Saturday, January 7, 2012

ഒരു ഡെയിഞ്ചറസ് കമ്മ്യൂണിസ്റ്റിന്റെ ജീവിതം

1950 ഫെബ്രുവരി 11 ന് സേലം ജയിലില്‍ നടന്ന കമ്മ്യൂണിസ്റ്റ് വേട്ടയില്‍ ഒരച്ഛനും മകനും വെടിയേറ്റു വീണു. അച്ഛന്‍ തളിയന്‍ രാമന്‍ നമ്പ്യാര്‍ രക്തസാക്ഷിയായി. പ്രസ്തുത സംഭവത്തില്‍ മാരകമായി പരിക്കേറ്റ മകന്റെ പേര് ഇ കെ നാരായണന്‍ നമ്പ്യാര്‍. സേലം ജയിലിലെ സംഭവത്തില്‍ 22 കമ്മ്യൂണിസ്റ്റുകാരാണ് രക്തസാക്ഷികളായത്. തീയുണ്ടകളേറ്റും അടിയേറ്റും ജീവച്ഛവങ്ങളായിത്തീര്‍ന്ന അവശേഷിച്ച കമ്മ്യൂണിസ്റ്റ് തടവുകാരെ പാര്‍പ്പിച്ച സെല്ലിന് പുറത്ത് ജയിലധികൃതര്‍, അപകടകാരികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള സെല്‍ (സെല്‍ ഫോര്‍ ഡെയിഞ്ചറസ് കമ്മ്യൂണിസ്റ്റ്) എന്ന ബോര്‍ഡ് തൂക്കിയിരുന്നു. വെടിയേറ്റ് മാരകമായി പരിക്കേറ്റ ഇ കെ നാരായണന്‍ നമ്പ്യാര്‍ ആറു മാസത്തെ ചികില്‍സക്കുശേഷം പ്രസ്തുത സെല്ലിലാണ് പിന്നീടുളള കാലം പാര്‍പ്പിക്കപ്പെട്ടത്.

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ വടക്കേമലബാറിന്റെ രണഭൂമികളില്‍ കര്‍ഷകര്‍ നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ താളിയോലകളില്‍ സ്വര്‍ണലിപികളാല്‍ എഴുതപ്പെട്ടവയാണ്. വിപ്ലവകാരികളുടെ നെഞ്ചില്‍ എക്കാലവും അഗ്നിപകരുന്ന പടനിലങ്ങളില്‍ ഒന്നാണ് കാവുമ്പായി. 1946 ഡിസംബര്‍ 30ന് നടന്ന കാവുമ്പായി സമരത്തിന്റെ പേരില്‍ പിടിക്കപ്പെട്ട് ഒരേ ജയിലില്‍ തടവിലാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന അച്ഛനും മകനും.

സേലം ജയില്‍ വെടിവെപ്പിന്റെ, ജീവിക്കുന്ന രക്തസാക്ഷികളില്‍ ഒരാളാണ് ഇ കെ നാരായണന്‍ നമ്പ്യാര്‍. ജയിലിലെ ധീരമായ പെരുമാറ്റം കൊണ്ടും ചെറുപ്പത്തിന്റെ കരുത്തുകൊണ്ടും ജയിലധികാരികള്‍ ഇ കെക്ക് നല്‍കിയ പേരാണ് ഡെയിഞ്ചറസ് കമ്മ്യൂണിസ്റ്റ്. ജയിലുകളില്‍ നിന്നും ജയിലുകളിലേക്ക് കൊണ്ടുപോകുമ്പോള്‍ കൊടുത്തുവിടുന്ന രേഖകള്‍ക്ക് മുകളില്‍ ചുവന്ന മഷിയില്‍ അവര്‍ ഡെയിഞ്ചറസ് കമ്മ്യൂണിസ്റ്റെന്ന് അടയാളപ്പെടുത്തുമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള താമ്രപത്രം ലഭിച്ച കാവുമ്പായി സമരത്തിന്റെയും സേലം ജയില്‍ സംഭവത്തിന്റെയും ഓര്‍മ്മകള്‍ ജ്വലിക്കുന്ന പോരാളിയാണ് എടവന്‍കോറോത്ത് നാരായണന്‍ നമ്പ്യാരെന്ന ഇ കെ നാരായണന്‍ നമ്പ്യാര്‍.

