Saturday, January 7, 2012

മോഡി, ഹരേണ്‍പാണ്ഡ്യ, സൊഹ്‌റാബുദ്ദീന്‍ വേട്ടക്കാരനും ഇരകളും

സമകാലിക ലോക ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഫാസിസ്റ്റ് ആയ നരേന്ദ്രമോഡി ആര്‍മ്മാദിച്ചു ഭരിക്കുന്ന ഗുജറാത്തില്‍ നിന്നും വരുന്ന ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഞെട്ടലിന്റെ ഒരകമ്പടിയുണ്ടാവാറുണ്ട്. പിന്നെ ഡോണ്‍ക്വിസോട്ടുയര്‍ത്തുന്ന പരിഹാസ്യതയും. എന്നാല്‍ അടുത്തകാലത്ത് വരുന്ന ചില വാര്‍ത്തകള്‍ ഞെട്ടിക്കുന്നത് മോഡിയെതന്നെയാണ്. മോഡിയുടെ രാഷ്ട്രീയ എതിരാളിയും മുന്‍ മന്ത്രിയുമായിരുന്ന ഹരേണ്‍ പാണ്ഡ്യയുടെ വധവുമായി ബന്ധപ്പെട്ടുവന്ന ഹൈക്കോടതി വിധി അതിലൊന്നായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കികൊണ്ട് ഗുജറാത്ത് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. മറ്റൊന്ന് സൊഹ്രാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസാണ്. ഈ കേസുമായി ബന്ധപ്പെട്ട് മോഡിയുടെ വലംകൈ ആയിരുന്ന ആഭ്യന്തര സഹമന്ത്രി അമിത്ഷായും മോഡിയുടെ ഗസ്റ്റപോകളായിരുന്ന ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഡി ജി വന്‍സാരയും മറ്റൊരു വിശ്വസ്തനായ പൊലീസ് ഓഫീസര്‍ ലുദാസമയവും, രാജസ്ഥാന്‍ കേഡറിലെ ചില ഐ പി എസ് ഓഫീസര്‍മാരും അഴിയെണ്ണുകയാണ്. ഇതില്‍ അമിത്ഷായ്ക്കു മാത്രമെ ജാമ്യംപോലും ലഭിച്ചിട്ടുള്ളൂ. ഏറ്റവും പുതിയ വാര്‍ത്ത ഈ സംഭവങ്ങള്‍ തമ്മില്‍ പരസ്പര ബന്ധമുണ്ട് എന്ന ഗുജറാത്ത് പൊലീസിലെ മറ്റൊരോഫീസറായ സജ്ജീവ് ഭട്ട് നടത്തിയ വെളിപ്പെടുത്തലും. ഹരേണ്‍പാണ്ഡ്യ വധം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പാണ്ഡ്യയുടെ വിധവയായ ജഗ്രുതിബെന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമാണ്. കഴിഞ്ഞ നവംബര്‍ രണ്ടാം തീയതിയും നാലാം തീയതിയും ഇതേസംശയങ്ങള്‍ പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ടൈംസ് ഓഫ് ഇന്ത്യ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഡിസംബര്‍ 24ന് ഇറങ്ങിയ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ രാഷ്ട്രീയ, സാര്‍വദേശീയ പ്രശ്‌നങ്ങളിലെ അറിയപ്പെടുന്ന നിരീക്ഷകനായ ശാസ്ത്രി രാമചന്ദ്രനും ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'ഹരേണ്‍പാണ്ഡ്യവധം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍' എന്ന ആധികാരികമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്.

