Showing posts with label കോണ്‍ഗ്രസ്. Show all posts
Showing posts with label കോണ്‍ഗ്രസ്. Show all posts

Saturday, May 17, 2014

കോണ്‍ഗ്രസ് വരുത്തിവച്ച നാശം

വണ്ട് വിളക്കില്‍വീണ് സ്വയം തുലയുക മാത്രമല്ല, വിളക്കിലെ നാളം കെടുത്തുകകൂടി ചെയ്യുന്നുവെന്ന് ഒരു ചൊല്ലുണ്ട്. പൊതുതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനം ഈ ചൊല്ല് ഓര്‍മിപ്പിക്കുന്ന വിധത്തിലായി. ദുഷ്ചെയ്തികളിലൂടെ ആ പാര്‍ടി അതിന്റെ ചരിത്രത്തിലില്ലാത്തവിധം തകര്‍ന്നു. ഒപ്പം, രാജ്യത്തിന്റെ ഭരണം മതനിരപേക്ഷഘടനയെത്തന്നെ അപകടപ്പെടുത്താന്‍ വ്യഗ്രതപൂണ്ടുനില്‍ക്കുന്ന വര്‍ഗീയശക്തി ഏറ്റെടുക്കുന്ന സ്ഥിതി സൃഷ്ടിക്കുകയുംചെയ്തു.

അതിഭീകരമായ മാനങ്ങളിലേക്ക് വളര്‍ന്ന അഴിമതി, തുടര്‍ച്ചയായ ജനദ്രോഹ-രാജ്യദ്രോഹനടപടികള്‍, കോര്‍പറേറ്റ് പ്രീണനം, സാമ്രാജ്യത്വവിധേയത്വം, ജനങ്ങളെ പാപ്പരീകരിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക പരാമാധികാരം അപകടപ്പെടുത്തുന്നതുമായ നയനിലപാടുകള്‍ തുടങ്ങിയവയിലൂടെ കോണ്‍ഗ്രസ് സ്വയം വരുത്തിവച്ചതാണ് ഈ നാശം. 1984ല്‍ ആകെയുള്ള 543ല്‍ 404ഉം നേടിയ ആ പാര്‍ടി മൂന്നുപതിറ്റാണ്ടുകൊണ്ട് വെറും അമ്പത് സീറ്റു കടക്കാനാകാതെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. അടിയന്തരാവസ്ഥയെത്തുടര്‍ന്നുവന്ന 1977ലെ തെരഞ്ഞെടുപ്പില്‍പോലും 154 സീറ്റ് നിലനിര്‍ത്താന്‍കഴിഞ്ഞ ആ പാര്‍ടിക്ക് ഇന്ന് അതില്‍നിന്ന് നൂറിലധികം സീറ്റ് കുറഞ്ഞ അവസ്ഥയില്‍ വന്നുനില്‍ക്കേണ്ടിവന്നിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയായിരുന്നു എന്നും കോണ്‍ഗ്രസിന്റെ കോട്ട. അതില്‍പെട്ട ഉത്തര്‍പ്രദേശിലും ബിഹാറിലും ഹരിയാനയിലും മധ്യപ്രദേശിലും ഗുജറാത്തിലുമൊക്കെ രണ്ടക്കസംഖ്യയിലേക്കുപോലും കടക്കാനാകാതെവന്നിരിക്കുന്നു. പലയിടത്തും പൂജ്യം; ചിലയിടത്ത് രണ്ടോ നാലോ. ഈ നിലയിലേക്ക് കോണ്‍ഗ്രസ് തകര്‍ന്നുവീണിരിക്കുന്നു. ഏതാണ്ട് പൂര്‍ണമായിക്കഴിഞ്ഞ തകര്‍ച്ച.

ഇങ്ങനെ ദുഷ്ചെയ്തികളിലൂടെ സ്വയം തകര്‍ന്നുകൊണ്ടും ജനാധിപത്യവിരുദ്ധനടപടികളിലൂടെ ഇതര മതനിരപേക്ഷ പാര്‍ടികളെ ദുര്‍ബലപ്പെടുത്തിക്കൊണ്ടുമാണ് കോണ്‍ഗ്രസ് ബിജെപിക്ക് അധികാരത്തിലേക്കുള്ള പാത ക്ലേശരഹിതമാക്കിക്കൊടുത്തത്. ആ പാതയിലൂടെ സഞ്ചരിച്ചാണ് ബിജെപി തനിച്ചുതന്നെ ഭൂരിപക്ഷത്തിനുവേണ്ടതിലപ്പുറം സീറ്റുകള്‍ നേടിയെടുത്തത്; എന്‍ഡിഎയെ മുന്നൂറ്റിമുപ്പതിനുമപ്പുറത്തേക്ക് നയിച്ചത്. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനുകഴിയില്ല എന്ന സത്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. മൃദുഹിന്ദുത്വനയവുമായി ബിജെപിയോടു മത്സരിക്കാന്‍ നോക്കുന്ന കോണ്‍ഗ്രസിന് കടുത്ത ഹിന്ദുത്വത്തിന്റെ ശക്തികള്‍ക്കുമുമ്പില്‍ പട്ടുപരവതാനി വിരിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ല. അതാണ് ഇപ്പോള്‍ കണ്ടത്. ഇന്ത്യയിലെ മതനിരപേക്ഷവോട്ടുകള്‍ ശിഥിലീകരിച്ചുപോകുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബിജെപിയുടെ അധികാരപ്രാപ്തി ഒഴിവാകുമായിരുന്നു. ജനങ്ങളില്‍ വിശ്വാസംപകരുന്ന വിധത്തില്‍ ഒരു മതനിരപേക്ഷ ബദല്‍ ഉയര്‍ത്തിക്കാട്ടാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന നിലപാട് പല മതനിരപേക്ഷകക്ഷികളും കൈക്കൊണ്ടില്ല. അതുകൊണ്ടുണ്ടായ ദുരന്തം അവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാകണം. ഇപ്പോഴുണ്ടായ അപകടത്തില്‍നിന്ന് പാഠം പഠിക്കുന്നുമുണ്ടാകണം.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും ബിജെപിയും തൃണമൂലും എല്ലാം പരസ്പരം വേറിട്ടുനിന്നപ്പോഴും ഒരു കാര്യത്തില്‍ ഒരുമിച്ചു. ആക്രമണത്തിന്റെ കുന്തമുന ഇടതുപക്ഷത്തിനുനേര്‍ക്ക് തിരിക്കുന്നതില്‍. ഇടതുപക്ഷത്തെക്കുറിച്ച് ജനങ്ങളില്‍ വലിയതോതില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതില്‍ പരസ്പരം ചേരാതിരിക്കുമ്പോഴും ഈ കക്ഷികള്‍ വിജയിച്ചു. അത് അവിടെനിന്നുള്ള ഫലത്തില്‍ പ്രകടമാണ്. ത്രിപുരയിലാകട്ടെ, ഇടതുപക്ഷം സുശക്തമായ കോട്ടയായി നിലകൊണ്ടു. അതിന്റെ ഫലം അവിടെനിന്നുള്ള വിജയത്തില്‍ പ്രതിഫലിക്കുന്നുണ്ടുതാനും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യഥാര്‍ഥ ശക്തിയ്ക്കൊത്തുള്ള സ്വാധീനം തെരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിച്ചു എന്നു പറയാനാകില്ല. ജാതീയത, വര്‍ഗീയത, പണസ്വാധീനം കള്ളപ്രചാരണങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മുതല്‍ ബിജെപിയുമായുള്ള വോട്ടുകൈമാറ്റംവരെയുള്ള കാര്യങ്ങള്‍ അണിയറയില്‍ നീക്കിക്കൊണ്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലുണ്ടായതിന്റെ നേരെ ഇരട്ടിവിജയം ഉറപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിഞ്ഞു.

കഴിഞ്ഞതവണ മിക്ക യുഡിഎഫ് സ്ഥാനാര്‍ഥികളും നേടിയ ഭൂരിപക്ഷം കനത്തതോതില്‍ കുറയ്ക്കാനും ഇവിടെ എല്‍ഡിഎഫിന് സാധിച്ചു. കഴിഞ്ഞതവണ 43,151 വോട്ടിന്റെ ഭൂരിപക്ഷംനേടിയ കെ സുധാകരനെയും 25,151 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി സി ചാക്കോയെയും 71,679 വോട്ടിന്റെ ഭൂരിപക്ഷംനേടിയ കെ പി ധനപാലനെയും ഒക്കെ ഒരുവശത്ത് തോല്‍പ്പിച്ചപ്പോള്‍ മറുവശത്ത് 99,998 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ശശി തരൂര്‍, 56,186 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, 1,53,439 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എം ഐ ഷാനവാസ് എന്നിവരുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച ഇടിവുവരുത്തി ഇക്കുറി എല്‍ഡിഎഫ്. ഇഞ്ചോടിഞ്ചുപൊരുതി വോട്ടെണ്ണല്‍ പ്രക്രിയയിലുടനീളം വയനാട്, വടകര, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ത്തന്നെ നിര്‍ത്താനും എല്‍ഡിഎഫിനു സാധിച്ചു.

യുഡിഎഫിന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷത്തില്‍നിന്ന് ഇത്തവണ കിട്ടിയ ഭൂരിപക്ഷം കുറച്ചാല്‍ കിട്ടുന്നത് യുഡിഎഫില്‍നിന്ന് ഇക്കാലത്ത് ചോര്‍ന്നുപോയ ജനപിന്തുണയുടെ ആകെത്തുകയാകും. അംബാനി ഗ്രൂപ്പ് മുതല്‍ അദാനി ഗ്രൂപ്പ് വരെയുള്ള കോര്‍പറേറ്റ് വമ്പന്മാരുടെ ചെലവിലുണ്ടായ വിജയമാണ് മോഡിയുടേത്. വര്‍ഗീയതയുടെ പുലിപ്പുറത്തുകയറിയുള്ള വരവാണ് മോഡിയുടേത്. തനിച്ചുതന്നെ കേവലഭൂരിപക്ഷം കിട്ടിയെങ്കിലും ഭരണസ്ഥിരത പ്രദാനംചെയ്യാന്‍ ഇവര്‍ക്കുകഴിയുമെന്ന് പറയാനാകില്ല. അഥവാ ഭരണസ്ഥിരതയുണ്ടായാല്‍ത്തന്നെ അത് രക്തരൂക്ഷിതമായ കലാപങ്ങളുടെ സ്ഥിരതയാകും എന്നതില്‍ സംശയവുമില്ല.

രാമക്ഷേത്രനിര്‍മാണം, പൊതുസിവില്‍ നിയമം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ എങ്ങനെയൊക്കെ നീങ്ങുമെന്നത് രാജ്യം ഉറ്റുനോക്കുകയാണ്. വര്‍ഗീയകലാപങ്ങളുടെ കാര്യത്തില്‍ എന്തു നിലപാട് കൈക്കൊള്ളുമെന്നതും രാജ്യം ശ്രദ്ധിക്കുന്നുണ്ട്. സാമ്പത്തിക ഉദാരവല്‍ക്കരണനയം, സാമ്രാജ്യത്വാനുകൂല വിദേശനയം തുടങ്ങിയ കാര്യങ്ങളില്‍ ഒരുവിധത്തിലും കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമല്ലാത്ത ബിജെപിയെ ആ നയങ്ങള്‍ കോണ്‍ഗ്രസിന് വരുത്തിവച്ച ദുരന്തങ്ങള്‍തന്നെയാകും ഭാവിയില്‍ കാത്തിരിക്കുന്നുണ്ടാകുക.

ബിജെപിയില്‍ ആഭ്യന്തരകലാപം ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു. മോഡിക്ക് വിജയത്തിന്റെ ക്രെഡിറ്റ് നല്‍കാന്‍ വിസമ്മതിക്കുന്ന എല്‍ കെ അദ്വാനി, അദ്വാനിയെ സ്പീക്കര്‍പദവിയിലൊതുക്കാന്‍ശ്രമിക്കുന്ന മോഡി, മോഡിമന്ത്രിസഭയിലേക്കില്ലെന്നു പറയുന്ന സുഷമ സ്വരാജ്- ഇവരൊക്കെ ആഭ്യന്തരകലാപത്തിന്റെ പ്രതീകങ്ങളാണ്.

വര്‍ഗീതയെ ചെറുക്കാനും മതനിരപേക്ഷതയെ ശക്തിപ്പെടുത്താനും സാമ്പത്തിക സ്വാശ്രയത്വത്തെ രക്ഷിക്കാനും രാഷ്ട്ര പരമാധികാരത്തിന് കാവലാകാനും ഇടതുപക്ഷവും അതിന്റെ മുന്‍കൈയിലുണ്ടാകുന്ന ജനാധിപത്യ മതനിരപേക്ഷസംവിധാനങ്ങളുമേയുള്ളൂ എന്നത് രാജ്യം തിരിച്ചറിയാന്‍പോകുന്ന നാളുകളാണിനി വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ജയിച്ച സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ പരിമിതപ്പെട്ടുനില്‍ക്കുന്നതാകില്ല പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് വഹിക്കാനുള്ള വര്‍ധിച്ച പങ്ക്. ആ പങ്ക് ഏറ്റെടുക്കാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരുമില്ല എന്നിടത്താണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രസക്തി.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, April 29, 2014

അടിച്ചും പൊളിച്ചും കോണ്‍ഗ്രസ്-ലീഗ് ബാന്ധവം

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തമ്മില്‍ത്തല്ലിന് കൊഴുപ്പ് കൂടുകയാണ്. പല പഞ്ചായത്തുകളിലും ഇതിനകം യുഡിഎഫ് സംവിധാനം തകര്‍ന്നു. വിവാദങ്ങളും വീരവാദങ്ങളും കണ്ടുംകേട്ടും ജനം മടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ഇ ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന് തുറന്നുപറഞ്ഞതും, മുസ്ലിം ലീഗ് അതേ ബഷീറിനെതന്നെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയതുമാണ് കോണ്‍ഗ്രസിന് വെല്ലുവിളിയായത്.

കടുത്ത വര്‍ഗീയവാദിയായി മുദ്രകുത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ ജയിച്ചാല്‍ ലീഗിന്റെ മുമ്പില്‍ തങ്ങള്‍ ഏത്തമിടേണ്ടി വരുമെന്നു മാത്രമല്ല, മലപ്പുറത്ത് തങ്ങളെ ലീഗുകാര്‍ പിടിച്ച് ഖബറടക്കുമോ എന്ന ഭയംകൂടി കോണ്‍ഗ്രസുകാരെ വേട്ടയാടുന്നു. സ്വാതന്ത്ര്യ സമരകാലത്തെ കോണ്‍ഗ്രസ്- മുസ്ലിംലീഗ് വടംവലിയാണ് ഇന്ത്യയെ രണ്ടാക്കിയത്. ഭൂരിപക്ഷ ജനാധിപത്യം മുസ്ലിം ന്യൂനപക്ഷത്തിന്റെ മേല്‍ കോണ്‍ഗ്രസ് അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ലീഗ് പാകിസ്ഥാന്‍ വാദം മുന്നോട്ടുവച്ചത്. മൗലാനാ ആസാദ്, അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിവരുടെ നേതൃത്വത്തിലുള്ള മുസ്ലിങ്ങളാവട്ടെ വിഭജനത്തെ ശക്തിയുക്തം എതിര്‍ത്തു.

ഇന്ത്യ വിഭജിച്ചപ്പോള്‍ ലീഗ് നേതാക്കള്‍ അധികാരത്തിനുള്ള ആക്രാന്തംകൊണ്ട് പാകിസ്ഥാനിലേക്ക് പോയി. പാര്‍ടി ഇന്ത്യന്‍ മുസ്ലിങ്ങളെ വഞ്ചിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ ലീഗുകാരായ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. പക്ഷേ, കോണ്‍ഗ്രസ് അവരെ മാന്യമായി സ്വീകരിച്ചില്ല. വിഭജനത്തിന്റെ തിക്തഫലം അനുഭവിച്ച ഉത്തരേന്ത്യന്‍ മുസ്ലിങ്ങള്‍ മുസ്ലിം ലീഗിനെ തങ്ങളുടെ മുഖ്യശത്രുവായിതന്നെ കണ്ടു. എന്നാല്‍, മലബാറടങ്ങുന്ന പഴയ മദിരാശി സംസ്ഥാനത്ത് അവിഭക്ത ലീഗ് നേതാവായിരുന്ന ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിതമായി. കോണ്‍ഗ്രസില്‍നിന്ന് മുസ്ലിങ്ങള്‍ക്കുണ്ടായ അവഗണനയാണ് മുസ്ലിം ലീഗ് പുനര്‍ജനിക്കാനുള്ള കാരണമായി പറയുന്നത്. മുസ്ലിങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയുംചെയ്യുന്ന പതിവ് കോണ്‍ഗ്രസിലെ ചിലരൊക്കെ അനുവര്‍ത്തിച്ചുവെന്നതും ശരിയാണ്.

ഒരു ഫക്കീറായി ജീവിച്ച ഇസ്മായില്‍ സാഹിബ് അവഗണിക്കപ്പെട്ട മുസ്ലിങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തിയപ്പോള്‍ മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നു. മലബാറിലാണ് മുസ്ലിം ലീഗ് നന്നായി വേരുപിടിച്ചത്. കോണ്‍സ്രുകാരനായ സീതി സാഹിബ്, ബാഫഖി തങ്ങള്‍ തുടങ്ങിയവര്‍ ലീഗിന്റെ തലപ്പത്തെത്തിയതോടെ കോണ്‍ഗ്രസിന്റെ മുസ്ലിം സ്വാധീനം കുറയാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് മുസ്ലിം ലീഗും കോണ്‍ഗ്രസിലെ ദേശീയ മുസ്ലിങ്ങളും തമ്മിലുള്ള കണ്ടുകൂടായ്മ. നെഹ്റു പ്രധാനമന്ത്രിയായി കേരളത്തില്‍ വന്നപ്പോഴാണ് മുസ്ലിം ലീഗിനെ ചത്ത കുതിര എന്ന് വിളിച്ചത്. ഉടനെ വന്നു സി എച്ച് മുഹമ്മദ് കോയയുടെ മറുപടി: അല്ല, ലീഗ് ജീവിക്കുന്ന സിംഹമാണെന്ന്. അന്ന് നെഹ്റുവാണ് തോറ്റത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് ലീഗുമായി കൂടേണ്ടി വന്നു.

ഇ എം എസിന്റെ സപ്തകക്ഷി മുന്നണിയാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. മുസ്ലിം ലീഗും മുന്നണിയിലെ ഘടകകക്ഷിയായിരുന്നു. അന്ന് മലപ്പുറം ജില്ലയ്ക്കെതിരെ കോണ്‍ഗ്രസും ജനസംഘവും രംഗത്തെത്തിയത് ജില്ലയില്‍ കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലപ്പെടാന്‍ കാരണമായി. ഇതേചൊല്ലി രണ്ട് പാര്‍ടികളും തമ്മില്‍ത്തല്ലിക്കൊണ്ടിരിക്കെയാണ് സിപിഐ എമ്മിനെ തള്ളി ലീഗ് വീണ്ടും കോണ്‍ഗ്രസ് വേദിയിലെത്തുന്നത്. പഴയ കോണ്‍ഗ്രസുകാരൊക്കെ ഈ കൂട്ടുകെട്ടിനെ വിമര്‍ശിച്ചെങ്കിലും കേരളത്തിലെ കെപിസിസി നേതാക്കള്‍ ലീഗിനെ തലോടിക്കൊണ്ടിരുന്നു. മുസ്ലിം ലീഗ് മലബാറിലെ മറ്റു ജില്ലകളില്‍ ക്ഷയിക്കുകയും മലപ്പുറത്ത് പിടിമുറുക്കുകയും ചെയ്തപ്പോള്‍ മലപ്പുറത്തെ കോണ്‍ഗ്രസിന്റെ അടിത്തറതന്നെ ഇളകി.
 
കോണ്‍ഗ്രസ് മുന്നണിക്ക് ഭരണം കിട്ടുമ്പോഴൊക്കെ മലപ്പുറത്തെ ഭരണം ലീഗുകാര്‍ ഒറ്റയ്ക്കാണ് നടത്തിയത്. ഇടതു മുന്നണി ഭരിക്കുമ്പോഴുണ്ടാവുന്ന സ്വാതന്ത്ര്യംപോലും അപ്പോള്‍ കോണ്‍ഗ്രസിന് കിട്ടുമായിരുന്നില്ല. കോണ്‍ഗ്രസ്- ലീഗ് വഴക്കുകളിലൊക്കെ പൊലീസ് ലീഗ് പക്ഷത്തായിരുന്നു. ലീഗിനോട് ചോദിക്കാതെ ഒരു കാര്യവും നടത്താന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയാതായി. നിയമനങ്ങള്‍പോലും കോണ്‍ഗ്രസുകാര്‍ക്ക് നിഷേധിക്കപ്പെട്ടു. ഈ വടംവലികള്‍ക്കിടയില്‍ ജില്ലയാവട്ടെ പിന്നോക്കമായി തുടര്‍ന്നു. കാര്യമായ ഒരു വികസനവും ജില്ലയിലേക്കെത്തിയില്ല. ലീഗിന് ജില്ലയില്‍നിന്ന് പലപല മന്ത്രിമാര്‍ വന്നെങ്കിലും വികസനം മരീചികയായി തുടര്‍ന്നു. ഭരണതലങ്ങളില്‍ മലപ്പുറം ജില്ലയുടെ വികസനത്തിനാവശ്യമായ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, മലപ്പുറത്തിന് ഒന്നും കിട്ടാതിരിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് ലോബി കരുക്കള്‍ നീക്കുകയുംചെയ്തു.

ഇടതുപക്ഷം ലീഗിനെ തിരസ്കരിച്ചപ്പോഴാണ് ആര്യാടന്‍ മുഹമ്മദ് ലീഗിന്റെ മേല്‍ ഒന്നുകൂടി പിടിമുറുക്കിയത്. അതേസമയം ലീഗില്ലാതെ ഭരണത്തിലേറുക കോണ്‍ഗ്രസിന് പ്രയാസവുമായിരുന്നു. അതിനാല്‍ ആര്യാടന്‍ വിമര്‍ശനം തുടരുമ്പാഴും ഒരു അഡ്ജസ്റ്റ്മെന്റ് എന്ന നിലയ്ക്ക് കെപിസിസി നേതൃത്വം ലീഗിനെ തലോടിക്കൊണ്ടിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്കെടുക്കാന്‍ നായനാര്‍ സര്‍ക്കാര്‍ നിയോഗിച്ച നരേന്ദ്രന്‍ കമീഷന്‍ അതിന്റെ റിപ്പോര്‍ട്ട് യുഡിഎഫ് ഭരണകാലത്താണ് സമര്‍പ്പിച്ചത്.

മുസ്ലിം ന്യൂനപക്ഷത്തിന്റെ സംവരണ സീറ്റുകള്‍ അട്ടിമറിക്കപ്പെട്ടതായി കണ്ടതിനെത്തുടര്‍ന്ന് അത് പരിഹരിക്കാന്‍ ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗവുംകൂടിയായിരുന്നു ഇത്. കോണ്‍ഗ്രസ് അനങ്ങാപ്പാറനയം സ്വീകരിച്ചപ്പോള്‍ യൂത്ത് ലീഗടക്കം പ്രക്ഷോഭം നടത്തി. ഇവര്‍ക്ക് ഇ ടി ബഷീറിന്റെ പിന്തുണയും കിട്ടി. സൂപ്പിയെ തള്ളി ഇ ടി മന്ത്രിസ്ഥാനത്തെത്തുന്നതുവരെ നരേന്ദ്രന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ആവേശം നിലനിന്നു. റിപ്പോര്‍ട്ടിന്റെ കാര്യം കോണ്‍ഗ്രസ് ആര്യാടനെ ഏല്‍പ്പിച്ചതോടെ അത് ഉള്ളതും ചക്കിലൊട്ടി എന്ന പരുവത്തിലായി. 2006ലെ തെരഞ്ഞെടുപ്പില്‍ സമുദായം ലീഗിനെ കൈയൊഴിക്കാന്‍ അത് കാരണമായി. ലീഗ് യുഡിഎഫില്‍ ഏത് ആവശ്യം ഉന്നയിക്കുമ്പോഴും ആര്യാടന്റെ എതിര്‍പ്പുണ്ടാവും. അപ്പോഴൊക്കെ സമുദായത്തിന്റെ മേലുള്ള ലീഗിന്റെ അപ്രമാദിത്തത്തെ അദ്ദേഹം ചോദ്യംചെയ്യും. സിപിഐ എം വ്യാജ ആത്മീയതക്കെതിരെ രംഗത്തിറങ്ങിയപ്പോള്‍ ആദ്യം അത് പാണക്കാട്ടുനിന്ന് തുടങ്ങാന്‍ ആര്യാടന്‍ ആവശ്യപ്പെട്ടത് ലീഗ് കോണ്‍ഗ്രസ് ബന്ധം പൊട്ടുമെന്ന വക്കിലെത്തിച്ചെങ്കിലും അവസാനം സോണിയ ഗാന്ധിതന്നെ ഇടപെടേണ്ടി വന്നു.
 
