'വികസനവും കരുതലും' എന്ന തലക്കെട്ട് നല്‍കിയാണ് യുഡിഎഫ് അതിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആമുഖവും ഉപസംഹാരവും ഉള്‍പ്പെടെ 17 ഭാഗങ്ങള്‍. അവയിലായി 671 ഖണ്ഡികകള്‍ അല്ലെങ്കില്‍ അത്രയും വാഗ്ദാനങ്ങള്‍. അങ്ങനെ നോക്കിയാല്‍ യുഡിഎഫ് പ്രകടന പത്രിക വാഗ്ദാനങ്ങളാല്‍ സമ്പന്നമാണ്.
എന്നാല്‍, നിലവിലുള്ള സ്ഥിതിഗതികളെക്കുറിച്ച് വസ്തുതാപരമായ വിശകലനമില്ല. തങ്ങളെ അധികാരത്തിലേറ്റിയാല്‍ ഇപ്പോള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കും, അതിനു എങ്ങനെ വിഭവം കണ്ടെത്തും എന്ന് വ്യക്തമാക്കുന്നില്ല. ഒരുപാട് കാര്യങ്ങള്‍ പറയുന്നതില്‍ സര്‍ക്കാര്‍ ചെയ്യുന്നത് എന്തായിരിക്കും, സ്വകാര്യമേഖലയെ എന്ത് ഏല്‍പ്പിക്കും എന്നൊക്കെയുള്ള കാര്യം അവ്യക്ത സുന്ദരമായി വിട്ടിരിക്കയാണ്. തിരഞ്ഞെടുപ്പ് പാലം കടക്കുവോളം വോട്ടര്‍മാരെ പ്രസാദിപ്പിക്കാന്‍ നടത്തുന്ന മിരട്ടുവിദ്യയായി മാത്രമേ പ്രത്യക്ഷത്തില്‍ യുഡിഎഫ് പ്രകടന പത്രികയെ കാണാന്‍ കഴിയൂ.
യുഡിഎഫ് പ്രകടന പത്രിക വസ്തുതാപരമല്ല എന്നതിനു ആമുഖത്തിലെ ആദ്യ ഖണ്ഡികയിലെ ചില വാക്യങ്ങള്‍ മാത്രം മതി തെളിവിന്. "സാമൂഹിക സാമ്പത്തിക വികസനത്തില്‍ മുന്നിലായിരുന്ന നമ്മുടെ സംസ്ഥാനത്തെ വികസന സ്തംഭനത്തിന്റെയും വിലക്കയറ്റത്തിന്റെയും കെടുകാര്യസ്ഥതയുടെയും പടുകുഴിയില്‍ തള്ളിയിട്ട് ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഭരണത്തിന്റെ പടി ഇറങ്ങുന്നത്''.
എന്താണ് വസ്തുത? യുഡിഎഫ് നടപ്പാക്കിയ 10-ാം പദ്ധതിയുടെ അടങ്കല്‍തുക 24,000 കോടി രൂപയായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷങ്ങളിലെ അടങ്കല്‍ കൂട്ടിയാല്‍ 20,000 കോടി രൂപയേ വരികയുള്ളൂ. ആ സ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതിനൊന്നാം പദ്ധതിയുടെ അടങ്കല്‍ 40,422 കോടി രൂപയായിരുന്നു. അഞ്ചുവര്‍ഷത്തെ അടങ്കലുകള്‍ കൂട്ടുമ്പോള്‍ 44,000 കോടി രൂപയിലേറെ. ആദ്യ മൂന്നു വര്‍ഷങ്ങളിലെ ചെലവ് 82, 92, 87 ശതമാനം വീതമായിരുന്നു. ഇവിടെ വികസന സ്തംഭനമല്ല, വികസന സ്ഫോടനമാണ് ഉണ്ടായത്. ഒരു നിയമസഭാ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ശരാശരി 300 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടന്നു. ഈ തോതിലുള്ള വികസന പ്രവര്‍ത്തനം ഏതെങ്കിലും കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ?