ഹരേണ്‍പാണ്ഡ്യ കൊല്ലപ്പെട്ടതിന് അടുത്തദിവസങ്ങളില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവായ വിത്തല്‍ഭായ്പാണ്ഡ്യ സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. കൊലപാതകികള്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വിചാരണകോടതി വിധിന്യായം പുറപ്പെടുവിക്കുകയും അത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത നിയമ സാഹചര്യം മൂലമാകാം വിത്തല്‍ഭായ് പാണ്ഡ്യയുടെ ഹര്‍ജി കോടതി തള്ളുകയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ ഹാരേണ്‍പാണ്ഡ്യ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഗുജറാത്ത് ഗവണ്‍മെന്റ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത് സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു. കാരണം ഒരു കേസ് സി ബി ഐക്കു കൈമാറിയാല്‍ ആ കേസിലെ കുറ്റവാളികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിവന്നാല്‍ അതിനെതിരെ ഉയര്‍ന്നനീതി പീഠത്തെ സമീപിക്കുവാനുള്ള അവകാശം അന്വേഷണ ഏജന്‍സിക്കുമാത്രമാണ് എന്ന് ലാലുയാദവ് കേസില്‍ സുപ്രിംകോടതിതന്നെ വ്യക്തമാക്കിയതാണ്. സി ബി ഐ അപ്രകാരം ഒരു അപ്പീല്‍ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കെ എന്തിനാണ് വിറളിപിടിച്ച് ഗുജറാത്ത് ഗവണ്‍മെന്റ് ഇല്ലാത്ത അവകാശം കാണിച്ച് അപ്പീലിന് പോയത്? മോഡിയും ഹരേണ്‍പാണ്ഡ്യയും തമ്മില്‍ നിലനിന്നിരുന്ന പരസ്യമായ രാഷ്ട്രീയ കുടിപ്പക ഗുജറാത്ത് ഗവണ്‍മെന്റിന്റെ ഈ വെപ്രാളത്തിന് പലമാനങ്ങള്‍ നല്‍കുന്നുണ്ട്. തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടവരെ മാത്രം കുറ്റവാളികളാക്കി സ്ഥാപിച്ചുകൊണ്ട് മോഡിയുടെ സര്‍ക്കാര്‍ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഹരേണ്‍പാണ്ഡ്യയുടെ വധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വെറുതെവിട്ട പ്രതികള്‍ക്ക് തുണയായത് അന്വേഷണത്തിലെ അപാകതകളും തെളിവുകളുടെ അശാസ്ത്രീയതയുമായിരുന്നു. മുമ്പ് ജനയുഗത്തില്‍ ഇതേ പേജില്‍ ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. (ജനയുഗം 7-10-2011)

അതുകൊണ്ട് തന്നെ അന്നുപറയാതെവിട്ട ചില പ്രധാനകാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കാം.

ഒന്നാമതായി അസ്ഹര്‍അലി എന്ന വാടകക്കൊലയാളി 2002 ലെ കലാപത്തിന് പകരംവീട്ടാന്‍ വേണ്ടി പാണ്ഡ്യയെ കൊന്നു എന്നായിരുന്നു സി ബി ഐ കേസ്. മുഫ്ത്തി സുഫിയാന്‍ എന്ന പുരോഹിതന്റെ കാര്‍മികത്വത്തില്‍ അരങ്ങേറിയ ഗൂഢാലോചനയായിരുന്നത്രെ ഇത്. എന്നാല്‍ 2003 ഏപ്രില്‍ രണ്ടാം തീയതി തൊട്ട് സൂഫിയാന്റെ സെല്‍ഫോണ്‍ പൊടുന്നനെ പ്രവര്‍ത്തനം നിര്‍ത്തി (2003 മാര്‍ച്ച് 26നാണ് പാണ്ഡ്യ കൊലചെയ്യപ്പെട്ടത്). അന്നുതൊട്ടിന്നോളം സൂഫിയാനെപ്പറ്റി ഒരു വിവരവുമില്ല. രണ്ടാമതായി സി ബി ഐയുടെ നിരീക്ഷണത്തിലായിരുന്ന സൂഫിയാന്റ് കുടുംബം ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷരായി. സൂഫിയാനും കുടുംബവും ഇപ്പോള്‍ പാകിസ്ഥാനിലുണ്ട് എന്നാണ് കരുതപ്പെടുന്നത്. പക്ഷേ സൂഫിയാനും കുടുംബത്തിനും എന്താണ് ശരിക്കും സംഭവിച്ചതെന്നാര്‍ക്കുമറിയില്ല. ഇനി ഔദ്യോഗിക ഭാഷ്യം പറയുന്നതുപോലെ ഇവര്‍ പാകിസ്ഥാനിലാണെങ്കില്‍ മോഡിയുടെ ഏറ്റവും കാര്യപ്രാപ്തിയുണ്ടെന്നവകാശപ്പെടുന്ന ഗുജറാത്ത് പൊലീസിന്റെയും സി ബി ഐയുടെയും കണ്ണുവെട്ടിച്ച് നിരീക്ഷണത്തിലായിരുന്ന ഇവരെങ്ങനെ പാകിസ്ഥാനിലേക്ക് കടന്നു? വെള്ളരിക്കാപട്ടണമാണോ ഗുജറാത്ത്? ഇനി ഔദ്യോഗിക ഭാഷ്യമംഗീകരിച്ചുകഴിഞ്ഞാല്‍ തന്റെ ഭരണത്തെക്കുറിച്ചും ഗുജറാത്തിന്റെ സുരക്ഷയെക്കുറിച്ചും മോഡി തട്ടിവിടുന്ന ഗീര്‍വാണങ്ങള്‍ ഓരോന്നായി തകര്‍ന്നുവീഴും.