ഇത് പോലെ ഇടത് സര്‍ക്കാര്‍ അലിഗഢ് സര്‍വകലാശാല കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് തീരെ താല്‍പ്പര്യം കാണിച്ചില്ല. പാണക്കാട്ടെ സ്ഥലത്തിനു വേണ്ടി ലീഗുകാര്‍ പിടിമുറുക്കിയപ്പോള്‍ ആര്യാടന്‍ മറ്റൊരു സ്ഥലം നിര്‍ദേശിച്ച് ലീഗിനെതിരായ നിലപാട് സ്വീകരിച്ചു. അലിഗഢിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ താല്‍പ്പര്യക്കുറവ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും പ്രകടമായി. അലിഗഢ് മുസ്ലിം ലീഗിന് ഗുണംചെയ്യുമെന്നു ഭയമാണ് കോണ്‍ഗ്രസിന്റെ താല്‍പ്പര്യക്കുറവിന് കാരണം. ലീഗാവട്ടെ അലിഗഢ് തങ്ങളുടെ വകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിഫലശ്രമം നടത്തുകയുംചെയ്തു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ലീഗുയര്‍ത്തിയ അഞ്ചാംമന്ത്രി വിവാദമാണ് മലപ്പുറത്തെ കോണ്‍ഗ്രസ് ലീഗ് ബന്ധത്തെ വീണ്ടും ഉലച്ചത്. മലപ്പുറത്ത് രണ്ടു മന്ത്രിമാരെ കൊണ്ടുവന്ന് കോണ്‍ഗ്രസ് ലീഗിനെ നിഷ്പ്രഭമാക്കാനുദ്ദേശിച്ചപ്പോഴാണ് പഞ്ചമന്ത്രി വാദവുമായി ലീഗ് രംഗത്തെത്തുന്നത്. ലീഗിന് ഒരുതരത്തിലും വഴങ്ങരുതെന്നാണ് കോണ്‍ഗ്രസും ആര്യാടനും തീരുമാനിച്ചത്. ലീഗ് ഭരണം വിട്ട് എങ്ങും പോവില്ലെന്നതുകൊണ്ട് എന്തിന് വഴങ്ങിക്കൊടുക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉള്ളിലിരിപ്പ്. പക്ഷേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിനെ പിണക്കാന്‍ തയ്യാറായില്ല. വകുപ്പുകളൊന്നും കൊടുക്കാതെ മന്ത്രിസ്ഥാനം കൊടുത്തു. രാജ്യസഭാ സീറ്റ് സ്വന്തമാക്കുകയുംചെയ്തു.

അതോടെ ലീഗിനെ ഒന്നുകൂടി മലപ്പുറത്തേക്കൊതുക്കി. അഞ്ചാംമന്ത്രികൊണ്ട് ആരുടെയൊക്കെയോ മോഹങ്ങള്‍ക്ക് ചിറകുവച്ചുവെന്നല്ലാതെ ലീഗിനെന്തു മെച്ചം എന്ന് ലീഗുകാര്‍തന്നെ ചോദിക്കാന്‍ തുടങ്ങി. വകുപ്പൊന്നും കൊടുത്തില്ല രാജ്യസഭാ സീറ്റ് അടിച്ചുമാറ്റുകയുംചെയ്തു എന്ന് പറഞ്ഞ് കോണ്‍ഗ്രസിനും സമാധാനിക്കാം. ഏറ്റവുമൊടുവില്‍ ആര്യാടന്‍ മുഹമ്മദിന്റെ രോഷം പുറത്തുവിട്ടത്് ഇ ടി മുഹമ്മദ് ബഷീറിനെ കടുത്ത തീവ്രവാദി എന്ന് വിളിച്ചാണ്. മുസ്ലിങ്ങളിലെ തീവ്രവാദികളുമായി ഇ ടി ചങ്ങാത്തം സ്ഥാപിക്കുന്നുവെന്ന് മുമ്പേ പലരും ആരോപണമെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതുകൊണ്ടും പൊന്നാനിയില്‍ കോണ്‍ഗ്രസിന്റെ സഹായം കൂടിയേ തീരൂ എന്നതിനാലും ഇ ടിയോ ലീഗോ നേതൃതലത്തില്‍ കാര്യമായൊന്നും പ്രതികരിച്ചില്ല.

എന്നാല്‍, ഇടിയെ തീവ്രവാദിയെന്ന് വിളിച്ചത് ലീഗിന്റെ അണികള്‍ക്ക് സഹിക്കാന്‍ കഴിയുമോ? പാര്‍ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ അക്രമങ്ങളഴിച്ചു വിട്ടു. പലേടത്തും ആര്യാടന്റെ തല പട്ടിയുടെ ഉടലിനോട് ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ പാണക്കാട് തങ്ങളെയും തെരുവിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭയന്ന് ലീഗ് നേതൃത്വം അണികളെ നിയന്ത്രിച്ചു. പക്ഷേ, കോണ്‍ഗ്രസുകാര്‍ക്ക് ലീഗിന്റെ ചെയ്തികള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരു ജയിച്ചാലും മലപ്പുറത്തെ കോണ്‍ഗ്രസ്- ലീഗ് തമ്മിലടി തുടരുകതന്നെ ചെയ്യുമെന്നര്‍ഥം.
*
ഹുസൈന്‍ രണ്ടത്താണി

Wednesday, April 23, 2014

ന്യായാധിപന്മാര്‍ ആക്രമിക്കപ്പെടുമ്പോള്‍

നിയമപരമായും നിര്‍ഭയമായും നീതിബോധത്തോടെയും സ്വതന്ത്രമായും കേരളത്തില്‍ കോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ഹാറുണ്‍ അല്‍ റഷീദിെന്‍റ നിരീക്ഷണം മാധ്യമങ്ങളില്‍ വന്നിട്ടും, അത് വ്യാപകമായ ചര്‍ച്ചയ്ക്ക് വിഷയമായില്ല. തിരഞ്ഞെടുപ്പ് വേദികളില്‍ ജനങ്ങള്‍ പലതും കാണാതിരിക്കാനും കേള്‍ക്കാതിരിക്കാനും, വലതുപക്ഷ അജണ്ടകള്‍ക്കൊത്ത് ശബ്ദ - ശ്രാവ്യ വിരുന്നൊരുക്കുന്ന മാധ്യമങ്ങള്‍, തങ്ങളുടെ പാചകപ്പുരകളില്‍ മുന്‍കൂര്‍ തയ്യാറാക്കിയവയൊഴിച്ച് മറ്റൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ വിളമ്പാന്‍ തയ്യാറുമല്ല. കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ഫയാസിനോടൊപ്പം നില്‍ക്കുന്ന ചിത്രം കൈരളി - പീപ്പിള്‍ പുറത്തുവിട്ടു. എം എം ഹസ്സന്‍ കൂടെ ചിത്രത്തില്‍ ഉള്ളതിനാല്‍ ചെന്നിത്തലയ്ക്ക് എ ഗ്രൂപ്പില്‍നിന്നും എതിര്‍പ്പുണ്ടാവില്ല. കള്ളക്കടത്ത് ബന്ധത്തിന് ഗ്രൂപ്പുഭേദമില്ല എന്നുകൂടി ആ ചിത്രം അടിവരയിടുന്നു.

ഇതേ ഫയാസ് കോഴിക്കോട് ജയിലിലെത്തി ടി പി കേസിലെ പ്രതികളിലാരെയോ കണ്ടിരിക്കാമെന്ന ഊഹത്തിലാണ് സിബിഐ അന്വേഷണത്തെ മാടിവിളിക്കാന്‍ ചെന്നിത്തല ന്യായീകരണങ്ങള്‍ ചമച്ചത്. അതേ ഫയാസിനോടൊപ്പം ദിവസങ്ങള്‍ നീണ്ട വിനോദസഞ്ചാരത്തിനിടയില്‍ പകര്‍ത്തപ്പെട്ട ചെന്നിത്തലയുടെ ചിത്രങ്ങള്‍ ഫയാസ് ആര്‍ക്കാണ് പ്രിയപ്പെട്ടവനെന്ന് സാക്ഷ്യം പറയുന്നു. തങ്ങള്‍ ഇതേവരെ പറഞ്ഞുപരത്തിയ മുന്‍വിധികള്‍ തെറ്റായിപ്പോയിയെന്ന് ഏതൊരു മാധ്യമത്തിനും ബോധ്യപ്പെടാവുന്ന ഒരു വസ്തുത ലഭിച്ചാല്‍ തിരഞ്ഞെടുപ്പിന് തലേന്നായതിനാല്‍ അത് മൂടിവക്കുന്നത് ഉചിതമാകുമോ? ഷംസീറിനെതിരെ, ടെലഫോണ്‍ രേഖയെന്ന പേരില്‍ കെട്ടിപ്പൊക്കിയ വ്യാജ ആരോപണത്തെപ്പോലും ടെലിഫോണിെന്‍റ ഉടയവനെ തേടാതെ വെട്ടിവിളമ്പിയ മാധ്യമങ്ങള്‍ തന്നെയാണ് ചെന്നിത്തല - ഫയാസ് ബന്ധം വന്നപ്പോഴും മൗനികളായത്. ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിന് ഒരു വ്യാഴവട്ടം മുമ്പ് ലഭിച്ച കുടുംബസ്വത്തിനെപ്പറ്റി വിവാദമുയര്‍ത്തിയവര്‍, തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇത്തരം പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായി കണ്ടിട്ടും, അത് തമസ്കരിക്കുന്നതിലാണ് മികവ് കാട്ടിയത്. ഇവിടെ ഒരു ഹൈക്കോടതി ജഡ്ജി തന്നെ ചില സത്യങ്ങള്‍ തുറന്നടിക്കുമ്പോള്‍ അതിന് ഉത്തരം പറയേണ്ട മുഖ്യമന്ത്രിയോട് പ്രതികരണംപോലും ആരായാന്‍ പോകാതെ, കോടതികളെപ്പോലും തങ്ങളുടെ രാഷ്ട്രീയക്കളിക്ക് വിധേയമാക്കുന്ന വലതുപക്ഷത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന മാധ്യമദാസ്യമാണ് കാണാനായത്.

ജസ്റ്റീസ് ഹാറുണ്‍ അല്‍ റഷീദ് ഇപ്പോഴത്തെ വിധി വരുന്നതുവരെ വലതുപക്ഷത്തിന് പ്രിയപ്പെട്ടവനായിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍ ഉണ്ട്. അതില്‍ മുഖ്യമന്ത്രിയുടെ ബാധ്യത ക്രിമിനല്‍ സ്വഭാവത്തിലുള്ളതാണെന്ന് സോളാര്‍ കേസില്‍ ഹൈക്കോടതി കണ്ടില്ല. സോളാര്‍ കേസില്‍ തെളിവെടുപ്പു നടത്തി വിധി പറയുന്നത് കീഴ്കോടതികളാണ്. ഹൈക്കോടതി തെളിവുകള്‍ പരിശോധിച്ചില്ല. വിചാരണയും നടത്തിയില്ല. മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടില്ല. അത്തരമൊരു വിധി ആശ്വാസമായി കണ്ട് സോളാറിെന്‍റ ചൂടില്‍ ഉരുകുന്നതിനിടയിലെത്തിയ ആ വിധിയുടെ കുളിരു തേടിയയാളാണ് ഉമ്മന്‍ചാണ്ടി. അതേ മുഖ്യമന്ത്രിക്കെതിരെയാണ് സലിംരാജിെന്‍റ ഭൂമി തട്ടിപ്പുകേസില്‍ അദ്ദേഹം നേരിട്ട് വിമര്‍ശന വിധേയനാകുന്ന ഒരു വിധി വന്നത്. ആദ്യത്തെ വിധി പ്രതികൂലമാകാത്തതിനാല്‍ സോളാറിലെ ജഡ്ജിയെ ഉല്‍കൃഷ്ടനായി വാഴ്ത്തിയ മുഖ്യമന്ത്രിയും സംഘവും രണ്ടാമത്തെ വിധി വന്നപ്പോള്‍ അതേ ജഡ്ജിക്കെതിരായി ഉറഞ്ഞുതുള്ളി. സഹമന്ത്രിയായ കെ സി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനായിയെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയതും അക്ഷരംപ്രതി ശരിയായി. തെന്‍റ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും പരാതിയില്ലെന്നും പരിഭവം മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി പറയുന്നു.

ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണം തുടങ്ങുന്നതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി പ്രതിയെ കേള്‍ക്കുന്നതിന് നിയമപരമായി സാധുതയില്ല. സലിംരാജ് കേസില്‍ മുഖ്യമന്ത്രിയുടെ വീഴ്ചകളും ഉത്തരവാദിത്തരാഹിത്യവും പ്രകടമാണ്. സലിംരാജ് നടത്തിയ എല്ലാ തട്ടിപ്പുകളും മുഖ്യമന്ത്രിയുടെ തണലിലാണ് നടന്നത്. അതിനപ്പുറം മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കാളിത്തമുള്ളതായി ഹൈക്കോടതിക്ക് കണ്ടെത്താന്‍ തെളിവുകള്‍ ലഭിച്ചില്ല. ഈ മുഖ്യമന്ത്രിക്കു കീഴിലെ പൊലീസ് അതിന് ശ്രമിക്കുകയില്ലെന്നും നീതികിട്ടാന്‍ സിബിഐ വേണമെന്നും പരാതിക്കാര്‍ പറയുന്നു. അത്തരമൊരു പരാതിക്ക് ഇടയാക്കിയതുതന്നെ മുഖ്യമന്ത്രിയില്‍ ഉള്ള അവിശ്വാസം കൊണ്ടാണ്. അത് ഹൈക്കോടതി ശരിവച്ചാല്‍ കോടതിവിധി സര്‍ക്കാരിെന്‍റ വാദത്തിന് പിന്‍ബലമാകുന്നതെങ്ങനെ? കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന വ്യാജേന, തങ്ങള്‍ക്കെതിരായ വിധിയെ മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അന്വേഷണം സിബിഐക്ക് വിടാന്‍ പാടില്ല എന്നാണ് സലിംരാജും കൂട്ടരും കോടതിയില്‍ വാദിച്ചത്.

പരാതിയില്‍ അന്വേഷണം നടത്തേണ്ട കേരളാ പൊലീസാകട്ടെ, സലിംരാജിെന്‍റ ഫോണ്‍ രേഖകള്‍ പരിശോധിച്ചില്ല. അതിന് ഹൈക്കോടതി നല്‍കിയ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിലേക്ക് അപ്പീലുമായി ഓടിയതും ഇതേ അഡ്വക്കേറ്റ് ജനറല്‍ തന്നെയായിരുന്നു. ഇതെല്ലാം പരിഗണിച്ച ഹൈക്കോടതി, എന്തുകൊണ്ട് സിബിഐ വരണമെന്ന നിഗമനത്തിലെത്തിയെന്നതാണ് വിധി ന്യായത്തിലൂടെ കാണുന്നത്. അതിന്റെ എഴുപതാം ഖണ്ഡികയില്‍, മുഖ്യമന്ത്രിയെപ്പറ്റിയും, ആഫീസിനെപ്പറ്റിയും ഉയര്‍ത്തിയ ചോദ്യങ്ങള്‍ സിബിഐ അന്വേഷണത്തിലേക്കെത്തിച്ച കാര്യങ്ങളാണ്. സലിംരാജ് വെറുമൊരു പൊലീസുകാരന്‍ മാത്രമായിരുന്നെങ്കില്‍ ഇരുന്നൂറ് കോടി രൂപയുടെ ഭൂമിയിടപാട് നടക്കുമായിരുന്നോ? ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് കടന്നുകിട്ടാന്‍ അഡ്വക്കേറ്റ് ജനറല്‍ ഓടുമായിരുന്നോ? മുഖ്യമന്ത്രിയുടെ ഗണ്‍മാനായി പതിനാറുകൊല്ലം കൂടെ നടന്നയാള്‍ ഇത്രയേറെ സമ്പത്ത് നേടുമ്പോള്‍, അത് എങ്ങനെയുണ്ടായിയെന്ന അന്വേഷണത്തില്‍ മുഖ്യമന്ത്രി കൂടി ഉള്‍പ്പെടുക സ്വാഭാവികമാണ്. അതിന് വഴങ്ങുകയെന്നതാണ് നിയമത്തിന്റെ മാര്‍ഗം അംഗീകരിക്കുന്നവര്‍ക്കുള്ള വഴി. എന്നാല്‍ മുഖ്യമന്ത്രി ""നിത്യവിശുദ്ധനാ""ണെന്നും കോടതിയെ തൂക്കിലേറ്റേണ്ടതാണെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വിധിച്ചത്. ജഡ്ജിയുടെ കോലം കത്തിക്കുന്നതും വീട്ടിലേക്ക് യൂത്തുകാര്‍ മാര്‍ച്ച് ചെയ്യുന്നതും മാധ്യമങ്ങളില്‍ വന്നിരുന്നു. ഉണ്ണിത്താനാണ് ഇത്തവണ പി സി ജോര്‍ജിെന്‍റ ഭാഗം അഭിനയിച്ചത്. മുമ്പ് പാമൊലിന്‍ കേസില്‍ വിധി വന്ന ഘട്ടത്തില്‍ വിജിലന്‍സ് ജഡ്ജി പാകിസ്ഥാന്‍ ചാരനാണെന്നു വരെ പി സി ജോര്‍ജിനെക്കൊണ്ട് ഉമ്മന്‍ചാണ്ടി പറയിച്ചു. സുപ്രീംകോടതിക്ക് ഒരു കത്തയച്ച് വാര്‍ത്തയാക്കി; അതിന്റെ മറവില്‍ മാധ്യമങ്ങളിലൂടെ ജഡ്ജിയെ അപമാനിച്ചു. മാന്യനായ അദ്ദേഹം പിന്മാറിയപ്പോള്‍ പാമൊലിന്‍ കേസില്‍ പിന്നീടെന്തു സംഭവിച്ചു? വിജിലന്‍സ് ജഡ്ജി ചോദിച്ച സംശയങ്ങള്‍ക്കൊന്നും ഇതേവരെ ആരും മറുപടി പറഞ്ഞിട്ടില്ല. വിചാരണയില്‍നിന്ന് ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു. അതേ തന്ത്രമാണ് ഹാറുണ്‍ അല്‍ റഷീദീനെതിരെയും പ്രയോഗിക്കപ്പെട്ടത്. ഇത്തവണ ടി എന്‍ പ്രതാപനാണ് കത്തയക്കാനിറങ്ങിയത്. ആദര്‍ശധീരനായ കെപിസിസി പ്രസിഡന്‍റ് ആദര്‍ശക്കോമരമായി മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്.

കോടതിവിധിയിലെ രണ്ടു വാചകങ്ങള്‍ സ്റ്റേ ചെയ്തപ്പോള്‍ എന്തൊരാശ്വാസമായിരുന്നു മുഖ്യമന്ത്രിക്ക്. സഹപ്രവര്‍ത്തകനായ ജഡ്ജിയോട് അമാന്യമായി പെരുമാറിയ ഒരു സംഘത്തിന്റെ തലവന് നാണം മറയ്ക്കാന്‍ അസാധാരണമായ തിടുക്കത്തില്‍ ഒരു സ്റ്റേ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് നല്‍കിയത്. വിധി നടത്തിപ്പിനാണ് സാധാരണ സ്റ്റേ കിട്ടാറുള്ളത്. ഇവിടെ വിധിയിലേക്ക് നയിച്ച ന്യായാധിപെന്‍റ ചിന്തയിലെ രണ്ടു വാചകങ്ങള്‍ക്ക് മാത്രമാണ് സ്റ്റേ കിട്ടിയത്. അതുകൊണ്ട് നാണം മറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി നോക്കുന്നത് സാധാരണമാണെങ്കിലും നീതിന്യായചരിത്രത്തില്‍ അത് കേട്ടുകേള്‍വിയില്ലാത്തതാണ്. അവസാനം ഹൈക്കോടതി ജഡ്ജി ഹാറുണ്‍ അല്‍ റഷീദിനു തന്നെ വിശദീകരണം നല്‍കേണ്ടിവന്നു. അത് മുഖ്യമന്ത്രിക്കു മാത്രമല്ല, സംസ്ഥാന ഭരണത്തിനെതിരായ കുറ്റവിചാരണയുമായി. അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും ഭരണത്തലവന്‍മാര്‍ക്ക് മറുപടിയുമുണ്ടായില്ല. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായി, കേരള ഹൗസില്‍വെച്ച് നടത്തിയ കൂടിക്കാഴ്ച, വിവാഹക്ഷണത്തിനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിലപ്പുറമെന്തെങ്കിലുമുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നും താന്‍ തല്‍സ്ഥാനത്തുനിന്നും മാറിനില്‍ക്കാമെന്നും ഹൈക്കോടതി ജഡ്ജി പറയുന്നത് മുഖ്യമന്ത്രിയെയാണ് നേരിട്ട് ബാധിക്കുന്നത്.

ഹൈക്കോടതി ജഡ്ജി തിരഞ്ഞെടുപ്പിലൂടെ വന്നയാളല്ല. ഒരു വിധിയെഴുതിയെന്നതൊഴിച്ച് കുറ്റകൃത്യം നടത്തിയിട്ടുമില്ല. എന്നിട്ടും തല്‍സ്ഥാനത്തുനിന്നും മാറിനില്‍ക്കാനുള്ള ഉന്നത മര്യാദ പ്രകടിപ്പിച്ചപ്പോള്‍, എത്ര നാണം കെട്ടും മുഖ്യമന്ത്രിക്കസേരയില്‍ തുടരുമെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രി എത്രയോ നിലവാരം കെട്ടവനായി. അടിയന്തിരാവസ്ഥ മുതല്‍, കോടതികളോട് കോണ്‍ഗ്രസ് കാട്ടുന്ന "ബഹുമാനാദരവുകള്‍" ഭാരതത്തിനു പരിചയമുണ്ട്. അക്കാലത്തുപോലും ഉണ്ടാകാത്തവിധം കോടതികള്‍ക്കെതിരെ ഭരണിപ്പാട്ടു നടത്തുന്ന ഒരു സംഘമായി യുഡിഎഫ് മാറിയതിനാലാണ് ഇവിടെ കോടതികള്‍ക്ക്പോലും പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുണ്ടായതായി ഹൈക്കോടതി ജഡ്ജി തുറന്നടിക്കുന്നത്. തെന്‍റ ഭരണത്തലപ്പാവിലെ പൊന്‍തൂവലായി അതിനെ വാഴ്ത്തുകയാണ് ഉമ്മന്‍ചാണ്ടി ശൈലി. അതിനെ പ്രശംസിക്കാന്‍ മാധ്യമങ്ങളും. അതിനപ്പുറം ഒരു പൗരസമൂഹം ഇത് തിരിച്ചറിയുന്നുണ്ട് എന്നത് ഭരണാധികാരികള്‍ മറക്കാന്‍ പാടില്ല.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

Monday, April 21, 2014

ബാബറി പള്ളിപൊളിക്കല്‍: കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി അന്വേഷണറിപ്പോര്‍ട്ട്

അയോധ്യയിലെ ബാബറി പള്ളി 1992 ല്‍ സംഘപരിവാര്‍ ശക്തികള്‍ പൊളിച്ചത് അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അറിവോടെയും സമ്മതത്തോടെയുമാണെന്ന വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് രാജ്യമിന്ന്. കോബ്രപോസ്റ്റ് എന്ന വാര്‍ത്താപോര്‍ട്ടലാണ് കൃത്യമായ തെളിവുകള്‍ സഹിതം ഈ വിവരം പുറത്തുവിട്ടത്. പള്ളി പൊളിക്കുമെന്ന വിവരം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനും ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിനും കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ പൊളിക്കല്‍ നടക്കട്ടെയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. രാജ്യത്തെ കറുത്ത ദിനമായി 1992 ഡിസംബര്‍ ആറ് മാറുന്നതിന് കേന്ദ്രത്തിന്റെ ഈ നിശബ്ദ സഹകരണം കാരണമായി. രാജ്യമെങ്ങും മാസങ്ങള്‍ നീണ്ട വര്‍ഗീയകലാപങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്.

