Monday, January 2, 2012

നഴ്സുമാരുടെ സമരം: ആരോഗ്യ - തൊഴില്‍ വശങ്ങള്‍

ഇന്ത്യയിലെ മഹാനഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത മുതലായവയിലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ആദ്യം സമരം തുടങ്ങിയത്. ശമ്പളം തുച്ഛം, സേവന വ്യവസ്ഥകള്‍ അതിലും മോശം. ജോലി ഭാരമോ അതികഠിനം. പിരിഞ്ഞുപോകണമെങ്കില്‍ തുക അങ്ങോട്ടു കൊടുക്കണം. എങ്കില്‍ മാത്രമേ, സര്‍ട്ടിഫിക്കറ്റ് തിരിച്ചുകൊടുക്കൂ. സേവനപരിചയം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും കിട്ടുകയുള്ളൂ. മറ്റൊരു തൊഴില്‍മേഖലയിലും ഇല്ലാത്തതാണ് ഈ പ്രശ്നങ്ങള്‍ . കാരണം നഴ്സുമാരില്‍ മഹാഭൂരിപക്ഷം സ്ത്രീകളാണ്. മിക്കവരും അവിവാഹിതകളായ ചെറുപ്പക്കാരികള്‍ . ഏറ്റവും ക്രൂരവും നിന്ദ്യവുമായ രീതിയിലാണ് ഇവരുടെ സമരത്തെ ആശുപത്രി മുതലാളിമാര്‍ നേരിട്ടത്. ഭരണാധികാരികളും പോലീസും കോടതിയും ഇടപെട്ടപ്പോഴാണ് മുതലാളിമാര്‍ അല്‍പം അയഞ്ഞത്. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ ആശുപത്രികളിലും ഇത്തരം സമരം അരങ്ങേറി. സേവനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചില സ്ഥാപനങ്ങളില്‍ അവരുടെ നേരെ ബലപ്രയോഗം വരെ ഉണ്ടായി. രാഷ്ട്രീയ നേതാക്കളടക്കം നാനാസംഘടനാ നേതാക്കള്‍ ഇടപെട്ടതിെന്‍റ ഫലമായി തല്‍ക്കാലത്തേക്ക് ഒത്തുതീര്‍പ്പായി.