മറ്റൊരു പ്രശ്‌നം ഹരേണ്‍പാണ്ഡ്യയുടെ മൃതശരീരം ആദ്യമായി കണ്ട മൂന്ന് സുഹൃത്തുക്കളെ സി ബി ഐ സാക്ഷികളായി കോടതിയില്‍ അവതരിപ്പിച്ചില്ല എന്നതാണ്. അതുകൊണ്ടുതന്നെ മൃതശരീരം ആദ്യം കണ്ടവരുടെ മൊഴി കോടതിക്കു ലഭിച്ചില്ല. കേസില്‍ ഏറ്റവും നിര്‍ണായകമായതും പ്രതികള്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നതുമായ ഒരു കാര്യം മൂന്നു ജാലകങ്ങളും അടച്ച് ബന്ധവസാക്കിയ മാരുതി 800 കാറിന്റെ ഡ്രൈവറുടെ വശത്തെ മൂന്ന് ഇഞ്ചുമാത്രം തുറന്ന ജനാലയുടെ വിടവിലൂടെ ഹരേണ്‍പാണ്ഡ്യയുടെ വലതു വൃഷണത്തിനടിഭാഗത്ത് വെടിവെയ്ക്കാന്‍ പ്രതിക്കുകഴിഞ്ഞു എന്ന ഭാഷ്യത്തിന്റെ അസംഭവ്യതയായിരുന്നു. മാരുതി 800 പോലെ ഒരു ചെറിയകാറില്‍ മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ ചെയ്യാന്‍പറ്റാത്തകാര്യം. അപ്പോള്‍ ഈ മൂന്നുപേരെ സാക്ഷികളായി വിസ്തരിച്ചാല്‍ ഒരുപക്ഷേ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയേനെ. പക്ഷേ അതിനു സി ബി ഐ തയ്യാറായില്ല. ഫലം കോടതി ഇരുട്ടില്‍തപ്പി. അതുകൊണ്ടുതന്നെ പ്രസ്തുത സാഹചര്യത്തിന് കൗതുകകരമായ വിശദീകരണം നല്‍കിയ ബാലിസ്റ്റിക് വിദഗ്ധന്റെ മൊഴി മുഖവിലയ്‌ക്കെടുക്കാതെ ഒരു ദൃക്‌സാക്ഷിമൊഴി കണക്കിലെടുത്തുകൊണ്ടാണ് സി ബി ഐയ്ക്ക് അനുകൂലമായി വിചാരണക്കോടതി പോലും വിധിയെഴുതിയത്. എന്താണ് ഇങ്ങനെ കേസ് ദുര്‍ബലാമാകുംവിധം പ്രവര്‍ത്തിക്കുവാന്‍ അന്വേഷണ ഏജന്‍സിയെ പ്രേരിപ്പിച്ചത്?

