കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുചരിത്രത്തില്‍ വലിയൊരു മാറ്റംകുറിക്കുന്ന തെരഞ്ഞെടുപ്പാകുമിത്. 1977 മുതല്‍ മുന്നണികള്‍ മാറിമാറി ഭൂരിപക്ഷം നേടുന്ന ചാഞ്ചാട്ടത്തിന്റെ ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. അതു മാറാന്‍ പോകുകയാണ്. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നതിന് പശ്ചാത്തലമൊരുങ്ങി. ഒരു പതിറ്റാണ്ടിലെ രണ്ടു മുന്നണി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം നേരിട്ടു കണ്ടവരാണ് വോട്ടര്‍മാര്‍. 2001-06ലെ യുഡിഎഫ് ഭരണത്തിന്റെ ദുരനുഭവം ഒരു പേടിസ്വപ്നംപോലെ ജനങ്ങളുടെ മനസ്സിലുണ്ട്. കടക്കെണിയും കര്‍ഷകആത്മഹത്യയും തൊഴിലില്ലായ്മയും തോട്ടങ്ങള്‍ അടച്ചുപൂട്ടലും പരമ്പരാഗതമേഖലയിലെ തകര്‍ച്ചയും കോളനികളിലെ പട്ടിണിമരണങ്ങളും പൊതുമേഖല അടച്ചിടലും വിറ്റഴിക്കലും അഴിമതിയും മാഫിയകളുടെ വിളയാട്ടവും പെൺവാണിഭങ്ങളും ക്രമസമാധാനത്തകര്‍ച്ചയുമായിരുന്നു ആ അഞ്ചുകൊല്ലത്തെ അനുഭവം.
അതിനുശേഷംവന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം ജനങ്ങളുടെ അനുഭവത്തിലുണ്ട്. കാര്‍ഷികമേഖലയിലോ വ്യവസായമേഖലയിലോ പരമ്പരാഗത തൊഴില്‍മേഖലകളിലോ തോട്ടംമേഖലയിലോ എവിടെയും അസ്വസ്ഥതകളില്ല. എല്ലാ മേഖലയിലും സമാധാനം. തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥ എവിടെയുമില്ല. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുമില്ല. എല്ലാ തൊഴില്‍മേഖലയിലും ആനുകൂല്യം വര്‍ധിപ്പിച്ചു. ജീവിതപ്രയാസം പരമാവധി ലഘൂകരിച്ചു. എല്ലാ മേഖലയിലും ആശ്വാസ- ക്ഷേമ നടപടികള്‍ സ്വീകരിക്കുകമാത്രമല്ല, സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെ ഏറ്റവും വികസനോന്മുഖ സംസ്ഥാനമാക്കി കേരളത്തെ മാറ്റി. വികസനത്തെക്കുറിച്ച് അമേരിക്കന്‍ മോഡല്‍ അക്കാദമിക് പാണ്ഡിത്യംമാത്രമുള്ള പ്രധാനമന്ത്രിയും ജനങ്ങളുമായും അവരുടെ ജീവിതസമരവുമായും ബന്ധമില്ലാത്ത രാഹുലും വികസനത്തെക്കുറിച്ച് പറയുന്ന അബദ്ധങ്ങള്‍ ജനങ്ങള്‍ പരിഹസിച്ചുതള്ളുകയാണെന്ന് അവരുടെ പ്രസംഗസദസ്സുകള്‍ സാക്ഷ്യപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക- വ്യാവസായിക മേഖലകളെ സുസ്ഥിരവികസനത്തിലേക്ക് നയിച്ചു. ഐടി-ടൂറിസം എന്നിവയില്‍ പുത്തന്‍ മുന്നേറ്റംകുറിച്ചു.
