ശതകോടീശ്വരന്‍മാരെ സേവിക്കുന്നതും ലക്ഷം കോടികളുടെ അഴിമതിയില്‍ നീന്തിത്തുടിക്കുന്നതുമായ കേന്ദ്ര യുപിഎ ഭരണത്തിന്റെ മാതൃക കേരളം പിന്തുടരാത്തതാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഭവമെങ്കില്‍ അതിന്റെ 'കുറ്റം' ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അഭിമാനത്തോടെ ഏറ്റെടുക്കാവുന്നതേയുള്ളൂ. സോണിയ ഗാന്ധി കേരളത്തില്‍ വന്ന് പറഞ്ഞത്, ഇവിടെ സമസ്ത മേഖലകളും സ്തംഭിച്ചു എന്നാണ്. കമ്യൂണിസ്റ് പാര്‍ടികള്‍ കാലത്തിനുപിന്നിലാണ് സഞ്ചരിക്കുന്നതെന്നും ഇതര സംസ്ഥാനങ്ങള്‍ വികസന പാതയില്‍ മുന്നേറുമ്പോള്‍ കമ്യൂണിസ്റ് ഭരണം കേരളത്തെ പിന്നോട്ടടിപ്പിച്ചു എന്നും അവര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചതായി കണ്ടു. ഇത് തെരഞ്ഞെടുപ്പു പ്രചാരണരംഗത്തെ ആത്മവഞ്ചനാപരമായ ഒരു നിലപാടായേ കാണാനാവൂ.
ഇടതുപക്ഷത്തെക്കുറിച്ച് പരസ്യമായി പ്രകടിപ്പിച്ച ഈ എതിര്‍പ്പും ആക്ഷേപവുമല്ല യഥാര്‍ഥത്തില്‍ സോണിയ ഗാന്ധിക്കുള്ളതെന്ന് ഈയിടെ പുറത്തുവന്ന വിക്കിലീക്സ് രേഖകളില്‍ വ്യക്തമാകുന്നുണ്ട്. അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഡേവിഡ് മുള്‍ഫോര്‍ഡ് 2005 ഏപ്രില്‍ ആറിന് വാഷിങ്ടണിലേക്കയച്ച സന്ദേശത്തില്‍, ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷവുമായുണ്ടായിരുന്ന ബന്ധമാണ് സോണിയ ഗാന്ധിക്ക് സ്വസ്ഥത നല്‍കിയിരുന്നതെന്നാണ് പറയുന്നത്. പ്രത്യയശാസ്ത്രനിഷ്ഠ പുലര്‍ത്തിയ കമ്യൂണിസ്റ് പാര്‍ടികളുടെ എതിര്‍പ്പിനെക്കുറിച്ച് പരാതിയുണ്ടായിരുന്നെങ്കിലും അവര്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കില്ലെന്ന് സോണിയക്കും കോൺഗ്രസ് നേതൃത്വത്തിനും ബോധ്യമുണ്ടായിരുന്നു എന്നും അമേരിക്കന്‍ സ്ഥാനപതി തന്റെ രാജ്യത്തെ അറിയിച്ചിരുന്നുവത്രെ. അതിനര്‍ഥം, ഇടതുപക്ഷമാണ് വിശ്വസിക്കാന്‍ കൊള്ളാവുന്നവര്‍ എന്ന് കോൺഗ്രസ് നേതൃത്വത്തിന് ഉത്തമബോധ്യമുണ്ട് എന്നാണ്. മുന്നണിയിലെ ഇതര കക്ഷികളുടെ നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ പ്രായോഗികമതികളായ കമ്യൂണിസ്റ് നേതാക്കളുമായുള്ള സഹകരണമായിരുന്നു സോണിയ വിലമതിച്ചതെന്നും മറ്റു ഘടകകക്ഷിനേതാക്കളെ കോൺഗ്രസ് അവിശ്വാസത്തോടെയാണ് കണ്ടിരുന്നതെന്നും വിക്കിലീക്സ് പുറത്തുവിട്ട ഡേവിഡ് മുള്‍ഫോഡിന്റെ സന്ദേശത്തില്‍ വിശദീകരിക്കുന്നുണ്ട്. വിശ്വാസ്യതയും കാര്യപ്രാപ്തിയും പ്രത്യയശാസ്ത്രനിഷ്ഠയുമുള്ളവരാണ് കമ്യൂണിസ്റുകാര്‍ എന്ന തന്റെ അഭിപ്രായം മറച്ചുപിടിച്ചുകൊണ്ടാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തിന് സോണിയ വന്നത് എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെ, അവര്‍ ഇടതുപക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കാവുന്നതുമല്ല.
