Monday, February 11, 2008

വര്‍ഗീയതയും മതേതരത്വവും

താങ്കള്‍ ഗാന്ധിയെപ്പറ്റി ഏറെ പഠിക്കുകയും എഴുതുകയും ചെയ്യുന്ന ആളാണല്ലോ? ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് അറുപതു വയസ്സു തികഞ്ഞ സാഹചര്യത്തില്‍ ഇന്ന് ഗാന്ധിസത്തിന്റെ പ്രസക്തി എന്താണ് ?

ഗാന്ധിസത്തിന് ഇന്നത്തെ സംഘര്‍ഷപൂര്‍ണമായ ലോകത്തില്‍ പല വിധത്തിലുള്ള പ്രസക്തിയുമുണ്ട്. മനുഷ്യബന്ധങ്ങളില്‍, പ്രകൃതിയോടുള്ള സമീപനത്തില്‍, സാമ്പത്തിക ഉല്‍പാദനത്തിന്റെ രീതിയില്‍. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട പ്രസക്തി ഗാന്ധിസം മുന്നോട്ടു വെക്കുന്ന നൈതികതയാണ്. ഗാന്ധിയന്‍ നൈതികതയുടെ ഉറവിടം, ശക്തികേന്ദ്രം അഹിംസയാണ്. ഒരു ആദര്‍ശത്തിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയ അഹിംസ. ബലപ്രയോഗമില്ലായ്മയില്‍ അധിഷ്ഠിതമാണ് അഹിംസ. സമൂഹത്തില്‍ പലവിധ സംഘര്‍ഷങ്ങള്‍ ഉണ്ട്. ഇതിനെല്ലാം പോംവഴി ആദര്‍ശപരമായ ആശയങ്ങള്‍ കൊണ്ട് സംഭവിച്ചു എന്നു വരില്ല. സാമൂഹ്യ അവബോധത്തില്‍ മാറ്റമുണ്ടാകണം. ഈ മാറ്റമുണ്ടായാലേ ബലപ്രയോഗം ആവശ്യമില്ലാത്ത അവസ്ഥയുണ്ടാകൂ. അവബോധ രൂപീകരണത്തെ സ്വാധീനിക്കുന്നതാണ് ഗാന്ധിയന്‍ കര്‍മപരിപാടി.

ബലപ്രയോഗമാണ് ഇന്നത്തെ സാമൂഹ്യരീതി. വ്യക്തികളും ഗ്രൂപ്പുകളും നീങ്ങുന്നത് അതിലേക്കാണ്. ഇന്ത്യന്‍ സമൂഹത്തില്‍ സാമ്പത്തികമായി, സാംസ്കാരികമായി, സാമൂഹ്യമായി ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ മറികടക്കാന്‍ ഒരു ആദര്‍ശം എന്ന നിലയ്ക്കാണ് അഹിംസയെ ഗാന്ധിജി മുന്നോട്ടുവെച്ചത്. ആദര്‍ശം കൊണ്ടു മാത്രം സമാധാനമോ ഹിംസയില്ലാത്ത സ്ഥിതിയോ ഉണ്ടായിക്കൊള്ളണമെന്നില്ല. മാനവികതയ്ക്ക് ഗാന്ധി പ്രാധാന്യം നല്‍കിയിരുന്നുവെങ്കിലും സങ്കീര്‍ണമായ സാമൂഹ്യബന്ധങ്ങളില്‍നിന്ന് ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അതിലൂടെ മാത്രം പ്രതിവിധി ഉണ്ടായെന്ന് വരില്ല.

സാമുദായിക ബന്ധങ്ങളുടെ കാര്യമെടുക്കുക. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു. സമുദായ മൈത്രിക്കായി ജീവിക്കുകയും മരിക്കുകയും ചെയ്ത മനുഷ്യന്‍.സാമൂഹ്യമൈത്രി എന്നത് സംഭവിച്ചില്ല എന്നു നമുക്കറിയാം. കാരണം സമുദായ മൈത്രി ഉണ്ടാകണമെങ്കില്‍ സമൂഹത്തില്‍ മതേതര അവബോധമുണ്ടാകണം. മതേതര അവബോധത്തിന് മുന്‍കൈയുണ്ടെങ്കില്‍ മാത്രമേ സമുദായ മൈത്രി ഉണ്ടാകൂ. സമുദായ മൈത്രിയെ മതേതരത്വമായി ഗാന്ധിജി സ്വീകരിച്ചു. അത് അപക്വമായ കാഴ്ചപ്പാടായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ, വ്യത്യസ്ത മതസമുദായങ്ങളുള്ള ഇന്ത്യയില്‍ മതസൌഹാര്‍ദത്തിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ വയ്യ.