ഇവിടെയാണ് സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ ശാസ്ത്രി രാമചന്ദ്രനും മറ്റും ഉയര്‍ത്തുന്നത്. 2005ലാണ് ഗുജറാത്ത് ഭീകരവിരുദ്ധ സംഘത്തിന്റെ തലവനായിരുന്ന ഡി ജി വന്‍സാരയും സംഘവും ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്‌റാബുദ്ദീനെ വധിച്ചത്. സൊഹ്‌റാബുദ്ദീന്‍ കേസില്‍ അറസ്റ്റിലായ ഗുജറാത്ത് ആഭ്യന്തരസഹമന്ത്രി അമിത്ഷായും രാജസ്ഥാനിലെ മാര്‍ബിള്‍ മാഫിയയും ഉള്‍പ്പെട്ട ഒരു ഗൂഢസംഘത്തിലെ മുഖ്യ അംഗമായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരായിരുന്നു ഇവരുടെ കേന്ദ്രം. അവിടുത്തെ കുപ്രസിദ്ധമായ ലത്തീഫ് ഗാങ്ങുമായി സൊഹ്‌റാബുദ്ദീന് അടുത്തബന്ധമുണ്ടായിരുന്നു. ഈ സംഘത്തിലെ ഒരു പ്രധാന അംഗമാണ് ഉസ്മാന്‍. ഇയാളാണ് പാണ്ഡ്യേയുടെ കൊലപാതകിയായി സി ബി ഐ പറയുന്ന അസ്ഗര്‍ അലിക്ക് ഉദയ്പൂരില്‍ 2003 ജനുവരിയില്‍ ആതിഥ്യമേകിയത്. തന്റെ വീട്ടില്‍ പാണ്ഡ്യേകേസിലെ മുഖ്യ ഗൂഢാലോചനക്കാരനായ മുഫ്ത്തി സൂഫിയാനും വന്നിരുന്നെന്ന് ഉസ്മാന്‍ പറഞ്ഞിട്ടുണ്ട്. ഇതിനടുത്ത് തന്നെയായിരുന്നു സൊഹ്‌റാബുദ്ദീനും താമസിച്ചിരുന്നത്. എന്നാല്‍ പാണ്ഡ്യാക്കേസില്‍ പ്രോസിക്യൂഷന്റെ 29-ാം നമ്പര്‍ സാക്ഷിയായി ഉസ്മാന്‍ വിചാരണ കോടതിയില്‍ ഹാജരായപ്പോള്‍ അയാളുടെ മേല്‍വിലാസം വെളിപ്പെടുത്താന്‍ സി ബി ഐ അനുവദിച്ചില്ല. ഇത് കേസിന്റെ ഉദയ്പൂര്‍ ബന്ധം മറച്ചുവയ്ക്കുവാന്‍ സി ബി ഐ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു എന്നാണ് ശാസ്ത്രി രാമചന്ദ്രന്റെ വാദം. ഇതോടൊപ്പം തന്നെ അസംഖാന്‍ എന്നൊരാള്‍ 2010ല്‍ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസന്വേഷിക്കുന്ന മറ്റൊരു സി ബി ഐ സംഘത്തിന് മുന്നില്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ കൂടി ചേര്‍ത്തുവായിക്കണം. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥനും സൊഹ്‌റാബുദ്ദീന്‍ കേസില്‍ ജയിലില്‍ കഴിയുന്നയാളുമായ ലൂദസമ പാണ്ഡ്യക്കേസുമായി ബന്ധപ്പെട്ട് സൊഹ്‌റാബുദ്ദീനെ സംരക്ഷിക്കുന്ന വിവരം തന്നോട് വെളിപ്പെടുത്തി എന്നാണയാള്‍ പറഞ്ഞത്. എന്നാല്‍ ഇതു പറഞ്ഞ് ദിവസങ്ങള്‍ക്കകം ഉദയ്പൂരില്‍ വെച്ച് അയാള്‍ക്ക് നേരെ വെടിയുതിര്‍ക്കപ്പെട്ടു. തുടര്‍ന്ന് അസംഖാന്‍ തന്റെ മൊഴിമാറ്റിപ്പറഞ്ഞു.

