Thursday, April 28, 2011

സിഐടിയു മെയ്ദിന മാനിഫെസ്റ്റോ: കരുത്തന്‍ പോരാട്ടമുയരട്ടെ

ഈ മഹത്തായ ദിനത്തില്‍ സിഐടിയു വര്‍ഗസമരത്തോടുള്ള അതിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ്. അതോടൊപ്പം എല്ലാതരത്തിലുമുള്ള ചൂഷണങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും മാനവരാശിയുടെ സമ്പൂര്‍ണ വിമോചനത്തിനും വേണ്ടി സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നു. നവഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കെതിരെ പോരടിക്കുന്ന കര്‍ഷകത്തൊഴിലാളികളോടും പാവപ്പെട്ടവരും ഇടത്തരക്കാരുമായ കര്‍ഷകരോടും സിഐടിയു ഗാഢമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകത്തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തില്‍ നവ ഉദാരവല്‍ക്കരണത്തിനെതിരെ അതിശക്തമായ പോരാട്ടങ്ങള്‍ക്ക് വരുംനാളുകള്‍ സാക്ഷ്യം വഹിക്കണമെന്നും സിഐടിയു അഭിലഷിക്കുന്നു. മുതലാളിത്തക്രമത്തിന്റെ പ്രതിസന്ധി ലോകത്തെ കാര്‍ന്നുതിന്നുമ്പോള്‍, വിപ്ലവത്തിന്റെ നേട്ടങ്ങളെ നെഞ്ചോടുചേര്‍ത്തുപിടിക്കാന്‍, ജനങ്ങളുടെ ജീവിതനിലവാരത്തെയും അവരുടെ അവകാശങ്ങളെയും കാത്തുസംരക്ഷിക്കാന്‍, സോഷ്യലിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍, അതിന്റെ അജയ്യതയെ സംരക്ഷിക്കാന്‍ അക്ഷീണം പോരടിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ക്കും അവിടത്തെ തൊഴിലാളി വര്‍ഗത്തിനും ഊഷ്മളമായ അഭിവാദ്യം നേരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ഉപരോധത്തെയും അട്ടിമറി ശ്രമങ്ങളെയും ധീരമായി പ്രതിരോധിച്ച് സോഷ്യലിസ്റ്റ് ക്യൂബ നേടിയ വിജയങ്ങളിലും നേട്ടങ്ങളിലും സിഐടിയു ആഹ്ലാദം പങ്കുവയ്ക്കുന്നു.

അറബ് ലോകത്ത് അലയടിച്ചുയരുന്ന ജനാധിപത്യത്തോടുള്ള കൂറിനെയും ഏകാധിപത്യവിരുദ്ധതയെയും സ്വാഗതംചെയ്യുന്നു. ടുണീഷ്യയിലാണ് ജനാധിപത്യ പ്രക്ഷോഭം ആദ്യം അലയടിച്ചുതുടങ്ങിയത്. ജനകീയപ്രക്ഷോഭം പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ഈജിപ്തിലെ ഏകാധിപതി ഹോസ്നി മുബാറക്കിന് സ്ഥാനമൊഴിയേണ്ടിവന്നു. ബഹ്റൈന്‍, ലിബിയ, യെമന്‍, ഒമാന്‍, ജോര്‍ദാന്‍, മൊറോക്കോ, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജനകീയ പ്രക്ഷോഭം പടര്‍ന്നു. ഈ രാജ്യങ്ങളില്‍ പലയിടത്തും കൂടുതല്‍ ജനാധിപത്യപരമായ ഒരു ഭരണക്രമത്തിലുള്ള സാധ്യത തുറന്നുകിട്ടി. ഈ രാജ്യങ്ങളില്‍ പലയിടത്തും ഏകാധിപത്യത്തിനെതിരായ ബഹുജനപ്രക്ഷോഭങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന് നേതൃപരമായ പങ്കുവഹിക്കാനായി. ഇതിനെ സിഐടിയു അഭിമാനത്തോടെയാണ് വീക്ഷിക്കുന്നത്.