അഹിംസക്കായി പ്രവര്‍ത്തിച്ച ഗാന്ധിയുടെ കാലത്തുതന്നെ വര്‍ഗീയ കലാപങ്ങള്‍ നടന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തില്‍ വര്‍ഗീയതയുടെ പേരില്‍ കൂട്ടക്കൊലകള്‍ നടന്നു. ഈ സാഹചര്യത്തില്‍ ഗാന്ധിസം ഒരു പരാജയമാണെന്നു കരുതുന്നുണ്ടോ?

ഗാന്ധി മുന്നോട്ടുവെച്ച സാമൂഹ്യ സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെപോയത് സമൂഹത്തിന്റെ പരാജയമാണ്. ഗാന്ധിയന്‍ ആശയങ്ങളുടെ അടിത്തറ മനുഷ്യസ്നേഹം ആയിരുന്നു; മതേതരത്വവും. എത്രതന്നെ ശ്രമിച്ചിട്ടും വര്‍ഗീയതയ്ക്ക് ഒരു പ്രതിവിധി കാണാന്‍ കഴിഞ്ഞില്ലെന്നത് ഒരു പരാജയംതന്നെ. പക്ഷേ, ആ പരാജയത്തിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. സാമുദായികമായ പിന്നോക്കാവസ്ഥ, കൊളോണിയല്‍ ഭരണാധികാരികളുടെ കുതന്ത്രങ്ങള്‍ തുടങ്ങിയവ.

ബ്രിട്ടീഷ് ഭരണത്തിന്റെ ഉല്പന്നമാണ് വര്‍ഗീയത എന്നു കരുതുന്നുണ്ടോ? പല ചരിത്രകാരന്മാരും ഇങ്ങനെയാണ് വര്‍ഗീയതയെ നിര്‍വചിക്കുന്നത്?

ഈ കാര്യത്തില്‍ മറ്റു ചരിത്രകാരന്മാര്‍ക്കുള്ള ഒരു വീക്ഷണമല്ല എനിക്കുള്ളത്. അത് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതുമാണ്. വര്‍ഗീയത ബ്രിട്ടീഷ് ഭരണകാലത്തു ശക്തമായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ അധികമുണ്ടായത് ഈ കാലത്താണ്. അതിനു മുമ്പ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് ഇതിനര്‍ഥമില്ല. 1716ല്‍ ഗുജറാത്തില്‍ ഉണ്ടായ വര്‍ഗീയകലാപമാണ് ആദ്യം രേഖപ്പെടുത്തിയിട്ടുള്ള സംഭവം. സമുദായഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷം സമൂഹത്തില്‍ കൊളോണിയല്‍ ഭരണത്തിന് മുമ്പും ഉണ്ടായിരുന്നു. മധ്യകാലഘട്ടത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയതക്കും വ്യത്യസ്തമായ മാനങ്ങളുണ്ടായി. വര്‍ഗീയത രാഷ്ട്രീയവുമായി ബന്ധപ്പെടുന്നത് കൊളോണിയല്‍ കാലഘട്ടത്തില്‍ മാത്രമാണ്. ഇതിനെ കൊളോണിയല്‍ ശക്തികള്‍ ഉപയോഗിക്കുകയാണുണ്ടായത്. 1947നു ശേഷം ഭരണവര്‍ഗവും വര്‍ഗീയതയെ ഒരു ഉപകരണമായി ഉപയോഗിച്ചു. കേരളത്തില്‍തന്നെ നായര്‍, ഈഴവര്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരില്‍പ്പെട്ട സാധാരണക്കാര്‍ അവര്‍ അറിയാതെതന്നെ ഉപയോഗിക്കപ്പെടുകയാണ്. ശക്തിയുള്ളവര്‍ ദുര്‍ബലരെ മതത്തിന്റെ പേരുപറഞ്ഞ് കരുക്കളാക്കുന്നു.

