തിരുവനന്തപുരം നഗരം നാറുകയാണ്. ചവര്‍ ശേഖരണവും നീക്കവും സംസ്‌കരണവും സ്തംഭിച്ചിരിക്കുന്നു. നാറ്റം ദുസ്സഹം ആകുന്നത് തടയാനായി നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അഹോരാത്രം പണിയെടുക്കുന്നു. ജനങ്ങളും കഴിവതും സഹകരിക്കുന്നുണ്ട്. നഗര മാലിന്യങ്ങള്‍ സംസ്‌കരിച്ചിരുന്ന വിളപ്പില്‍ശാലയിലെ ജനങ്ങള്‍ നല്‍കിയ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആണ് ഇത്. തങ്ങള്‍ ഒരു ദശകക്കാലമായി അനുഭവിച്ചിരുന്ന ദുരിതത്തിന്റെ ഒരു ഡോസ് നഗരവാസികളും അനുഭവിക്കട്ടെ എന്നായിരിക്കാം അവര്‍ കരുതിയത്. അവരെ കുറ്റം പറയാനാവില്ല. അത്രയ്ക്ക് ദുരിതം ആണ് അവര്‍ ഏറെ നാളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അതിനുള്ള പരിഹാരം ഈ വിധത്തിലാണോ വേണ്ടത്, ഇത് പരിഹാരം ആകുമോ, തുടങ്ങിയ കാര്യങ്ങളില്‍ സംശയം ഉണ്ട്.
വിളപ്പില്‍ശാല ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തെല്ലാം തന്നെ നഗര മാലിന്യസംസ്‌കരണം ഒരു വലിയ വെല്ലുവിളി തന്നെയാണ്. പലയിടത്തും അത് ഒരു വലിയ പ്രശ്‌നം ആകാത്തത് അവര്‍ക്ക് ചവറു കൊണ്ടു തള്ളാനോ കുഴിച്ചു മൂടാനോ ഇഷ്ടംപോലെ സ്ഥലം ഉള്ളതുകൊണ്ട് മാത്രമാണ്. കേരളത്തിലെ സ്ഥലദൌര്‍ലഭ്യവും നീണ്ട മഴക്കാലങ്ങളും ചവറിലെ ഉയര്‍ന്ന ജൈവ ഘടകങ്ങളും വര്‍ധിച്ച ഈര്‍പ്പവും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണം ആക്കുന്നു.
കേരളത്തിലെ മാലിന്യസംസ്‌കരണത്തിന് 'ആധുനിക സാങ്കേതികവിദ്യ' വേണമെന്ന് ചില ആളുകളും അതാണ് ഇനി ഉപയോഗിക്കാന്‍ പോകുന്നത് എന്ന് സര്‍ക്കാരും പറയുന്നത് കുറച്ച് ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. അതിനര്‍ഥം വിളപ്പില്‍ശാലയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് 'പഴഞ്ചന്‍' സാങ്കേതിക വിദ്യ ആണെന്നാണല്ലോ. ചില നഗരങ്ങളില്‍ (വിശേഷിച്ചു വിദേശത്ത്) മാലിന്യം കത്തിച്ചും താപ സംസ്‌കരണം നടത്തിയും അതില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാറുണ്ട്. 'മാലിന്യത്തില്‍ നിന്ന് ഊര്‍ജം' എന്നത് തീര്‍ച്ചയായും ആകര്‍ഷകമായ ഒരു മുദ്രാവാക്യം തന്നെ. പ്രത്യകിച്ചും ഊര്‍ജ പ്രതിസന്ധി നമ്മെ തുറിച്ചു നോക്കുന്ന ഈ ഘട്ടത്തില്‍. ഒരു വെടിക്ക് രണ്ട് പക്ഷി! അതിന് വേണ്ടി പല സാങ്കേതികവിദ്യ കളും ഇപ്പോള്‍ പ്രയോഗത്തിലുണ്ട് എന്നത് വാസ്തവം ആണ് . എന്തുകൊണ്ട് അത് നമുക്കും ആയിക്കൂടാ എന്നായിരിക്കാം മേല്പറഞ്ഞ പരാമര്‍ശത്തിലെ വിവക്ഷ. പക്ഷേ, പടിഞ്ഞാറന്‍ രാജ്യങ്ങളിലെതിനേക്കാള്‍ നമ്മുടെ നഗര മാലിന്യങ്ങളില്‍ ഭക്ഷ്യ അവശിഷ്ടങ്ങളും മറ്റു ജൈവ വസ്തുക്കളും കൂടുതല്‍ ഉണ്ടാകും. നനവും കൂടുതലാണ്. അതിനാല്‍ നമ്മുടെ നഗര മാലിന്യങ്ങളുടെ താപ സംസ്‌കരണം ലാഭകരമാവില്ല. കുറേ നാള്‍ മുന്‍പ് ദില്ലിയില്‍ അതിനായി