Sunday, January 1, 2012

തെരുവരങ്ങിലെ പോരാളി

ഒരു വലിയ കലാകാരന്റെ ചോരമണം കലര്‍ന്നാണ് "89ലെ പുതുവര്‍ഷം പിറവികൊണ്ടത്. അന്ന്, ജനുവരി ഒന്നിന് ഡല്‍ഹിയിലെ സാഹിബാബാദില്‍ വച്ച് "ജനനാട്യമഞ്ച്" എന്ന പുരോഗമന നാടകസംഘത്തിന്റെ നായകനായിരുന്ന സഫ്ദര്‍ ഹാശ്മിയുടെ നേതൃത്വത്തില്‍ "ഹല്ലാബോല്‍" എന്ന തെരുവുനാടകം അരങ്ങേറുന്നു. തൊഴിലാളികളും ബുദ്ധിജീവികളുമൊക്കെ കൂടിച്ചേര്‍ന്ന സദസ്സ് "ഹല്ലാബോല്‍" ഹൃദയത്തിലേറ്റു വാങ്ങുമ്പോള്‍ രചയിതാവും നടനും സംവിധായകനും സംഘാടകനുമായ സഫ്ദര്‍ഹാശ്മിയുടെ ഹൃദയം പിളരാന്‍ ഭരണകൂടത്തിന്റെ എച്ചില്‍തീനികള്‍ നാടകസംഘത്തിനുനേരെ ചീറിയടുക്കുന്നു. ജനുവരി മഞ്ഞില്‍ ചോരച്ചായമുതിര്‍ത്ത് പ്രിയപ്പെട്ട കലാകാരന്‍ രക്തസാക്ഷിയാകുന്നു...

ഇതേസമയം തന്നെ ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനം നടക്കുകയായിരുന്നു. ആ വേദിയില്‍വെച്ച് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകയും നടിയുമായ ശബാന ആസ്മി സഫ്ദറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന നടത്തി. അത് ഉപരിവര്‍ഗ ചിന്തകരുടെ നെറ്റി ചുളിക്കാനിടയാക്കി. അധികാരനേതൃത്വത്തിനും പിണിയാളുകള്‍ക്കും ഹാശ്മിയുടെ മരണം സുഖം പകരുന്നതായിരുന്നു. മൂലധനക്കൊഴുപ്പിന്റെ പൊങ്ങച്ചങ്ങളില്‍ അലംകൃതമായ പ്രസ്തുത വേദിയിലെ പ്രതിഷേധാവതരണം ഭരണപുംഗവന്മാരുടെ രോഷത്തിനിടയാക്കി. ഹാശ്മിയുടെ മരണവും അവാര്‍ഡ് ദാനവേദിയിലെ രംഗങ്ങളും വിദേശ ചാനലുകള്‍ തുടരെത്തുടരെ കാണിച്ചപ്പോള്‍ നമുക്കാകെ അന്നുണ്ടായിരുന്ന ദൂരദര്‍ശന്‍ ചാനല്‍ അത് സംപ്രേഷണം ചെയ്യാതെ മറച്ചുവച്ചു. നാടകം ശക്തമായ കലയാണെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച സഫ്ദറിന് 35 തികയുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറയേണ്ടിവന്നു. ഹാശ്മിയുടെ നാടകവീക്ഷണം വ്യവസായങ്ങളുടെയും ഫാക്ടറികളുടെയും നാട്ടില്‍നിന്നുകൊണ്ട് നാടകത്തിലൂടെ ശക്തമായി സംവദിക്കാന്‍ ഹാശ്മിക്കു കഴിഞ്ഞു. തൊഴിലാളികളോട് അദ്ദേഹം ചില ചോദ്യങ്ങളുന്നയിച്ചുകൊണ്ടേയിരുന്നു. "ലോകത്തെ മധുരം നുണയിക്കുന്ന നിങ്ങളെന്തുകൊണ്ടാണ് പഞ്ചസാരയിടാത്ത കാപ്പി കുടിക്കേണ്ടി വരുന്നത്?"

