Showing posts with label ഭൂസമരം. Show all posts
Showing posts with label ഭൂസമരം. Show all posts

Friday, January 18, 2013

ചരിത്രംകുറിച്ച ഭൂസമരം

കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഭൂസമരം വിജയമായി. കര്‍ഷക- കര്‍ഷക തൊഴിലാളി പ്രസ്ഥാനവും ആദിവാസി ക്ഷേമസമിതിയും പട്ടികജാതി ക്ഷേമസമിതിയും സംയുക്തമായി രൂപീകരിച്ച ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷപ്പുലരിയില്‍ സംസ്ഥാനത്തെ ഭൂരഹിതര്‍ മിച്ചഭൂമികളിലേക്ക് പ്രവേശിച്ചു. പതിനാല് ജില്ലയില്‍ ഓരോ കേന്ദ്രങ്ങള്‍. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിക്കാനും ജയിലില്‍ പോകാനും തയ്യാറായി മുന്നോട്ടുവന്ന സമരവളന്റിയര്‍മാരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പതറി. അഭൂതപൂര്‍വമായിരുന്നു ഭൂസമരത്തിന് ലഭിച്ച ജനപിന്തുണ. വലതുപക്ഷ ഭരണകൂടവും ഇടതുതീവ്രവാദ സംഘടനകളും അരാഷ്ട്രീയവാദികളും ചില ആക്ഷന്‍ഗ്രൂപ്പുകളും വലതുപക്ഷ മാധ്യമങ്ങളും അടങ്ങുന്ന കൂട്ടായ്മ, ചരിത്രപരമായ ഭൂസമരത്തെ ഇകഴ്ത്തിക്കാട്ടുന്നതിന് പരമാവധി പരിശ്രമിച്ചു. സമരത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും കൊടുക്കേണ്ട എന്ന് തീരുമാനിച്ച മാധ്യമങ്ങള്‍ക്ക് ഈ വര്‍ഗസമരവീര്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ സാധിച്ചില്ല.

പത്തുദിവസം പിന്നിട്ടപ്പോള്‍ സമരകേന്ദ്രങ്ങള്‍ പതിനാലില്‍ നിന്ന് 129 ആയി വര്‍ധിച്ചു. ദിവസവും ഭൂമിയില്‍ കയറി കുടില്‍ കെട്ടി താമസിക്കുന്നവരുടെ എണ്ണം കൂടിവന്നു. അവര്‍ക്ക് സംരക്ഷണവലയം തീര്‍ത്ത് ഐക്യദാര്‍ഢ്യവുമായി അണിനിരക്കുന്ന സഖാക്കളുടെ എണ്ണവും കൂടിവന്നു. സമരമുന്നേറ്റത്തില്‍ പന്തികേട് മണത്തപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ ഒന്നാംഘട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചത്. ആ ചര്‍ച്ചയില്‍ ഭൂസംരക്ഷണ സമിതി മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ റവന്യൂ മന്ത്രിക്ക് പരിമിതിയുണ്ടായിരുന്നു. ആ ചര്‍ച്ചയുടെ മധ്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതിന്റെ ഭാഗമായാണ് ജനുവരി 16ന് ചര്‍ച്ചയ്ക്ക് തയ്യാറാവാമോ എന്ന് സമരസമിതി നേതാക്കളോട് അഭ്യര്‍ഥിച്ചത്. അങ്ങനെയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്.

സംസ്ഥാനത്തെ ഭൂപ്രശ്നവും കേരളത്തിന്റെ ചരിത്രവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. ഇവിടെ നിലനിന്ന ഫ്യൂഡല്‍ക്രമത്തിന്റെ അടിസ്ഥാന സവിശേഷത ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ ആയിരുന്നു എന്നതാണ്. സവര്‍ണമേധാവിത്വവും നാടുവാഴിത്തവും അഭേദ്യമായി കെട്ടുപിണഞ്ഞു കിടന്നു. കൊളോണിയല്‍ കാലഘട്ടമായപ്പോഴേക്കും ഭൂമിയിന്മേല്‍ പരിപൂര്‍ണ സ്വത്തവകാശം ഉള്ള ഭൂപ്രഭുക്കന്മാരും രൂപംകൊണ്ടു. ജാതി-ജന്മി-നാടുവാഴി കൂട്ടുകെട്ട് കൊളോണിയല്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തോടെ കര്‍ഷക ജനസാമാന്യത്തിന്റെ മിച്ചാധ്വാനത്തെ പരമ്പരാഗതമായ രീതികളിലൂടെയും അല്ലാതെയും കരസ്ഥമാക്കി. അത്തരമൊരു സമൂഹത്തിലാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നവോത്ഥാനത്തിന്റെ ധാരകള്‍ ഉണ്ടാവുന്നത്. തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനവും അതിന്റെ സമാന്തരവും തുടര്‍ച്ചയുമായി വന്ന കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ മുന്നേറ്റവും ചേര്‍ന്നാണ് ജന്മിത്ത ചൂഷണത്തിന്റെ അടിവേരറുത്തത്.

ജന്മിത്ത- മുതലാളിത്ത ഭൂപ്രഭുക്കള്‍ അന്യരുടെ വിയര്‍പ്പുകൊണ്ട് സുഖിക്കുന്ന ചൂഷകരാണ്. കര്‍ഷക ജനസാമാന്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇവരുടെ ലക്ഷ്യങ്ങള്‍. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും ആവശ്യത്തിന് ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്കും ലഭിക്കേണ്ടുന്ന ഭൂമിയാണ് ചൂഷകവര്‍ഗം കൈയടക്കിയത്. അത്തരത്തില്‍ ഭൂപ്രഭുക്കന്മാരുടെ കൈയിലുള്ള ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് കര്‍ഷകത്തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും വിതരണംചെയ്യുക എന്നതിലാണ് വിപ്ലവകരമായ ഭൂപരിഷ്കരണത്തിന്റെ ഊന്നല്‍. വര്‍ഗപരമായ ഈ കാഴ്ചപ്പാടിനെ പ്രാവര്‍ത്തികമാക്കാനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രയത്നിച്ചത്. ഭൂപരിഷ്കരണത്തിന്റെ വഴികളിലൂടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്നേറിയപ്പോള്‍ ജന്മിത്വ ഭൂപ്രഭുത്വത്തെ ഇല്ലാതാക്കുന്നതിന് സാധിച്ചു എന്നത് നേട്ടമാണ്. 57ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ ഓഡിനന്‍സ് പ്രഖ്യാപിച്ചു. അന്ന് 7.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചമുള്ളതായി കണക്കാക്കി. അത് കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണംചെയ്യാന്‍ ഭൂപരിഷ്കരണ നിയമമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുമ്പോഴാണ് 1959 ജൂലൈ 31ന് ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍നിന്ന് പോയത്. പിന്നീട് 1967 മാര്‍ച്ച് ആറിനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ ഭൂപരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ 7.5 ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷത്തോളമായി മിച്ചഭൂമിയുടെ വിസ്തൃതി കുറഞ്ഞത് മനസിലാക്കി. കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍നിന്ന് പോയ ഇടവേളയില്‍ പത്ത് ലക്ഷത്തോളം ഭൂമി കൈമാറ്റമാണ് സംസ്ഥാനത്ത് നടന്നത്. ഇഷ്ടദാനാധാരങ്ങള്‍ വഴി ബിനാമികളുടെ പേരില്‍ ഭൂമി നിലനിര്‍ത്തിയ ഭൂപ്രഭുക്കന്മാരുടെ നടപടി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 1957 ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ ഭൂമികൈമാറ്റവും മരവിപ്പിക്കാനുള്ള നിയമനിര്‍മാണം നടപ്പാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാന്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ തയ്യാറായി. തുടര്‍ന്ന് 1969ല്‍ കാര്‍ഷിക ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയാണ് മന്ത്രിസഭ രാജിവയ്ക്കുന്നത്.

തുടര്‍ന്ന് അധികാരത്തില്‍ വന്ന കുറുമുന്നണി മന്ത്രിസഭ ഭൂപരിഷ്കരണ നിയമം നടപ്പാക്കാന്‍ ഒരുവിധ ഇടപെടലുകളും സ്വമനസ്സാലേ നടത്തിയില്ല. 69ല്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തെ പരാജയപ്പെടുത്താനും ഫ്യൂഡല്‍ വ്യവസ്ഥിതിയെ സംരക്ഷിക്കാനും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. കേരള നിയമസഭ പാസാക്കിയ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിന് കോണ്‍ഗ്രസ് പാര്‍ടിയും കൂട്ടാളികളും നടത്തിയ പരിശ്രമങ്ങള്‍ ചരിത്രത്തിലുണ്ട്. ആ സാഹചര്യത്തിലാണ് ഭൂപരിഷ്കരണ ഭേദഗതി നിയമപ്രകാരമുള്ള ഭൂരഹിതന്റെ ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാനും അത് സംരക്ഷിക്കാനും ആഹ്വാനം നല്‍കി എ കെ ജിയുടെയും ഇ എം എസിന്റെയും നേതൃത്വത്തില്‍ കര്‍ഷക- കര്‍ഷക തൊഴിലാളികള്‍ പോരാട്ടത്തിനിറങ്ങിയത്. ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയില്‍ 1969 ഡിസംബര്‍ 14ന് ചേര്‍ന്ന മഹാസമ്മേളനം ചരിത്രമായി മാറി. അഞ്ചുലക്ഷത്തിലേറെ പേര്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തി. "ക്രിയാത്മകമായ ഒരു സമരത്തിന് രൂപം നല്‍കാനാണ് നാം ഇന്നിവിടെ സമ്മേളിക്കുന്നത്. ഈ സമ്മേളനം എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ കാര്‍ഷികരംഗത്ത് വലിയ പരിവര്‍ത്തനം വരും. സംഘടിതമായ മുന്നേറ്റംകൊണ്ട് സ്വയം നടപ്പാക്കുക അല്ലാതെ ഭൂപരിഷ്കരണ ഭേദഗതി നിയമം അനുവദിക്കുന്ന അവകാശം സ്ഥാപിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് സമരത്തിലധിഷ്ഠിതമായ ഒരു പരിപാടിക്ക് രൂപം നല്‍കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു"&ൃറൂൗീ;എന്ന് ആമുഖമായി പറഞ്ഞാണ് എ കെ ജി മുന്‍കൂട്ടി തയ്യാറാക്കിയ രേഖ മഹാസമ്മേളനത്തില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പായതായി കണക്കാക്കി ഭൂമിയില്‍ അവകാശം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് 1970 ജനുവരി ഒന്നുമുതല്‍ സമരം തുടങ്ങിയതും ആ സമരച്ചൂടില്‍ ഉരുകിപ്പോയ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതും ചരിത്രമാണ്. ഈ സമരത്തിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം 18 സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്. കേരളത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നടപടികള്‍ ആവിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയത്. കര്‍ശനമായ ഭൂപരിധി വകുപ്പുകള്‍ കേരളത്തിലെ ഭൂനിയമത്തിന്റെ സവിശേഷതയായിരുന്നു. ഇങ്ങനെ നിര്‍ണയിച്ചിരുന്ന മിച്ചഭൂമി എന്തുകൊണ്ട് ഭൂരഹിതര്‍ക്ക് ലഭ്യമായില്ല എന്നത് ഒരു നീണ്ടകഥയാണ്. കേന്ദ്രസര്‍ക്കാര്‍ ഭൂനിയമം നടപ്പാക്കുന്നതില്‍ സൃഷ്ടിച്ച കാലവിളംബവും വിമോചനസമരവും പി ടി ചാക്കോയുടെ ബില്ലു മുതല്‍ കെ എം മാണിയുടെ ഇഷ്ടദാനബില്ലുവരെ നീളുന്ന വെള്ളം ചേര്‍ക്കല്‍ വിദ്യയും എല്ലാംകൂടി ഈ നാട്ടിലെ പാവപ്പെട്ട കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ലഭ്യമാകേണ്ടിയിരുന്ന കൃഷിഭൂമി ഇല്ലാതാക്കി. ഏറ്റെടുത്ത് വിതരണംചെയ്യാന്‍ കഴിഞ്ഞ തുച്ഛമായ മിച്ചഭൂമിയൊഴിച്ചാല്‍ ഇവര്‍ക്ക് ഭൂപരിഷ്കരണം മൂലം ലഭിച്ച ഭൂമി കുടികിടപ്പവകാശം മാത്രമായി ചുരുങ്ങി. ഇതിനു കാരണക്കാരായ കോണ്‍ഗ്രസ് പാര്‍ടിയെയും അവരുടെ സര്‍ക്കാരിനെയും തൊലിയുരിച്ചു കാണിക്കുന്നതിനു പകരം തീവ്ര ഇടതുപക്ഷക്കാരും ദളിത് ആക്ടിവിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരും ചില അരാഷ്ട്രീയ ബുദ്ധിജീവികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കരിതേയ്ക്കുന്നതിന് ഭൂസമരത്തിന്റെ കാലാവസ്ഥയെ ഉപയോഗിച്ചു. മാധ്യമങ്ങള്‍ അതിന് കൂട്ടുനിന്നു. ഈ ഭൂസമരം നാട്ടിന്‍പുറങ്ങളിലാണ് സംഘടിപ്പിക്കപ്പെട്ടത്. മിച്ചഭൂമികളിലേറെയും അവിടെയായിരുന്നു. കുറച്ചു കാലമായി മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരായും വര്‍ഗബഹുജന സംഘടനകളെ ലക്ഷ്യംവച്ചും അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന മേല്‍ സൂചിപ്പിച്ച വിഭാഗം, തൊഴിലാളി വര്‍ഗ വിഭാഗം ഈ പ്രസ്ഥാനത്തില്‍നിന്ന് ചോര്‍ന്നുപോവുന്നെന്ന് വ്യാപകമായി പ്രചരിപ്പിച്ചു വരുന്നുണ്ട്. അവരുടെ പ്രചാരണം വെറുതെയാണെന്ന് ഭൂസമരം വിളിച്ചുപറഞ്ഞു. ചെങ്കൊടിയേന്തിയ തൊഴിലാളികള്‍ മിച്ചഭൂമിയില്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ചാനലുകളില്‍ വന്നു. കുത്തകപ്പത്രങ്ങള്‍വരെ തൊഴിലാളിമുന്നേറ്റത്തിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായി. അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഇനി സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന് ആണയിടുന്ന തീവ്ര വലതുപക്ഷത്തിന്റെ നാവിറങ്ങിപ്പോവുന്ന രീതിയിലുള്ള പ്രക്ഷോഭമായി മാറി ഭൂസമരം.

ഈ സമരത്തില്‍ 2,39,334 സഖാക്കളാണ് പങ്കെടുത്തത്. ഇതില്‍ ഒരുലക്ഷത്തില്‍പ്പരം പേര്‍ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍ കെട്ടി താമസിച്ച സമരവളന്റിയര്‍മാരായിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടം ആറുദിവസം പിന്നിട്ടപ്പോള്‍ 5653 കുടിലുകളാണ് മിച്ചഭൂമിയില്‍ ഉയര്‍ന്നത്. ചരിത്രം ആവശ്യപ്പെട്ടാല്‍ ഏത് സമരത്തിനും ജനങ്ങള്‍ അണിനിരക്കും എന്നതിന്റെ ഉദാഹരണമായി മാറി ഭൂസമരം. ഈ സമരത്തിന്റെ ഭാഗമായുണ്ടായ മറ്റൊരു ഗുണം ആട്ടില്‍തോലണിഞ്ഞ ചില ചെന്നായ്ക്കളെ തിരിച്ചറിയാന്‍ സാധിച്ചു എന്നതാണ്. വലതുപക്ഷക്കാരേക്കാള്‍ വലിയ വലതുപക്ഷ വാദങ്ങള്‍ പുറത്തെടുത്ത് സമരത്തിനെതിരെ അണിനിരന്ന തീവ്ര ഇടതുപക്ഷക്കാരാണ് അവര്‍. അവര്‍ ഭൂസമരത്തിന്റെ ആവശ്യകതയെയും അതിന്റെ വര്‍ഗസ്വഭാവത്തെയും കാണാന്‍ തയ്യാറായില്ല. വലതുപക്ഷത്തേക്കാള്‍ വലിയ വലതുഭക്തി പ്രകടിപ്പിച്ച് അവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെ സ്ഥാനം ഉറപ്പിച്ചു. ഭൂസമരം ആരംഭിക്കുന്നതിനു മുമ്പ് ഭൂസംരക്ഷണ സമിതിയുടെ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ഭൂസമരത്തിന്റെ ആവശ്യകതയും മുദ്രാവാക്യത്തിന്റെ പ്രസക്തിയും ധരിപ്പിച്ചു. പിന്നീട് സമരം തുടങ്ങിയതിന് ശേഷമാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് റവന്യൂമന്ത്രിയുമായും ജനുവരി 16ന് മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയത്. ഭൂസമരത്തിന്റെ മുദ്രാവാക്യങ്ങള്‍ മുന്നില്‍വച്ച് നടത്തിയ ചര്‍ച്ചയില്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ ധാരണയായി. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍വരെ ഭൂമി നല്‍കുന്നതിനും ഭൂപ്രദേശങ്ങളുടെ ലഭ്യതയും നല്‍കുന്ന സ്ഥലവും പരിഗണിച്ച് ഭൂരഹിതരായ മറ്റുള്ളവര്‍ക്ക് മൂന്ന് സെന്റുമുതല്‍ കൂടുതല്‍ അളവില്‍ ഭൂമി വിതരണംചെയ്യുമെന്നും നെല്‍വയല്‍ നികത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഭൂമാഫിയ വാങ്ങിക്കൂട്ടിയ ഏക്കര്‍ കണക്കിന് ഭൂമിയെപ്പറ്റി പരിശോധിച്ച് അവയും ഏറ്റെടുക്കുന്ന പ്രക്രിയ ആരംഭിക്കുമെന്നും തീരുമാനത്തിലെത്തി.