നടത്തിയ ശ്രമം ദയനീയ പരാജയം ആയിരുന്നു. നമ്മുടേത് പോലുള്ള മാലിന്യങ്ങള്‍ക്ക് കംപോസ്റ്റിങ്ങും ബയോഗ്യാസ് ഉത്പാദനവും തന്നെയാണ് ഏറ്റവും അനുയോജ്യം എന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധരും കൂടി അഭിപ്രായപെട്ടിട്ടുള്ളത്. സുപ്രിംകോടതിയുടെ നിര്‍ദേശവും അപ്രകാരം തന്നെയാണ്. മാലിന്യം കത്തിച്ച് ഊര്‍ജം ഉണ്ടാക്കുകയും പിന്നെ ആ വിലകൂടിയ ഊര്‍ജം ഉപയോഗിച്ച് രാസവളം ഉണ്ടാക്കുകയും ചെയ്യുന്നതിനേക്കാള്‍ എത്രയോ മെച്ചമാണ് ചവറിനെ നേരിട്ടു ജൈവ വളം ആക്കി മാറ്റുന്നത് ! മാത്രവുമല്ല, മണ്ണില്‍ നിന്നെടുത്ത പച്ചക്കറികളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും അവശിഷ്ടങ്ങളും മനുഷ്യ വിസര്‍ജ്യം തന്നെയും വീണ്ടും മണ്ണിലേക്ക് തന്നെ മടക്കുന്നതാണ് സുസ്ഥിരമായ നിലനില്‍പ്പിനു വേണ്ടത്.
പക്ഷേ ഇപ്പോള്‍ നമ്മുടെ നഗരമാലിന്യങ്ങളിലും പ്ലാസ്റ്റിക്കിന്റെ അളവ് കൂടി വരുകയാണ്. അവ വേര്‍തിരിച്ചെടുത്ത് റീസൈക്ലിംഗ് പ്ലാന്റുകളിലേക്ക് അയക്കുകയോ താപ സംസ്‌കരണം നടത്തി ഊര്‍ജം വീണ്ടെടുക്കുകയോ ചെയ്യാവുന്നതാണ്. അതിനായി ആധുനിക സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് സ്വാഗതാര്‍ഹവും ആണ്.
മേല്‍പറഞ്ഞതില്‍നിന്ന് ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ നടക്കുന്നത് കുറ്റമറ്റ പ്രക്രിയ ആണെന്ന് അര്‍ത്ഥമില്ല. തീര്‍ച്ചയായും അതില്‍ വളരെയേറെ മെച്ചപ്പെടുത്തല്‍ ആവശ്യമുണ്ട്. കംപോസ്റ്റിങ്ങു നന്നായി നടക്കണമെങ്കില്‍ ചപ്പുചവറുകളില്‍ നിന്ന് പ്ലാസ്റ്റിക് മുതലായ അജൈവ പദാര്‍ത്ഥങ്ങളെ വേര്‍തിരിച്ചു മാറ്റെണ്ടതുണ്ട്. ഈ വേര്‍തിരിക്കല്‍ ഉറവിടത്തില്‍ തന്നെയാകുന്നതാണ് ഏറ്റവും ഉചിതം. എല്ലാ മാലിന്യവും ഒരിടത്ത് കേന്ദ്രീകരിച്ച് അവിടെ യന്ത്രങ്ങളുടെ സഹായത്താലോ കൈകൊണ്ടോ വേര്‍തിരിക്കുന്നത് ചെലവ് കൂടിയതും പൂര്‍ണമായി ഫലപ്രദമല്ലാത്തതും ആണ്. രണ്ടാമതായി, കംപോസ്റ്റിങ്ങു സമയത്തെ ദുര്‍ഗന്ധം ഒഴിവാക്കണമെങ്കില്‍ ധാരാളം വായുസഞ്ചാരം ഉറപ്പാക്കണം. ചവറു കൂനകൂട്ടി കമ്പോസ്റ്റ് ചെയ്യുന്ന 'വിന്‍ഡ് റോ' രീതിയില്‍ കൂനയുടെ പൊക്കം ഒന്ന് ഒന്നര മീറ്ററില്‍ കൂടരുത്. ആദ്യത്തെ ആഴ്ച കഴിഞ്ഞാല്‍ കൂടെക്കൂടെ കൂന ഇളക്കിക്കൊടുക്കണം. ചവറുകൂനയില്‍ നിന്ന് ഒലിച്ചിറങ്ങി വരുന്ന ദ്രാവകം ശേഖരിച്ച് വേണ്ടവിധത്തില്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഉണ്ടാകണം. ആറാഴ്ചയോളം സമയം കൊണ്ട് കംപോസ്റ്റിങ്ങു പൂര്‍ത്തിയായാലും പെട്ടെന്ന് വിഘടിക്കാത്ത കുറേ വസ്തുക്കള്‍ ബാക്കി ഉണ്ടാകും. ഇവ ശേഖരിച്ച് ഒന്നുകില്‍ ഇന്ധനം ആക്കി മാറ്റാം. അല്ലെങ്കില്‍ ഇവ ഭൂഗര്‍ഭ ജലത്തില്‍ കലരാത്ത വിധം കുഴിച്ചു മൂടാം. അതിനുള്ള സംവിധാനവും കംപോസ്റ്റിങ്ങു പ്ലാന്റിന് അനുബന്ധമായി ഉണ്ടാകണം.