"പട്ടുവസ്ത്രങ്ങളുണ്ടാക്കുന്ന, ലോകത്തെ പട്ടുടുപ്പിക്കുന്ന ദരിദ്രരേ, നിങ്ങളെന്തു കൊണ്ടാണ് പഴഞ്ചന്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുന്നത്?" ഈ ചോദ്യങ്ങളെയും അതില്‍നിന്നുമുത്ഭവിക്കുന്ന പ്രതിഷേധ ജ്വാലകളെയുമാണ് മൂലധനവര്‍ഗവും അധികാരമേലാളന്മാരും ഭയപ്പെട്ടത്. ഇതേ ചോദ്യങ്ങള്‍ തന്നെയായിരുന്നു പ്രശസ്ത ജര്‍മന്‍ നാടകകൃത്തും ചിന്തകനുമായിരുന്ന ബ്രഹ്തോള്‍ ബ്രഹറ്റും ചോദിച്ചിരുന്നത്. "ഗോതമ്പു പാടങ്ങളിലെ തൊഴിലാളിയെന്തിനു പട്ടിണി കിടക്കേണ്ടി വരുന്നു; പാര്‍പ്പിടം നിര്‍മിക്കുന്നവനെന്തിന് ആകാശമേലാപ്പിനടിയില്‍ കിടക്കുന്നു" എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യശരങ്ങളെയ്ത ബ്രഹറ്റിന്റെ പാതയിലൂടെയായിരുന്നു ഹാശ്മിയും സഞ്ചരിച്ചത്. നാടകകലയെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള മൂര്‍ച്ചയേറിയ ആയുധമായിട്ടാണ് ഹാശ്മിയും കണ്ടത്. പ്രേക്ഷകനെ നാടകം ചിന്തിപ്പിക്കുന്നതാകണമെന്നും പ്രേക്ഷകന്‍ ഒരു നിരീക്ഷകനെപ്പോലെ നാടകം കാണണമെന്നും എങ്കിലേ നാടകമവനെ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനാക്കൂ എന്നും ഹാശ്മിയും ചിന്തിച്ചിരിക്കണം. യഥാര്‍ഥ പ്രശ്നങ്ങള്‍ നാടകത്തിലല്ലെന്നും ദരിദ്രപ്രേക്ഷകന്റെ ജീവിതത്തില്‍ത്തന്നെയാണെന്നും ഹാശ്മിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ജീവല്‍പ്രശ്നങ്ങളുടെ സങ്കീര്‍ണമായ രാഷ്ട്രീയം അദ്ദേഹത്തിന്റെ നാടകത്തിലും പ്രതിഫലിച്ചു.

