അന്യസംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായി അംഗീകരിക്കുന്നതും യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളുടെ ചിറകൊടിക്കുന്നതുമാണ് ചൊവ്വാഴ്ച ഹൈക്കോടതിയിലുണ്ടായ നടപടികള്‍. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ പേര്‍ത്തും പേര്‍ത്തും ആവശ്യപ്പെട്ടത് കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കക്ഷിയാക്കരുത് എന്നാണ്. ചിദംബരം അഭിഭാഷകന്റെ ജോലി മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അതിനുശേഷം അദ്ദേഹത്തിന് ലോട്ടറിക്കാരുമായി ഒരു ബന്ധവുമില്ലെന്നും അഡി. സോളിസിറ്റര്‍ ജനറലിന് വിശദീകരിക്കേണ്ടിവന്നു. കേസില്‍ വിധി പറയാനിരിക്കുന്നതേയുള്ളൂ. അതിനുമുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍കുറ്റം തങ്ങളുടേതാണെന്ന് ഏറ്റുപറയുന്നതിന് തുല്യമായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം. എല്‍ഡിഎഫിനുനേരെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഫലംകൊയ്യാമെന്നു കരുതിയ ലോട്ടറി പ്രശ്നം യുഡിഎഫിനുമേല്‍ അശനിപാതംപോലെ പതിക്കുകയാണ്.
1998ല്‍ പാസാക്കിയ കേന്ദ്ര ലോട്ടറി നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ച് ഇവിടെ സര്‍ക്കാര്‍ കേരള ലോട്ടറി നടത്തുമ്പോള്‍, അന്യസംസ്ഥാന-അന്യരാജ്യ ലോട്ടറികള്‍ നിയമത്തിലെ വ്യവസ്ഥകള്‍ നഗ്നമായി ലംഘിക്കുന്നു. അവയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനു മാത്രമാണ് അധികാരം. ഇക്കാര്യം കോടതികള്‍ ആവര്‍ത്തിച്ച് വിധിച്ചിട്ടുളളതാണ്. ഈ അധികാരം ഉപയോഗിച്ച് ലോട്ടറിക്കൊള്ളക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നുംഅവരുടെ കൊള്ളയടിയില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കണമെന്നുമാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. പക്ഷേ അതിന് കേന്ദ്രം തയ്യാറല്ല. അധികാരം സംസ്ഥാനത്തിന് നല്‍കാനും തയ്യാറല്ല. സ്വന്തം ലോട്ടറി നിരോധിച്ചാലേ അന്യരാജ്യ-അന്യസംസ്ഥാന ലോട്ടറികളെ കേരളത്തിന് നിരോധിക്കാനാവൂ. ഇതാണ് പ്രതിപക്ഷം ലോട്ടറിയുടെ പേരില്‍ തുടര്‍ച്ചയായി കള്ളപ്രചാരണം നടത്തുമ്പോള്‍ എല്‍ഡിഎഫ് വിശദീകരിച്ച യാഥാര്‍ഥ്യങ്ങള്‍. അവയ്ക്കെല്ലാം സാധൂകരണം നല്‍കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ തയ്യാറായിരിക്കുന്നു എന്നാണ് അഡി. സോളിസിറ്റര്‍ ജനറലിന്റെ വാക്കുകളില്‍ വായിച്ചെടുക്കാനാവുക.
ഇത് കേന്ദ്രം പെട്ടെന്ന് നന്നാകാന്‍ തീരുമാനിച്ചതുകൊണ്ടുള്ള ചുവടുമാറ്റമായി ആര്‍ക്കും കരുതാനാകില്ല. പി ചിദംബരം നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ ലോട്ടറി മാഫിയക്ക് അളവറ്റ സ്വാധീനമാണുള്ളത്. കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ അയക്കുന്ന കത്തുകളും നിവേദനങ്ങളും റിപ്പോര്‍ട്ടുകളും മറുപടിപോലും അയക്കാതെ അവഗണിക്കുകയാണ് ചിദംബരം. എല്ലാ ഘട്ടത്തിലും കോടതിയില്‍ ലോട്ടറി മാഫിയക്കനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും എടുത്തത്.
കേരളത്തിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറികളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ മൂന്നുതവണ കത്തെഴുതിയിട്ടും നിസ്സംഗത പാലിച്ച കേന്ദ്രസര്‍ക്കാരിനെ സിംഗിള്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ രൂക്ഷമായി വിമര്‍ശിച്ചതാണ്. നാലുമാസത്തിനകം ലോട്ടറി സംബന്ധിച്ച കേരളത്തിന്റെ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്ന സുപ്രധാന നിര്‍ദേശവും അന്ന് കോടതി കേന്ദ്രസര്‍ക്കാരിനു നല്‍കി. എന്നാല്‍, ആ വിധി അട്ടിമറിക്കാന്‍ ലോട്ടറി മാഫിയക്കൊപ്പം കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ചേരുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ലോട്ടറി മാഫിയക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്ന് കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. കേന്ദ്രസര്‍ക്കാരും ലോട്ടറി മാഫിയയും കൈകോര്‍ത്ത്, സംസ്ഥാന സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കുകയാണുണ്ടായത്. സിംഗിള്‍ ബെഞ്ചിന്റെ വിധി കേന്ദ്രസര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയുളള കനത്ത പ്രഹരമായിരുന്നു. ലോട്ടറി മാഫിയക്കെതിരെ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ വിധി തന്നെ റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.
