ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ മൗനംനിറഞ്ഞ ഏകാന്തതയുടേതാണ്. നൂറുവര്‍ഷത്തെ ഏകാന്തതയെക്കുറിച്ച് ഗബ്രിയേല്‍ ഗര്‍സിയാ മാര്‍ക്കേസ് എഴുതിയിട്ടുണ്ടല്ലോ. കോളറക്കാലത്തെ പ്രണയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ നോവല്‍ വായിച്ചപ്പോള്‍ എന്നെപ്പോലുള്ള ചില അനുവാചകരെങ്കിലും ഏകാകിതയാണ് അതിലും അനുഭവിച്ചറിഞ്ഞത്.
ഡല്‍ഹിയിലെ ദീര്‍ഘകാല വാസത്തിനിടയില്‍ നാലു യുദ്ധങ്ങളുടെ കെടുതികള്‍ക്ക് സാക്ഷ്യംവഹിക്കുവാന്‍ ഇടയായി. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിലെ ഇന്ത്യാ ചൈനാ യുദ്ധമായിരുന്നു ആദ്യത്തേത്. മൂന്നുകൊല്ലങ്ങള്‍ക്കുശേഷം പാകിസ്ഥാനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടില്‍ ബംഗ്ലാദേശിന്റെ പിറവിയില്‍ കലാശിച്ച മറ്റൊരു ഭീതിദമായ യുദ്ധംകൂടി പാകിസ്ഥാനുമായി നടന്നു. അവസാനമായി കണ്ടത് കാര്‍ഗില്‍ യുദ്ധവും.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച മലയാളിയായ യുവമേജര്‍ കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ കലാവിഹാര്‍ അപ്പാര്‍ട്മെന്റിലാണ് താമസിച്ചിരുന്നത്. അക്കാലം ഞാനും അവിടെയായിരുന്നു പാര്‍ത്തിരുന്നത്. ദേശീയ പതാകയില്‍ കെട്ടിപ്പൊതിഞ്ഞ യുവമേജറുടെ മൃതദേഹം എന്റെ ജനലിന്റെ താഴെയായിരുന്നു പൊതുദര്‍ശനത്തിന് വെച്ചത്. എണ്ണമറ്റ ദേശസ്നേഹികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവിടെ വന്ന് ക്യൂ നിന്നു. അതു നോക്കിനിന്നപ്പോള്‍ അസഹനീയമായ ഏകാന്തതയാണ് ഞാനനുഭവിച്ചത്. ഏകാധിപതികളുടെ നിഷ്ഠുരമായ ഭരണം മാത്രമല്ല യുവസൈനികരുടെ ജീവിതം കവരുന്ന ദേശസ്നേഹവും നമ്മെ ഏകാകികളാക്കി മാറ്റുന്നുവെന്ന് അന്നാണ് ഞാനറിഞ്ഞത്.
നാല്‍പ്പത് വര്‍ഷത്തെ ഡല്‍ഹി ജീവിതത്തെക്കുറിച്ച് എന്നെങ്കിലും ഞാനൊരു നോവലെഴുതുകയാണെങ്കില്‍ അതിന് വളരെ ഉചിതമായ ശീര്‍ഷകം നാലുപതിറ്റാണ്ടുകളുടെ ഏകാന്തത എന്നതായിരിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ തലക്കെട്ട് എന്റെ നോവലിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുകയില്ല. മാര്‍കേസിന്റെ പ്രസാധകന് എന്നെ കോടതി കയറ്റിയെന്ന് വരാം. ഗര്‍സിയാ ഗബ്രിയേല്‍ മാര്‍ക്കേസ് മനുഷ്യരാശിക്ക് നല്കിയ ഏറ്റവും വലിയ സംഭാവനയാണ് ഏകാന്തത.
തുടര്‍ന്ന് ഒരിക്കല്‍ക്കൂടി ഡല്‍ഹി ജീവിതത്തില്‍ ഏകാകിതയുടെ വേദന അറിഞ്ഞത്, തെരഞ്ഞെടുപ്പ് കാലത്താണ്. എനിക്ക് വോട്ട് നാട്ടിലല്ല, ഡല്‍ഹിയിലായിരുന്നു. പല തെരഞ്ഞെടുപ്പുകളിലും ഞാനവിടെ വോട്ടുചെയ്തു. വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിച്ച തെരഞ്ഞെടുപ്പുകളും ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ നടന്ന ഓരോ തെരഞ്ഞെടുപ്പും വേദനാജനകമായിരുന്നു.