ഒരു രാഷ്ട്രീയ ചിന്തകനായതുകൊണ്ടുതന്നെയാണ് "ജനനാട്യമഞ്ച്" എന്ന് തന്റെ നാടകപ്രസ്ഥാനത്തിനു പേര് നല്‍കിയത്. "ജനനാട്യമഞ്ച്" എന്ന പേരില്‍ സാമൂഹിക വീക്ഷണവും സംഘബോധസൂചനയും വ്യക്തമായും പ്രതിഫലിക്കുന്നു. തന്റെ തെരുവുനാടകം കാണുന്ന ഒരു പ്രേക്ഷകന്‍ , അതില്‍ പ്രതിപാദിച്ച പ്രശ്നങ്ങള്‍ ഗൗരവപൂര്‍വം ചിന്തിക്കണമെന്നും അത് സംഘബോധത്തിലേക്കവനെ നയിക്കണമെന്നും ആ ശക്തി അടിച്ചമര്‍ത്തപ്പെടുന്നവന്റെ അധികാരശക്തിയായ് ഉയര്‍ന്നു വരണമെന്നും അദ്ദേഹമാഗ്രഹിച്ചു. നാടകത്തിന്റെ കരുത്തറിഞ്ഞ ഹാശ്മി അതിലൂടെ ജനഹൃദയങ്ങളില്‍ നീതിബോധത്തിന്റെ വിത്തെറിഞ്ഞു. അത് സമരജ്വാലകളായി അധികാര ചിഹ്നങ്ങളില്‍ പതിഞ്ഞുകൊണ്ടേയിരുന്നു.... മധ്യവര്‍ഗ സുഖജീവിതവും യൂണിവേഴ്സിറ്റി അധ്യാപകന്റെ ജോലിയുമുപേക്ഷിച്ച് ഭാര്യയോടും സഖാക്കളോടുമൊപ്പം തെരുവിന്റെ തീക്ഷ്ണതയിലേക്കിറങ്ങിയതും അടിയുറച്ച രാഷ്ട്രീയബോധത്തിന്റെ തെളിമ തന്നെ; നാടകമെന്ന കലാരൂപത്തിന്റെ കരുത്തുള്‍ക്കൊണ്ടുതന്നെ. നാടകത്തിന്റെ കരുത്ത് 1875-ല്‍ ബ്രിട്ടീഷുകാരന്‍ രൂപപ്പെടുത്തിയ കലാവിരുദ്ധ നിയമമായിരുന്നു, നാടകാവതരണ നിയമം ഈ കറുത്ത നിയമത്തിന്റെ ഉത്ഭവം പോലും കാണിക്കുന്നത് ബ്രിട്ടീഷുകാര്‍ പോലും നാടകകലയേയും അതിലൂടെ രൂപപ്പെടുന്ന ഭരണവിരുദ്ധ ആശയതലങ്ങളേയും ഭയപ്പെട്ടിരുന്നു എന്നതുതന്നെയാണ്. ഈ നിയമമുപയോഗിച്ച് രാജ്യത്ത് ആദ്യം നിരോധിക്കുന്നത് ബംഗാളി എഴുത്തുകാരനായിരുന്ന ദീനബന്ധു മിത്രയുടെ "നീല ദര്‍പ്പണ്‍" എന്ന നാടകമാണ്.... കേരളത്തില്‍പോലും ഇതേ നാടകാവതരണ നിയമമുപയോഗിച്ചാണ് ചില നാടകങ്ങള്‍ക്കെതിരെ നിരോധനമേര്‍പ്പെടുത്തിയത്. 1953ല്‍ കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകവും കരുണാകര ഭരണത്തില്‍ പി എ ആന്റണിയുടെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവും" ഈ നിയമത്തിന്റെ മുറിവേറ്റ സൃഷ്ടികളാണ്. കേരളത്തിലെ നാടകപ്രസ്ഥാനങ്ങള്‍ക്കു നേരെയുണ്ടായ മതമൗലികവാദികളുടെയും തിന്മയുടെ ശക്തികളുടേയും അതിക്രമങ്ങള്‍ കാണിച്ചുതന്നതും നാടകത്തിന്റെ കരുത്തുതന്നെയായിരുന്നു. "ഭഗവാന്‍ കാലുമാറുന്നു", "ജ്ജ് നല്ല മനിസനാവാന്‍ നോക്ക്", "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" തുടങ്ങിയ നാടകങ്ങള്‍ പിന്നേയും പിന്നേയും അരങ്ങേറിയത് പുരോഗമന ഇടതുപക്ഷ സഹൃദയത്വം പിന്‍പറ്റിക്കൊണ്ടായിരുന്നു. കേരളീയ നവോത്ഥാനത്തിനും സാമൂഹിക മാറ്റത്തിനും പുരോഗമന ശക്തികള്‍ക്കൊപ്പം ചാലകശക്തിയായി നിന്നതും നാടകം തന്നെ.

