Tuesday, April 5, 2011

ഒരു ഉല്‍സവകാലം പോലെ

കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്ന നായനാര്‍ക്ക് തെരഞ്ഞെടുപ്പ് കാലമെന്നാല്‍ ഉത്സവമായിരുന്നു. എന്തുകൊണ്ടെന്നാല്‍ ദിവസം മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ ചിലവഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം. ജനനേതാവിന്റെ വിയോഗത്തിനശേഷം കേരളത്തില്‍ പിന്നെയും തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. പക്ഷെ ജനങ്ങളെ വശീകരിക്കാന്‍ ശക്തിയുള്ള നായനാരുടെ ആ പ്രസംഗം നമുക്ക് തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് നഷ്ടമായിരിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പു വേളകള്‍ നിയന്ത്രിച്ചിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ എന്നും ജനനായകനോടൊപ്പമുണ്ടായിരുന്നു.

"അര നൂറ്റാണ്ടിലേറെയായി എല്ലാ തെരഞ്ഞെടുപ്പ് വേളയിലും പ്രസംഗിക്കാന്‍ ഞാനുണ്ടായിരുന്നു. അസുഖമൊന്നു കുറഞ്ഞാല്‍ ഇത്തവണയും കുറേ സ്ഥലങ്ങളില്‍ പോകണം. പക്ഷേ പ്രസംഗിക്കാന്‍ പോയാല്‍ കാലുപോകുമെന്ന് ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ദില്ലിക്ക് പോകുന്നത്. കാലില്ലെങ്കില്‍ പിന്നെ നടക്കാന്‍ ബുദ്ധിമുട്ടല്ലേ"

എ കെ ജി ക്വാര്‍ട്ടേഴ്സില്‍നിന്ന് ദില്ലിക്ക് പുറപ്പെടുംമുമ്പ് നായനാര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ശാരദ ടീച്ചറുടെ കണ്ഠമിടറി. നായനാരുടെ ഹൃദയം അവസാനനാളുകളിലും തുടിച്ചത് നാടിന്റെ രാഷ്ട്രീയത്തിനായിരുന്നു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു ദിവസമെങ്കിലും പ്രചാരണം നടത്തണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ജനനായകന്‍ യാത്രയായത്. അവസാന നിശ്വാസങ്ങള്‍ക്കിടയിലും സഖാവ് കാതോര്‍ത്തത് തെരഞ്ഞെടുപ്പ് ഫലത്തിന്. ദില്ലിയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നത്. നമ്മള്‍ ജയിച്ച വിവരം ഞാന്‍ സഖാവിന്റെ ചെവിയില്‍ പറഞ്ഞു. അത് കേട്ടുകാണാനിടയില്ല. എങ്കിലും സഖാവിന്റെ ചിന്ത മുഴുവന്‍ അന്ന് തെരഞ്ഞെടുപ്പായിരുന്നു... ശാരദ ടീച്ചര്‍ ഓര്‍ക്കുന്നു. വെന്റിലേറ്ററിലാകുന്നതിനുമുമ്പ് ഒരു ദിവസം വാര്യരോട് പിണറായിയെ ഫോണില്‍ വിളിക്കാന്‍ പറഞ്ഞു. അധികം സംസാരിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ വാര്യര്‍ വിളിക്കാന്‍ മടിച്ചു. പിന്നെ എന്നോടായി. ഞാന്‍ വിളിച്ചുകൊടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണയാത്രയിലായിരുന്ന പിണറായിയോട് തെരഞ്ഞെടുപ്പ് വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഫോണ്‍ വച്ചപ്പോള്‍ മനസ്സ് നിറഞ്ഞതുപോലെ സന്തോഷമായിരുന്നു ആ മുഖത്ത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം (11 വര്‍ഷം) മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ക്ക് തെരഞ്ഞെടുപ്പ് കാലം ഉത്സവം പോലെയായിരുന്നു.