ഇവിടെയാണ് അമിത്ഷായും സൊഹ്‌റബുദ്ദീനും തമ്മിലുള്ള ബന്ധം പ്രസക്തമാകുന്നത്. അമിത്ഷാ നരേന്ദ്രമോഡിയുടെ ഏറ്റവും അടുത്തയാളായിരുന്നു. ഹരേണ്‍ പാണ്ഡ്യയാവട്ടെ മോഡിയുടെ പാര്‍ട്ടിയിലെ എതിരാളിയും. 2002ലെ ഗുജറാത്ത് കലാപക്കേസന്വേഷിച്ച കൃഷ്ണ അയ്യര്‍ സിറ്റിസന്‍ പാനലില്‍ ഹരേണ്‍ പാണ്ഡ്യ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് പാണ്ഡ്യയുടെ രണ്ട് ഫോണുകളും ഗുജറാത്ത് ഗവണ്‍മെന്റ് നിര്‍ദേശമനുസരിച്ച് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇതില്‍ ഒരു ഫോണിനെക്കുറിച്ച് ഒരു വിവരവുമില്ല. പാണ്ഡ്യയുടെ കാറില്‍ നിന്നും കിട്ടിയ രണ്ടാമത്തെ ഫോണില്‍ കോള്‍ വിശദാംശങ്ങള്‍ ഇല്ലായിരുന്നു. മൊബൈല്‍ കമ്പനി നല്‍കിയ വിവരങ്ങളാവട്ടെ സി ബി ഐയുടെ ഫയലില്‍ നിന്നും ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ നരേന്ദ്രമോഡിക്കും കൂട്ടര്‍ക്കും അത്ര സുഖകരമല്ലാത്ത ഒട്ടനവധി സംശയങ്ങളുയരുന്നു. ഹരേണ്‍ പാണ്ഡ്യയെ ഇല്ലാതാക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു? ഗുജറാത്ത് വംശഹത്യക്ക് പകരംചോദിക്കാനുള്ള പ്രതികളുടെ ശ്രമമായിരുന്നു പാണ്ഡ്യവധം എന്ന വാദവും അത്ര വിശ്വസനീയമല്ല എന്ന് ശാസ്ത്രി രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു. വധത്തില്‍ അസ്ഗര്‍ അലി എന്ന സി ബി ഐ ആരോപിക്കുന്ന പ്രതിയുടെ സ്ഥാനത്ത് ഒന്നിലധികം ഘാതകരും ഒന്നിലധികം തോക്കുകളും ഉപയോഗിക്കാനുള്ള സാധ്യതയിലേക്കാണ് പാണ്ഡ്യയുടെ ശരീരത്തിലെ മുറിവുകള്‍ വിരല്‍ചൂണ്ടുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് സൊഹ്‌റാബുദ്ദീനെ എന്തിന് കൊന്നു എന്ന ചോദ്യവും. അയാള്‍ മാര്‍ബിള്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് പൊലീസ്ഭാഷ്യം. എങ്കില്‍ എന്തുകൊണ്ട് അയാളുടെ ഭീഷണിക്കിരയായ ഒരു മാര്‍ബിള്‍ വ്യാപാരിയെപ്പോലും 22 മാസം ദീര്‍ഘിച്ച സൊഹ്‌റാബുദ്ദീന്‍ കേസന്വേഷണത്തിനിടയ്ക്ക് സി ബി ഐ ചോദ്യം ചെയ്തില്ല. ഇവിടെയാണ് വിശ്വസനീയമായ പത്രറിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് സി ബി ഐയുടെ കേസന്വേഷണത്തിലെ ഈ 'വീഴ്ചകള്‍' ചൂണ്ടിക്കാട്ടി പാണ്ഡ്യവധത്തെക്കുറിച്ച് വളരെക്കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നതുകൊണ്ടാണോ സൊഹ്‌റാബുദ്ദീനെ കൊലപ്പെടുത്തിയതെന്ന് ശാസ്ത്രി രാമചന്ദ്രന്‍ സംശയിക്കുന്നത്.

ഇതിന് പുറമെ മറ്റു ചില സംശയങ്ങള്‍ കൂടി ശക്തിപ്രാപിക്കുന്നുണ്ട്. പാണ്ഡ്യവധവുമായി സൊഹ്‌റാബുദ്ദീനെ ബന്ധപ്പെടുത്തുന്ന ചില വിവരങ്ങള്‍ കേസ് പുനരന്വേഷിക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പാണ്ഡ്യയുടെ വിധവയായ ജഗ്രുതിബെന്‍ നല്‍കുന്നുണ്ട്. സബര്‍മതി ജയില്‍ സൂപ്രണ്ടായിരിക്കെ സഞ്ജീവ് ഭട്ട് സൊഹ്‌റാബുദ്ദീന്റെ ശിങ്കിടിയും പിന്നീട് മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട തുളസീറാം പ്രജാപതിയും പാണ്ഡ്യവധവുമായി ബന്ധം വ്യക്തമാക്കുന്ന ചില തെളിവുകള്‍ ശേഖരിച്ചിരുന്നു എന്ന വസ്തുതയുമായി ബന്ധപ്പെട്ടതാണിത്. ഒപ്പം സി ബി ഐയുടെ ഭാഷ്യത്തെ മൊത്തം തകിടംമറിക്കുന്ന മറ്റൊരു വസ്തുതയും അവര്‍ വെളിപ്പെടുത്തുകയുണ്ടായി. കൊല ചെയ്യപ്പെട്ട ദിവസം പാണ്ഡ്യ വീട്ടില്‍ നിന്ന് പുറപ്പെട്ട സമയമാണത്. ഇതും സി ബി ഐ കണക്കിലെടുത്തില്ല. ഒരുപക്ഷേ പാണ്ഡ്യവധത്തിന്റെ ശരിയായ കാരണങ്ങളിലേക്ക് വിരല്‍ചൂണ്ടാന്‍ കഴിയുന്ന വസ്തുതകളായിരുന്നു ഇവ. ഫാസിസ്റ്റ്-മാഫിയ-ബിസിനസ് അവിശുദ്ധ ബന്ധത്തെ മറനീക്കി പുറത്തുകാണിക്കാന്‍ പര്യാപ്തമായവ.