ഗുജറാത്തില്‍ ബിജെപി നേടിയ വിജയം ഇന്ത്യയിലാകെ പടരുമെന്ന് ഒരു തോന്നലുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതേപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ഗുജറാത്ത് പ്രതീകമെന്ന നിലയില്‍ ദേശീയതലത്തില്‍ ഉപയോഗിക്കാന്‍ സാധ്യമല്ല. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിക്കുണ്ടായ വിജയം ഇന്ത്യയിലാകെ പടരാന്‍ സാധ്യതയുള്ളതാണെന്ന് ചിലര്‍ പറയുന്നതില്‍ കഴമ്പില്ല. രാമജന്മഭൂമിയെ ഉപയോഗിച്ചതുപോലെ നരേന്ദ്രമോഡിയുടെ വര്‍ഗീയമുഖം ഉപയോഗിക്കാനാകില്ല. പക്ഷേ, മോഡിയിലൂടെ ബിജെപി പുതിയൊരു മുഖംമൂടി കൊണ്ടുവന്നിരിക്കുകയാണ്. വര്‍ഗീയത പല മുഖംമൂടികള്‍ ഉപയോഗിക്കുന്നു. ഒരിക്കലും തങ്ങള്‍ മുസ്ലിങ്ങളെ കൊല്ലാന്‍ പോവുകയാണ് എന്നു പറയില്ല. ഹിന്ദുക്കളുടെ മതവിശ്വാസത്തില്‍ അധിഷ്ഠിതമായ രാമജന്മഭൂമി പോലെ ഗുജറാത്ത് ഒരു സിംബലായി ഉപയോഗിക്കാനാകില്ല. വികസനം, ഭരണം എന്നീ മുദ്രാവാക്യങ്ങളാണ് മോഡിയുടെ മുഖംമൂടി. ആ മുഖംമൂടി ആയിരിക്കും ദേശീയതലത്തില്‍ ഉപയോഗിക്കാന്‍ പോകുന്നത്.

ഗുജറാത്തിനെപ്പറ്റി ഒരുപാടാളുകള്‍ എഴുതി, പ്രസംഗിച്ചു. സന്നദ്ധ സംഘടനകള്‍ ഗ്രാമങ്ങളുടെ ഉള്ളുകളിലേക്കിറങ്ങി പ്രവര്‍ത്തിച്ചു. ഒരുപാടുപേര്‍ വര്‍ഗീയക്കുരുതിയുടെ തെളിവുകള്‍ ഹാജരാക്കി. ഇതൊന്നും ജനങ്ങള്‍ ചെവിക്കൊണ്ടില്ല. വര്‍ഗീയവാദികളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ജനങ്ങളെ വശീകരിക്കാന്‍ കഴിഞ്ഞു. ഇതുതന്നെയാണ് ഫാസിസത്തിന്റെ സ്വഭാവം. മാനവികവാദങ്ങള്‍ക്ക് സ്വാധീനമുണ്ടാകില്ല. വസ്തുതകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നു. ഗുജറാത്തില്‍ മോഡി വര്‍ഗീയമായി ചെയ്തതെന്തെന്ന് മറക്കുകയും ഇന്ത്യയ്ക്ക് ആവശ്യമായ വികസനത്തിന് പ്രാപ്തനായ വ്യക്തി മോഡിയാണെന്ന ആശയം മുന്നോട്ടു വെക്കുകയും ചെയ്തു. ഇതൊക്കെ തെറ്റായ പ്രചാരണമാണ്, അര്‍ഥമില്ലാത്ത കാര്യങ്ങളാണ് എന്നു പറഞ്ഞു നടന്നിട്ട് കാര്യമില്ല. ഗുജറാത്ത് മോഡല്‍ വികസനത്തിനുള്ള ബദല്‍ വികസനനയം മുന്നോട്ടുവെച്ചാല്‍ ജനങ്ങള്‍ ശ്രദ്ധിക്കും. ഇതിനു കഴിയുന്നത് മതേതരശക്തികള്‍ക്കാണ്. മതേതരശക്തികള്‍ എന്നു പറയുന്നത് മൂന്നാം മുന്നണിയല്ല. മതേതരസ്വഭാവമുള്ളവരെ പാര്‍ടികളായി വേര്‍തിരിച്ചു കാണരുത്. മതേതരവിശ്വാസികള്‍ ഇന്ത്യയിലാകെ എല്ലാ രാഷ്ട്രീയ പാര്‍ടികളിലുമുണ്ട്. ഒരു പാര്‍ടിയിലും പെടാത്തവരുമുണ്ട്. ഇടതുപക്ഷ ചായ്‌വുള്ള ഇവരുടെ അംഗസംഖ്യ വളരെ വലുതാണ്. ആദര്‍ശപരമായി, പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മതേതര ഇടതുപക്ഷ സ്വഭാവമുള്ള ശക്തികളെ ഒത്തൊരുമിച്ചു കൊണ്ടുവരണം. എങ്കിലേ വര്‍ഗീയതയുടെയും ആഗോളവല്‍ക്കരണത്തിന്റെയും കെടുതികള്‍ മറികടക്കാന്‍ കഴിയൂ.