സാമ്രാജ്യത്വ ഗൂഢപദ്ധതികള്‍ക്കെതിരെ

അമേരിക്കയാല്‍ നയിക്കപ്പെടുന്ന സാമ്രാജ്യത്വശക്തികളുടെ അക്രമോത്സുകമായ അധീശത്വ ഗൂഢപദ്ധതികള്‍ക്കെതിരെ ജാഗരൂകരാകാനും അത്തരം പദ്ധതികളെ അപലപിക്കാനും സിഐടിയു ആഹ്വാനംചെയ്യുന്നു. അതോടൊപ്പം സാമ്രാജ്യത്വ പദ്ധതികളെ സംബന്ധിച്ചുള്ള ആഴമേറിയ അങ്കലാപ്പും പങ്കുവയ്ക്കുന്നു. അമേരിക്കയുടെയും മറ്റ് യൂറോപ്യന്‍ മുന്നണികളുടെയും സഹായത്തോടെ ഇസ്രയേല്‍ ഭരണകൂടം കൊന്നൊടുക്കുന്ന പാലസ്തീനിലെ ജനങ്ങളോടും അവരുടെ പോരാട്ടങ്ങളോടും ഐക്യദാര്‍ഢ്യം വീണ്ടും ഉറപ്പിക്കുന്നു. ഇറാനെയും സിറിയയെയും ഉത്തരകൊറിയയെയും ആക്രമിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢപദ്ധതികളെ അപലപിക്കുന്നു.

മുതലാളിത്തക്രമം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കൂട്ടത്തോടെയുള്ള തൊഴില്‍നഷ്ടങ്ങളും അടച്ചുപൂട്ടലുകളും പിരിച്ചുവിടലുകളും വേതനം വെട്ടിക്കുറയ്ക്കലും പണിയെടുക്കുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളെ പിച്ചിച്ചീന്തുന്നു. പണിയെടുക്കുന്ന ജനസമൂഹത്തിന്റെ അവകാശങ്ങള്‍ കടപുഴക്കി എറിയപ്പെടുന്നു. ഇതിനെതിരെ ലോകവ്യാപകമായി അലയടിച്ചുയരുന്ന പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും നടുവിലാണ് ഈ മെയ്ദിനം ആചരിക്കുന്നത്.

സ്വന്തം ജീവിതത്തെയും തൊഴിലിനെയും കൊള്ളയടിക്കുന്നതിനെതിരെ തൊഴിലാളികള്‍ ഒന്നടങ്കം സമരങ്ങളില്‍ അണിനിരന്നു. കഴിഞ്ഞ മെയ്ദിനം മുതലുള്ള കാലഘട്ടം, യൂറോപ്പ് ആകമാനവും അമേരിക്കയും പണിയെടുക്കുന്ന മനുഷ്യരുടെയും തൊഴിലാളികളുടെയും സമരോത്സുകമായ പോരാട്ടങ്ങള്‍ക്ക് വേദിയായി. വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനം വെട്ടിക്കുറയ്ക്കല്‍, സാമൂഹ്യ സുരക്ഷിതത്വമില്ലായ്മ എന്നിവയ്ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. ലോകം മുഴുവന്‍ ആഞ്ഞടിക്കുന്ന തൊഴിലെടുക്കുന്ന മനുഷ്യരുടെ പ്രക്ഷോഭ സമരങ്ങളില്‍നിന്ന് സിഐടിയു ഊര്‍ജവും ആവേശവും ഉള്‍ക്കൊള്ളുന്നു. അതോടൊപ്പം പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ധനമൂലധനത്തിന്റെ പ്രവാഹത്തിലൂന്നിയ നവഉദാരവല്‍ക്കരണ സാമ്രാജ്യത്വ ഭരണക്രമത്തിന്റെ അനിവാര്യമായ പതനത്തെയാണ് ലോകത്താകമാനം പടര്‍ന്നുപിടിച്ച ആഗോളസാമ്പത്തിക പ്രതിസന്ധി വെളിവാക്കുന്നത്. ലോകമുതലാളിത്തക്രമത്തിന്റെ അങ്ങേയറ്റത്തെ ദൗര്‍ബല്യത്തെയും ശേഷിക്കുറവിനെയുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മുതലാളിത്തത്തിന്റെ വ്യാജ പ്രവര്‍ത്തനക്രമത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്നും ആക്രമത്തിനെതിരെയുള്ള ഉശിരന്‍ പോരാട്ടങ്ങള്‍ തുടരുമെന്നുമുള്ള നിലപാട് ഈ മെയ്ദിനത്തില്‍ സിഐടിയു വീണ്ടും പുതുക്കുന്നു.

