Monday, April 11, 2011

പ്രവാസികള്‍ക്കെന്നും പ്രതീക്ഷ ഇടതുപക്ഷസര്‍ക്കാരുകളില്‍

മൂന്നുപതിറ്റാണ്ടിലേറെക്കാലം ഒറ്റയായും കൂട്ടമായും നടത്തിയ പോരാട്ടത്തിനൊടുവില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം കൈവരിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണു പ്രവാസി മലയാളികള്‍ പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇത് തങ്ങളുടെ കഴിവുകൊണ്ടാണു എന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസ്സുകാര്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലം ഓരോ ഇന്ത്യന്‍ പൌരന്റേയും പൌരാവകാശമായ സമ്മതിദാനാവകാശം പ്രവാസികള്‍ക്ക് നിഷേധിച്ചതിന്റെ ഉത്തരവാദിത്തവും കൂടി ഏറ്റെടുക്കേണ്ടതാണ്.

രാജ്യത്തിനു കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നേടിക്കൊടുക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിറുത്തുകയും ചെയ്യുന്ന ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ക്കു നേരെ നിഷേധാത്മകമായ നിലപാടുകളാണ് അഞ്ചുപതിറ്റാണ്ടിലേറെക്കാലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവര്‍ണ്‍മെന്റുകളും മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചു പോന്നിരുന്നത്. ഈ അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളെ സാകൂതം വീക്ഷിക്കുകയും അവയ്ക്കു പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്ത ആദ്യ സര്‍ക്കാരാണ് 1996 ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍.

സംസ്ഥാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുന്നതോടൊപ്പം അതേപ്രാധാന്യത്തോടെ ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി എന്‍ആര്‍ഐ സെല്‍ രൂപീകരിച്ചുകൊണ്ടായിരുന്നു പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത സര്‍ക്കാര്‍ തുടക്കം കുറിച്ചത്. അതിന്റെ ചുമതലക്കാരനായി ഡോ. വേണു ഐഎഎസിനെ നിയമിക്കുകയും ചെയ്തു. നിരവധി വര്‍ഷങ്ങളായി ഗള്‍ഫ് മലയാളികള്‍ മുഴക്കിയിരുന്ന ശബ്ദത്തിന്റെ ആദ്യ അംഗീകാരമായിരുന്നു എന്‍ആര്‍ഐ സെല്‍. തുടര്‍ന്നു കൈക്കൊണ്ട നടപടികളെല്ലാം ഒന്നിനൊന്ന് പ്രശംസനീയമായിരുന്നു.

അധികം വൈകാതെ തന്നെ എന്‍. ആര്‍. ഐ. സെല്ലിനെ വിപുലീകരിപ്പിച്ചുകൊണ്ട് രൂപം നല്‍കിയ പ്രവാസി കേരളീയ വകുപ്പി(നോര്‍ക്ക) ന്റെ ചുമതല മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയുണ്ടായി. പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി അമിതാഭ് കാന്ത് ഐ. എ. സിനെ സെക്രട്ടറിയായി ചുമതലപ്പെടുത്തുകയും ചെയ്തു.

ഗള്‍ഫ് മലയാളികളുടെയും അവരുടെ കുടുംബങ്ങളുടേയും ക്ഷേമം മുന്നില്‍ കണ്ടുകൊണ്ട് നായനാര്‍ സര്‍ക്കാര്‍ രൂപം നല്‍കിയ പ്രവാസി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളും സോഷ്യല്‍ വെല്‍ഫെയര്‍ സ്കീമും വഴി ഗള്‍ഫ് മലയാളികളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരങ്ങള്‍ക്കും പുനരധിവാസത്തിനുമായി ഒട്ടേറെ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കുകയുണ്ടായി.

വിദേശത്തേക്ക് ജോലിക്ക് പോകുന്ന മലയാളികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും കാര്യക്ഷമമാക്കി. വിദേശത്ത് ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ ഇതുമൂലം ലഘൂകരിക്കാനായി.