ബിജെപി വര്‍ഗീയത പറഞ്ഞുകൊണ്ടല്ലല്ലോ സാംസ്കാരിക ആകര്‍ഷണത്തിലൂടെയല്ലേ ആളുകളെ വശത്താക്കുന്നത്?

ഹിന്ദുവര്‍ഗീയശക്തികളുടെ സ്വഭാവം ഇന്ത്യയില്‍ എന്താണെന്നു നോക്കാം. ഒരു പാര്‍ടിയുടെ രാഷ്ട്രീയ സ്വാധീനത്തെ അളക്കുന്നത് ജനപ്രതിനിധികളുടെ എണ്ണം നോക്കിയാണ്. ഇപ്പോള്‍ വര്‍ഗീയതക്ക് ശക്തിയില്ലെന്നു പറയുന്നത് ഇവരുടെ രാഷ്ട്രീയ ശക്തി നോക്കിയിട്ടാണ്. പല സംസ്ഥാനങ്ങളിലും ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണംപോലും നഷ്ടപ്പെടുന്നു. ഇന്ത്യയില്‍ ഹിന്ദുവര്‍ഗീയത പ്രവര്‍ത്തിക്കുന്നത് വിവിധ മേഖലകളിലാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് സാംസ്കാരിക മേഖലയും സാമൂഹ്യമേഖലയും. മതവും സംസ്കാരവും ഒന്നാണ് എന്നു സ്ഥാപിക്കുകയാണ് സാംസ്കാരിക മേഖലയില്‍ അവര്‍ ചെയ്യുന്നത്. കൂടാതെ, സാമൂഹ്യപ്രശ്നങ്ങള്‍ വരുമ്പോള്‍ വര്‍ഗീയശക്തികള്‍ മുന്‍കൈയെടുക്കുന്നു. വളരെയധികം സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടന്നുകയറിയിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം ആര്‍എസ്എസ് സംഘടനയാണെന്ന് എല്ലാവര്‍ക്കുമറിയാം. രാജസ്ഥാനിലെ ഒരു സര്‍വകലാശാല ഇതിനെ ഒരു ഗവേഷണ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വത്തില്‍ കേരളത്തെക്കുറിച്ചുള്ള ഗവേഷണങ്ങളാണ് ഇവര്‍ നടത്താന്‍ സാധ്യത. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ഇതിനെ പഠനകേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ സ്വാധീനം സൃഷ്ടിക്കുകയാണ് ഹിന്ദുവര്‍ഗീയതയുടെ ലക്ഷ്യം. ദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലൊക്കെ ഹിന്ദുവര്‍ഗീയ ശക്തികള്‍ എത്തുന്നു. കഠിനമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ രാഷ്ട്രീയമായി മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. വേര്‍തിരിവ് ഉണ്ടായാല്‍ അതില്‍നിന്ന് വര്‍ഗീതയ്ക്ക് രാഷ്ട്രീയമായി മുതലെടുക്കാന്‍ കഴിയും.