ഭൂസംരക്ഷണ സമിതിയുടെ കൈയിലുള്ള ഇത്തരം ഭൂമിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറാനും ധാരണയായി. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്ന സ്വകാര്യ ഭൂ ഉടമസ്ഥരെക്കുറിച്ചുള്ള പരാതി അതത് ജില്ലാകലക്ടര്‍മാര്‍ക്ക് നല്‍കിയാല്‍ അവര്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിന് നിര്‍ദേശം നല്‍കും. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും. നെല്‍വയലുകള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ തുടര്‍ന്നും നെല്‍കൃഷി നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്കു മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്ന നിയമ നിര്‍മാണം നടത്താനുള്ള നടപടി സ്വീകരിക്കും. ഭൂമി തരിശിടാന്‍ അനുവദിക്കാത്ത രീതിയില്‍ ഇടപെടലുകള്‍ നടത്തും. പരിസ്ഥിതിക്ക് ഹാനികരമായ വിധം പ്രകൃതിദത്തമായ ഭൂഘടന മാറ്റുന്ന തരത്തിലുള്ള ഭൂപരിവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും. തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥ അഞ്ച് ശതമാനത്തിലെ പത്ത് ശതമാനമായി പുനര്‍നിര്‍ണയിക്കും. അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന സമരസമിതിയുടെ നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചു. ഭൂരഹിതരായി ഇനിയും ബാക്കിയുള്ളവര്‍ ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കുന്നതിനുള്ള സമയം ഫെബ്രുവരി 15 വരെയാക്കി നിജപ്പെടുത്തി. ഭൂസമരം തീര്‍ത്തും സമാധാനപരമായിരുന്നു എന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഭാഗമായി എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാനും ധാരണയായി.

ഭൂസമരം വിജയിക്കുമ്പോള്‍, അത് പഴയകാല ഭൂസമരത്തെക്കുറിച്ചുള്ള ഓര്‍മകളിലൂന്നി നിന്നുള്ള പുതുകാല പ്രയോഗമായി മാറി എന്നതില്‍ സംശയമില്ല. ഭൂസമരത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന ധാരണയില്‍ നിന്ന് പിന്നോക്കം പോകാനോ അതില്‍ വെള്ളം ചേര്‍ക്കാനോ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടാന്‍ കൂടിയാണ് എല്ലാ തലങ്ങളിലുമുള്ള ഭൂസംരക്ഷണ സമിതിയെ നിലനിര്‍ത്തുന്നത്. പാവങ്ങളുടെ കൂടെ, നിരാലംബരുടെ കൂടെ, ആദിവാസികളും ദളിതരുമടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെ കൂടെ ഈ നാട്ടിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മാത്രമേയുള്ളു എന്നതിന്റെ തെളിവുകൂടിയായി ഭൂസമരം. കേരളത്തിന്റെ പൊതുവായ വികസനം എത്തിപ്പെടാത്ത വിഭാഗങ്ങള്‍ക്ക് അവ എത്തിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ മുന്നേറ്റം. ഭൂസമരം ഒരു വര്‍ഗസമര പ്രയോഗമായിരുന്നു. ഭൂമിയെ ലാഭാധിഷ്ഠിതമായി നോക്കിക്കാണുന്ന കാഴ്ചപ്പാടിന് പകരം വരുംതലമുറയ്ക്ക് കൂടി ജീവിക്കാനുതകുന്ന വിധത്തില്‍ മണ്ണിനെ നിലനിര്‍ത്താനുള്ള തൊഴിലാളിവര്‍ഗത്തിന്റെ വര്‍ഗസമരം.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 18 ജനുവരി 2013

സര്‍ക്കാര്‍ ഭൂമി കൊണ്ടൊരു സ്വകാര്യ കുത്തകത്തോട്ടം കമ്പനി

ഭൂസംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ 2013 ജനുവരി 1 ന് ആരംഭിച്ച സംസ്ഥാന വ്യാപകമായ സമരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്റ്റോ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി 2012 ഡിസംബര്‍ 30 ന് എല്ലാ പത്രങ്ങളിലും ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. ഈ പരസ്യത്തില്‍ കമ്പനി അവകാശപ്പെടുന്നത് എച്ച്. എം. എല്ലിന്റെ കൈവശമുള്ളത് 38,000 ഏക്കര്‍ ഭൂമി മാത്രം എന്നാണ്. എന്നാല്‍ 2 വര്‍ഷം മുമ്പ് 2010 ഫെബ്രുവരി 16ന് ഇതേ കമ്പനി നല്‍കിയ മറ്റൊരു പരസ്യത്തില്‍ പറയുന്നത് ഗവണ്‍മെന്റിന്റെ പ്രൊസീഡിംഗ്സ് നമ്പര്‍ T.L.B (SW) 1776/73 Â H.M.L ന് ആകെ 59623.50 ഏക്കര്‍ ഭൂമിയാണ് കൈവശമുള്ളതെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടി 1977 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ്. അതായത് കേവലം 2 വര്‍ഷത്തിനകത്ത് 21623.50 ഏക്കര്‍ ഭൂമിയുടെ അവകാശ വാദം കമ്പനി ഉപേക്ഷിച്ചിരിക്കുന്നു എന്നര്‍ത്ഥം.

2012 ഡിസംബര്‍ 30 ന്റെ പരസ്യത്തില്‍ എച്ച്. എം.എല്‍ അവകാശപ്പെടുന്നത് ആരോപിക്കപ്പെടുന്നതുപോലെ നാട്ടിലെ ഒരു നിയമവും എച്ച്. എം. എല്‍ ലംഘിച്ചിട്ടില്ല എന്നാണ്. പരസ്യം തുടരുന്നു; എപ്പോഴും നിയമങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചുവരുന്ന ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണ് എച്ച്. എം. എല്‍. FERA അനുസരിച്ചിട്ടുള്ള അനുമതികള്‍ 1970 കളില്‍ തന്നെ കമ്പനിക്ക് കിട്ടിയിട്ടുള്ളതാണ്. എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളുടേയും, ഭൂമിയുടേയും, സ്വത്തുവകകളുടേയും അവകാശം മുന്‍ ഉടമസ്ഥരായ കമ്പനിയില്‍ നിന്നും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയും കേരള ഹൈക്കോടതിയുടെ അംഗീകാരത്തോടെയും കിട്ടിയിട്ടുള്ളതാണ്. എല്ലാ ഭൂമിയുടേയും പട്ടയങ്ങളും രേഖകളും എച്ച്. എം. എല്ലിന്റെ പക്കലുണ്ട്. അവയില്‍ മിക്കവയും 100 ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. സര്‍ക്കാരിന് നല്‍കേണ്ട നികുതികളോ, വിഹിതങ്ങളോ ഒരിക്കലും മുടക്കിയിട്ടുമില്ല.

എന്നാല്‍ 2009 സെപ്റ്റംബര്‍ 10 ന് അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ റവന്യൂ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 2010 ജനുവരി 6 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള 64228.41 ഏക്കര്‍ ഭൂമിയില്‍ 40975.82 ഏക്കര്‍ ഭൂമി പാട്ടമായി ലഭിച്ചതാണെന്നും കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരവും അന്യംനില്‍പ്പു (എസ്ചിറ്റ്) നിയമപ്രകാരവും ഈ ഭൂമി അടിയന്തിരമായി ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നുമാണ് കേരള സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതോടൊപ്പം മലയാളം പ്ലാന്റേഷന്‍സ് (യു.കെ) പേരിലുള്ള 15786.32 ഏക്കര്‍ ഭൂമി അന്യംനില്‍പ്പു ഭൂമിയായി ഏറ്റെടുക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ശുപാര്‍ശ ചെയ്തു. അതായത് എച്ച്. എം. എല്‍ കമ്പനി ഭൂമി കൈവശം വെയ്ക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.

എല്‍.ഡി. എഫ് സര്‍ക്കാര്‍ നിയോഗിച്ച ഡി. സജിത്ത് ബാബു കമ്മറ്റിയുടെ റിപ്പോര്‍ട്ട് 1978 നു ശേഷം കഴിഞ്ഞ 34 വര്‍ഷമായി ഹൈക്കോടതിയില്‍ നടക്കുന്ന എച്ച്. എം. എല്‍ ഭൂമി പ്രശ്നം സംബന്ധിച്ച് കേസുകളില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. സ്വന്തം അവകാശ വാദങ്ങളെ ന്യായീകരിക്കാന്‍ കഴിയാതെ കമ്പനി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇതാണ് 2 വര്‍ഷത്തിനുള്ളില്‍ 21623.50 ഏക്കര്‍ ഭൂമിയിലെ അവകാശ വാദം ഉപേക്ഷിച്ച് പരസ്യം നല്‍കാന്‍ കമ്പനി നിര്‍ബന്ധിതമായ സാഹചര്യം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വെയ്ക്കുന്ന തോട്ടം മേഖലയിലെ സ്വകാര്യ കുത്തക കോര്‍പ്പറേറ്റ് കമ്പനിയാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ്. എന്നാല്‍ ഈ സ്വകാര്യ കുത്തക കമ്പനി കൈവശം വെയ്ക്കുന്നത് പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയാണ്. മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത. പി.ഹരന്‍ 2007 സെപ്റ്റംബര്‍ 27 ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൈവശമുള്ള ഭൂമിയില്‍ എച്ച്. എം. എല്‍ കമ്പനിക്കുള്ള ഉടമസ്ഥാവകാശം സംശയാസ്പദമാണെന്നും കമ്പനി നാളിതുവരെ നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അനധികൃതമാണെന്നും സംസ്ഥാനത്തെ റവന്യൂ- രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥരും കമ്പനിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഡി. സജിത്ത് ബാബു കമ്മറ്റിയെ നിയോഗിച്ചതും കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതും. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വെയ്ക്കുന്ന ഒരു സെന്റ് ഭൂമി പോലും നിയമപ്രകാരം കമ്പനിക്ക് അവകാശപ്പെട്ടതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 60,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കയ്യടക്കി സ്ഥാപിച്ച സ്വകാര്യ കടലാസ്സ് കമ്പനിയാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ്. കടുത്ത വഞ്ചനയുടേയും അഴിമതിയുടേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ചരിത്രമാണ് ഈ കമ്പനിക്കുള്ളതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന നിലവിലുള്ള കമ്പനിയുടെ മേജര്‍ ഷെയര്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിലെ മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) എന്ന കമ്പനിയാണ്. ഈ കമ്പനി രജിസ്റ്റര്‍ ചെയ്തത് 1977 ആഗസ്റ്റ് 23 നാണ്. വിലാസം 102, പാര്‍ക്ക്ലെയിന്‍, കോയിഡോന്‍, സറേ ഇഞഛകഖആ,ഡഗ എന്നാണ്. 1973 ലെ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം (എഋഞഅ 1973) വകുപ്പ് നം (1,1) പ്രകാരം റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശരാജ്യത്തുള്ള ഒരു പൗരനും ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നതിനോ, ബിസിനസ്സ് നടത്തുന്നതിനോ, സ്വത്ത് കൈവശം വെയ്ക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കില്ല.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് പരസ്യത്തില്‍ അവകാശപ്പെടുന്നത് കമ്പനി കൈവശം വെയ്ക്കുന്ന ഭൂമിയുടേയും സ്വത്തു വകകളുടേയും അവകാശം മുന്‍ ഉടമസ്ഥരായ വിദേശ കമ്പനിയില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും, കേരള ഹൈക്കോടതിയുടേയും അംഗീകാരത്തോടെ കിട്ടിയിട്ടുള്ളതാണ് എന്നാണ്. 1983 ലെ കേരള ഹൈക്കോടതി വിധിയില്‍ പറയുന്നത് വിദേശ കമ്പനിയുമായുള്ള ഇന്ത്യന്‍ കമ്പനിയുടെ സംയോജനത്തിന് കണ്‍ട്രോളര്‍ ഓഫ് ക്യാപ്പിറ്റല്‍ ഇഷ്യൂസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സമ്മതപത്രം വാങ്ങിയെടുക്കുന്നതിന് വിധേയമായി അംഗീകാരം നല്‍കുന്നു എന്നാണ്. എന്നാല്‍ കമ്പനിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിച്ച ഡി. സജിത്ത് ബാബു കമ്മറ്റി കണ്‍ട്രോളര്‍ ഓഫ് ക്യാപ്പിറ്റല്‍ ഇഷ്യൂസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സമ്മതപത്രം നാളിതുവരെ ഹാരിസണ്‍ മലയാളം ലിമിറ്റഡിന് ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തി. ഇതിനര്‍ത്ഥം ഹാരിസണ്‍ മലയാളം ലിമിറ്റഡ് അവകാശപ്പെടുന്നതുപോലെ വിദേശ കമ്പനിയും ഇന്ത്യന്‍ കമ്പനിയും തമ്മിലുള്ള സംയോജനം നിയമപരമായി നടന്നിട്ടില്ല എന്നാണ്. അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് ചെയ്തിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. കേരള ഹൈക്കോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേരള സര്‍ക്കാര്‍ എന്നിങ്ങനെ ഭരണഘടനാപരമായ അധികാരങ്ങളുള്ള സ്ഥാപനങ്ങളെ വ്യാജ രേഖകളും, വ്യാജ അവകാശ വാദങ്ങളും കാണിച്ച് വഞ്ചിക്കുകയാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി. കേരള സര്‍ക്കാരിന് അവകാശപ്പെട്ട 60,000 ത്തോളം ഏക്കര്‍ ഭൂമി പതിറ്റാണ്ടുകളായി കൈവശം വെച്ച് ആദായം എടുക്കുകയും വില്‍പ്പന നടത്തി പണം സമ്പാദിക്കുകയുമാണ്. ഇത് തടയാന്‍ കേരള ഹൈക്കോടതിക്കോ, കേരള സര്‍ക്കാരിനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ പരാജയവും കുത്തക മുതലാളിത്ത വര്‍ഗത്തോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പക്ഷപാതിത്വവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരള സിവില്‍ സര്‍വീസിലെ സത്യസന്ധതയും സ്വതന്ത്ര വ്യക്തിത്വവുമുള്ള അപൂര്‍വം ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായ നിവേദിത പി.ഹരന്‍ ചൂണ്ടിക്കാട്ടിയതുപോലെ റവന്യൂ- രജിസ്ട്രേഷന്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരും കമ്പനിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ ഹിമാലയന്‍ തട്ടിപ്പ് ഇത്രകാലവും നടത്താന്‍ കമ്പനിയെ സഹായിച്ചത്.

1966 ലെ കൈമാറ്റചട്ടം (ട്രാന്‍സ്ഫര്‍ ഓഫ് രജിസ്ട്രി) 27 (2)വകുപ്പ് പ്രകാരം കമ്പനികള്‍ക്ക് പ്രതികൂല കൈവശ പ്രകാരം (adverse possession) ജന്മാവകാശം ലഭിക്കാന്‍ അര്‍ഹതയില്ല. അന്യംനില്‍പ്പ് (എസ്ചീറ്റ്) ഭൂമിയായി ഏറ്റെടുക്കാമായിരുന്ന 60,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാന്‍ ലാന്റ് ബോര്‍ഡിന്റെ വീഴ്ച മൂലമാണ് കഴിയാതെ പോയത്. ഇത് മുതലെടുത്താണ് മലയാളം പ്ലാന്റേഷന്‍ എന്ന ലണ്ടന്‍ കമ്പനിയുടെ ചില ജോലിക്കാരും ആശ്രിതരും പ്രസ്തുത കമ്പനിയുമായി വ്യാപാരം നടത്തിയിരുന്ന ദല്ലാളുമാരും ചേര്‍ന്ന് 1978 ജനുവരി 5 ന് മലയാളം പ്ലാന്റേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനി തന്നെ രൂപീകരിച്ചത്. 1952 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാസ്സാക്കിയ കേരള ഭൂപരിഷ്ക്കരണ നിയമം അനുസരിച്ച് എല്ലാ ഭൂമിയുടേയും ജന്മാവാകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ജന്മി ത്വ വ്യവസ്ഥ നിര്‍ത്തലാക്കുകയും ചെയ്തു. തോട്ടം മേഖലയ്ക്ക് നല്‍കിയ ഇളവു പ്രകാരം 1964 ജനുവരി 16 (പ്രസ്തുത നിയമം വിജ്ഞാപനം ചെയ്ത തീയതി) മുതല്‍ 3 മാസത്തിനുള്ളില്‍ സീലിംഗ് റിട്ടേണ്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് മുമ്പാകെ ബന്ധപ്പെട്ട കക്ഷിയോ, സ്ഥാപനമോ ഫയല്‍ ചെയ്യണം. (as per KLR Act Sect 85(2)). അന്ന് നിലവിലുണ്ടായിരുന്ന മലയാളം പ്ലാന്റേഷന്‍സ് (യു.കെ) ലിമിറ്റഡ് എന്ന പേരില്‍ ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി നിശ്ചിത സമയത്തിനുള്ളില്‍ സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്തില്ല. സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് പ്രസ്തുത കമ്പനിയോട് 22-02-1969, 14-03-1969 എന്നീ തീയതികളിലെ കത്തുകള്‍ പ്രകാരം സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് 04-04-1972 ലാണ് മലയാളം പ്ലാന്റേഷന്‍സ് (യു.കെ) കമ്പനിയുടെ ഏജന്റ് എന്ന നിലയില്‍ ഹാരിസണ്‍ ആന്റ് ക്രോസ്സ് ഫീല്‍ഡ് എന്ന മറ്റൊരു കമ്പനിയുടെ മാനേജര്‍ സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. 13-02-1978 നു മുമ്പുള്ള നടപടിക്രമങ്ങളില്‍ മലയാളം പ്ലാന്റേഷന്‍സ് (യു.കെ) എന്ന ഇംഗ്ലണ്ട് കമ്പനിയും 02-07-1987 ലെ ലാന്‍ഡ് ബോര്‍ഡ് ഉത്തരവില്‍ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) എന്ന കമ്പനിയും പരാമര്‍ശിച്ചു കാണുന്നു. കെ.എല്‍. ആര്‍ ആക്ട് പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്തത് ആരാണോ അവരുടെ പേരില്‍തന്നെ തുടര്‍നടപടികളും ഉത്തരവുകളും വേണം. അന്യംനില്‍പ്പു ഭൂനിയമപ്രകാരം ഏറ്റെടുക്കേണ്ടിയിരുന്ന ഈ വലിയ ഭൂ വിഭാഗത്തിനുവേണ്ടി ബ്രിട്ടീഷ് കമ്പനിയോട് സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്ന് സജിത്ത് ബാബു കമ്മറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു പിന്നില്‍ വന്‍ സ്വാധീനവും അഴിമതിയും സംശയിക്കേണ്ടിയിരിക്കുന്നു.

1982 ജൂലൈ 2 ലെ സൗത്ത് വയനാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ 37/1981 പ്രകാരമുള്ള അന്തിമ ഉത്തരവില്‍ എച്ച്. എം. എല്ലിന്റെ കൈവശമുള്ള ഭൂമിയില്‍ കേവലം 1845.22 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വിധി നല്‍കിയത്. 13-07-1978 ലെ താല്‍ക്കാലിക അസ്സസ്സ്മെന്റിലോ 1982 ലെ അന്തിമ ഉത്തരവിലോ കമ്പനി നല്‍കിയ സീലീംഗ് റിട്ടേണില്‍ കമ്പനിയുടെ സ്വന്തം അവകാശത്തില്‍ വരുന്ന ഭൂമികള്‍, പാട്ട ഭൂമികള്‍, വനഭൂമിയായി പ്രഖ്യാപിക്കപ്പെട്ട ഭൂമികള്‍ എന്നിവ തരം തിരിച്ച് രേഖപ്പെടുത്തുകയോ അതിന്‍മേല്‍ ഭൂ പരിഷ്ക്കരണ നിയമത്തിലെ വ്യത്യസ്ത വ്യവസ്ഥകള്‍ പ്രകാരം തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. 1973 ലെ വിദേശ വിനിമയ നിയന്ത്രണ ചട്ടം 16, 29, 31 വകുപ്പുകള്‍ പ്രകാരം കമ്പനിയുടെ നിയമസാധുത പരിശോധിച്ചില്ല. സജിത്ത് ബാബു കമ്മറ്റി റിപ്പോര്‍ട്ട് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്ത് താഴെ പറയുന്ന വിലയിരുത്തലുകളാണ് മുന്നോട്ട് വെയ്ക്കുന്നത്.

1. 1921 ല്‍ രൂപീകരിച്ച മലയാളം പ്ലാന്റേഷന്‍സ് (യു.കെ) ലിമിറ്റഡ് 1977 ഓഗസ്റ്റ് 23 ന് മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) ലിമിറ്റഡ്, യു.കെയായി രൂപാന്തരപ്പെട്ടു.

2. കൃത്യം 69 ദിവസങ്ങള്‍ക്കു ശേഷം 1977 നവംബര്‍ 1ന് ഹാരിസണ്‍സ് ആന്റ് ക്രോസ്സ് ഫീല്‍ഡ്സ് (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിലൊരു കമ്പനി രൂപീകരിക്കപ്പെട്ടു.

3. അതിനുശേഷം 66 ദിവസം പിന്നിടുമ്പോള്‍ 1978 ജനുവരി 5ന് കേരളത്തില്‍ തന്നെ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) എന്ന പേരില്‍ മറ്റൊരു കമ്പനി രൂപീകരിക്കപ്പെട്ടു.

4. 19-09-1984 ലെ എം.സി.എ. 35/1983-ാം നമ്പര്‍ ഹര്‍ജിയിലൂടെ ഹാരിസണ്‍ ആന്റ് ക്രോസ്സ് ഫീല്‍ഡ്(ഇന്ത്യ) ലിമിറ്റഡ് എന്ന കമ്പനി മലയാളം പ്ലാന്റേഷന്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 6 നിബന്ധനകള്‍ക്ക് വിധേയമായി ലയിപ്പിക്കപ്പെട്ടു.

5. പ്രസ്തുത ലയനം തുടങ്ങി 40 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ കമ്പനിയുടെ പേര് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന് മാറ്റപ്പെട്ടു.

04-04-1972 ല്‍ വിദേശ കമ്പനിയാണ് സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്തതെങ്കിലും പ്രാഥമിക അസ്സസ്സ്മെന്റ് നടത്തിയത് മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ്. ഇതാകട്ടെ മലയാളം പ്ലാന്റേഷന്‍സ്(ഇന്ത്യ) ലിമിറ്റഡ് കമ്പനി നിലിവില്‍ വന്ന തീയതിയായ 05-01-1978 കഴിഞ്ഞ് കൃത്യം 40 ദിവസം പിന്നിട്ടപ്പോഴും. സജിത്ത് ബാബു കമ്മറ്റി റിപ്പോര്‍ട്ട് തുടരുന്നു. അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ ഈ ധ്രുതഗതിയില്‍ നടന്ന (ദിവസങ്ങള്‍ക്കുള്ളില്‍) പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്റെ നിഴല്‍ പരത്തുന്നതാണ്. അടിയന്തിരാവസ്ഥ നിലവിലുണ്ടായിരുന്ന അക്കാലത്ത് രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) ലിമിറ്റഡിന്റെ 9 ഡയറക്ടര്‍മാരില്‍ 2 പേര്‍ ഫീല്‍ഡ് മാര്‍ഷല്‍ എസ്. മനേക്ഷായും അഡ്മിറല്‍ ആര്‍. എല്‍. പെരേരയും ആയിരുന്നു. മൂന്ന് പേരാകട്ടെ വിദേശികളും. 1973 ലെ വിദേശ വനിമിയ നിയന്ത്രണ നിയമത്തിലെ 16,29, 31 വകുപ്പുകള്‍ പ്രകാരം വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ബിസിനസ്സ് നടത്തുന്നതിന് വിവിധ നിയന്ത്രണ സംവിധാനങ്ങളായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കണ്‍ട്രോളര്‍ ഓഫ് ക്യാപ്പിറ്റല്‍ ഇഷ്യൂ, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ഇന്‍കം ടാക്സ് കമ്മീഷണറേറ്റ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സമാനമായ സര്‍ക്കാര്‍ ഏജന്‍സികളുടേയും അംഗീകാരം വാങ്ങേണ്ടതുണ്ട്. ഹാരിസണ്‍ മലയാളം കമ്പനി അവകാശപ്പെടുന്നതു പോലുള്ള ഒരു കമ്പനി രൂപീകരണം 19-9-1984 ല്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ജസ്റ്റിസ് ജോണ്‍ മാത്യുവിന്റെ (കേരള ഹൈക്കോടതി) ഉത്തരവിന്റെ ഒമ്പതാം ഖണ്ഡികയില്‍ ഇങ്ങനെ പറയുമായിരുന്നില്ല. 

9. The implementation of this scheme is conditional upon the following.

a. The consent of the controller of capital issues of the Government of India, under the provisions of the capital issues ( (control) Act, 1947 being obtained to the issue by the transferor company  of the equity shares necessary for the implementation of this scheme.

b. The permission of the Reserve Bank of India being obtained to the allotment  of the necessary shares by the trannsferee company to the foreign share holders.

c. Obtaining  the necessary consent and approval under the provisions of Monopolies & Restrictive Trade practices Act 1969 for implementation of the scheme.

d. The obtaining of the consent or consents or permission or permissions of any Government or other authorities in the United Kingdom and in India, if and were necessary.

e. The scheme being sanctioned under section 391 of the Act and the appropriate orders for implementation of this scheme being made under section 394 or other act or acts or other applicable provisons of the act, by the High Court of Kerala.

f. Compliance with requirements of the classes(3) of section (2) (1) (A) of the Income Tax Act 1961.by share holders of the transferor company.   

 കമ്പനി നവീകരണം നടന്ന 19/9/1984ല്‍ തുടങ്ങി ഇന്നേവരെ ഏതെങ്കിലും ഒരു സര്‍ക്കാരോ, സര്‍ക്കാര്‍ ഇതര സ്ഥാപനമോ മേല്‍ വിവരിച്ച നിബന്ധനകള്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതായി തെളിയിക്കുന്ന യാതൊരു രേഖകളും ലഭ്യമല്ല. ഇത് കമ്പനിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 1978 ല്‍ ലാന്‍ഡ് ബോഡിന്റെ പ്രാഥമിക അസ്സെസ്സ്മെന്റ് റിപ്പോര്‍ട്ട് വന്നതിനുശേഷം കേരള ഹൈക്കോടതിയില്‍ കഴിഞ്ഞ 34 വര്‍ഷമായി നടക്കുന്ന ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളസര്‍ക്കാര്‍ ഉന്നയിച്ചു വരുന്ന വിഷയം കമ്പനിയുടെ കൈവശം എത്ര മിച്ചഭൂമിയുണ്ട് എന്ന തര്‍ക്കമാണ്. പൊതുസമൂഹവും തൊഴിലാളി സംഘടനകളും മാധ്യമങ്ങളും സജിത് ബാബു കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കേന്ദ്രീകരിച്ചിരുന്നതും ഈ മിച്ചഭൂമി തര്‍ക്കത്തിലാണ്. വയനാട്ടിലെ തൃക്കൈപ്പറ്റ സ്വദേശി ജി. സഞ്ജീവന്‍ സെക്രട്ടറിയായ വയനാട് ഭൂസംരക്ഷണ സമിതി കമ്പനിയുടെ ഉടമസ്ഥാവകാശം തന്നെ ചോദ്യം ചെയ്ത് നിരവധി നിയമപോരാട്ടങ്ങള്‍ ഹൈക്കോടതിയില്‍ നടത്തുകയും സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളേയും, കോടതി വ്യവസ്ഥകളേയും കബളിപ്പിച്ച് നിയമവിരുദ്ധമായി 60, 000 ത്തോളം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ മാതൃക വന്‍കിട മുതലാളിത്ത വര്‍ഗം ഭരണകൂട പിന്‍തുണയോടെ നടത്തുന്ന പ്രാകൃത മൂലധന സഞ്ചയത്തിന്റെരീതികളാണ് തുറന്നുകാട്ടുന്നത്. സഞ്ജീവന്റേയും നിവേദിത പി. ഹരന്റേയും, സജിത്ത് ബാബുവിന്റേയും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പേരറിയാത്ത, ആത്മാഭിമാനമുള്ള നിരവധി വ്യക്തികളുടേയും പൗരബോധമാണ് കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമരത്തിന് ശക്തി പകര്‍ന്നത്. ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെയ്ക്കുന്ന തോട്ട ഭൂമി പിടിച്ചെടുത്ത് തോട്ടം തൊഴിലാളികളുടെ സഹകരണ സംഘം രൂപീകരിച്ച് തോട്ട വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെന്ന ആവശ്യം തോട്ടം തൊഴിലാളി സംഘടനകള്‍ ഉന്നയിക്കേണ്ടതാണ്. അവശേഷിക്കുന്ന തരിശ് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യുകയും വേണം. ഭൂമിയുടെ മേലുള്ള വന്‍കിട മുതലാളിത്ത വര്‍ഗത്തിന്റെ കുത്തക ഇല്ലാതാക്കുന്നതിന് ഇതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഭൂസംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 1 ന് ആരംഭിച്ച് സമരം വയനാട്ടില്‍ ഹാരിസണ്‍ മലയാളത്തിന്റെ ചുണ്ടേല്‍ എസ്റ്റേറ്റിലാണ് നടക്കുന്നത്. ജനുവരി 11 മുതല്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.

കൃഷി ഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കയ്യൂരില്‍ ആരംഭിച്ച ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്ര തുടര്‍ച്ചയാണ് ഭൂസംരക്ഷണ സമര സമിതയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരം. സംസ്ഥാനത്തെ 35 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാക്കാന്‍ കഴിഞ്ഞ 70 വര്‍ഷക്കാലത്തെ പുരോഗമന കര്‍ഷക- കര്‍ഷക തൊഴിലാളി - ആദിവാസി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഭൂപ്രക്ഷോഭങ്ങളിലൂടെ സാധിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന മൂന്ന് ലക്ഷത്തില്‍പ്പരം ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള ഭൂസംരക്ഷണ സമര സമിതിയുടെ പോരാട്ടം വിജയത്തിലെത്തുമ്പോള്‍ ജന്മി വ്യവസ്ഥ തകര്‍ന്നടിഞ്ഞ മാതൃകയില്‍ തോട്ടം മേഖലയിലെ വന്‍കിട കുത്തകകളുടെ മേധവിത്വവും തകര്‍ക്കപ്പെടുക തന്നെ ചെയ്യും.

*
പി കൃഷ്ണപ്രസാദ് ചിന്ത വാരിക 13 ജനുവരി 2013

Wednesday, January 9, 2013

ഭൂസമരവും യുഡിഎഫും

രണ്ടാം മിച്ചഭൂമി സമരം ആരംഭിച്ചു. പതിനാലു സമരകേന്ദ്രങ്ങളില്‍ ചെങ്കൊടി ഉയര്‍ന്നു. ഇനി ഒരു വാരം പിന്നിടുമ്പോള്‍ നൂറു സമരകേന്ദ്രങ്ങളില്‍ക്കൂടി കൊടികളുയരും; കുടിലുകളും. അങ്ങനെ ഭൂസമരം പടരും. സമരത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ പോകുന്ന മിച്ചഭൂമിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുളള അടവാണ് ഈ സമരം എന്നാണ്് റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ ആക്ഷേപം. അദ്ദേഹം ഒരു കണക്കും പറയുന്നു. 2.33 ലക്ഷംപേരാണത്രേ, ഭൂമിയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കാകെ മൂന്ന്, നാലു സെന്റ് ഭൂമി നല്‍കാന്‍ 7735 ഏക്കര്‍ ഭൂമി വേണം. ഇതിനുളള തയ്യാറെടുപ്പിലാണത്രേ സര്‍ക്കാര്‍. എല്‍ഡിഎഫിനു ചെയ്യാന്‍ കഴിയാതെ പോയത് യുഡിഎഫ് ചെയ്യുന്നതിലുളള പരിഭ്രാന്തിമൂലമാണത്രേ ഇപ്പോള്‍ സമരം ചെയ്യുന്നത്.

എന്നാല്‍ ഈ ഭൂമിയാകെ ഏറ്റെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ് എന്ന് അദ്ദേഹം മിണ്ടുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു സെന്റ് ഭൂമിപോലും അധികമായി ഏറ്റെടുത്തിട്ടുമില്ല. മൂന്നു നാലു സെന്റുവീതം മതി ഭൂരഹിതര്‍ക്ക് എന്ന് എങ്ങനെയാണ് തീരുമാനമെടുത്തത്? വിതരണം ചെയ്യാന്‍ പോകുന്നുവെന്ന് അടൂര്‍ പ്രകാശ് പറയുന്ന 7735 ഏക്കറിന്റെ എത്രയോ മടങ്ങാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച ഭൂമി. അതില്‍ 11,000 ഏക്കര്‍ പൊതുവിതരണത്തിനു വേണ്ടി നീക്കിവെച്ചുവെന്ന് മുന്‍ റവന്യൂമന്ത്രി കെ. പി. രാജേന്ദ്രന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭൂമി ലഭിക്കുന്നതിന് ഭൂരഹിതരോട് രജിസ്റ്റര്‍ ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നീക്കിവെച്ച ഭൂമിയിലല്ല ഇപ്പോള്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഇനിയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതോ തിരിമറികള്‍ തടയേണ്ടതോ ആയ ഭൂമിയിലാണ്. മാത്രമല്ല, സമരത്തിന്റെ ഈ ഘട്ടത്തില്‍ ഭൂമി പിടിച്ചെടുക്കുന്നുമില്ല. സര്‍ക്കാരിന് മിച്ചഭൂമി ചൂണ്ടിക്കാണിക്കുകയേ ചെയ്യുന്നുളളൂ. പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കൂടി പങ്കെടുക്കേണ്ട സമരമാണിത്.

ഏതൊക്കെ ഭൂമിയിലാണ് സമരഭടന്മാര്‍ പ്രവേശിക്കുന്നത്?

ഒന്ന്, മിച്ചഭൂമിയായിട്ടും, നിയമക്കുരുക്കുകള്‍ ഇല്ലാതിരുന്നിട്ടും മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇതുവരെ ഏറ്റെടുക്കാത്ത ഭൂമിയുണ്ട്. വിസ്തൃതിയില്‍ വളരെയേറെ വരില്ലെങ്കിലും ശ്രദ്ധക്കുറവു കൊണ്ട് ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ആരുടെയും അല്ലാതായി തുടരുന്നത് അനുവദിക്കാനാവില്ല.

രണ്ട്, ഇനിയും ഏറ്റെടുക്കാനുളള മിച്ചഭൂമിയില്‍ നല്ല പങ്കും കേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. 20 വര്‍ഷത്തിലേറെ പഴക്കമുളള 1409 കേസുകള്‍ താലൂക്ക് ബോര്‍ഡുകളിലുണ്ട്. ഹൈക്കോടതിയില്‍ മറ്റൊരു 343 കേസുണ്ട്. ഇവയില്‍ ഉള്‍പ്പെട്ട ഭൂമിയുടെ വിസ്തൃതി 73,425 ഏക്കര്‍ ആണ്. ഇത്രകാലം കേസുകള്‍ കെട്ടിക്കിടന്നതിന് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദികള്‍ എന്ന് ഞങ്ങള്‍ പറയില്ല. ഈ കേസുകള്‍ തീര്‍പ്പാക്കി ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യാന്‍ ഇനി അമാന്തം പാടില്ല. ഈ ഭൂമികളില്‍ പ്രവേശിച്ച് അതു ചൂണ്ടിക്കാണിക്കുന്നതിനെ ആരും എതിര്‍ക്കേണ്ടതില്ലല്ലോ. ആലപ്പുഴയിലെ സമരകേന്ദ്രമായ കൈനകരിയിലെ പൂപ്പളളി മിച്ചഭൂമി ഈ ഇനത്തില്‍ പെട്ടതാണ്.

മൂന്ന്, നിലവിലുളള നിയമപ്രകാരം പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഒരു കുടുംബത്തിനോ സ്ഥാപനത്തിനോ അവകാശമില്ല. ഇതു മറികടക്കുന്നതിനു വേണ്ടി ഭൂമി ബിനാമിപ്പേരിലാക്കുകയോ മറിച്ചുവില്‍ക്കുകയോ ആയിരുന്നു, അടുത്തകാലം വരെ പതിവ്. എന്നാലിപ്പോള്‍ ഒരു പുതിയ പ്രവണത വന്നിരിക്കുകയാണ്. ഭൂമാഫിയ - അതില്‍ കോര്‍പറേറ്റുകളും റിയല്‍ എസ്റ്റേറ്റുകാരും പെടും - നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വന്തം പേരിലോ പലരുടെ പേരിലോ വാങ്ങിക്കൂട്ടുകയാണ്.