ഇതൊന്നും വേണ്ട വിധത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വിളപ്പില്‍ശാലയിലെ കംപോസ്റ്റിങ്ങു പ്ലാന്റ് ദുരിതം വിതയ്ക്കാന്‍ കാരണമായത്. വിളപ്പില്‍ശാലയില്‍ മാത്രമല്ല കേരളത്തിലൊട്ടാകെ കംപോസ്റ്റിങ്ങു നടത്തുന്ന ഏതാണ്ട് മിക്ക സ്ഥലത്തും ഈ പ്രശ്‌നങ്ങള്‍ ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നുണ്ട് എന്നതാണ് അനുഭവം. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ശുചിത്വ മിഷനും മറ്റു എജെന്‌സികളും ചെയ്തുകൊണ്ടിരിക്കുന്നത്. അവ നടപ്പാക്കുന്നതില്‍ വരുത്തിയ കാലതാമസവും കെടുകാര്യസ്ഥതയും ആണ് ഈ പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമാകാന്‍ കാരണം. പ്ലാന്റുകള്‍ അടച്ചുപൂട്ടുക എന്നതല്ല വേണ്ടരീതിയില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം.
കേന്ദ്രീകൃത കംപോസ്റ്റിങ്ങു പഌന്റിലേക്ക് വരുന്ന ചവറിന്റെ അളവ് കുറയ്ക്കുക എന്നതാണ് അടിയന്തിരമായി ചെയ്യാവുന്ന ഒരു കാര്യം. വിളപ്പില്‍ശാലയിലായാലും മറ്റെവിടെ ആയാലും പ്ലാന്റിലെ സൗകര്യത്തിനനുസരിച്ചുള്ള മാലിന്യങ്ങള്‍ മാത്രമേ അങ്ങോട്ട് എടുക്കാവൂ. അവിടെയാണ് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ പ്രസക്തി. കംപോസ്റ്റിങ്ങും ബയോഗ്യാസ് പ്ലാന്റും ചെറിയ തോതിലും വലിയ തോതിലും ചെയ്യാം. ഓരോ വീട്ടിലെയും ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്തു വളമാക്കി വീട്ടിലെ അടുക്കള തോട്ടത്തില്‍ ഉപയോഗിക്കുകയാവും ഏറ്റവും ഉത്തമം. ചെറിയൊരു ബയോഗ്യാസ് പ്ലാന്റു സ്ഥാപിച്ചാല്‍ പാചക വാതക ഇന്ധനവും കിട്ടും. പാചകം മുഴുവന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഭാഗം എങ്കിലും അതുകൊണ്ട് നടക്കും. അത്രയും ലാഭം! ബയോഗ്യാസ് പഌന്റിലേക്ക് കക്കൂസിലെ മലം കൂടി വിടുന്ന പല മിടുക്കരും ഉണ്ട്. (അതാണു ശരിയായ റീസൈക്ലിംഗ്!) പക്ഷേ ഇതൊന്നും എല്ലാ വീട്ടിലും നടക്കില്ല. കുഴിക്കംപോസ്റ്റിങ്ങിനു പോലും സ്ഥല സൗകര്യം ഇല്ലാത്തവരും കാണുമല്ലോ. അങ്ങനെയുള്ള വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചേ മതിയാവൂ. അതുപോലെ ചെറു കടകള്‍, ഹോട്ടലുകള്‍, ചന്തകള്‍ തുടങ്ങിയ ഇടങ്ങളിലും മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക എന്നത് പലപ്പോഴും പ്രായോഗികമാവില്ല. ഇതിനൊക്കെ പുറമെയാണ് പൊതു സ്ഥലങ്ങള്‍, തെരുവുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍. അതിനാല്‍ പൊതുവായ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം ഏതൊരു നഗരത്തിനും കൂടിയേ തീരൂ. എന്നാല്‍ കഴിയുന്നത്ര വീടുകളും ഫഌറ്റുകളും ഹോട്ടലുകളും സ്വന്തം മാലിന്യം സ്വയം സംസ്‌കരിക്കണം എന്ന നിലപാട് തികച്ചും ന്യായം ആണ്. എന്തെന്നാല്‍ അത് മാലിന്യ സംസ്‌കരണം ഒരു പൊതു ഉത്തരവാദിത്തം ആണെന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കും. മാത്രവുമല്ല, അത് കേന്ദ്രീകൃത സംസ്‌കരണപ്ലാന്റിലെ ഭാരം ലഘൂകരിക്കുകയും അതിനെ മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ സഹായിക്കുകയും ചെയ്യും.