ആയിരക്കണക്കിനാളുകള്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. മുംബൈ കലാപത്തില്‍ മാത്രം മരണം ആയിരത്തിനടുത്താണ്. പതിനായിരം കോടിയോളം രൂപയുടെ സ്വത്തുവകകള്‍ നശിച്ചു. രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് രൂക്ഷമായതും ന്യുനപക്ഷ വര്‍ഗീയത ശക്തമായതും ബാബറി സംഭവത്തിന് ശേഷമാണ്. പള്ളി പൊളിക്കുന്നതിനോട് സഹകരിക്കുക വഴി കോണ്‍ഗ്രസ് നേതൃത്വത്തിനാണ് രാജ്യത്തെ ഇത്തരമൊരു പതനത്തിലേക്ക് തള്ളിവിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം. പള്ളി പൊളിക്കലില്‍ സജീവമായി പങ്കാളികളായ 23 സംഘപരിവാര്‍ നേതാക്കളുമായി "കോബ്രപോസ്റ്റ്" അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് നേരിട്ട് സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഓപ്പറേഷന്‍ ജന്മഭൂമി എന്ന പേരില്‍ പുറത്തുവിട്ടത്. ഒളിക്യാമറാ ദൃശ്യങ്ങളും സംഭാഷണങ്ങളും സഹിതമാണ് റിപ്പോര്‍ട്ട്. പള്ളിപൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി എംപി വിനയ് കത്യാര്‍, ബി എല്‍ ശര്‍മ്മ, സന്തോഷ് ദൂബെ, സാക്ഷി മഹാരാജ്, മഹന്ത് രാംവിലാസ് വേദാന്തി എന്നിവരാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഏതൊക്കെ വിധത്തില്‍ സഹായിച്ചുവെന്ന് കോബ്രപോസ്റ്റ് ലേഖകനോട് വെളിപ്പെടുത്തുന്നത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം ഏതൊക്കെ വിധത്തില്‍ ലഭിച്ചുവെന്ന് ഈ നേതാക്കള്‍ വിശദമാക്കുന്നുണ്ട്. യുപിയില്‍ കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരായിരുന്നു അധികാരത്തില്‍. കേന്ദ്രത്തില്‍ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണവും. പള്ളി പൊളിക്കുമെന്ന വിവരം കേന്ദ്രത്തിന് മുന്‍കൂട്ടി ലഭിച്ചിരുന്നുവെന്ന് വിനയ് കത്യാറും കൂട്ടരും പറയുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പള്ളി പൊളിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. കേന്ദ്രസേനയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. സംസ്ഥാന പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും സഹായകരമായ നിലപാട് സ്വീകരിച്ചു. പള്ളി ആക്രമിക്കുമ്പോള്‍ ഇടപെടാനോ തടയാനോ ഇവരാരും മുന്നോട്ടുവന്നില്ല. അതുകൊണ്ടു തന്നെ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ തീര്‍ത്തു. ഡിസംബര്‍ ആറിന് രാവിലെ പ്രധാനമന്ത്രി നരസിംഹ റാവു ബിജെപി നേതാക്കളെ ഫോണില്‍ വിളിച്ച് പുരോഗതി തിരക്കിയിരുന്നു. അന്നു രാത്രിയില്‍ വീണ്ടും ഫോണ്‍ ചെയ്ത് പള്ളിപൊളിക്കല്‍ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

പള്ളി പൊളിക്കാന്‍ സംഘപരിവാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് കൃത്യമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. മുന്‍ ഐബി ജോയിന്റ് ഡയറക്ടര്‍ മലോയ് കൃഷ്ണധര്‍ തന്റെ പുസ്തകത്തില്‍ ഇക്കാര്യം നേരത്തെ തന്നെ വിശദമാക്കിയിരുന്നു. ആസൂത്രണം പത്തുമാസം മുമ്പുതന്നെ ആരംഭിച്ചിരുന്നുവെന്ന് ധര്‍ പറയുന്നു. ചില സംഘപരിവാര്‍ നേതാക്കളുമായി നടത്തിയ സംഭാഷണത്തിലാണ് ധറിന് ഇക്കാര്യം ബോധ്യപ്പെട്ടത്. അന്നത്തെ ഇന്റലിജന്‍സ് മേധാവികളെ കൃത്യമായി വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരസിംഹ റാവുവിനും ആഭ്യന്തര മന്ത്രി എസ് ബി ചവാനും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നും ധര്‍ പറയുന്നു. പിന്നെന്തുകൊണ്ട് കേന്ദ്രം നടപടി സ്വീകരിച്ചില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ക്രമസമാധാനം സംസ്ഥാന വിഷയമായതു കൊണ്ടാണ് കേന്ദ്രസര്‍ക്കാരും കേന്ദ്രസേനയും ഇടപെടാതിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാലമത്രയും വാദിക്കുന്നത്. എന്നാല്‍ രാജ്യത്തെയാകെ കലാപങ്ങളിലേക്ക് തള്ളിവിടുമെന്ന് ഉറപ്പുള്ള ഒരു അനിഷ്ടസംഭവം ഒഴിവാക്കുന്നതിന് ഏതറ്റം വരെയും കേന്ദ്രത്തിന് പോകാമായിരുന്നു എന്നതാണ് വാസ്തവം. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കല്യാണ്‍ സിങ്ങായിരുന്നു മുഖ്യമന്ത്രി. സ്വഭാവികമായും കല്യാണ്‍സിങ് സര്‍ക്കാര്‍ കര്‍സേവകര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെയും പൊലീസുകാരെയുമാണ് അയോധ്യയില്‍ വിന്യസിച്ചിരുന്നത്.

കര്‍സേവകര്‍ പള്ളിപൊളിച്ചപ്പോള്‍ ഇവര്‍ നിശബ്ദസാക്ഷികളായി. എന്തുകൊണ്ട് കേന്ദ്രസേന ഇടപെട്ടില്ലെന്നതിന് കോണ്‍ഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടത്. 1990 സെപ്തംബറിലും സംഘപരിവാര്‍ കര്‍സേവ പദ്ധതിയുമായി അയോധ്യയില്‍ ആയിരക്കണക്കിന് അണികളെ എത്തിച്ചിരുന്നു. എന്നാല്‍ അന്ന് യുപിയില്‍ മുലായംസിങ് യാദവും കേന്ദ്രത്തില്‍ വി പി സിങ്ങുമായിരുന്നു അധികാരത്തില്‍. വര്‍ഗീയതയോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ച ഈ നേതാക്കള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി. അര്‍ദ്ധസേന കര്‍സേവകരെ എതിരിട്ടതോടെ സംഘപരിവാര്‍ പിന്‍വാങ്ങി. ഈ ആര്‍ജ്ജവം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് ചരിത്രപരമായ വഞ്ചന. കോബ്രപോസ്റ്റ് വെളിപ്പെടുത്തലിന്റെ മുഖ്യഘടകവും ഇതുതന്നെ. വര്‍ഗീയ കലാപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് യുപി സര്‍ക്കാരിനെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികള്‍ കേന്ദ്രത്തിന് സ്വീകരിക്കാമായിരുന്നു. ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഈ നടപടി സഹായകമായേനെ. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ആ ഘട്ടത്തില്‍ താല്‍പ്പര്യം ഏതുവിധേനയും കേന്ദ്രഭരണം തുടരുക എന്നതുതന്നെയായിരുന്നു. പണമൊഴുക്കിയും എംപിമാരെ വിലയ്ക്കെടുത്തും അഞ്ചുവര്‍ഷം നരസിംഹറാവു സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്തു. എന്നാല്‍ അതിന് രാജ്യം കൊടുത്ത വില വലുതാണെന്നു മാത്രം. പള്ളി പൊളിക്കുമെന്നത് നേതൃത്വത്തിലെ ചുരുക്കം ചിലര്‍ മാത്രമാണ് അറിഞ്ഞിരുന്നതെന്ന് കര്‍സേവയില്‍ സജീവ പങ്കാളികളായ 23 പേരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. ഓപ്പറേഷന്‍ ജന്മഭൂമിയെന്ന കോഡ് പേരിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്.

1992 ജൂണില്‍ ബജ്രംഗ്ദള്‍ 38 പേര്‍ക്ക് സൈനികസമാനമായ പരിശീലനം നല്‍കി. സൈന്യത്തില്‍ നിന്ന് വിരമിച്ച ചില മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. അയോധ്യയിലെ നീലതീലയിലും പ്രത്യേക പരിശീലനം നടന്നു. പിന്നീട് ഇവരുടെ നേതൃത്വത്തില്‍ 1200 ആര്‍എസ്എസുകാരെ ഉള്‍പ്പെടുത്തി ലക്ഷ്മണ്‍ സേനയുണ്ടാക്കി. ഇവരെ പത്തുപേരടങ്ങുന്ന സംഘമായി തിരിച്ചു. കപ്പി, കൊളുത്ത്, പിക്കാസ്, കയര്‍ തുടങ്ങി ആവശ്യമായ സാമഗ്രികളും നല്‍കി. ബലിദാനി സംഘമെന്ന പേരില്‍ ഒരു ചാവേര്‍ പടയെയും ഒരുക്കിയിരുന്നു. ശിവസേനയും പള്ളി തകര്‍ക്കുന്നതിന് പ്രത്യേക സംഘത്തിന് രൂപംനല്‍കി. ഇവരുടെ പക്കല്‍ ഡൈനാമിറ്റുകളും പെട്രോള്‍ ബോംബുകളുമുണ്ടായിരുന്നു. പെട്രോള്‍ ബോംബ് കത്തിച്ചെങ്കിലും പൊട്ടിയില്ല. ഡിസംബര്‍ ആറിന് ആയിരക്കണക്കിന് കര്‍സേവകര്‍ ഒത്തുകൂടിയ ശേഷം രാംവിലാസ് വേദാന്തി പ്രത്യേകപ്രതിജ്ഞ ചൊല്ലി. ഇതിന് പിന്നാലെയായിരുന്നു പരിശീലനം ലഭിച്ച സംഘത്തിന്റെ ആക്രമണം. 1949 ല്‍ ബാബറിപള്ളിയില്‍ പെട്ടെന്ന് രാമവിഗ്രഹം പ്രത്യക്ഷമായത് എങ്ങനെയെന്നും കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. രണ്ടുവട്ടം കിഴക്കന്‍ ഡല്‍ഹി എംപിയായിരുന്ന ബൈകുണ്ഠലാല്‍ ശര്‍മ്മയുടേതാണ് വെളിപ്പെടുത്തല്‍. 1949 ഡിസംബര്‍ 15 ന് അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ കെ നായരും നഗരകാര്യ മജിസ്ട്രേറ്റ് ഗുരുദത്ത് സിങ്ങും രാമചന്ദ്ര ദാസ് എന്ന പുരോഹിതനും ചേര്‍ന്ന് വിഗ്രഹം കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു. അന്ന് സൈന്യത്തില്‍ വാറന്റ് ഓഫീസറെന്ന നിലയില്‍ ഫൈസാബാദില്‍ ജോലി ചെയ്തിരുന്ന വൈകുണ്ഠലാല്‍ വിഗ്രഹം സ്ഥാപിക്കുന്നതിന് സാക്ഷിയാണ്.

കെ കെ നായര്‍ 1952 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി ജനസംഘത്തില്‍ ചേര്‍ന്നു. 1967 ല്‍ എംപിയുമായി. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പൂജ നടത്താന്‍ ബാബറിപള്ളി തുറന്നു കൊടുത്തതോടെയാണ് വിഷയം വീണ്ടും സജീവമായതെന്നും കോബ്രപോസ്റ്റ് പറയുന്നു.. കോബ്രപോസ്റ്റിന്റെ കണ്ടെത്തല്‍ തന്റെ നിഗമനങ്ങളെ ശരിവെയ്ക്കുന്നതാണെന്ന് പള്ളിപൊളിക്കല്‍ അന്വേഷിച്ച ജസ്റ്റിസ് മന്‍മോഹന്‍ ലിബര്‍ഹാന്‍ പ്രതികരിച്ചു. തികച്ചും ആസൂത്രിതമായിരുന്നു പള്ളിപൊളിക്കലെന്നാണ് 16വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ പറയുന്നത്. അദ്വാനിയും ഉമാഭാരതിയും വിനയ് കത്യാറുമൊക്കെ അടക്കം 68 സംഘപരിവാര്‍ നേതാക്കളെ കുറ്റക്കാരായി റിപ്പോര്‍ട്ട് മുദ്രകുത്തുന്നു. കേന്ദ്രനിലപാടിനെയും വിമര്‍ശിച്ചിട്ടുണ്ട്. പള്ളിപൊളിച്ച് 22 വര്‍ഷമാകുമ്പോഴും കുറ്റക്കാരാരും നിയമത്തിന്റെ മുന്നിലെത്തിയില്ല എന്നത് മറ്റൊരു വിരോധാഭാസം. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവും വിവാദത്തിലാണ്. നിലവില്‍ സുപ്രീംകോടതിയുടെ പരിഗണയിലാണ് കേസ്.

*
എം പ്രശാന്ത് ചിന്ത വാരിക

Wednesday, April 9, 2014

സോണിയയും നല്‍കി ഉറപ്പ്

കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ ഏഴുമണിക്ക് ആരംഭിക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ കേരളം സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ച് തിരിച്ചുപോയി. പര്യടനം പതിവുരീതിയിലായിരുന്നില്ല. കാലാവസ്ഥ അനുകൂലമല്ലാത്തതു കാരണം നിശ്ചിതസമയം കഴിഞ്ഞ് വളരെ വൈകിയാണ് തൃശൂരും കോഴിക്കോട്ടും എത്തിയത്. കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന കനത്ത പരാജയത്തിന്റെ ഭീതി സോണിയയുടെ മുഖത്ത് പ്രതിഫലിച്ചതായി ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. സോണിയയുടെ മുമ്പിലുള്ള ആള്‍ക്കൂട്ടത്തിന്റെ ചിത്രം മാധ്യമങ്ങളില്‍ കണ്ടില്ല. അത് മനഃപൂര്‍വം മറച്ചുവച്ചതായി തോന്നി. കോഴിക്കോട്ട് അമ്പതിനായിരം പേരെ അണിനിരത്തുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പത്തിലൊന്നുമാത്രമേ സന്നിഹിതരായുള്ളു. കാസര്‍കോട് മുതല്‍ മലപ്പുറംവരെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, വന്ന ചില സ്ഥാനാര്‍ഥികള്‍ ക്ഷമയറ്റ് തിരിച്ചുപോയി. അതില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയുംപെടും. സോണിയാജിയുടെ സാന്നിധ്യത്തില്‍ വോട്ട് ചോദിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നും ലഭിക്കാനില്ലെന്ന് അവര്‍ക്ക് തോന്നിയിരിക്കും. സോണിയ വേദിയില്‍നിന്ന് കൈപ്പത്തി ഉയര്‍ത്തിക്കാണിക്കുന്ന ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ എം കെ രാഘവനും രമേശ് ചെന്നിത്തലയ്ക്കും മധ്യത്തില്‍ കൈപ്പത്തി ഉയര്‍ത്താന്‍ കഴിയാത്ത മനോവിഷമത്തില്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് നില്‍ക്കുന്ന ചിത്രം അനുകമ്പ അര്‍ഹിക്കുന്നതാണെന്നു പറയാതെ വയ്യ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ദോഷകരമായ ഒരു നടപടിയും യുപിഎയുടെയോ യുഡിഎഫിന്റെയോ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് സോണിയ ഉറപ്പുനല്‍കിയതാണ് വലിയ തമാശ. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലോ സോണിയയുടെ പ്രസംഗത്തിലോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് ഒരു സൂചനപോലും നല്‍കിയതായി കണ്ടില്ല. കാപട്യത്തില്‍ സോണിയയും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കു പിറകിലല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഉറപ്പ്. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സോണിയ പറഞ്ഞുപോല്‍. കേരളത്തിലെ റബര്‍ കര്‍ഷകര്‍ വിലയിടിവ് കാരണം വിഷമിക്കുന്നതിനെപ്പറ്റി നേരിയ പരാമര്‍ശംപോലുമുണ്ടായില്ല. വിലയിടിവ് സ്വാഭാവികമല്ലെന്ന് റബര്‍ കര്‍ഷകര്‍ക്ക് നന്നായറിയാം. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി ഉദാരവല്‍ക്കരണ നയമാണ് റബര്‍ വിലയിടിയുന്നതിന് മുഖ്യ കാരണം. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് ഒരു നിയന്ത്രണവുമില്ലാതെ പുറമെനിന്ന് റബര്‍ ഇറക്കുമതിചെയ്യുന്നത് കര്‍ഷകര്‍ക്ക് പ്രഥമ പരിഗണന നല്‍കിയല്ല, ടയര്‍ലോബിയെ സഹായിക്കാനാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഏറെ തകര്‍ന്ന മേഖല കൃഷിയാണ്. കാര്‍ഷികമേഖലയുടെ ദയനീയമായ തകര്‍ച്ചയ്ക്കുത്തരവാദി സോണിയയുടെ പാര്‍ടിയും കേന്ദ്രസര്‍ക്കാരുമാണെന്നറിയാത്തവരല്ല കേരളത്തിലെ സമ്മതിദായകര്‍. കാര്‍ഷിക മേഖലയിലാണ് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍ മൂന്നുലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് ഉയര്‍ന്ന നിരക്കിലുള്ള കര്‍ഷക ആത്മഹത്യ ഇപ്പോഴും തുടരുന്നത്. വയനാട്ടിലും കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന സോണിയയുടെ ഉറപ്പ് തനി പൊള്ളയായ വാഗ്ദാനത്തിന്റെ ആവര്‍ത്തനമായിമാത്രമേ കര്‍ഷക ജനസാമാന്യത്തിന് കാണാന്‍ കഴിയൂ.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപവല്‍ക്കരിക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സോണിയ പറഞ്ഞത്. സ്വാതന്ത്ര്യം ലഭിച്ച് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നത്. തീരദേശ പരിപാലന നിയമംമൂലം മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ തവണ ഇവിടെനിന്ന് ജയിച്ച 16 യുഡിഎഫ് എംപിമാര്‍ക്കും ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ നേര്‍ക്ക് മുഖം തിരിച്ചുനിന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായി വീടുപോലും നിര്‍മിക്കാന്‍ കഴിയുന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര മേഖലയിലെ ജനങ്ങളെയാണ് നിത്യദുരിതത്തിലാഴ്ത്തുന്നതെങ്കില്‍ തീരദേശ പരിപാലന നിയമം മത്സ്യത്തൊഴിലാളികളെയാണ് കടുത്ത നിരാശയിലാഴ്ത്തുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സോണിയയുടെ പാര്‍ടിക്ക് കഴിവില്ലെന്നത് ഇതിനകം അവര്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. അവര്‍ നടത്തിയ സംഘടിതമായ സമരങ്ങള്‍ സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണോ കരുതേണ്ടത്!

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക എല്ലാവരുടെയും ക്ഷേമം ലക്ഷ്യമാക്കുന്നതാണെന്നും 10 കോടി യുവാക്കള്‍ക്ക് തൊഴിലവസരം (തൊഴിലവസരമാണ്, തൊഴിലല്ല), എല്ലാവര്‍ക്കും വീട്, പൊലീസ് സേനയില്‍ 25 ശതമാനം സ്ത്രീകള്‍ക്ക് സംവരണം, 70 കോടി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തല്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ 16-ാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സോണിയക്ക് ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെട്ടില്ലെന്നതാണ് അത്ഭുതമായി തോന്നുന്നത്. മനഃസാക്ഷിയെന്ന ഒന്നുണ്ടെങ്കിലല്ലേ കുത്തനുഭവപ്പെടൂ. ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ, ആവടി സോഷ്യലിസം തുടങ്ങി വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക കണ്ടുംകേട്ടും മനസ്സു മരവിച്ചവരാണ് സമ്മതിദായകരെന്ന് ഓര്‍ക്കുന്നത് നല്ലത്. ഇത്തരം ചപ്പടാച്ചികൊണ്ടൊന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഇത്തവണ വോട്ട് ലഭിക്കില്ല. ജനങ്ങള്‍ നല്ല ബുദ്ധിയും വിവരവും സാമാന്യബോധവുമുള്ളവരാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണവും അഴിമതിയും കെടുകാര്യസ്ഥതയും കണ്ട് മടുത്തവര്‍ പകരം ചോദിക്കാന്‍ ഏപ്രില്‍ പത്ത് പുലരാന്‍ കാത്തിരിക്കുകയാണെന്ന് ഓര്‍ത്താലും.
*
ദേശാഭിമാനി മുഖപ്രസംഗം

Monday, April 7, 2014

കോണ്‍ഗ്രസും ജുഡീഷ്യറിയും

പുഡ്ഡിങ്ങിന്റെ സ്വാദ് തെളിയേണ്ടത് അതേക്കുറിച്ചു പറയുന്ന വാക്കുകളിലൂടെയല്ല, മറിച്ച് അത് രുചിക്കുമ്പോഴുള്ള അനുഭവത്തിലൂടെയാണെന്ന് വ്യക്തമാക്കുന്ന ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍ `Proof of the pudding is in the eating'! ജുഡീഷ്യറിയോട് തനിക്ക് ബഹുമാനമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഈ ചൊല്ലിനെയാണ് ഓര്‍മിപ്പിക്കുന്നത്. വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം. മുഖ്യമന്ത്രിയുടെ ചെയ്തികളെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍ കടിച്ചുകീറിയപ്പോള്‍, ഈ മുഖ്യമന്ത്രി "അരുത്" എന്നൊരു വാക്ക് പറഞ്ഞില്ല. ജഡ്ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിന്നീട് അറിയിക്കുകയും ചെയ്ത കെ സി ജോസഫിനെ തന്റെ മന്ത്രിസഭയില്‍ പരിരക്ഷിച്ച് നിര്‍ത്താന്‍ മടികാട്ടിയില്ല ഈ മുഖ്യമന്ത്രി. രാജ്മോഹന്‍ ഉണ്ണിത്താന്‍മുതല്‍ ടി എന്‍ പ്രതാപന്‍വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജഡ്ജിക്കെതിരെ തെരുവില്‍ ആക്രോശിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിനോട് പറയാമായിരുന്നല്ലോ മുഖ്യമന്ത്രിക്ക്. ജുഡീഷ്യറിയോട് "ബഹുമാനമുള്ള" മുഖ്യമന്ത്രി അതൊന്നും ചെയ്തില്ല.

മുമ്പ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലെ ജഡ്ജി, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ ചീഫ് വിപ്പുതന്നെയാണ് ആ ജഡ്ജിയെ തലങ്ങും വിലങ്ങും ആക്രമിച്ചത്. "ജഡ്ജി പാകിസ്ഥാന്‍ ചാരനാണോ" എന്ന് സംശയിക്കണമെന്നുവരെ പറഞ്ഞു. സുപ്രീംകോടതിയിലേക്ക് ജഡ്ജിക്കെതിരെ പരാതി അയച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പാണത് ചെയ്തത് എന്നതുകൊണ്ട് ഗവണ്‍മെന്റിന്റെ ചെയ്തിയായിത്തന്നെയേ അതിനെ കാണാനാവൂ. ഒടുവില്‍ ജഡ്ജി ആ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്ന അവസ്ഥയുണ്ടാക്കി. നിഷ്പക്ഷമായി ഉത്തരവിടുന്ന ജഡ്ജിമാരെ ഭര്‍ത്സിച്ചും സമൂഹമധ്യത്തില്‍ ആക്ഷേപിച്ചും കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറ്റി രക്ഷപ്പെടുക. ഇതാണോ ജുഡീഷ്യറിയോടുള്ള ആദരവിന് തെളിവ്? തെറ്റുചെയ്ത വ്യക്തിക്ക് ആക്ഷേപമുന്നയിച്ച് രക്ഷപ്പെടാമെന്ന അവസ്ഥ ഉണ്ടായിക്കൂടാ. തല്‍പ്പരകക്ഷികള്‍ ആക്ഷേപമുന്നയിച്ചാല്‍ അതിന്റെ പേരില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പിന്മാറേണ്ട കാര്യവുമില്ല. പിന്മാറിയാല്‍ തല്‍പ്പരകക്ഷികളുടെ താല്‍പ്പര്യങ്ങളാകും ജയിക്കുക. അതിന് ജുഡീഷ്യറി അവസരം ഒരുക്കിക്കൊടുക്കേണ്ടതില്ല.

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടതായി കെ സുധാകരന്‍ എംപി പ്രസംഗിച്ചു. തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലായിരുന്നു പ്രസംഗം. എല്ലാ ടിവികളിലും അതിന്റെ ദൃശ്യം വന്നു. പൊലീസിന്റെ കൈയിലും അത് എത്തി. എന്നാല്‍, അങ്ങനെ കെ സുധാകരന്‍ പ്രസംഗിച്ചതിന് തെളിവില്ലെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആ കേസ് തേച്ചുമായ്ച്ചുകളഞ്ഞു. ഏതു ടിവി സ്ഥാപനത്തോട് ചോദിച്ചാലും കിട്ടുമായിരുന്നല്ലോ തെളിവ്. സുപ്രീംകോടതി ജഡ്ജിയെ ആക്ഷേപിച്ചാല്‍ അതിനും പൊലീസ് പരിരക്ഷ? ഇതാണ് ജുഡീഷ്യറിയോടുള്ള ഉമ്മന്‍ചാണ്ടിയുടെ ആദരവിന്റെ യഥാര്‍ഥ സ്വഭാവം.

വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞുകഴിഞ്ഞ ഒരു കേസിന്റെ അന്വേഷണത്തിനായി സിബിഐക്കുമേല്‍ തീവ്രസമ്മര്‍ദം ചെലുത്തുകയാണ് ഉമ്മന്‍ചാണ്ടി. കോടതിയില്‍ വിശ്വാസമില്ലെന്ന പ്രഖ്യാപനമല്ലേ ഇത്. എങ്കില്‍പ്പിന്നെ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയത് എന്തിനായിരുന്നുവെന്ന് കോടതിതന്നെ ഈ മുഖ്യമന്ത്രിയോട് നാളെ ചോദിച്ചാല്‍ ആരും അത്ഭുതപ്പെടുകയില്ല.