റൈറ്റ് ടു പെര്‍ഫോം ഒരു മൂലധന, അധികാരശക്തികളുടെ നാടകത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ മുന്‍നിര്‍ത്തിയാണ് ഹാശ്മി റൈറ്റ് ടു പെര്‍ഫോം (ആവിഷ്കരിക്കാനുള്ള അവകാശം) എന്ന പുസ്തകം രചിച്ചത്. കലാ-സാംസ്കാരിക രംഗത്തുള്ള എല്ലാ ഫാസിസ്റ്റ് കടന്നാക്രമണങ്ങളേയും തള്ളിപ്പറഞ്ഞ ഹാശ്മിക്ക് ഫാസിസ്റ്റുകളുടെ കൈയാല്‍ കൊല്ലപ്പെടേണ്ടി വന്നതും ചരിത്രത്തിലെ ഒരു യാദൃഛികതയല്ല. ഗുണ്ടകളാല്‍ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍നിന്നും തൊഴിലാളികള്‍ ഇടതുപക്ഷ ബോധത്തിലേക്കു വരുന്ന "ഹാശ്മി സ്വാധീന"ത്തെ ഇല്ലാതാക്കാന്‍ ഹാശ്മിയെത്തന്നെ ഇല്ലാതാക്കുക എന്നതായിരുന്നു പദ്ധതി. ആദ്യമവര്‍ ഉപഹാരങ്ങളും അവാര്‍ഡുകളുമായി ഹാശ്മിയെ തേടിയെത്തി. അങ്ങനെ ഹാശ്മി മെരുങ്ങി നില്‍ക്കുന്നവനായി മാറുമെന്നവര്‍ കണക്കുകൂട്ടി. പക്ഷേ, എല്ലാം അദ്ദേഹം നിരസിച്ചു. മെരുക്കി നിര്‍ത്തുക പാടാണെന്നറിഞ്ഞവര്‍ ഇല്ലാതാക്കുക എന്ന വഴി സ്വീകരിച്ചു. പക്ഷേ, ഹാശ്മിയുടെ ഇച്ഛാശക്തിയെയും സ്വാതന്ത്ര്യബോധത്തെയും കീഴാള സ്വപ്നത്തെയും ഒരു ജനത സ്വന്തം നെഞ്ചിലേക്കു ഏറ്റുവാങ്ങുന്നുണ്ടായിരുന്നു.

കാലിക നാടകാവസ്ഥ ഹാശ്മിയുടെ രക്തസാക്ഷിത്വം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മൂല്യബോധത്തോട് കൂറു പുലര്‍ത്താന്‍ നാം ബാധ്യസ്ഥരല്ലേ? കച്ചവട മൂല്യബോധമുള്ള സമൂഹത്തില്‍ കമ്പോള കലാകാരന്‍ മാത്രം ആദരിക്കപ്പെടുമ്പോള്‍ , അംഗീകാരങ്ങള്‍ കച്ചവട കലാവൃത്തങ്ങളിലൊതുങ്ങുമ്പോള്‍ , ജനകീയ കലാനാമം പുച്ഛത്തോടെ ഉച്ചരിക്കപ്പെടുമ്പോള്‍ ഒരു തിരിച്ചറിവും കൂട്ടായ്മയും കാലം ആവശ്യപ്പെടുന്നുണ്ട്.... അമ്പലങ്ങളെയും പള്ളികളെയും മുന്നില്‍ക്കണ്ട് പ്രൊഫഷണല്‍ നാടകമസാലക്കൂട്ടുകള്‍ രൂപപ്പെടുത്തി കച്ചവടം പൊടിപൊടിക്കുമ്പോള്‍ , നാം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും ആചാരങ്ങളും നാടകത്തിലൂടെ പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ , പുരോഗമനപക്ഷം നിസ്സംഗത കൈവെടിഞ്ഞേ മതിയാവൂ. നാടകത്തിനുനേരെ ഉയര്‍ന്നുവന്ന ആക്രോശങ്ങളും ഭീഷണികളും ഇന്നു പ്രകടമാകുന്നില്ല എന്നതുതന്നെ നാടകത്തിന്റെ വളര്‍ച്ചയേയല്ല തളര്‍ച്ചയേയാണ് കാണിക്കുന്നത്. നാടകം സാമൂഹ്യ തിന്മകളുമായി സന്ധിചെയ്യപ്പെടുമ്പോള്‍ അതൊരു വികാസത്തിന്റെ അടയാളമല്ല; മറിച്ച് മുരടിപ്പിന്റെ ചിഹ്നമാകുന്നു.

മതവും അധികാരവും സമ്പത്തുമായി സന്ധിചെയ്യുവാന്‍ കലാകാരന്മാരും നന്നായി പഠിച്ചുവരുന്നതിന്റെ സൂചനയാണിത്. "ജ്ജ് നല്ല മനിസനാവാന്‍ നോക്ക്" എന്ന നാടകത്തിനെതിരെ മുസ്ലിം വര്‍ഗീയവാദികളും "ഭഗവാന്‍ കാലുമാറുന്നു" എന്ന നാടകത്തിന്നെതിരെ ഹിന്ദുവര്‍ഗീയവാദികളും, "ക്രിസ്തുവിന്റെ 6-ാം തിരുമുറിവിനെതിരെ ക്രിസ്ത്യന്‍ മതാധികാരികളും ഉറഞ്ഞുതുള്ളിയപ്പോള്‍ ചെറുത്തുനിന്നത് കേരളീയ മതേതര ശക്തികളാണ്. നിലമ്പൂര്‍ ബാലനെയും ആയിഷയെയും കല്ലെറിഞ്ഞപ്പോള്‍ അവര്‍ വാര്‍ത്ത ചോരത്തുള്ളികളില്‍ പൂത്തുനിന്നത് മലയാള നാടകവേദിയുടെ ഇച്ഛാശക്തിയായിരുന്നു... ഇന്ന് സന്ധി ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് ആ ഇച്ഛാശക്തിയും പുരോഗമന ബോധവുമാണെന്ന് കലാകാരന്‍ തിരിച്ചറിയുക തന്നെ വേണം. ഹാശ്മിയുടെ ഓര്‍മകള്‍ നമ്മോടാവശ്യപ്പെടുന്നതും അതുതന്നെ. സാഹിബാബാദിലെ ചിതറിയ ചോരത്തുള്ളികള്‍ ഒരായിരം കരുത്താര്‍ന്ന നാടകമായി ഉയിര്‍ക്കൊള്ളുമെന്നും അത് വന്‍കിട മില്ലുടമകള്‍ക്കും മുതലാളിത്ത അധികാര ശക്തികള്‍ക്കുമെതിരായി ഒരു ജനതയുടെ രോഷമായി ജ്വലിക്കുമെന്നും നമുക്കാശിക്കാം.

*
സുരേഷ് മേപ്പയ്യൂര്‍ ദേശാഭിമാനി വാരിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു വലിയ കലാകാരന്റെ ചോരമണം കലര്‍ന്നാണ് "89ലെ പുതുവര്‍ഷം പിറവികൊണ്ടത്. അന്ന്, ജനുവരി ഒന്നിന് ഡല്‍ഹിയിലെ സാഹിബാബാദില്‍ വച്ച് "ജനനാട്യമഞ്ച്" എന്ന പുരോഗമന നാടകസംഘത്തിന്റെ നായകനായിരുന്ന സഫ്ദര്‍ ഹാശ്മിയുടെ നേതൃത്വത്തില്‍ "ഹല്ലാബോല്‍" എന്ന തെരുവുനാടകം അരങ്ങേറുന്നു. തൊഴിലാളികളും ബുദ്ധിജീവികളുമൊക്കെ കൂടിച്ചേര്‍ന്ന സദസ്സ് "ഹല്ലാബോല്‍" ഹൃദയത്തിലേറ്റു വാങ്ങുമ്പോള്‍ രചയിതാവും നടനും സംവിധായകനും സംഘാടകനുമായ സഫ്ദര്‍ഹാശ്മിയുടെ ഹൃദയം പിളരാന്‍ ഭരണകൂടത്തിന്റെ എച്ചില്‍തീനികള്‍ നാടകസംഘത്തിനുനേരെ ചീറിയടുക്കുന്നു. ജനുവരി മഞ്ഞില്‍ ചോരച്ചായമുതിര്‍ത്ത് പ്രിയപ്പെട്ട കലാകാരന്‍ രക്തസാക്ഷിയാകുന്നു...

ശ്രീജിത് കൊണ്ടോട്ടി. said...

ആദരാഞ്ജലികള്‍...!

ബെഞ്ചാലി said...

ആദരാഞ്ജലികള്‍...!

പാണന്‍ said...

ഹാഷ്മിയുടെ ജീവിതം അടയാളപ്പെടുത്തിയത് നമ്മള്‍ കാണാതെ പോകുന്ന പൊതു സ്ഥലത്തിലെ ഒരിടമാണ്. അത് തിരിച്ചു പിടിക്കാന്‍ നാം ഇറങ്ങിയേ പറ്റൂ.