റിക്രൂട്ട്മെന്റ് ഏജന്റുമാരാല്‍ വഞ്ചിതരാകുന്നത് നിയന്ത്രിക്കുവാനും തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുവാനും സാധിച്ചു. വാര്‍ഷിക വരുമാനം 25000 രൂപയ്ക്ക് താഴെയുള്ള, തിരികെയെത്തുന്ന പ്രവാസികളുടെ സഹായത്തിനായി സാന്ത്വനം പദ്ധതി നടപ്പിലാക്കി. 2126 അപേക്ഷകരില്‍ അര്‍ഹരായ 698 പേര്‍ക്ക് 63,95,000 രൂപ വിതരണം ചെയ്തു. മാത്രമല്ല, പ്രവാസി എന്ന ഒറ്റ കാരണം കൊണ്ട് റേഷന്‍ കാര്‍ഡുകളില്‍ നീക്കം ചെയ്യപ്പെട്ട പ്രവാസികളുടെ പേര് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനവും എടുക്കുകയുണ്ടായി.

വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതിനുശേഷം വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി മുന്നൊരുക്ക പരിപാടികള്‍ ആരംഭിച്ചു. 25 ലക്ഷത്തോളം പ്രവാസികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം തുടങ്ങുകയും ലക്ഷക്കണക്കിനുപേര്‍ കാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഇതുവഴി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി.

വിദേശത്ത് മരണമടയുന്നവരുടെ ഭൌതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സുതാര്യമാക്കി. അടിയന്തിര സഹായം ആവശ്യമായി വരുന്ന വേളകളില്‍ നോര്‍ക്ക റൂട്ട്സ് അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.. 11 ജില്ലകളില്‍ നോര്‍ക്ക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ക്ഷേമനിധി രൂപീകരിച്ചു. ഇതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവാസി ക്ഷേമനിധി ബോര്‍ഡിനു രൂപം നല്‍കി.

പ്രവാസി ക്ഷേമനിധിയുടെ ആനുകൂല്യം വിദേശത്ത് ജോലിചെയ്യുന്ന 25 ലക്ഷത്തോളം വരുന്ന മലയാളികള്‍ക്കും ഇന്ത്യയില്‍ മറുനാടുകളില്‍ ജോലിചെയ്യുന്ന പത്തുലക്ഷം പേര്‍ക്കും ലഭ്യമാകും. ഇന്ത്യയില്‍ ആദ്യമായാണു ഒരു സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതികള്‍ പ്രവാസികള്‍ക്ക് വേണ്ടി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. നേരത്തെ വിദേശങ്ങളില്‍ പോയി ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്കും ഈ ക്ഷേമനിധിയുടെ പരിരക്ഷയുണ്ടാകും.

അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍, അവര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍, പ്രത്യേക ചികിത്സയ്ക്ക് സഹായം, മക്കളുടെ വിവാഹത്തിന് ധനസഹായം, അപകടമോ അപകടമരണമോ സംഭവിച്ചാല്‍ സഹായം, വസ്തു വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും ധനസഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ ഈ പദ്ധതി വഴി ലഭ്യമാണ്.

കേന്ദ്രസര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴാണ് എല്ലാത്തരം സാമ്പത്തിക പ്രയാസങ്ങളേയും അവഗണിച്ചുകൊണ്ട് ഇത്തരലുള്ള ഒരുപാട് പദ്ധതികളുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വന്നത്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം എപ്പോഴും തങ്ങളുടെ തലയില്‍ പതിക്കാമെന്ന ആശങ്കയില്‍ ഭയപ്പാടോടെ കഴിയുന്ന അനേക ലക്ഷം ഗള്‍ഫ് മലയാളികള്‍ക്ക് ഒരിറ്റ് ആശ്വാസവുമായി മുന്നോട്ട് വന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ എങ്ങിനെയാണു ഒരു പ്രവാസിക്കു പുറം തിരിഞ്ഞുനില്‍ക്കാന്‍ കഴിയുക!

തൊഴില്‍ രഹിതരായി ഗള്‍ഫില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങുന്നവരെ പുനരധിവസിപ്പിക്കുക എന്നത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവുമധികം ശ്രദ്ധചെലുത്തേണ്ട വിഷയമാണ്. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുകയും അതിലൂടെ ഒരു പരിധിവരെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയും ചെയ്ത ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സമ്പദ് വ്യവസ്ഥയെപോലും തകിടം മറിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കേരളത്തിനുള്ള കേന്ദ്രവിഹിതത്തേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണ് പ്രതിവര്‍ഷം ഗള്‍ഫ് മലയാളികള്‍ വഴി നാട്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവാസി മലയാളികളുടെ സംരക്ഷണം നാടിന്റെ കൂടി സംരക്ഷണമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഭരണനേതൃത്വം തന്നെയാണ് കേരളത്തില്‍ അധികാരത്തില്‍ വരേണ്ടത്.