മുന്‍ ഭരണകാലത്ത് കേരളം വ്യവസായങ്ങളുടെ മരുപ്പറമ്പായിരുന്നു. എന്നാല്‍, വിവിധ നടപടി സ്വീകരിച്ച് വ്യവസായവളര്‍ച്ചയ്ക്ക് അന്തരീക്ഷമൊരുക്കാന്‍ അഞ്ചുവര്‍ഷംകൊണ്ട് കഴിഞ്ഞു. പൂട്ടിയിട്ട വ്യവസായശാലകള്‍ തുറന്നു. നഷ്ടത്തിലുള്ള പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭത്തിലാക്കി. കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്ന് നിരവധി സംയുക്തസംരംഭം തുടങ്ങി. പത്ത് പൊതുമേഖലാ വ്യവസായശാല പുതുതായി ആരംഭിച്ചു. 883 കോടി രൂപ ചെലവില്‍ പൊതുമേഖലാവ്യവസായങ്ങള്‍ നവീകരിച്ചു. 70 കോടി രൂപ നഷ്ടത്തിലായിരുന്ന ഈ സ്ഥാപനങ്ങള്‍ മൊത്തം 240 കോടി രൂപ ലാഭമുണ്ടാക്കുന്ന സ്ഥിതിയിലെത്തിച്ചു. ചെറുകിട വ്യവസായമേഖലയിലും വന്‍കിട- ഇടത്തരം വ്യവസായമേഖലകളിലുമായി ഒന്നേമുക്കാല്‍ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിച്ചു. കയര്‍, കശുവണ്ടി, കൈത്തറിമേഖലയില്‍ സര്‍ക്കാരിന്റെ സഹായം മൂന്നുമടങ്ങോളമായി വര്‍ധിപ്പിക്കുകയും തൊഴിലില്ലായ്മ പൂര്‍ണമായി പരിഹരിക്കുകയും ചെയ്തു.
ഐടി, ടൂറിസം-മേഖലകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് അഞ്ചുവര്‍ഷത്തിനിടയില്‍ ഉണ്ടായത്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ സാഹചര്യത്തിലും ഈ രണ്ട് മേഖലയിലും നല്ല മുന്നേറ്റമുണ്ടായി. ഐടി അടിസ്ഥാനസൌകര്യം അഞ്ചുമടങ്ങായി വര്‍ധിച്ചു. പതിനായിരക്കണക്കിന് തൊഴിലവസരം സൃഷ്ടിച്ചു. ടെക്നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും പുറമെ കോഴിക്കോട് കേന്ദ്രീകരിച്ച് സൈബര്‍പാര്‍ക്ക് സ്ഥാപിച്ചു. സൈബര്‍പാര്‍ക്കിന്റെ കീഴില്‍ കോഴിക്കോട്ടും കണ്ണൂരിലും കാസര്‍കോട്ടും ഐടി പാര്‍ക്ക് നിര്‍മാണം തുടങ്ങി. കുണ്ടറയിലും ചേര്‍ത്തലയിലും കൊരട്ടിയിലും ഐടി പാര്‍ക്ക് ആരംഭിച്ചു. കേരളം കാത്തിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇന്‍ഫോപാര്‍ക്ക് വിട്ടുനല്‍കണം, എറണാകുളം ജില്ലയില്‍ മറ്റ് ഐടി പാര്‍ക്കുകള്‍ പാടില്ല, നൂറേക്കര്‍ ഭൂമി ഫ്രീഹോള്‍ഡ് നല്‍കണം, 33,000 പേര്‍ക്കുമാത്രമേ തൊഴില്‍ നല്‍കാനാകൂ എന്നെല്ലാമുള്ള പഴയ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് സ്മാര്‍ട്ട് സിറ്റി നടപ്പാകുന്നത്. ഇത്ര സ്ഥലത്ത് ഐടി ആവശ്യത്തിനുള്ള കെട്ടിടം വേണമെന്നും അത് ഇന്നിന്ന കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്നും കരാര്‍ ലംഘിച്ചാല്‍ ഭൂമി തിരിച്ചെടുക്കുമെന്നും വ്യവസ്ഥ ചെയ്താണ് ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നത്. ലക്ഷംപേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ തക്കവിധത്തില്‍ ഇന്‍ഫോപാര്‍ക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്ന് പാലക്കാട്ട് കോച്ച് ഫാക്ടറി അനുവദിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായി. ഇതിനാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. എന്നാല്‍, കോച്ച് ഫാക്ടറിയുടെ നിര്‍മാണം ആരംഭിക്കാന്‍ നടപടിയെടുക്കാതെ അനാസ്ഥ കാണിക്കുകയാണ് റെയില്‍മന്ത്രാലയം. കൊച്ചി മെട്രോ റെയില്‍പദ്ധതി നടപ്പാക്കുന്നതിന് കഴിഞ്ഞ നാലുവര്‍ഷമായി നിരന്തരശ്രമം നടത്തിവരികയാണ്. അതിന്റെ ഫലമായി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുകൂലനിലപാടുണ്ടാക്കാന്‍ കഴിഞ്ഞു. എന്നാല്‍, കേന്ദ്ര-സംസ്ഥാന സംയുക്തസംരംഭമായി മെട്രോ പദ്ധതി നടപ്പാക്കണമെന്ന നമ്മുടെ ആവശ്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് വീതികൂട്ടല്‍, മേല്‍പ്പാലം നിര്‍മാണം എന്നീ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളം നിര്‍മാണത്തിന് സ്ഥലം മുഴുവന്‍ ഏറ്റെടുത്ത് നിര്‍മാണപ്രവൃത്തി തുടങ്ങി.
വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ പശ്ചാത്തലമൊരുങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൌകര്യവികസനം 450 കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്നു. കോവളംമുതല്‍ നീലേശ്വരംവരെ ജലപാത വികസിപ്പിക്കാനുള്ള പ്രവൃത്തികള്‍ വലിയൊരളവോളം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു. കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാത കമീഷന്‍ ചെയ്തു.
പാവപ്പെട്ട ഭൂരഹിതകുടുംബങ്ങള്‍ക്ക് ഭൂമി, ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട്, എല്ലാ കുടുംബത്തിനും വെള്ളവും വെളിച്ചവും എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിയും എംഎന്‍ ലക്ഷംവീട് നവീകരണപദ്ധതിയും രാജ്യത്തിനാകെ മാതൃകയാകുന്നു. വീടുവയ്ക്കാന്‍ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നു. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എല്ലാ കുടുംബത്തിനും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. മൂന്നുലക്ഷത്തോളം ഭവനരഹിത കുടുംബങ്ങള്‍ക്ക് ഇതിനകം വീട് ലഭ്യമാക്കി. ഭൂമിയും വീടുമില്ലാത്ത രണ്ടുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാന്‍ നടപടിയെടുത്തു.
ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതില്‍ വന്‍ മുന്നേറ്റമാണ് ഈ കാലയളവിലുണ്ടായത്. ഒന്നരലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് പട്ടയമോ കൈവശാവകാശരേഖയോ നല്‍കി. ഭൂമി അന്യാധീനപ്പെട്ട ആദിവാസികുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കുന്ന പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി വീണ്ടെടുക്കുന്നതില്‍ ഐതിഹാസികമായ മുന്നേറ്റമാണ് ഈ കാലയളവില്‍ ഉണ്ടായത്. മൂന്നാറില്‍മാത്രം പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഭൂമി വീണ്ടെടുത്തു.
എല്ലാ ഗ്രാമത്തിലും മാത്രമല്ല, എല്ലാ വീട്ടിലും വൈദ്യുതി എത്തുന്ന ആദ്യസംസ്ഥാനവും കേരളമാണ്. ഏതാനും മാസങ്ങള്‍ക്കകം സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുകയാണ് നമ്മുടെ സംസ്ഥാനത്ത്. അതിന്റെ മുന്നോടിയായി പാലക്കാട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകള്‍ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലകളായി പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്ര വൈദ്യുതിവിഹിതം പകുതിയോളം കുറച്ചിട്ടും പവര്‍കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ അഞ്ചുവര്‍ഷവും മുന്നോട്ടുപോകാന്‍ കഴിഞ്ഞു. വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കാത്ത ഏക സംസ്ഥാനം. 204 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാനും 21 ലക്ഷം പുതിയ കണക്ഷന്‍ നല്‍കാനും കഴിഞ്ഞു.
അനിശ്ചിതത്വത്തിലായിരുന്ന ജപ്പാന്‍ കുടിവെള്ളപദ്ധതി ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് 30 ലക്ഷത്തോളംപേര്‍ക്ക് പുതുതായി കുടിവെള്ളമെത്തിക്കാന്‍ ജലവിഭവവകുപ്പിന് സാധിച്ചു. 222 ചെറുകിടപദ്ധതിയും 69 വന്‍കിട കുടിവെള്ളപദ്ധതിയും പൂര്‍ത്തീകരിച്ച് ജലവിതരണരംഗത്ത് വലിയൊരു കുതിച്ചുചാട്ടമുണ്ടാക്കി. ക്രമസമാധാനത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കൈവരിക്കാനും ജനമൈത്രി പൊലീസ് സംവിധാനത്തിലൂടെ രാജ്യത്തിനാകെ മാതൃകകാട്ടാനും സാധിച്ചതിനുപുറമെ പൊലീസിനെ കാലാനുസൃതം നവീകരിക്കാനും കഴിഞ്ഞു.
പരിസ്ഥിതി സംരക്ഷിച്ചും വയല്‍നികത്തല്‍ തടഞ്ഞും വനവിസ്തൃതി വര്‍ധിപ്പിച്ചുമാണ് സംസ്ഥാനത്ത് സമഗ്രമായ വികസന പദ്ധതികള്‍ നടപ്പാക്കിയതെന്നത് അഭിമാനമാണ്. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ നിക്ഷിപ്ത വനഭൂമിയുടെ വിസ്തൃതി നാല് ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒരേസമയം കൃഷിയുടെയും വ്യവസായത്തിന്റെയും വനത്തിന്റെയും വിസ്തൃതി വര്‍ധിപ്പിച്ച അഞ്ചുവര്‍ഷമാണ് കടന്നുപോയത്. ഇത് പുതിയൊരു കേരളവികസന മാതൃകയാണ്.
ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക- വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.
തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്തുന്നതിന് ഐടി ഉള്‍പ്പെടെ സംഘടിതമേഖലയില്‍ അഞ്ചുലക്ഷം ഉള്‍പ്പെടെ 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നു. ഇപ്പോള്‍ 400 രൂപയായി ഉയര്‍ത്തിയ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുക, അസംഘടിതമേഖലയിലും മൂന്നുമാസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി തുടങ്ങി എല്ലാ കേരളീയരുടെയും ക്ഷേമവും സമഗ്രവികസനവും ഉറപ്പുവരുത്തുന്ന പദ്ധതികളാണ് എല്‍ഡിഎഫ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ നവജാതശിശുവിന്റെയും പേരില്‍ പതിനായിരം രൂപയുടെ സ്ഥിരനിക്ഷേപം നടത്തി ഭാവിസുരക്ഷ ഉറപ്പാക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട കാര്യവും സ്മരണീയമാണ്.
അഞ്ചുവര്‍ഷത്തെ ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഒറ്റക്കെട്ടായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. എല്‍ഡിഎഫ് വിജയം ആവര്‍ത്തിക്കുന്നതിന് സാഹചര്യങ്ങള്‍ സജ്ജമായിരിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. സുവര്‍ണ കാലഘട്ടത്തിന്റെ തുടര്‍ച്ച തടയുന്നതിന് ഡല്‍ഹിയില്‍നിന്ന് പണച്ചാക്കുകള്‍മാത്രമല്ല വരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന പേരില്‍ സോണിയയും മകനും മന്‍മോഹന്‍സിങ്ങും വന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കുകയും പ്രബുദ്ധ കേരളത്തെ അവരുടെ അജ്ഞതകൊണ്ട് അപഹസിക്കുകയുമാണ്. അത് മനസ്സിലാക്കിയാണ് ഈ ഹൈക്കമാന്‍ഡന്മാരെ കോണ്‍ഗ്രസ് അണികള്‍തന്നെ ഒറ്റപ്പെടുത്തിയത്.
*****
വി എസ് അച്യുതാനന്ദന്‍
Subscribe to:
Post Comments (Atom)
1 comment:
ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക- വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.
തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്തുന്നതിന് ഐടി ഉള്‍പ്പെടെ സംഘടിതമേഖലയില്‍ അഞ്ചുലക്ഷം ഉള്‍പ്പെടെ 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നു. ഇപ്പോള്‍ 400 രൂപയായി ഉയര്‍ത്തിയ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുക, അസംഘടിതമേഖലയിലും മൂന്നുമാസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി തുടങ്ങി എല്ലാ കേരളീയരുടെയും ക്ഷേമവും സമഗ്രവികസനവും ഉറപ്പുവരുത്തുന്ന പദ്ധതികളാണ് എല്‍ഡിഎഫ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ നവജാതശിശുവിന്റെയും പേരില്‍ പതിനായിരം രൂപയുടെ സ്ഥിരനിക്ഷേപം നടത്തി ഭാവിസുരക്ഷ ഉറപ്പാക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട കാര്യവും സ്മരണീയമാണ്.
അഞ്ചുവര്‍ഷത്തെ ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഒറ്റക്കെട്ടായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. എല്‍ഡിഎഫ് വിജയം ആവര്‍ത്തിക്കുന്നതിന് സാഹചര്യങ്ങള്‍ സജ്ജമായിരിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. സുവര്‍ണ കാലഘട്ടത്തിന്റെ തുടര്‍ച്ച തടയുന്നതിന് ഡല്‍ഹിയില്‍നിന്ന് പണച്ചാക്കുകള്‍മാത്രമല്ല വരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന പേരില്‍ സോണിയയും മകനും മന്‍മോഹന്‍സിങ്ങും വന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കുകയും പ്രബുദ്ധ കേരളത്തെ അവരുടെ അജ്ഞതകൊണ്ട് അപഹസിക്കുകയുമാണ്. അത് മനസ്സിലാക്കിയാണ് ഈ ഹൈക്കമാന്‍ഡന്മാരെ കോണ്‍ഗ്രസ് അണികള്‍തന്നെ ഒറ്റപ്പെടുത്തിയത്.
Post a Comment