധമണ്ഡലങ്ങളെയുമൊക്കെ കൂട്ടിയിണക്കുന്നു. ഇന്ന് മാനവസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍നിന്ന് മോചനമുണ്ടാകണമെങ്കില്‍ , ഈ ബന്ധങ്ങളുടെ സങ്കീര്‍ണത തിരിച്ചറിയാന്‍ കഴിവുള്ള സൈദ്ധാന്തിക ചട്ടക്കൂട് ആവശ്യമാണ്. അതുതന്നെയാണ് ഇന്ന് മാര്‍ക്സിസത്തിന്റെ പ്രസക്തിയും പ്രാധാന്യവും.

*
ഡോ. കെ എന്‍ പണിക്കര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മനുഷ്യസമൂഹത്തിന്റെ പുരോഗതി സാധ്യമാക്കുന്ന ആശയങ്ങള്‍ തടസ്സങ്ങളില്ലാത്ത നേര്‍വഴികളിലൂടെ മാത്രം മുന്നേറുന്നവയല്ല. നിരവധി പ്രതിരോധങ്ങളെ മറികടന്നും വൈരുധ്യങ്ങളുടെ കുരുക്കഴിച്ചുകൊണ്ടുമാണ് മനുഷ്യസമൂഹം പുതിയ ഘട്ടങ്ങളില്‍ എത്തിച്ചേരുന്നത്. ഈ യാത്രയില്‍ പല അപചയവും സംഭവിക്കുന്നു. അപചയങ്ങള്‍ക്ക് ധൈഷണികമായി അടിമപ്പെടാതെ നൂതനമായ പോംവഴികള്‍ക്കുവേണ്ടിയുള്ള ക്രിയാത്മകമായ ശ്രമങ്ങള്‍ സ്വായത്തമാക്കുകയാണ് പൊതുവെ സാമൂഹ്യപരിശ്രമങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. പക്ഷേ, അതൊരു തുടര്‍ക്കഥയല്ലതാനും. നിരന്തരമായ സാമൂഹ്യസംവേദനങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ചരിത്രം. ഈ പ്രക്രിയയില്‍ അനിതരസാധാരണമായ മാറ്റങ്ങള്‍ ആവശ്യമുള്ള ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തത്തെയാണ് മനുഷ്യസമൂഹം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന കാര്യം വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. കഴിഞ്ഞുപോയ നൂറ്റാണ്ടിനെ സംഘര്‍ഷഭരിതമായ കാലഘട്ടമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.