രാജ്യത്താകെ ഭീകരമായ വിലക്കയറ്റമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്, പ്രത്യേകിച്ച്, ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ. അതിനെ നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കേരളമാണ് അക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത് എന്ന് ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിമാര്‍ തന്നെ എല്‍ഡിഎഫ് ഗവണ്‍മെന്റിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യസബ്സിഡിയായി 34 കോടി രൂപ പ്രതിവര്‍ഷം ചെലവഴിച്ച സ്ഥാനത്ത് അതിന്റെ പത്തിരട്ടിയിലേറെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
എന്താണ് "കെടുകാര്യസ്ഥത?'' യുഡിഎഫ് അധികാരം ഒഴിയുമ്പോള്‍ പ്രതിവര്‍ഷം 7000 കോടി രൂപയായിരുന്നു നികുതിവരുമാനം. അതിപ്പോള്‍ 16,000 കോടി രൂപയില്‍പരമായി ഉയര്‍ന്നു. അത് ഉപയോഗിച്ച് ഏറ്റവും നല്ല നിലയില്‍ ധനകാര്യ മാനേജ്മെന്റ് ധനമന്ത്രിയും എല്‍ഡിഎഫ് ഗവണ്‍മെന്റും നടത്തിയതിനെ ഔദ്യോഗിക - അനൌദ്യോഗിക തലങ്ങളിലുള്ള പലരും മുക്തകണ്ഠം പ്രസംശിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, യുഡിഎഫ് ഉന്നയിക്കുന്ന മേല്‍പറഞ്ഞ വിമര്‍ശനം അടിസ്ഥാനരഹിതമാണ്.
ഇതിന്റെ കൂടെ പറയേണ്ടതാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ തട്ടിവിടുന്ന ചില അസംബന്ധങ്ങള്‍.
1. "ആശ്രയ - അന്ത്യോദയ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കിലോക്ക് 3 രൂപ നിരക്കില്‍ അരി നല്‍കുന്നു. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് നല്‍കുന്നത്''. മേല്‍പറഞ്ഞ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ കേരളത്തില്‍ 2 ലക്ഷത്തില്‍ കുറവാണ്. ഇവിടെ 70 ലക്ഷം കുടുംബങ്ങളുണ്ട്. അവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി നല്‍കുന്നത്. ഇതിനെയാണ് അജഗജാന്തരം എന്നു പറയുക.
2. "ഇ എം എസ് ഭവന പദ്ധതിയുടെ പണം കേന്ദ്രം ഐഎവൈയില്‍ നല്‍കുന്നതാണ്''. കേന്ദ്രം ഈ പദ്ധതി പ്രകാരം 48,500 കുടുംബങ്ങള്‍ക്ക് 38,000 രൂപ വീതമാണ് ഇപ്പോള്‍ നല്‍കുന്നത്. മുമ്പ് ഇതിലും കുറവായിരുന്നു. ആ സ്ഥാനത്ത് കേരള സര്‍ക്കാര്‍ 75,000 രൂപ, ഒരു ലക്ഷം രൂപ, 1.25 ലക്ഷം രൂപ വീതം നല്‍കുന്നു.യോഗ്യരായ ബിപിഎല്‍ കുടുംബങ്ങള്‍ക്കെല്ലാം വീട് ലഭിക്കുന്നു.
3. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അനുസരിച്ചുള്ള പ്രീമിയം തുക 10.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേന്ദ്രം തരുന്നത്. ഇവിടെ ഇതുള്‍പ്പെടെ 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രീമിയം നല്‍കുന്നത്. 24.5 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നു എന്നു ചുരുക്കം.
"വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങളോ നേട്ടങ്ങളോ ഉണ്ടായില്ലെന്നു മാത്രമല്ല, അമിതമായ രാഷ്ട്രീയവല്‍ക്കരണം'' ഉണ്ടായതായി യുഡിഎഫ് പ്രകടന പത്രിക ആക്ഷേപിക്കുകയും ചെയ്യുന്നു. സര്‍വശിക്ഷാ അഭിയാന്‍ അപ്പര്‍ പ്രൈമറിതലം വരെ മികച്ച രീതിയില്‍ നടപ്പാക്കിയതിനും ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനു ഏകജാലക സംവിധാനം മാതൃകാപരമായി ഏര്‍പ്പെടുത്തിയതിനും എല്‍ഡിഎഫ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ അനുമോദിച്ചു, പുരസ്കാരം നല്‍കി. എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നുവര്‍ഷമായി 90 ശതമാനത്തിലേറെ വിജയം വരിച്ചു. ഇതൊന്നും ഗുണപരമായ മാറ്റങ്ങളും നേട്ടങ്ങളുമല്ലേ?