ഏതു സമയത്തും പൊട്ടിയൊഴുകാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതിയിലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സിങ് ജീവനക്കാരുടെ സ്ഥിതിയും. ഈ സ്ഥിതിവിശേഷത്തിനു അടിസ്ഥാനം 6, 16, 33 എന്നീ സംഖ്യകള്‍ സൂചിപ്പിക്കുന്ന സ്ഥിതിവിശേഷവും അതിനു പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്ന കാര്യങ്ങളുമാണ്. ഇന്ത്യയില്‍ 10,000 ജനങ്ങള്‍ക്ക് 6 നഴ്സുമാരേ ഉള്ളൂ എന്നാണ് ലോകാരോഗ്യസംഘടന നല്‍കുന്ന കണക്ക്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ പൊതുവില്‍ 10,000 പേര്‍ക്ക് 16 നഴ്സുമാരുണ്ട്. ലോകമാകെ എടുത്താല്‍ 33 നഴ്സുമാര്‍ വീതം. 2012ല്‍ ഇന്ത്യയില്‍ 24 ലക്ഷം നഴ്സുമാര്‍ വേണം എന്നാണ് ലോകാരോഗ്യ സംഘടനയുടെ മതിപ്പ്. ഇതാണ് ഈ മേഖലയിലേക്ക് സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ അടുത്തകാലത്ത് തിരക്കി കയറാന്‍ നിമിത്തമായത്. അത് ഒട്ടേറെ പുതിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ 79,850 നഴ്സിങ് ഡിപ്ലോമ, 41,650 നഴ്സിങ് ഡിഗ്രി, 1940 നഴ്സിങ് പി ജി സീറ്റുകളാണ് ഉള്ളത്. സര്‍ക്കാര്‍ , സ്വകാര്യ മേഖലകളിലെല്ലാം കൂടിയാണ് ഇത്. ഇവരില്‍ 20 ശതമാനം വിദേശത്തേക്കു പോകുന്നു. അതായത്, ഓരോ വര്‍ഷവും ഏതാണ്ട് ഒരു ലക്ഷം വീതം വര്‍ധനയാണ് ഇന്ത്യയില്‍ നഴ്സുമാരുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. അത് വര്‍ധിപ്പിക്കാന്‍ 260 സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പഠിപ്പിക്കാന്‍ വേണ്ട യോഗ്യതയും അധ്യാപന പരിചയവുമുള്ളവരുടെ കടുത്ത ക്ഷാമമുണ്ട്. സ്വകാര്യ നഴ്സിങ് സ്ഥാപനങ്ങളിലെ നിലവാരക്കുറവിന് അത് ഒരു പ്രധാന കാരണമാണ്. രോഗികളുടെ പരിചരണത്തിനു ആവശ്യമായ നഴ്സുമാരുടെ അഞ്ചിലൊന്നുപോലും ലോകമാനദണ്ഡം വച്ചു നോക്കുമ്പോള്‍ ഇന്ത്യയിലില്ല. അവര്‍ സ്വകാര്യ ആശുപത്രികളില്‍ അതികഠിനമായി ജോലി ചെയ്യേണ്ടി വരുന്നത് അതുകൊണ്ടാണ്. പല സ്വകാര്യ നഴ്സിങ് പരിശീലന സ്ഥാപനങ്ങള്‍ക്കും സ്വന്തമായ ആശുപത്രിയില്ല. വേണ്ടത്ര യോഗ്യരായ അധ്യാപകരില്ല. അതിനാല്‍ അവയില്‍നിന്ന് പഠിച്ചു പുറത്തുവരുന്ന നഴ്സുമാരുടെ നിലവാരം അവരുടേതല്ലാത്ത കാരണങ്ങളാല്‍ മോശമാണ്. ഇത് അവരുടെ ഉയര്‍ച്ചയെ വല്ലാതെ തളര്‍ത്തുന്നു. മാത്രമല്ല, അവര്‍ സ്ത്രീകളായതിനാല്‍ നാനാതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും അവര്‍ വിധേയരാകുന്നു.

രോഗികളുടെ ശുശ്രൂഷ, രോഗ പ്രതിരോധ പ്രവര്‍ത്തനം എന്നിങ്ങനെ ജനങ്ങളുടെ ആരോഗ്യരക്ഷയില്‍ നഴ്സുമാര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. അതിനു അനുസൃതമായ പരിഗണന അവര്‍ക്ക് ആരോഗ്യമേഖലയില്‍നിന്നോ, അതില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്‍നിന്നോ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നോ ലഭിക്കുന്നില്ല. കേരളത്തില്‍ പൊതുവിദ്യാഭ്യാസം വ്യാപകമായതുകൊണ്ട് അത് പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളില്‍ ഗണ്യമായ വിഭാഗം നഴ്സിങ്ങിനു പോകാന്‍ ആഗ്രഹിക്കുന്നു. അവരെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളും പഠനം കഴിഞ്ഞവരെ സ്വകാര്യ ആശുപത്രികളും കടുത്ത ചൂഷണത്തിനു ഇരയാക്കുന്നു. ഇത് തിരുത്തുന്നതില്‍ കേരള സര്‍ക്കാര്‍ വലിയൊരു പങ്ക് വഹിക്കേണ്ടതുണ്ട്. കാരണം നമ്മുടെ കുട്ടികളാണ് അവര്‍ . അവരുടെ വിദ്യാഭ്യാസവും ഭാവി തൊഴിലും ഫലപ്രദവും നാടിനും അവര്‍ക്കും ഉപകാരപ്രദവുമാക്കേണ്ട ചുമതല ഗവണ്‍മെന്‍റിനാണ്. ആവശ്യമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ ഇടപെടുവിക്കേണ്ട ബാധ്യതയും സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇതേവരെ അവര്‍ കാഴ്ചക്കാരെന്‍റ റോള്‍ പോലും വഹിച്ചിട്ടില്ല. ഈ സ്ഥിതി മാറിയേ തീരൂ.

*
മുഖപ്രസംഗം ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...