Tuesday, April 19, 2011

മുഖം നഷ്ടമാകുന്ന അലോഷ്യസുമാര്‍

കുടിച്ച് കുഴയുന്ന കേരളം 1

ജീവന്‍ ബാക്കിതന്ന തെരുവുനായ്ക്കളെ ശപിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ് കടന്നപ്പള്ളി കുത്തൂര്‍കുന്നിലെ അലോഷ്യസ്. മുഖം കടിച്ചുപറിച്ച തെരുവുനായയുടെ ആര്‍ത്തി തന്റെ പ്രാണനും കടിച്ചുകുടഞ്ഞിരുന്നെങ്കില്‍ എന്നയാള്‍ ഓര്‍ത്തുപോവുന്നു. എങ്കില്‍ മരണത്തേക്കാള്‍ ഭീകരമായ ജീവിതപീഡകളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു.

പത്തു വര്‍ഷം മുമ്പ്, മദ്യലഹരിയില്‍ കുഴഞ്ഞുവീണ ദിവസങ്ങളിലൊന്നിലാണ് അലോഷ്യസിന്റെ മുഖം തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചത്. കൂലിപ്പണിക്കാരനായ അലോഷ്യസിന് മദ്യപാനം നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പണിയെടുത്തുകിട്ടുന്ന കാശിന്റെ നല്ല പങ്കും മദ്യം മോന്താന്‍ ചെലവഴിക്കും. ഒരുദിവസം മദ്യപിച്ച് ലക്കുകെട്ട അലോഷ്യസ് റോഡരികില്‍ കുഴഞ്ഞുവീണു. ഇരുട്ടു വീണപ്പോള്‍ അലഞ്ഞുനടന്ന നായ അലോഷ്യസിനടുത്തെത്തി. ചുണ്ടിലും മുഖത്തും പറ്റിപിടിച്ചിരുന്ന ഭക്ഷണാവശിഷ്ടങ്ങളില്‍ നക്കിത്തുടങ്ങിയ നായ ഏതോ ലഹരിയിലെന്നവണ്ണം മുഖത്തെ മാംസവും കടിച്ചെടുത്തു. മദ്യത്തിന്റെ കെട്ടു വിട്ടപ്പോഴാണ് തന്റെ മുഖം നഷ്ടമായെന്ന യാഥാര്‍ഥ്യം അലോഷ്യസ് തിരിച്ചറിഞ്ഞത്. കൊടിയ വേദന കടിച്ചമര്‍ത്തി ആശുപത്രിക്കിടക്കയില്‍ തള്ളിനീക്കിയ ദിവസങ്ങള്‍ എത്രയെന്ന് ഓര്‍മയില്ല. തുന്നിപ്പിടിപ്പിച്ച മുഖവുമായി പുറത്തിറങ്ങിയപ്പോഴാകട്ടെ വരവേറ്റത് പരിഹാസത്തിന്റെ കൂരമ്പുകള്‍. പ്ളാസ്റ്റിക് സര്‍ജറി നടത്തിയിട്ടും മുഖത്തിന്റെ വൈകൃതമോ ബീഭത്സതയോ മാറിയില്ല. കണ്ടാല്‍ പേടി തോന്നുന്ന തന്റെ മുഖം ഉറ്റവരില്‍ പോലും അറപ്പുളവാക്കുന്നുവെന്ന തിരിച്ചറിവ് അലോഷ്യസിനെ ആത്മസംഘര്‍ഷങ്ങളുടെ തീരാക്കുരുക്കിലാക്കി. മദ്യപാനം സഹിക്ക വയ്യാതെ ഭാര്യയും രണ്ടു മക്കളും ഏറെ നാളായി ഇയാളില്‍ നിന്ന് അകന്നുകഴിയുകയായിരുന്നു. ഈ സംഭവത്തിനു ശേഷം അവര്‍ അലോഷ്യസിനെ എന്നന്നേക്കുമായി ഉപേക്ഷിച്ചു. പഴയതുപോലെ കൂലിപ്പണിയും കിട്ടാതായി. കുത്തൂര്‍ക്കുന്നിലെ കൊച്ചുവീട്ടില്‍ ഏകാന്തതയുടെ തടവറയില്‍ കഴിയുകയാണിപ്പോള്‍.

അലോഷ്യസിന്റെ അമ്ളതീവ്രമായ അനുഭവക്കുറിപ്പുകള്‍ ഡോക്യുമെന്ററിയായും പുസ്തകമായുമൊക്കെ പുറത്തുവരികയാണ്. അലോഷ്യസിന്റെ ശപ്തജീവിതം മാധ്യമങ്ങള്‍ ആഘോഷക്കാഴ്ചയാക്കുമ്പോള്‍ കണ്ണീര്‍പോലും വറ്റിയ, വിണ്ടുകീറിയ മനസ്സിന്റെ നൊമ്പരം ആരുമറിയുന്നില്ല. അലോഷ്യസിന്റെ അനുഭവം വാര്‍ത്താശീര്‍ഷകത്തിനപ്പുറം നമ്മുടെ മനസ്സിനെ പിടിച്ചുകുലുക്കേണ്ടതാണ്. അതിരുവിട്ട മദ്യപാനം തകര്‍ത്തെറിയുന്ന ജീവിതങ്ങളുടെ കണ്ണീരിറ്റുന്ന നേര്‍ക്കാഴ്ച. പലപ്പോഴും അലസമായ ഒരാനന്ദത്തിനു വേണ്ടി, ചിലപ്പോള്‍ ജീവിതക്ളേശങ്ങളില്‍ നിന്നുള്ള താല്‍ക്കാലിക ആശ്വാസത്തിനായി, മറ്റുചിലപ്പോഴാകട്ടെ സൌഹൃദക്കൂട്ടങ്ങളുടെ ആഘോഷങ്ങള്‍ക്കായി. അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങളുടെ പേരില്‍ ലഹരി നുണയുന്ന ഏതു മലയാളിയെയും കാത്തിരിക്കുന്ന അപകടമാണിത്. വര്‍ധിച്ചുവരുന്ന മദ്യപാനം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും മാത്രമല്ല, സാമൂഹ്യജീവിതത്തിലും ദുരന്തങ്ങള്‍ വാരിവിതറുമ്പോള്‍ അലോഷ്യസിന്റെ കരള്‍ പിളരുന്ന കാഴ്ച നമുക്ക് പാഠമാകണം.

*
കെ.വി.സുധാകരന്‍ ദേശാഭിമാനി 19 ഏപ്രില്‍ 2011

രണ്ടാം ഭാഗം: രസത്തിനു തുടങ്ങി, കൈവിട്ടു

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജീവന്‍ ബാക്കിതന്ന തെരുവുനായ്ക്കളെ ശപിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ് കടന്നപ്പള്ളി കുത്തൂര്‍കുന്നിലെ അലോഷ്യസ്. മുഖം കടിച്ചുപറിച്ച തെരുവുനായയുടെ ആര്‍ത്തി തന്റെ പ്രാണനും കടിച്ചുകുടഞ്ഞിരുന്നെങ്കില്‍ എന്നയാള്‍ ഓര്‍ത്തുപോവുന്നു. എങ്കില്‍ മരണത്തേക്കാള്‍ ഭീകരമായ ജീവിതപീഡകളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു.