Tuesday, April 12, 2011

രാഷ്ട്രീയ കേരളം വഴിത്തിരിവില്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നതു മുതല്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഒരു തവണ എല്‍ഡിഎഫ്, തുടര്‍ന്ന് യുഡിഎഫ്, വീണ്ടും എല്‍ഡിഎഫ് വീണ്ടും.... എന്നിങ്ങനെ ഊഴമിട്ടാണല്ലോ കഴിഞ്ഞ ചില പതിറ്റാണ്ടുകളായി കേരള ഭരണം മാറിമറിഞ്ഞത്. വിശേഷിച്ചൊരു യുക്തിയുമില്ലെങ്കിലും ഒരു മുത്തശ്ശിക്കഥപോലെ ചിലരെങ്കിലും അടുത്ത ഊഴം യുഡിഎഫിന്റേതാണ് എന്ന് വിശ്വസിച്ചുപോരുന്നും ഉണ്ട്. ആദ്യമൊക്കെ ഈ ചപ്പടാച്ചിയുമായി ഇറങ്ങിത്തിരിച്ച യുഡിഎഫ് നേതാക്കളും, അവരുടെ മാധ്യമ കൂട്ടാളികളും ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണു തുറക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടും ഉണ്ട്.

'77ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ വഴിത്തിരിവിന് തുടക്കമിട്ടത്. പതിനെട്ടുമാസം നീണ്ട, ജനാധിപത്യവിരുദ്ധമായ അടിയന്തിരാവസ്ഥാ വാഴ്ച അറബിക്കടലില്‍ ആണ്ട തെരഞ്ഞെടുപ്പായിരുന്നു അത്. ഇതോടെ സ്വാതന്ത്യ്രലബ്ധിയുടെ നാള്‍ മുതല്‍ തുടര്‍ന്നുവന്ന കേന്ദ്രത്തിലെ ഏകകക്ഷി ഭരണകുത്തക അവസാനിച്ചു.

ഇന്ത്യയില്‍ ഏകകക്ഷി ഭരണവ്യവസ്ഥ അവസാനിക്കുകയാണ് എന്നും, ഇനി ബഹുകക്ഷിമുന്നണി ഭരണത്തിന്റെ കാലമാണ് എന്നും ഇ എം എസ് ദീര്‍ഘദര്‍ശനം ചെയ്തു. പില്‍ക്കാല ചരിത്രം ഈ നിരീക്ഷണത്തെ തികച്ചും ശരിവെച്ചു.

കേരളത്തില്‍ ഈ പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ കേന്ദ്രത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍, ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണധികാരമേറ്റത്. വിമോചന സമരത്തോടെ ഇ എം എസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. അറുപതിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും പിഎസ്പിയും ചേര്‍ന്ന കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി അധികാരം പിടിച്ചെടുത്തു. 1967ഓടുകൂടി കേരളം സമ്പൂര്‍ണമായും മുന്നണി രാഷ്ട്രീയത്തിന്റെ വഴിയിലായി. സപ്തകക്ഷി മുന്നണിയായാണ് രണ്ടാം ഇ എം എസ് മന്ത്രിസഭ ഭരണമേറ്റത്.