തെരഞ്ഞെടുപ്പുകള്‍ നമുക്ക് കാര്‍ണിവലുകളല്ലേ? അപ്പോള്‍ അതിലെന്ത് വേദന? അതിലെന്ത് ഏകാന്തത? സ്വാഭാവികമായും അങ്ങനെ ചോദിക്കുന്നവരുണ്ടാകാം. ദസറക്കാലത്ത് ആഘോഷത്തോടെ രാവണപ്രഭൃതികളുടെ കോലം കത്തിക്കാനായി ജനലക്ഷങ്ങള്‍ ഒത്തുചേരുന്ന രാം ലീലഗ്രൗണ്ടില്‍ രാഷ്ട്രീയപാര്‍ടികള്‍ തെരഞ്ഞെടുപ്പ് മീറ്റിങ്ങുകള്‍ നടത്തുമ്പോള്‍ ഞാനവിടെ പോകാറില്ലായിരുന്നു. കേരളത്തിലെന്നപോലെ എന്റെ മനസുണര്‍ത്തുവാനോ എന്റെ ചോര തിളപ്പിക്കുവാനോ ഡല്‍ഹിയിലെ പാര്‍ടിക്കാര്‍ക്കും അവരുടെ ആള്‍ക്കൂട്ടങ്ങള്‍ക്കും കഴിയുമായിരുന്നില്ല.
ചുവന്ന കൊടികളില്ലാത്ത തെരഞ്ഞെടുപ്പുകാലം ഡല്‍ഹിയില്‍ ചെന്നപ്പോള്‍ മാത്രമാണ് ഞാന്‍ കണ്ടത്. ജാഥകളുടെ മുമ്പില്‍ കണ്ടത് കാവിവസ്ത്രധാരികളെയും ഖദര്‍വേഷക്കാരെയുമായിരുന്നു. ശൂലങ്ങള്‍ കൈയിലേന്തിയ ജടധാരികള്‍ ഭിക്ഷ ചോദിക്കുന്നതിന്പകരം വോട്ടുചോദിക്കുന്നത് എനിക്കൊരു കൗതുകമായിരുന്നു. ഭിക്ഷപ്പാത്രങ്ങളില്‍ അരിയും നാണയങ്ങളുമല്ലാതെ വോട്ടിടുവാന്‍ മലയാളിയായ ഞാന്‍ ശീലിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ആ കൗതുകത്തിനുള്ളില്‍ പ്രച്ഛന്നമായി കിടക്കുന്ന മഹാവിപത്തിനെ തിരിച്ചറിയുവാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ധര്‍മസങ്കടം എന്ന പദത്തിന്റെ അര്‍ഥം നിഘണ്ടു നോക്കാതെതന്നെ മനസ്സിലായത്.
മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ പൊള്ളുന്ന ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. എന്റെ നാട്ടുകാര്‍ക്ക് അവരുടെ നാട്ടില്‍ ഒരു കക്കയത്തിന് മാത്രമേ സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുള്ളൂ. എന്നാല്‍ ഡല്‍ഹിയിലെ ഓരോ മുക്കിലും മൂലയിലും കക്കയങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. രാജന്മാരും, വര്ഗീസുമാരും അവിടെയുണ്ടായിരുന്നു. ഓര്‍മകളെയും ചരിത്രത്തെയുംതന്നെ ഒരു കര്‍സര്‍ ചലനംകൊണ്ടെന്നപോലെ അനായാസം ഡിലീറ്റ് ചെയ്യുവാന്‍ ശ്രമംനടത്തിയ അടിയന്തരാവസ്ഥക്കാലത്തിന്റെ കാനേഷുമാരിയില്‍ ഉത്തരേന്ത്യന്‍ രാജന്മാരുടെയും വര്‍ഗീസുമാരുടെയും പേരുകള്‍ കാണില്ല. കേരളത്തിലെന്നപോലെ കുറ്റവാളികളെ നീതിപീഠത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്താനുള്ള ശുഷ്കാന്തിയോ ആര്‍ജവമോ ഡല്‍ഹി നിവാസികള്‍ക്കില്ലായിരുന്നു.
ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയപാര്‍ടികളില്ലാത്ത ഡല്‍ഹിയിലെ എന്റെ നിയോജകമണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പുകാലത്തും പൊട്ടിപ്പൊളിഞ്ഞ മുനിസിപ്പല്‍ സ്കൂളിന്റെ മുറ്റത്ത് കൊടും ശൈത്യത്തില്‍ കമ്പിളിക്കുപ്പായമിട്ട് വിറച്ചുകൊണ്ട് വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്ക്കുമ്പോള് ആ വിറയലുകള്‍ ദേഹത്തിലല്ല ആത്മാവിലാണ് ഞാന്‍ അറിഞ്ഞത്. തുടര്‍ന്ന് ആ വിറയലുകള്‍ മരവിപ്പായി പരിണമിക്കുന്നു. ആ അനുഭവം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് ക്യൂ നീങ്ങിനീങ്ങി ഞാന്‍ അവസാനം ബാലറ്റ് പെട്ടിയുടെ മുമ്പില്‍ എത്തുമ്പോഴാണ്. ഇതുവരെ മറ്റെന്തൊക്കെയോ ആയിരുന്ന ഞാന്‍ ആ നിമിഷം സമ്മതിദായകനായി മാറുകയാണ്.