പുതിയൊരു ഭൂകേന്ദ്രീകരണം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. വയലുകളാണ് അവരുടെ മുഖ്യലക്ഷ്യം. വയലുനികത്താന്‍ പാടില്ലാത്തതുകൊണ്ട് കരഭൂമിയെ അപേക്ഷിച്ച് വയലുകളുടെ വില വളരെ താഴ്ന്നതാണ്. ചുളുവിലയ്ക്ക് ഇവയും ചതുപ്പുകളും മറ്റും വാങ്ങിക്കൂട്ടുകയാണ്. ഇവ നികത്തി മറിച്ചുവില്‍ക്കുമ്പോള്‍ വമ്പന്‍ ലാഭം നേടാന്‍ ഭൂ മാഫിയയ്ക്ക് കഴിയും. ഞാന്‍ സമരം ഉദ്ഘാടനം ചെയ്ത ആറന്മുള പുഞ്ചപ്പാടം ഇതിനു നല്ല ഉദാഹരണമാണ്. എ കെ ആന്റണി കേരളം ഭരിക്കുന്ന കാലത്താണ് എബ്രഹാം കലമണ്ണില്‍ എന്നയാള്‍ വയലുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. പുതുതായി ആരംഭിക്കുന്ന ഏയ്റോനോട്ടിക് എഞ്ചിനീയറിംഗ് കോളേജിന്റെ പേരിലാണ് ഭൂമി വാങ്ങിയത്. അക്കാലത്ത് നൂറു രൂപയായിരുന്നത്രേ സെന്റിനു വില. കൂടുതല്‍ ഭൂമി വാങ്ങിയപ്പോള്‍ വിലയും കുറച്ചുയര്‍ന്നു. എന്നാല്‍ അയ്യായിരം രൂപയ്ക്കപ്പുറം സെന്റിനു നല്‍കിയിട്ടില്ല. അങ്ങനെ 232 ഏക്കര്‍ വാങ്ങിയതിന് ആകെ ചെലവാക്കിയത് അഞ്ചോ ആറോ കോടി രൂപയാണ്. ഈ ഭൂമിയാണ് വിമാനത്താവളം ഉണ്ടാക്കാന്‍ 51 കോടി രൂപയ്ക്ക് കെജിഎസ് എന്ന സ്ഥാപനത്തിന് മറിച്ചുവിറ്റത്. 232 ഏക്കര്‍ വയലു മുഴുവന്‍ നികത്തിയിട്ടില്ല. കുറേ ഭാഗമേ ഇപ്പോഴും നികത്താന്‍ കഴിഞ്ഞിട്ടുളളൂ. ഇതു മുഴുവന്‍ നികത്തിക്കഴിഞ്ഞാല്‍ വില പതിന്മടങ്ങ് ഉയരാന്‍ പോവുകയാണ്. ഭൂമിയുടെ വിലയടക്കം 2000 കോടി രൂപയുടെ മുടക്കുമുതലുളള വിമാനത്താവളക്കമ്പനിയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് അറിയുന്നത്. വിമാനത്താവളം വരട്ടെ, വരാതിക്കട്ടെ. കെജിഎസ് കമ്പനിയ്ക്ക് ലഭിക്കാന്‍ പോകുന്ന ലാഭം എത്ര ഭീമമെന്നു നോക്കൂ.

രണ്ടു നിയമങ്ങള്‍ ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്.

1) പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ഭൂമി ഒരു കുടുംബത്തിനു കൈവശം വെയ്ക്കാനാവില്ല. ഇതിലേറെ ഭൂമി കൈവശമുണ്ടായിരുന്നവരുടെ പക്കല്‍നിന്നും വയലുകള്‍ വാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ടും അല്ലാതെയും വാങ്ങിച്ച മൂന്നൂറ് ഏക്കറിലേറെ വയലുകള്‍ കെജിഎസ് കമ്പനിയുടെ കൈവശമുണ്ട്. പതിനഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഇവര്‍ക്കും അവകാശമില്ല.

2) ആര്‍ക്കെങ്കിലും നെല്‍വയല്‍ നികത്തണമെങ്കില്‍ പഞ്ചായത്തുതല കമ്മിറ്റി ശുപാര്‍ശ ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ/സംസ്ഥാനതല കമ്മിറ്റികള്‍ അംഗീകരിക്കണം. ഇതാണ് നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു നടപടിക്രമവും പാലിച്ചിട്ടില്ല.

കേരള ഭൂവിനിയോഗ നിയമപ്രകാരവും നെല്‍വയലുകള്‍ നികത്താന്‍ പാടില്ല. എന്നാല്‍ ആറന്മുളയില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ നീളത്തില്‍ നൂറു മീറ്റര്‍ വീതിയില്‍ വയലുകള്‍ നികത്തിക്കഴിഞ്ഞു. കേരളത്തിലുളള എല്ലാ റിയല്‍ എസ്റ്റേറ്റ് ആന്റ് ഡെവലപ്പേഴ്സും ഇത്തരത്തില്‍ വയലുകള്‍ വാങ്ങി സ്വന്തം പേരിലാക്കിയിട്ടുണ്ട്. മുന്‍ക്രിക്കറ്റ് താരം കപില്‍ദേവ് കൂടി ഡയറക്ടറായ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി വാങ്ങിക്കൂട്ടിയ പൊക്കാളി നിലത്താണ് എറണാകുളത്ത് കൊടികുത്തിയത്. പക്ഷേ, ആറന്മുളയില്‍ നിന്ന് വ്യത്യസ്തമായി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയല്ല, ബിനാമികളുടെ പേരിലാണ് ഭൂമി. കോട്ടയത്തെ മെത്രാന്‍ കായലും ഇതുപോലൊരു പ്രദേശമാണ്. ഇത്തരം ഭൂമികള്‍ ചൂണ്ടിക്കാണിക്കുന്നതിനോട് ആര്‍ക്കാണ് എതിര്‍പ്പുണ്ടാകേണ്ടത്? നാല,് ഭൂപരിധിയില്‍ നിന്ന് ഒഴിവുനേടിയ എസ്റ്റേറ്റുകള്‍ തുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്ന പ്രവണതയും ഉണ്ട്. പാട്ടത്തിനെടുത്ത എസ്റ്റേറ്റുകള്‍ പാട്ടവ്യവസ്ഥ ലംഘിക്കുന്നു. പാട്ട ഭൂമി കൃത്രിമരേഖകള്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്നു! പണയപ്പെടുത്തുന്നു. നെല്ലിയാമ്പതി സംബന്ധിച്ച് യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ടല്ലോ. ഹാരിസണിന്റെ പ്ലാന്റേഷന്‍സിന്റെ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിനു വിറ്റത് വലിയ വിവാദമായിരുന്നു. പാട്ടവ്യവസ്ഥകള്‍ എസ്റ്റേറ്റുടമകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും വിവാദമായിത്തീര്‍ന്നത് കേരളത്തിലെ ഏറ്റവും വലിയ രണ്ട് എസ്റ്റേറ്റ് ഉടമകളുടെ ഭൂതിരിമറിയാണ്. ടാറ്റ അനധികൃതമായി വലിയൊരു വനമേഖല കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിയമസഭാ സമിതിയടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇത്തരം വനഭൂമി തങ്ങളുടെ കൈവശമില്ല എന്ന നിലപാടാണ് ടാറ്റയുടേത്.

കൃത്യമായി അളന്നാലേ പൂര്‍ണമായി തെളിവുകള്‍ ഉണ്ടാകൂ. എന്നാല്‍ ഇത്രപോലും തര്‍ക്കത്തിനിടയില്ലാത്ത ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയുടെ കാര്യത്തില്‍പ്പോലും നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ കൈവശമുളള 54,943 ഏക്കര്‍ മൂന്ന് ആധാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉളളത്. ഇതില്‍ 25,630 ഏക്കര്‍ വരുന്ന ഒരു ആധാരം വ്യാജമാണ് എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. സബ്രജിസ്ട്രാര്‍ ഓഫീസിലുളള ആധാരം മലയാളത്തിലാണ്. എന്നാല്‍ ഹാരിസണ് അനുകൂലമായ തിരുത്തലുകള്‍ വരുത്തിയ ഇംഗ്ലീഷ് തര്‍ജമയാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ കളളത്തരത്തിന് കൂട്ടുനിന്ന നോട്ടറി ഇന്ന് ജഡ്ജിയും കൂടിയാണ് എന്നറിയുക. വയനാട്ട് ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചുണ്ടേലിയാണ് മറ്റൊരു കേന്ദ്രം. എന്താണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്? ഒന്ന്, സ്വകാര്യവനഭൂമി കേസുകള്‍ പലതും സര്‍ക്കാര്‍ തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ കശുമാവ് തോട്ടവിളയായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വനഭൂമിയില്‍ കശുമാവ് തൈകള്‍ വച്ചുകൊണ്ട് കയ്യേറ്റങ്ങളെ സാധൂകരിക്കുന്നു. കശുമാവ് കൃഷിയെന്നുപറഞ്ഞ് ബാക്കിയുള്ള മിച്ചഭൂമി തിരിമറി ചെയ്യും. ടാറ്റയും ഹാരിസണും പോലുള്ള എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഔപചാരികമായിത്തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ട്, എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസ്സാക്കിയ നെല്‍വയല്‍ നികത്തല്‍ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഡേറ്റാ ബാങ്ക് സൃഷ്ടിച്ച് 2008-ല്‍ ഓരോ തുണ്ട് ഭൂമിയും ഏത് ഇനത്തില്‍പെടുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പുതന്നെ നികത്തിയ ഭൂമികള്‍ കരഭൂമിയായി റെഗുലറൈസ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറക്കിയിരിക്കുന്ന ഡേറ്റാ ബാങ്ക് രജിസ്റ്റര്‍ ആകട്ടെ അബദ്ധപഞ്ചാംഗവും.

കേരളത്തില്‍ സാര്‍വത്രികമായി നെല്‍വയല്‍ നികത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന്, തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. അതുകൊണ്ട് ഫലത്തില്‍ തോട്ടം മുഴുവന്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാവും. നാല്, കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഭൂമിയെയാണ് ആകര്‍ഷണ ഘടകമായി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തുകാണിക്കുന്നത്. എമര്‍ജിങ് കേരളയിലെ ഏതൊരു പ്രോജക്ടിന്റെയും ബിസിനസ്സ് മോഡല്‍ എടുത്താല്‍ അതിലൊരു റിയല്‍ എസ്റ്റേറ്റ് ആംഗിള്‍ കാണാനാകും.

പതിമൂവായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും മൂവായിരത്തോളം ഏക്കര്‍ ഭൂമി നെല്‍വയലുകള്‍ നികത്തുന്നതിനുമുളള അനുമതിയാണ് വ്യവസായവകുപ്പ് ഇപ്പോള്‍ ചോദിച്ചിട്ടുളളത്. ഇതോടെ ഭൂമാഫിയ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത പതിന്മടങ്ങു ശക്തിപ്പെട്ടിരിക്കുകയാണ്. അഞ്ച്, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് ഭേദഗതിയ്ക്കുളള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മുന്നിലാണ് എന്നാണ് അറിയുന്നത്. അതുപ്രകാരം നെല്‍വയലോ തണ്ണീര്‍ത്തടമോ നികത്തുന്നതിന് പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുവാദം ആവശ്യമില്ലെന്നും പൊതു ആവശ്യത്തിന് സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ അനുവാദം മതിയാകും എന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, വ്യവസായമേഖലയായി പ്രഖ്യാപിക്കപ്പെട്ടാല്‍ അവിടെ നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെതിരായ നിയമം ബാധകമായിരിക്കുകയില്ലെന്നും വ്യക്തമാക്കപ്പെട്ടു.

ഇതിനൊക്കെ തൊടുന്യായമായി യുഡിഎഫ് പറയുന്നത് ഇപ്പോള്‍ ആവശ്യപ്പെടുന്നതു പ്രകാരമുളള കര്‍ശന നടപടികള്‍ എല്‍ഡിഎഫ് ഭരണത്തില്‍ എന്തുകൊണ്ട് എടുത്തില്ല എന്നാണ്. കണ്ണന്‍ദേവന്‍ കമ്പനിയുടെ മിച്ചഭൂമി ഏറ്റെടുക്കുന്നതിനുളള വളരെ ശക്തമായ നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. പൂര്‍ണഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രം. ഹാരിസണിന്റെ കളളത്തരങ്ങള്‍ക്കു തെളിവു നല്‍കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ലാന്‍ഡ് ബാങ്കിനു രൂപം നല്‍കുകയും കൃത്യമായ രേഖകള്‍ ഉണ്ടാക്കി പൊതുഭൂമി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. എസ്റ്റേറ്റ് തിരിമറി ചെയ്യുന്നതിന് യുഡിഎഫ് കൊണ്ടുവന്ന നിയമത്തിന് അംഗീകാരം നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഔപചാരികമായി നിയമസഭയുടെ തീരുമാനപ്രകാരം പിന്‍വലിച്ചില്ല എന്ന പഴുതുപയോഗിച്ചാണ് ഏഴുവര്‍ഷം മുമ്പ് തങ്ങള്‍ പാസാക്കിയ നിയമം ഇപ്പോള്‍ വീണ്ടും കൊണ്ടുവരുന്നത്.

ഒന്നാം മിച്ചഭൂമി സമര കാലത്തും അതിനെത്തുടര്‍ന്നുളള രണ്ടുദശകങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭൂവിനിയോഗത്തെ നിയന്ത്രിക്കുന്നതിനും കാണിച്ച ജാഗ്രതയില്‍ ശോഷണം വന്നു എന്നത് വാസ്തവമാണ്. എന്നാല്‍ എസ്റ്റേറ്റുകള്‍ തിരിമറി ചെയ്യുന്നതിനും ഭൂപരിധി നിയമം ലംഘിക്കുന്നതിനുമുളള ഭൂമാഫിയയുടെ കടന്നുവരവും വ്യാപകമായ വയലുനികത്തലും പുതിയൊരു അവബോധവും വാശിയും ഇന്ന് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുകയാണ്. വലിയ തോതില്‍ ജനങ്ങളെ അണിനിരത്തി മാത്രമേ ഭൂവിനിയോഗ നിയമം നടപ്പിലാക്കാന്‍ കഴിയൂ. ഭൂമിയുടെ കേന്ദ്രീകരണം തടയാനാവൂ. ഭൂപരിധിയില്‍ നിന്ന് ലഭിച്ച ഇളവു ദുരുപയോഗപ്പെടുത്തി കൊളളലാഭമടിക്കാനുളള നീക്കങ്ങള്‍ക്ക് തടയിടാനാവൂ. കൃഷിയെ സംരക്ഷിക്കാനാവൂ. എല്ലാത്തിനുമുപരി ഇന്നും ഭൂരഹിതരായിരിക്കുന്ന ദളിത് - ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനാവൂ. ഇനിയും അവശേഷിക്കുന്ന ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനു വേണ്ടിയുളള സാമൂഹ്യദൗത്യമാണ് മുന്‍കാലത്ത് ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ചവരടക്കം കേരളത്തിലെ ജനങ്ങള്‍ ഭൂസമരത്തിലൂടെ ഏറ്റെടുത്തിട്ടുളളത്.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

Friday, November 16, 2012

ഭൂസമരം അതിജീവനത്തിനായി

ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നതിനെതിരെ 2013 ജനുവരി ഒന്നുമുതല്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ആദിവാസി- പട്ടികജാതി ജനവിഭാഗങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന ഒരു ലക്ഷത്തിലേറെ വളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭൂപരിഷ്കരണം അട്ടിമറിച്ച് അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അത്തരം ഭൂമിയില്‍ ഭൂരഹിതരെ അണിനിരത്തി കുടില്‍കെട്ടി താമസിച്ചുള്ള സമരം തുടങ്ങി വിവിധ രൂപത്തിലുള്ള പ്രക്ഷോഭ പരിപാടികളാണ് സമരസമിതി പ്രഖ്യാപിച്ചിട്ടുള്ളത്. 1970കള്‍ക്ക് ശേഷം കേരളത്തിലെ കാര്‍ഷികമേഖലയില്‍ നടക്കുന്ന ഏറ്റവും ശക്തമായ ഭൂസമരമായിരിക്കും ഇത്.

1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാരാണ് എല്ലാവിധ കുടിയൊഴിപ്പിക്കലും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതിലൂടെ കുടിയാന്മാര്‍ക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിനും കുടികിടപ്പുകാര്‍ക്ക് കുടികിടപ്പവകാശം ലഭ്യമാകുന്നതിനും പട്ടികജാതി ജനവിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും ഭൂമിയുടെ ഉടമാവകാശം ലഭിക്കുന്നതിനുമുള്ള നിയമ നടപടികള്‍ക്ക് തുടക്കംകുറിച്ചു. 1959ല്‍ കേരളഭൂപരിഷ്കരണ ബില്‍ നിയമസഭ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ ബില്ലിന് അംഗീകാരം കൊടുക്കാതെ തിരിച്ചയക്കുകയും 1959 ജൂലൈ 31ന് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടുകയുമാണ് ചെയ്തത്. തുടര്‍ന്ന് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഭൂപരിഷ്കരണ നിയമത്തെ വികലമാക്കിയുള്ള ബില്ലവതരിപ്പിച്ച് പാസാക്കുകയും മിച്ചഭൂമി തിരിമറി നടത്തുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്തു. 1957ലും 60നുമിടയില്‍ നടന്ന 10 ലക്ഷം കൈമാറ്റങ്ങളടക്കം ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ നടത്തിയിട്ടുള്ള നടപടികള്‍ക്കെല്ലാം നിയമപ്രാബല്യം നല്‍കുകയാണ് ആര്‍ ശങ്കര്‍ മന്ത്രിസഭ ചെയ്തത്. ഇഷ്ടദാന വ്യവസ്ഥ ഉപയോഗിച്ച് ഭൂമി തിരിമറിചെയ്യുന്നതിന് അന്നത്തെ സര്‍ക്കാര്‍ കൂട്ടുനിന്നു. പിന്നീട് വന്ന ഇ എം എസ് സര്‍ക്കാരാണ് ഇതിന് മാറ്റം വരുത്തിയത്.