ജന്മി നാടുവാഴിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ വീറോടെ പോരാടിയ കാവുമ്പായി സമരത്തിന്റെ 65 ാം വാര്‍ഷികദിനമായിരുന്നു ഡിസംബര്‍ 30ന് കടന്നുപോയത്. ഫെബ്രുവരി 11ന് സേലം ജയില്‍ വെടിവെപ്പിന്റെ ഓര്‍മകള്‍ പുതുക്കുമ്പോള്‍ 1926ല്‍ ജനിച്ച ഇ കെ യുടെ പ്രായം 85ല്‍ എത്തിനില്‍ക്കുന്നു.

നെടുനാള്‍ നീണ്ട ജയില്‍വാസവും കൊടിയ മര്‍ദ്ദനവും മനസ്സിനെ തളര്‍ത്തിയിട്ടില്ല. ശസ്ത്രക്രിയ ചെയ്തുമാറ്റാനാവാത്ത വെടിച്ചില്ലുകള്‍ ശരീരത്തില്‍ ഇപ്പോഴും ഉണ്ടെങ്കിലും 85ലും ഇ കെ യുടെ ശരീരത്തെ ക്ഷീണിപ്പിച്ചിട്ടുമില്ല. കാവുമ്പായി സമരകാലത്തെ സമരഭടന്റെ ഉശിരും കമ്മ്യൂണിസ്റ്റ് പോരാളിയുടെ കരുത്തും ഇപ്പോഴും അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയലും കാണാനാകുന്നുണ്ട്.

അച്ഛന്‍ തളിയന്‍ രാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ പഴയ ഇരിക്കൂര്‍ ഫര്‍ക്കയിലെ എള്ളരിഞ്ഞിയില്‍ കര്‍ഷക സംഘം പ്രവര്‍ത്തിക്കുന്ന കാലത്ത് കരക്കാട്ടിടം നായനാരുടെ ഉടമസ്ഥതയിലുള്ള എള്ളരിഞ്ഞി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ ഇ കെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത്. ആ കാലത്തേക്കുറിച്ച് ഇകെ ഇങ്ങനെ അനുസ്മരിക്കുന്നു.

''വളപട്ടണം മുതല്‍ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിവരെ പരന്നുകിടക്കുന്ന വിശാലമായ ഭൂമിയുടെ ഉടമയാണ് കാട്ടുരാജാവ് എന്ന പേരിലറിയപ്പെട്ടിരുന്ന കരക്കാട്ടിടം നായനാര്‍. കര്‍ഷകപീഡനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആള്‍. എതിര്‍ക്കുന്ന കര്‍ഷകരെ തൂക്കിലേറ്റാന്‍ കരക്കാട്ടിടം നായനാര്‍ക്ക് ശ്രീകണ്ഠപുരം ഓടത്ത് പാലത്തിന് സമീപം കഴുമരം ഉണ്ടായിരുന്നു. പാവപ്പെട്ട എത്രയോ പേരെ നായനാരുടെ ഗുണ്ടകള്‍ ഇവിടെ തൂക്കിലേറ്റിയിട്ടുണ്ട്.

നാലാംക്ലാസില്‍ കെ പി ആര്‍ ഗോപാലന്റെ നേതൃത്വത്തില്‍ എള്ളരിഞ്ഞിയില്‍ വിദ്യാര്‍ത്ഥി സംഘടന ഉണ്ടാക്കി. ഞാനും മാടായി ചന്തുക്കുട്ടിയുമൊക്കെയായിരുന്നു പ്രവര്‍ത്തകര്‍. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ഷക സമ്മേളനങ്ങള്‍ക്കും മറ്റു യോഗങ്ങള്‍ക്കും വരുന്ന നേതാക്കളെ വഴികാണിച്ചുകൊടുക്കലായിരുന്നു ഞങ്ങളുടെ പ്രധാന ചുമതല. വിഷ്ണുഭാരതീയന്‍, ടി സി നാരായണന്‍ നമ്പ്യാര്‍, പി വി അച്യുതന്‍ നമ്പ്യാര്‍, പി വി കുഞ്ഞിരാമന്‍ നമ്പ്യാര്‍ തുടങ്ങിയവരും വിവിധ പരിപാടികള്‍ക്ക് എത്തുമായിരുന്നു. അവര്‍ക്ക് വഴികാട്ടിയായും സഹായിയായും ഞങ്ങളെയാണ് അയക്കാറ്.