ഇന്ത്യയില്‍

പണിയെടുക്കുന്നവരുടെ നിരന്തര പ്രതിരോധങ്ങളുടെയും തൊഴിലാളിവര്‍ഗം രാജ്യത്ത് സംഘടിപ്പിച്ച പോരാട്ടങ്ങളുടെയും ഇടതുപക്ഷശക്തി പാര്‍ലമെന്റിനകത്തുയര്‍ത്തിയ ശക്തമായ പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ ഭരണവര്‍ഗത്തിന് കഴിയാതെപോയത്. അതുകൊണ്ടാണ് പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെ ഭാഗികമായിട്ടെങ്കിലും പരാജയപ്പെടുത്താനും, ലോകസാമ്പത്തിക പ്രതിസന്ധിയുടെ അനിവാര്യമായ തകര്‍ച്ചയില്‍നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറച്ചെങ്കിലും രക്ഷിച്ചെടുക്കാനുമായത്. ഈ പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്നതില്‍ സിഐടിയുവിന് അഭിമാനമുണ്ട്.

ടെലികോം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്- അഴിമതിയുടെ ഒരു കൂമ്പാരംതന്നെ ഇക്കാലയളവില്‍ പുറത്തുവരികയുണ്ടായി. വിദേശ ബാങ്കുകളിലേക്ക് കള്ളപ്പണത്തിന്റെ ഭീമാകാരമായ ഒഴുക്കും കേന്ദ്രീകരണവും നടന്നതും ഇക്കാലയളവില്‍ത്തന്നെയാണ്. ഭരണരംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തെയാണ് ഇതൊക്കെ വെളിപ്പെടുത്തുന്നത്.
ജനത്തിന്റെമേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ ആഹാരം, രാസവളങ്ങള്‍, ഇന്ധനങ്ങള്‍ എന്നിവയ്ക്കുള്ള സബ്സിഡികള്‍ നിരന്തരം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. എല്ലാതരത്തിലുള്ള അവശ്യവസ്തുക്കളുടെയും ഇന്ധനങ്ങള്‍, രാസവളങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ ചരക്കുകളുടെയും വിലകള്‍ നിരന്തരം ആഗോളനിലവാരത്തിലും കവിഞ്ഞ് ഉയരുന്നു. ജനസാമാന്യത്തിന് മനുഷ്യരായി ജീവിക്കാന്‍ ആവശ്യമായ വരുമാനംപോലും തൊഴിലിടങ്ങളില്‍നിന്ന് ലഭിക്കുന്നില്ല. എല്ലാ അടിസ്ഥാന തൊഴില്‍നിയമങ്ങളും തൊഴിലുടമകള്‍ കാറ്റില്‍ പറത്തുകയാണ്. മിക്കയിടങ്ങളിലും ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനോ പ്രവര്‍ത്തിക്കാനോ അനുവദിക്കുന്നില്ല. ജനദ്രോഹനയങ്ങള്‍ക്കെതിരെയും രാജ്യ-വിരുദ്ധ നയങ്ങള്‍ക്കെതിരെയും ജനങ്ങള്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ പാടില്ലെന്നതാണ് ഇതിന്റെ ലക്ഷ്യം.