ഹിന്ദുമതം സഹിഷ്ണുതയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയുമുള്ള മതമാണെന്ന വാദത്തില്‍ കഴമ്പുണ്ടോ?

സഹിഷ്ണുതയുള്ള മതമാണെന്ന പ്രചാരണത്തെ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഹിന്ദുമതം ഒരു മതമല്ല. 19-ആം നൂറ്റാണ്ടിലാണിത് മതമായി സൃഷ്ടിക്കപ്പെടുന്നത്. മതങ്ങളുടെ ഇടയില്‍ ഇത്രയും സഹിഷ്ണുത ഇല്ലാത്ത ഒരു മതം ലോകത്ത് വേറെയെവിടെയുമില്ല. മതമല്ലാത്ത ഹിന്ദുമതത്തില്‍ ഉള്‍ക്കൊള്ളലുകളുണ്ട്. പക്ഷേ മതമായ ഹിന്ദുമതത്തില്‍ അസഹിഷ്ണുതയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. വാസ്തവത്തില്‍ ജാതിവ്യവസ്ഥയില്‍ ഇത്രയും പീഡിപ്പിക്കുന്ന വേറൊരു മതമില്ല. ജാതി വ്യവസ്ഥയുടെ നിഷ്‌ഠൂരത മറ്റൊരു മതത്തിലുമില്ലല്ലോ? പല വിധത്തിലുള്ള ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്കു വന്നിട്ടുണ്ട്, അവരുടെ സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. പക്ഷേ ഹിന്ദുമതം പരമ്പരാഗതമായി മറ്റു മതവിഭാഗങ്ങളെ അവജ്ഞയോടെയാണ് കണ്ടത്. ഹിന്ദുക്കള്‍ അല്ലാത്തവരെ വിശേഷിപ്പിക്കാന്‍ 'മ്ലേച്ഛന്മാര്‍' എന്ന പദമാണ് ഉപയോഗിച്ചത്.

ഒറീസയില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ എങ്ങനെ കാണുന്നു? ആദിവാസി മേഖലയിലാണല്ലോ ഇപ്പോള്‍ ആക്രമണങ്ങള്‍ നടക്കുന്നത്.

ഒറീസയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് മതപരമായ വേര്‍തിരിവ് സൃഷ്ടിക്കാനാണ് ന്യൂനപക്ഷങ്ങള ആക്രമിക്കുന്നത്. അക്രമങ്ങള്‍ വര്‍ഗീയ വിഭജനത്തിന്റെ തുടക്കമാണ്. ഹിന്ദുവര്‍ഗീയ ശക്തികള്‍ ഇപ്പോള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് ആദിവാസി മേഖലയിലാണ്. പല സ്ഥലങ്ങളിലും സ്കൂളുകള്‍ തുടങ്ങിക്കഴിഞ്ഞു. 'ഏകല്‍ വിദ്യാലയങ്ങള്‍' എന്നാണിവ അറിയപ്പെടുന്നത്. ആദിവാസിമേഖലയില്‍ സ്വാധീനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിനാവശ്യമായ വോട്ട് ഇവിടെനിന്ന് സമാഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഈ മേഖലകളില്‍ ഇതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏക ശക്തി ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ അവിടെനിന്നോടിച്ചാല്‍ മാത്രമേ ഹിന്ദുവര്‍ഗീയതയ്ക്ക് സ്വാധീനമുറപ്പിക്കാന്‍ പറ്റൂ. ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിക്കുന്നത് ഈ രഹസ്യ അജന്‍ഡയുടെ ഭാഗമാണ്. ഇത് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാനുള്ള പ്രവണതയാണ് കാണുന്നത്. ആദിവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട ഭരണകൂടം അതു ചെയ്യാത്തതുകൊണ്ടാണ് ഈ ഇടപെടലുകള്‍ സാധ്യമാകുന്നതെന്ന യാഥാര്‍ഥ്യംകൂടി തിരിച്ചറിയണം.

