Sunday, April 10, 2011

സോണിയയ്ക്ക് ഒരായിരം നന്ദി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു നന്ദി, ഒരായിരം നന്ദി! കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ വന്ന് എല്‍ഡിഎഫിനെ വോട്ടുചെയ്തു വിജയിപ്പിക്കണം എന്നു ആഹ്വാനം ചെയ്തതിനാണ് നന്ദി.

വികസനതുടര്‍ച്ചയ്ക്കും സദ്ഭരണത്തിനും തുടര്‍ന്നും എല്‍ഡിഎഫ് ഭരണത്തില്‍ വരുന്നതാണു കേരളത്തിനു നല്ലതെന്നാണ് വോട്ടര്‍മാരുടെ ചിന്ത. ഇതു സോണിയ എങ്ങനെ മനസ്സിലാക്കി എന്നു എത്ര ആലോചിട്ടും പിടികിട്ടുന്നില്ല. ജനങ്ങളുടെ മനസ്സറിഞ്ഞ് അപ്രകാരം പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവരാണല്ലോ യഥാര്‍ഥ രാഷ്ട്രീയനേതാക്കള്‍! അങ്ങനെ സോണിയയും വോട്ടര്‍മാരുടെ ഹിതമറിഞ്ഞ് എല്‍ഡിഎഫിനെ ജയിപ്പിക്കാന്‍ ആത്മാര്‍ഥതയോടെ ആഹ്വാനം ചെയ്യുന്നു. അതിനു തെരഞ്ഞെടുത്തതോ സാക്ഷാല്‍ കെപിസിസി പ്രസിഡന്റിന്റെ മണ്ഡലവും!

അല്ലെങ്കിലും സോണിയ അങ്ങനെയാണ്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ അവര്‍ ചെന്നിത്തലയ്ക്കു എന്നും തലവേദനയാണ്. 2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടം. അന്നു മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ ചെന്നിത്തല യുഡിഎഫ് സ്ഥാനാര്‍ഥി. മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍പ്പെടുന്ന തിരുവല്ലയില്‍ ചെന്നിത്തലയ്ക്കു വേണ്ടി അവര്‍ പ്രസംഗിക്കുമെന്നായിരുന്നു അറിയിപ്പ്. സോണിയ വന്നു. പക്ഷേ, കനത്ത മഴകാരണം അവര്‍ക്കു തിരുവല്ലയില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങാനായില്ല. ഫലം, ചെന്നിത്തല തോറ്റു. ഇന്നോ? സോണിയ എത്തി. ഫലം, എല്‍ഡിഎഫിനെ ജയിപ്പിക്കാന്‍ ആഹ്വാനം! എങ്ങനെ ചെന്നിത്തല ദുഃഖിക്കാതിരിക്കും. കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊന്നതും നീയേ ചാപ്പാ എന്നു പറഞ്ഞതുപോലെയായി, സോണിയയുടെ പരിപാടിയോടെ 'കെപിസിസി'യുടെ അവസ്ഥ.

വാസ്തവം പറഞ്ഞാല്‍ എന്തൊക്കെ പുകിലുകളാണ് ഹരിപ്പാട്ട് ചെന്നിത്തല നേരിടുന്നത്. പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതുമുതല്‍ തുടങ്ങിയതാണ് വിട്ടൊഴിയാതെ വിവാദങ്ങള്‍. ഡല്‍ഹിയില്‍നിന്നു വന്‍കിട ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ലക്ഷങ്ങള്‍ നല്‍കി കൊണ്ടുവന്നു പ്രചാരണച്ചുമതല ഏല്‍പ്പിച്ചു. പോസ്റ്ററുകള്‍ എവിടെ ഒട്ടിക്കണം, ഫ്ളെക്സ് ബോര്‍ഡുകള്‍ എവിടെയൊക്കെ സ്ഥാപിക്കണം, മൈക്ക് അനൌസ്മെന്റ് വാഹനങ്ങള്‍ ഏതൊക്കെ റൂട്ടിലൂടെ പോകണം, വോട്ടര്‍മാരെ കാണാന്‍ പോകുമ്പോള്‍ വസ്ത്രധാരണം എങ്ങനെ വേണം, ഒരുദിവസം എത്ര ജോഡി വസ്ത്രം കരുതണം എന്നിത്യാദി കാര്യങ്ങളില്‍ ബദ്ധകങ്കണരാണത്രെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്. ലക്ഷങ്ങള്‍ പൊടിച്ചാലെന്ത്, നമുക്കു മണ്ഡലം നിറയാമല്ലോ എന്നായിരുന്നു 'കെപിസിസി'യുടെ കണക്കുകൂട്ടല്‍.

പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം. എല്ലാം ഒരുനിമിഷംകൊണ്ടു തീര്‍ന്നില്ലേ. സോണിയയുടെ വരവോടെ എല്ലാം മലക്കം മറഞ്ഞില്ലേ. സോണിയയ്ക്കു നമ്മുടെ പൊല്ലാപ്പു പറഞ്ഞാല്‍ മനസ്സിലാകുമോ. എല്‍ഡിഎഫിനു വോട്ടുചെയ്യാന്‍ 'എഐസിസി' പറഞ്ഞ ആ നിമിഷം എല്ലാ മോഹവും ഒലിച്ചുപോയില്ലേ? 'ഇത്തിരിയേയുള്ളൂ ഞാന്‍ എനിക്കു പറയാനിത്തിരിയേ വിഷയവുമുള്ളൂ അതുപറയാനിത്തിരിയേ വാക്കും വേണ്ടൂ...' എന്നു പാടിയതു കുഞ്ഞുണ്ണി മാഷ്.

അദ്ദേഹത്തെപോലെതന്നെ സോണിയയും ചിന്തിച്ചു. എന്നിട്ടു പറഞ്ഞതോ, എല്‍ഡിഎഫിനെ വിജയിപ്പിക്കൂ എന്ന്. കുഞ്ഞുണ്ണി മാഷ് എന്തൊരു ദീര്‍ഘദര്‍ശിയായിരുന്നു!

*****

കടപ്പാട്:ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വാസ്തവം പറഞ്ഞാല്‍ എന്തൊക്കെ പുകിലുകളാണ് ഹരിപ്പാട്ട് ചെന്നിത്തല നേരിടുന്നത്. പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതുമുതല്‍ തുടങ്ങിയതാണ് വിട്ടൊഴിയാതെ വിവാദങ്ങള്‍. ഡല്‍ഹിയില്‍നിന്നു വന്‍കിട ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ലക്ഷങ്ങള്‍ നല്‍കി കൊണ്ടുവന്നു പ്രചാരണച്ചുമതല ഏല്‍പ്പിച്ചു. പോസ്റ്ററുകള്‍ എവിടെ ഒട്ടിക്കണം, ഫ്ളെക്സ് ബോര്‍ഡുകള്‍ എവിടെയൊക്കെ സ്ഥാപിക്കണം, മൈക്ക് അനൌസ്മെന്റ് വാഹനങ്ങള്‍ ഏതൊക്കെ റൂട്ടിലൂടെ പോകണം, വോട്ടര്‍മാരെ കാണാന്‍ പോകുമ്പോള്‍ വസ്ത്രധാരണം എങ്ങനെ വേണം, ഒരുദിവസം എത്ര ജോഡി വസ്ത്രം കരുതണം എന്നിത്യാദി കാര്യങ്ങളില്‍ ബദ്ധകങ്കണരാണത്രെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്. ലക്ഷങ്ങള്‍ പൊടിച്ചാലെന്ത്, നമുക്കു മണ്ഡലം നിറയാമല്ലോ എന്നായിരുന്നു 'കെപിസിസി'യുടെ കണക്കുകൂട്ടല്‍.

Sabu Hariharan said...

ശരിക്കും സംഭിച്ചതാണോ? ഇല്ലെങ്കിൽ പോലും നന്നായി :)