2011 ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലെ ആദ്യവര്‍ഷമാണ്. അത് ആരംഭിച്ചത് കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു. കേരളത്തിലെ സാമ്പത്തിക പുരോഗതി അഖിലേന്ത്യാ തോതിനേക്കാള്‍ വേഗത്തില്‍ നീങ്ങുന്നു. ഇവിടെ മൂലധന നിക്ഷേപത്തിനു പലരും സന്നദ്ധരായി മുന്നോട്ടുവരുന്നു. വര്‍ഷങ്ങളായി സ്തംഭനാവസ്ഥയിലായിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് കേരള ഗവണ്‍മെന്‍റും ടീകോം കമ്പനിയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനം വേഗത്തില്‍ നീങ്ങുന്നു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസവും സുരക്ഷിതത്വവും നല്‍കിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മൊത്തത്തില്‍ തൃപ്തികരമായ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നു.
2011ന്റെ അവസാനമോ? മാസങ്ങളായി കേരളത്തിലെ ജനങ്ങള്‍ , വിശേഷിച്ച് പെരിയാര്‍ നദിയുമായി ബന്ധപ്പെട്ട ജില്ലകളിലെ 40 ലക്ഷത്തില്‍പരം ജനങ്ങള്‍ , വലിയ ആശങ്കയിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭദ്രതയാണ് അവരുടെ സ്വൈരം കെടുത്തുന്നത്. ഏതാനും മാസങ്ങള്‍ക്കകം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ ഉണ്ടായ രണ്ടു ഡസനിലേറെ ഭൂമികുലുക്കവും അതിന്റെ പരിസരങ്ങളിലുണ്ടായ ഭയങ്കരമായ മഴയുമാണ് അവരുടെ ഉല്‍ക്കണ്ഠയ്ക്ക് നിദാനം. കേരള രൂപീകരണത്തിനുശേഷം, അല്ല, മലയാളികളുടെ ഓര്‍മയിലെങ്ങും, ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും മാത്രമല്ല, സംസ്ഥാനത്തിെന്‍റ നിലനില്‍പിനെ തന്നെ പിടിച്ചുകുലുക്കുന്ന ഇത്തരം ഒരു പ്രശ്നം ഇതിനുമുമ്പുണ്ടായിട്ടില്ല. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങളുടെ നിലനില്‍പ്, സുരക്ഷ, ആണ് അടിസ്ഥാന പ്രശ്നം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള വിവിധ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ , അതിനെ ആസ്പദമാക്കി ജനങ്ങള്‍ക്കുള്ള ആശങ്ക, കേരളത്തിലെ സകല സാമൂഹ്യ സംഘടനകളും രാഷ്ട്രീയ കക്ഷികളും പങ്കുവെയ്ക്കുന്നു. ഭരണ - പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് പ്രധാനമന്ത്രിയെ കണ്ട് തങ്ങളുടെ ആശങ്ക അറിയിച്ചു. തമിഴ്നാടിനു ഇതേവരെ കൊടുത്ത തോതില്‍ വെള്ളം തുടര്‍ന്നും നല്‍കാന്‍ സമ്മതം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കയുടെ അടിസ്ഥാനത്തില്‍ അവിടെ പുതിയ അണകെട്ടാന്‍ തീരുമാനിക്കണം. ഇക്കാര്യത്തില്‍ തമിഴ്നാടുമായി ധാരണ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ഇതാണ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി കേരളത്തിന്റെ ഉല്‍ക്കണ്ഠ മനസ്സിലാക്കി എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.
തമിഴ്നാട് ഗവണ്‍മെന്‍റുമായി ആലോചിച്ച് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ കുറച്ചുസമയം നല്‍കണം. അതുവരെ കേരളത്തില്‍ ഇത് സംബന്ധിച്ച് സമരം നിര്‍ത്തിവെയ്ക്കാന്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തീരുമാനിച്ചു. പ്രധാനമന്ത്രി തമിഴ്നാട് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ മുഖ്യമന്ത്രി ജയലളിതയോടും മുന്‍മുഖ്യമന്ത്രി കരുണാനിധിയോടും അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. പെട്ടെന്ന് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ജനങ്ങളെ അതില്‍നിന്നു രക്ഷിക്കുന്നതിനു കേന്ദ്രത്തിന്റെ കീഴിലുള്ള ദുരിത നിവാരണ കമ്മിറ്റി ഒരു വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് കേരള ഗവണ്‍മെന്‍റിനു പ്രധാനമന്ത്രി വാക്കുകൊടുത്തിരുന്നു. തമിഴ്നാട് സന്ദര്‍ശനത്തിനുശേഷം ഉടനെ ആ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നതല്ല എന്ന് പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് സന്ദേശം നല്‍കി. തമിഴ്നാട് ഗവണ്‍മെന്‍റ് അത് പത്രവാര്‍ത്തയാക്കി. അങ്ങനെയാണ് കേരളം അക്കാര്യം അറിയുന്നത്. കേരള ഗവണ്‍മെന്‍റ് ഇത്ര നിസ്സഹായമായ അവസ്ഥ ഇതിനു മുമ്പു നേരിട്ടിട്ടില്ല. ബഹുജന ദൃഷ്ടിയില്‍ ഇത്ര പിടിപ്പുകെട്ട നിലയില്‍ ഇതിനുമുമ്പ് ഒരു സംസ്ഥാന മന്ത്രിസഭക്കും നില്‍ക്കേണ്ടിവന്നിട്ടില്ല. പ്രതിരോധമന്ത്രി എ കെ ആന്‍റണി കേന്ദ്ര മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിയാണ്. കേരളത്തിന്റെ സമുന്നത നേതാവാണ്. കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ താന്‍ കേരളത്തിലെ ജനങ്ങളുടെ വികാരത്തോടൊപ്പം ആണെന്ന് ആന്‍റണി പറഞ്ഞിരുന്നു. പക്ഷേ, പ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ താന്‍ നിസ്സഹായന്‍ ആണെന്നും കേരളത്തിന്റെ ഉല്‍ക്കണ്ഠ അകറ്റാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെയും കേന്ദ്രത്തെയും ഭരിക്കുന്ന ഗവണ്‍മെന്‍റുകളെ നയിക്കുന്നത് കോണ്‍ഗ്രസ്സാണ്. ആ കോണ്‍ഗ്രസ്സിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. നാലഞ്ച് ജില്ലകളിലെ ജനങ്ങള്‍ ഈ വിഷയത്തില്‍ തീ തിന്നുന്നത് കേന്ദ്ര നേതൃത്വത്തെ പറഞ്ഞു മനസ്സിലാക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്കും അവര്‍ പറയുന്നതിനെ ഗൗരവപൂര്‍വം പരിഗണിക്കാന്‍ കേന്ദ്ര നേതാക്കള്‍ക്കും കഴിയുന്നില്ലെങ്കില്‍ , ആ കോണ്‍ഗ്രസ്സിനെക്കൊണ്ടും അത് നയിക്കുന്ന ഗവണ്‍മെന്‍റിനെക്കൊണ്ടും കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു പ്രയോജനം?
കേരള ജനതയുടെ 2011ലെ ഗതികേടാണ് ഇത്. നേരിയ ഭൂരിപക്ഷത്തിനാണ് - സീറ്റിലായാലും മൊത്തം വോട്ടിലായാലും - യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചാണ് അതിനു ഈ വിജയം നേടാന്‍ കഴിഞ്ഞത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ പങ്കുവെക്കുന്നതിലും ഗവണ്മെന്റിന്റെ നയങ്ങളും നടപടികളും തീരുമാനിക്കുന്നതിലുംവരെ പ്രകടമായ സാമുദായിക പ്രീണനം ഉണ്ടായി. അത് കേരള സമൂഹത്തില്‍ ഭരണത്തിെന്‍റ ആറുമാസത്തിനകം തന്നെ ആഴത്തിലുള്ള വിള്ളലുകള്‍ക്ക് ഇടയാക്കി. ഇത്ര നഗ്നമായി ഇതിനുമുമ്പ് അധികാരവികേന്ദ്രീകരണം അട്ടിമറിക്കപ്പെട്ടിട്ടില്ല. ഇത്ര ഗുരുതരമായി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന വിധത്തില്‍ ഗവണ്‍മെന്‍റ് സ്കൂള്‍ - ഉന്നത വിദ്യാഭ്യാസങ്ങളില്‍ മുമ്പ് ഇടപെട്ടിട്ടില്ല. ആ മേഖലയിലെ അക്കാദമിക സ്വാതന്ത്ര്യവും ജനാധിപത്യതത്വങ്ങളുമാണ് അപ്പാടെ കീഴ്മേല്‍ മറിക്കപ്പെട്ടത്. ആരോഗ്യരംഗത്ത് മരുന്നും ഡോക്ടര്‍മാരും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇത്രമാത്രം അനാഥമായ സ്ഥിതി ഇതിനു മുമ്പുണ്ടായിട്ടില്ല. യുഡിഎഫ് ഗവണ്‍മെന്‍റ് നിലവില്‍ വന്ന് മാസങ്ങള്‍ക്കകം കര്‍ഷകരുടെ ആത്മഹത്യ വീണ്ടും കേരളത്തിന്റെ ശാപമായി. മന്ത്രിമാരില്‍ പലരും അഴിമതിക്കേസുകള്‍ നേരിടുന്നവരായതുകൊണ്ട് പോലീസിലും കോടതിയിലും വരെ നഗ്നമായ ഇടപെടലാണ് യുഡിഎഫ് നടത്തുന്നത്. പൊതുവിതരണ സംവിധാനത്തെ എത്ര പെട്ടെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രയോജനകരമല്ലാത്ത വിധത്തില്‍ തകിടം മറിച്ചത്?