കോടതിയെ വരുതിക്കു നിര്‍ത്തുകയെന്നത് ഉമ്മന്‍ചാണ്ടിയുടെമാത്രമല്ല, കോണ്‍ഗ്രസിന്റെയാകെത്തന്നെ സംസ്കാരമാണ്. ജുഡീഷ്യറിയെ സ്വാധീനിക്കാനും ആ സ്വാധീനിക്കല്‍ശ്രമത്തിന് വഴങ്ങുന്നില്ലെന്ന് വരുമ്പോള്‍ ഭീഷണിപ്പെടുത്താനും ശ്രമിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയപ്പോള്‍, അത് നിരുപാധികം സ്റ്റേ ചെയ്യണമെന്ന് കല്‍പ്പിക്കാന്‍ ആ കേസ് കൈകാര്യം ചെയ്തിരുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ അന്ന് നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഗോഖലെ നേരിട്ട് ഫോണില്‍ വിളിച്ച സംഭവം ഇന്ത്യന്‍ ജുഡീഷ്യറിക്ക് മറക്കാവുന്നതല്ല. വക്കീലുണ്ടെങ്കില്‍ അയാള്‍വഴി രജിസ്ട്രാര്‍മുമ്പാകെ അപ്പീലുമായി ചെന്നാല്‍മതി, തന്നെ കാണാന്‍ വരണമെന്നില്ല എന്നു പ്രതികരിച്ചു അന്ന് വി ആര്‍ കൃഷ്ണയ്യര്‍. അന്ന് പക്ഷേ, ആക്ഷേപിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിയെ പിന്മാറ്റുന്നിടത്തേക്ക് എത്തിയിരുന്നില്ല. കോണ്‍ഗ്രസിനെ അവിടേക്കെത്തിച്ചതിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്കുള്ളതാണ്.

"നേരിടാനാണ് ഭാവമെങ്കില്‍ ജുഡീഷ്യറിക്ക് അത് ഒരു ദുര്‍ദിനമായിരിക്കും" (In case of confrontation, it will be a bad day for the judiciary of this country)  എന്ന് ഭരണഘടനയുടെ 44-ാം ഭേദഗതിബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് 1976 ഒക്ടോബര്‍ 28ന് നിയമമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഗോഖലെ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയത് ലോക്സഭാരേഖകളിലുണ്ട്. അടിയന്തരാവസ്ഥയില്‍ ജീവിച്ചിരിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എച്ച് ആര്‍ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാട്ടിയ കള്ളക്കളികള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

അടിയന്തരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലായി 18 ജഡ്ജിമാര്‍ ഹേബിയസ് കോര്‍പസ് കേസുകളില്‍ അനുകൂലതീരുമാനമെടുത്തു. ജഡ്ജിമാരുടെ നിയമന- സ്ഥലംമാറ്റ കാര്യങ്ങളില്‍ കൂടിയ റോള്‍ അന്നുണ്ടായിരുന്നു കേന്ദ്രത്തിന്. കോണ്‍ഗ്രസ് കേന്ദ്രഗവണ്‍മെന്റ് ഈ 18 ജഡ്ജിമാരെയും പന്തുതട്ടുംപോലെ തട്ടിയെന്നതും ചരിത്രത്തിന്റെ ഭാഗം. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാരുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഡെല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രംഗനാഥനെ അടുത്തദിവസം ഗുവാഹത്തിയിലേക്ക് തട്ടി. രംഗരാജനൊപ്പം ഉണ്ടായിരുന്ന ജഡ്ജി എ എന്‍ അഗര്‍വാളിനെ തരംതാഴ്ത്തിയത് ഇന്ദിരാഗാന്ധി രാഷ്ട്രീയമായി ഇടപെട്ടതുകൊണ്ടാണെന്ന് ഷാ കമീഷന്‍ കണ്ടെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ജുഡീഷ്യറിവേട്ടയുടെ ഈ ചരിത്രം ഉമ്മന്‍ചാണ്ടി ഇന്നു കൂടുതല്‍ ശക്തിയോടെ മുമ്പോട്ടുകൊണ്ടുപോകുന്നു; ജുഡീഷ്യറിയെ ആദരവ് പ്രഖ്യാപിച്ചുകൊണ്ടുതന്നെ അപമാനിക്കുന്നു; അനുയായികള്‍ വഴി. പക്ഷേ, ഉമ്മന്‍ചാണ്ടി ഒരുകാര്യം ഓര്‍മിക്കണം. പുഡ്ഡിങ് കേട്ടല്ലാതെ അനുഭവിച്ച് അറിയുന്നുണ്ട് ഈ നാട്; ഒപ്പം ജുഡീഷ്യറിയും.

*
പ്രഭാവര്‍മ

Saturday, April 5, 2014

കാവി പുതപ്പിക്കാന്‍ കുടപിടിച്ചത് കോണ്‍ഗ്രസ്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഹിന്ദു വര്‍ഗീയശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും വേഴ്ചയിലായിരുന്നു കോണ്‍ഗ്രസ്. ഇന്ദിര ഗാന്ധിയുടെ കാലംമുതല്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനെ പരസ്യമായി പ്രോത്സാഹിപ്പിച്ചു. തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് വോട്ട് തട്ടാന്‍ പല അടവുകളും പയറ്റി. രാമജന്മഭൂമി പ്രസ്ഥാനത്തെ തുടക്കത്തിലേ കോണ്‍ഗ്രസ് വെള്ളവും വളവുംനല്‍കി വളര്‍ത്തി. ഇന്ദിര ഗാന്ധി വധത്തെതുടര്‍ന്ന് ഹിന്ദുവര്‍ഗീയത ഇളക്കിവിട്ടാണ് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തത്. ഡല്‍ഹിയില്‍ സിഖ് കൂട്ടക്കൊലയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങി.

അയോധ്യയും മഥുരയും കാശിയും വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ ഉണരണമെന്ന് 1983 മാര്‍ച്ചില്‍ മുസഫര്‍നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദാവ് ദയാല്‍ ഖന്ന ആഹ്വാനം ചെയ്തു. രണ്ടുതവണ ഇടക്കാല പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ഗുല്‍സാരിലാല്‍ നന്ദയെ സാക്ഷിനിര്‍ത്തിയായിരുന്നു ഇത്. തര്‍ക്കസ്ഥലത്ത് പൂജയ്ക്കും ശിലാന്യാസത്തിനും രാജീവ്ഗാന്ധി സര്‍ക്കാര്‍ 1986ല്‍ വിഎച്ച്പിക്ക് അനുമതി നല്‍കി. എല്‍ കെ അദ്വാനിയുടെ രക്തരൂഷിത രഥയാത്രകള്‍ തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. വിദ്യാഭ്യാസ-സാംസ്കാരികമേഖലകളെ കാവിവല്‍ക്കരിക്കാന്‍ 1998-2004 കാലത്തെ എന്‍ഡിഎ ഭരണം ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ചെറുവിരലനക്കിയില്ല.

പാഠപുസ്തകങ്ങളിലും സാംസ്കാരികസ്ഥാപനങ്ങളിലും ചരിത്രഗവേഷണരംഗത്തും കാവി അജന്‍ഡ നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരായി. കാവിവല്‍ക്കരണം ചെറുത്ത സാംസ്കാരികപ്രവര്‍ത്തകരെ ആര്‍എസ്എസ് ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ മാളത്തിലൊളിച്ചു. രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനവും അക്കാദമിക് സമൂഹവുമാണ് ഹിന്ദുത്വവര്‍ഗീയതയുടെ തേരോട്ടം പ്രതിരോധിച്ചത്. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങളെ വംശഹത്യക്കിരയാക്കിയപ്പോള്‍ സംരക്ഷിക്കാനോ നിയമനടപടികള്‍ക്ക് സഹായം എത്തിക്കാനോ കോണ്‍ഗ്രസ് തയ്യാറായില്ല. നിര്‍ണായകവെളിപ്പെടുത്തലുകള്‍ നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വേട്ടയാടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ മൗനത്തിലായി. മോഡിസര്‍ക്കാരിനെതിരെ ജനാധിപത്യപരമായ പ്രക്ഷോഭത്തിനോ പ്രചാരണത്തിനോ കോണ്‍ഗ്രസ് മുതിര്‍ന്നില്ല. പകരം ഗുജറാത്തില്‍ മൃദുഹിന്ദുത്വനയം പയറ്റുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പരാജയഭീതിയിലായ കോണ്‍ഗ്രസ് നേതാക്കള്‍ മോഡിക്കെതിരെ പ്രസംഗിക്കുന്നത്.

2004ല്‍ തെരഞ്ഞെടുപ്പിനുമുമ്പ് "ഇന്ത്യ തിളങ്ങുന്നു" പ്രചാരണത്തില്‍ ഭ്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. എന്നാല്‍, യുപിഎ ഭരണത്തിലെത്തിയതോടെ പലരും തിരികെയെത്തി. ഇവരിപ്പോള്‍ ബിജെപിയിലേക്ക് വീണ്ടും പോകാനുള്ള തിരക്കിലാണ്. രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ബിജെപിയിലെത്തി. പാര്‍ലമെന്റില്‍ ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തതിനും ഉദാഹരണങ്ങള്‍ ഏറെ. 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ആണവകരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ബിജെപിയുടെ 10 എംപിമാരാണ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയത്. പെട്രോള്‍ വിലനിയന്ത്രണം നീക്കല്‍, ബാങ്ക് സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപപരിധി ഉയര്‍ത്തല്‍ എന്നീ പരിഷ്കാരങ്ങള്‍ക്കും ഇരുപാര്‍ടികളും ഒപ്പം നിന്നു. കൃഷ്ണ-ഗോദാവരി പ്രകൃതിവാതകം അഴിമതി, സഹാറ നിക്ഷേപത്തട്ടിപ്പ് എന്നിവയില്‍ കുറ്റക്കാരെ രക്ഷിക്കാനും ഇരുകക്ഷികളും പാര്‍ലമെന്റില്‍ ഒത്തുകളിക്കുകയായിരുന്നു.
*
ദേശാഭിമാനി

Tuesday, April 1, 2014

മോഡിയും രാഹുലും കോര്‍പ്പറേറ്റുകളുടെ അരുമകള്‍

പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിക്കാണിക്കുന്നത് നരേന്ദ്രമോഡിയെയും രാഹുല്‍ഗാന്ധിയെയുമാണ്. ആഗോള പബ്ലിക് റിലേഷന്‍സ് കമ്പനികളുടെ മുന്‍കയ്യില്‍ ഇവരുടെ പരസ്യപ്രചരണങ്ങള്‍ പൊടിപൊടിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളിലും പത്രമാധ്യമങ്ങളിലും പ്രചരണം ഉച്ചസ്ഥായിയിലേക്ക് ഉയര്‍ത്തിയെടുക്കുവാനാണ് ഇരുകക്ഷികള്‍ക്കും പിറകിലുള്ള കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത്. 2004ലും 2009ലും വലിയപരസ്യ പ്രചരണങ്ങളും ഇന്ത്യയുടെ തിളക്കത്തെക്കുറിച്ചുള്ള അവകാശവാദങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ദയനീയമായി പരാജയപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജന്‍ഡയും കോര്‍പ്പറേറ്റുകളുടെ ഫൈനാന്‍സ് മൂലധനതാല്പര്യങ്ങളും ചേര്‍ത്ത് ബിജെപി മുന്‍കൂട്ടിതന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹിന്ദുത്വത്തിന്റെ ക്ഷാത്രവീര്യം വേണ്ടത്രയില്ലാത്ത അദ്വാനി ഉള്‍പ്പെടെയുള്ള ഒരു തലമുറയെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ടാണ് ബിജെപി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്. മടിച്ചുമടിച്ചാണെങ്കിലും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

കോര്‍പ്പറേറ്റുകളുടെ അഭീഷ്ടമനുസരിച്ചാണ് രണ്ടുകക്ഷികളും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളെ മുന്‍കൂട്ടിത്തന്നെ തീരുമാനിച്ചത്. സാധാരണ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പിനുശേഷം ഭഭൂരിപക്ഷം കിട്ടുന്ന കക്ഷിയുടെ (മുന്നണിയുടെ) സാമാജികര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയാണ്. നവലിബറലിസം പതിവ് ജനാധിപത്യ രീതികളെയെല്ലാം തകിടം മറിക്കുന്ന ഫൈനാന്‍സ് മൂലധനത്തിന്റെ ആധിപത്യ വ്യവസ്ഥയാണല്ലോ. തങ്ങളുടെ ഭഭരണനേട്ടങ്ങളെക്കുറിച്ചുള്ള വ്യാജമായ അവകാശവാദമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ടെലിവിഷന്‍ പരസ്യങ്ങളില്‍ ഇന്ത്യയാകെ മാറിപ്പോയിരിക്കുന്നു എന്നാണ് പ്രചാരണം. മൊബൈല്‍ ഫോണ്‍, മെട്രോ, എക്സ്പ്രസ്വേ, എയര്‍പോര്‍ട്ട്, എടിഎം എല്ലാം ഇന്ത്യക്കാരന്റെ ജീവിതത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു എന്ന് പരസ്യപ്രചരണം നടത്തുമ്പോള്‍ ഇന്ത്യയുടെ യാഥാര്‍ഥ്യമെന്താണ്.

പട്ടിണികിടന്ന് മനുഷ്യര്‍ മരിക്കുന്ന അട്ടപ്പാടിയും ബലാങ്കീറും കാശിപ്പൂരും റായലസീമയുമാണ് ഇന്ത്യ. വിലത്തകര്‍ച്ചയും കടക്കെണിയും മൂലം കര്‍ഷക ആത്മഹത്യകള്‍ പതിവുസംഭവങ്ങളായ വിദര്‍ഭയും ഭട്ടിന്‍ഡയുമാണ് ഇന്ത്യ. കുടിവെള്ളമില്ലാത്ത ഗ്രാമങ്ങളും ശൗചാലയങ്ങളില്ലാത്ത നാട്ടിന്‍പുറങ്ങളുമാണിന്ത്യ. പ്രത്യുല്‍പാദന പ്രായത്തിലുള്ള 80%ത്തോളം സ്ത്രീകളും വിളര്‍ച്ചാരോഗം മൂലം ബുദ്ധിമുട്ടുന്ന രാജ്യമാണ് ഇന്ത്യ. രാഹുല്‍ഗാന്ധിയുടെ വ്യക്തിപ്രഭാവത്തെ അവതരിപ്പിക്കാനുള്ള വ്യര്‍ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ രാഹുലിന് പിന്തുണ ഉണ്ടാക്കിയെടുക്കുവാനുള്ള ക്യാമ്പയിനുകള്‍ പരാജയമായിരിക്കുകയാണ്. മോഡിക്ക് വേണ്ടി സോഷ്യല്‍ മീഡിയായില്‍ നടക്കുന്ന ക്യാമ്പയിനുകള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. കോബ്രപോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതുപോലെ ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും മോഡിയുടെ അനുയായികളെ കുറിച്ചുള്ള കണക്കുകള്‍ വ്യാജമായി ഉണ്ടാക്കിയതാണ്. രണ്ടുനേതാക്കള്‍ക്കും ഇലക്ട്രോണിക് മീഡിയയുടെയും അച്ചടിമാധ്യമങ്ങളുടെയും സഹായത്തോടെ കൃത്രിമമായ പ്രതിച്ഛായ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

രാജ്യം നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത തുടങ്ങിയ മൗലിക പ്രധാനങ്ങളായ വിഷയങ്ങളെ മാറ്റിവെച്ച് മോഡിയുടെയും രാഹുലിന്റെയും പ്രതിച്ഛായകൊണ്ട് രക്ഷപ്പെടാനാവുമോയെന്ന പരീക്ഷണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. കോര്‍പ്പറേറ്റ് കുത്തകകളും മുഖ്യധാരാ മാധ്യമങ്ങളും എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയാലും മോഡിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്താനാവില്ല. രാജ്യത്തിന്റെ ബഹുസ്വരതയെയും മതനിരപേക്ഷ ഘടനയെയും അപകടപ്പെടുത്തുവാന്‍ ഇന്ത്യന്‍ ജനത ആരെയും അനുവദിക്കില്ല. ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മാധ്യമങ്ങളുടെ വികാസ്പുരുഷനെന്ന പുതിയ പ്രതിച്ഛായ നിര്‍മാണത്തിലൂടെ മറച്ചുപിടിക്കാനാവില്ല. കോണ്‍ഗ്രസ്സിന്റെ അപചയവും അഴിമതിയും മുതലെടുത്ത് അധികാരം പിടിക്കാമെന്നത് മോഡിയുടെ വ്യാമോഹം മാത്രമായിരിക്കും.

ബിജെപിയിലെ നേതാക്കള്‍തന്നെ ഒരു ഗവര്‍മെന്റ് രൂപീകരിക്കാനാവശ്യമായ 272 സീറ്റ് 16-ാം ലോകസഭയില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതുന്നില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്താന്‍ എന്നിവ കഴിഞ്ഞാല്‍ ഒരു സംസ്ഥാനത്തും ബിജെപിക്ക് നേട്ടമുണ്ടാക്കാനാവുമെന്ന് തോന്നുന്നില്ല. കടുത്ത വര്‍ഗീയവല്‍ക്കരണനീക്കങ്ങളിലൂടെ യു.പി, ബീഹാര്‍, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സീറ്റ് പിടിക്കാമെന്നാണ് മോഡി കണക്കുകൂട്ടുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, ഒറീസ്സ, ഹരിയാന, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബി.ജെ.പിക്ക് ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ കഴിഞ്ഞ 1998ലും 1999ലും അവരുടെ മുന്നണിയില്‍ രണ്ടു ഡസനോളം പാര്‍ടികളുണ്ടായിരുന്നു. ഇപ്പോള്‍ ശിവസേനയും അകാലിദളുമാണ് ബി.ജെ.പിയോടൊപ്പമുള്ളത്. ജനസ്വാധീനമുള്ള പ്രാദേശികകക്ഷികളെല്ലാം കോണ്‍ഗ്രസ്സിതര - ബിജെപിയിതര മുന്നണിയുമായി ചേരാനാണ് താല്പര്യപ്പെടുന്നത്. മോഡിയും രാഹുലുമെല്ലാം റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാനാര്‍ഥികളുമാണ്. യുപിഎ സര്‍ക്കാരും ഗുജറാത്തിലെ മോഡി സര്‍ക്കാരും റിലയന്‍സിനും ടാറ്റാക്കുമെല്ലാം സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് ചെയ്തത്. രണ്ടുപേരും കോര്‍പ്പറേറ്റുകളുടെ അരുമകളാണ്. മുകേഷ് അംബാനി നരേന്ദ്രമോഡിയെ സ്നേഹപൂര്‍വം വിളിക്കുന്നത് "നമോ" എന്നാണ്. രാഹുല്‍ഗാന്ധിയെ "രാഗ" എന്നും. കുത്തകകളുടെ അരുമകളാണിവര്‍ രണ്ടുപേരും. ഇന്ത്യയിലെ ജനങ്ങള്‍ കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ ചൂഷണത്തിനെതിരെ വിധിയെഴുതും. എബിഎന്‍ ന്യൂസ്- എസ് നീല്‍സെന്‍ സര്‍വെപ്രകാരം കോണ്‍ഗ്രസ്സിന് 73 സീറ്റില്‍കൂടുതല്‍ ലഭിക്കില്ല. ഘടകകക്ഷികളും ചേര്‍ന്നാല്‍ 92വരെ ആകാം യുപിഎക്ക് കിട്ടുന്ന സീറ്റ്. ബീഹാറിലെ ആര്‍ജെഡി ശിഥിലീകരണം നേരിടുകയാണ്. കോണ്‍ഗ്രസ് മുന്നണിയിലും കാര്യമായ ജനപിന്തുണയുള്ള പാര്‍ട്ടികള്‍ ഒരു സംസ്ഥാനത്തുമില്ല. ബിജെപിക്ക് ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ആവശ്യമായ സീറ്റ് കിട്ടുമെന്ന് കാര്യവിവരമുള്ള ആരും കരുതുന്നില്ല. ഇടതുപക്ഷവും മതനിരപേക്ഷകക്ഷികളും ചേര്‍ന്ന് 200 ഓളം സീറ്റുകള്‍ നേടും.

മോഡിയെ മാറ്റിനിര്‍ത്തി മതനിരപേക്ഷ സര്‍ക്കാര്‍ മൂന്നാം ബ്ലോക്കിന്റെ മുന്‍കയ്യില്‍ രാജ്യത്ത് അധികാരത്തില്‍ വരുമെന്ന സാധ്യതയാണ് ഇപ്പോഴുള്ളത്. വര്‍ഗീയ ഫാസിസത്തിനും ജനദ്രോഹനയങ്ങള്‍ക്കുമെതിരായ വിധിയെഴുത്താണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കുക. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരായ ഇടത്തരക്കാരന്റെ ധര്‍മരോഷം ആം ആദ്മിയെപോലുള്ള പുതിയ പ്രതിഭാസങ്ങളെ വളര്‍ത്തും. അതും കോണ്‍ഗ്രസ് വിരുദ്ധ - ബിജെപി വിരുദ്ധ ജനവികാരത്തെയാണ് കാണിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ക്കും അഴിമതിക്കും മതനിരപേക്ഷത നേരിടുന്ന ഭീഷണിക്കുമെതിരെ വളര്‍ന്നുവരുന്ന രാഷ്ട്രീയ ധ്രുവീകരണമാണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലെ വിധി നിര്‍ണയിക്കുക. മോഡിയും രാഹുലുമല്ല പുതിയൊരു മതനിരപേക്ഷ സര്‍ക്കാരിനെയാണ് രാജ്യം കാത്തിരിക്കുന്നത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍

Friday, March 28, 2014

കോണ്‍ഗ്രസിന്റെ ജനവഞ്ചനാപത്രിക

കോണ്‍ഗ്രസിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട് എന്നത് ആ പാര്‍ടി അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ദിവസംതന്നെ തെളിഞ്ഞു. രണ്ടുകാര്യങ്ങള്‍ക്കാണ് പ്രകടനപത്രികയില്‍ ഊന്നല്‍. ഒന്ന്: അഴിമതി നിര്‍മാര്‍ജനം. രണ്ട്: കള്ളപ്പണവേട്ട. റെയില്‍വേ അഴിമതിക്കുറ്റത്തിന്റെ കരിനിഴലിലായ പവന്‍കുമാര്‍ ബന്‍സല്‍ മുതല്‍ ആദര്‍ശ് കുംഭകോണത്തിന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അശോക് ചവാന്‍വരെയുള്ളവര്‍ക്ക് വീണ്ടും മത്സരിക്കാനുള്ള കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുന്ന അനുമതിപ്പത്രത്തില്‍ വച്ച ഒപ്പിലെ മഷിയുണങ്ങുന്നതിനുമുമ്പാണ് അതേ കൈകൊണ്ട് സോണിയ അഴിമതി നിരോധന വാഗ്ദാനമുള്ള പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്! കള്ളപ്പണമാകെ വിദേശബാങ്കുകളില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന വാഗ്ദാനമടങ്ങിയ പ്രകടനപത്രിക അവര്‍ പ്രകാശനംചെയ്യുന്ന അതേ വേളയിലാണ് പരമോന്നത നീതിന്യായപീഠമായ സുപ്രീംകോടതി, കള്ളപ്പണത്തിന്റെ വിവരങ്ങളെല്ലാം കിട്ടിയിട്ടും വര്‍ഷങ്ങളായി നടപടിയെടുക്കാത്തതിന് യുപിഎ സര്‍ക്കാരിനെ തലങ്ങും വിലങ്ങും അതിനിശിതമായി വിമര്‍ശിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഇതില്‍പ്പരം എന്തുവേണം?

അശോക് ചവാന് പാര്‍ടി ടിക്കറ്റ് നല്‍കുന്നതിനെ സോണിയ ഗാന്ധി പരസ്യമായി ന്യായീകരിച്ചപ്പോള്‍ വികസനപ്രക്രിയക്കിടയില്‍ അഴിമതിയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. ഇതും പ്രകടനപത്രികയുടെ പ്രകാശനവേളയില്‍തന്നെ. ഇതൊക്കെയാണ് മനസിലിരിപ്പ് എങ്കില്‍ 1,76,000 കോടിയുടെ സ്പെക്ട്രം കുംഭകോണത്തിനും 1,86,000 കോടിയുടെ കല്‍ക്കരിപ്പാട കുംഭകോണത്തിനുമൊക്കെ കാര്‍മികത്വംവഹിച്ച് അഴിമതി ദിനചര്യയാക്കിയവര്‍ പ്രകടനപത്രികയില്‍ അഴിമതി നിര്‍മാര്‍ജനത്തെക്കുറിച്ച് പറയുന്നു!

