Saturday, April 23, 2011

കാസ്ട്രോയെന്ന അത്ഭുതസ്തംഭം

കഴിഞ്ഞ വ്യാഴാഴ്ച ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസ് റൗള്‍ കാസ്ട്രോയെ പാര്‍ടിയുടെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1964ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടതു മുതല്‍ അതിന്റെ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ ഒന്നാം സെക്രട്ടറിയായിരുന്ന ഫിദല്‍ കാസ്ട്രോ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് സഹോദരന്‍ റൗള്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം രണ്ട് വര്‍ഷം മുമ്പുതന്നെ ഫിദല്‍, റൗളിന് കൈമാറിയിരുന്നു.

1959ല്‍ വടക്കേ അമേരിക്കന്‍ ശിങ്കിടിയും അഴിമതിക്കാരനും സ്വേച്ഛാധിപതിയുമായിരുന്ന ബാറ്റിസ്റ്റയെ സായുധ വിപ്ലവത്തിലൂടെ കീഴടക്കിയാണ് ഫിദലും ചെഗുവേരയും നയിച്ച വിപ്ലവപ്രസ്ഥാനം ക്യൂബയുടെ അധികാരം ഏറ്റെടുത്തത്. ജനുവരി ഒന്ന് പ്രസ്ഥാനം എന്നായിരുന്നു അതിന്റെ പേര്. ഈ പ്രസ്ഥാനം പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയായി പുനഃസംഘടിപ്പിച്ചു.

സ്പാനിഷ് ഭാഷ സംസാരിക്കുന്ന ക്യൂബ കരീബിയന്‍ ഉള്‍ക്കടലിലെ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ്. ക്യൂബയിലെ ജനസംഖ്യ രണ്ട് കോടിയില്‍ താഴെ. വിപ്ലവാനന്തര ക്യൂബയുടെ ആറ് പതിറ്റാണ്ടിലധികം നീണ്ട ചരിത്രം സാഹസിക കഥയാണ്. ക്യൂബന്‍ വിപ്ലവത്തിനു മുമ്പ് പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും യുഎസ് മേധാവിത്വത്തെയും ചൂഷണത്തെയും വെല്ലുവിളിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയെ സ്വന്തം തോട്ടമായി കരുതിയ യാങ്കികള്‍ അവയെല്ലാം അടിച്ചമര്‍ത്തി. ചൊല്‍പ്പടിക്ക് നില്‍ക്കാത്ത പ്രസിഡന്റുമാരെയും നേതാക്കളെയും സ്ഥാനഭ്രഷ്ടരാക്കാനും വധിക്കാനും യാങ്കികള്‍ മടിച്ചില്ല. ഗ്വാട്ടിമാലയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് ജേക്കബോ അര്‍ബന്‍സ് ഗുസ്മാനെ അമേരിക്കന്‍ സൈനിക സഹായത്തോടെ നടത്തിയ അട്ടിമറിസമരത്തിലൂടെ നാടുകടത്തി. ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയെ യാങ്കി സൈനികര്‍ കൊട്ടാരംവളഞ്ഞ് വധിച്ചത് മറ്റൊരു ഉദാഹരണം.

പാളിപ്പോയ വധശ്രമങ്ങള്‍

തോല്‍വി എന്തെന്ന് യുഎസ് അറിഞ്ഞത് ക്യൂബയില്‍നിന്നാണ്. ക്യൂബയെ തകര്‍ക്കാനും കാസ്ട്രോയെ വധിക്കാനും യുഎസ് ഭരണകൂടം പലതവണ ശ്രമിച്ചിട്ടുണ്ട്. ക്യൂബന്‍ വിപ്ലവത്തെതുടര്‍ന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ച കുത്തക മുതലാളിമാരും സ്ഥാപിതതാല്‍പ്പര്യക്കാരുമായിരുന്നു യാങ്കികളുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് ഉപകരണമായത്. കരീബിയന്‍ ഉള്‍ക്കടലിലേക്ക് നീണ്ടുകിടക്കുന്ന അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയാണ് ഈ അട്ടിമറിക്കാരുടെ ആസ്ഥാനം. കോടിക്കണക്കിന് ഡോളറാണ് അവര്‍ക്ക് ആയുധസഹായം നല്‍കാന്‍ അമേരിക്ക ചെലവഴിക്കുന്നത്. പക്ഷേ, ഒന്നും ഫലവത്തായില്ല.

60ല്‍ പരം തവണ കാസ്ട്രോയെ വധിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. യുഎസ് നിയമമനുസരിച്ച് 25 വര്‍ഷം കഴിഞ്ഞാല്‍ ഏതു സര്‍ക്കാര്‍രേഖയും പരസ്യമാക്കണം. അങ്ങനെ 1985ല്‍ പരസ്യമായ യുഎസ് രഹസ്യരേഖകളില്‍ കാസ്ട്രോ വധശ്രമത്തിന്റെ വിശദാംശങ്ങള്‍ പരസ്യമായപ്പോള്‍ ലോകം മാത്രമല്ല യുഎസ് ജനതയും ഞെട്ടി.

ആദ്യകാലത്ത് കാസ്ട്രോ ചുരുട്ട് വലിക്കാറുണ്ടായിരുന്നു. ഹവാന ചുരുട്ടുകള്‍ ലോകപ്രസിദ്ധവുമാണ്. പുകയില അര്‍ബുദരോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതോടെ കാസ്ട്രോ പുകവലി നിര്‍ത്തി. യുഎസ് ചാരന്‍മാര്‍ ഈ ചുരുട്ടുകമ്പനികളില്‍ നുഴഞ്ഞുകയറി കാസ്ട്രോക്കായി പ്രത്യേകം തയ്യാറാക്കിയിരുന്ന ചുരുട്ടിനകത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചത് യുഎസ് രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവന്നു. കാസ്ട്രോയുടെ അംഗരക്ഷകരെ ചൂണ്ടയിട്ടു പിടിക്കാനുള്ള ശ്രമവും പാളിപ്പോയി.