ജന്മിമാരുടെ കൊള്ളക്കും ആക്രമണങ്ങള്‍ക്കും എതിരെ കര്‍ഷക സംഘം ശബ്ദിച്ചു. കര്‍ഷകര്‍ സംഘടിതരായി. ജന്മിക്കെതിരായി വ്യാപക പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നു. വിദ്യാഭ്യാസം ഉള്ളതിനാലാണ് ഇന്‍ക്വിലാബ് വരാന്‍ കാരണമെന്ന് പറഞ്ഞ് കരക്കാട്ടിടം നായനാര്‍ സ്‌കൂള്‍ അടച്ചുപൂട്ടി. പിന്നീട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു പ്രാഥമിക വിദ്യാലയം എള്ളരിഞ്ഞിയില്‍ തുടങ്ങിയിരുന്നു.''

കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിക്കാര്‍ രാഷ്ട്രീയമായും സംഘടനാപരമായും സായുധരായി മാറി. 1942-46 കാലത്തെ ലോകമഹായുദ്ധം മലബാറിനെയും ബാധിച്ചു. പട്ടിണി രൂക്ഷമായി. കര്‍ഷക സംഘം നേതൃത്വത്തില്‍ തരിശുനിലം കയ്യേറി പുനംകൊത്തി കൃഷി നടത്താന്‍ തുടങ്ങി. ജന്മിയും ഗുണ്ടകളും കര്‍ഷകരെ ഭീകരമായി മര്‍ദ്ദിച്ചൊതുക്കാന്‍ തുടങ്ങി. ജനങ്ങള്‍ ശക്തമായി സംഘടിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1946 ഡിസംബര്‍ 20ന് കരിവെള്ളൂര്‍ വെടിവെപ്പ് നടക്കുന്നത്. 1946 ഡിസംബര്‍ 30 കാവുമ്പായി സമരക്കുന്നില്‍ ഒത്തുകൂടിയ കര്‍ഷകസമരഭടന്‍മാര്‍ക്കുനേരെ എം എസ് പി വെടിയുതിര്‍ത്തു. 5 പേര്‍ രക്തസാക്ഷികളായി. പിടികൂടിയവരെ പല കള്ളക്കേസുകളിലും പെടുത്തി ജയിലിലടച്ചു. ആ നാളുകളെക്കുറിച്ച് ഇ കെ:

''കാവുമ്പായി വെടിവെപ്പിനെ തുടര്‍ന്ന് കാവുമ്പായിയും പരിസരപ്രദേശങ്ങളും അതിഭീകരമായ ദിനങ്ങളെയാണ് നേരിട്ടത്. പൊലീസ് കര്‍ഷകസംഘം നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടി. എല്ലാവരും ഒളിവിലായിരുന്നു. 1947 ജനുവരി 18 ആണ് അച്ഛനെ എം എസ് പി പിടിക്കുന്നത്. ഞങ്ങളുടെ വീടിന് ജന്മിയുടെ ഗുണ്ടകള്‍ തീവെച്ചു. വിവരം അറിഞ്ഞപ്പോള്‍ അച്ഛന്‍ അവിടേക്ക് രാത്രി വരികയായിരുന്നു. വളണ്ടിയര്‍ ക്യാപ്റ്റനായിരുന്ന മുണ്ടയാടന്‍ ഗോവിന്ദന്റെ കൂടെയാണ് രാത്രി കാട്ടിലൂടെ അച്ഛന്‍ വന്നിരുന്നത്. ഈ വിവരം മനസ്സിലാക്കിയ മുണ്ടയാടന്‍ ഗോവിന്ദന്റെ അനിയന്‍ മുണ്ടയാടന്‍ ഗോപാലന്‍ എം എസ് പി ക്യാമ്പില്‍ പോയി ഒറ്റുകൊടുത്തു. ഒറ്റുകൊടുത്തതിന് പാരിതോഷികമായി 500 രൂപയാണ് ഗോപാലന് ലഭിച്ചത്. എം എസ് പിക്കാര്‍ കാട് വളഞ്ഞാണ് അച്ഛനെ പിടിച്ചത്. ഭീകരമായി മര്‍ദ്ദിച്ചു. കയ്യിലെ നഖങ്ങള്‍ പിഴുതുകളഞ്ഞു. പിന്നീട് ജയിലില്‍ ഒന്നിച്ച് കഴിഞ്ഞപ്പോഴാണ് ഇക്കാര്യം കണ്ടത്. അതിനുശേഷമാണ് എന്നെ പിടിച്ചത്. 1947 മുതല്‍ 1953 വരെ ജയിലില്‍ കിടന്നു. 20 വയസ്സുള്ളപ്പോള്‍ ജയിലില്‍ പോയി 26-ാം വയസിലാണ് തിരിച്ചുവന്നത്. 1953 ജൂലായ് 10ന് ഞങ്ങള്‍ ജയില്‍ മോചിതരായി. ജൂലായ് 14നാണ് വീട്ടില്‍ എത്തുന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണങ്ങളാണ് വഴിയിലുടനീളം ഉണ്ടായത്. മയ്യില്‍ കമ്പിലില്‍ വമ്പിച്ച സ്വീകരണം ലഭിച്ചു.''