1967ലെ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമഭേദഗതി വഴി 28 ലക്ഷം കുടിയാന്മര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശവും 5.3 ലക്ഷം പേര്‍ക്ക് കുടികിടപ്പവകാശവും ലഭിച്ചു. 2,99,569 കുടുംബത്തിന് ഭൂമിയുടെ പട്ടയം സ്വന്തമായി. ഇതില്‍ 58,923 കുടുംബം പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായിരുന്നു. ഭൂപരിഷ്കരണ നടപടിയുടെ ഭാഗമായി ജന്മിത്വഭൂപ്രഭുത്വം ഇല്ലാതാക്കി. കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തെ ഗണ്യമായി ഉയര്‍ത്തുന്നതിനും ജാതിമേധാവിത്വത്തിന്റെ അടിത്തറ ഇളക്കുന്നതിനും ഇത് സഹായകമായി. സാമൂഹ്യമായ ഉച്ചനീചത്വം ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഭൂപരിഷ്കരണ നിയമഭേദഗതി നിമിത്തമായി. ഇതിന് നേതൃത്വം നല്‍കിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച് 1969ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമത്തില്‍ പ്രതിലോമകരങ്ങളായ നിരവധി ഭേദഗതികള്‍ വരുത്തി. 1980ല്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ മിച്ചഭൂമി തിരിമറി നടത്തുന്നതിനും കാര്‍ഷിക ഭൂപരിഷ്കരണ നടപടികളെ തകര്‍ക്കുന്നതിനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

ഭൂപരിഷ്കരണ നിയമംവഴി ഇ എം എസ് സര്‍ക്കാര്‍ ലക്ഷ്യമിട്ടകാര്യങ്ങള്‍ പൂര്‍ണതയിലെത്താതെ പോയതിനുകാരണം ഇടയ്ക്കിടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വഴിവിട്ട ഇടപെടലുകളായിരുന്നു. 1959ല്‍ 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഉണ്ട് എന്ന് കണക്കാക്കിയ സ്ഥാനത്ത് ഒന്നര ലക്ഷത്തോളം ഏക്കര്‍ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ സാധിച്ചത്. അവശേഷിക്കുന്ന ഭൂമിയെല്ലാം തിരിമറി നടത്താനും കോടതിയില്‍ കേസുകളിലൂടെ ചോദ്യംചെയ്യാനുമുള്ള അവസരമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സൃഷ്ടിച്ചത്. 57ന് ശേഷമുള്ള 55 വര്‍ഷത്തിനിടയില്‍ 20 വര്‍ഷം മാത്രമാണ് ഇടതു സര്‍ക്കാരുകള്‍ കേരളം ഭരിച്ചത്. 35 വര്‍ഷം ഭരണം നടത്തിയ വലതുപക്ഷ സര്‍ക്കാരിന്റെ ബോധപൂര്‍വമായ ഇടപെടലുകളാണ് ഭൂപരിഷ്കരണംവഴി ലഭ്യമാകേണ്ട നേട്ടങ്ങള്‍ പട്ടികജാതി- വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് നഷ്ടമാക്കിയത്.

മുന്നോക്ക, പിന്നോക്ക ജനവിഭാഗത്തില്‍പ്പെട്ടവരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുമായ മൂന്നു ലക്ഷത്തോളം കുടുംബം ഇപ്പോഴും ഒരുതുണ്ട് ഭൂമിപോലും കൈവശമില്ലാത്തവരാണ്. ഇവര്‍ക്കെല്ലാം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് 2006-11ലെ വി എസ് സര്‍ക്കാര്‍ തുടക്കംകുറിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി 25,500 ആദിവാസി കുടുംബത്തിന് 30,000 ഏക്കര്‍ഭൂമി വിതരണംചെയ്തു. അവശേഷിക്കുന്ന ഭൂമിയില്ലാത്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനായി പൊന്നിന്‍ വിലയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ അനുവദിച്ചു. കേന്ദ്ര വനാവകാശ നിയമപ്രകാരം 6800 കുടുംബത്തിന് ഭൂമി നല്‍കി. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രികയില്‍, ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഭൂമിയും വീടും വെള്ളവും വെളിച്ചവും റോഡ് സൗകര്യവും എല്ലാവര്‍ക്കും ലഭ്യമാക്കത്തക്ക വിധത്തിലുള്ള പദ്ധതിയാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. എന്നാല്‍, അധികാരത്തില്‍വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് വേണ്ടി സംസാരിക്കുകയും ഭൂമിവാങ്ങി കൂട്ടുന്നവരെ സഹായിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ ഭൂവ്യവസ്ഥയില്‍ മുതലാളിത്ത കേന്ദ്രീകരണം നടത്താനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. ധനമൂലധന ശക്തികള്‍ കേരളത്തിലെ ഭൂമി കൈവശമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതുവഴി നാട്ടിന്‍പുറങ്ങളിലെ വര്‍ഗബന്ധങ്ങളില്‍ത്തന്നെ മാറ്റങ്ങള്‍ വരും. ജന്മിത്വ ഭൂപ്രഭുത്വത്തിനു പകരം മുതലാളിത്ത ഭൂപ്രഭുത്വം സ്ഥാപിക്കപ്പെടും.

ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശംവയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍, പലരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഇങ്ങനെയുള്ള അനധികൃത ഭൂമി കണ്ടെത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്നവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. അനധികൃതമായി കൈവശംവയ്ക്കുന്ന തോട്ടഭൂമികളും പിടിച്ചെടുക്കണം. പാട്ടത്തിനെടുത്ത ഭൂമിയില്‍ തോട്ടക്കൃഷി ചെയ്യാതെ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കണ്ടെത്തണം. അവ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ കേരളത്തില്‍ ഭൂരഹിതരായിട്ടുള്ള എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സാധിക്കും. രണ്ടും മൂന്നും സെന്റിലായി കോളനികളില്‍ തളച്ചിടപ്പെട്ട കുടുംബങ്ങള്‍ക്ക് സൈ്വര്യമായി താമസിക്കാനുള്ള സ്ഥലവും വീടും നല്‍കാന്‍ കഴിയും. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം ഭൂപരിഷ്കരണനിയമത്തില്‍ ഭേദഗതി വരുത്തി തോട്ടംഭൂമിയില്‍ അഞ്ചുശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ് റിയല്‍ എസ്റ്റേറ്റുകാരുടെ കൈവശം എത്താന്‍ പോകുന്നത്. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശംവയ്ക്കുന്നവര്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് ലഭിക്കുന്നതിന് കാഷ്യു എസ്റ്റേറ്റുകള്‍ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കി നിയമഭേദഗതി ചെയ്തു. ഇതിന്റെ ഫലമായി ഒരു ഹെക്ടര്‍ ഭൂമിയില്‍ 150 കശുമാവിന്‍ തൈ വച്ചുപിടിപ്പിച്ച് ഭൂപരിധി നിയമത്തെ മറികടക്കാന്‍ ഭൂഉടമകള്‍ക്ക് സാധിക്കും. ഈ നിയമ ഭേദഗതി റദ്ദാക്കാനാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയായി ഇടപെടുന്നത്. എന്നാല്‍, പ്രഖ്യാപിത നടപടികളുമായി മുന്നോട്ടുപോകുമെന്ന ധിക്കാരപരമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ആ നിയമത്തിനു വിരുദ്ധമായി 2005ന് മുമ്പ് വയല്‍ നികത്തി കരഭൂമിയാക്കിയതിനെല്ലാം അംഗീകാരം നല്‍കി യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ ഏകദേശം 50,000 ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റുകാരുടെ കൈവശം എത്തും. അവശേഷിക്കുന്ന നെല്‍വയലുകള്‍ ഇതിന്റെ മറവില്‍ വ്യാപകമായി നികത്തുക എന്നതാണ് ഭൂമാഫിയയുടെ ലക്ഷ്യം.

വയലുകള്‍ നികത്തുന്നതും കുന്നുകളും മലകളും ഇടിച്ചുനിരത്തുന്നതും തോട്ടംഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിയുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥ ലംഘിച്ചതുമായ തോട്ടങ്ങള്‍ നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കോടതിയിലുള്ള കേസുകളെല്ലാം ഉടമകള്‍ക്കുവേണ്ടി തോറ്റുകൊടുക്കുന്നു. ഇത്തരത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടിക്രമങ്ങളും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വന്തമായ ആവാസകേന്ദ്രങ്ങളില്ലാത്ത സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കും. നിര്‍ദിഷ്ട ഭൂവിനിയോഗ ഭേദഗതി ബില്‍ നിയമമാക്കിയാല്‍ ഏത് കൃഷിഭൂമിയും വ്യവസായ-ടൂറിസം ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിന് ഏറ്റെടുത്ത് വ്യവസായ സംരംഭകര്‍ക്ക് ഏല്‍പ്പിക്കാന്‍ കഴിയും. ഈ പശ്ചാത്തലത്തിലാണ് ഭൂപരിഷ്കരണത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും സംഘടിതമായ ജനകീയ സമരം കേരളത്തില്‍ ആരംഭിക്കുന്നത്.

ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗകുടുംബത്തിന് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കുക, കെട്ടിക്കിടക്കുന്ന മിച്ചഭൂമിക്കേസ് തീര്‍ക്കാന്‍ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുക, പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കുക, എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശംവച്ച ഭൂമിയും കൃഷിചെയ്യാതെ കൈവശംവച്ച തോട്ടഭൂമിയും ഏറ്റെടുക്കുക, നാമമാത്രഭൂമിയില്‍ കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കുക, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുക, വയല്‍നികത്തല്‍ തടയുക, നെല്ലിന് താങ്ങുവിലയും കൃഷിക്ക് സബ്സിഡിയും ഉറപ്പാക്കുക, ഭൂമി തരിശ്ശിടാതിരിക്കുക, പരിസ്ഥിതിയെ ഹനിക്കുംവിധം ഭൂഘടന മാറ്റാതിരിക്കുക, കശുവണ്ടിത്തോട്ടങ്ങളെ പ്ലാന്റേഷന്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭൂപരിഷ്കരണ നിയമഭേദഗതി റദ്ദാക്കുക, ബിനാമിപ്പേരില്‍ റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരും കോര്‍പറേറ്റുകളും വാങ്ങിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂപ്രക്ഷോഭത്തിലൂടെ ഉന്നയിക്കുന്നത്. ഈ പ്രക്ഷോഭം ആധുനിക കേരളത്തില്‍ നടക്കുന്ന ഒരു വര്‍ഗസമരമാണ്. പരിസ്ഥിതി സംരക്ഷണവും ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ഒരു പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവും ഭൂപ്രക്ഷോഭത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കും. ഭൂസമരത്തിന്റെ പ്രചാരണാര്‍ഥം ഡിസംബര്‍ 10ന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന പ്രചാരണ ജാഥയിലൂടെയും ഇതിന്റെ ഭാഗമായി വില്ലേജ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രകള്‍ വഴിയും കേരളത്തിലെ ജനങ്ങളിലാകെ സമരസന്ദേശം എത്തിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്. ഈ സമരം അതിജീവനത്തിനായുള്ള സമരമാണ്. ഭാവിതലമുറയെ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതിനെതിരായ ഈ ഭൂസമരം ഐതിഹാസിക വിജയമാക്കാന്‍ മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്ന എല്ലാവരും അണിചേരേണ്ടതുണ്ട്.

*****

കോടിയേരി ബാലകൃഷ്ണന്‍

Sunday, November 11, 2012

ഹാരിസണ്‍ മലയാളം കൈവശം വെയ്ക്കുന്ന അനധികൃത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം

2002 മുതല്‍ വയനാട് ജില്ല ശക്തമായ ഭൂസമരത്തിന്റെ കേന്ദ്രമാണ്. ഭൂരഹിതരായ ആദിവാസികള്‍ നിക്ഷിപ്ത വനഭൂമിയില്‍ പ്രവേശിച്ച് തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ കുടില്‍ കെട്ടി താമസിച്ചു. 1476 ആദിവാസികളെ ആന്റണി സര്‍ക്കാര്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഗര്‍ഭിണിയായ ശാന്ത ജയിലില്‍ കിടന്നു പ്രസവിച്ചു.നവജാത ശിശു മരിച്ചു. പിന്നീട് ശാന്തയും മരിച്ചു. 2006 ല്‍ അധികാരത്തില്‍ വന്ന വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 5000 ല്‍ പരം കുടുംബങ്ങള്‍ക്ക് ഭൂമിനല്‍കി. 2008 ഫെബ്രവരി 6 ന് ആദിവാസികള്‍ക്ക നല്‍കേണ്ട ഭൂമി കൈവശം വെച്ച എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ യുടെ കൈവശമുള്ള റവന്യൂഭൂമി, അനധികൃതമായി രേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തിയ അഡ്വ: ജോര്‍ജ് പോത്തന്റെ ഭൂമി, എച്ച്.എം.എല്‍ ഭൂമി എന്നിവിടങ്ങളില്‍ ആദിവാസികള്‍ സമരരംഗത്തെത്തി. ഹൈക്കോടതി ഇടപെട്ടതിനാല്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് കേസുകള്‍ പരിഗണനയിലാണ്. 2012 മെയ് 7 ന് നിക്ഷിപ്ത വനഭൂമിയില്‍ പ്രവേശിച്ച് ആദിവാസികള്‍ വീണ്ടും ഭൂസമരം ആരംഭിച്ചു. ആദിവാസി ക്ഷേമ സമിതി ആരംഭിച്ച ഭൂസമരത്തില്‍ ജില്ലയിലെ മുഴുവന്‍ ആദിവാസി സംഘടനകളും യോജിച്ചു. 1159 ആദിവാസികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 530 ആദിവാസികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ടനിരാഹാര സമരം നടത്തി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിച്ച് ആദിവാസികളെ ജയിലില്‍ നിന്ന് വിട്ടയച്ചു. 30 കേന്ദ്രങ്ങളില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം ഇപ്പോഴും തുടരുന്നു.

2012 ഒക്ടോബര്‍ 6 ന് പാലക്കാട് ചേര്‍ന്ന ഭൂപരിഷ്കരണ സംരക്ഷണ കണ്‍വെന്‍ഷന്‍ വയനാട്ടിലെ ഭൂസമരത്തിന് കൂടുതല്‍ ദിശാബോധവും കരുത്തും പകര്‍ന്നു നല്‍കും. കര്‍ഷക സംഘം,കര്‍ഷക തൊഴിലാളി യൂണിയന്‍,ആദിവാസി ക്ഷേമ സമിതി,കോളനി അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി ജനുവരി ഒന്നുമുതല്‍ ഭൂസമരം ആരംഭിക്കുകയാണ്.വയനാട്ടില്‍ ഭൂപ്രമാണിമാര്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. മിക്ക തോട്ടത്തിലും രേഖയില്‍ പറഞ്ഞതിനേക്കാള്‍ അധികഭൂമി അനധികൃതമായി കൈവശം ഉണ്ട്. ഈ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. ഭൂപരിഷ്കരണ നിയമത്തില്‍ ഭൂപരിധിയില്‍ നിന്ന് പ്ലാന്റേഷന്‍ ഒഴിവാക്കിയിരുന്നു. ഇങ്ങനെയുള്ള ഭൂമിയില്‍ പലതിലും ഇപ്പോള്‍ തോട്ടം നിലവിലില്ല. തോട്ടം നടത്താന്‍ ഭൂമി ഇനം മാറ്റി ഉപയോഗിക്കുകയാണ്. ഇത്തരം ഭൂമിയാകെ ഏറ്റെടുക്കേണ്ടതുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമികള്‍ ഉണ്ട്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതും ശരിയായ രേഖകള്‍ ഇല്ലാത്തതുമാണ്. ഇത് സംബന്ധിച്ച് നിരവധി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഭൂമി പൂര്‍ണമായി ഏറ്റെടുക്കേണ്ടതുണ്ട്.

തോട്ടം തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കോ, കേരള പ്ലാന്റേഷന്‍ കോര്‍പറേഷനോ ഭൂമി കൈമാറി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാവുന്നതാണ്. അതോടൊപ്പം ഭൂരഹിത തോട്ടം തൊഴിലാളികള്‍ - കര്‍ഷക തൊഴിലാളികള്‍,പട്ടികജാതി-പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍,ഭൂമി വര്‍ഷങ്ങളായി കൈവശമുള്ള ഈ മേഖലയിലെ ചെറുകിട കര്‍ഷകര്‍ എന്നിവര്‍ക്ക് ഭൂമി നല്‍കാവുന്നതാണ്. 2013 ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന ഭൂപ്രക്ഷോഭം ഈ ആവശ്യങ്ങള്‍നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശമുള്ള ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിവശം വയനാട്ടില്‍ മാത്രം 26,000 ഏക്കര്‍ ഭൂമിയും സംസ്ഥാനത്താകെ 76,659 ഏക്കര്‍ ഭൂമിയും ഉണ്ടെന്നാണ് മുന്‍ ഹൈക്കോടതി ജഡ്ജി എന്‍ മനോഹരന്‍ അധ്യക്ഷനായ ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. രേഖകളില്ലാത്തതും നികുതി അടയ്ക്കാത്തതും പാട്ടക്കാലാവധി കഴിഞ്ഞതും നിയമപരമായി കൈവശം വെയ്ക്കാന്‍ സാധുതയില്ലാത്തതുമാണ് ഈ ഭൂമി. കേരള ഭൂസംരക്ഷണ നിയമപ്രകാരം ഈ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാണ് ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമോപദേശം നല്‍കിയ ജസ്റ്റിസ് മനോഹരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. സംസ്ഥാനത്താകെ 8 ജില്ലകളിലായി 59623.50 ഏക്കര്‍ ഭൂമി തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഹാരിസണ്‍ കമ്പനി അവകാശപ്പെടുന്നത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരമാകട്ടെ കമ്പനി അവകാശപ്പെടുന്നതിനേക്കാള്‍ 17146.30 ഏക്കര്‍ അധികഭൂമി കൈവശമുണ്ടുതാനും.

1922 ല്‍ ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍ കമ്പനി കൈവശമുണ്ടായിരുന്ന ഭൂമിയാണ് നിലവില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി കൈവശം വയ്ക്കുന്നത്. 1978 ല്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ)ലിമിറ്റഡ് കമ്പനിയും 1977 ല്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഹാരിസണ്‍സ് ക്രോസ് ഫീല്‍ഡ് (ഇന്ത്യാ)ലിമിറ്റഡ് കമ്പനിയും തമ്മില്‍ 1983 ല്‍ അമാല്‍ഗമേറ്റ് ചെയ്ത് രൂപീകരിച്ചതാണ് നിലവിലുള്ള ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി.

ലണ്ടന്‍ കമ്പനി വശമുണ്ടായിരുന്ന ഭൂമി നിയമപരമായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനിയോ അതിനു മുമ്പുണ്ടായിരുന്ന കമ്പനികളോ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയിട്ടില്ലെന്ന് ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ എച്ച്.എം.എല്‍ കമ്പനിക്ക് തങ്ങളുടെ കൈവശമുള്ള ഭൂമിക്ക് കൈവശാവകാശമല്ലാതെ നിയമപരമായ ഉടമസ്ഥത അവകാശപ്പെടാനാകില്ല. പ്രസ്തുത ഭൂമിക്ക് എച്ച്.എം.എല്‍ കമ്പനി പാട്ടമോ നികുതിയോ അടയ്ക്കുന്നില്ല. പാട്ടമോ നികുതിയോ അടയ്ക്കാതെയും നിയമാനുസൃതമല്ലാതെയും കൈവശം വെക്കുന്നതും ഉടമസ്ഥാവകാശം ഇല്ലാത്തതുമായ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാതിരിക്കാന്‍ എച്ച്.എം.എല്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സര്‍ക്കാരിന് അധികാരവും ഉത്തരവാദിത്വവും ഉണ്ട് എന്നാണ് ജസ്റ്റിസ് എന്‍ മനോഹരന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എച്ച്.എം.എല്‍ വശമുള്ള ഭൂമി ലണ്ടന്‍ കമ്പനിക്ക് മുന്‍കാല ജന്മിമാരില്‍ നിന്നും ദീര്‍ഘകാല പാട്ടഭൂമിയായി ലഭിച്ചതാണ്.

