Friday, April 29, 2011

മനുഷ്യാവകാശ ലംഘനത്തിലും അമേരിക്ക തന്നെ മുന്നില്‍

പ്രതികരണം എഴുതുന്നത് തുടരുമെന്ന വാഗ്ദാനം പാലിക്കാന്‍ ഞാന്‍ ധാരാളം വായിക്കുന്നുണ്ട്; പുസ്തകങ്ങളും ലേഖനങ്ങളും മറ്റും. പെറുവില്‍ ഒലാന്റ ഹുമാല നേടിയ വിജയമാണ് ശ്രദ്ധ ആകര്‍ഷിച്ച ഒരു വാര്‍ത്ത. മുന്‍ പ്രസിഡന്റ് അല്‍ബര്‍ട്ടോ ഫുജിമോറിയയുടെ മകള്‍ കെയ്‌കോയെയാണ് ഒലാന്റ പരാജയപ്പെടുത്തിയത്. വെള്ളി, ചെമ്പ്, സിങ്ക്, ടിന്‍ തുടങ്ങിയ ധാതുക്കള്‍ കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന രാജ്യമാണ് പെറു. യുറേനിയത്തിന്റെ വിപുലമായ നിക്ഷേപവും അവിടെയുണ്ട്. ശക്തരായ ബഹുരാഷ്ട്ര കമ്പനികള്‍ യുറേനിയം ഖനനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. മാനവരാശിയ്ക്ക് പരിചിതമായ, ഏറ്റവും ഭീകരമായ ആയുധങ്ങള്‍ സമ്പുഷ്ട യുറേനിയം കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ആണവ വൈദ്യുത പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന ഇന്ധനവും സമ്പുഷ്ട യുറേനിയമാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് അമേരിക്കയും യൂറോപ്പും ജപ്പാനും ആണവറിയാക്ടറുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു. ഏതായാലും ഇതിന് പെറുവിനെ പഴി ചാരുന്നത് ശരിയല്ല. പെറുവിലുള്ള ജനങ്ങള്‍ കൊളോണിയലിസമോ മുതലാളിത്തമോ സാമ്രാജ്യത്വമോ സൃഷ്ടിച്ചിട്ടില്ല. അമേരിക്കയിലെ ജനങ്ങളെയും കുറ്റപ്പെടുത്താനാവില്ല. കാരണം ഏറ്റവും അപകടകരമായ നയങ്ങളുടെ ഇരകളാണ് അമേരിക്കയിലെ ജനങ്ങള്‍.

പതിവുപോലെ അമേരിക്ക ഏപ്രില്‍ എട്ടിന്, 'മനുഷ്യാവകാശലംഘന'ങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. ഇതിനോടുള്ള ചൈനയുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയ വിശകലനം ക്യൂബയിലെ റബലിയന്‍ വെബ്‌സൈറ്റിലുണ്ട്. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ അത്യന്തം അപകടകരമായ സ്ഥിതിയാണ് ഇതില്‍ തുറന്നുകാണിക്കുന്നത്.

''രാജ്യത്തിനകത്തും ലോകത്തുടനീളവും ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രമാണ് അമേരിക്ക. സ്വന്തം നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വ്യക്തിസുരക്ഷയ്ക്കും ഉറപ്പുവരുത്താന്‍ നടപടിയെടുക്കാത്ത രാഷ്ട്രവും അമേരിക്കയാണ്. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ അക്രമത്തിനിരയാവുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫിലാഡല്‍ഫിയ, ചിക്കാഗോ, ലോസ് ആഞ്ചല്‍സ്, ന്യൂയോര്‍ക്ക് എന്നീ നാലു നഗരങ്ങളില്‍ അക്രമങ്ങള്‍ ഭീതിജനകമാംവിധം വര്‍ധിച്ചിരിക്കുന്നു. സ്വരക്ഷയ്ക്ക് ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇത് എടുത്തുകളയാനാവില്ലെന്നുമാണ് അമേരിക്കന്‍ സുപ്രിംകോടതി വിധിച്ചത്. രാജ്യത്തെ 30 കോടി ജനങ്ങളില്‍ ഒമ്പതുകോടി പേര്‍ 20 കോടിയിലധികം ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നു. വെടിക്കോപ്പുകള്‍ കൊണ്ട് കഴിഞ്ഞവര്‍ഷം നടന്ന കൊലപാതകങ്ങളുടെ എണ്ണം 12000 ആണ്. 47 ശതമാനം കൊള്ളകളും തോക്കുപയോഗിച്ചാണ് നടന്നത്''.