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ ലിസ്റ്റ് അതത് ബാങ്കുകള്‍ യുപിഎ സര്‍ക്കാരിന് നല്‍കിയിട്ട് വര്‍ഷങ്ങളായി. 90 ലക്ഷം കോടി വരും കള്ളപ്പണം. ഇത് പിടിച്ചെടുക്കുന്നതുപോകട്ടെ, ആരുടെയൊക്കെയാണിത് എന്ന് വെളിപ്പെടുത്താന്‍പോലും യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. കള്ളപ്പണക്കാരുടെ സംരക്ഷകരാണോ ഈ സര്‍ക്കാരിലുള്ളത് എന്ന് സുപ്രീംകോടതി ചോദിച്ചിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. എന്നിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ പ്രകടനപത്രികാപ്രകാശനം നടക്കുന്ന സമയത്തുതന്നെ ഇതേ പ്രശ്നത്തില്‍ സര്‍ക്കാരിനെ സുപ്രീംകോടതി ശാസിച്ചത് യാദൃച്ഛികമാണെങ്കിലും അര്‍ഥപൂര്‍ണമാണ്.

2004ലെയും 2009ലെയും പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെത്തന്നെ പുതിയ വാക്കുകളിലൂടെ കുത്തിത്തിരുകിയിരിക്കുകയാണ് 2014 ലും. അഴിമതി നിരോധനിയമങ്ങള്‍ കൊണ്ടുവരുമെന്നു പറയുന്നു. പത്തുവര്‍ഷം എന്തുകൊണ്ട് ഇത് തോന്നിയില്ല? എല്ലാവര്‍ക്കും പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം എന്നിവ ഉറപ്പുനല്‍കുമെന്നു പറയുന്നു. ചെറിയ ഇടവേളകളോടെയാണെങ്കിലും പല പതിറ്റാണ്ടുകള്‍ ഭരിച്ചതല്ലേ കോണ്‍ഗ്രസ്? ഗരീബീ ഹഠാവോ, ആവടി സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുമ്പോട്ടുവച്ചതുമല്ലേ കോണ്‍ഗ്രസ്. ഇത്രയും പതിറ്റാണ്ടുകള്‍ പോരായിരുന്നോ അവര്‍ക്ക് പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍? അന്നൊന്നും ചെയ്യാത്തത് ഇനി അധികാരം കിട്ടിയാല്‍ ചെയ്യുമെന്നാണ് പറയുന്നത്. ഇതിനേക്കാള്‍ വലിയ വഞ്ചനയുണ്ടോ?

പ്രകടനപത്രിക എന്നല്ല; വഞ്ചനാപത്രിക എന്നാണ് ബുധനാഴ്ച ഇറക്കിയ കോണ്‍ഗ്രസ് രേഖയെ വിശേഷിപ്പിക്കേണ്ടത്. പത്തുകോടി തൊഴിലവസരമുണ്ടാക്കുമെന്ന് അതില്‍ പറയുന്നു. വര്‍ഷം 20 ലക്ഷം കണ്ട് യുപിഎ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കിയതായാണ് നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ രേഖകള്‍ പറയുന്നത്. തൊഴിലവസരങ്ങള്‍ നശിപ്പിച്ചിട്ട് തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പു വന്ന വേളയില്‍ പറയുന്നു!

ദാരിദ്ര്യം കുറച്ചു എന്നുപറയുന്നു. ദാരിദ്ര്യരേഖ നിര്‍ണയിക്കുന്ന കണക്കില്‍ കൃത്രിമം കാട്ടിയാണിത് എന്നത് മറച്ചുവയ്ക്കുന്നു. ദിവസം അഞ്ചുരൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്കുമുകളിലായതായി കണക്കാക്കും എന്ന് വ്യവസ്ഥചെയ്താല്‍ ദാരിദ്ര്യമുക്തരായവരുടെ എണ്ണം ഇനിയും കൂട്ടാം. പക്ഷേ, അതുകൊണ്ട് വിശപ്പുമാറുമോ? അതിതീവ്രവികസന പാതയിലാണ് രാജ്യം എന്നു പറയുന്നു. ആ വികസനം അംബാനിമാര്‍ക്കും അദാനിമാര്‍ക്കും അല്ലാതെ സാധാരണ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടോ?

സ്വകാര്യവല്‍ക്കരണം തീവ്രതരമായി തുടരും എന്നുണ്ട് പ്രകടനപത്രികയില്‍. അത് റിലയന്‍സിനും മറ്റും വേണ്ടിയാണെന്നത് ജനങ്ങള്‍ മനസിലാക്കും. ആഗോളവല്‍ക്കരണ നയങ്ങളുടെ വിപത്ത് ജനങ്ങള്‍ സ്വന്തം ജീവിതംകൊണ്ടനുഭവിക്കുകയാണിന്ന്. ആ ദുരന്തം കൂടുതല്‍ ശക്തമാവുമെന്നതിന് വേണ്ടത്ര തെളിവുകള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്. അതൊന്നുമാത്രം മതി ജനങ്ങളാല്‍ വെറുക്കപ്പെട്ട ഈ യുപിഎ സര്‍ക്കാര്‍ ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെടാന്‍.

രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് രാഹുല്‍ഗാന്ധി പറയുന്നു. രാജ്യത്തിന് ദിശാബോധമുണ്ട്. അത് ഇല്ലാത്തത് രാഹുലിനും കൂട്ടര്‍ക്കുമാണ്. അവരെ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ കൈകാര്യംചെയ്യേണ്ടതെന്ന ബോധം ജനങ്ങള്‍ക്കുണ്ട്. അര്‍ഥമില്ലാത്തതും നടപ്പാക്കാനുദ്ദേശിക്കാത്തതുമായ വാഗ്ദാനങ്ങളുടെ മായികവലയില്‍ ജനങ്ങളെ കുടുക്കാമെന്നാണ് ഈ പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് കരുതുന്നത്. ഈ വാഗ്ദാനപ്പെരുമഴയെ ജനങ്ങള്‍ വിശ്വസിക്കില്ല. ഇവര്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ ചെയ്തതെന്താണെന്നതാവും ഉരകല്ല്. ആ ഉരകല്ലിലുരച്ച് യുപിഎ സര്‍ക്കാരിനെ ജനങ്ങള്‍ വലിച്ചെറിയും. അതിന് തടയിടാന്‍ ഈ ജനവഞ്ചനാപത്രിക മതിയാവില്ല.
*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, March 26, 2014

തിരുത്തുക, അല്ലെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങുക

കോണ്‍ഗ്രസ് എന്ന പാര്‍ടിയും അതിന്റെ നേതൃത്വവും നുണ പറയുന്നത് അത്ഭുതസംഭവമല്ല. നുണകളുടെയും കാപട്യത്തിന്റെയും അടിത്തറയിലാണ് അതിന്റെ നിലനില്‍പ്പ് എന്നുതന്നെ പറയാം. "ഗരീബി ഹഠാവോ" മുതല്‍ ജനങ്ങളെ വഞ്ചിക്കാന്‍ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് കാപട്യത്തിന്റെ നിത്യസ്മാരകങ്ങളാണ്. രാജ്യത്തിന്റെ വികസനം, വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, ധനസ്ഥിതി, അഴിമതി, കടഭാരം ഇങ്ങനെ എല്ലാ വിഷയങ്ങളിലും നുണയന്‍ അവകാശവാദങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നാവില്‍നിന്നുതിരുന്നത്. ആ നിലയ്ക്ക്, കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതാവില്‍നിന്ന് സത്യസന്ധമായ സമീപനം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. അത്ഭുതകരമെന്നു പറയട്ടെ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ഇന്നുവരെയുള്ള നുണകളുടെ എല്ലാ റെക്കോഡും ഭേദിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ അദ്ദേഹം എടുത്ത നിലപാടും നടത്തിയ പ്രസ്താവനകളും മാത്രം ഒരാവര്‍ത്തി പരിശോധിച്ചാല്‍, വസ്തുതയ്ക്ക് നിരക്കാത്തതും പരസ്പര വിരുദ്ധവുമായ പ്രസ്താവനകളുടെ വന്‍ശേഖരംതന്നെ കാണാനാകും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന യുപിഎ സര്‍ക്കാരിന്റെ വാശി ഉമ്മന്‍ചാണ്ടിക്കറിയാത്തതല്ല. ആ റിപ്പോര്‍ട്ടിന്റെ ഭാഗമായി മലയോരമേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധിയും കര്‍ഷകര്‍ക്കും കൃഷിക്കും ഉണ്ടാകുന്ന തകര്‍ച്ചയും അദ്ദേഹത്തിന് നന്നായി മനസിലായിട്ടുമുണ്ട്്. അതുകൊണ്ടാണ്, തെരഞ്ഞെടുപ്പുഘട്ടത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധമായ ചര്‍ച്ച വരാന്‍ പാടില്ല എന്നദ്ദേഹം അതിയായി ആഗ്രഹിക്കുന്നത്. ചര്‍ച്ച വേണ്ട എന്നേയുള്ളൂ- കര്‍ഷകരുടെ യഥാര്‍ഥ പ്രശ്നം പരിഹരിക്കപ്പെടണമെന്നില്ല. വോട്ടെടുപ്പു തീയതിവരെമാത്രം ആയുസ്സുള്ള നാടകം ആസൂത്രണംചെയ്തതും ഇടക്കാല വിജ്ഞാപനം എന്ന പേരില്‍ കടലാസിന്റെ വിലയില്ലാത്ത ഒന്നു തട്ടിക്കൂട്ടിയതും അതിന്റെ ഭാഗമായാണ്. ഇടക്കാല വിജ്ഞാപനത്തോടെ "എല്ലാ പ്രശ്നവും പരിഹരിച്ചു" എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍, നവംബര്‍ 13ന്റെ വിജ്ഞാപനമാണ് ആത്യന്തികമായി നിലനില്‍ക്കുക എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയംതന്നെ ഹരിതകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് ഗോവ ഫൗണ്ടേഷന്‍ ഹരിതകോടതിയില്‍ എതിര്‍ത്തു. രാഷ്ട്രീയനേട്ടത്തിനായാണ് ഇതെന്ന് ഫൗണ്ടേഷനു വേണ്ടി ഹാജരായ രാജ്പഞ്ച്വാനി കുറ്റപ്പെടുത്തി. എന്നാല്‍, നവംബര്‍ 13ന്റെ റിപ്പോര്‍ട്ടിനാണ് നിയമപരിരക്ഷയെന്ന് കേന്ദ്രം വ്യക്തമാക്കിയതിനാല്‍ അന്തിമ റിപ്പോര്‍ട്ട് പുറത്തിറങ്ങിയശേഷം ഫൗണ്ടേഷന് ചോദ്യംചെയ്യാമെന്നാണ് ട്രിബ്യൂണല്‍ വ്യക്തമാക്കിയത്. എന്നിട്ടും ഉമ്മന്‍ചാണ്ടി നാണിച്ചു പിന്മാറുന്നില്ല. "നവംബര്‍ 13ന്റെ വിജ്ഞാപനം കേരളത്തിന് ബാധകമല്ല" എന്നാണ് പറയുന്നത്. മലയാള മാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും വലതുപക്ഷത്തിന്റെ വരുതിക്കു നില്‍ക്കും എന്ന അഹന്തയിലാണ് ഉമ്മന്‍ചാണ്ടി ഇതു ചെയ്യുന്നത്. ഏതു കള്ളം വിളിച്ചുപറഞ്ഞാലും കീഴ്മേല്‍ നോക്കാതെ വേദവാക്യമെന്ന് വ്യാഖ്യാനിച്ച് പ്രചാരം നല്‍കാന്‍ തയ്യാറായി മാധ്യമങ്ങള്‍ ചുറ്റും നില്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ജനങ്ങളുടെ കഴുത്തുഞെരിക്കാന്‍ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ക്ക് സാധിക്കുന്നു. സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ആറു സംസ്ഥാനങ്ങളിലെ 4156 പരിസ്ഥിതിലോല വില്ലേജുകളില്‍ കേരളത്തിന്റെ 123 എണ്ണം ഉള്‍ക്കൊള്ളുന്നു. അതില്‍ ഒരു മാറ്റവും ആരും വരുത്തിയിട്ടില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിനും ഹരിതകോടതിക്കും അതില്‍ സംശയവുമില്ല. അതുകൊണ്ടാണ്, ഗോവ ഫൗണ്ടേഷന്റെ വാദങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല എന്ന് ഹരിതകോടതി വ്യക്തമാക്കിയത്.

ഇതെല്ലാം മറച്ചുപിടിച്ച് "എല്ലാ വിഷയവും പരിഹരിക്കപ്പെട്ടു" എന്ന് പറഞ്ഞുനടന്നാല്‍, മലയോര കര്‍ഷക ജീവിതം വഴിമുട്ടും. അവിടങ്ങളിലെ ജനങ്ങളറിയാതെ അവര്‍ക്കുമേല്‍ നിയമത്തിന്റെ ചങ്ങല വീഴും. കേവലം ഒരു തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ച ഒഴിവാക്കാനുള്ള വെപ്രാളത്തില്‍ കള്ളം പറയുകയും കാപട്യം പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തരാഹിത്യം കാണിക്കുകയും ചെയ്യുമ്പോള്‍, വലിയ അപകടത്തിലേക്കാണ് ജനങ്ങളെ തള്ളിയിടുന്നത് എന്ന് ഉമ്മന്‍ചാണ്ടി ഓര്‍ക്കണം. കോടതി പരിഗണിക്കുന്ന വിഷയത്തില്‍ കോടതിയോട് ആലോചിക്കുകപോലും ചെയ്യാതെ ഇടയ്ക്കിടെ ഓരോ കടലാസ് ഇറക്കാന്‍ ആര്‍ക്കാണധികാരം എന്ന ഹരിത കോടതിയുടെ ചോദ്യം യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിക്കു കൊള്ളുന്നതാണ്. ഒരു സംസ്ഥാനത്തിനു മാത്രമായി എന്ത് ഭേദഗതി എന്നതും സര്‍ക്കാരിന്റെ കള്ളക്കളി പൊളിക്കുന്ന ചോദ്യംതന്നെ. സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് കേരളത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രശ്നപരിഹാരമുണ്ടാക്കാനും പൊതുതാല്‍പ്പര്യം സംരക്ഷിക്കാനും ശ്രമിച്ചാല്‍, ഒരു ഭരണാധികാരി എന്ന നിലയില്‍ ഏറ്റവും കുറഞ്ഞ കാര്യമെങ്കിലും ചെയ്തു എന്ന് നാളെ ഉമ്മന്‍ചാണ്ടിക്ക് ആശ്വസിക്കാനാകും. അതല്ല, കാപട്യത്തിന്റെ വഴിയിലൂടെയാണ് തുടര്‍ന്നും സഞ്ചാരമെങ്കില്‍, അതിന് ജനങ്ങള്‍ നല്‍കുന്ന ശിക്ഷ അതികഠിനമാകും എന്നോര്‍ക്കുക.
*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, March 18, 2014

സോണിയയുടെ സ്വര്‍ണവും മഹാകോടീശ്വരക്ലബ്ബും

തെരഞ്ഞെടുപ്പു കമീഷന് 2009ല്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം സോണിയ ഗാന്ധി 2518.45 ഗ്രാം സ്വര്‍ണത്തിന്റെ ഉടമയാണ്. ഇതിന് മൊത്തത്തില്‍ 11.08 ലക്ഷം രൂപയേ വിലവരൂ എന്നാണ് അവര്‍ തെരഞ്ഞെടുപ്പു കമീഷനെ ധരിപ്പിച്ചത്. അതായത്, പത്തുഗ്രാം സ്വര്‍ണത്തിന് 4500 രൂപമാത്രം വില! ഈ വിലയ്ക്ക് സ്വര്‍ണം കിട്ടുന്ന കമ്പോളം ഏതാണെന്ന് സോണിയ ഗാന്ധി പറയുന്നില്ല. പത്തുഗ്രാം സ്വര്‍ണം 4500 രൂപയ്ക്ക് തരാന്‍ തയ്യാറുണ്ടോ സോണിയ ഗാന്ധി എന്ന് ആരും അന്വേഷിക്കുകയും വേണ്ട. കമ്പോളത്തില്‍ അന്ന് 15,000 രൂപ വിലയുള്ള സ്വര്‍ണത്തിനാണ് സോണിയ 4500 രൂപ വില കാണിച്ചത്. ഏതായാലും പത്ത് ഗ്രാം സ്വര്‍ണം 4500 രൂപയ്ക്ക് കിട്ടുന്നത് എവിടെയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഇതുവരെ സോണിയയോട് അന്വേഷിച്ചതായി കേട്ടിട്ടുമില്ല.

സോണിയ ഗാന്ധിക്ക് ഇന്ത്യയില്‍ സ്വന്തമായി കാറോ വീടോ ഇല്ലെന്നു പറയുന്ന സത്യവാങ്മൂലം ഇറ്റലിയില്‍ അവര്‍ക്ക് വീടുള്ളതായി കാണിച്ചിട്ടുണ്ട്. അതിനാകട്ടെ 18 ലക്ഷം രൂപയേ വിലവരൂ അത്രേ! 18 ലക്ഷം രൂപയ്ക്ക് ഇറ്റലിയില്‍ വീട്! ഇതിന്റെയും യഥാര്‍ഥ വില മറ്റൊന്നായിരിക്കും എന്ന് വ്യക്തം. വില എത്രയായാലെന്ത്? ഇന്ത്യയില്‍ വീടില്ലെങ്കിലെന്ത്? ഒരു അഭയകേന്ദ്രം ഇറ്റലിയില്‍ ഏതായാലും ഉണ്ടല്ലോ! വീടോ വിലയോ അല്ല ഇവിടെ പ്രശ്നം; കോണ്‍ഗ്രസുകാര്‍ "സത്യ"വാങ്മൂലത്തിലൂടെ ആസ്തി പ്രഖ്യാപിക്കുന്ന രീതിയാണ് പ്രശ്നം.

ലോകത്തിലെ പന്ത്രണ്ടാമത്തെ അതിസമ്പന്ന സോണിയ ഗാന്ധിയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നയിക്കുന്ന ലോകസമ്പന്നരുടെ ലിസ്റ്റില്‍ എലിസബത്ത് രാജ്ഞി പതിനെട്ടാമതേ വരുന്നുള്ളൂവെന്നും "ഹഫിങ്ടണ്‍പോസ്റ്റ്" മുമ്പൊരിക്കല്‍ വെളിപ്പെടുത്തി. സോണിയ ഗാന്ധി അത് നിഷേധിച്ചു; ഹഫിങ്ടണ്‍പോസ്റ്റിനെക്കൊണ്ട് അത് പിന്‍വലിപ്പിക്കുകയും ചെയ്തു. അതിന്റെ നിജസ്ഥിതി എന്തുമാകട്ടെ, പത്തുഗ്രാം സ്വര്‍ണത്തിന് 4500 രൂപ എന്നുകാണിച്ച വ്യക്തിയാണ് സോണിയ എന്ന കാര്യം ബാക്കിനില്‍ക്കുന്നു. ഏതായാലും സോണിയ ഗാന്ധിയുടെ കാര്‍മികത്വത്തിലുള്ള ഭരണത്തിന്റെ കീഴിലാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അഴിമതികള്‍ നടന്നത് എന്നത് നിഷേധിക്കാവുന്നതല്ല. 1,76,000 കോടിയുടെ സ്പെക്ട്രം, 1,86,000 കോടിയുടെ കല്‍ക്കരിപ്പാടം... അങ്ങനെ എത്രയോ വന്‍ കുംഭകോണങ്ങള്‍. ഈ തുകയൊക്കെ ആരുടെ നിക്ഷേപത്തിലേക്ക് പോയി എന്നതും ഇതുവരെ വെളിപ്പെട്ടിട്ടില്ല. റിലയന്‍സിന്റെ ഗ്യാസ് പര്യവേക്ഷണത്തിന്റെ വില തര്‍ക്കത്തിലായപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് റിലയന്‍സിന് അനുകൂലമായി തീരുമാനമെടുത്തത് സോണിയയുടെ ധനമന്ത്രിയാണ്. ലക്ഷക്കണക്കിനുകോടികള്‍ റിലയന്‍സിന് മാസംതോറും കൊയ്യാവുന്ന അവസ്ഥ അങ്ങനെയുണ്ടായി. ഇതിനെ എതിര്‍ത്ത മണിശങ്കര അയ്യരെ പെട്രോളിയംവകുപ്പില്‍നിന്നുതന്നെ നീക്കി, റിലയന്‍സ് നിര്‍ദേശിച്ച മുരളിദേവ്റയെ പെട്രോളിയംമന്ത്രിയാക്കി. സര്‍ക്കാര്‍ ഗ്യാസ് ഏറ്റെടുക്കുന്നതിന്റെ വില ഇരട്ടിയാക്കണമെന്ന നിര്‍ദേശത്തെ ജയ്പാല്‍റെഡ്ഡി എതിര്‍ത്തപ്പോള്‍ അദ്ദേഹത്തെ മാറ്റി റിലയന്‍സിന് സ്വീകാര്യനായ വീരപ്പമൊയ്ലിയെ പെട്രോളിയംമന്ത്രിയാക്കി. എല്ലാം സോണിയയുടെ മായാജാലം!

സോണിയ നിഷേധിച്ചാലും ഇതെല്ലാം വസ്തുതകളായി നിലനില്‍ക്കുന്നു. 83 കോടി ആളുകള്‍ പ്രതിദിനം 20 രൂപയുടെപോലും വരവില്ലാതെ വലയുന്ന ഈ രാജ്യത്ത് പത്തുവര്‍ഷംകൊണ്ട് കോര്‍പറേറ്റ് വമ്പന്മാരുടെ 26 ലക്ഷം കോടിയുടെ ബാധ്യതയാണ് സോണിയ ഗാന്ധിയുടെ കാര്‍മികത്വത്തില്‍ യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. എല്ലാം ഖജനാവിലേക്കുവരേണ്ട തുക! ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റുതന്നെ പരസ്യപ്പെടുത്തിയിട്ടുള്ള കണക്കാണ് ഇത് എന്നതിനാല്‍ അവിശ്വസിക്കാന്‍ പഴുതില്ല. വന്‍ കോര്‍പറേറ്റുകള്‍ ഇങ്ങനെ സുഖമനുഭവിക്കുമ്പോള്‍ സോണിയ രൂപപ്പെടുത്തിയ മന്ത്രിസഭയിലെ അംഗങ്ങളോ? അവരും ആസ്തി വര്‍ധിപ്പിക്കലിന്റെ സുഖാനുഭവങ്ങളിലേക്കുതന്നെപോയി. ആസ്തി കഴിയുന്നത്ര കുറച്ച് കാണിക്കുന്നതാണ് രീതിയെങ്കിലും യുപിഎ മന്ത്രിമാരുടെ ആസ്തിവര്‍ധനയുടെ തോത് ഞെട്ടിക്കുന്നതാണ്. രണ്ടായിരത്തിഒമ്പതിലെ തെരഞ്ഞെടുപ്പില്‍ പ്രഫുല്‍പട്ടേല്‍ നല്‍കിയത് തനിക്ക് 79 കോടി രൂപയുടെ ആസ്തിയുണ്ടെന്ന സത്യവാങ്മൂലമാണ്. എന്നാല്‍, 2011ല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഇയാളുടെ ആസ്തി 122 കോടി രൂപയുടേതായിരിക്കുന്നു. 28 മാസങ്ങള്‍ക്കുള്ളിലാണ് ഈ വര്‍ധന! ഓരോ ദിവസവും അഞ്ചുലക്ഷം രൂപവീതം കൂടിയാലേ ഈ വര്‍ധനയുണ്ടാകൂ. മന്ത്രിപ്പണിയല്ലാതെ ഇയാള്‍ വേറെ എന്തെങ്കിലും പണിചെയ്ത് പണമുണ്ടാക്കുന്നതായി അറിവില്ല. അപ്പോള്‍ എവിടെനിന്നുവന്നു ഈ ആസ്തിവര്‍ധന?

കമ്യൂണിക്കേഷന്‍-ഐടി മന്ത്രിസ്ഥാനത്തിരുന്നതുകൊണ്ട് മിലിന്ദ് ദിയോറയുടെ ആസ്തി 2009ലെ 17 കോടിയില്‍നിന്ന് 28 മാസങ്ങളിലായി 33 കോടിയിലേക്കുയര്‍ന്നു. 2004ലെ സത്യവാങ്മൂലപ്രകാരം 8.8 കോടിയായിരുന്നു ആസ്തി. ഏഴുവര്‍ഷങ്ങളില്‍ ദിവസേന ഓരോ ലക്ഷം കൂടിയാലേ ഈ നിലവാരത്തിലെത്തൂ. വിലാസറാവു ദേശ്മുഖ് 2009നെ അപേക്ഷിച്ച് 28 മാസങ്ങള്‍കൊണ്ട് ആസ്തി 1.73 കോടി വര്‍ധിപ്പിച്ചപ്പോള്‍ രാജീവ് ശുക്ല എന്ന മന്ത്രി 22 കോടി വര്‍ധിപ്പിച്ചു. എട്ടുകോടിയില്‍നിന്ന് 30 കോടിയിലേക്ക്. ജെ എം റെഡ്ഡി 2011 ഏപ്രില്‍വരെയുള്ള 24 മാസങ്ങളിലായിത്തന്നെ 72 കോടിയായിരുന്ന ആസ്തി 357 കോടിയാക്കി ഉയര്‍ത്തിയെടുത്തു. ഓരോ ദിവസവും 50 ലക്ഷത്തിന്റെ വര്‍ധന!