1980കളോടെ കേരളം വലതിടതുമുന്നണികളായി ധ്രുവീകരിക്കപ്പെട്ടു. അതുവരെ കോണ്‍ഗ്രസ് മുന്നണിയിലായിരുന്ന സിപിഐയും ആര്‍എസ്പിയും സിപിഐ എമ്മിന് ഒപ്പം ചേര്‍ന്നതോടെ ഇടതുപക്ഷം പുനരേകീകരിക്കപ്പെട്ടു. ആദ്യം ആന്റണി കോണ്‍ഗ്രസ്സും, മാണി കേരളയും ഇടതുപക്ഷത്തോടൊപ്പം നിന്നെങ്കിലും സ്വന്തം വര്‍ഗ്ഗ സ്വഭാവം വ്യക്തമാക്കിക്കൊണ്ട് വലതുമുന്നണിയിലേക്ക് തിരിച്ചുപോയി. ഇത്തരം വരവുപോക്കുകള്‍ തുടര്‍ന്നും ഇടക്കിടയ്ക്ക് സംഭവിച്ചുവെങ്കിലും സിപിഐ എം സിപിഐ കക്ഷികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷവും കോണ്‍ഗ്രസ്സും ലീഗും ചേര്‍ന്ന വലതുപക്ഷവും എന്ന് കേരള രാഷ്ട്രീയം വിഭജിക്കപ്പെട്ടു. ഭരണനയങ്ങള്‍ രണ്ടു മുന്നണിയുടെയും അതിരുകളും നിശ്ചയിച്ചു.

മതജാതിശക്തികളും സമ്പന്നവര്‍ഗ്ഗവും പൊതുവില്‍ വലതുപക്ഷത്തണിനിരന്നപ്പോള്‍ കീഴാളരും, അധ്വാനിക്കുന്നവരുമായ ജനങ്ങള്‍ ഇടതുപക്ഷത്തോടാണാഭിമുഖ്യം പുലര്‍ത്തിയത്. ഇവര്‍ക്കിടയില്‍ ചാഞ്ചാട്ടക്കാരായ ഒരു മധ്യവര്‍ഗ്ഗ ന്യൂനപക്ഷവും രൂപപ്പെട്ടു. തെരഞ്ഞെടുപ്പു വിധി നിര്‍ണയിക്കുന്ന ഇടനിലക്കാരായി ഈ വിഭാഗം മാറി. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിക്കുക എന്ന സമസ്യക്കുത്തരവാദി ഈ ഇടനിലക്കാരാണ് എന്നു വന്ന - 'ഭരണവിരുദ്ധ വികാരം' എന്ന മാധ്യമസംജ്ഞയുടെ ഉടമസ്ഥര്‍.

ഭൂപരിഷ്കരണം, സാര്‍വത്രിക വിദ്യാഭ്യാസം, സമ്പൂര്‍ണ സാക്ഷരത, പൊതുവിതരണ സമ്പ്രദായം, അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, ക്ഷേമപദ്ധതികള്‍ തുടങ്ങി കേരളത്തെ സവിശേഷ വികസന മാതൃകയാക്കി രൂപപ്പെടുത്തിയ പരിപാടികളോരോന്നും വിവിധ കാലയളവില്‍ ഭരിച്ച ഇടതുപക്ഷത്തിന്റെ സംഭാവനകളാണ്. സ്വകാര്യ - സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം, ബ്ളേഡ് ബാങ്കിംഗ്, സാര്‍വത്രികമായ അഴിമതി എന്നിവയാണ് വലതുപക്ഷ സര്‍ക്കാരുകളുടെ സംഭാവന. ഇടതുപക്ഷ ഭരണത്തിന്റെ ജനക്ഷേമ പരിപാടികളെയാകെ ഇക്കാലയളവില്‍ റദ്ദു ചെയ്യാന്‍ വലതുപക്ഷ ഭരണനേതാക്കള്‍ ജാഗ്രത കാണിച്ചു. പുറമ്പോക്കുകള്‍, വനം, മണല്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന മാഫിയ സംഘങ്ങള്‍ വളര്‍ന്നുവന്നത് വലതുപക്ഷ ഭരണത്തിന്റെ സൌകര്യം ഉപയോഗിച്ചാണ്. പെണ്‍വാണിഭ സംഘങ്ങളും വലതുപക്ഷ യുഡിഎഫ് ഭരണത്തിലാണ് രൂപപ്പെട്ടതും ശക്തിപ്പെട്ടതും. മാറാടുപോലുള്ള ചെറുതും വലുതുമായ വര്‍ഗ്ഗീയ കലാപങ്ങളും ഇക്കാലത്ത് സാധാരണമായി. ലോക്കപ്പ് മര്‍ദ്ദനങ്ങളും ലാത്തിചാര്‍ജുകളും, വെടിവെയ്പുകളും വലതുഭരണത്തിന്റെ അടയാളങ്ങളായി.