ഏതായാലും പാണ്ഡ്യക്കേസിലും സൊഹ്‌റാബുദ്ദീന്‍ കേസിലും ഔദ്യോഗികഭാഷ്യങ്ങളില്‍ ഒട്ടനവധി വൈരുധ്യങ്ങളുണ്ട്. ഈ വൈരുധ്യങ്ങള്‍ തമ്മിലുള്ള സാദൃശ്യങ്ങള്‍ ഗുരുതരമായ ചില പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. അത് ഫാസിസ്റ്റ്-മാഫിയ-ബിസിനസ് അവിശുദ്ധബന്ധത്തിലേക്കാണ്. മുളയിലെ നുള്ളിയില്ലെങ്കില്‍ ഈ മഹാരാജ്യത്തെതന്നെ വിഴുങ്ങാന്‍ ശേഷിയുള്ള മാരകമായ വിപത്ത്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 07 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമകാലിക ലോക ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഫാസിസ്റ്റ് ആയ നരേന്ദ്രമോഡി ആര്‍മ്മാദിച്ചു ഭരിക്കുന്ന ഗുജറാത്തില്‍ നിന്നും വരുന്ന ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഞെട്ടലിന്റെ ഒരകമ്പടിയുണ്ടാവാറുണ്ട്. പിന്നെ ഡോണ്‍ക്വിസോട്ടുയര്‍ത്തുന്ന പരിഹാസ്യതയും. എന്നാല്‍ അടുത്തകാലത്ത് വരുന്ന ചില വാര്‍ത്തകള്‍ ഞെട്ടിക്കുന്നത് മോഡിയെതന്നെയാണ്. മോഡിയുടെ രാഷ്ട്രീയ എതിരാളിയും മുന്‍ മന്ത്രിയുമായിരുന്ന ഹരേണ്‍ പാണ്ഡ്യയുടെ വധവുമായി ബന്ധപ്പെട്ടുവന്ന ഹൈക്കോടതി വിധി അതിലൊന്നായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കികൊണ്ട് ഗുജറാത്ത് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. മറ്റൊന്ന് സൊഹ്രാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസാണ്. ഈ കേസുമായി ബന്ധപ്പെട്ട് മോഡിയുടെ വലംകൈ ആയിരുന്ന ആഭ്യന്തര സഹമന്ത്രി അമിത്ഷായും മോഡിയുടെ ഗസ്റ്റപോകളായിരുന്ന ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഡി ജി വന്‍സാരയും മറ്റൊരു വിശ്വസ്തനായ പൊലീസ് ഓഫീസര്‍ ലുദാസമയവും, രാജസ്ഥാന്‍ കേഡറിലെ ചില ഐ പി എസ് ഓഫീസര്‍മാരും അഴിയെണ്ണുകയാണ്. ഇതില്‍ അമിത്ഷായ്ക്കു മാത്രമെ ജാമ്യംപോലും ലഭിച്ചിട്ടുള്ളൂ. ഏറ്റവും പുതിയ വാര്‍ത്ത ഈ സംഭവങ്ങള്‍ തമ്മില്‍ പരസ്പര ബന്ധമുണ്ട് എന്ന ഗുജറാത്ത് പൊലീസിലെ മറ്റൊരോഫീസറായ സജ്ജീവ് ഭട്ട് നടത്തിയ വെളിപ്പെടുത്തലും.