കേന്ദ്രമന്ത്രിമാരെ മൊത്തത്തിലെടുത്താല്‍ അവരുടെ ആസ്തി ശരാശരി 7.3 കോടിയായിരുന്നത് 28 മാസങ്ങള്‍കൊണ്ട് 10.6 കോടിയായി ഉയര്‍ന്നുവെന്നുകാണാം. പ്രഫുല്‍പട്ടേല്‍ 53 ശതമാനംകണ്ടാണ് ആസ്തി വര്‍ധിപ്പിച്ചതെങ്കില്‍ ഡോ. എസ് ജഗദ് രക്ഷകന്‍ 28 മാസങ്ങള്‍കൊണ്ട് 1092 ശതമാനം വര്‍ധിപ്പിച്ച് 2009ലെ 5.9 കോടിയെ 70 കോടിയാക്കി ഉയര്‍ത്തിയെടുത്തു. കോണ്‍ഗ്രസും ബിജെപിയും ഒക്കെച്ചേര്‍ന്ന് പാര്‍ലമെന്റിനെ ഒരു "മില്യണയേഴ്സ് ക്ലബ്ബ"ാക്കി മാറ്റിയെടുത്തു. ഒന്നാംനിര കോര്‍പറേറ്റുകളില്‍പ്പെട്ട ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മേധാവി നവീന്‍ ജിന്‍ഡാല്‍ പത്തുവര്‍ഷമായി കോണ്‍ഗ്രസ് എംപിയാണ്. അനില്‍ അംബാനി രാജ്യസഭാംഗമായി. അങ്ങനെ എത്രയോ പേര്‍! റിലയന്‍സ്, അംബാനി, ബിര്‍ള, ടാറ്റ, ജിന്‍ഡാല്‍, മഹേന്ദ്ര തുടങ്ങിയ എല്ലാ ഗ്രൂപ്പുകള്‍ക്കും പാര്‍ലമെന്റില്‍ സംരക്ഷകരുണ്ട്.

മഹേന്ദ്രപ്രസാദ് എന്ന എംപി 683 കോടിയുടെ ആസ്തിയുള്ളയാളാണ്. ഇയാളാണ് പാര്‍ലമെന്റിലെ അതിസമ്പന്നന്‍. നാമനാഗേശ്വരറാവുവിന്റെ ആസ്തി 174 കോടി. സുബ്ബരാമറെഡ്ഡിയുടേത് 258 കോടി. സത്യനാരായണ റാവുവിന്റേത് 190 കോടി. എംപിമാരുടെ ശരാശരി ആസ്തി 5.33 കോടി! 2004ലെ ആസ്തിയും 2009ലെയും താരതമ്യം ചെയ്താല്‍ വര്‍ധന 289 ശതമാനം. 2014ലെ കണക്കുകള്‍ വന്നിട്ടില്ല. അതുകൊണ്ട് 2009നുശേഷമുള്ള 28 മാസത്തെ കണക്കെടുക്കാനേ നിവര്‍ത്തിയുള്ളൂ. സ്വിസ് ബാങ്ക് അടക്കമുള്ള വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ 90 ലക്ഷം കോടിയുടെ കള്ളപ്പണം വിദേശനിക്ഷേപമായി കിടക്കുന്നു. ബാങ്കുകള്‍ ലിസ്റ്റ് കേന്ദ്രസര്‍ക്കാരിന് കൈമാറി. എന്നാല്‍, ഒരു നടപടിയുമില്ല. ലിസ്റ്റ് പരസ്യപ്പെടുത്തുകപോലുമില്ല. ലിസ്റ്റ് പുറത്തുവന്നാല്‍ അതില്‍ തങ്ങളുടെ പേരുകളുണ്ടാകുമെന്ന് കോടീശ്വരന്മാരുടെ ക്ലബ്ബിനറിയാം.

പതിനൊന്നുവര്‍ഷംകൊണ്ട് പതിനൊന്നുലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്ത നാടാണിത്. മനുഷ്യവികസന സൂചികയില്‍ 154-ാമത് നില്‍ക്കുന്ന രാജ്യം. ഇവിടെയാണ് ഒരു മന്ത്രി പ്രതിദിനം 50 ലക്ഷം രൂപകണ്ട് ആസ്തി വര്‍ധിപ്പിക്കുന്നത്. ദിവസവും അഞ്ചുമുതല്‍ അമ്പതുവരെ ലക്ഷം ഉണ്ടാക്കുന്ന ഈ മന്ത്രിമാര്‍ക്കു കീഴില്‍ ഉദ്യോഗസ്ഥര്‍ എന്തുചെയ്യും? അഴിമതി തലപ്പത്തേ തുടങ്ങുന്നു!

പാര്‍ലമെന്റില്‍ നാലില്‍ മൂന്നും കോടീശ്വരന്മാര്‍. ശരിക്കും മഹാകോടിപതികളുടെ ക്ലബ്. കോടീശ്വരന്മാര്‍ കോടീശ്വരന്മാരാല്‍ കോടീശരത്വംകൊണ്ട് ഭരിക്കുന്നു. അവിടെ ദുര്‍ബലമായ തോതിലാണെങ്കിലും വേറിട്ട ഒരു രാഷ്ട്രീയ സംസ്കാരവും ശബ്ദവും ഉണ്ടാകുന്നത് ഇടതുപക്ഷത്തുനിന്നാണ്. ആ ഇടതുപക്ഷംകൂടി അവിടെയില്ലെങ്കിലോ? എന്തൊരു ശൂന്യതയാകും അത്. ജനപ്രതിനിധിസഭയില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ഉണ്ടാകണം. അതിനാണ് ഇടതുപക്ഷവും അതിന്റെ രാഷ്ട്രീയവും. യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് കോടീശ്വരന്മാരുടെ ക്ലബ്ബിന് ജയജയ പാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ആ ദൗത്യവുമായി കേരളജനത പ്രതിനിധികളെ ഡല്‍ഹിക്കയക്കണോ? അതാണ് പ്രസക്തമായ ചോദ്യം.
*
പ്രഭാവര്‍മ

Thursday, March 6, 2014

നിലമ്പൂരിലെ നിയമഹത്യ

എങ്ങനെ കേസ് അന്വേഷണം അട്ടിമറിക്കാമെന്നും നീതി നിഷേധിക്കാമെന്നുമുള്ളതിന്റെ അത്യാധുനിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ രാധ വധക്കേസ്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ രാധ എന്ന നാല്‍പ്പത്തൊമ്പതുകാരിയെ ഫെബ്രുവരി അഞ്ചിന് കാണാതായത് വലിയ വാര്‍ത്തയായില്ല. പൊലീസ് അക്കാര്യത്തില്‍ ഒരു എഫ്ഐആര്‍പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രാവിലെ പത്തരയോടെ വീട്ടില്‍ തിരിച്ചെത്തേണ്ട രാധ വൈകിട്ടും എത്താതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത് രാധയുടെ സഹോദരന്‍ ഭാസ്കരന്‍. എഴുതിത്തയ്യാറാക്കിയ പരാതി സ്വീകരിക്കാന്‍ എസ്ഐയും സിഐയും തയ്യാറായില്ല. പരാതി തങ്ങള്‍ തയ്യാറാക്കാം അതില്‍ ഒപ്പിട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഈ ഘട്ടത്തില്‍തന്നെ പൊലീസ് കളി ആരംഭിച്ചിരുന്നു. പിന്നീട് പൊലീസ് അന്വേഷണമൊന്നും നടത്തിയില്ല.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ എംഎല്‍എ ഓഫീസ് കൂടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ജോലിക്കുപോയ ജീവനക്കാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ശരിയായി നടക്കണമെന്നോ കണ്ടെത്തണമെന്നോ ഉള്ള തരത്തില്‍ ഒരു പ്രസ്താവനപോലും ആര്യാടന്റേതായി വന്നില്ല. ഫെബ്രുവരി അഞ്ചിന് കാണാതായ രാധയെ കണ്ടെത്താന്‍ ഇടപെടല്‍ നടത്തണമെന്ന്ഭഭാസ്കരന്‍ മന്ത്രി ആര്യാടനോട് അപേക്ഷിച്ചിരുന്നു.&ഹറൂൗീ;എല്ലാം ശരിയാക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. അതനുസരിച്ച് എല്ലാം ശരിയാക്കി. നിലമ്പൂര്‍ ടൗണില്‍നിന്ന് 15 കിലോമീറ്ററോളം അകലെ അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട്ടുള്ള കോണ്‍ഗ്രസ്- കര്‍ഷക കോണ്‍ഗ്രസ് നേതാവായ കുമാരന്‍കുട്ടിയുടെ കുളത്തില്‍ കേടുവന്ന മോട്ടോര്‍ നന്നാക്കാനെത്തിയ തൊഴിലാളികള്‍ ഒരു മൃതദേഹത്തിന്റെ കാലുകള്‍ പുറത്തുകണ്ടതോടെയാണ്&ഹറൂൗീ;എല്ലാം ശരിയാക്കി ഒതുക്കിക്കളഞ്ഞ കേസ് പുറത്തായത്. മൃതദേഹം ഈ തൊഴിലാളികള്‍ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ കാണാതായ അനേകം പേരുടെ ലിസ്റ്റിനുള്ളില്‍ രാധയുടെ പേരും ഉറങ്ങിപ്പോകുമായിരുന്നു.

കേസന്വേഷണത്തില്‍ ഏത് നിസ്സാര സംശയങ്ങളെയും ഗൗരവമായെടുക്കണമെന്ന അടിസ്ഥാനപാഠം നിലമ്പൂര്‍ പൊലീസ് രാധ വധക്കേസിന്റെ കാര്യത്തില്‍ മാറ്റിവച്ചു. രാധയുടെ മൃതദേഹം കണ്ട ഫെബ്രുവരി ഒന്‍പതിനുതന്നെ അത് പുറത്തെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് അയക്കാമായിരുന്നു. അതുണ്ടായില്ല. ഒരു രാത്രികൂടി മൃതദേഹം കുളത്തില്‍ കിടന്നു. മൃതദേഹം കൂടുതല്‍ അഴുകുംതോറും ഫോറന്‍സിക് തെളിവുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അതായിരുന്നു ലക്ഷ്യം. ഫെബ്രുവരി പത്തിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. രാധയുടെ ജനനേന്ദ്രിയത്തില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇതേക്കുറിച്ച് പൊലീസിനോട് അന്വേഷിച്ചിട്ടും ഒരു സൂചനയും ലഭിച്ചില്ല. പിന്നീട് ഡോക്ടര്‍മാര്‍ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് മുറിവുണ്ടാക്കിയ ചൂലിന്റെ പിടി കണ്ടെത്തിയത്. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണോ ഈ ആക്രമണം നടത്തിയതെന്ന് അന്വേഷിക്കുന്നതില്‍ പൊലീസിന് ഒരു താല്‍പ്പര്യവുമില്ല. ഫോറന്‍സിക് തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍തന്നെ ഉന്നയിച്ചു. മൃതദേഹം കണ്ടെത്തിയ ദിവസംതന്നെ പ്രതികള്‍ കീഴടങ്ങി. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ബിജുനായരും മറ്റൊരു കോണ്‍ഗ്രസുകാരനായ ഷംസുദീനും. അവര്‍ കുറ്റം സമ്മതിച്ചതിനാല്‍ പൊലീസിന് പിന്നെ ഒന്നും അന്വേഷിക്കേണ്ടിവന്നില്ല. കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ബിജുനായരെ തന്റെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കി മന്ത്രി ആര്യാടനും മര്യാദ കാട്ടി. ഒരു വധക്കേസില്‍ രണ്ടു പേര്‍ കുറ്റം സമ്മതിച്ചുകൊണ്ട് മുന്നോട്ടുവന്നാല്‍ അതിന്റെ പിന്നിലുള്ള കാര്യമെന്താണെന്ന് അന്വേഷിക്കണമെന്ന് പോലീസിന് തോന്നിയില്ല. സംഭവം നടന്നതായി പറയുന്ന കോണ്‍ഗ്രസ് ഓഫീസ് സീല്‍ ചെയ്യാതെ ദിവസങ്ങളോളം വിട്ടുകൊടുത്തു. രാധയുടെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖരായ മേലേക്കളം നാരായണന്‍, ജൂപ്പിറ്റര്‍ സുരേഷ് എന്നീ രണ്ട് പ്രാദേശിക നേതാക്കളെ ഒപ്പം കൂട്ടി. ഇവര്‍ രാധയുടെ ബന്ധുക്കളെ ഇടയ്ക്കിടെഭഭീഷണിപ്പെടുത്തി മൊഴിയെടുക്കലിനെ വഴിതെറ്റിച്ചു. ഐജി ഗോപിനാഥിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചശേഷം ഐജി, ജില്ലാ പൊലീസ് സൂപ്രണ്ട്, ഡിവൈഎസ്പി എന്നിവര്‍ രാധയുടെ കുടുംബാംഗങ്ങളില്‍നിന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോയി. സ്നേഹപൂര്‍വം ഐജി സംസാരിച്ചു. ഒടുവില്‍ മൂന്ന് ഫോണ്‍ നമ്പരുകള്‍ കൊടുത്തു. ഐജി, എസ്പി, ഡിവൈഎസ്പി എന്നിവരുടെ ഫോണ്‍ നമ്പരുകളായിരുന്നു അത്. നമ്പരുകള്‍ കൊടുത്തശേഷം ഐജി നല്‍കിയ സ്നേഹരൂപേണയുള്ള ഉപദേശം വളരെ വിചിത്രമായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിളിക്കേണ്ടതില്ല, അയാള്‍ക്ക് മലയാളം മനസിലാവില്ല എന്ന്. സ്ഥലത്തുണ്ടായിരുന്ന ജില്ലാ പൊലീസ് സൂപ്രണ്ട് അപ്പോള്‍ത്തന്നെ വിയോജിച്ചു. തനിക്ക് മലയാളം അറിയാമെന്നും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ട് പുട്ട വിമലാദിത്യയെ അടുത്ത ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റി. കേസ് പൂര്‍ണമായും അട്ടിമറിച്ചശേഷം വനിതാ ഐജിയെ നിയമിക്കുക, സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് സംശയിക്കപ്പെടുന്നവര്‍ പ്രസ്താവന നടത്തുക എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്.

രാധയെ കാണാതായശേഷം ബിജുനായരും ആര്യാടന്‍ ഷൗക്കത്തും നിലമ്പൂരിലെ ഒരു ക്ഷേത്രത്തിലെ പരിപാടിയോടനുബന്ധിച്ച് നടന്ന സദ്യയില്‍ ഒന്നിച്ച് പങ്കെടുത്തു. ഇത് പകര്‍ത്തിയ ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തി ഫോട്ടോ അടങ്ങുന്ന കാര്‍ഡ് വില കൊടുത്ത് വാങ്ങി നശിപ്പിച്ചു. രാധയ്ക്ക് എന്തൊക്കെയോ രഹസ്യങ്ങള്‍ അറിയാമായിരുന്നുവെന്ന് രാധയുടെ സഹോദരന്‍ ഭാസ്കരന്‍ പറഞ്ഞിട്ടുണ്ട്. ഈ രഹസ്യങ്ങള്‍ എന്താണെന്ന് അന്വേഷിച്ചാല്‍ വധക്കേസിന്റെ സത്യങ്ങള്‍ പുറത്താകും. എന്തുകൊണ്ട് പൊലീസ് ഇതിന് തയ്യാറാകുന്നില്ല?

രാധയുടെ മൃതദേഹം കണ്ട ദിവസം രാത്രി ബിജുവിന്റെ ഭാര്യയുടെ ഫോണില്‍നിന്ന് ദീര്‍ഘനേരം കോളുകള്‍ പോയിരുന്നു. ഇതേക്കുറിച്ചോ സംഭവത്തില്‍ സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ചോ പൊലീസ് അന്വേഷണം നടത്താത്തത് വലിയ സംശയമാണുണ്ടാക്കുന്നത്. രഹസ്യം മറച്ചുവയ്ക്കാനായി നടത്തുന്നതാണ് പല കൊലകളും. നിലമ്പൂരില്‍ അത്തരം രഹസ്യം മൂടിവയ്ക്കാനാണ് കൊല നടത്തിയിരിക്കുന്നതെന്ന് വലിയ സംശയമുണ്ട്. നിലമ്പൂരിലും പരിസരത്തും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മാഫിയകളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന വന്‍ രാഷ്ട്രീയനേതാക്കളെയുംകുറിച്ച് ജനങ്ങള്‍ക്കറിയാം. രാധ വധക്കേസില്‍ ഇത്തരം അധോലോക സംഘങ്ങളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത നേതാക്കളുമുണ്ട്. ഇത് മറച്ചുവയ്ക്കാന്‍ കേരള പൊലീസിനെ വിലയ്ക്കെടുത്തിരിക്കയാണ്.

*
വി ജയിന്‍ Deshabhimani

അധ്യക്ഷനും അബ്ദുള്ളക്കുട്ടിയും

സരിതാനായരുടെ വെളിപ്പെടുത്തല്‍ അബ്ദുള്ളക്കുട്ടിയെക്കുറിച്ചായതുകൊണ്ട് വലിയ ഞെട്ടലൊന്നും സമൂഹത്തില്‍ ഉളവാക്കിയില്ല. വി എം സുധീരന്റെ പാര്‍ടിയില്‍തന്നെയാണ് ഇപ്പോഴും അബ്ദുള്ളക്കുട്ടി. അതേപാര്‍ടിയിലാണ് എന്‍ ഡി തിവാരിയും. സുധീരന്‍ "വിഷയം പഠിക്കാന്‍" പോയിരിക്കയാണ്. തിവാരിയെപ്പോലെ സത്യം വൈകി സമ്മതിച്ചാലും സുധീരന്റെ "ആദര്‍ശ"ത്തിന് എന്തെങ്കിലും സംഭവിച്ചതായി മാധ്യമങ്ങള്‍ കാണില്ലെന്ന ആശ്വാസത്തിന്റെ നൂലിഴയിലാണ് ഇന്ന് കോണ്‍ഗ്രസ്.

സരിത ഇപ്പോള്‍ സര്‍വതന്ത്രസ്വതന്ത്രം. തട്ടിപ്പുകേസും വാറന്റും ഏതാണ്ട് ഒതുങ്ങിക്കഴിഞ്ഞു. കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്‍ ജീവപര്യന്തം തടവുവാങ്ങി ജയിലിലായി. തട്ടിച്ചും വെട്ടിച്ചും വിയര്‍പ്പോഹരിയായും സമ്പാദിച്ചതത്രയും ഭദ്രമായി. ഇനി ഇത്തരം അഭ്യാസങ്ങളുടെ കാലം. കോണ്‍ഗ്രസ് ഉന്നതന്‍, തന്നെ വിനിയോഗിച്ചത് രാഷ്ട്രീയവൈരം തീര്‍ക്കാനായിരുന്നു എന്നു തുടക്കത്തില്‍ സരിത പറഞ്ഞിട്ടുണ്ട്. ""കോണ്‍ഗ്രസ് ഉന്നതന്റെ വിശ്വസ്തയായശേഷമാണ് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തത്. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും വിശ്വസ്തയായി മാറി. എന്നാല്‍, തന്നെപ്പറ്റി ശ്രീധരന്‍നായര്‍ എന്ന വ്യവസായി "ആന്റി"യോട് ചില കാര്യങ്ങള്‍ പറഞ്ഞതായും അറിഞ്ഞു."" എന്ന് സരിത പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ടുചെയ്തിരുന്നു. സരിതാനായരുടെ മൊഴിസംബന്ധിച്ച ആ വാര്‍ത്തയില്‍, വന്‍കിട പദ്ധതികളിലേക്ക് നയിച്ചത് കോണ്‍ഗ്രസ് ഉന്നതന്‍ അടക്കമുള്ളവരായിരുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്.

ബംഗളൂരുവിലെ റെഡ്ചില്ലി ഹോട്ടല്‍, മന്ത്രിയുടെ ബംഗളൂരുവിലെ സുഹൃത്ത് സുരേഷ്, മധ്യവയസ്കനെങ്കിലും സുമുഖനായ മന്ത്രി, രാത്രി പത്തുമണിക്കുശേഷം വിളിവരാറുള്ള ഫോണ്‍നമ്പര്‍, കിങ്സ്യൂട്ട് ഹോട്ടലിലെ രാത്രിവാസം, പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗവും മന്ത്രിയുടെ സുഹൃത്തുമായ ആള്‍ ഗള്‍ഫില്‍ ഭാര്യയുടെ അടുത്തേക്കു പറന്നത്- ഇങ്ങനെ ഒട്ടേറെ വ്യക്തമായ സൂചനകളുണ്ട്. അതെല്ലാമടങ്ങുന്ന സരിതയുടെ മൊഴി വെളിച്ചം കണ്ടിട്ടില്ല.

ഇത്തരമൊരു വാര്‍ത്ത വന്നാല്‍, അത് തെറ്റാണെന്ന് ഉറച്ചവിശ്വാസമുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ പത്രത്തിനും സരിതയ്ക്കും എതിരെ മാനഷ്ടക്കേസ് കൊടുക്കണമായിരുന്നു. അല്ലെങ്കില്‍ അന്വേഷണം നേരിടാന്‍ തയ്യാറാകണം. അതുമല്ലെങ്കില്‍ മാന്യമായി രാജിവച്ച് പുറത്തുപോകണം. ഇതൊന്നും ചെയ്യാതെ മാന്യന്മാര്‍ ഭരണത്തില്‍ തുടരുകയാണ്. അതിനര്‍ഥം സരിതയുടെ കൈയില്‍ ഒരുപാട് രഹസ്യങ്ങള്‍ ഇനിയും ഉണ്ടെന്നാണ്. അത് ഗഡുക്കളായി പുറത്തുവിടുന്നത് താനുഭവിച്ച "മാനസികസംഘര്‍ഷം" എല്ലാവരും അനുഭവിക്കട്ടെ എന്ന പ്രതികാരബുദ്ധികൊണ്ടൊന്നുമല്ല. അല്‍പ്പം നാണവും മാനവും ശേഷിക്കുന്ന ആരാനും കൂട്ടത്തിലുണ്ടെങ്കില്‍, "വേണ്ട പ്രതിവിധി" എത്രയുംവേഗം ചെയ്യട്ടെ എന്നു കരുതിക്കൊണ്ടുതന്നെയാണ്.

സരിത ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞ ഒരു കാര്യം ഇതാണ്: ""സോളാര്‍ കേസില്‍ അറസ്റ്റിലായശേഷവും അബ്ദുള്ളക്കുട്ടി വിളിക്കുകയും എസ്എംഎസ് അയക്കുകയുമുണ്ടായി. തന്റെ പേര് പൊലീസിനോടു പറയരുതെന്നായിരുന്നു അപ്പോഴത്തെ ആവശ്യം."" പൊലീസ് കസ്റ്റഡിയില്‍ സരിതയെ ഏതു നമ്പരിലേക്ക് അബ്ദുള്ളക്കുട്ടി വിളിച്ചു? ഏതിലേക്ക് എസ്എംഎസ് അയച്ചു? കസ്റ്റഡിയിലും ജയിലിലും സകലവിധ സൗകര്യങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സരിതയ്ക്ക് ചെയ്തുകൊടുത്തു എന്നതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം?

സരിതയുടെ ലിസ്റ്റില്‍ അനേകം കോണ്‍ഗ്രസ് ഉന്നതരുണ്ട്. അക്കൂട്ടത്തില്‍ ഒരു "ചെറുമീന്‍"മാത്രമാണ് അബ്ദുള്ളക്കുട്ടി. ആ ഉന്നതര്‍ക്കൊക്കെ രക്ഷപ്പെടാനുള്ള അവസരമാണ് ജയില്‍വാസകാലത്ത് സരിതയെ ഉപയോഗിച്ച് ചെയ്തുകൊടുത്തത് എന്നല്ലാതെ ഇതിന് മറ്റൊരര്‍ഥമില്ല. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സരിത പെടാപ്പാടുപെടുകയാണ്. അതേസമയംതന്നെ "ഉത്തമ കോണ്‍ഗ്രസു"കാരനായ അബ്ദുള്ളക്കുട്ടിയുടെ കഴുത്തിന് പിടിക്കുകയും ചെയ്യുന്നു. നുണപറയാനും വേഷംകെട്ടാനും ഏത് അഴുക്കുവെള്ളത്തിലും നീന്താനും മടികാണിക്കാത്ത ഒരാള്‍ക്ക് ഇതൊന്നും വലിയ ഗൗരവമായി തോന്നില്ല. അതുകൊണ്ടാകാം സരിത അബ്ദുള്ളക്കുട്ടിയെത്തന്നെ ആദ്യനമ്പരുകാരനായി തെരഞ്ഞെടുത്തത്. അകത്തെ അഴുക്ക് പൊതിഞ്ഞുവയ്ക്കുന്ന ഖദറില്‍ കറപുരളാതെ സൂക്ഷിച്ചാലേ കോണ്‍ഗ്രസിലെ വലിയ പല മാന്യന്മാര്‍ക്കും അധികാരസ്ഥാനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസുകാരിയായ സരിതയ്ക്ക് നന്നായറിയാം. അത്തരക്കാരോടാണ്, ഘട്ടംഘട്ടമായി നാറ്റിക്കും; അതിനുമുമ്പ് വേണ്ടത് ചെയ്തോളൂ എന്ന് സരിത പറയുന്നത്.