''പ്രതികളെ കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ 'ഭീകരപ്രവര്‍ത്തനനിരോധന' നിയമപ്രകാരം കടുത്ത ബലപ്രയോഗം നടത്തുന്നത് പതിവാണ്.“

''തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതോടൊപ്പം അമേരിക്കയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരുടെ എണ്ണവും റിക്കാര്‍ഡ്തലത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പൗരന്മാരില്‍ എട്ടില്‍ ഒന്നും സൗജന്യ ഭക്ഷണകൂപ്പണ്‍ ഉപയോഗിച്ചു''.

''വീടില്ലാത്തവര്‍ക്കുള്ള ക്യാമ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇത്തരം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു''.

''സാമൂഹ്യജീവിതത്തിന്റെ എല്ലാ തുറകളിലും വംശീയവിവേചനം വ്യാപിക്കുന്നു. തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ കടുത്ത വിവേചനം നേരിടുന്നു. അവരെ അപമാനിക്കുന്നു. അവര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നു. കറുത്തവരില്‍ മൂന്നിലൊന്നും തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ക്കിരയാവുന്നു''.
''വെളുത്തവര്‍ക്കിടയിലെ തൊഴിലില്ലായ്മ 16.2 ശതമാനമാണെങ്കില്‍ ലാറ്റിനമേരിക്കന്‍-ഏഷ്യന്‍ വംശജര്‍ക്കിടയില്‍ 22 ശതമാനവും കറുത്തവര്‍ക്കിടയില്‍ 33 ശതമാനവുമാണ്. ജയിലില്‍ കഴിയുന്നവരില്‍ 41 ശതമാനവും ആഫ്രോ-അമേരിക്കന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

''90 ശതമാനം സ്ത്രീകളും തൊഴിലിടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നുണ്ട്. രണ്ടുകോടി സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നു. ജയിലുകളില്‍ കഴിയുന്നവരില്‍ അറുപതിനായിരത്തോളം തടവുകാര്‍ ലൈംഗികാക്രമണങ്ങള്‍ക്കിരയാവുന്നു. കാമ്പസുകളില്‍ നടക്കുന്ന ബലാല്‍സംഗത്തില്‍ 60 ശതമാനവും ഡോര്‍മിറ്ററികളിലാണ്''.

അമേരിക്കയ്ക്ക് പുറത്ത് അമേരിക്ക നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധങ്ങളില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ വിചാരണ കൂടാതെ തടവുകാരെ ദീര്‍ഘകാലം ജയിലിലടയ്ക്കുന്നു. ഗ്വാണ്ടനാമോ തുടങ്ങിയ കേന്ദ്രങ്ങളിലെ തടവറകളില്‍ ക്രൂരപീഡനങ്ങളാണ് നടക്കുന്നത്.

മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി ചമയുന്ന അമേരിക്കയാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘകനെന്ന് അനിഷേധ്യമായ തെളിവുകള്‍ നിരത്തിവച്ച് ചൈനീസ് രേഖ സമര്‍ഥിക്കുന്നു.

അമേരിക്കയുടെ കാപട്യം കഴിഞ്ഞ അരനൂറ്റാണ്ടായി ക്യൂബ തുറന്നുകാട്ടുന്നുണ്ട്. ക്യൂബ പറഞ്ഞതെല്ലാം വസ്തുതകളാണെന്ന് അമേരിക്കയുടെ ഔദ്യോഗിക സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു.

*
ഫിഡല്‍ കാസ്‌ട്രോ ജനയുഗം 29 ഏപ്രില്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...