സോവിയറ്റ് തകര്‍ച്ച

ക്യൂബന്‍ വിപ്ലവത്തെ തകര്‍ക്കാനും കാസ്ട്രോയെ വധിക്കാനും സിഐഎ മുഖേന യുഎസ് നടത്തിയ ശ്രമങ്ങളാകെ പാളിപ്പോയപ്പോഴാണ് അപ്രതീക്ഷിതമായി ഒരു സംഭവം അവര്‍ക്കു വീണുകിട്ടിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസത്തിന്റെ തിരോധാനവും. കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിച്ച് റഷ്യയില്‍ അധികാരമേറ്റ ബോറിസ് യെട്സിന്‍ ക്യൂബയ്ക്ക് അതുവരെ നല്‍കിപ്പോന്ന സഹായമെല്ലാം നിര്‍ത്തിവച്ചു. അമേരിക്കന്‍ ഐക്യനാടും അവരുടെ സഖ്യകക്ഷികളും ക്യൂബയ്ക്കെതിരെ പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ ക്യൂബ പിടിച്ചുനിന്നത് സോവിയറ്റ് സഹായംകൊണ്ടായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെ ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ട് ക്യൂബ തകര്‍ന്നുകൊള്ളുമെന്ന് യുഎസ് മോഹിച്ചു. പക്ഷേ, അത് വ്യാമോഹംമാത്രമായി. ക്യൂബന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ കാസ്ട്രോയുടെ നേതൃത്വത്തില്‍ അത്ഭുതകരമായി പിടിച്ചുനിന്നു.

പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വവാദികള്‍ക്കുണ്ടായിരുന്ന മോഹം ഒന്നുമാത്രം, കാസ്ട്രോ വയസ്സായിവരികയാണല്ലോ. അദ്ദേഹം അധികകാലം ജീവിച്ചിരിക്കാന്‍ ഇടയില്ല. കാസ്ട്രോയ്ക്ക് ശേഷം ക്യൂബയില്‍ ആധിപത്യം സ്ഥാപിക്കാം. എന്നാല്‍, അതും പാഴായി. റൗള്‍ കാസ്ട്രോ ഉള്‍പ്പെടെ നേതാക്കള്‍ ഒരു തര്‍ക്കവുമില്ലാതെ സുഗമമായി ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു. ഫിദലിനെപ്പോലെ ഇത്ര ദീര്‍ഘകാലം രാഷ്ട്രത്തിന്റെ നേതൃത്വം വഹിച്ച മറ്റൊരു നേതാവ് ചരിത്രത്തിലില്ല. അതുപോലെതന്നെ ഇത്ര അനായാസവും സുഗമവുമായ പിന്തുടര്‍ച്ചയും.

പുതിയ ലാറ്റിനമേരിക്ക

1999ല്‍ ഫിദല്‍ കാസ്ട്രേയുടെ ആരാധകനും സോഷ്യലിസ്റ്റുമായ ഹ്യൂഗോ ഷാവെസ് വെനസ്വേലയില്‍ അധികാരത്തിലെത്തി. ലോകത്തെ എണ്ണസമ്പന്ന രാഷ്ട്രങ്ങളില്‍ ആറാമതാണ് വെനസ്വേല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത എതിരാളിയും. 12 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍കൂടി വെനസ്വേലയുടെ മാര്‍ഗത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. അങ്ങനെ അരനൂറ്റാണ്ടിലേറെക്കാലം യുഎസ് ഉപരോധത്തില്‍ കുടുങ്ങിക്കഴിഞ്ഞ ക്യൂബ ഇന്ന് ലാറ്റിനമേരിക്കയിലെ നേതൃരാഷ്ട്രമായി ഉയര്‍ന്നിരിക്കുന്നു. ലോകരാഷ്ട്രീയത്തിലെ അത്ഭുതകരമായ ഒരു സംഭവവികാസമാണിത്. പണ്ടത്തെപ്പോലെ തങ്ങള്‍ക്കിഷ്ടമില്ലാത്ത ലാറ്റിനമേരിക്കന്‍ നേതാക്കളെ വകവരുത്താനോ രാഷ്ട്രങ്ങളെ അടക്കിനിര്‍ത്താനോ യാങ്കി സാമ്രാജ്യത്വത്തിന് കഴിയാത്ത അവസ്ഥ. 21-ാം നൂറ്റാണ്ടിലെ ലോകരാഷ്ട്രീയത്തിന്റെ പോക്ക് എങ്ങനെയായിരിക്കുമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.


*****


പി ഗോവിന്ദപ്പിള്ള, കടപ്പാട് :ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ വ്യാഴാഴ്ച ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസ് റൗള്‍ കാസ്ട്രോയെ പാര്‍ടിയുടെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1964ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടതു മുതല്‍ അതിന്റെ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ ഒന്നാം സെക്രട്ടറിയായിരുന്ന ഫിദല്‍ കാസ്ട്രോ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് സഹോദരന്‍ റൗള്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം രണ്ട് വര്‍ഷം മുമ്പുതന്നെ ഫിദല്‍, റൗളിന് കൈമാറിയിരുന്നു.

മുക്കുവന്‍ said...

brother,sister,aliyan, ammavan.. then who?