Saturday, January 14, 2012

കീഴ്വെണ്‍മണി പൊലിയാത്ത രക്തനക്ഷത്രം

കീഴ്വെണ്‍മണി ഗ്രാമം തമിഴ്നാട്ടിലെ സിപിഐ എമ്മിന്റെ ചരിത്രത്തിലെ പൊലിയാത്ത രക്തനക്ഷത്രമാണ്. പഴയ തഞ്ചാവൂര്‍ (ഇപ്പോള്‍ നാഗപട്ടണം, തിരുവാരൂര്‍ , തഞ്ചാവൂര്‍ ജില്ലകള്‍) ജില്ലയിലാണ് ആ പ്രദേശം. സിപിഐ എം രൂപംകൊണ്ട് നാലുവര്‍ഷം മാത്രമായപ്പോള്‍ പ്രസ്ഥാനത്തിന് ഈ ഗ്രാമത്തില്‍നിന്ന് നഷ്ടമായത് 44 സഖാക്കളെ. 1968 ഡിസംബര്‍ 25നായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭൂവുടമകള്‍ തീയിട്ടുകൊന്നു. ജീവനും സ്വത്തും സംരക്ഷിക്കേണ്ട പൊലീസും ഭൂവുടമകളെ സഹായിച്ചു. തഞ്ചാവൂരിലെ കര്‍ഷകത്തൊഴിലാളികളും ചെറുകിട കര്‍ഷകരും ഭൂവുടമകളുടെ അടിമകളായിരുന്നു. 16 മണിക്കൂര്‍ വരെ പണിയെടുക്കണം. വീഴ്ച വരുത്തിയാല്‍ ചാട്ടവാറടി. കൂടിയ ശിക്ഷയായി ചാണകം കലക്കിയ വെള്ളം കുടിപ്പിക്കും. മണ്ണിന്റെ മക്കളെ അവകാശബോധമുള്ളവരാക്കാന്‍ സിപിഐ എം നേതാവ് പി ശ്രീനിവാസറാവു തഞ്ചാവൂര്‍ ജില്ലയിലെങ്ങും സഞ്ചരിച്ചു. പാര്‍ടിയുടെ ഇടപെടലിന്റെ ഫലമായി മന്നാര്‍കുടിയില്‍ ഭൂവുടമകളുമായി കരാറുണ്ടാക്കാനായി. തൊഴിലാളികള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ചുകിട്ടി.

എന്നാല്‍ കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ പോലും നല്‍കാന്‍ ജന്മിമാര്‍ കൂട്ടാക്കിയില്ല. അവര്‍ നെല്ലുല്‍പ്പാദക സംഘം ഉണ്ടാക്കി സിപിഐ എമ്മിനെ നേരിട്ടു. "ശിവപ്പ് കൊടിയെ ഇറക്ക്, പച്ചക്കൊടിയെ ഏറ്റ്" (ചുവപ്പ് കൊടി ഇറക്ക്, പച്ചക്കൊടി കെട്ട്) എന്ന മുദ്രാവാക്യമുയര്‍ത്തി ഇരുഞ്ചൂര്‍ ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തില്‍ കാമരാജ് ഭരണത്തിന്റെ സഹായത്തോടെ പ്രക്ഷോഭം തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. പാട്ടം കുറയ്ക്കുക, ജോലിസമയം നിര്‍ണയിക്കുക, കൂലി വര്‍ധിപ്പിക്കുക, ചാട്ടവാറടി ഉപേക്ഷിക്കുക, ചാണകവെള്ളം കുടിപ്പിക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഇത് ഭൂവുടമകള്‍ക്ക് സഹിക്കാനായില്ല. അവര്‍ ഗുണ്ടകളെ ഉപയോഗിച്ച് മുത്തുസ്വാമിയെന്ന കര്‍ഷകത്തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി കൃഷിക്കളത്തില്‍ കെട്ടിയിട്ടു. സംഭവമറിഞ്ഞ് നാനാഭാഗത്തുനിന്നും കര്‍ഷകത്തൊഴിലാളികള്‍ കീഴ്വെണ്‍മണിയിലെത്തി. മുത്തുസ്വാമിയെ മോചിപ്പിച്ചു കൊണ്ടുവന്നു അവര്‍ . രാമയ്യയുടെ ഓലക്കുടിലില്‍ മുത്തുസ്വാമിയും മറ്റു തൊഴിലാളികളും ഒളിച്ചു താമസിച്ചു. ജന്മിമാരും ഗുണ്ടകളും പൊലീസ് വാഹനത്തില്‍ കീഴ്വെണ്‍മണിയിലെത്തി. ഗ്രാമത്തിലെ കുടിലുകള്‍ക്ക് തീയിട്ടു. തീ പടര്‍ന്നതോടെ പലേടത്തുമായി കഴിഞ്ഞ തൊഴിലാളികള്‍ രാമയ്യയുടെ കുടിലില്‍ എത്തി. അവസാനം ജന്മിമാര്‍ രാമയ്യയുടെ കുടിലിനും തീയിട്ടു. ആളിപ്പടരുന്ന തീ കണ്ട് പുറത്തിറങ്ങിയവരെ മര്‍ദിച്ച് വീണ്ടും അകത്തേക്ക് കയറ്റിവിട്ടു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 44 പേര്‍ വെന്തുമരിച്ചു. പുറത്തിറങ്ങിയ പുരുഷന്മാരില്‍ 22 പേരെ പൊലീസ് വെടിവച്ചു. ഓടിയവര്‍ നെല്‍വയലുകളിലെ ചളിക്കണ്ടത്തില്‍ വീണതിനാല്‍ രക്ഷപ്പെട്ടു. കണ്ണടച്ച് തുറക്കുംമുമ്പേ കീഴ്വെണ്‍മണിയാകെ ഒരുപിടി ചാമ്പലായി.

സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും അതിനു ദൃക്സാക്ഷിയുമായ 80 കാരന്‍ ജി വീരയ്യന് നടുക്കവും ഒപ്പം ആവേശവും. കര്‍ഷകത്തൊഴിലാളികളുടെ അടിമപ്പണിക്കും കൂലിക്കുറവിനുമെതിരായി തമിഴ്നാട്ടില്‍ നടന്ന അണയാത്ത സമരാവേശമാണ് ആ രക്തസാക്ഷിത്വം. ധീര പോരാളികള്‍ക്ക് സ്മാരകമായി തമിഴ്നാട്ടിലെ പാര്‍ടി കീഴ്വെണ്‍മണിയില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണം അവസാനഘട്ടത്തിലാണ്.

*
ഇ എന്‍ അജയകുമാര്‍ ദേശാഭിമാനി 14 ജനുവരി 2012

അധിക വായനയ്ക്ക്

Keezhvenmani Massacre

Anniversary of Keezhvenmani carnage observed

Leaders pay homage to Keezhvenmani victims

1 comment:

വര്‍ക്കേഴ്സ് ഫോറം said...