"ഇലക്ഷന്‍ ഡിക്ലെയര്‍ ചെയ്താല്‍ പിന്നെ ആവേശമാണ് സഖാവിന്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം കിട്ടുമെന്നതിനാലാണ് ആ സന്തോഷം. സ്ഥാനാര്‍ഥിയാണെങ്കിലും അല്ലെങ്കിലും സഖാവിന് തിരക്കാണ്. നിരവധി വേദികളില്‍ പ്രസംഗിക്കേണ്ടിവരും. നിശ്ചയിച്ചതില്‍ കൂടുതല്‍ വേദികളില്‍ പ്രസംഗിക്കേണ്ടിവന്നാലും പരിഭവമില്ല. ആവേശവും സന്തോഷവുമായിരുന്നു. കാരണം ജനങ്ങളാണ് സഖാവിന്റെ ഊര്‍ജം""-ടീച്ചര്‍ പറഞ്ഞു.

ആദ്യം നിയമസഭയിലേക്ക് മത്സരിച്ച ഇരിക്കൂര്‍ തെരഞ്ഞെടുപ്പ് പോരാട്ടം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. ആര്‍എസ്പിയിലെ അബ്ദുള്‍ഖാദറായിരുന്നു സഖാവിന്റെ എതിര്‍സ്ഥാനാര്‍ഥി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സഖാവിന് ജയം. അബ്ദുള്‍ഖാദര്‍ ജയിക്കുമെന്ന് കരുതി സ്വീകരിക്കാന്‍ ആനയെ വരെ അവരുടെ പാര്‍ടിക്കാര്‍ തയാറാക്കിയിരുന്നു. അവര്‍ പണമൊഴുക്കിയിട്ടും സഖാവിന് ജയമുണ്ടായതാണ് വലിയ കാര്യം. ഒരു തവണ പാര്‍ലമെന്റിലേക്ക് മത്സരിച്ച് അദ്ദേഹം തോറ്റു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയോടാണ് തോറ്റത്. സഖാവിനെ കളിയാക്കി കോണ്‍ഗ്രസുകാര്‍ കല്യാശേരിയിലെ വീടിനു മുന്നിലൂടെ പ്രകടനം നടത്തിയപ്പോള്‍ എനിക്കും സങ്കടമായി. ശാരദേ രാഷ്ട്രീയത്തില്‍ ഇതെല്ലാം സാധാരണമാണെന്നു പറഞ്ഞ് സമാധാനിപ്പിച്ചു. ജയവും പരാജയവും സഖാവിന് ഒരുപോലെയാണ്. ജയിച്ചാല്‍ അമിത സന്തോഷമോ തോറ്റാല്‍ ദു:ഖമോ ഇല്ല. സഖാവിനുവേണ്ടി വോട്ടുതേടി ഇറങ്ങാറില്ലെങ്കിലും എനിക്കും തെരഞ്ഞെടുപ്പുകാലം തിരക്കായിരുന്നു. രാവിലെ എഴുന്നേല്‍ക്കണം. എല്ലാം നേരത്തെ തയ്യാറാക്കണം. അദ്ദേഹത്തെ കാണാനും കുറേ പേര്‍ ഇവിടെ എത്തും. അതിനാല്‍ അദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങുന്നതുവരെ തിരക്കാണ്. പര്യടനത്തിന് പോകാറില്ലെങ്കിലും ഒന്നുരണ്ടുതവണ സഖാവ് അറിയാതെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയിരുന്നു- ടീച്ചര്‍ പറഞ്ഞു.

*
തയ്യാറാക്കിയത് കെ പി ജൂലി കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്ന നായനാര്‍ക്ക് തെരഞ്ഞെടുപ്പ് കാലമെന്നാല്‍ ഉത്സവമായിരുന്നു. എന്തുകൊണ്ടെന്നാല്‍ ദിവസം മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ ചിലവഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം. ജനനേതാവിന്റെ വിയോഗത്തിനശേഷം കേരളത്തില്‍ പിന്നെയും തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. പക്ഷെ ജനങ്ങളെ വശീകരിക്കാന്‍ ശക്തിയുള്ള നായനാരുടെ ആ പ്രസംഗം നമുക്ക് തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് നഷ്ടമായിരിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പു വേളകള്‍ നിയന്ത്രിച്ചിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ എന്നും ജനനായകനോടൊപ്പമുണ്ടായിരുന്നു.