Monday, January 2, 2012

ഇന്ത്യന്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് 75

"ഭാഷ വഴി മാത്രമാണ്. ലക്ഷ്യമല്ല. അത് ഒരു ഘട്ടമാണ്, യാത്രയുടെ അവസാനമല്ല. ഇതുവരെയുള്ള സാഹിത്യചര്‍ച്ചകള്‍ എല്ലാം ഭാഷയെക്കുറിച്ചായിരുന്നു. രൂപവും നിര്‍മാണവും ഉള്ളടക്കവും സംബന്ധിയായ ചര്‍ച്ചകള്‍ നിറഞ്ഞതായിരുന്നു എല്ലാ സാഹിത്യവിമര്‍ശനവും. അത് പ്രധാനംതന്നെ. എന്നാല്‍ നമ്മുടെ ഉല്‍ക്കണ്ഠകള്‍ അവിടെ തീരുന്നില്ല. കാര്യങ്ങളുടെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയേണ്ടതുണ്ട്. എന്തിനുവേണ്ടിയാണോ ഭാഷ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആ ലക്ഷ്യ പ്രാപ്തിക്കായുള്ള സഞ്ചാരവും പ്രധാനമാണ്. അതാണ് ഈ സമ്മേളനം ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം". മുന്‍ഷി പ്രേംചന്ദിന്റെ ഈ വാക്കുകള്‍ മുഴങ്ങിയ സമ്മേളനത്തിന് എഴുപത്തിയഞ്ചു വയസ് പിന്നിട്ടിരിക്കുന്നു. ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു തുടക്കം കുറിച്ച സമ്മേളനം നടന്നത് 1936 ഏപ്രിലില്‍ ലക്നോവിലാണ്. അത് ഉദ്ഘാടനം ചെയ്തത് മുന്‍ഷി പ്രേംചന്ദായിരുന്നു. ടാഗോര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രധാന സാഹിത്യകാരന്മാരുടെ പിന്തുണയും ആ സമ്മേളനത്തിനായിരുന്നു. ഇക്കാലത്ത് സാഹിത്യം ഏറ്റെടുക്കേണ്ടത് പുതിയ കടമകളാണെന്ന് പ്രേംചന്ദ് ഓര്‍മിപ്പിച്ചു. സൗന്ദര്യത്തെക്കുറിച്ചുള്ള സാഹിത്യകാരന്റെ ആന്തരിക അവബോധംതന്നെയാണ് അവന്റെ ഉപകരണം. പ്രകൃതിയെയും സമൂഹത്തെയും നിരീക്ഷിച്ചുകൊണ്ടാണ് അവന്റെ ഈ അവബോധം ശക്തിയാര്‍ജിക്കുന്നത്. ഈ കരുത്ത് സാഹിത്യകാരന്റെ കൃതികള്‍ക്ക് പുതിയ രൂപം ലഭിക്കുമെന്നും മാനവികതയുടേയും നൈതികതയുടേയും സന്ദേശം പകരുന്ന ഒന്നായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതം അനുഭവിക്കുന്നവരുടേയും ചൂഷിതരുടേയും മര്‍ദിതരുടേയും ഒപ്പം നില്‍ക്കലാണ് പുരോഗമന സാഹിത്യകാരന്റെ കടമയെന്നും പ്രേം ചന്ദ് പ്രഖ്യാപിക്കുകയുണ്ടായി. മുപ്പതുകളിലെ മുതലാളിത്ത കുഴപ്പം ലോകത്തെയാകെ പിടിച്ചുലയ്ക്കുകയുണ്ടായി. അത് ദുരിതങ്ങളുടെ കാലമായിരുന്നു. ലോകം ഏതു വഴിക്കു തിരിയുമെന്ന ചോദ്യം ശക്തമായിരുന്നു. അത് മര്‍ദിതരുടെ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. മുപ്പതുകള്‍ പുതിയ പ്രസ്ഥാനങ്ങളുടെ കാലംകൂടിയാണ്. മര്‍ദിതരുടെ മോചന സ്വപ്നങ്ങള്‍ മുറുകെ പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ . ചില പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളും ഈ സന്ദര്‍ഭത്തെ ഉപയോഗിക്കുകയുണ്ടായി. അവരും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ദുരിതവും ദാരിദ്ര്യവും ഒക്കെത്തന്നെയാണ്. എന്നാല്‍ , ലക്ഷ്യം ഫാസിസത്തിന്റേതായിരുന്നു. മുതലാളിത്ത പ്രതിസന്ധി സോഷ്യലിസത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കാമെന്ന