ദളിതരുടെ ആരാധനാസമ്പ്രദായങ്ങള്‍ മാറ്റിയെടുക്കുകയാണ് ഹിന്ദു വര്‍ഗീയശക്തികള്‍ ഇപ്പോള്‍ ചെയ്യുന്നത്. വയനാട്ടില്‍ ഈയിടെ ചെന്നപ്പോള്‍ ആദിവാസികളുടെ കാവുകള്‍ ഒക്കെ 'പൂര്‍ണകുംഭകലശം' നടത്തി ഹിന്ദു ദേവന്മാരെയും ദേവിമാരെയുമൊക്കെ പ്രതിഷ്ഠിക്കുന്ന പ്രക്രിയ ശ്രദ്ധയില്‍ പെട്ടു. കേരളത്തില്‍ പലയിടത്തുനിന്നും ഇപ്പോള്‍ വിഗ്രഹങ്ങള്‍ കണ്ടെത്തുന്നതായി കാണാം. വൈകാതെ അവിടെയൊരു ക്ഷേത്രവുമുയരുന്നു. 1947നു ശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വികസനം അമ്പലങ്ങളുടെയും പള്ളികളുടെയും കാര്യത്തിലാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് പുതിയ ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ചില നിയമങ്ങളൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നും ബാധകമല്ല. ഒരു ദിവസം പെട്ടെന്ന് എവിടെ വേണമെങ്കിലും ആരാധനാലയങ്ങള്‍ ഉയരാം.

ഗാന്ധിജിയുടെ മതേതര കാഴ്ചപ്പാടിന് എന്തെങ്കിലും അപാകതകള്‍ ഉണ്ടായിരുന്നോ?

സമുദായ മൈത്രിക്കു വേണ്ടിയാണ് ഗാന്ധിജി പ്രവര്‍ത്തിച്ചത്. സമുദായമൈത്രി സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. മതേതരത്വം സമുദായ മൈത്രിയായി ചുരുങ്ങി. മതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് പൊതുവായ സ്ഥാപനങ്ങള്‍ ഉണ്ടാക്കാനുള്ള പരിശ്രമമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെ വളര്‍ന്നു വരണമെന്നതിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. മതേതരത്വത്തിന് ഗാന്ധി അത്രതന്നെ ഊന്നല്‍ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു. അതിന് പ്രാപ്തിയുണ്ടായിരുന്ന ഏക വ്യക്തി ഗാന്ധിജിയായിരുന്നു എന്നു മറന്നുകൂടാ. പക്ഷേ, നഷ്ടപ്പെട്ട അവസരത്തെക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ലല്ലോ.

ഇന്ത്യയിലെ മധ്യവര്‍ഗം വര്‍ഗീയതയുടെ വക്താക്കളായി മാറിയതെങ്ങനെയാണ്?

മധ്യവര്‍ഗമാണ് വര്‍ഗീയതയുടെ അടിത്തറയായി നിലകൊള്ളുന്നത്. ആധുനിക പരിതഃസ്ഥിതിയില്‍ ജീവിക്കുന്ന മധ്യവര്‍ഗം സാംസ്കാരിക പൊള്ളത്തരം അനുഭവിക്കുന്നു. വര്‍ഗീയത മുന്നോട്ടുവെക്കുന്ന സാംസ്കാരിക വിശദീകരണങ്ങളാണ് അവരുടെ സ്വത്വബോധം സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തിന്റെ സാംസ്കാരികമായ പ്രതിസന്ധിയെ മുതലെടുക്കുകയാണ് വര്‍ഗീയത ചെയ്യുന്നത്. ആഗോളവല്‍ക്കരണത്തെയും വര്‍ഗീയതയെയും നേരിടുക എന്ന ലക്ഷ്യത്തോടെ പുതിയൊരു മൂന്നാം രാഷ്ട്രീയ ശക്തിയാണ് ഇനി വരേണ്ടത്. വര്‍ഗീയതയ്ക്ക് മുഖംമൂടിയിട്ട് ബിജെപി വികസന അജന്‍ഡയുമായി മുന്നോട്ടു പോകുമ്പോള്‍ ഒരു ബദല്‍ മുന്നോട്ടു വെക്കാന്‍ കഴിയണം. ആഗോളവല്‍ക്കരണത്തിനു വേണ്ടിയുള്ള മുറവിളിയാണ് ബിജെപിയും നടത്തുന്നതെന്ന അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കണം. ഇന്ത്യയില്‍ താഴെക്കിടയിലുള്ള 30 ശതമാനം ജനങ്ങളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അതിന് താഴെത്തട്ടില്‍നിന്നുള്ള വികസനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. ചെറുകിട വ്യവസായസംരംഭങ്ങളാണ് ഉണ്ടാകേണ്ടതെന്ന് ഗാന്ധി പറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇന്ന് ആഗോളവല്‍ക്കരണം ദുരിതത്തിലാഴ്ത്തിയ ദരിദ്രന്റെ ജീവിതം.