തൊഴില്‍നിയമങ്ങളെ തൊഴിലുടമകള്‍ക്ക് അനുയോജ്യമായ തരത്തില്‍ പൊളിച്ചെഴുതാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുകയാണ്. അതിലൂടെ എല്ലാതരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങള്‍ക്കും തൊഴിലുടമയ്ക്ക് സാധൂകരണം കൈവരും. പെന്‍ഷന്‍ സംവിധാനം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുകയാണ്. പെന്‍ഷന്‍ ഫണ്ടുകള്‍ ഊഹക്കച്ചവടക്കാര്‍ക്ക് ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുകയാണ് ലക്ഷ്യം. ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനായി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യനിര ഉയര്‍ത്തിക്കൊണ്ടുവരികയെന്ന പരിശ്രമത്തെ കൂടുതല്‍ ശക്തമാക്കാന്‍ സിഐടിയു ഈ മെയ്ദിനത്തില്‍ പ്രതിജ്ഞചെയ്യുന്നു.

പാര്‍ലമെന്റില്‍ രാഷ്ട്രീയബലാബലത്തില്‍ വലതുപക്ഷത്തിനാണ് മേല്‍ക്കൈയെങ്കിലും, പാര്‍ലമെന്റിന് പുറത്തുള്ള സംഭവവികാസങ്ങള്‍ വ്യത്യസ്തമാണ്. കൊടിയടയാളങ്ങള്‍ നോക്കാതെ എല്ലാ ട്രേഡ് യൂണിയനുകളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ അണിനിരക്കുന്നു. വിലക്കയറ്റത്തിനെതിരെയും തൊഴില്‍നിയമങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ കരാര്‍വല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനെതിരെയും ഉശിരോടെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തി. 3 ലക്ഷം കല്‍ക്കരി തൊഴിലാളികള്‍ കഴിഞ്ഞവര്‍ഷം മെയ് 5ന് സിഐടിയുവിന്റെ നേതൃത്വത്തില്‍ വിദേശ നിക്ഷേപത്തിനെതിരെ പണിമുടക്ക് നടത്തി. ബാങ്ക് മേഖലയിലെയും ടെലികോം മേഖലയിലെയും തൊഴിലാളികള്‍ നിയന്ത്രണരാഹിത്യത്തിനെതിരെ യോജിച്ച് പണിമുടക്കി. 2011 സെപ്തംബര്‍ 7ന് രാജ്യവ്യാപകമായി നടന്ന സംയുക്ത പണിമുടക്കില്‍ 10 കോടിയിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. 2011 ഫെബ്രുവരി 23ന് അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ട്രേഡ് യൂണിയനുകളുടെ ഐക്യം അടിത്തട്ടുകളിലേക്ക് വ്യാപിപ്പിക്കാനും തൊഴിലെടുക്കുന്ന മനുഷ്യരുടെ സമരോത്സുകമായ സംയുക്ത പ്രക്ഷോഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും അതുവഴി ജനദ്രോഹ, സാമ്രാജ്യത്വ അനുകൂല ഭരണവര്‍ഗത്തെ തകര്‍ത്തെറിയാനും ഈ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗത്തോട് സിഐടിയു ആഹ്വാനംചെയ്യുന്നു.
ആക്രമണങ്ങളെ പരാജയപ്പെടുത്തുക

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പു നടക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ മെയ്ദിനാചരണം. രണ്ട് സംസ്ഥാനങ്ങളിലും നവ ഉദാരവല്‍ക്കരണ നയങ്ങളും അതിനെ ചെറുക്കുന്ന ജനപക്ഷ നിലപാടുകളും തമ്മിലാണ് പോരാട്ടം. രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഇടതുപക്ഷ പുരോഗമന ശക്തികളുടെ വിജയത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കേണ്ടതുണ്ട്. കാരണം ഉദാത്തമായൊരു ജീവിതത്തെക്കുറിച്ചും വിശാലമായ അവകാശങ്ങളെക്കുറിച്ചുമുള്ള തൊഴിലാളിവര്‍ഗത്തിന്റെ സ്വപ്നങ്ങളുടെ പ്രതിഫലനമാണ് ഇടതുപക്ഷ ശക്തികള്‍.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു നേരെ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ അഴിച്ചുവിട്ടിരിക്കുന്ന എല്ലാതരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും തൊഴിലാളിവര്‍ഗത്തോട് ഈ മെയ്ദിനത്തില്‍ സിഐടിയു ആഹ്വാനംചെയ്യുകയാണ്.