നിരീക്ഷണം പ്രസക്തം. പ്രതിസന്ധി തുറന്നുതരുന്ന സാഹചര്യത്തെ എങ്ങനെയാണ് വിപ്ലവശക്തികള്‍ ഉപയോഗിക്കുന്നതെന്നതാണ് പ്രസക്തം. ഇന്ത്യയിലാണെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇരുപതുകള്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസിനകത്തെ ഇടതുപക്ഷ പ്രവര്‍ത്തനം പുതിയ സംഘടനകളുടെ രൂപീകരണത്തിലേക്ക് നയിച്ചിരുന്നു. വര്‍ഗങ്ങളെ അടിസ്ഥാനമാക്കിയും ബഹുജനങ്ങളെ അണിനിരത്തിയും അതാതു മേഖലകളില്‍ തനത് പ്രസ്ഥാനങ്ങളെന്ന കാഴ്ചപ്പാടും വികസിച്ചിരുന്നു. ഇക്കാലയവളിലാണ് കര്‍ഷക പ്രസ്ഥാനങ്ങളും ട്രേഡ് യുണിയനുകളും വിദ്യാര്‍ഥി സംഘടനകളുമെല്ലാം രൂപം കൊള്ളുന്നത്. ഒരു വശത്ത് മുതലാളിത്ത പ്രതിസന്ധി സൃഷ്ടിച്ച ദുരിതങ്ങള്‍ക്കെതിരായ പൊതുവികാരവും മറുവശത്ത് സംഘടനകളുടെ ആവശ്യത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടും സമന്വയിച്ച ഈ ഘട്ടം പ്രധാനമാണ്.

ലക്നോവിലാണ് ആദ്യ സമ്മേളനം ചേര്‍ന്നതെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു. ലണ്ടനിലായിരുന്ന മുല്‍ക്ക്രാജ് ആനന്ദും ഉറുദു സാഹിത്യകാരന്‍ സജ്ജാദ് സാഹിറുമാണ് അതിന്റെ പ്രകടപത്രികയുടെ കരട് രൂപം തയ്യാറാക്കിയത്. വിശദമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയായിരുന്നു ലക്നോ സമ്മേളനം. വിപ്ലവകരമായ പ്രമേയമാണ് സമ്മേളനം അംഗീകരിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സാമൂഹ്യപരിവര്‍ത്തനത്തിനുമായി പുരോഗമനസാഹിത്യത്തെ മാറ്റിത്തീര്‍ക്കുക എന്ന ലക്ഷ്യം സമ്മേളനം പ്രഖ്യാപിച്ചു. പൂരോഗമന സാഹിത്യകാരന്മാരുടെ അവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്തക്കും വേണ്ടി നിലകൊള്ളുമെന്നു പ്രഖ്യാപിച്ച സമ്മേളനം വിവിധ ഭാഷകളില്‍ രൂപം കൊള്ളുന്ന സംഘടനകളെ യോജിപ്പിക്കുന്ന ഒന്നായാണ് ദേശീയ സംഘടനയെ കണ്ടിരുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക സംഘടനയും സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കുകയെന്ന കാഴ്ചപ്പാടാണ് അന്ന് ശക്തമായിരുന്നത്. സ്വാതന്ത്ര്യസമ്പാദനത്തിനുശേഷമുള്ള രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷം പുരോമന സാഹിത്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് ഇന്ത്യയില്‍ പ്രതിബന്ധം സൃഷ്ടിച്ചെന്നത് യാഥാര്‍ഥ്യമാണ്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് എഴുപത്തിയഞ്ചു വയസ് തികയുന്ന കാലം പഴമകളിലേക്കുള്ള കേവല മടക്കത്തിന്റേതല്ല. ചരിത്രം നാം പഠിക്കുന്നത് ഇന്നിന്റെ കടമകള്‍ തിരിച്ചറിയുന്നതിനുകൂടിയാണ്. പുരോഗമന സാഹിത്യപ്രസ്ഥാന രൂപീകരണസമ്മേളനത്തില്‍ മുന്‍ഷി പ്രേംചന്ദും മറ്റുള്ളവരും സാഹിത്യത്തിനു വന്ന മാറ്റം വിശദീകരിക്കുന്നുണ്ട്. അത് കൂടുതല്‍ കൂടുതല്‍ യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്നു.