പ്രതിപക്ഷത്താകുമ്പോള്‍ ഉന്നയിക്കുകയും പോരാടുകയും ചെയ്ത ജനകീയ പ്രശ്നങ്ങളുടെ പരിഹാരമാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ അജണ്ടയായി മാറിയത്. വലതുപക്ഷമാകട്ടെ തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങള്‍ കോരിച്ചൊരിയുകയും അധികാരത്തിലെത്തുമ്പോള്‍ നേര്‍വിപരീത സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

ആഗോളവല്‍ക്കരണത്തിന്റെ വരവോടെ ക്ഷേമരംഗത്തുനിന്ന് ഭരണകൂടം പിന്‍വാങ്ങുകയും സ്വകാര്യലാഭത്തെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള സമ്പദ്നയങ്ങളിലേക്ക് വഴിമാറുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരും, ബംഗാള്‍, കേരളം, ത്രിപുര എന്നിവ ഒഴികെയുള്ള സംസ്ഥാന സര്‍ക്കാരുകളും ജനവിരുദ്ധമായ ഈ നയമാണ് പിന്തുടരുന്നത്. തൊഴിലാളി കര്‍ഷകാദി ബഹുജനങ്ങളുടെയും, ജീവനക്കാരടക്കമുള്ള ഇടത്തരക്കാരുടെയും ജീവിതം സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷമാണ്. എന്നാല്‍, ഈ സമരങ്ങള്‍ വികസനം തടസ്സപ്പെടുത്തുന്നു എന്ന ആരോപണമാണ് വലതുപക്ഷം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേരള മധ്യവര്‍ഗ്ഗത്തിലൊരു വിഭാഗത്തെ സ്വാധീനിക്കുന്ന വാദഗതിയാണിത്.

ഈ വിമര്‍ശനങ്ങളെക്കൂടി കണക്കിലെടുത്താണ് ഇത്തവണ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്കരിച്ചത്. കാര്‍ഷിക, ക്ഷേമമേഖലകളില്‍ മാത്രമല്ല ബദല്‍നയങ്ങളുമായി സര്‍ക്കാര്‍ കൈവെച്ചത്. ഐടി വ്യവസായരംഗത്ത് വലിയ പുരോഗതിയുണ്ടാക്കി; സ്മാര്‍ട്സിറ്റി കരാറൊപ്പിട്ടു. ടൂറിസം മേഖലയിലും, റോഡുകളുടെ വികസനത്തിലും ശ്രദ്ധിച്ചു. പവര്‍കട്ടില്ലാതായി. വില നിയന്ത്രണ നടപടികള്‍, അഴിമതിരഹിത വാളയാര്‍ പോലുള്ള പരിപാടികള്‍, വിദഗ്ദ്ധമായ ധനമാനേജ്മെന്റ് ക്രമസമാധാനപാലനത്തിലെ മികവ് തുടങ്ങിയവ മധ്യവര്‍ഗ വിമര്‍ശനങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളാണ്. ഇത് ആ വിഭാഗങ്ങളിലുണ്ടാക്കിയിട്ടുള്ള സ്വാധീനം ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും ആണ്.