അങ്ങനെ നോക്കുമ്പോള്‍ മാലിന്യ സംസ്‌കരണത്തിലെ ആദ്യ പടി കഴിയുന്നത്ര ഉറവിടത്തിലെ സംസ്‌കരണം എന്നതായിരിക്കും. രണ്ടാമതാണ് മൊത്തമായ ശേഖരണവും സംസ്‌കരണവും. അവിടെയും പൊതുജന സഹകരണം ഉറപ്പാവേണ്ട കാര്യം അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ വേര്‍തിരിച്ചു നല്‍കുക എന്നതിലാണ്. അല്ലെങ്കില്‍ പൊതു കംപോസ്റ്റിങ്ങു ഫലപ്രദമാവില്ല. ശേഖരണവും കടത്തും ഇപ്പോഴും പല നഗരങ്ങളിലും കാര്യക്ഷമമായി നടക്കുന്നുണ്ട് (കുടുംബശ്രീക്ക് നന്ദി പറയുക!). അന്തിമ സംസ്‌കരണം ആണ് നേരത്തെ പറഞ്ഞപോലെ ഇനിയും മെച്ചപ്പെടെണ്ടത്. അത് മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ മുന്‍പിലുള്ള വെല്ലുവിളി. അതിന് പകരം ടെണ്ടര്‍ വിളിച്ച് ഏതെങ്കിലും വന്‍ കമ്പനിയെ ഈ പണി ഏല്‍പ്പിച്ചാല്‍ അവര്‍ കിടിലന്‍ സാങ്കേതിക വിദ്യ കൊണ്ടു വന്നു ഇതൊക്കെ പരിഹരിച്ചോളും എന്ന് വിശ്വസിക്കുന്നത് വെറും ആഗ്രഹചിന്തയായിരിക്കും.
*
ആര്‍ വി ജി മേനോന്‍ ജനയുഗം 03 ജനുവരി 2012
Tuesday, January 3, 2012
Subscribe to:
Post Comments (Atom)
1 comment:
തിരുവനന്തപുരം നഗരം നാറുകയാണ്. ചവര്‍ ശേഖരണവും നീക്കവും സംസ്‌കരണവും സ്തംഭിച്ചിരിക്കുന്നു. നാറ്റം ദുസ്സഹം ആകുന്നത് തടയാനായി നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അഹോരാത്രം പണിയെടുക്കുന്നു. ജനങ്ങളും കഴിവതും സഹകരിക്കുന്നുണ്ട്. നഗര മാലിന്യങ്ങള്‍ സംസ്‌കരിച്ചിരുന്ന വിളപ്പില്‍ശാലയിലെ ജനങ്ങള്‍ നല്‍കിയ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആണ് ഇത്. തങ്ങള്‍ ഒരു ദശകക്കാലമായി അനുഭവിച്ചിരുന്ന ദുരിതത്തിന്റെ ഒരു ഡോസ് നഗരവാസികളും അനുഭവിക്കട്ടെ എന്നായിരിക്കാം അവര്‍ കരുതിയത്. അവരെ കുറ്റം പറയാനാവില്ല. അത്രയ്ക്ക് ദുരിതം ആണ് അവര്‍ ഏറെ നാളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അതിനുള്ള പരിഹാരം ഈ വിധത്തിലാണോ വേണ്ടത്, ഇത് പരിഹാരം ആകുമോ, തുടങ്ങിയ കാര്യങ്ങളില്‍ സംശയം ഉണ്ട്.
Post a Comment