സംഭവങ്ങളുടെ കേവലമായ അവതരണമല്ല, ഭാവനയുടെ വഴികളിലൂടെയുള്ള സഞ്ചാരവും പുതിയ കാലത്തെ നിരീക്ഷിച്ചുകൊണ്ടാണ്. കര്‍ഷകന്റെ കണ്ണുനീര്‍ അവനു കാണാതിരിക്കാനാവുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിന്റെ പീഡനകാലവും വിമോചനത്തിന്റെ സ്വപ്നവും അവന് അന്യമല്ല. അതെല്ലാം സാഹിത്യത്തിന്റെ പ്രമേയങ്ങളായി മാറി. ആഗോളവല്‍ക്കരണകാലത്ത് സാഹിത്യത്തിന്റെ മുന്‍ഗണനകളും മാറുന്നുണ്ട്. അവനവനിലേക്കുളള കേന്ദ്രീകരണത്തിന്റെ പുതിയ അവസ്ഥകള്‍ ചരിത്രത്തെയും സാഹിത്യത്തെയും വ്യക്തിമഹാത്മ്യങ്ങളിലേക്ക് ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നു. തനത് സംസ്കാരങ്ങളെയും സവിശേഷതകളെയും ചവിട്ടിമെതിച്ചോ സമര്‍ഥമായി ഉറക്കിക്കെടുത്തിയോ ആഗോള സംസ്കാരം കടന്നുവരുന്നു. ലോകത്തിന്റെ രുചികള്‍ മാത്രമല്ല അഭിരുചികളും ആഗോളവല്‍ക്കരിക്കപ്പെടുന്നു. കെന്റക്കിയും മര്‍ഡോക്കും രണ്ടു രീതിയില്‍ ഈ ദൗത്യം നിര്‍വഹിക്കുന്നു. മുതലാളിത്തത്തിന്റെ പുതിയ പ്രതിസന്ധിഘട്ടവും രണ്ടു വഴികള്‍ തുറന്നിടുന്നുണ്ട്. ഈ സാധ്യതയെ തിരിച്ചറിയുക പ്രധാനമാണ്. വംശീയ, വര്‍ഗീയശക്തികള്‍ ഇടപെടുന്നത് പ്രധാനമായും സാംസ്കാരിക മേഖലയെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ടാണെന്നത് പഴയ പാഠമാണ്. വിശാലമായ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള വഴിയായി സ്വത്വ രാഷ്ട്രീയവും ഈ മണ്ഡലത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് പുരോഗമന സാംസ്കാരിക ഇടപെടലുകള്‍ക്ക് ഇക്കാലത്ത് ഗൗരവമായ സ്ഥാനമുണ്ട്. എഴുപത്തിയഞ്ചു വര്‍ഷത്തെ അനുഭവം നല്‍കുന്ന പാഠവും ഇന്നത്തെ സാംസ്കാരിക മണ്ഡലത്തിന്റെ സവിശേഷതകളും തിരിച്ചറിയുന്ന പുതിയ ഇടപ്പെടലുകള്‍ അത്യാവശ്യമാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ഭാഷ വഴി മാത്രമാണ്. ലക്ഷ്യമല്ല. അത് ഒരു ഘട്ടമാണ്, യാത്രയുടെ അവസാനമല്ല. ഇതുവരെയുള്ള സാഹിത്യചര്‍ച്ചകള്‍ എല്ലാം ഭാഷയെക്കുറിച്ചായിരുന്നു. രൂപവും നിര്‍മാണവും ഉള്ളടക്കവും സംബന്ധിയായ ചര്‍ച്ചകള്‍ നിറഞ്ഞതായിരുന്നു എല്ലാ സാഹിത്യവിമര്‍ശനവും. അത് പ്രധാനംതന്നെ. എന്നാല്‍ നമ്മുടെ ഉല്‍ക്കണ്ഠകള്‍ അവിടെ തീരുന്നില്ല. കാര്യങ്ങളുടെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയേണ്ടതുണ്ട്. എന്തിനുവേണ്ടിയാണോ ഭാഷ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആ ലക്ഷ്യ പ്രാപ്തിക്കായുള്ള സഞ്ചാരവും പ്രധാനമാണ്. അതാണ് ഈ സമ്മേളനം ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം". മുന്‍ഷി പ്രേംചന്ദിന്റെ ഈ വാക്കുകള്‍ മുഴങ്ങിയ സമ്മേളനത്തിന് എഴുപത്തിയഞ്ചു വയസ് പിന്നിട്ടിരിക്കുന്നു.