കോൺഗ്രസ് കൂടുതല്‍കാലം ഭരിച്ചതും ഭരിക്കുന്നതുമായ ഏതു സംസ്ഥാനമാണ് കേരളത്തേക്കാള്‍ മെച്ചമെന്ന് സോണിയ വിശദീകരിക്കേണ്ടതുണ്ട്. സുനാമി ഫണ്ട് വിനിയോഗത്തില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ചത് കേരളമാണ്. ഇതര സംസ്ഥാനങ്ങള്‍ ഫണ്ട് വിനിയോഗിക്കുന്നതിന് കൂടുതല്‍ സമയം ചോദിച്ചപ്പോള്‍ അങ്ങനെ ആവശ്യപ്പെടാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാനായ സംസ്ഥാനമാണിത്. വിവിധ രംഗങ്ങളിലെ മികവിന് കേരളത്തെപ്പോലെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ വാങ്ങിക്കൂട്ടിയ സംസ്ഥാനങ്ങളും വേറെയില്ല.
കഴിഞ്ഞ ദിവസം കേന്ദ്ര-കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാരുടെ യോഗത്തില്‍, ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ഉയര്‍ന്ന പ്രശംസയും കേരള മാതൃക രാജ്യത്താകെ നടപ്പാക്കണമെന്ന ആ യോഗത്തിന്റെ ആഹ്വാനവും ഏറ്റവുമൊടുവില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ച ദേശീയ അംഗീകാരമാണ്. കേരളം പിന്നോട്ടാണെന്ന് പറയുമ്പോള്‍, ഏതുമേഖലയില്‍, എത്ര അളവില്‍ എന്നെല്ലാം വിശദീകരിക്കേണ്ടതുണ്ട്. അതിനു തയ്യാറാകാതെ കാടടച്ചു വെടിവയ്ക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ സംവാദത്തിന്റെ രീതിയല്ല. യാഥാര്‍ഥ്യങ്ങളാകെ മറച്ചുപിടിച്ച് സംസ്ഥാനകോൺഗ്രസ് നേതൃത്വം എഴുതിക്കൊടുത്ത പ്രസംഗം വായിക്കുകയായിരുന്നു സോണിയ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
അഴിമതി; അക്രമം എന്നിങ്ങനെയുള്ള പതിവ് ആരോപണങ്ങളും പ്രസംഗങ്ങളില്‍ സോണിയ ഉയര്‍ത്തിയിട്ടുണ്ട്. നാദാപുരത്തെ നരിക്കാട്ടേരിയില്‍ അഞ്ച് ചെറുപ്പക്കാര്‍ മരിക്കാനിടയായ സ്ഫോടനമാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായ ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രധാനസംഭവം. യുഡിഎഫിലെ രണ്ടാം കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ പ്രവര്‍ത്തകരാണ് മരിച്ചവരും പരിക്കേറ്റവരും. തെരഞ്ഞെടുപ്പ് അക്രമത്തിനായി നിര്‍മിച്ച് ശേഖരിച്ച ബോംബു കൈകാര്യം ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. കേസില്‍ അറസ്റ്ചെയ്യപ്പെട്ടത് മുസ്ളിം ലീഗിന്റെ പ്രധാനികളാണ്. മുസ്ളിം ലീഗിന്റെ ഈ അക്രമനീക്കത്തെ അപലപിക്കുകയും യുഡിഎഫിന് മുന്നറിയിപ്പുനല്‍കുകയും ചെയ്യേണ്ടതിനു പകരം ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയതുകൊണ്ട് എന്തുകാര്യം?