പശ്ചിമബംഗാളിലെ ജനങ്ങള്‍ സ്വന്തം ജീവിതങ്ങളെ ബലിയര്‍പ്പിച്ചാണ് പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ പോരടിക്കുന്നത്. കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളുടെ ഹീനമായ നുണപ്രചാരണങ്ങളെ ധീരമായി ചെറുക്കുന്നു. അധ്വാനിക്കുന്ന മനുഷ്യരുടെ ശത്രുവിനെതിരെയാണ് അവര്‍ പോരടിക്കുന്നത്. ആ ശത്രു ജനാധിപത്യത്തിന്റെ ശത്രുവാണ്; ജനങ്ങളുടെ ശാക്തീകരണത്തിന്റെ ശത്രുവാണ്; അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും കള്ള പ്രചാരവേലകളെയും തുറന്നുകാട്ടേണ്ടതും ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതും മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്റെ കൂടി കടമയാണ്. കേരളത്തിലെയും
പശ്ചിമബംഗാളിലെയും സഖാക്കള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കും പ്രചാരവേലകള്‍ക്കും വിധേയമാകുമ്പോള്‍, അതിനെ ജീവന്‍കൊടുത്ത് പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് മെയ്ദിനത്തിന്റെ ഈ അവസരത്തില്‍ സിഐടിയു അപേക്ഷിക്കുകയാണ്. കേരളത്തിലെയും പശ്ചിമബംഗാളിലെയും സഖാക്കളും പ്രസ്ഥാവുമാണ് തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്കായി എന്നും മുന്നില്‍നിന്നിട്ടുള്ളത്. അവരാണ് മുതലാളിത്ത ലോകക്രമത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ നേതൃനിരയില്‍ നിന്നുകൊണ്ട് പോരടിച്ചുകൊണ്ടിരിക്കുന്നത്.


2011 ലെ മെയ്ദിന അഭ്യര്‍ഥന

സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കെതിരെയും നവഉദാരവല്‍ക്കരണ തിട്ടൂരങ്ങള്‍ക്കെതിരെയും സ്വന്തം ജീവിതവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പോരാടുന്ന ലോകത്തെ മുഴുവന്‍ തൊഴിലാളിവര്‍ഗത്തോടുമുള്ള പ്രതിബദ്ധതയും ഐക്യദാര്‍ഢ്യവും ഈ മെയ്ദിനത്തില്‍ സിഐടിയു വീണ്ടും ഉറപ്പിക്കുന്നു.

വലതുപക്ഷ പ്രതിവിപ്ളവകാരികള്‍ക്കെതിരെയും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും പൊരുതുന്ന ഇടതുപക്ഷശക്തികള്‍ക്ക് സിഐടിയു ശക്തമായ പിന്തുണ വീണ്ടും അറിയിക്കുന്നു. പശ്ചിമബംഗാള്‍, കേരളം, ആസാം, തമിഴ്നാട് എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള സിഐടിയുവിന്റെ ആഹ്വാനം ഈ പോരാട്ടത്തിന്റെ അവിഭാജ്യഘടകമാണ്.

2011 ലെ മെയ്ദിന അഭ്യര്‍ഥന

കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണവര്‍ഗത്തിന്റെ ക്രൂരമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ചെറുക്കുന്നതിനുംവേണ്ടി തൊഴിലെടുക്കുന്ന മനുഷ്യരുടെ വര്‍ഗാടിസ്ഥാനത്തിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പരം ഐക്യദാര്‍ഢ്യം കെട്ടിപ്പടുക്കുന്നതിനും സിഐടിയു ഈ രാജ്യത്തെ തൊഴിലെടുക്കുന്ന മനുഷ്യരോട് അഭ്യര്‍ഥിക്കുന്നു.