1963 ലെ ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 72 പ്രകാരം ഭൂമിയുടെ ജന്മാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. പാട്ടമായി ലഭിച്ച ഭൂമി മറു പാട്ടം നല്‍കുന്നതും വില്‍പ്പന നടത്തി കൈമാറുന്നതും നിയമ വിരുദ്ധമാണ്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ 12,658.16 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി പലര്‍ക്കായി വില്‍പ്പന നടത്തിയതായി ഹൈലെവല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1957 ലെ കേരള ഭൂസംരക്ഷണ നിയമം സെക്ഷന്‍ 11,12 പ്രകാരം നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കൈവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത് എച്ച്.എം.എല്‍ കമ്പനി വശമുള്ള ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണ് എന്ന് ജസ്റ്റിസ് മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ പതിനായിരക്കണക്കിന് ഏക്കര്‍ ഭുമി എച്ച്.എം.എല്‍ നിയമ വിരുദ്ധമായി കൈവശം വെയ്ക്കുന്നുണ്ട്.

ഹാരിസണ്‍ മലയാളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് 7400 ഹെക്ടര്‍ റബ്ബര്‍, 6000 ഹെക്ടര്‍ തേയില, 1000 ഹെക്ടര്‍ പൈനാപ്പിള്‍ എന്നിങ്ങനെ ഏതാണ്ട് 14000 ഹെക്ടര്‍ ഭൂമിയിലാണ് തോട്ടകൃഷി ഉള്ളതായി പറയുന്നത്. ഇതില്‍ പൈനാപ്പിള്‍ തോട്ടവിളയായി പരിഗണിക്കുകയില്ല. 13000 ഹെക്ടര്‍ തോട്ടവിളയായി കണക്കാക്കിയാല്‍ 31200 ഏക്കര്‍ ഭൂമി തോട്ടമാണെന്ന് കാണാം. സര്‍ക്കാര്‍ കണക്കു പ്രകാരം കമ്പനി വശമുള്ള 76769.80 ഏക്കറില്‍ നിന്ന് തോട്ടവിളകൃഷിയുള്ളതായി കമ്പനി അവകാശപ്പെടുന്ന 31200 ഏക്കര്‍ കുറച്ചാല്‍ 45569.80 ഏക്കര്‍ തോട്ടവിളയില്ലാത്ത ഭൂമി കമ്പനി വശമുണ്ട്.പ്രസ്തുത ഭൂമിയില്‍ ഇന്ധനാവശ്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി തോട്ടവിളഭൂമിയുടെ 10 % ഭൂമി കൂടി അനുവദിച്ചാല്‍ ശേഷിക്കുന്ന 42500 ഏക്കര്‍ ഭൂമിയും ഹാരിസണ്‍ കമ്പനി വശം തരിശായിക്കിടക്കുകയാണ്. ഈ ഭൂമി സര്‍ക്കാരിന് നിയമനിര്‍മാണത്തിലൂടെ തിരിച്ചെടുക്കാവുന്നതാണ്. ഭൂപരിഷ്കരണ സംരക്ഷണത്തിനുവേണ്ടി നടക്കുന്ന ഉജ്ജ്വലമായ ജനകീയപ്രക്ഷോഭത്തിലൂടെ തീര്‍ച്ചയായും ഈ ലക്ഷ്യം കൈവരിക്കാന്‍ പ്രചോദനമാകും.


*****

സി.കെ ശശീന്ദ്രന്‍

Sunday, June 26, 2011

കാര്‍ഷിക മേഖലയിലെ സമകാലിക പ്രശ്നങ്ങള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ചതും കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ ശക്തിപ്രാപിച്ചതും ചില സ്ഥലങ്ങളില്‍ വലിയ പ്രക്ഷോഭങ്ങളായി കലാശിച്ചതുമായ കൃഷിക്കാരുടെയും ഗ്രാമീണരുടെയും നീണ്ട സമര പരമ്പരകളുടെ - കൃഷി ഭൂമി കൃഷിക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരായി നടത്തപ്പെടുന്ന സമരങ്ങളുടെ - ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഉത്തര്‍പ്രദേശിലെ കൃഷിക്കാരുടെ ഈയിടത്തെ പ്രക്ഷോഭം. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്; അവയ്ക്ക് വളരെയേറെ മാനങ്ങളുമുണ്ട്. അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനായി എല്ലാ തലങ്ങളിലുള്ള വിശകലനങ്ങളും ആവശ്യമാണ്. വികസന പദ്ധതികള്‍ക്കുവേണ്ടി സ്വാതന്ത്ര്യം ലഭിച്ച ആദ്യകാലത്ത് ഇങ്ങനെ കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ വലിയ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ , ഇപ്പോള്‍ ഇത്ര വലിയ എതിര്‍പ്പുണ്ടാകുന്നതെന്തുകൊണ്ടാണ്? ഇങ്ങനെ ഏറ്റെടുക്കപ്പെടുന്ന ഭൂമി എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയാണോ ഉപയോഗിക്കപ്പെടുന്നത് എന്നതിനെ ആസ്പദിച്ചാണോ എതിര്‍പ്പ് ഉയര്‍ന്നുവരുന്നത്? കാര്‍ഷിക ഉല്‍പാദനത്തില്‍ അതുണ്ടാക്കുന്ന ആഘാതം എന്താണ്? കൃഷിഭൂമി നഷ്ടപ്പെട്ട കൃഷിക്കാരും തൊഴിലാളികളും പിന്നീട് എങ്ങനെയാണ് ജീവിക്കുന്നത്? ഇന്നത്തെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ അവയുടെ വ്യവസായവല്‍ക്കരണത്തിനുമുമ്പ് കൃഷിക്കാര്‍ വമ്പിച്ച തോതില്‍ കുടിയിറക്കപ്പെടുകയുണ്ടായി. ചരിത്രപരമായ ഈ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്, വികസനത്തിന് അനിവാര്യമായി കൊടുക്കേണ്ടിവരുന്ന വിലയാണ് ഇങ്ങനെയുള്ള കുടിയൊഴിപ്പിയ്ക്കല്‍ എന്ന് പലരും വാദിക്കുന്നത് ശരിയാണോ? അതോ അത്തരം ഉപരിതല സ്പര്‍ശിയായ സമാനതകള്‍ ഇല്ലാത്ത വിധത്തില്‍ ഇന്ത്യയിലെ പരിതഃസ്ഥിതി അത്രമാത്രം വ്യത്യസ്തമാണോ?

കൂടുതല്‍ വലിയ ഒരു പ്രശ്നത്തില്‍നിന്ന് നമുക്ക് ആരംഭിയ്ക്കാം. അതൊരു സവിശേഷമായ കാഴ്ചപ്പാടാണ്. ചരിത്രപരമായിപ്പറഞ്ഞാല്‍ മുതലാളിത്ത വ്യവസായവല്‍ക്കരണംകൊണ്ട് ഉദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്, ജനസംഖ്യയിലെ കൃഷിക്കാരുടെയും ഗ്രാമീണതൊഴിലാളികളുടെയും അനുപാതം കുറയ്ക്കുക എന്നതാണ്; ഈ പ്രക്രിയയില്‍ എല്ലായ്പ്പോഴും ബലം പ്രയോഗിച്ചുള്ള ഒഴിപ്പിയ്ക്കലും ഉള്‍പ്പെടുന്നുണ്ട്; ഈ പ്രക്രിയ "ആദിമ മൂലധനസഞ്ചയ"മാണ്; ഇത് വിപണിയിലെ സാധാരണ പ്രക്രിയകളിലൂടെയുള്ള ഒഴിപ്പിയ്ക്കലിന്, അഥവാ "ആദേശത്തി"ന് പുറമെയാണ് - ഇതാണ് അവരുടെ വാദം. അവരുടെ വാദം ഇങ്ങനെ തുടര്‍ന്നുപോകുന്നു - ഇങ്ങനെയുള്ള ഒഴിപ്പിയ്ക്കലും "ആദേശ"വും മൂലം തല്‍ക്കാലം ദുരിതമുണ്ടാകുന്നുണ്ടെങ്കിലും അതുവഴി ഉണ്ടാക്കപ്പെടുന്ന ഭൂരഹിതരായ തൊഴില്‍സേന, ക്രമേണ ഉല്‍പാദനപരമായ മറ്റ് തൊഴില്‍മേഖലകളില്‍ - പ്രധാനമായും വളര്‍ന്നുവരുന്ന ഉല്‍പാദനമേഖലകളിലും സേവനമേഖലകളിലും - ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് മുതലാളിത്തത്തിന്‍കീഴില്‍ സംഭവിക്കുന്ന "ആദിമ മൂലധന സഞ്ചയത്തി"ല്‍ അഥവാ "അപഹരണ"ത്തില്‍ അത്രയധികം അല്‍ഭുതപ്പെടാനൊന്നുമില്ല. ഭാവിയിലെ നന്മയ്ക്കുവേണ്ടിയാണത്.

ഉല്‍പാദനക്ഷമത കുറഞ്ഞ ഗ്രാമീണ തൊഴിലുകളില്‍നിന്ന്, കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലുകളിലേയ്ക്ക് ആളുകള്‍ മാറുകയാണെങ്കില്‍ അതു നല്ലതല്ലേ എന്നാണ് ഇന്നത്തെ ഔദ്യോഗിക കാഴ്ചപ്പാട്. ഇന്നത്തെ സംഭവവികാസങ്ങളെ, മുതലാളിത്തത്തിന്റെ ചരിത്രവുമായി ഇങ്ങനെ തുലനം ചെയ്യുന്ന മേല്‍പ്പറഞ്ഞ വീക്ഷണം, രണ്ട് കാരണങ്ങളാല്‍ വികലമാണ്. ചരിത്രപരമായിപ്പറഞ്ഞാല്‍ , ഏറ്റവും ശക്തമായ മുതലാളിത്ത രാജ്യങ്ങളില്‍ , സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍ത്തന്നെ ഇങ്ങനെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിച്ചവരുടെ സംഖ്യ, ഉള്ള തൊഴിലുകളില്‍നിന്ന് യഥാര്‍ത്ഥത്തില്‍ പുറത്താക്കപ്പെട്ടവരുടെ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ , എത്രയോ കുറവാണ്. വിപ്ലവകരമായ രാഷ്ട്രീയ കലാപങ്ങളില്‍നിന്ന് ആ രാജ്യങ്ങളെ രക്ഷിച്ചത്, വമ്പിച്ച തോതില്‍, വിദേശങ്ങളിലേക്കുണ്ടായ കുടിയേറ്റമാണ്. മുതലാളിത്ത രാജ്യങ്ങളില്‍ വ്യവസായവല്‍ക്കരണത്തിനുവേണ്ടി, ഉള്ള ഭൂമിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ വന്‍തോതില്‍ അമേരിക്കന്‍ വന്‍കര, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറി, അവിടെയുണ്ടായിരുന്ന തദ്ദേശീയരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് സ്വന്തമാക്കിയതില്‍നിന്ന് വ്യത്യസ്തമായി, ഇന്ന് ഈ രാജ്യത്ത് ഭൂമി പിടിച്ചെടുക്കപ്പെടുന്നതിന്റെ ഫലമായി ഒഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് പോകാന്‍ ഒരിടവുമില്ല - ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത്തെ കാര്യം ഇതാണ് - ശക്തമായ മുതലാളിത്ത രാജ്യങ്ങളിലെ ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്റെ ഇരട്ടിയിലധികം ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയത്തക്ക വിധത്തില്‍ , അവിടങ്ങളിലെ ഉല്‍പാദന മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇങ്ങനെ അധികമുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ അവയ്ക്ക്, തങ്ങള്‍ക്കുവേണ്ടി പൂര്‍ണമായും തുറന്നിടപ്പെട്ടിരുന്ന തങ്ങളുടെ കോളണി രാജ്യങ്ങളില്‍ കൊണ്ടുചെന്ന് തള്ളാന്‍ കഴിഞ്ഞു; അതേ അവസരത്തില്‍ തങ്ങളുടെ ആഭ്യന്തര വിപണികളെ മുതലാളിത്ത രാജ്യങ്ങള്‍ സംരക്ഷണ വ്യവസ്ഥകളിലൂടെ ശക്തമായി സംരക്ഷിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ , ഇന്ന് ഉള്ള ഭൂമിയില്‍നിന്നും തൊഴിലുകളില്‍നിന്നും പുറത്താക്കപ്പെടുന്ന കൃഷിക്കാരെ സംബന്ധിച്ചിടത്തോളം, മറ്റ് തൊഴിലവസരങ്ങള്‍ വര്‍ധിയ്ക്കുന്നില്ല - പ്രത്യേകിച്ചും ഇന്നത്തെ പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ . പുത്തന്‍ ഉദാരവല്‍ക്കരണത്തിന്‍കീഴില്‍ സര്‍ക്കാരിന്റെ പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതും ഫിനാന്‍സ് മൂലധനത്തെ സംബന്ധിച്ച (ഏറെക്കാലമായി അവമതിയ്ക്കിരയായിക്കൊണ്ടിരിക്കുന്ന) സിദ്ധാന്തങ്ങളുടെ മേധാവിത്വവും ആണതിന് കാരണം. തൊഴിലില്ലായ്മ എത്ര തന്നെ വര്‍ധിച്ചാലും ശരി, സന്തുലിതമായ ബജറ്റ് ഉണ്ടാവണം എന്നാണല്ലോ ആ നയം ശഠിക്കുന്നത്.

ഇതില്‍ ആദ്യത്തെ കാര്യമെടുക്കാം. കൃഷിയില്‍നിന്ന് കൃഷിക്കാരും തൊഴിലാളികളും പുറംതള്ളപ്പെടുന്നതിനുള്ള പരിഹാരമെന്ന നിലയില്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റം നടന്നതാണത്. ഒന്നാമത്തെ വ്യവസായ രാഷ്ട്രമായ ബ്രിട്ടന്റെ കാര്യം തന്നെയെടുക്കാം. വ്യവസായാവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കപ്പെട്ടതിന്റെ ഫലമായി ഒഴിപ്പിയ്ക്കപ്പെട്ട ചെറുകിട കൃഷിക്കാരും യന്ത്രസാമഗ്രികള്‍ പ്രചാരത്തില്‍ വന്നതിന്റെ ഫലമായി തൊഴിലില്ലാതായിത്തീര്‍ന്ന കൈത്തൊഴില്‍ക്കാരും ഗതിയില്ലാതെ അലഞ്ഞുതിരിയേണ്ടിവന്നു. അവരില്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ, വളര്‍ന്നുവരുന്ന ഫാക്ടറിമേഖലയില്‍ തൊഴില്‍ ലഭിച്ചുള്ളൂ. രണ്ടു നൂറ്റാണ്ട് മുമ്പത്തെ യന്ത്രങ്ങള്‍ വളരെ ലഘുവും ലളിതവുമായവയായിരുന്നുവെങ്കിലും, അവ, വന്‍തോതില്‍ തൊഴിലാളികളെ പുറത്താക്കിക്കൊണ്ടിരുന്നു. ഉദാഹരണത്തിന് ഒരൊറ്റ സ്പിന്നിങ്ങ് "ജെന്നി"യില്‍ 80 സ്പിന്‍ഡിലുകള്‍ (തക്ലി) ഉണ്ടെന്നിരിയ്ക്കട്ടെ. അത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരൊറ്റ തൊഴിലാളി മതി. യൂറോപ്പില്‍ പരമ്പരാഗതമായി നൂല്‍നൂല്‍പില്‍ ഏര്‍പ്പെട്ടിരുന്ന 79 തൊഴിലാളികള്‍ അതോടെ തൊഴിലില്‍നിന്ന് പുറത്താക്കപ്പെട്ടു. ഇന്നത്തെ, കൂടുതല്‍ ഉയര്‍ന്ന സാങ്കേതികവിദ്യയും യന്ത്രവല്‍ക്കരണവും ഓട്ടോമേഷനും കാരണം തൊഴിലവസരങ്ങള്‍ വളരാതെ കണ്ടുള്ള സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാകുന്നത്. ഈ "തൊഴിലില്ലാ വളര്‍ച്ച" തന്നെ പല മേഖലകളിലും, ഉള്ള തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയായി (തൊഴില്‍ നഷ്ട - വളര്‍ച്ച) മാറുന്നു.

തൊഴിലില്ലായ്മയും അതുപോലെത്തന്നെ തൊഴിലുള്ളവര്‍ക്കുതന്നെ ലഭിക്കുന്ന നിസ്സാരമായ കൂലിയും കാരണം ബ്രിട്ടനില്‍ 1840കളില്‍ സര്‍ക്കാരിനെതിരായി പ്രക്ഷോഭങ്ങളും കലാപങ്ങളും ഉയര്‍ന്നുതുടങ്ങി. അതൊരു വിപ്ലവമായി മാറുന്നതിനെ തടഞ്ഞത്, വിദേശങ്ങളിലേക്കുള്ള കുടിയേറ്റം ഒരു സേഫ്ടി വാള്‍വ് ആയി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ബ്രിട്ടനില്‍ ജനസംഖ്യ വളരെ കുറവായിരുന്നു. 1821ല്‍ 120 ലക്ഷം മാത്രം. എന്നാല്‍ 1821നും 1915നും ഇടയ്ക്ക് 160 ലക്ഷം ബ്രിട്ടീഷുകാരാണ് വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്തിയത്! വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്തി, അവിടെയുള്ള തദ്ദേശീയരെ ആട്ടിപ്പായിച്ച് സ്ഥിരതാമസമാക്കിയ ആകെയുള്ള യൂറോപ്യന്മാരില്‍ അഞ്ചില്‍ രണ്ട് ഭാഗംവരുമിത്. (അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും നടന്നത്) ബ്രിട്ടനിലെ ജനസംഖ്യയില്‍ അക്കാലത്ത് പ്രതിവര്‍ഷം ഉണ്ടാകുന്ന വര്‍ധനയില്‍ ശരാശരി പകുതിപേര്‍ , ഇങ്ങനെ ഒരു നൂറ്റാണ്ടുകാലത്തേക്ക് അവിടെനിന്ന് പുറം രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം കുടിയേറ്റം നടത്തിയതായി കാണാം. ഇന്ത്യയില്‍ ഇങ്ങനെ ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്ന കൃഷിക്കാരേയും തൊഴിലാളികളേയും വിദേശങ്ങളിലേക്ക് ഇതേ നിരക്കില്‍ കയറ്റിയയയ്ക്കണമെങ്കില്‍ , ഓരോ വര്‍ഷവും ഓരോ കോടി ആളുകളെ സ്ഥിരമായി കയറ്റി അയയ്ക്കേണ്ടിവരും. ഇതിന്റെ പത്തിലൊന്നുപോലും സാധ്യമാകുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ.