സ്വകാര്യ ബാങ്കുകളെയും ബ്ലേഡ് ഇടപാടുകാരെയും സഹായിക്കാനായി, മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്കിങ്ങ് പ്രവര്‍ത്തനത്തില്‍ നിന്ന് പുറംതള്ളുന്നതിനായി പ്രൊഫ. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വനംകൊള്ള, ഭൂ-മണല്‍ മാഫിയകള്‍ മുതലായവയിലെ ജനശത്രുക്കളുടെ രക്ഷകരായി എത്ര വേഗമാണ് യുഡിഎഫ് സര്‍ക്കാര്‍ മാറിയത്? അഞ്ചുവര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമകരവും സമഗ്ര വികസനപരവുമായ ഭരണത്തിനുശേഷം എത്രവേഗമാണ് യുഡിഎഫ് സര്‍ക്കാര്‍ അതിെന്‍റ ഗുണം മുഴുവന്‍ ഇല്ലാതാക്കിയത്! എത്ര വേഗമാണ് ഭരണത്തിന്റെ നിയന്ത്രണം ജനശത്രുക്കളുടെ കൈകളില്‍ ഒതുങ്ങിയത്! നഗരം കത്തുമ്പോള്‍ വീണ വായിക്കുന്ന ചക്രവര്‍ത്തിയെ കുറിച്ച് നാം ചരിത്രത്തില്‍നിന്ന് വായിച്ചറിഞ്ഞിട്ടേയുള്ളൂ. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹാരമില്ലാതെ ജനങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍ , ഇവിടെ മുഖ്യമന്ത്രി ആ ജില്ലയിലേക്ക് ഒരിക്കല്‍പോലും തിരിഞ്ഞുനോക്കാതെ മറ്റു ജില്ലകളില്‍പോയി ഡര്‍ബാര്‍ നടത്തുകയാണ്!
സാധാരണഗതിയില്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് കേരളം ഉല്‍സവങ്ങളുടെ, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ, പല രാജ്യങ്ങളില്‍നിന്നു സന്ദര്‍ശകരായി വിരുന്നുവരുന്നവരുടെ കേന്ദ്രമായി മാറുകയാണ് പതിവ്. പക്ഷേ, ഇപ്പോള്‍ സാംസ്കാരികമായി കേരളം ഉല്‍ക്കണ്ഠാകുലമായ നിലയിലാണ്. ഒരു കാരണംകൊണ്ടല്ല, പല കാരണങ്ങള്‍കൊണ്ട്. ആ ദുര്‍ഗതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതില്‍ പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ജനാധിപത്യപരമായി, സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട്, സാര്‍വത്രികമായ പുരോഗതി കൈവരിച്ചുകൊണ്ട് ശീഘ്രഗതിയിലുള്ള വികസനം നടപ്പാക്കിയതിനെ തങ്ങളുടെ സങ്കുചിത അജണ്ട നടപ്പാക്കാനായി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും സാമുദായിക ശക്തികളും കൂടി പുറംതള്ളി. എന്നിട്ട് അവര്‍ പകരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്‍റിനെ അവരോധിക്കുകയും ചെയ്തു. അതിെന്‍റ എല്ലാ പിന്നാമ്പുറ കാഴ്ചകളും അങ്ങനെ രൂപപ്പെട്ട ഗവണ്‍മെന്‍റിന്റെ സകല ദുഷ്ചെയ്തികളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതിന്റെ സാര്‍വത്രിക പരാജയവും ജനസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് 2011 യവനികക്ക് പിന്നിലേക്ക് മറയുന്നത്.
*
സി പി നാരായണന്‍ ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
സാധാരണഗതിയില്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് കേരളം ഉല്‍സവങ്ങളുടെ, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ, പല രാജ്യങ്ങളില്‍നിന്നു സന്ദര്‍ശകരായി വിരുന്നുവരുന്നവരുടെ കേന്ദ്രമായി മാറുകയാണ് പതിവ്. പക്ഷേ, ഇപ്പോള്‍ സാംസ്കാരികമായി കേരളം ഉല്‍ക്കണ്ഠാകുലമായ നിലയിലാണ്. ഒരു കാരണംകൊണ്ടല്ല, പല കാരണങ്ങള്‍കൊണ്ട്. ആ ദുര്‍ഗതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതില്‍ പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ജനാധിപത്യപരമായി, സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട്, സാര്‍വത്രികമായ പുരോഗതി കൈവരിച്ചുകൊണ്ട് ശീഘ്രഗതിയിലുള്ള വികസനം നടപ്പാക്കിയതിനെ തങ്ങളുടെ സങ്കുചിത അജണ്ട നടപ്പാക്കാനായി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും സാമുദായിക ശക്തികളും കൂടി പുറംതള്ളി. എന്നിട്ട് അവര്‍ പകരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്‍റിനെ അവരോധിക്കുകയും ചെയ്തു. അതിെന്‍റ എല്ലാ പിന്നാമ്പുറ കാഴ്ചകളും അങ്ങനെ രൂപപ്പെട്ട ഗവണ്‍മെന്‍റിന്റെ സകല ദുഷ്ചെയ്തികളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതിന്റെ സാര്‍വത്രിക പരാജയവും ജനസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് 2011 യവനികക്ക് പിന്നിലേക്ക് മറയുന്നത്.
Post a Comment