പക്ഷേ ആര്‍ക്കാണ് ഞാന്‍ സമ്മതിദാനം നല്‍കേണ്ടത്? ഇക്കാലമത്രയും പ്രണയവും സൗന്ദര്യവും തൂവിയ, താമരക്കണ്ണുപോലുള്ള കാവ്യഭാവനയെ പ്രചോദിപ്പിച്ച ഒരു പൂവിന് വര്‍ഗീയതയുടെ കാവി നിറം നല്‍കിയവര്‍ക്കാണോ ഞാന്‍ വോട്ടുചെയ്യേണ്ടത്? ആ താമരയിലാണോ എണ്ണമറ്റ മനുഷ്യര്‍ ജീവത്യാഗം ചെയ്തു നേടിയ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം എനിക്ക് നല്കിയ വിലപിടിച്ച അവകാശം ഞാന്‍ വോട്ടാക്കി മാറ്റി അടയാളപ്പെടുത്തേണ്ടത്? പട്ടിണിയും ദാരിദ്ര്യവുംകൊണ്ടു നരകിക്കുന്ന കോടാനുകോടി ജനങ്ങള്‍ക്ക് സാന്ത്വനം പകരേണ്ട കൈ ഏകാധിപത്യത്തിന്റെയും കരാളത്തത്തിന്റെയും ബിംബമാക്കിയവര്‍ക്കോ ഞാന്‍ വോട്ടു ചെയ്യണ്ടത്? തുര്‍ക്കുമാന്‍ ഗെയിറ്റിലെ പാവങ്ങളുടെ ആവാസ സ്ഥലങ്ങള്‍ നശിപ്പിച്ച് അവരെ തെരുവിലിറക്കുകയും പ്രതിഷേധിച്ചപ്പോള്‍ അവരുടെ നേരെ ബുള്‍ഡോസറുകള്‍ തിരിച്ചുവിടുകയും ചെയ്തവര്‍ക്കോ ഞാന്‍ വോട്ടുചെയ്യേണ്ടത്? ബാലറ്റ് പെട്ടിയുടെ മുമ്പില്‍ താമരയുടെയും കൈപ്പത്തിയുടെയും നടുവില്‍ സന്ദേഹിച്ചു നില്ക്കുമ്പോള് നൂറുവര്‍ഷങ്ങളുടെയല്ല ആയിരം വര്‍ഷങ്ങളുടെ ഏകാന്തത ഞാനറിയുകയായിരുന്നു.
വോട്ടുചെയ്യാതെ, വിരല്‍ത്തുമ്പില്‍ വോട്ടു ചെയ്തതായി സാക്ഷ്യപ്പെടുത്തുന്ന മഷിയടയാളവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. വോട്ടുണ്ട്. പക്ഷേ വോട്ടുചെയ്യുവാന്‍ പാര്‍ടിയില്ല എന്ന ആ അവസ്ഥ നല്‍കുന്നത് ഒരു വ്യര്‍ഥതാബോധമാണ്.
ഇപ്പോള്‍ ഞാന്‍ നാട്ടിലാണ്. ഇവിടെ ആര്‍ക്കും അങ്ങനെയൊരു സന്ത്രാസം വോട്ടുചെയ്യാന്‍ പോകുമ്പോള്‍ അനുഭവിക്കേണ്ടിവരില്ല. ഓരോ സമ്മതിദായകനും സ്വന്തം പാര്‍ടിയും ചിഹ്നവും വ്യക്തമായി അറിയാം. പെനാല്‍റ്റി കിക്ക് നേരിടുന്ന ഗോളിയുടെ ഏകാന്തത ഇവിടെ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ ആരും അനുഭവിക്കാന്‍ പോകുന്നില്ല. വോട്ട് ഒരു വലിയ ആയുധമാണ്. സൃഷ്ടിക്കുവാനും സംഹരിക്കുവാനും അതിന് കഴിയും. ചരിത്രത്തിന്റെ ഗതി തിരിച്ചുവിടാന്‍ അതിന് കഴിയും. അതുകൊണ്ടുതന്നെ വോട്ടുചെയ്യുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ബാലറ്റ് ബോക്സിനു മുമ്പില്‍ ക്യൂ അവസാനിക്കുമ്പോള്‍ സമ്മതിദായകന് കൈത്തെറ്റ് പറ്റരുത്. ഒരിക്കല്‍ പറ്റിയാല്‍, അത് തിരുത്തുവാന്‍ അഞ്ചുവര്‍ഷം കാത്തുനില്‍ക്കേണ്ടിവരും. ചിലപ്പോള്‍ വീണ്ടും അതിനൊരു അവസരം കിട്ടിയില്ലെന്ന് വരാം.