കഴിഞ്ഞ അഞ്ചുകൊല്ലം കേരളം മാഫിയകളുടെ പിടിയിലായിരുന്നുവെന്ന് പറയുന്നതിലൂടെ കോൺഗ്രസ് പ്രസിഡന്റ്, ഇന്ന് കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ചചെയ്യുന്ന സുപ്രധാന വിഷയങ്ങളിലുള്ള പരിപൂര്‍ണമായ അജ്ഞതയാണ് വെളിപ്പെടുത്തിയത്. യുഡിഎഫിന്റെ സ്ഥാപകനേതാവ് ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ശിക്ഷ അനുഭവിക്കുന്നതും ആ മുന്നണിയുടെ നേതൃനിരയാകെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നതും അഞ്ചുകൊല്ലം മുമ്പത്തെ യുഡിഎഫ് ഭരണത്തിന്റെ ദുരനുഭവങ്ങള്‍ ആ പാളയത്തില്‍നിന്നുള്ള വെളിപ്പെടുത്തലുകളിലൂടെത്തന്നെ ഓര്‍മിപ്പിക്കപ്പെടുന്നതും അറിയാതെയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയ എത്തിയത് എന്ന് ജനങ്ങള്‍ വിശ്വസിക്കണമോ? അതല്ല, തങ്ങളുടെ ദേശീയ അധ്യക്ഷയെ തെറ്റായ വിവരങ്ങള്‍ നല്‍കി ഇവിടത്തെ കോൺഗ്രസ് നേതൃത്വം കബളിപ്പിച്ചതാണോ? രണ്ടായാലും സോണിയയുടെ വരവ് യുഡിഎഫിന്റെ കാപട്യങ്ങളെയാണ് തുറന്നുകാട്ടിയത്.
അബദ്ധത്തിലാണെങ്കിലും കെപിസിസി പ്രസിഡന്റ് മത്സരിക്കുന്ന മണ്ഡലത്തില്‍ അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചത് എല്‍ഡിഎഫിന് വോട്ടുചെയ്യണം എന്നാണ്. യുഡിഎഫിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ മനസിലാക്കുന്ന ആര്‍ക്കും അങ്ങനെയേ അഭ്യര്‍ഥിക്കാനാകൂ.
*****
പിണറായി വിജയന്‍
Subscribe to:
Post Comments (Atom)
1 comment:
ശതകോടീശ്വരന്‍മാരെ സേവിക്കുന്നതും ലക്ഷം കോടികളുടെ അഴിമതിയില്‍ നീന്തിത്തുടിക്കുന്നതുമായ കേന്ദ്ര യുപിഎ ഭരണത്തിന്റെ മാതൃക കേരളം പിന്തുടരാത്തതാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഭവമെങ്കില്‍ അതിന്റെ 'കുറ്റം' ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അഭിമാനത്തോടെ ഏറ്റെടുക്കാവുന്നതേയുള്ളൂ. സോണിയ ഗാന്ധി കേരളത്തില്‍ വന്ന് പറഞ്ഞത്, ഇവിടെ സമസ്ത മേഖലകളും സ്തംഭിച്ചു എന്നാണ്. കമ്യൂണിസ്റ് പാര്‍ടികള്‍ കാലത്തിനുപിന്നിലാണ് സഞ്ചരിക്കുന്നതെന്നും ഇതര സംസ്ഥാനങ്ങള്‍ വികസന പാതയില്‍ മുന്നേറുമ്പോള്‍ കമ്യൂണിസ്റ് ഭരണം കേരളത്തെ പിന്നോട്ടടിപ്പിച്ചു എന്നും അവര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചതായി കണ്ടു. ഇത് തെരഞ്ഞെടുപ്പു പ്രചാരണരംഗത്തെ ആത്മവഞ്ചനാപരമായ ഒരു നിലപാടായേ കാണാനാവൂ.
Post a Comment