ഇതില്‍നിന്നു തന്നെ യുഡിഎഫ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമല്ല എന്നു വ്യക്തം.
കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഏതാണ്ട് 60 വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഈ വിഭാഗക്കാര്‍ക്ക് തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങള്‍ വാരിയെറിയുന്നതില്‍ യുഡിഎഫ് ഒരുകാലത്തും ലുബ്ധ് കാണിച്ചിട്ടില്ല. പക്ഷേ,"പാലം കടന്നാല്‍ കൂരായണ'' എന്നു തന്നെയായിരുന്നു എന്നും സ്ഥിതി. യുപിഎ സര്‍ക്കാര്‍ ഇപ്പോഴും അതേ നയമാണ് പിന്തുടരുന്നത്. യുപിഎ സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കുമെന്നു പറയുന്ന പ്രധാന പദ്ധതികളൊക്കെ റിലയന്‍സിനെപ്പോലുള്ള കുത്തകകളെ ലാക്കാക്കി നടപ്പാക്കുന്ന ഗോഡൌണ്‍ പണിയല്‍ പോലുള്ള പശ്ചാത്തല സൌകര്യ വികസന പദ്ധതികളാണ്.
കാര്‍ഷിക, മൃഗപരിപാലന, മല്‍സ്യമേഖലകളില്‍ സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നതും യുഡിഎഫ് ഭരണകാലത്ത് കുറച്ച ഉല്‍പാദനം വര്‍ധിക്കുന്നതും എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ്. ഇതേവരെ അതാണ് പതിവ്. ഇപ്പോഴും അതാണ് സംഭവിച്ചത്. കൃഷിക്കും അനുബന്ധമേഖലകള്‍ക്കുമുള്ള ബജറ്റ് വകയിരുത്തല്‍ യുഡിഎഫ് കുറയ്ക്കുകയാണ് പതിവ്. ഇനി ആ പതിവ് മാറ്റും എന്നതിനു ഒരു ഉറപ്പും പ്രകടന പത്രിക നല്‍കുന്നില്ല. ഒരു കിലോ നെല്ലിന് 7 രൂപ പ്രകാരം കര്‍ഷകന് കൊടുത്തിരുന്നത് കിലോയ്ക്ക് 14 രൂപയായി വര്‍ദ്ധിപ്പിച്ച എല്‍ഡിഎഫ് നടപടി പോലെ എന്തുണ്ട് യുഡിഎഫിനു പറയാന്‍?
വ്യവസായമേഖലയില്‍ യുപിഎ ഗവണ്‍മെന്റ് ഇപ്പോള്‍ ചെയ്തുവരുന്നത് പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണമാണ്. വര്‍ഷംതോറും വന്‍കിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കുമായി ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കുന്നു. ഈ വര്‍ഷം 4.6 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചത്.
എല്‍ഡിഎഫ് ഗവണ്‍മെന്റ് ചെയ്തതുപോലെ പൊതുമേഖലയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിനു ഫലപ്രദമല്ല പ്രകടന പത്രികയിലെ മിക്ക നിര്‍ദ്ദേശങ്ങളും. സ്വകാര്യമേഖലയെ വളര്‍ത്തേണ്ടത് ഇന്നു ആവശ്യം തന്നെയാണെങ്കിലും വന്‍കിട - ചെറുകിട വ്യവസായങ്ങളിലും പരമ്പരാഗത മേഖലയിലും മുതലാളിമാര്‍ക്ക് പ്രോല്‍സാഹനം നല്‍കുമ്പോള്‍ തന്നെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മറ്റും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. യുഡിഎഫ് ഗവണ്‍മെന്റ് അത് ചെയ്യാറില്ല. അതേ സമീപനം തുടരുമെന്നാണ് പ്രകടന പത്രിക നല്‍കുന്ന സൂചന. ഇപ്പോള്‍ യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത് രാജ്യത്തിന്റെ പൊതുസമ്പത്ത് വന്‍കിട വ്യവസായി - വ്യാപാരികള്‍ക്ക് കൊള്ള ചെയ്യാന്‍ വിട്ടു കൊടുക്കുകയാണ്. അത് ഇവിടെ തുടരും എന്നാണ് പ്രകടന പത്രികയിലെ സൂചന.