ഐക്യത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറേണ്ടതുണ്ട്. മെയ്ദിനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്.

വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എല്ലാ തരത്തിലുള്ള പിന്തിരിപ്പന്‍ ശക്തികള്‍ക്കും എതിരെ ജാഗരൂകരായിരിക്കുവാനും പോരടിക്കുവാനും ഈ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗത്തോട് സിഐടിയു ആഹ്വാനംചെയ്യുന്നു.

അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ ജനങ്ങളും തൊഴിലാളിവര്‍ഗവും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സമരപോരാട്ടങ്ങളെ പുതിയ ഇടങ്ങളിലേക്കും തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനും ഈ മെയ്ദിനത്തില്‍ സിഐടിയു തൊഴിലാളിവര്‍ഗത്തോടു ആഹ്വാനം ചെയ്യുന്നു.

തൊഴിലാളിവര്‍ഗത്തിന്റെ അന്താരാഷ്ട്രതലത്തിലുള്ള ഐക്യദാര്‍ഢ്യം നീണാള്‍ നിലനില്‍ക്കട്ടെ.

മുതലാളിത്തവും സാമ്രാജ്യത്വവും തകര്‍ന്നടിയട്ടെ.

നവഉദാരവല്‍ക്കരണ- സാമ്രാജ്യത്വ ആഗോളവല്‍ക്കരണം തകര്‍ന്നടിയട്ടെ.

സോഷ്യലിസം വിജയിക്കട്ടെ.


*****

സി ഐ ടി യു മെയ് ദിന മാനിഫെസ്‌റ്റോയിൽ നിന്ന്, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ മഹത്തായ ദിനത്തില്‍ സിഐടിയു വര്‍ഗസമരത്തോടുള്ള അതിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ്. അതോടൊപ്പം എല്ലാതരത്തിലുമുള്ള ചൂഷണങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും മാനവരാശിയുടെ സമ്പൂര്‍ണ വിമോചനത്തിനും വേണ്ടി സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നു. നവഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കെതിരെ പോരടിക്കുന്ന കര്‍ഷകത്തൊഴിലാളികളോടും പാവപ്പെട്ടവരും ഇടത്തരക്കാരുമായ കര്‍ഷകരോടും സിഐടിയു ഗാഢമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകത്തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തില്‍ നവ ഉദാരവല്‍ക്കരണത്തിനെതിരെ അതിശക്തമായ പോരാട്ടങ്ങള്‍ക്ക് വരുംനാളുകള്‍ സാക്ഷ്യം വഹിക്കണമെന്നും സിഐടിയു അഭിലഷിക്കുന്നു. മുതലാളിത്തക്രമത്തിന്റെ പ്രതിസന്ധി ലോകത്തെ കാര്‍ന്നുതിന്നുമ്പോള്‍, വിപ്ലവത്തിന്റെ നേട്ടങ്ങളെ നെഞ്ചോടുചേര്‍ത്തുപിടിക്കാന്‍, ജനങ്ങളുടെ ജീവിതനിലവാരത്തെയും അവരുടെ അവകാശങ്ങളെയും കാത്തുസംരക്ഷിക്കാന്‍, സോഷ്യലിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍, അതിന്റെ അജയ്യതയെ സംരക്ഷിക്കാന്‍ അക്ഷീണം പോരടിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ക്കും അവിടത്തെ തൊഴിലാളി വര്‍ഗത്തിനും ഊഷ്മളമായ അഭിവാദ്യം നേരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ഉപരോധത്തെയും അട്ടിമറി ശ്രമങ്ങളെയും ധീരമായി പ്രതിരോധിച്ച് സോഷ്യലിസ്റ്റ് ക്യൂബ നേടിയ വിജയങ്ങളിലും നേട്ടങ്ങളിലും സിഐടിയു ആഹ്ലാദം പങ്കുവയ്ക്കുന്നു.