കാവുമ്പായി കേസില്‍ ഇ കെയെ പിടികൂടി തടവ് ശിക്ഷ നടപ്പിലാക്കാന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടെ അച്ഛനും കൂട്ടായി ഉണ്ടായത് 20 വയസ്സുകാരന് നല്ല ധൈര്യം ഉണ്ടാക്കി. മലബാറിലെ വിവിധ സമരങ്ങളില്‍ പങ്കെടുത്തവരും കാവുമ്പായി സമരത്തില്‍ പങ്കെടുത്തവരും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നു. ഒരു വര്‍ഷക്കാലം അവിടെ കഴിഞ്ഞു. അച്ഛനും നാട്ടുകാര്‍ക്കും കുളിക്കാന്‍ സോപ്പ് ലഭ്യമായത്, വായിക്കാന്‍ പത്രം കിട്ടുന്നതും വളരെ സന്തോഷമുണ്ടാക്കിയതായി ഇ കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നീടാണ് സേലം ജയിലിലേക്ക് കൊണ്ടുപോയത്. അവിടെ അച്ഛന്‍, ഒ പി അനന്തന്‍മാസ്റ്റര്‍, എ കുഞ്ഞിക്കണ്ണന്‍, മാടായി ചന്തുക്കുട്ടി, കെ പി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, മാടായികുഞ്ഞ്, മഠപ്പുര കുഞ്ഞമ്പു തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. ജയിലിലെ അനുഭവം ഇ കെ പറയുന്നു.

''വെല്ലൂര്‍ ജയിലില്‍ നിന്നും വ്യത്യസ്തമായിരുന്നു സേലം ജയിലിലേത്. വായിക്കാന്‍ ഒന്നും തരില്ല. ഭീകരമായ അന്തരീക്ഷം. നാലു മുറികളുള്ള ഒരു ഹാളിലായിരുന്നു ഞങ്ങളെ പാര്‍പ്പിച്ചിരുന്നത്. ഭാഷ അവിടെ പ്രശ്‌നമായിരുന്നു. ദിവസവും ജയിലില്‍ സമരമായിരുന്നു. നിരാഹാര സമരം. ഒട്ടനവധി ദിവസങ്ങളില്‍ ഞാനും കിടന്നിരുന്നു. വെടിവെപ്പ് ദിവസം (1950 ഫിബ്രവരി 11) രാവിലെ പതിവുപോലെ തോക്കും പിടിച്ച് വാര്‍ഡര്‍മാര്‍ കവാത്ത് നടത്തുന്നുണ്ടായിരുന്നു.

പകല്‍ 12 മണിയോടെ ബ്യൂഗിള്‍ മുഴങ്ങി. തടവുകാര്‍ക്ക് നേരെ ചീറിയടുത്ത വാര്‍ഡര്‍മാര്‍ തുരുതുരാ വെടിയുതിര്‍ത്തു. ഒ പി അനന്തന്‍മാസ്റ്റര്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു കമിഴ്ന്ന് കിടന്നോളാന്‍. ഞാന്‍ കമിഴ്ന്ന് കിടന്നു. ഹാളിലെ ജനലുകളില്‍ കൂടി തോക്ക് ഉള്ളിലേക്കിട്ടായിരുന്നു വെടിവെച്ചത്. ഇരുവശത്തുനിന്നും വെടിവെച്ചതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും വെടിയേറ്റു. വെടിയേറ്റു വീണ ഒരാളെ സഹായിക്കാനായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് എന്റെ കാലില്‍ വെടിയേറ്റത്. പലയിടത്തും വെടിച്ചില്ലുകള്‍ തുളച്ച് കയറി. പിന്നീട് ബോധമില്ലായിരുന്നു. ബോധമില്ലാത്ത എന്നെ സേലം ജനറല്‍ ആശുപത്രിയിലാക്കി. 22 സ്ഥലത്ത് മുറിവേറ്റിരുന്നു. ആശുപത്രിയിലായി നാലുദിവസത്തിനുശേഷമാണ് അച്ഛനും ഒ പി അനന്തന്‍മാസ്റ്ററുമടക്കം 22 പേര്‍ മരിച്ച വിവരം അറിയുന്നത്. അതിനാല്‍ അവസാനമായി അച്ഛന്റെ ദേഹം കാണാന്‍ സാധിക്കാത്തത് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. ആറരമാസക്കാലം പൊലീസ് കാവലോടെ ആശുപത്രിയില്‍ കഴിഞ്ഞു.'' ഇ കെ പറഞ്ഞു നിര്‍ത്തി.

1975 ല്‍ കാവുമ്പായി സമരത്തില്‍ പങ്കെടുത്ത 35 പേര്‍ക്ക് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കേന്ദ്രഗവണ്‍മെന്റ് നല്‍കിയ താമ്രപത്രം ഇ കെയ്ക്കും ലഭിച്ചു. വളരെ ആവേശത്തോടെയാണ് അദ്ദേഹം അത് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കാണിച്ചു തന്നത്. സ്വാതന്ത്ര്യത്തിന് വെമ്പുന്ന രാജ്യത്തിലെ കോടാനുകോടി ജനങ്ങളെ ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും ജന്മി നാടുവാഴിത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹം സി പി ഐക്കാരനായി കാവുമ്പായില്‍ ജീവിക്കുന്നു. കേരള ഗവണ്‍മെന്റ് നല്‍കുന്ന സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിക്കുന്നു. കേന്ദ്ര പെന്‍ഷന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇ കെയ്ക്ക് ലഭിക്കുന്നില്ല.

ജയില്‍ മോചിതനായി വന്ന ഇ കെ സി പി ഐ യുടെയും കിസാന്‍സഭയുടെയും സജീവ പ്രവര്‍ത്തകനായി. സി പി ഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സി പി ഐ കാവുമ്പായി ബ്രാഞ്ച് മെമ്പര്‍. പാര്‍ട്ടി നേതൃത്വം കൂടുതല്‍ ശക്തിയായി ഇടപെടണം. പുതിയ നേതൃത്വം എല്ലാ വിഷയങ്ങളിലും നല്ല ധൈര്യം കാണിക്കുന്നുണ്ട് . പാര്‍ട്ടി നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര കാലത്ത് നടന്ന രാജ്യവ്യാപകമായ ചോരയില്‍ കുതിര്‍ന്ന പോരാട്ടമാണ് ബ്രിട്ടീഷ്‌കാര്‍ ഇന്ത്യവിടാന്‍ കാരണം എന്ന് ഇ കെ ഇന്നും വിശ്വസിക്കുന്നു.

*
ഇ ഡി മഗേഷ്‌കുമാര്‍ ജനയുഗം 07 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1950 ഫെബ്രുവരി 11 ന് സേലം ജയിലില്‍ നടന്ന കമ്മ്യൂണിസ്റ്റ് വേട്ടയില്‍ ഒരച്ഛനും മകനും വെടിയേറ്റു വീണു. അച്ഛന്‍ തളിയന്‍ രാമന്‍ നമ്പ്യാര്‍ രക്തസാക്ഷിയായി. പ്രസ്തുത സംഭവത്തില്‍ മാരകമായി പരിക്കേറ്റ മകന്റെ പേര് ഇ കെ നാരായണന്‍ നമ്പ്യാര്‍. സേലം ജയിലിലെ സംഭവത്തില്‍ 22 കമ്മ്യൂണിസ്റ്റുകാരാണ് രക്തസാക്ഷികളായത്. തീയുണ്ടകളേറ്റും അടിയേറ്റും ജീവച്ഛവങ്ങളായിത്തീര്‍ന്ന അവശേഷിച്ച കമ്മ്യൂണിസ്റ്റ് തടവുകാരെ പാര്‍പ്പിച്ച സെല്ലിന് പുറത്ത് ജയിലധികൃതര്‍, അപകടകാരികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള സെല്‍ (സെല്‍ ഫോര്‍ ഡെയിഞ്ചറസ് കമ്മ്യൂണിസ്റ്റ്) എന്ന ബോര്‍ഡ് തൂക്കിയിരുന്നു. വെടിയേറ്റ് മാരകമായി പരിക്കേറ്റ ഇ കെ നാരായണന്‍ നമ്പ്യാര്‍ ആറു മാസത്തെ ചികില്‍സക്കുശേഷം പ്രസ്തുത സെല്ലിലാണ് പിന്നീടുളള കാലം പാര്‍പ്പിക്കപ്പെട്ടത്.