ഒരു താരതമ്യ പഠനത്തിനായി മുന്‍ യു. ഡി. എഫ് ഗവര്‍ണ്‍മെന്റിന്റെ പ്രവാസികാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഒന്നു വെളിച്ചം വീശുവാനും ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ. മുഖ്യമന്ത്രി നേരിട്ട് നടത്തിയിരുന്ന വകുപ്പ് കൈകാര്യം ചെയ്യാന്‍ എം. എം. ഹസ്സന്‍ എന്ന മന്ത്രിയെ ആന്റണിസര്‍ക്കാര്‍ ചുമതലപ്പെടുത്തുകയുണ്ടായി.. പ്രവാസികളുടെ പേരില്‍ സമവായമെന്ന ഒരുപാട് മാമാങ്കങ്ങള്‍ നടത്തി സര്‍ക്കറിന്റെ ഖജനാവ് ധൂര്‍ത്തടിക്കുകയല്ലാതെ ക്രിയാത്മകമായി ഒന്നും തന്നെ ചെയ്യാന്‍ എം. എം. ഹസ്സനു കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം

യു. ഡി. എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു മാസം കഴിയും മുമ്പ് 2001 ഓഗസ്റ്റില്‍ കൊച്ചിയിലും പിന്നീട് ജര്‍മ്മനിയിലും തിരുവനന്തപുരത്തും സംവാദങ്ങള്‍ സംഘടിപ്പിച്ചതായിരുന്നു അവര്‍ ചെയ്ത അഞ്ചുവര്‍ഷത്തെ പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍. ഭരണം തുടങ്ങിയപ്പോള്‍ ഒന്നും ഭരണം അവസാനിക്കുമ്പോള്‍ മറ്റൊന്നും എന്നതില്‍ കവിഞ്ഞ് ഈ മാമാങ്കങ്ങള്‍ക്ക് പറയത്തക്കപ്രസക്തിയുമില്ല,

പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ ഏതെങ്കിലും സര്‍ക്കാറിനുകഴിയുമെന്ന മിഥ്യാബോധമൊന്നും ഈ ലേഖകനില്ല. എങ്കിലും ഒരു പരിധിവരെ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ നായനാര്‍ സര്‍ക്കാറിനും വി. എസ്. സര്‍ക്കാറിനും കഴിഞ്ഞിട്ടുണ്ട് എന്നതു തന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്ന് പ്രവാസി മലയാളികള്‍ ആഗ്രഹിക്കുന്നത്.


*****

സഫറുള്ള പാലപ്പെട്ടി, കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മൂന്നുപതിറ്റാണ്ടിലേറെക്കാലം ഒറ്റയായും കൂട്ടമായും നടത്തിയ പോരാട്ടത്തിനൊടുവില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം കൈവരിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണു പ്രവാസി മലയാളികള്‍ പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇത് തങ്ങളുടെ കഴിവുകൊണ്ടാണു എന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസ്സുകാര്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലം ഓരോ ഇന്ത്യന്‍ പൌരന്റേയും പൌരാവകാശമായ സമ്മതിദാനാവകാശം പ്രവാസികള്‍ക്ക് നിഷേധിച്ചതിന്റെ ഉത്തരവാദിത്തവും കൂടി ഏറ്റെടുക്കേണ്ടതാണ്.

രാജ്യത്തിനു കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നേടിക്കൊടുക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിറുത്തുകയും ചെയ്യുന്ന ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ക്കു നേരെ നിഷേധാത്മകമായ നിലപാടുകളാണ് അഞ്ചുപതിറ്റാണ്ടിലേറെക്കാലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവര്‍ണ്‍മെന്റുകളും മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചു പോന്നിരുന്നത്. ഈ അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളെ സാകൂതം വീക്ഷിക്കുകയും അവയ്ക്കു പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്ത ആദ്യ സര്‍ക്കാരാണ് 1996 ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍.