Saturday, April 2, 2011

ഇന്ത്യന്‍ കാര്‍ഷികരംഗം കുത്തകത്തമ്പ്രാക്കള്‍ക്ക്

ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യയിലെ കാര്‍ഷിക രംഗത്ത് തടസ്സമില്ലാതെ കടന്നുവരാനും നൂറുശതമാനം നിക്ഷേപം നടത്താനും ഇന്ത്യന്‍ പങ്കാളികളെ തോന്നുംപടി മാറ്റാനും അനുവാദം നല്‍കുന്നതാണ് യുപിഎ സര്‍ക്കാരിലെ വാണിജ്യ വകുപ്പിനുകീഴിലെ വ്യവസായ നയ-പ്രോത്സാഹന വകുപ്പ് വ്യാഴാഴ്ച ഇറക്കിയ ഉത്തരവ്. വിത്തുല്‍പ്പാദനം മുതല്‍ പച്ചക്കറി കൃഷിവരെ ബഹുരാഷ്ട്രകുത്തകകളെ ഏല്‍പ്പിക്കാനാണ് അനുമതി. നിയന്ത്രണങ്ങളില്ലാതെ വിദേശനിക്ഷേപം വരാനായി നിയമങ്ങള്‍ ഉദാരമാക്കും. തേയിലത്തോട്ടം, പുഷ്പ-ഫലകൃഷി, കൂൺകൃഷി തുടങ്ങി കാര്‍ഷികമേഖലയിലും അനുബന്ധമായ കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കും. ഇന്ത്യന്‍ കമ്പനികളെ തകര്‍ത്ത് വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നുകയറാനും രാജ്യത്തിനുമേല്‍ അവയ്ക്ക് നിയന്ത്രണം സ്ഥാപിക്കാനും ഇത് വഴിയൊരുക്കും. സാമ്രാജ്യത്വശക്തികളുടെ ഇംഗിതത്തിനു വഴങ്ങിയാണ് രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കുന്നത് എന്ന് കരുതാതിരിക്കാന്‍ ഒരു ന്യായവുമില്ല.

ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ സബ്സിഡികള്‍ തുടര്‍ച്ചയായി വെട്ടിക്കുറച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ കുത്തുപാളയെടുപ്പിക്കുന്നവര്‍തന്നെയാണ് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സദ്യയൊരുക്കി വാതില്‍ തുറന്നിടുന്നത്. ഇപ്പോള്‍ത്തന്നെ സാധാരണ കര്‍ഷകര്‍ക്ക് കൃഷിചെയ്ത് മുന്നോട്ടുപോവുക അസാധ്യമാണ്. വന്‍കിട കുത്തകകള്‍ കാര്‍ഷികമേഖലയില്‍ ശക്തമായി പിടിമുറുക്കിയിട്ടുണ്ട്. ഇന്നനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ പ്രധാനകാരണവും അതാണ്. സ്വകാര്യ കുത്തകകള്‍ക്ക് അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തുന്നതിന് അനുമതി നല്‍കിയതോടെ, വിളവെടുക്കുന്നതിനു മുമ്പുതന്നെ വന്‍കിട കുത്തകകള്‍ ധാന്യങ്ങള്‍ സ്വന്തമാക്കുന്നു. ഊഹക്കച്ചവടത്തിലൂടെ വലിയ വിലയ്ക്ക് മറിച്ചുവില്‍ക്കുന്നു. ഇങ്ങനെ കൈമാറി കൈമാറി വരുമ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടിയതിന്റെ പലമടങ്ങായി സാധനവില ഉയര്‍ന്നിരിക്കും. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുന്നില്ല; ഉപഭോക്താവ് വന്‍വില നല്‍കേണ്ടിവരും-ലാഭം കൊയ്യുന്നത് വന്‍കിട കുത്തകക്കാരാണ്.