-ഡോ. കെ എന്‍ പണിക്കരുമായി ലേഖ എസ് കുമാര്‍ നടത്തിയ അഭിമുഖം. കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മധ്യവര്‍ഗമാണ് വര്‍ഗീയതയുടെ അടിത്തറയായി നിലകൊള്ളുന്നത്. ആധുനിക പരിതഃസ്ഥിതിയില്‍ ജീവിക്കുന്ന മധ്യവര്‍ഗം സാംസ്കാരിക പൊള്ളത്തരം അനുഭവിക്കുന്നു. വര്‍ഗീയത മുന്നോട്ടുവെക്കുന്ന സാംസ്കാരിക വിശദീകരണങ്ങളാണ് അവരുടെ സ്വത്വബോധം സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തിന്റെ സാംസ്കാരികമായ പ്രതിസന്ധിയെ മുതലെടുക്കുകയാണ് വര്‍ഗീയത ചെയ്യുന്നത്. ആഗോളവല്‍ക്കരണത്തെയും വര്‍ഗീയതയെയും നേരിടുക എന്ന ലക്ഷ്യത്തോടെ പുതിയൊരു മൂന്നാം രാഷ്ട്രീയ ശക്തിയാണ് ഇനി വരേണ്ടത്. വര്‍ഗീയതയ്ക്ക് മുഖംമൂടിയിട്ട് ബിജെപി വികസന അജന്‍ഡയുമായി മുന്നോട്ടു പോകുമ്പോള്‍ ഒരു ബദല്‍ മുന്നോട്ടു വെക്കാന്‍ കഴിയണം. ആഗോളവല്‍ക്കരണത്തിനു വേണ്ടിയുള്ള മുറവിളിയാണ് ബിജെപിയും നടത്തുന്നതെന്ന അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കണം. ഇന്ത്യയില്‍ താഴെക്കിടയിലുള്ള 30 ശതമാനം ജനങ്ങളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.

ഡോ. കെ എന്‍ പണിക്കരുമായി ലേഖ എസ് കുമാര്‍ നടത്തിയ അഭിമുഖം ഇവിടെ പോസ്റ്റ് ചെയ്യുന്നു.

Anonymous said...

ഇതില്‍ കേരളത്തില്‍ നടന്ന ഒരു സംഭവം പറഞ്ഞിട്ടില്ല.
മാറാടു മരിചതു ഹിന്ദു ആയതു കൊണ്ടായിരിക്കും ...
അതൊ മുസ്ലിം തീവ്രവാദി കൊല്ലുന്നതു... ഹിംസ ആവിലേയ്‌ ഗാന്ധിയാ...
അവിടുതെ പള്ളിയില്‍ നിന്നു പിടിച വാള്‍ നിങ്ങളേ പോലുള്ള മനുഷ്യസ്നേഹികള്‍ കണ്ടു കാണില്ല...
എന്നു നിങ്ങളെ പോലുള്ള ആളുകള്‍ ഈ അവസര വാദം നിര്‍ത്തും...

ഒരു തീവ്രവാദവും നല്ലതല്ലാ..
പക്ഷെ ഒന്നു മാത്രം തെറ്റാണെന്നു പറയുന്നവനാണു തീവ്രവാദി...