ഇരുപതിനായിരം കോടി രൂപയുടെ ആസ്തിയുള്ള ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബയും ലോട്ടറി മാഫിയാ തലവന്‍ സാന്‍ഡിയാഗോ മാര്‍ട്ടിനും അടക്കമുള്ളവര്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. സുബ്ബ പ്രമുഖ കോണ്‍ഗ്രസ് നേതാവാണെങ്കില്‍ മാര്‍ട്ടിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുമടക്കമുള്ള ഉന്നതരുണ്ട്. എസ്എല്‍ ഗ്രൂപ്പിന്റെ പ്ളേ വിന്‍, എസ് ആര്‍ ഗ്രൂപ്പിന്റെ ഫോര്‍ച്യൂ ൺ ലോട്ടറി, ഐപിഎല്‍ വിവാദനായകന്‍ ലളിത് മോഡിയുടെ മോഡി ഗ്രൂപ്പ്, വേണുഗോപാല്‍ ദൂതിന്റെ വീഡിയോകോൺ, പി കെ മിത്തലിന്റെ ഇസ്പാറ്റ് ഗ്രൂപ്പ് തുടങ്ങിയവയെല്ലാം ലോട്ടറിയിലൂടെ കൊള്ളനടത്താന്‍ കോണ്‍ഗ്രസിന്റെ ഒത്താശയോടെ രംഗത്തിറങ്ങിയ കമ്പനികളാണ്. ഇവര്‍ക്കുവേണ്ടിയാണ് ലോട്ടറി നിയമത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാകാത്തത്.
കേരളത്തില്‍ ലോട്ടറി മാഫിയ തഴച്ചുവളരുന്നതിന് പശ്ചാത്തലമൊരുക്കിയത് യുഡിഎഫ് ഭരിച്ചപ്പോഴാണ്. അത് മറച്ചുവച്ച് മാധ്യമസഹായത്തോടെ വിവാദം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ കരിതേക്കാമെന്നാണ് യുഡിഎഫ് കരുതിയത്. പക്ഷേ, പുറത്തുവന്നത് ലോട്ടറി മാഫിയക്ക് പാദസേവ ചെയ്യുന്ന യുഡിഎഫിന്റെ തനിനിറമാണ്. കോണ്‍ഗ്രസിന്റെ ദേശീയവക്താവ് സിങ്വി വന്ന് ലോട്ടറി മാഫിയക്ക് അനുകൂലമായി ഡിവിഷന്‍ ബെഞ്ചില്‍നിന്ന് വിധി വാങ്ങിക്കൊടുത്തിട്ടും ലജ്ജയില്ലാതെ അപവാദം തുടര്‍ന്ന യുഡിഎഫ്, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കേരളം സ്വീകരിച്ച നടപടികളെ കോടതിയില്‍ അംഗീകരിക്കുമ്പോള്‍ എന്ത് പറയും എന്നത് കൌതുകകരമാണ്. കോടതിയുടെ അന്തിമ വിധി വരുന്നതിനുമുമ്പുതന്നെ യുഡിഎഫിന്റെ കേസ് കേന്ദ്രം പൊളിച്ചിരിക്കുന്നു; അല്ലെങ്കില്‍ പൊളിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമപരവും നീതിയുക്തവുമായ നടപടികള്‍ മാത്രമാണ് എടുത്തതെന്നിരിക്കെ കേന്ദ്രത്തിനുമുന്നില്‍ മറ്റൊരു വഴിയില്ല. യുഡിഎഫിനും വേറെ വഴികളില്ല; സ്വന്തം കുറ്റങ്ങള്‍ ജനങ്ങളോട് ഏറ്റുപറയുകയല്ലാതെ.
*****
ദേശാഭിമാനി മുഖപ്രസംഗം 06042011
Subscribe to:
Post Comments (Atom)
1 comment:
അന്യസംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായി അംഗീകരിക്കുന്നതും യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളുടെ ചിറകൊടിക്കുന്നതുമാണ് ചൊവ്വാഴ്ച ഹൈക്കോടതിയിലുണ്ടായ നടപടികള്‍. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ പേര്‍ത്തും പേര്‍ത്തും ആവശ്യപ്പെട്ടത് കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കക്ഷിയാക്കരുത് എന്നാണ്. ചിദംബരം അഭിഭാഷകന്റെ ജോലി മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അതിനുശേഷം അദ്ദേഹത്തിന് ലോട്ടറിക്കാരുമായി ഒരു ബന്ധവുമില്ലെന്നും അഡി. സോളിസിറ്റര്‍ ജനറലിന് വിശദീകരിക്കേണ്ടിവന്നു. കേസില്‍ വിധി പറയാനിരിക്കുന്നതേയുള്ളൂ. അതിനുമുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍കുറ്റം തങ്ങളുടേതാണെന്ന് ഏറ്റുപറയുന്നതിന് തുല്യമായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം. എല്‍ഡിഎഫിനുനേരെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഫലംകൊയ്യാമെന്നു കരുതിയ ലോട്ടറി പ്രശ്നം യുഡിഎഫിനുമേല്‍ അശനിപാതംപോലെ പതിക്കുകയാണ്.
Post a Comment