അക്കാലത്ത് കോളണികള്‍ വെട്ടിപ്പിടിച്ചിരുന്ന യൂറോപ്പിലെ മുതലാളിത്ത രാജ്യങ്ങള്‍ , അഭൂതപൂര്‍വമായ തോതില്‍ ആഗോള ഭൂവിഭവങ്ങള്‍ കയ്യടക്കി; എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി വികസ്വര രാജ്യങ്ങളില്‍ ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെടുന്ന കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും; ഇന്ന് പോകാന്‍ ഒരിടമില്ല. എന്നുതന്നെയല്ല, ഇങ്ങനെ ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്ന കൃഷിക്കാരും തൊഴിലാളികളും സമ്പദ് വ്യവസ്ഥയിലെ മറ്റെവിടെയെങ്കിലും സ്വാഭാവികമായും ജീവനോപാധി കണ്ടെത്തിക്കൊള്ളും എന്ന് അലംഭാവം കൊള്ളുന്നത് ശുദ്ധ ഭോഷ്കാണ്.

ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിത്തീരുന്നതുകൊണ്ട്, വ്യാപാര പാര്‍പ്പിട നിര്‍മാണ മേഖലകളും ടൂറിസം മേഖലയും മാത്രമാണ് വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിയ്ക്കുന്നത്, അവിടങ്ങളില്‍ മാത്രമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്, മറ്റിടങ്ങളിലെല്ലാം തൊഴില്‍രംഗം നിരാശാജനകമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ സര്‍ക്കാരിന്റെ ചെലവ് ചുരുക്കുന്ന പണനയങ്ങളുടെയും സാങ്കേതികവിദ്യാ മാറ്റത്തിന്റെയും സംയുക്ത ഫലമായിട്ടാണ്, നിരാശാജനകമായ ഈ അവസ്ഥ സംജാതമായിട്ടുള്ളത്.

പൊതുചെലവുകള്‍

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ നാല് പതിറ്റാണ്ടുകളില്‍, പദ്ധതികളുടെ കീഴില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ചെലവിട്ടതു കാരണം വമ്പിച്ച വളര്‍ച്ചാ വര്‍ധനയുണ്ടായി. സാമൂഹ്യമായി വിശാലാടിസ്ഥാനത്തിലുള്ളതായിരുന്നു ആ വളര്‍ച്ച. വികസനോന്മുഖമായ പണനയമാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചത്. ഗ്രാമീണ വികസന പദ്ധതികളിലും പൊതുമേഖലയില്‍ നിര്‍മാണാടിത്തറ കെട്ടിപ്പടുക്കുന്നതിലും വളരെയേറെ പണം ചെലവിട്ടു.തൊഴില്‍മേഖലയില്‍ പങ്കെടുക്കുന്ന ജനസംഖ്യയിലെ വര്‍ധനയേക്കാള്‍ വളരെ കൂടിയ വേഗതയിലാണ് തൊഴിലവസരങ്ങള്‍ അക്കാലത്ത് വര്‍ധിച്ചിരുന്നതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. നിര്‍മാണ വ്യവസായങ്ങളില്‍പ്പോലും അക്കാലത്ത് ഉല്‍പാദനത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, ആ മേഖലയില്‍ തൊഴില്‍ ലഭിച്ചവരുടെ സംഖ്യയില്‍ 3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എന്നാല്‍ , ഇന്നാകട്ടെ ഉല്‍പാദനം വര്‍ധിക്കുമ്പോഴും തൊഴിലാളികളുടെ സംഖ്യയിലെ വര്‍ധന ഏറെക്കുറെ പൂജ്യം തന്നെയാണ്. അതുകൊണ്ടാണ് വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആദ്യകാലത്ത്, ഇന്നത്തേതുപോലുള്ള കടുത്ത എതിര്‍പ്പ് ഉണ്ടാകാതിരുന്നത് എന്നാണ് എന്റെ അഭിപ്രായം. അന്ന് പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നല്ല അതിന്നര്‍ഥം. അന്നും ദുരിതങ്ങളുണ്ടായിരുന്നു - പ്രത്യേകിച്ചും ഗിരിവര്‍ഗക്കാരെ ഇറക്കിവിടുമ്പോള്‍, അവരുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ നടപ്പാക്കാതിരിക്കുമ്പോള്‍ . എന്നാല്‍ ഭൂമി നഷ്ടപ്പെട്ട മറ്റുള്ളവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിച്ചിരുന്നു - പ്രധാനമായും കൂലിവേലകളില്‍. സംഘടിതമേഖലയിലും പൊതുമേഖലയിലും ഉള്ള ജോലികള്‍ക്ക് കൂടുതല്‍വിലയുണ്ടായിരുന്നു.ഉദാഹരണത്തിന്, ആന്ധ്രപ്രദേശിലെ ലംബാഡ ഗോത്രവിഭാഗക്കാര്‍ തങ്ങളുടെ ഭൂമി വിറ്റ്, അതുവഴി കിട്ടുന്ന പണം ഇടനിലക്കാര്‍ക്ക് കൈക്കൂലിയായി നല്‍കി, റെയില്‍വെയില്‍ ഗാംങ്മെന്‍ ആയി ജോലി നേടിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഭൂമി വില്‍ക്കുന്നത്, ഇങ്ങനെ കൈക്കൂലി നല്‍കുന്നതിനു തന്നെയായിരുന്നു. കാരണം റെയില്‍വെയിലെ ജോലി വഴി അവര്‍ക്ക് താമസിയ്ക്കാന്‍ ക്വാര്‍ട്ടേഴ്സും ആരോഗ്യസേവനവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും ലഭിക്കുമായിരുന്നു. യാതൊരു വ്യവസ്ഥയും തീര്‍ച്ചയും ഇല്ലാത്ത കാര്‍ഷിക ഉപജീവനമാര്‍ഗത്തേക്കാള്‍ അവര്‍ മുന്‍ഗണന നല്‍കിയത്, ഗാംങ്മെന്‍ ജോലിയ്ക്കായിരുന്നു.

രണ്ടു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങളെ തുടര്‍ന്ന്, പൊതുവായ തൊഴില്‍ അവസരസാഹചര്യം കൂടുതല്‍മോശമായിത്തീര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതും കമ്പ്യൂട്ടര്‍വല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും എല്ലാം, ജോലി നഷ്ടത്തിന് കാരണമായിത്തീര്‍ന്നു. ഇന്ത്യാ ഗവണ്‍മെന്റ് വികസനച്ചെലവുകള്‍ കുത്തനെ വെട്ടിക്കുറച്ചു - പ്രത്യേകിച്ചും ഗ്രാമീണമേഖലയിലെ ചെലവുകള്‍. അതിന്റെ ഫലം നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുകളില്‍ പ്രകടമായി കാണാം. തൊഴിലില്ലാത്ത സ്ത്രീ തൊഴിലാളികളുടെയും പുരുഷത്തൊഴിലാളികളുടെയും (ഗ്രാമീണമേഖലയിലും പട്ടണപ്രദേശങ്ങളിലും) അവസ്ഥ 1993-2005 കാലഘട്ടത്തില്‍ കൂടുതല്‍ പരിതാപകരമായിത്തീര്‍ന്നു. ഇങ്ങനെ ബദല്‍ തൊഴില്‍ അവസരങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇത്തരമൊരു സ്ഥിതിയില്‍, ഒരു തുണ്ടു ഭൂമിയുള്ള ഗ്രാമീണ ഉല്‍പാദകന്‍, സ്വാഭാവികമായും ആ ഭൂമിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും; അത് പിടിച്ചെടുക്കാനുള്ള ഏത് ശ്രമത്തേയും ചെറുക്കും. അവന്റെ തൊഴിലില്ലായ്മയ്ക്കും ദുരിതാവസ്ഥയ്ക്കും എതിരായ സുരക്ഷിതത്വം എന്ന നിലയ്ക്കാണ്, ആ തുണ്ടു ഭൂമിയെ അവന്‍ കാണുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ കൃഷിയ്ക്കുമേല്‍ ഉണ്ടാക്കുന്ന ആഘാതവും ആഗോള വിലവര്‍ദ്ധനയും സംയുക്തമായി കടുത്ത കാര്‍ഷികത്തകര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൂടി, കൃഷിപ്പണി ആദായകരമല്ലാതായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൂടി, പ്രത്യേകിച്ചും കയറ്റുമതി പ്രധാനമായ വിളകള്‍ ലാഭകരമല്ലാതായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൂടി, അവന്‍ തന്റെ തുണ്ടു ഭൂമിയില്‍ കടിച്ചു തൂങ്ങിക്കിടക്കും. കടം കാരണം ലക്ഷക്കണക്കിന് കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിലും (ആത്മഹത്യയും പ്രതിഷേധത്തിന്റെ സഹനസമര രൂപമാണല്ലോ) അതാണ് സ്ഥിതി.

തെറ്റായ നയങ്ങള്‍ എന്നാല്‍ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം കൃഷിപ്പണി ആദായകരമല്ലാതായിത്തീരുന്നത്, അവര്‍ കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടോ, പെട്ടെന്ന് അവരുടെ ഭൂമിയുടെ ഫലഭൂയിഷ്ഠത കുറയുന്നതുകൊണ്ടോ അല്ല. മറിച്ച് തികച്ചും തെറ്റായ (സര്‍ക്കാരിനു ലഭിക്കുന്ന തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള) പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായിട്ടാണത്. അതു കാരണം സര്‍ക്കാരിന്റെ പൊതുനിക്ഷേപം കുത്തനെ കുറഞ്ഞു; വികസന സേവനങ്ങള്‍ പിന്‍വലിയ്ക്കപ്പെട്ടു; വായ്പ ലഭിയ്ക്കുന്നത് ഒട്ടുമില്ലാതായി; അല്ലെങ്കില്‍ അതിനുള്ള ചെലവ് കൂടി. വിപണി സംരക്ഷണവ്യവസ്ഥ സര്‍ക്കാര്‍ ഉപേക്ഷിയ്ക്കുകയും അതേ അവസരത്തില്‍ത്തന്നെ വില സ്ഥിരതാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കുകയും ചെയ്തതുവഴി (കമ്മോഡിറ്റി ബോര്‍ഡുകള്‍ താങ്ങുവിലയ്ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്ന സമ്പ്രദായം ഇല്ലാതാക്കപ്പെട്ടു) ആഗോള വിപണിയിലെ വിലകളുടെ കടുത്ത കയറ്റിറക്കത്തിന് കൃഷിക്കാര്‍ വലിച്ചെറിഞ്ഞുകൊടുക്കപ്പെട്ടു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഉപജീവനമാര്‍ഗങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന നയനിര്‍മാതാക്കളുടെ ശമ്പളം 80 ശതമാനംവരെ വെട്ടിച്ചുരുക്കുകയാണെങ്കിലേ, അവര്‍ വരുത്തിവെച്ചിട്ടുള്ള ദുരന്തത്തിന്റെ സ്വാദ് അവര്‍ക്ക് അനുഭവപ്പെടുകയുള്ളൂ.

കൃഷിക്കാരും ഗ്രാമീണരും ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമാണ്. ആത്മഹത്യ എന്ന സഹന സമരരൂപത്തില്‍നിന്ന് അവര്‍ സജീവമായ പ്രതിരോധ സമരരൂപത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട് എന്നാണതിന്നര്‍ഥം. ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക പ്രതിസന്ധി പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന്, ഒരു പതിറ്റാണ്ടുമുമ്പ് ഞാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ , സ്ഥിതി അത്രത്തോളം മോശമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൃഷിക്കാര്‍ പ്രതിഷേധരംഗത്തിറങ്ങേണ്ടതല്ലേ, അവര്‍ അങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് പലരും ചോദിയ്ക്കുകയുണ്ടായി. കാര്‍ഷിക മേഖലയിലെ ദുരിതങ്ങളെ അവഗണിക്കുന്നതിന്, അത്തരമൊരു വാദമുഖം ഇന്ന് ആര്‍ക്കും ഉന്നയിയ്ക്കാന്‍ കഴിയുകയില്ല. കൃഷിക്കാര്‍ സമരരംഗത്തേക്ക് നീങ്ങുന്നത് പതുക്കെയായിരിയ്ക്കാം; എന്നാല്‍ അവര്‍ അങ്ങനെ ഇറങ്ങിത്തുടങ്ങിയാല്‍പ്പിന്നെ, അവരെ പിടിച്ചുനിര്‍ത്താന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ല.

നാം ഒരു കാര്യം മനസ്സിലാക്കണം. ഭൂമിയ്ക്ക് ഒരു പ്രത്യേക സവിശേഷതയുണ്ട്. അത് മനുഷ്യാധ്വാനത്തിന്റെ ഉല്‍പന്നമല്ല. എല്ലാ മനുഷ്യ പ്രവര്‍ത്തനങ്ങളുടെയും തൊട്ടിലാണ് അതെങ്കിലും ഭൂമി വീണ്ടെടുക്കലിന്റെ അറ്റം കണ്ടു കഴിഞ്ഞാല്‍പ്പിന്നെ അതിന്റെ വ്യാപ്തി ഒരളവിന്നപ്പുറം വര്‍ധിപ്പിയ്ക്കാന്‍ കഴിയില്ല. മാത്രമല്ല, വനങ്ങള്‍ കൂടുതല്‍ വെട്ടിനശിപ്പിക്കുന്നത് മാനവരാശിക്കുതന്നെ വളരെയേറെ ദോഷകരമാണുതാനും. ഈ അര്‍ഥത്തില്‍ നിശ്ചിതമായ അളവില്‍ മാത്രമുള്ള പ്രാഥമിക സ്രോതസ്സാണ് ഭൂമി. കാള്‍ മാര്‍ക്സ് ശ്രദ്ധേയമായ വിധത്തില്‍ എടുത്തുകാണിക്കുന്നപോലെ, മനുഷ്യാധ്വാനത്തിന്റെ ഉല്‍പന്നമല്ല ഭൂമി എന്നതിനാല്‍ "ഭൂമിയുടെ വില അയുക്തിപരമായ വിഭാഗത്തില്‍പ്പെട്ടതാണ്". അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്: അധ്വാനത്തിന്റെ ഉല്‍പന്നമാണ് ചരക്ക് എന്നതിനാല്‍ ആ ചരക്ക് ഉണ്ടാക്കാനായി ഉപയോഗിച്ച പ്രത്യക്ഷവും പരോക്ഷവുമായ അധ്വാനത്തിന്റെ മൂല്യത്തില്‍ അധിഷ്ഠിതമായതാണ് ആ ചരക്കിന്റെ വില. എന്നാല്‍ ഭൂമി ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, അതിന്റെ വില വ്യത്യസ്തമാണ്. ഭൂമിയില്‍ നിന്നുണ്ടാക്കാന്‍ കഴിയുന്ന വരുമാനത്തിന്റെ വിപണിമൂല്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂമിയുടെ വില കണക്കാക്കപ്പെടുന്നത്. ഭൂമി എന്ത് ഉപയോഗത്തിനാണോ പ്രയോജനപ്പെടുത്തുന്നത്, ആ ഉപയോഗത്തിന്റെ പ്രത്യേകതയെ അടിസ്ഥാനപ്പെടുത്തിയാണ്, ആ ഭൂമിയില്‍നിന്നുള്ള വരുമാനം കണക്കാക്കപ്പെടുന്നത്. ഭൂമി ഏറ്റെടുക്കല്‍ കൃഷിക്കാരില്‍ അസംതൃപ്തി ജനിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഇതാണ് - അവരില്‍ ചിലര്‍ ആദ്യഘട്ടത്തില്‍ അതിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചതാണെങ്കില്‍ക്കൂടി.

ഇക്കാര്യം മനസ്സിലാക്കുന്നതിന് നമുക്ക് വളരെ ലളിതമായ ഒരു ഉദാഹരണമെടുക്കാം. ഒരു കിലോഗ്രാം അരിയുടെ വില 20 രൂപ തൊട്ട് 2000 രൂപ വരെ വ്യത്യസ്തപ്പെട്ടതായിരിക്കാന്‍ വഴിയില്ല. എന്നാല്‍ , ഒരു ഹെക്ടര്‍ ഭൂമിയുടെ വില 2 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ വ്യത്യസ്തമായിരിയ്ക്കാന്‍ സാധ്യതയുണ്ടുതാനും - ഭൂമി എന്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അത്. ഒരു കൃഷിക്കാരന് ഒരു ഹെക്ടര്‍ ഭൂമിയുണ്ടെന്നും അതില്‍ അയാള്‍ കൃഷി ചെയ്യുന്നുവെന്നും അതില്‍നിന്ന് അയാള്‍ക്ക് വര്‍ഷത്തില്‍ 10,000 രൂപ അസ്സല്‍ വരുമാനമുണ്ടാകുന്നുവെന്നും കരുതുക. വിപണിയിലെ പലിശനിരക്ക് 5 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ , ആ ഒരു ഹെക്ടര്‍ ഭൂമിയ്ക്ക് 2 ലക്ഷം രൂപ വില കിട്ടുന്നത് ലാഭകരമാണെന്ന് ആ കൃഷിക്കാരന്‍ കരുതുന്നു. ഇങ്ങനെ ഹെക്ടറിന് 2 ലക്ഷം രൂപ വെച്ച് താന്‍ വില്‍ക്കുന്ന ഭൂമി വാങ്ങിച്ച ആള്‍ തുണ്ടം തുണ്ടമാക്കി മുറിച്ച്, പാര്‍പ്പിടാവശ്യത്തിനായോ വ്യാപാരാവശ്യത്തിനായോ പട്ടണങ്ങളിലെ നൂറുപേര്‍ക്ക് വില്‍ക്കുന്നതും അങ്ങനെ 2 കോടി രൂപ സമ്പാദിക്കുന്നതും ആണ് കൃഷിക്കാരന്‍ കാണുന്നത് - അതായത് നൂറിരട്ടി വിലയ്ക്ക് വില്‍ക്കുന്നു. തന്റെ വസ്തുവിന്റെ പേരില്‍ താന്‍ വഞ്ചിയ്ക്കപ്പെട്ടതായും തന്നെ പ്രേരിപ്പിച്ച് അത് വില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയപ്പോള്‍ തനിക്ക് അതിന്റെ വില അറിയാമായിരുന്നില്ല എന്നും തനിക്ക് തുച്ഛമായ വിലയാണ് ലഭിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നതായും കൃഷിക്കാരന്‍ മനസ്സിലാക്കുന്നു. പണം നിക്ഷേപിച്ച്, അതിന്റെ പലിശ കൊണ്ട് ജീവിക്കുന്ന സ്വഭാവം ഗ്രാമീണ ഉല്‍പാദകന്നില്ല. അവന്റെ ആസ്തി സര്‍ക്കാര്‍ ഉല്‍സാഹത്തോടുകൂടി ഏറ്റെടുക്കുന്നുണ്ടെങ്കിലും അവന് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ കൃഷിക്കാരന് ലഭിക്കുന്ന 2 ലക്ഷം രൂപ നിസ്സാരമായ തുകയാണ്. ഒരു മോട്ടോര്‍ ബൈക്കും ടിവി സെറ്റും വാങ്ങിക്കഴിയുമ്പോള്‍ , അത്യാവശ്യ ജീവിതച്ചെലവുകള്‍ നിറവേറ്റുമ്പോള്‍ ആ തുക അപ്രത്യക്ഷമായിത്തീരുന്നു. ഉല്‍പാദനക്ഷമമായതോ സ്ഥിരമായ വരുമാനം ഉണ്ടാകുന്നതോ ആയ ആസ്തി അതില്‍നിന്നുണ്ടാകുന്നില്ല.