വ്യവസായ - പശ്ചാത്തല മേഖലകളില്‍ പൊതുസ്വകാര്യ പങ്കാളിത്തം (പിപിപി) നടപ്പാക്കണമെന്ന് യുഡിഎഫ് ആവര്‍ത്തിച്ചു പറയുന്നതിനെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍.
പ്രകടന പത്രികയില്‍ പലേടങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കും എന്ന് പല പദ്ധതികളെക്കുറിച്ചും പറയുന്നു. യുഡിഎഫ് ഭരണകാലത്ത് കേന്ദ്രം കാര്യമായി സഹായിച്ചില്ല. കൊച്ചി മെട്രോ, പാലക്കാട് റെയില്‍കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി മുതലായവയിലെ തിക്താനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. റെയില്‍ വികസനമാകെ സ്തംഭിച്ചു നില്‍ക്കുകയാണല്ലോ.
വിദ്യാഭ്യാസരംഗത്ത് മേന്മ വര്‍ദ്ധിപ്പിക്കുക, സാമൂഹ്യനീതി ഉറപ്പുവരുത്തുക, കാലോചിതമായ രീതിയില്‍ പൊതു - ഉന്നത വിദ്യാഭ്യാസങ്ങള്‍ പരിഷ്കരിച്ച് പുതിയ തലമുറക്ക് മെച്ചപ്പെട്ട തൊഴിലും ജീവിതവും ഉറപ്പുവരുത്തുക എന്നിവയാകണം സര്‍ക്കാരിന്റെ ലക്ഷ്യം. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. യുഡിഎഫ് പ്രകടന പത്രിക വായിക്കുമ്പോള്‍ അവരുടെ മുന്‍ഗണന അണ്‍എയ്ഡഡ് - സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാ തരത്തിലുമുള്ള ഭദ്രത ഉറപ്പുവരുത്തലാണ് എന്നു കാണാന്‍ കഴിയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും എന്ന് യുഡിഎഫ് പത്രിക പറയുന്നില്ല. അവയെ സ്തംഭിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്യും എന്ന സൂചന വ്യക്തമായി നല്‍കുന്നുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ അനൌപചാരിക വിദ്യാഭ്യാസം ഫലത്തില്‍ പാടെ ഉപേക്ഷിച്ചുകഴിഞ്ഞു. അതില്‍ കേന്ദ്ര സഹായം ഉറപ്പുവരുത്തും എന്ന് പത്രിക പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്.
സാമൂഹ്യക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. അവയില്‍ പലതും മുന്‍ യുഡിഎഫ് സര്‍ക്കാരുകളോ ഇപ്പോഴത്തെ യുപിഎ സര്‍ക്കാരോ ചെയ്യാന്‍ വിസമ്മതിച്ചതോ വിസമ്മതിക്കുന്നതോ ആയ കാര്യങ്ങളാണ്. ഇതേവരെ ഇക്കാര്യത്തില്‍ കാണിച്ച അക്ഷന്തവ്യമായ അവഗണന ഇനി അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് മാറ്റും എന്നതിനു ഒരു ഉറപ്പുമില്ല.
ധനസമാഹരണത്തെക്കുറിച്ച് പറയുമ്പോള്‍ "ഭരണകാര്യക്ഷമത മെച്ചപ്പെടുത്തി അനാവശ്യ ചെലവുകള്‍ കുറയ്ക്കും'' എന്നും "പൊതുസേവനങ്ങളും അടിസ്ഥാന സൌകര്യങ്ങളും പൊതുസ്വകാര്യപങ്കാളിത്തം വഴിയും സഹകരണ സംഘങ്ങള്‍ വഴിയും ലഭ്യമാക്കും'' എന്നും പറയുന്നു. പത്രികയില്‍ പറയുന്ന പല കാര്യങ്ങള്‍ക്കും ആവശ്യമായ വിഭവ സമാഹരണം നടത്തുകയില്ല എന്നും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവ പോലെ സേവനങ്ങള്‍ സ്തംഭിപ്പിച്ച് സ്വാശ്രയമേഖലയെ ആശ്രയിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുമെന്നുമാണ് അവര്‍ പറഞ്ഞതിന്റെ പൊരുള്‍.