ആര്‍ക്കു വോട്ടു ചെയ്യണം എന്ന് മലയാളിസമ്മതിദായകരോട് എഴുത്തുകാരന് പറയേണ്ടതില്ല. അത് എഴുത്തുകാരന് സാക്ഷാത്കരിക്കേണ്ട കര്‍ത്തവ്യങ്ങളുടെ പരിധിയില്‍ വരുന്നില്ല. സാക്ഷരതയില്ലാത്ത ദാരിദ്ര്യവും പട്ടിണിയുമായി കന്നുകാലികളുടേതിനേക്കാള്‍ അധമമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഉത്തരേന്ത്യയിലെ സമ്മതിദായകരെപ്പോലെ അല്ല നമ്മള് മലയാളികള്‍. ആര്‍ക്ക് വോട്ടുചെയ്യണം എന്ന് തീരുമാനിക്കാനുള്ള വിദ്യാഭ്യാസവും അറിവും പക്വതയും കേരളത്തിലെ സമ്മതിദായകര്‍ക്ക് ഇന്നുണ്ട്. അവര്‍ തങ്ങള്‍ക്ക് കൈത്തെറ്റു പറ്റുകയില്ലെന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ ലോകത്തിന് കാണിച്ചുകൊടുക്കട്ടെ.
ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാന്‍ പോകുന്നവരില്‍ വലിയൊരു ഭാഗം ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ളവരാണ്. ഈ യുവാക്കളും യുവതികളും ഉന്നതവിദ്യാഭ്യാസം കൈവരിച്ച് ഐടിപോലുള്ള സാങ്കേതിക മേഖലകളിലും മറ്റും പ്രവര്‍ത്തിക്കുന്നവരാണ്. അമ്പത് വര്‍ഷം മുമ്പ് ജീവിതത്തെക്കുറിച്ച് നമ്മുടെ കര്‍ഷകരും തൊഴിലാളികളും കണ്ട സ്വപ്നങ്ങളല്ല അവര്‍ കാണുന്നത്. അരനൂറ്റാണ്ടിന് മുമ്പ് നമ്മള് ജീവിച്ച ലോകത്തിലല്ല അവര്‍ ജീവിക്കുന്നത്. പുതിയ ലോകത്തിലെ പ്രജകളാണ് അവര്‍ എന്ന ഒറ്റ കാരണത്താല്‍ അവരെ നമുക്ക് അവഗണിക്കുവാന്‍ കഴിയുകയില്ല. ഈ നവയുവത്വമാണ് വരുംനാളുകളില്‍ ബാലറ്റ് പേപ്പറുകളിലൂടെ നമ്മുടെ നാടിന്റെ ഭാവി നിര്ണയിക്കുവാന് പോകുന്നത്.... മാനവികതക്കും നൈതികതക്കും പരിക്കേല്‍പ്പിക്കാതെ നാടിനെ വികസനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ക്കാണ് ഇനി സമ്മതിദായകര്‍ വോട്ടുനല്‍കുക. തെരുവ് മുദ്രാവാക്യങ്ങള്‍ അവരെ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല. ആ കാലം കഴിഞ്ഞുപോയി. ഈ നവയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുവാന്‍ നാം ഇനിയുംവൈകുകയില്ലെന്ന് കരുതട്ടെ.
*****
എം മുകുന്ദന്, കടപ്പാട് :ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
നാല്‍പ്പത് വര്‍ഷത്തെ ഡല്‍ഹി ജീവിതത്തെക്കുറിച്ച് എന്നെങ്കിലും ഞാനൊരു നോവലെഴുതുകയാണെങ്കില്‍ അതിന് വളരെ ഉചിതമായ ശീര്‍ഷകം നാലുപതിറ്റാണ്ടുകളുടെ ഏകാന്തത എന്നതായിരിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ തലക്കെട്ട് എന്റെ നോവലിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുകയില്ല. മാര്‍കേസിന്റെ പ്രസാധകന് എന്നെ കോടതി കയറ്റിയെന്ന് വരാം. ഗര്‍സിയാ ഗബ്രിയേല്‍ മാര്‍ക്കേസ് മനുഷ്യരാശിക്ക് നല്കിയ ഏറ്റവും വലിയ സംഭാവനയാണ് ഏകാന്തത.
Post a Comment