പാര്‍ലമെന്റ് - പഞ്ചായത്ത് തെരഞ്ഞെടുപ്പുകളോടെ വലിയ വിജയപ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാല്‍, ഭൂതകാലാഴിമതികളുടെ പ്രേതങ്ങള്‍ അവരെ വേട്ടയാടാന്‍ ആരംഭിച്ചത് അപ്രതീക്ഷിതമായാണ്. സീറ്റ് വിഭജനത്തെത്തുടര്‍ന്ന് ഘടകകക്ഷികളിലുണ്ടായ അമര്‍ഷം കെട്ടടങ്ങിയിട്ടില്ല. സ്ഥാനാര്‍ത്ഥിമോഹികളുടെ കലാപം കൊണ്ട് കോണ്‍ഗ്രസ്സും, ലീഗും, മാണികേരളയും മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത കുഴപ്പങ്ങളില്‍പ്പെട്ടിരിക്കുന്നു. അധികാരദുരയും, അഴിമതിയും ലക്ഷ്യമാക്കി പരസ്പരം കടിപിടികൂടുന്ന ഒരു കൂട്ടമായ വലതുപക്ഷം തെരഞ്ഞെടുപ്പിനുമുന്നില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നാണ്. ജീവിതത്തിന്റെ സമസ്ത മേഖലയിലും പുതിയ വികസന മുന്നേറ്റങ്ങള്‍ക്ക് അടിത്തറ ഇട്ടുകൊണ്ടാണ് ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഈ നയങ്ങളുടെ ലക്ഷ്യപ്രാപ്തി തുടര്‍ന്നുള്ള കേരള വികസനത്തിന് അനിവാര്യവും ആണ്.

ഇടവേളകളില്ലാത്ത ദീര്‍ഘകാല ഇടതുപക്ഷ ഭരണത്തിലേക്ക് കാല്‍വെക്കുകയാണ് കേരളം. ഇന്ത്യക്കാകെ മാതൃകയാവുന്ന രാഷ്ട്രീയ കേരളത്തിന്റെ പുതിയ വഴിത്തിരിവ്.


****


ഇ രാമചന്ദ്രന്‍, കയ്യപ്പാട് :ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ലമെന്റ് - പഞ്ചായത്ത് തെരഞ്ഞെടുപ്പുകളോടെ വലിയ വിജയപ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാല്‍, ഭൂതകാലാഴിമതികളുടെ പ്രേതങ്ങള്‍ അവരെ വേട്ടയാടാന്‍ ആരംഭിച്ചത് അപ്രതീക്ഷിതമായാണ്. സീറ്റ് വിഭജനത്തെത്തുടര്‍ന്ന് ഘടകകക്ഷികളിലുണ്ടായ അമര്‍ഷം കെട്ടടങ്ങിയിട്ടില്ല. സ്ഥാനാര്‍ത്ഥിമോഹികളുടെ കലാപം കൊണ്ട് കോണ്‍ഗ്രസ്സും, ലീഗും, മാണികേരളയും മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത കുഴപ്പങ്ങളില്‍പ്പെട്ടിരിക്കുന്നു. അധികാരദുരയും, അഴിമതിയും ലക്ഷ്യമാക്കി പരസ്പരം കടിപിടികൂടുന്ന ഒരു കൂട്ടമായ വലതുപക്ഷം തെരഞ്ഞെടുപ്പിനുമുന്നില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നാണ്. ജീവിതത്തിന്റെ സമസ്ത മേഖലയിലും പുതിയ വികസന മുന്നേറ്റങ്ങള്‍ക്ക് അടിത്തറ ഇട്ടുകൊണ്ടാണ് ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഈ നയങ്ങളുടെ ലക്ഷ്യപ്രാപ്തി തുടര്‍ന്നുള്ള കേരള വികസനത്തിന് അനിവാര്യവും ആണ്.

ഇടവേളകളില്ലാത്ത ദീര്‍ഘകാല ഇടതുപക്ഷ ഭരണത്തിലേക്ക് കാല്‍വെക്കുകയാണ് കേരളം. ഇന്ത്യക്കാകെ മാതൃകയാവുന്ന രാഷ്ട്രീയ കേരളത്തിന്റെ പുതിയ വഴിത്തിരിവ്.