വിലക്കയറ്റത്തിന്റെ മറവില്‍ നിന്നുകൊണ്ട് വിദേശ കുത്തകകളെ ചെറുകിട വ്യാപാരമേഖലയില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനവും കേന്ദ്രസര്‍ക്കാര്‍ നടത്തുകയാണ്. അതിനായി ഊര്‍ജിത നീക്കം കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ചെറുകിട വ്യാപാരമേഖല ശക്തമായി വളര്‍ന്നിട്ടുണ്ട്. ഇപ്പോഴും വളരുകയാണ്. 2006ല്‍ സംഘടിത ചെറുകിട മേഖലയില്‍ 640 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നതെങ്കില്‍ 2011 ആകുമ്പോഴേക്കും ഏകദേശം 2300 കോടി ഡോളറായിത്തീരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം നാലിരട്ടിയിലേറെയായി വര്‍ധനയുണ്ടാവാന്‍വേണ്ടി പോകുന്ന ഈ മേഖലയാണ് വിദേശ കുത്തകകളുടെ കടന്നുകയറ്റത്തിലൂടെ സാധാരണ കച്ചവടക്കാര്‍ക്ക് അപ്രാപ്യമാവാന്‍ പോകുന്നത്.

ഇന്ത്യയുടെ ഒരു സവിശേഷത കടകളുടെ സാന്ദ്രതയുടെ കാര്യത്തിലും നാം മുന്നില്‍ നില്‍ക്കുന്നു എന്നതാണ്. ആയിരം പേര്‍ക്ക് 11 കട ഉണ്ടെന്നാണ് കണക്ക്. അതുകൊണ്ട് ഈ മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ വരവ് രാജ്യത്തുണ്ടാക്കുന്ന പ്രതിസന്ധി മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ ഭീകരമായിരിക്കും. ഇന്ത്യയിലെ 120 ലക്ഷം കടകളില്‍ ഏതാണ്ട് 95 ശതമാനവും 500 ചതുരശ്ര അടിയില്‍ താഴെ തറവിസ്തീര്‍ണമുള്ളവയാണ്. കുത്തകകളുടെ ഇടപെടലിന്റെ ഭാഗമായി ചില്ലറ വ്യാപാരരംഗത്ത് വില്‍പ്പനയ്ക്ക് ഇപ്പോള്‍ത്തന്നെ കുറവ് വന്നിട്ടുണ്ട്. റിലയന്‍സ് ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ തുറന്ന നഗരങ്ങളില്‍ 82 ശതമാനം ചില്ലറ കച്ചവടക്കാര്‍ക്ക് അവരുടെ കച്ചവടത്തില്‍ കുറവു വന്നതായി മുമ്പേതന്നെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, 45 ശതമാനം കച്ചവടക്കാര്‍ക്ക് അവരുടെ കച്ചവടം നേര്‍പകുതിയായി തീര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ചെറുകിട വ്യാപാരമേഖല തകരുന്നതോടെ ദശകങ്ങളായി ഈ രംഗത്തുനിന്നുള്ളവര്‍ക്ക് മറ്റൊരു തൊഴില്‍ചെയ്യാന്‍ മുന്‍പരിചയമോ അറിവോ ഇല്ലാത്തതിനാല്‍ പട്ടിണിയിലേക്ക് പോവുകയല്ലാതെ നിര്‍വാഹമുണ്ടാവുകയില്ല. കര്‍ഷക ആത്മഹത്യകള്‍പോലെ വ്യാപാരി ആത്മഹത്യകളുടെ ചരിത്രത്തിലേക്കാണ് നാം കാല്‍വയ്ക്കാന്‍ പോകുന്നത് എന്നര്‍ഥം. ഇങ്ങനെ നാടിനെ ദുരന്തത്തിലേക്കു നയിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയാണ്.
സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങിയാണ് രാജ്യത്ത് നയങ്ങള്‍ രൂപീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുക എന്ന നയം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞ ബജറ്റില്‍മാത്രം 40,000 കോടി രൂപയാണ് പൊതുമേഖലാ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന ഘടനയാണ് ഇതിലൂടെ തകര്‍ക്കപ്പെടുന്നത്. ഇപ്പോഴിതാ കാര്‍ഷികമേഖലയെ ബഹുരാഷ്ട്രക്കുത്തകകളെന്ന വ്യാളിയുടെ വായിലേക്ക് തള്ളിക്കൊടുക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം കേരളീയന്റെ ദൈനംദിന ജീവിതത്തിലും എത്താന്‍ ഏറെനാള്‍ വേണ്ടിവരില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നേ തീരൂ.

*****

മുഖപ്രസംഗം, ദേശാഭിമാനി 02042011

1 comment:

വര്‍ക്കേഴ്സ് ഫോറം said...