സ്മാര്‍ത്തവിചാരം എന്നു പുറമേക്ക് തോന്നിക്കുന്ന ആ ലേലംവിളിക്കും വി എം സുധീരന്റെ കോണ്‍ഗ്രസിന്റെ നെടുവീര്‍പ്പിനും ഇന്ന് ഒരേതാളമാണ്. പലപല തട്ടിപ്പുകേസുകളില്‍പ്പെട്ട് ജയിലിലായ സരിതയെ ഇറക്കിയതുകൊണ്ടും കേസ് തേച്ചുമായ്ച്ചുകളഞ്ഞതുകൊണ്ടും സുധീരന്റെ പാര്‍ടി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് സാരം. ലക്ഷംലക്ഷം പിന്നാലെ എന്ന് അനുയായികള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ സുധീരന് നെഞ്ചുവിരിക്കാന്‍ കഴിയില്ല- മാനക്കേടൊഴിവാക്കാന്‍ ഇനിയും ഒഴുക്കേണ്ടിവരുന്ന ലക്ഷങ്ങളുടെ കണക്കാണത്. "എ" ഗ്രൂപ്പിനുവേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ജീവിതത്തിലേക്ക് സരിതയെ നുഴഞ്ഞുകയറാന്‍ വിട്ടത്. ആ ഗ്രൂപ്പിന്റെ പരമോന്നതനേതാവ് ഉമ്മന്‍ചാണ്ടിയാണ്. "ഉമ്മന്‍ചാണ്ടി സാറിനെ" മഹാമാന്യനാക്കാന്‍ സരിത കാണിക്കുന്ന അമിതോത്സാഹവും സുധീരന്‍ കൂട്ടത്തില്‍ പഠിക്കേണ്ടതുണ്ട്. സരിതയെ വച്ച് ഗ്രൂപ്പുയുദ്ധം തുടരുകയാണോ എന്നും സംശയിക്കാം. അതിന് മടിക്കാത്തയാളല്ല മുഖ്യമന്ത്രി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ വരുമെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് പറയാനുള്ള ചങ്കൂറ്റം കാണിച്ച ഭരണാധികാരിക്ക് ഏതു കള്ളവും കള്ളപ്പണിയും വഴങ്ങും. വി എം സുധീരനെ നൂലില്‍ കെട്ടി ഹൈക്കമാന്‍ഡ് കെപിസിസി ആസ്ഥാനത്തേക്കിറക്കുമ്പോള്‍ രാഷ്ട്രീയം അറിയാവുന്നവര്‍ പ്രവചിച്ചതാണ്, ഇത് വിനാശകാലത്തെ വിപരീതബുദ്ധിയാണെന്ന്. അത് ശരിയായി. സ്വന്തം നിലപാടുകള്‍ വിഴുങ്ങാനും തുപ്പാനും കഴിയാതെ സ്വയം നാണംകെട്ട പ്രസിഡന്റാണിന്ന് സുധീരന്‍. പാര്‍ടി അധ്യക്ഷസ്ഥാനത്തിരുന്ന് പ്രതിപക്ഷനേതാവ് കളിക്കാന്‍ പ്രയാസമാണ്. ഇന്നലെവരെ കണ്ടതും കട്ടതും വിളിച്ചുപറയാമായിരുന്നു- തലക്കെട്ട് കിട്ടും. ഇന്ന് എന്തുപറഞ്ഞാലും കൊട്ടാണ് കിട്ടുന്നത്. ഏതുവിഷയം വന്നാലും സുധീരന് "പഠിക്കാന്‍" തോന്നുന്നു. ആ പഠനം ഒരിക്കലും തീരുന്നുമില്ല. പരിസ്ഥിതിയെയും പ്രതാപനെയും സതീശനെയും കെട്ടിപ്പിടിച്ചിരുന്ന കാലം മാറി. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നതാണ് വേദവാക്യം. അതല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ "കസ്തൂരിരംഗന്‍ പാഴ്വാക്ക്" എങ്ങനെ സുധീരന് ദഹിക്കുന്നു?

പൊലീസ് കസ്റ്റഡിയിലിരിക്കെ, തന്നെ കോണ്‍ഗ്രസ് എംഎല്‍എ വിളിച്ചു എന്നും എസ്എംഎസ് അയച്ചു എന്നും സരിത പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് കെപിസിസി പ്രസിഡന്റുതന്നെയാണ്. തന്റെ പാര്‍ടിയുടെ എംഎല്‍എ അത്തരക്കാരനാണോ, എങ്കില്‍ അതില്‍ തനിക്കുള്ള അഭിപ്രായം എന്താണ് എന്നു പറയാനാകുന്നില്ലെങ്കില്‍ എന്തിന് അധ്യക്ഷപദവിയില്‍ തുടരുന്നു എന്നെങ്കിലും സുധീരന്‍ വിശദീകരിക്കേണ്ടിവരും. മാത്രമല്ല, താന്‍ നയിക്കുന്ന പാര്‍ടിയുടെ ആഭ്യന്തരമന്ത്രിക്കുകീഴിലെ പൊലീസാണ്, സരിതയ്ക്ക് ഫോണും സൗകര്യവും കൊടുത്ത് കസ്റ്റഡിയിലിരിക്കുമ്പോഴും എംഎല്‍എയ്ക്ക് ഫോണ്‍ചെയ്യാനുള്ള അവസരമുണ്ടാക്കിയത് എന്നതിന്റെ വിശദീകരണവും സുധീരന്റെ നാവില്‍നിന്നുതന്നെ വരേണ്ടതുണ്ട്. ഇനി സരിത കള്ളമാണ് പറയുന്നത് എന്ന വാദമുയര്‍ത്തിയാലും രക്ഷയില്ല- ഉമ്മന്‍ചാണ്ടിയെ "നല്ലവനാക്കാന്‍" പറഞ്ഞ കള്ളങ്ങള്‍ ബാക്കി കിടക്കുന്നുണ്ട്.

സരിതയെയും സോളാറിനെയുംകുറിച്ച് ജനങ്ങള്‍ മറന്നു എന്ന മൂഢവിശ്വാസം ചിലര്‍ക്കുണ്ട്. അന്വേഷണം അട്ടിമറിച്ചും വഴിതിരിച്ചും തട്ടിപ്പുകേസുകള്‍ പണംകൊടുത്തൊതുക്കിയും എല്ലാം ശരിയാക്കി എന്നു കരുതുന്നവരുണ്ട്. അത്തരക്കാര്‍ക്കുള്ള മറുപടിയാണ് പുതിയ വിവാദങ്ങള്‍. അല്‍പ്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍, സോളാര്‍കേസുമായി ബന്ധപ്പെട്ട് പലപ്പോഴായി പറഞ്ഞ കാര്യങ്ങളെങ്കിലും സുധീരന്‍ ഓര്‍ത്തെടുക്കേണ്ടതാണ്. ആ അഭിപ്രായങ്ങള്‍ ഇപ്പോഴും അതുപോലെതന്നെയാണോ എന്ന് വ്യക്തമാക്കേണ്ടതാണ്. അതെങ്കിലും ചെയ്യുന്നില്ലെങ്കില്‍ അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തെ നയിക്കുന്ന കെപിസിസി അധ്യക്ഷനും തമ്മില്‍ വേര്‍തിരിക്കാനുള്ള ആദര്‍ശത്തിന്റെ അളവുകോലൊന്നും ആര്‍ക്കും കാണാന്‍ കഴിയില്ല. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം ഒതുക്കി അനുയായികളെ രക്ഷപ്പെടുത്താന്‍ കാര്‍മികത്വം വഹിക്കുന്ന ഒരു പാര്‍ടിയെ നയിക്കുന്ന നേതാവില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നവരെയാണ് കുറ്റപ്പെടുത്തേണ്ടത്.

*
പി എം മനോജ്

കൊള്ളരുതായ്മയുടെ പ്രതീകമോ?

കാലപ്പഴക്കവും പാരമ്പര്യവുമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കളെപ്പറ്റി ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ കൂട്ടിവായിച്ചാല്‍ കൊള്ളരുതായ്മയുടെ പ്രതീകമായി ആ പാര്‍ടി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകുന്നെങ്കില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് നാരായണ്‍ ദത്ത് തിവാരിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയാണ് ഇതെഴുതാന്‍ പ്രേരണയായത്. നീണ്ട ആറ് വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം രോഹിത് ശേഖര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ മകനാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുന്നു. തിവാരിയുടെ മകനാണ് താനെന്ന് അംഗീകരിച്ചുകിട്ടാന്‍ രോഹിത് ശേഖറിന് ആറു വര്‍ഷം കോടതിയില്‍ നിയമയുദ്ധം നടത്തേണ്ടിവന്നു. തിവാരി സമ്മതിച്ചില്ല. ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തി. പിന്നെ തിവാരിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. വാര്‍ത്താസമ്മേളനത്തില്‍ തുറന്നു സമ്മതിക്കേണ്ടി വന്നു.

ഇനി തര്‍ക്കമില്ല. രോഹിത് ശേഖര്‍ തന്റെ മകന്‍തന്നെയെന്ന് തുറന്ന് സമ്മതിച്ചു. രോഹിത് ശേഖറിനും അമ്മ ഉജ്ജലാശര്‍മയ്ക്കും തന്നോടൊപ്പം താമസിക്കാമെന്നും സംശയരഹിതമായി സമ്മതിക്കേണ്ടിവന്നു. തിവാരിക്ക് പ്രായം 88 ആയി. ആന്ധ്ര ഗവര്‍ണറായിരിക്കെ രാജ്ഭവനില്‍ രണ്ട് സ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തിയ വിവരം വീഡിയോ ക്യാമറവഴി പുറത്തുവന്നപ്പോള്‍ ഗവര്‍ണര്‍സ്ഥാനം രാജിവച്ചൊഴിയേണ്ടി വന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പദവിയിലെത്താന്‍ യോഗ്യതയുണ്ടെന്ന് ഒരിക്കല്‍ കോണ്‍ഗ്രസ് നേതൃത്വം കരുതിയ നേതാവാണ് തിവാരി. എന്‍ ഡി തിവാരി ഇപ്പോഴും കോണ്‍ഗ്രസ് നേതാവാണെന്നതാണ് അതിവിചിത്രമായ കാര്യം. 88 വയസ്സുകാരനായ കോണ്‍ഗ്രസ് നേതാവിന്റെ ജീവചരിത്രം വായിച്ചാല്‍ പുതിയ തലമുറയ്ക്ക് ആ പാര്‍ടിയെപ്പറ്റിയുള്ള മതിപ്പെങ്ങനെയിരിക്കുമെന്ന് ഒരു നിമിഷമെങ്കിലും ഓര്‍ത്തുനോക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാണ്.

കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രി ശശി തരൂരിന്റെ സ്വഭാവവിശേഷം ഇതോട് ചേര്‍ത്ത് വായിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ശശി തരൂരിന്റെ വിലാപം ജനങ്ങള്‍ മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞുകാണും. തന്റെ ഭാര്യയുടെ മരണത്തില്‍ മനസ്സുരുകി സങ്കടപ്പെടാന്‍ മറ്റുള്ളവര്‍ സൈ്വരം നല്‍കുന്നില്ലെന്നാണ് തരൂര്‍ പരാതിപ്പെടുന്നത്. ഭാര്യയെ അകാലചരമത്തിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് തരൂരിന് മുതലക്കണ്ണീരൊഴുക്കി രക്ഷപ്പെടാന്‍ കഴിയുമോ? സുനന്ദ പുഷ്കര്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന സത്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. തരൂരിനെ സ്ഥിരമായി എതിര്‍ത്തുപോന്ന മാധ്യമങ്ങളല്ല. വാനോളം പുകഴ്ത്തിയ മാധ്യമങ്ങള്‍തന്നെയാണ് പാകിസ്ഥാന്‍ പത്രലേഖികയുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്. ശശി തരൂരിന്റെ ഏറ്റവും പ്രിയപ്പെട്ട പ്രേയസിതന്നെയാണ് തന്റെ ഹൃദയവൃഥ പുറംലോകത്തെ അറിയിച്ചത്. പലതും വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ഒടുവില്‍ ഡല്‍ഹിയിലെ നക്ഷത്രഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്കറിന്റെ മൃതശരീരമാണ് പുറംലോകം കണ്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുള്ളതായും അറിയാനിടയായി. ഇത് സ്വാഭാവികമായ ആത്മഹത്യയാണെന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ? വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുള്ളില്‍ വധു ആത്മഹത്യചെയ്താല്‍ ഭര്‍ത്താവിനെതിരെ സ്ത്രീപീഡനത്തിന് കേസെടുത്ത് അന്വേഷണം നടത്തേണ്ടതല്ലേ? സ്ത്രീപീഡനം നടന്നു എന്നതിന് സാഹചര്യതെളിവുകള്‍ ഇല്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ കണ്‍കെട്ട് വിദ്യകൊണ്ട് കഴിയുകയില്ല.

ഇതേ ഡല്‍ഹിയിലല്ലേ യുവ കോണ്‍ഗ്രസ് നേതാവ് കാമുകിയെ അടുപ്പിലിട്ട് തന്തൂരിയാക്കിയത്. അത് മറക്കണമെന്നാണോ? മഞ്ചേരിയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടില്‍ അര്‍ധരാത്രി ഒരു കോണ്‍ഗ്രസ് നേതാവിനെ അന്യയുവതിയോടൊപ്പം നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചത് ആ നാട്ടുകാര്‍ മറക്കില്ല. അന്വേഷിക്കാന്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ പി മൊയ്തീനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതില്‍ കുറ്റപ്പെടുത്താനൊന്നുമില്ലെന്നാണ് അന്വേഷണത്തില്‍ നേതാവ് കണ്ടെത്തിയത്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ മനസ്സില്‍നിന്ന് മായ്ച്ചുകളയാന്‍ കഴിയുന്നതല്ല. ഈ സാഹചര്യത്തില്‍ വേണം നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന സംഭവങ്ങളെ വിലയിരുത്താന്‍. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം കൊല നടത്തി. കാര്യക്ഷമമായ അന്വേഷണം വേണമെന്ന് അവര്‍ക്കഭിപ്രായമില്ല, കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിലാണ് താല്‍പ്പര്യം. രണ്ടു വര്‍ഷം കോണ്‍ഗ്രസ് ഓഫീസിലെ മാലിന്യങ്ങള്‍ തൂത്തുവാരി ദുര്‍ഗന്ധം അകറ്റാന്‍ ശ്രമിച്ച രാധ എന്ന പാവപ്പെട്ട തൂപ്പുകാരിയെ സംസ്ഥാനമന്ത്രിയുടെ സ്റ്റാഫിലെ അംഗമാണ് മറ്റുള്ളവരുമായി ഒത്തുചേര്‍ന്ന് കൊലപ്പെടുത്തിയത്. ഏത് കൊലപാതകവും ക്രൂരമാണ്. എന്നാല്‍, തൂത്തുവാരി കുടുംബം പുലര്‍ത്തുന്ന നിരപരാധിയായ ഒരു യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി കോണ്‍ഗ്രസ് ഓഫീസില്‍ രണ്ടു ദിവസം സൂക്ഷിച്ചുവയ്ക്കുന്നതിനെപ്പറ്റി മനുഷ്യസ്നേഹത്തിന്റെ തരിമ്പെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഭാവനയില്‍ കാണാന്‍പോലും കഴിയില്ല. തെളിവ് പൂഴ്ത്താനാണ് ശവം സ്വന്തം ഓഫീസില്‍ സൂക്ഷിച്ചത്. ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശവം ഒരു കുളത്തില്‍ കെട്ടി താഴ്ത്തിപോലും. ഇതൊക്കെ ചെയ്യാന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് ധൈര്യം നല്‍കിയതാരായിരിക്കുമെന്ന് മനസിലാക്കാന്‍ അപാരമായ അന്വേഷണപാടവമോ ബുദ്ധിശക്തിയോ വേണ്ടതില്ല. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട കാല്‍ ഡസനിലധികം ആളുകളാണല്ലോ സകല തട്ടിപ്പിന്റെയും ഉറവിടമായി കണ്ടെത്തിയത്. സുരക്ഷിതമായ സ്ഥാനത്താണ് തൊഴില്‍ചെയ്യുന്നതെന്നതു കൊണ്ടാണല്ലോ കൊള്ളരുതായ്മ കാണിക്കാന്‍ അവര്‍ക്ക് തന്റേടമുണ്ടായത്.

കോണ്‍ഗ്രസിന്റെ നേതാവായ 88 വയസ്സുകാരന്‍ തിവാരി മുതല്‍ യുവാക്കള്‍വരെയല്ല വിദ്യാര്‍ഥികള്‍വരെ കൊലപാതകവും മറ്റ് ദുര്‍വൃത്തികളും കാണിക്കുന്ന ക്രിമിനലുകളായി മാറിയത്് എങ്ങനെയാണ് മറച്ചുപിടിക്കാന്‍ കഴിയുക. എന്‍ ഡി തിവാരിയെപ്പോലുള്ളവരെ കോണ്‍ഗ്രസിന്റെ അമൂല്യസ്വത്തായി കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രീയ പാര്‍ടിയായി അധഃപതിച്ചിരിക്കുന്നു. ഇതോടൊപ്പം ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ പുതുപുത്തന്‍ എംഎല്‍എ മാസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചതായുള്ള വെളിപ്പെടുത്തല്‍കൂടി ചേര്‍ത്തുവായിച്ചാല്‍ ചിത്രം പൂര്‍ത്തിയാകും. മഹാത്മാഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും കോണ്‍ഗ്രസല്ല രാഹുലിന്റെ കോണ്‍ഗ്രസാണ്. ലജ്ജിക്കാന്‍പോലും അറിയാത്തവരുടെ കോണ്‍ഗ്രസായി ആ പാര്‍ടി അധഃപതിച്ചിരിക്കുന്നു. ജനങ്ങള്‍ വെറുത്തതില്‍ അത്ഭുതമില്ല.

*
Deshabhimani Editorial

Thursday, January 16, 2014

കോമാളിത്ത രാഷ്ട്രീയം

ബസിനും തീവണ്ടിക്കും ചരക്കുവണ്ടിക്കും മുകളില്‍ സാഹസികമായി കയറിയും തൂങ്ങിപ്പിടിച്ചും സാധാരണക്കാരന് യാത്രചെയ്യേണ്ടിവരുന്ന രാജ്യമാണ് ഇന്ത്യ. ഗത്യന്തരമില്ലാതെ വേണ്ടിവരുന്ന അത്തരം യാത്രകള്‍ നിയമവിരുദ്ധമാണെന്ന് കല്‍പ്പിച്ച് നടപടിയെടുക്കാന്‍ അധികാരികള്‍ മടിച്ചുനില്‍ക്കാറില്ല. തിങ്കളാഴ്ച പകല്‍ വെളിച്ചത്തില്‍ കായംകുളം- പുനലൂര്‍ സംസ്ഥാനപാതയില്‍ കണ്ടത് വ്യത്യസ്തമായ കാഴ്ചയാണ്. നാളെ ഇന്ത്യയുടെ ഭരണസാരഥ്യം വഹിക്കുമെന്ന് സ്വയംപറയുന്ന ഒരു വ്യക്തിയുടെ ഹാസ്യകലാ പ്രകടനമെന്നോ ആഭാസനാടകമെന്നോ അതിനെ വിളിച്ചാല്‍ അനുചിതമാകില്ല.

യൂത്ത് കോണ്‍ഗ്രസ് പദയാത്രയ്ക്കെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പൊലീസ് വാഹനത്തിനു മുകളില്‍ വലിഞ്ഞുകയറുകയും ഇരിക്കുകയും കമിഴ്ന്നുകിടന്ന് ഇരുവശത്തേക്കും കൈനീട്ടുകയും ചെയ്യുന്ന രംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ജനം കണ്ടു. രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും കൂടെ കയറ്റിയായിരുന്നു പ്രകടനം. അകത്ത് യാത്രക്കാരെ കയറ്റേണ്ട വാഹനത്തിന്റെ പുറത്ത് ആള്‍ കയറിയപ്പോള്‍ മുകള്‍ഭാഗം അമര്‍ന്നുതാണു. അത് പൊതുമുതല്‍ നശിപ്പിക്കലിന്റെ പരിധിയില്‍ വരും. അതും പോരാഞ്ഞ് ഈ പ്രകടനം ആസ്വദിക്കാന്‍ തിക്കിത്തിരക്കിയ യൂത്ത് കോണ്‍ഗ്രസുകാര്‍ കേന്ദ്ര സഹമന്ത്രിയടക്കമുള്ളവരെ ഇടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു. മന്ത്രി കൊടിക്കുന്നില്‍ സുരേഷിന് ജാഥാസ്ഥലത്തുനിന്ന് നേരെ ആശുപത്രിയിലേക്ക് പോകേണ്ടിവന്നു. മോട്ടോര്‍ വാഹനനിയമത്തിന്റെ 123(2)-ാം ചട്ടത്തിന്റെ ലംഘനം, പൊതുമുതല്‍ നശീകരണവിരുദ്ധ നിയമത്തിലെ സെക്ഷന്‍ മൂന്നിന്റെ ലംഘനം എന്നിവയടക്കം ഒന്നിലേറെ കുറ്റകൃത്യങ്ങള്‍ ഈ പ്രകടനത്തില്‍ സംഭവിച്ചു. രാഹുല്‍ഗാന്ധി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെടുന്ന പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് വാഹനം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതും കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവരെ പരിക്കേല്‍പ്പിച്ചതും കുറ്റകൃത്യംതന്നെ.

സുരക്ഷയ്ക്കുവേണ്ടിയാണ് രാഹുലിനെ വണ്ടിക്കുമുകളില്‍ കയറ്റിയത് എന്ന പരിഹാസ്യമായ ന്യായീകരണമാണ് അധികൃതരില്‍നിന്ന് വരുന്നത്. സുരക്ഷയ്ക്കുവേണ്ടിയായിരുന്നെങ്കില്‍ ഒപ്പം കയറ്റുക കമാന്‍ഡോകളെയല്ലേ? നേതാവിന് സുരക്ഷാസന്നാഹമാകാം; അദ്ദേഹത്തിന്റെ കോമാളിത്ത പ്രകടനത്തിന് നിയമം ലംഘിച്ച് സൗകര്യമൊരുക്കിയതിനെ ഏത് സുരക്ഷാകാരണം പറഞ്ഞാണ് ന്യായീകരിക്കുക? സുരക്ഷാസംവിധാനത്തിന്റെ ഭാഗമായാണ് രാഹുലിന്റെ പൊലീസ് വാഹനയാത്രയെന്നും നിയമലംഘനമില്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദ്യപ്രതികരണം. അന്വേഷണം നടക്കുംമുമ്പ്, പരാതി പരിശോധിക്കുംമുമ്പ് ആഭ്യന്തരമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തുന്നത് പൊലീസിന് പരസ്യമായി നിര്‍ദേശം നല്‍കലാണെന്ന് അറിയാത്തയാളല്ല ചെന്നിത്തല. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ്, കണ്‍മുന്നിലാണ് കോണ്‍ഗ്രസിന്റെ യുവനേതാവ് അസംബന്ധനാടകം കളിച്ചത് എന്നതും ഗൗരവമുള്ള സംഗതിയാണ്. അപക്വമതിയായ ഒരാളിന്റെ നിര്‍ദോഷപ്രകടനംമാത്രമായി ചുരുക്കിക്കാണേണ്ട വിഷയമല്ലിത്. നാളെ രാജ്യം ഭരിക്കാനുള്ളയാള്‍ എന്നാണ് രാഹുലിനെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പറയുന്നത്. ഇന്ന് ഭരണത്തിലിരിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയുടെ തലപ്പത്താണ് രാഹുല്‍. അങ്ങനെയൊരാളില്‍നിന്ന് നിരന്തരം ചാപല്യപ്രകടനങ്ങളുണ്ടാവുകയാണ്.

സാമ്രാജ്യദാസ്യവും വിദേശ ഫിനാന്‍സ് മൂലധനത്തോടുള്ള വിധേയത്വവും കോര്‍പറേറ്റ് സേവയും ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ പ്രാതിനിധ്യവുമല്ലാതെ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയം കോണ്‍ഗ്രസിനില്ല. നെഹ്റു കുടുംബത്തിന്റെ മഹിമയും കാലാകാലങ്ങളില്‍ ഉയര്‍ത്തുന്ന കപടമുദ്രാവാക്യങ്ങളും അതിന് സ്വീകാര്യത വരുത്താന്‍ അഴിമതിപ്പണത്തിന്റെ കുത്തൊഴുക്കുമാണ് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പ് നേട്ടത്തിലേക്ക് നയിക്കാറുള്ളത്. നെഹ്റുകുടുംബപാരമ്പര്യം രാഹുലിലൂടെ പ്രയോഗിക്കാമെന്നാണ് കോണ്‍ഗ്രസ് ഇന്ന് കണക്കുകൂട്ടുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ കെഎസ്യു പ്രകടനത്തിന്റെ നിലവാരത്തിനുപോലും താഴെ നില്‍ക്കുന്ന ഈ നേതാവിന്റെ തണലിലാണ് കോണ്‍ഗ്രസ് എന്നതുതന്നെ ആ പാര്‍ടിയുടെ വിശ്വാസ്യത എത്രമാത്രം ദയനീയാവസ്ഥയിലാണ് എന്ന് കാണിക്കുന്നു. പത്തുവര്‍ഷമായി കേന്ദ്രഭരണം നയിക്കുന്ന കക്ഷിയുടെ നേതാവ്, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന സന്ദര്‍ശനത്തില്‍ രാഷ്ട്രീയമായ എന്തെങ്കിലും പറയുമെന്ന് കരുതിപ്പോയവരുണ്ട്.

കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു. കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പൊതുമുതല്‍ പതിച്ചുനല്‍കുകയാണ്. അതിന്റെ ഭാഗമായി പണംപറ്റുന്ന ദല്ലാളന്മാരായി യുപിഎ നേതാക്കള്‍ മാറി. അഴിമതി ആരോപണത്തിന് വിധേയരാകാത്തവരായി ആരുമില്ലാത്ത സ്ഥിതിയിലാണ് യുപിഎ മന്ത്രിസഭ. ജനദ്രോഹനയങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്നതിലാണ് അവര്‍ വാശികാണിക്കുന്നത്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ യുപിഎ ഭരണത്തിനെതിരെ തെരുവിലിറങ്ങുന്നു. കോണ്‍ഗ്രസ് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുന്നു. അത്തരം പ്രശ്നങ്ങളില്‍ തന്റെ നിലപാടെന്ത് എന്ന് വ്യക്തമാക്കുന്നതിനുപകരം കോമാളിത്ത പ്രകടനംകൊണ്ട് വാര്‍ത്തയില്‍ ഇടംനേടിയ നേതാവ്, കോണ്‍ഗ്രസ് ആര്‍ക്കും രക്ഷിക്കാനാകാത്ത പതനത്തിലാണ് എന്നുകൂടിയാണ് തെളിയിച്ചത്. അത് സംഭവത്തിന്റെ രാഷ്ട്രീയവശം. നിയമവശം മറ്റൊന്നാണ്. രാഹുല്‍ യാത്രയിലെ എല്ലാ നിയമലംഘനങ്ങളും സുരക്ഷാവീഴ്ചകളും കര്‍ക്കശമായ നിയമപരിശോധനയ്ക്ക് വിധേയമാക്കണം. നിയമം ലംഘിച്ചവര്‍ക്കെതിരെ മുഖം നോക്കാതെയും മുട്ട് വിറയ്ക്കാതെയും നടപടിയുണ്ടാകണം. അങ്ങനെ ചെയ്തില്ലെങ്കില്‍, നാളെ ആര്‍ക്കും തെരുവില്‍ നിയമം ലംഘിക്കാനുള്ള പ്രേരണയായി അത് മാറും. റോഡ് നിയമം തെറ്റിക്കുന്നവര്‍ക്കും പൊതുസ്ഥലത്ത് അടിപിടി കൂടുന്നവര്‍ക്കും, തടയാന്‍ വരുന്ന പൊലീസിന്റെ മുഖത്തേക്ക് വിരല്‍ചൂണ്ടാനുള്ള ഉദാഹരണമായി അത് മാറും. ജനാധിപത്യസമൂഹത്തിന് ചേര്‍ന്ന അവസ്ഥയല്ല അത്.

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, October 24, 2012

ചാരമാകാത്ത ചാരക്കേസ്

ലീഡര്‍ രണ്ടാമന്‍ കെ മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു അങ്കംകുറിച്ചിരിക്കുന്നു. തന്റെ പിതാവിനെ ചാരനും രാജ്യദ്രോഹിയുമാക്കിയ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് പങ്കുണ്ടെന്നാണ് മുരളീധരന്റെ ആരോപണം. ജീവിച്ചിരിപ്പില്ലാത്ത നരസിംഹറാവുവിനു നേരെയാണ് മുരളീധരന്‍ അമ്പ് എയ്തിരിക്കുന്നതെങ്കിലും അത് ചെന്നുകൊള്ളുന്നത് ചാരവൃത്തിക്കേസ് കെട്ടിച്ചമയ്ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഉമ്മന്‍ചാണ്ടിയുടെയും മുഖ്യഗുണഭോക്താവായ എ കെ ആന്റണിയുടെയും നേരെയാണ്.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ എസ് നമ്പിനാരായണന്‍, ഡി ശശികുമാരന്‍ എന്നിവര്‍ മാലിവനിതകളായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരുമായി നടത്തിയ കുടിക്കാഴ്ചയാണ് സംശയകരമായ കേസിന് ആധാരം. ഐഎസ്ആര്‍ഒയിലെ ബഹിരാകാശ ശാസ്ത്രരഹസ്യങ്ങള്‍ മാലിയുവതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആക്ഷേപം. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇവരെ 1994 സെപ്തംബറില്‍ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

1994 ജൂണിലാണ് മുഖ്യമന്ത്രി കരുണാകരനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രിപദം രാജിവച്ചത്. 1992ല്‍ എ കെ ആന്റണിയുടെ പരാജയത്തിന് ഇടയാക്കിയ സംഘടനാ തെരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കൊടികുത്തിവാഴുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജിയോടെ ഗ്രൂപ്പിസം തെരുവുയുദ്ധമായി. കരുണാകരനെ താഴെയിറക്കാന്‍ പ്രതിജ്ഞയെടുത്ത ആന്റണിഗ്രൂപ്പ് ചാരവൃത്തിക്കേസ് മൂര്‍ച്ചയുള്ള ഒരു രാഷ്ട്രീയ ആയുധമാക്കി.

ചാരവൃത്തിക്കേസ് ചില പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടത്തിയ ഒരു ത്രിതല രാഷ്ട്രീയ ഗൂഢാലോചനയുടെ സന്തതിയാണ്. മാലിയുവതികള്‍ ശാസ്ത്രീയരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ്, ഔദ്യോഗികമായി കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ കണ്ടെത്തിയത്. ഐജി രമണ്‍ശ്രീവാസ്തവയ്ക്ക് മാലിയുവതിയുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. രമണ്‍ശ്രീവാസ്തവ മുഖ്യമന്ത്രി കരുണാകരന്റെ വിശ്വസ്തനായി അക്കാലത്ത് അറിയപ്പെട്ടിരുന്നു. രമണ്‍ശ്രീവാസ്തവയെ ചാരവൃത്തിക്കേസുമായി ബന്ധപ്പെടുത്തി അറസ്റ്റുചെയ്യണമെന്ന ആവശ്യത്തിന് കരുണാകരന്‍ വഴങ്ങാതെ വന്നപ്പോഴാണ് അദ്ദേഹത്തിനും ഈ കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്.

കരുണാകരനെതിരെ ബഹുജനവികാരം ആളിക്കത്തിക്കുക എന്ന ആന്റണിഗ്രൂപ്പിന്റെ ലക്ഷ്യത്തിന് ചാരക്കേസ് ഒരു രാസത്വരകമായി തീര്‍ന്നു. ചാരമുഖ്യന്‍ രാജിവയ്ക്കുക എന്ന മുദ്രവാക്യംവരെ ഉയര്‍ത്തി. കേരളത്തില്‍ ഒരു മാധ്യമ സിന്‍ഡിക്കറ്റ് ആവിര്‍ഭവിക്കുന്നത് ചാരക്കേസുമായി ബന്ധപ്പെട്ടാണ്. കരുണാകരഗ്രൂപ്പില്‍നിന്ന് കാലുമാറി ആന്റണിഗ്രൂപ്പിലേക്കു വന്ന ഒരു കെപിസിസി ഭാരവാഹിയുടെ വാടക വീടായിരുന്നു ആന്റണിഗ്രൂപ്പിന്റെ ഗൂഢാലോചനാകേന്ദ്രം. ഉമ്മന്‍ചാണ്ടിമുതല്‍ ഈ ലേഖകന്‍ വരെയുള്ളവര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. ഗൂഢാലോചനയുടെ ഫലമായാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും തൊങ്ങലുംവച്ച് കരുണാകരനെതിരെ കഥകള്‍ പ്രചരിപ്പിച്ചത്. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ റാവു തയ്യാറാകുമെന്ന്, കരുണാകരന്‍ സ്വപ്നേപി കരുതിയിരുന്നില്ല. ചാരവൃത്തിക്കേസില്‍ കരുണാകരന് ഒരു പങ്കുമില്ലെന്ന് റാവുവിന് അറിയാമായിരുന്നെങ്കിലും അദ്ദേഹം ഒരു ഘട്ടത്തിലും കരുണാകരനെ ന്യായീകരിച്ചില്ല. 1983ല്‍ ബോംബെയാത്രപോലെയുള്ള വിവാദപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ദിര ഗാന്ധി സഹായത്തിനെത്തിയ കാര്യം പിന്നീട് കരുണാകരന്‍ ലേഖകനോട് മനോവേദനയോടെ സൂചിപ്പിച്ചിരുന്നു.

ചാരവൃത്തിക്കേസ് സംബന്ധിച്ച കേരള പൊലീസിന്റെ അന്വേഷണത്തെ സിബിഐ തള്ളുകയാണുണ്ടായത്. കള്ളക്കേസ് കെട്ടിച്ചമച്ചതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സിബിഐ നിര്‍ദേശിച്ചിരുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ തള്ളി. സുപ്രീംകോടിതി വിധിവരെ കാത്തിരിക്കാനാണ് നായനാര്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റ് 43-ാം ദിവസമാണ് (2011 ജൂണ്‍ 29) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കി പ്രത്യേക ഉത്തരവിറക്കിയത്. ചാരവൃത്തി ആരോപിക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ നിരപരാധിയാണെന്ന് നീതിപീഠം കണ്ടെത്തുകയും, ദേശീയ മനുഷ്യവകാശ കമീഷന്‍ വിധിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചാരക്കേസിന് പുതിയ രാഷ്ട്രീയമാനം കൈവന്നത്്.

കരുണാകരന് നഷ്ടപരിഹാരം ആര് നല്‍കുമെന്ന ചോദ്യമാണ് മക്കളായ മുരളീധരനും പത്മജവേണുഗോപാലും ഉന്നയിച്ചത്. കരുണാകരനെ ചാരനും രാജ്യദ്രോഹിയുമായി ചിത്രീകരിച്ച രാഷ്ട്രീയ ഗൂഢാലോചനയിലെ മുഖ്യപ്രതികളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരണമെന്നാണ് മുരളീധരന്റെ ആവശ്യം. ചാരക്കേസ് സംബന്ധിച്ച് സിബിഐ ശിക്ഷാനടപടികള്‍ക്ക് വിധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുരളീധരന്റെ കത്തില്‍ മുഖ്യമന്ത്രി ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കത്ത് അവഗണിച്ചാല്‍ നിയമ നടപടിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നുമാണ് മുരളി പറയുന്നത്. ചാരക്കേസിനെ ചാരം മൂടാന്‍ ആരെയും അനുവദിക്കില്ലെന്നും കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നുമാണ് മുരളിയുടെ ഉറച്ചനിലപാട്. ഗൂഢാലോചനക്കേസിലെ മുഖ്യപ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുരളി പരാതി നല്‍കിയത് ഒരു വിരോധാഭാസമാണ്.

മുഖ്യമന്ത്രിയായ ഉടന്‍ ഉമ്മന്‍ചാണ്ടി സിബിഐ ആവശ്യം നിയമപരമല്ലെന്ന് ഉത്തരവിറക്കിയത് ഈ ഗൂഢാലോചനയില്‍ പങ്കാളിയായവരെയെല്ലാം രക്ഷിക്കാനാണ്. വയലാര്‍രവി, എം എം ജേക്കബ്, പി സി ചാക്കോ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മുരളിയുടെ നിലപാടിനെ ശരിവച്ചത് ഉമ്മന്‍ചാണ്ടിയെ ഉന്നംവച്ചാണ്. എ കെ ആന്റണി ഇപ്പോള്‍ മുരളിയുടെ രാഷ്ട്രീയ സംരക്ഷകനായതുകൊണ്ടാണ് ആന്റണിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് മുരളി പറയുന്നത്. കരുണാകരനെ താഴെയിറക്കാന്‍ തന്റെ അനുയായികള്‍ ചാരവൃത്തിക്കേസുമായി തെരുവിലിറങ്ങിയപ്പോള്‍ എ കെ ആന്റണി ആരെയും വിലക്കിയില്ല. പ്രത്യേക വിമാനത്തില്‍ ദില്ലിയില്‍നിന്ന് പറന്നുവന്ന് കരുണാകരനു പകരം മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനായപ്പോള്‍ അത് അധാര്‍മികമാണെന്ന് ആന്റണിക്ക് തോന്നിയില്ല. ഒന്നരവ്യാഴവട്ടം കഴിഞ്ഞിട്ടും ചാരവൃത്തിക്കേസില്‍ കരുണാകരന്‍ നിരപരാധിയണെന്നു പറയാത്ത ആന്റണിയെ ആര് വിശ്വസിക്കും?


*****

ചെറിയാന്‍ ഫിലിപ്പ്

Saturday, October 13, 2012

ഇരകള്‍ ഓര്‍മിപ്പിക്കുന്നത്

""...ആഗ്ര കോട്ടയില്‍ മങ്ങിയ കൈവിളക്കിന്റെ വെളിച്ചത്തില്‍ വിറക്കുന്ന കരങ്ങളോടെ എന്റെ ജീവിതകഥ എഴുതുകയാണ്. എന്റെ ഉള്ളിലെ രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കും. താജ് മഹലിന്റെ പാര്‍ശ്വത്തിലൂടെ സൂര്യന്‍ ഉദിച്ചുയരുന്നു. ഇപ്പോള്‍ താജ് വെള്ളയല്ല. ഒരു രത്നക്കട്ടയാണ്. ഔറംഗസേബ് നീയൊരു വഞ്ചകനും. നിന്റെ സാമ്രാജ്യം തകര്‍ക്കപ്പെടും... എന്റെ ശവകുടീരത്തില്‍ പുല്ലു നട്ടാല്‍ മതി. എത്ര ചവിട്ടിമെതിച്ചാലും പുല്ല് വീണ്ടും വീണ്ടും കിളിര്‍ക്കുമല്ലോ -ആഗ്രാകോട്ടയില്‍ തടവറയില്‍ കഴിയവെ മുഗള്‍ രാജകുമാരി ജഹനാര എഴുതിയ വരികള്‍. പിതാവ് ഷാജഹാനോടൊന്നിച്ച് 18 വര്‍ഷം സഹോദരനായ ഔറംഗസേബ് ജഹനാരയെ തടവിലിട്ടത്. എന്നാല്‍, സിംഹാസനങ്ങള്‍ക്കു വേണ്ടി എല്ലാം മറന്ന ഔറംഗസേബിന് കാലം കാത്തുവെച്ചത് അനിവാര്യമായ പതനമായിരുന്നു. മുഗള്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ തീവ്രവേദനയുടെ മായാമുദ്രകളായി ജഹനാരയുടെ ഏകാന്തജീവിതം തുടിച്ചുനില്‍ക്കുന്നു. കാലദേശങ്ങള്‍ക്കപ്പുറം ആ കരച്ചിലുകള്‍ക്കെല്ലാം ഒരേ സ്വരമാണ്. പേരുകള്‍ മാത്രം മാറുന്നു. അനുരാധ ബാലിയെന്നോ ഗീതിക ശര്‍മ്മയെന്നോ ബന്‍വാരി ദേവിയെന്നോ ഇഷ്ടമുള്ളതു വിളിക്കാം.
 
എയര്‍ഹോസ്റ്റസായിരുന്ന ഗീതികശര്‍മ 2012 ആഗസ്ത് നാലിന് വീട്ടില്‍ തൂങ്ങി മരിച്ചു. എന്തായിരുന്നു കാരണം? മരിക്കുന്നതിന മുമ്പ് ഗീതിക എഴുതി: തന്റെ മരണത്തിനു ഉത്തരവാദികള്‍ ഗോപാല്‍ കാന്‍ഡയും, സഹായി അരുണ ചദ്ദയുമാണ്. ഗീതിക ജോലിചെയ്തിരുന്നത് എംഡിഎല്‍ആര്‍ എയര്‍ലൈന്‍സില്‍. അതിന്റെ ചെയര്‍മാന്‍ ഹരിയാന മന്ത്രി കൂടിയായ കാന്‍ഡ. കാന്‍ഡ മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിയും കൂട്ടരുടെയും ഉപദ്രവം സഹിക്കാനാവാതെയായിരുന്നു ആത്മഹത്യയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെങ്കിലും മനസിലായി.

ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ രണ്ടാംഭഭാര്യ അനുരാധ ബാലി എന്ന ഫിസ മുഹമ്മദിന്റെ മരണം ഉത്തരമില്ലാത്ത സമസ്യയാണ്, ഇന്നും. ഫിസയുടെ ജഢം അവര്‍ താമസിച്ചിരുന്ന വീട്ടില്‍ ആഗസ്ത് ആറിന് കണ്ടെത്തി. ചന്ദര്‍മോഹനെ വിവാഹം ചെയ്ത അനുരാധാ ബാലി പിന്നീട് മതംമാറി ഫിസ മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. ഫിസയെ വിവാഹം ചെയ്യാനായി ചന്ദര്‍മോഹനും മതം മാറി. ഇതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദത്തില്‍ ചന്ദറിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. മാസങ്ങള്‍ക്കിടയില്‍ തന്നെ വിവാഹമോചനം നേടിയ ഫിസ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനാണ് ചന്ദര്‍മോഹന്‍.

ബന്‍വാരി ദേവിയുടെകൊലപാതകം രാജസ്ഥാനില്‍ കോളിളക്കം സൃഷ്ടിച്ചു. മന്ത്രി മഹിപാല്‍ മദേരന, കോണ്‍ഗ്രസ് എംഎല്‍എ മല്‍ഖന്‍ സിങ് എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്. നേഴ്സായ ബന്‍വാരി ദേവിയെ കാണാനില്ലെന്ന് കാണിച്ച് ഭഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബന്‍വാരിയും മദേര്‍നയും തമ്മില്‍ അടുത്തിടപഴകുന്ന രംഗങ്ങളുള്ള സിഡി പുറത്തായതിനെ തുടര്‍ന്നായിരുന്നു 2011 സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇവരെ കാണാതായായത്. മദേന മന്ത്രിസ്ഥാനം രാജിവച്ചു. ജോധ്പുരിലെ കനാലില്‍ നിന്നും ബന്‍വാരി ദേവിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗം സിബിഐ കണ്ടെത്തി. ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ചശേഷം കനാലില്‍ തള്ളുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരി തന്റെ പിതാവാണെന്ന് കാണിച്ച് കോടതിയെ സമീപിച്ച രോഹിത് ശേഖറിന് അനുകൂലമായി ഒടുവില്‍ ഡിഎന്‍എഫലം വന്നു. രോഹിത് ശേഖര്‍ 2008 ലാണ് പരാതി നല്‍കിയത്. തന്റെ അമ്മയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു തിവാരി ചതിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തിവാരിയുടെയും രോഹിത് ശേഖറിന്റെയും, രോഹിതിന്റെ അമ്മയുടെയും ഡിഎന്‍എ പരിശോധിച്ചു. ആന്ധ്രാ ഗവര്‍ണറായിരിക്കെ ചില ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ പേരില്‍ വിവാദത്തില്‍ പെട്ട വ്യക്തിയാണ് 87 കാരനായ തിവാരി. യുപി മുഖ്യമന്ത്രി, ആന്ധ്രാ ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച നേതാവ് കൂടിയാണ് തിവാരിയെന്നോര്‍ക്കണം.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മനുശര്‍മ പ്രതിയായ ജെസീക്കലാല്‍ വധക്കേസില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. മോഡലായ ജെസീക്ക 1999 ഏപ്രില്‍ 30ന് വെടിയേറ്റു മരിക്കുകയായിരുന്നു. മനു ശര്‍മ്മയാണ് വെടിവെച്ചത്. മനു ശര്‍മ്മക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. അറിയപ്പെടുന്ന കവയിത്രിയായിരുന്ന മധുമിതശുക്ല ലഖ്നൗവിലെ ഫ്ളാറ്റില്‍ 2009 മെയ് 9 ന് വെടിയേറ്റു മരിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ മന്ത്രിയായിരുന്ന അമര്‍മണി ത്രിപാഠി അറസ്റ്റിലായി. മധുമിത മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയില്‍ പിതാവ് അമര്‍മണിയാണെന്നും തെളിഞ്ഞു. അമര്‍മണിയുടെ നിര്‍ദേശപ്രകാരം വാടക ഗുണ്ടകളാണ് മധുവിനെ വെടിവെച്ചു കൊന്നത്. അമര്‍മണിയും ഭാര്യയുമുള്‍പ്പെടെ നാലുപേരുടെ ജീവപര്യന്തം ശിക്ഷ ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവെച്ചു. പരാതിക്കാരിയായ മധുമിതയുടെ സഹോദരി നിധി ശുക്ലയുടെ ജീവനും ഭീഷണിയുണ്ട്.

തീവ്രവാദിയെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് വെടിവച്ചുകൊന്ന പത്തൊമ്പതുകാരിയായ ഇസ്രത്ത് ജഹാനെ മറന്നുപോയോ. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, നരേന്ദ്രമോഡി, വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ എന്നിവരെ കൊല്ലാന്‍ ഭഭീകരസംഘടനയായ ലഷ്കര്‍ ഇ തായ്ബ പദ്ധതിയിട്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പേരില്‍ ഗുജറാത്തില്‍ നടത്തിയ ഭീകരവേട്ടയുടെ ഭാഗമായാണ് ഇവരെ കൊലപ്പെടുത്തിയത്. മലയാളിയായ പ്രാണേഷ് പിള്ളയും ഇസ്രത്തിനൊപ്പം വധിക്കപ്പെട്ടു. ഒരു തെളിവുമില്ലാതെ വ്യാജഏറ്റുമുട്ടല്‍ നടത്തിയാണ് ആ നാലു നിരപരാധികളെ വധിച്ചതെന്ന് പിന്നീട് തെളിഞ്ഞു. ഉമ്മയും സഹോദരനുമടങ്ങുന്ന കുടുംബം പോറ്റാന്‍ ട്യൂഷനെടുത്തു കഴിഞ്ഞിരുന്ന ഇസ്രത്തിന്റെ കുടുംബത്തിന്റെ തീരാവേദന എന്നു ശമിക്കും.

എംഎല്‍എയോ മന്ത്രിയോ ആവാമെന്ന് പ്രതീക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയതായിരുന്ന നയനാസാഹ്നി. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ തണ്ടൂരി അടുപ്പില്‍ ആ മോഹങ്ങള്‍ കരിഞ്ഞു വീണു. കേസില്‍ സുശീല്‍ ശര്‍മ്മ ശിക്ഷിക്കപ്പെട്ടു. ഫാസിയാബാദില്‍ നിയമ വിദ്യാര്‍ഥിനിയായിരുന്നു സാക്ഷി. മുതിര്‍ന്ന ബിഎസ്പി നേതാവും ആനന്ദസെനുമായുള്ള അടുപ്പമാണ് സാക്ഷിയെ കുഴപ്പത്തിലാക്കിയത്. മരിച്ചുവോ ജീവിച്ചിരിക്കുന്നുവോ എന്നുപോലും കൃത്യമായിയറിയില്ല. ഗര്‍ഭിണിയായ സാക്ഷി കൊല്ലപ്പെട്ടിരിക്കാമെന്നു മാത്രമാണ് പൊലീസ് ഭാഷ്യം. വിവാഹം കഴിക്കാമെന്ന് ആനന്ദ് സെന്‍ വാക്കു പറഞ്ഞിരുന്നതായി സാക്ഷിയുടെ സഹോദരി അനിത പറയുന്നു.

ഇന്‍ഡോറിലെ വിവരാവകാശ പ്രവര്‍ത്തക ഷെഹ്ല മസൂദ് വീടിനടുത്ത് സ്വന്തം കാറില്‍ വെടിയേറ്റു മരിച്ചു. ആരുഷി തല്‍വാറിന്റെ മരണം മാതാപിതാക്കളെ ഇപ്പോഴും കോടതി കയറ്റുകയാണ്. ആസാമിലെ കഠാരിയ റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ട ഗവേഷക വിദ്യാര്‍ഥിനി പ്രീതം ഭട്ടാചാര്യ, ഡല്‍ഹിയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട അഭിഭാഷക പല്ലവി ഐഎസ് ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു. ജാര്‍ഖണ്ഡ് കൃഷിമന്ത്രി സത്യാനന്ദക്കെതിരെ സോണി ദേവി എന്നൊരു യുവതി പരാതി കൊടുത്തിരിക്കുകയാണ്. മന്ത്രിയാണ് തന്റെ കുട്ടിയുടെ പിതാവെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം. തീരുന്നില്ല.. ഒരുപാട് ജീവിതങ്ങള്‍. അധികാരവും പണവും വിലക്കെടുത്ത പെണ്‍ജീവിതങ്ങള്‍. ഇരകളാണ് ഇവര്‍, നീതികേടിന്റെ മാത്രം ഇരകള്‍. ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത് ഒരു ദുഷിച്ച സംസ്കാരത്തിന്റെ വിഷക്കൈകളെയാണ്.

*
സുരേഷ് ഗോപി ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്