പ്രകടന പത്രികയില്‍ യുഡിഎഫ് എല്ലാ കാര്യങ്ങളും പരാമര്‍ശിച്ചോ എന്നു ചോദിച്ചാല്‍ ഉവ്വ് എന്നു ഉത്തരം പറയേണ്ടിവരും. പക്ഷേ, എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ പാവപ്പെട്ടവര്‍ക്ക് സേവനങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തിയും ഉല്‍പാദന - പശ്ചാത്തല മേഖലകള്‍ ഗണ്യമായി വിപുലീകരിച്ചും മെച്ചപ്പെടുത്തിയും സംസ്ഥാനത്തിന്റെ സാര്‍വത്രിക വികസനത്തിനും പുരോഗതിക്കും ഉതകുന്ന പരിപാടിയല്ല യുഡിഎഫ് ജനസമക്ഷം അവതരിപ്പിച്ചിട്ടുള്ളത്. യുപിഎ സര്‍ക്കാര്‍ ചെയ്യുന്നതുപോലെ, യഥാര്‍ത്ഥത്തില്‍ കോടീശ്വരന്മാരെ ശതകോടീശ്വരന്മാരും കുത്തകകളും ആക്കാന്‍ സഹായിക്കുന്ന ഒരു പരിപാടിയാണ് അതിലുള്ളത്.
ഇതിനെ പരാജയപ്പെടുത്തുകയും എല്‍ഡിഎഫ് മുന്നോട്ടുവെച്ച പരിപാടിയെ വിജയിപ്പിക്കുകയും ചെയ്താല്‍ മാത്രമേ കേരളം ഇതിനകം കൈവരിച്ചു കഴിഞ്ഞ സമഗ്ര വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തിക്കൊണ്ട് മുന്നേറാന്‍ കഴിയൂ.
*****
സി പി നാരായണന്‍, കടപ്പാട് :ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
പ്രകടന പത്രികയില്‍ യുഡിഎഫ് എല്ലാ കാര്യങ്ങളും പരാമര്‍ശിച്ചോ എന്നു ചോദിച്ചാല്‍ ഉവ്വ് എന്നു ഉത്തരം പറയേണ്ടിവരും. പക്ഷേ, എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ പാവപ്പെട്ടവര്‍ക്ക് സേവനങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തിയും ഉല്‍പാദന - പശ്ചാത്തല മേഖലകള്‍ ഗണ്യമായി വിപുലീകരിച്ചും മെച്ചപ്പെടുത്തിയും സംസ്ഥാനത്തിന്റെ സാര്‍വത്രിക വികസനത്തിനും പുരോഗതിക്കും ഉതകുന്ന പരിപാടിയല്ല യുഡിഎഫ് ജനസമക്ഷം അവതരിപ്പിച്ചിട്ടുള്ളത്. യുപിഎ സര്‍ക്കാര്‍ ചെയ്യുന്നതുപോലെ, യഥാര്‍ത്ഥത്തില്‍ കോടീശ്വരന്മാരെ ശതകോടീശ്വരന്മാരും കുത്തകകളും ആക്കാന്‍ സഹായിക്കുന്ന ഒരു പരിപാടിയാണ് അതിലുള്ളത്.
ഇതിനെ പരാജയപ്പെടുത്തുകയും എല്‍ഡിഎഫ് മുന്നോട്ടുവെച്ച പരിപാടിയെ വിജയിപ്പിക്കുകയും ചെയ്താല്‍ മാത്രമേ കേരളം ഇതിനകം കൈവരിച്ചു കഴിഞ്ഞ സമഗ്ര വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തിക്കൊണ്ട് മുന്നേറാന്‍ കഴിയൂ.
Post a Comment