വിപണി അടിച്ചേല്‍പിക്കുന്ന വഞ്ചനയെക്കുറിച്ച്, ഒടുവില്‍ നമ്മുടെ കൃഷിക്കാര്‍ ബോധവാന്മാരായിത്തുടങ്ങിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ അവരുടെ വിലപ്പെട്ട ഭൂമി, അവരില്‍നിന്ന്, തുച്ഛമായ വിലയ്ക്ക് ബലം പ്രയോഗിച്ച് പിടിച്ചെടുക്കുമ്പോള്‍ അവര്‍ രോഷാകുലരായിത്തീരുന്നു - പ്രത്യേകിച്ചും അത്തരത്തിലുള്ള "വികസനങ്ങള്‍" അവര്‍ക്ക് തൊഴില്‍അവസരങ്ങള്‍ പ്രദാനം ചെയ്യുകയോ വ്യവസായങ്ങള്‍ കൊണ്ടുവരുകയോ ചെയ്യുന്നില്ലെങ്കില്‍ . പ്രത്യേക സാമ്പത്തിക മേഖലകളും (ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള) മറ്റ് ചെറുകിട പദ്ധതികളും ഫ്ളാറ്റ് നിര്‍മാണത്തിനും വ്യാപാരാവശ്യത്തിനും വേണ്ടിയുള്ള ഭൂമിയുടെ ഊഹക്കച്ചവടമല്ലാതെ മറ്റൊന്നുമല്ല. കോര്‍പ്പറേറ്റ് മേഖലയ്ക്കോ വളരെ സമ്പന്നരായ ന്യൂനപക്ഷ കുടുംബങ്ങള്‍ക്കോ മാത്രമേ അതിന്റെ വില താങ്ങാന്‍ കഴിയൂ. തങ്ങള്‍ എന്തു വിലയ്ക്കാണോ കൃഷിഭൂമി വിറ്റത്, അതിന്റെ നൂറുകണക്കിന് മടങ്ങ് ലാഭം കോര്‍പ്പറേറ്റുകളും "ഭൂമി വികസന"ക്കാരും ഉണ്ടാക്കുന്നതായി കൃഷിക്കാര്‍ കാണുന്നു. ഭൂമി ഏറ്റെടുക്കുന്നതിനും അത് കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നതിനും സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യവും പലപ്പോഴും കോര്‍പ്പറേറ്റുകള്‍ക്കും "ഭൂ വികസന"കാര്‍ക്കും മറ്റും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും അതിനേക്കാള്‍ വലിയ പ്രശ്നമാണ്. തന്നെയല്ല, ഭൂമിയില്‍നിന്ന് ഒഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് അവ്യക്തമായ ചില വാഗ്ദാനങ്ങളൊഴിച്ച്, ഉപജീവനമാര്‍ഗ്ഗത്തിന് മറ്റൊന്നും ലഭിക്കുന്നുമില്ല. ഇതിനേക്കാളൊക്കെ മോശമായ മറ്റൊരു കാര്യം കൂടിയുണ്ട് - നല്ല വിള കിട്ടുന്ന കൃഷിഭൂമി ഏറ്റെടുത്ത് തുറമുഖങ്ങളും മറ്റും ഉണ്ടാക്കുന്നതിനായി കൈമാറുമ്പോള്‍ , അങ്ങനെ ഉണ്ടാക്കപ്പെടുന്ന തുറമുഖങ്ങളിലൂടെ വിദേശകമ്പനികള്‍ നമ്മുടെ അമൂല്യമായ ഖനിജ വിഭവങ്ങള്‍ കയറ്റുമതി ചെയ്തു കൊണ്ടുപോവുകയും ചെയ്യുന്നു - കൊറിയന്‍ കമ്പനിയായ പോസ്ക്കോ അതാണ് ചെയ്യുന്നത്. രണ്ട് തരത്തില്‍ വിലപ്പെട്ട, തിരിച്ചു പിടിയ്ക്കാന്‍ കഴിയാത്ത വിഭവങ്ങളാണ്, അതായത് ഖനിജങ്ങളും കൃഷിഭൂമിയും, ഇങ്ങനെ കൊള്ള ചെയ്യപ്പെടുന്നത്.
യാതൊരു വിവേചനവുമില്ലാതെ ഇങ്ങനെ കൃഷിഭൂമി ഏറ്റെടുക്കുന്നത് നമ്മുടെ കാര്‍ഷിക ഉല്‍പാദനത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ ദോഷകരമായിരിക്കും. രാജ്യത്ത് ആകെ കൃഷി ചെയ്യപ്പെടുന്ന ഭൂമിയുടെ അളവ് 1990കളുടെ ആദ്യ വര്‍ഷങ്ങളോടെ വളര്‍ച്ചയില്ലാതെ മുരടിച്ചുപോയി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഗവണ്‍മെന്റിന്റെ പൊതുചെലവുകളും വികസനച്ചെലവുകളും വെട്ടിച്ചുരുക്കപ്പെട്ടതുകാരണം, വിളകളുടെ ഉല്‍പാദന - വര്‍ധനനിരക്ക് കുത്തനെ ഇടിഞ്ഞു. സുപ്രധാന വിളകളായ ഭക്ഷ്യധാന്യങ്ങളുടേതടക്കം പല വിളകളുടെയും പ്രതിശീര്‍ഷ ഉല്‍പാദനം കുറയുന്നതിനാണ് അതിടയാക്കിയത്. കൃഷിഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റി ഉപയോഗിച്ചാല്‍ , പ്രശ്നം വീണ്ടും ഗുരുതരമാകും. ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ടുവരുന്ന അവഗണനയാണ് ഇന്നത്തെ ഭക്ഷ്യവിലക്കയറ്റത്തിന് കാരണം. സര്‍ക്കാരിന്റെ പൊതുചെലവുകള്‍ വെട്ടിക്കുറച്ചതുകാരണം ഉണ്ടായ ചോദനക്കുറവ് വളരെ ഉയര്‍ന്നതായിട്ടും ഭക്ഷ്യവിലക്കയറ്റം ഉണ്ടായിരിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി തൊഴിലില്ലായ്മയും ചോദനക്കുറവും സംഭവിക്കുന്നു.

എന്നാല്‍ അതേ അവസരത്തില്‍ത്തന്നെ, തൊഴില്‍ പ്രധാനമായ ചില തരത്തിലുള്ള വ്യവസായങ്ങള്‍ക്ക് ഭൂമി ആവശ്യമാണുതാനും. അതിന് പ്രോല്‍സാഹനം നല്‍കുകയും വേണം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് എക്കാലത്തേക്കും നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുകയില്ല. കൃഷിക്കാരുടെ കുട്ടികളെല്ലാം കൃഷിക്കാരായിത്തന്നെ ജീവിയ്ക്കണം എന്ന് ആവശ്യപ്പെടാനും കഴിയില്ല. ഓരോ സംസ്ഥാനത്തും കൃഷിയ്ക്ക് യുക്തമല്ലാത്ത ഭൂമി കണ്ടെത്തി ലാന്‍റ് ബാങ്ക് ഉണ്ടാക്കുക, അത്തരം ഭൂമികളില്‍ നിര്‍മാണ സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നതാണ് പരിഹാരമാര്‍ഗ്ഗം. എന്നാല്‍ കൃഷിയോഗ്യമല്ലാത്ത ഭൂമി വേണ്ടത്ര കിട്ടാനില്ലാത്ത അവസ്ഥയില്‍ , കുറച്ച് കൃഷിഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഭൂമിമേലുള്ള അവകാശം നഷ്ടപ്പെടുന്നതിന് പകരം പണമായി മതിയായ നഷ്ടപരിഹാരം കൃഷിക്കാരന്ന് നല്‍കണം. അതിന്നുപുറമെ, നിര്‍ദ്ദിഷ്ട വ്യവസായസംരംഭത്തില്‍ കൃഷിക്കാരെ സഹകരണ പങ്കാളികളാക്കി കണക്കാക്കണം. ബന്ധപ്പെട്ട ആ സ്ഥാപനത്തില്‍ നേരിട്ട് ഓഹരി നല്‍കുകയും വേണം. പട്ടണ പ്രദേശങ്ങളില്‍ അത്തരം സമ്പ്രദായം പതിവുണ്ട്. ആ സമ്പ്രദായത്തിന്‍കീഴില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയില്‍ വികസനക്കാരെ കെട്ടിടം നിര്‍മിക്കുന്നതിന് അനുവദിച്ചതു വഴിയുണ്ടാകുന്ന മെച്ചത്തില്‍ ഒരു വിഹിതം തങ്ങള്‍ക്കു ലഭിക്കുന്നതായി കൃഷിക്കാരന് ബോധ്യപ്പെടുന്നു. കാരണം പണമായി ലഭിക്കുന്ന നഷ്ടപരിഹാരത്തിന്നുപുറമെ മൊത്തം നിര്‍മിത വിസ്തൃതിയില്‍ മൂന്നിലൊന്നിന്റെ വരെ ഉടമസ്ഥാവകാശവും കൃഷിക്കാരന് ലഭിക്കുന്നു. പ്ലാന്റേഷന്‍ മേഖലയില്‍ ഭൂമി ലഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയില്‍ നടന്ന ഗോത്രവര്‍ഗക്കാരുടെ സമരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഇവിടെ എടുത്തുപറയാവുന്നതാണ്. അന്തരിച്ച കെ ആര്‍ നാരായണന്റെ പേരിലുള്ള ഒരു പദ്ധതിയിന്‍കീഴില്‍ , ഒരു സഹകരണ പാര്‍പ്പിട -പ്രവര്‍ത്തന സമുച്ചയം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക്, സര്‍ക്കാര്‍ ചെലവില്‍ അവിടെ വീടുവെച്ചു കൊടുക്കുന്നതിനുപുറമെ ബദല്‍ തൊഴില്‍ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കും. ഇവിടെ സഹകരണ രീതി നിര്‍ണായകമാണ്. കാരണം തങ്ങള്‍ക്ക് ലഭിച്ച പുതിയ ആസ്തികള്‍ കയ്യൊഴിയാന്‍ വ്യക്തിഗത കുടുംബങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും അവര്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അങ്ങനെ വരുമാനം ഉണ്ടാക്കുന്നുവെന്നും ഉറപ്പുവരുത്തുന്നതിനും അത് ആവശ്യമാണ്. പുതിയ യുഡിഎഫ് ഗവണ്‍മന്റെ്, ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.
ഈ കേരള മാതൃക മറ്റെവിടെയും ആവര്‍ത്തിയ്ക്കാന്‍ കഴിയില്ല എന്നു കരുതാനുള്ള കാരണങ്ങളൊന്നുമില്ല. ഇവിടെ അടിസ്ഥാനപരമായ തത്വം ഇതാണ് : കൃഷിഭൂമി വളരെ വിലപ്പെട്ട ആസ്തിയാണ്. അത് ഏറ്റെടുക്കുന്നത് ആകാവുന്നത്ര ഒഴിവാക്കണം. അത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ , ഉടമസ്ഥന് (അയാള്‍ക്ക് രേഖാമൂലമുള്ള അവകാശമുണ്ടായാലും പരമ്പരാഗതമായ കൈവശാവകാശമാണെങ്കിലും ശരി) നഷ്ടപരിഹാരമായി പണം മാത്രം നല്‍കിയാല്‍ പോര. മറിച്ച് അതേ സ്ഥലത്തുതന്നെ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള ആസ്തിയില്‍ ഒരു ഓഹരിയും നല്‍കണം.


*****


ഉല്‍സാ പട്നായിക്, കടപ്പാട് : ചിന്ത വാരിക

Friday, June 3, 2011

Agrarian Distress and Land Acquisition

THE recent agitation by farmers in Uttar Pradesh against cropland acquisition for non-agricultural purposes is only the latest in a long series of protests by farmers and rural communities, which started a decade ago in different parts of the country and which gathered momentum over the past five years and coalesced in some areas into larger movements.

The issues involved are many-dimensional and complex, raising questions that require all-round analysis to arrive at answers. Why are there such bitter protests against cropland acquisition now, whereas in the early decades after Independence such acquisition for development projects faced little opposition? Is the protest related to the nature of the use to which acquired land is being put? What is the impact on agricultural production? How do displaced farmers and labourers fare once they lose their land? Is displacement to be regarded as a necessary cost of development as many argue, citing the historical experience of today's advanced countries, which saw massive eviction of peasants preceding their industrialisation? Or, is the situation in India too different to warrant such superficial analogies?

Let us begin with the bigger question, the particular view which says that historically capitalist industrialisation has meant reduction in the proportion of peasants and rural workers in the population and that this process always involved forcible evictions, a process of ‘primitive accumulation', apart from displacement through market processes. Though such evictions and displacement caused immediate distress, eventually the landless labour force so created was absorbed into productive employment, mainly in the growing manufacturing and services sectors, or so the argument goes. So there is nothing very surprising about ‘primitive accumulation' taking place under capitalism and it is all to the future good. The official view today is that it is just as well if people move out of low-productivity rural occupations into other better paying jobs.

The view sketched above, which conflates the history of capitalism with present events, is deeply flawed for two reasons. First, historically, in the core capitalist countries many millions more were displaced than were ever absorbed in non-agricultural activities within the boundaries of these countries. Only large-scale out-migration prevented revolutionary political turmoil. But those being displaced today in this country owing to land acquisition find that they have nowhere to go, unlike the historically displaced who had emigrated in vast numbers to lands they had seized from indigenous peoples in the Americas, South Africa and Australia.

Second, the core capitalist countries saw manufacturing employment growing at double the rate permitted by the growth of their domestic markets because they could dump their products on captive colonial markets, which were kept completely open while the core markets were protected heavily. But our displaced peasants find that ‘other jobs' are hardly growing, particularly in this era of neoliberal cutbacks in public spending actuated by the hegemonic rise of the long-discredited theories of finance capital, which advocate balanced budgets no matter how high involuntary unemployment might be.

As regards the first point, permanent outmigration as a solution to labour displacement from agriculture, consider Britain, the first industrial nation. Small farmers evicted in the course of enclosures and artisans thrown out of jobs as machinery was first introduced became vagrants of whom only a fraction found employment in the growing factory sector. Even though the machines two centuries ago were very simple, they displaced labour on a massive scale – a single spinning ‘jenny' could have 80 spindles, needed only one worker to operate and threw 79 traditional spinners in Europe out of work. The effects of a much higher level of technology and of automation today in this country is to produce jobless growth, indeed many sectors see job-loss growth.

In Britain the unemployed and the poorly paid employed workers alike rose in insurrection against the state in the 1840s – only the safety valve of emigration prevented a revolution. Britain's population was small, only 12 million in 1821, but 16 million Britons emigrated between 1821 and 1915, making up for nearly two-fifths of all Europeans who emigrated to lands they had seized from indigenous peoples, mainly in the Americas. On average, half of the entire annual increment to its population left Britain every year for a century. For India to be able to export its displaced peasants and unemployed on a similar scale, 10 million unskilled persons will have to emigrate permanently each year. Needless to say, even one-tenth of this is an impossibility. Unlike the populations of European colonising countries, which grabbed global land resources on an unprecedented scale, displaced peasants and workers in developing countries today have nowhere to go.

Further, to think complacently that displaced peasants will automatically find livelihoods elsewhere within the economy is a chimera. As the rich grow richer in India, we find that commercial and residential construction and tourism are the only labour-absorbing activities that are booming and that elsewhere the employment scenario is dismal. This dismal situation is the result of a combination of expenditure-contracting fiscal policies in the neoliberal era and technological change.

Public spending

In the first four decades after Independence, however, growth was spurred by large-scale public spending under the Plans and was much more socially broad based. The state followed expansionary fiscal policies, spending a great deal on rural development projects and on building up a manufacturing base in the public sector. The data from the National Sample Survey show that employment was growing much faster than the population participating in work. Even in manufacturing, a 10 per cent rise in output produced a 3 per cent rise in numbers employed at that time, whereas the latter figure is near-zero now. This is the main reason – the availability of alternative employment – which explains, in my view, why land acquisition for development did not face the bitter resistance it does today.

This is not to say that there were no problems – there was distress, in particular where the displaced were tribal persons and rehabilitation was not worked out. But those whose land was acquired could, on the whole, be absorbed into other jobs, mainly as wage-paid labour. Work in the organised sector and the public sector was much prized – doctoral research this author supervised in the 1980s (carried out by Professor B.R. Shyamala Devi, now at Kakatiya University) showed that members of the Lambada tribal communities in Andhra Pradesh actually sold land to raise money to bribe middlemen to get gangmen's jobs in the Railways because, according to them, they ensured living quarters, health facilities and education for their children and were preferred to an uncertain agricultural livelihood.

Since the start of economic reforms two decades ago the general job situation has become much worse. Retrenchment of employees in the public utilities, computerisation and privatisation all contributed to job loss. The Indian state cut back sharply on development spending, especially in rural areas, and the results are there to see from successive National Sample Survey studies – a sharp rise in daily and weekly status unemployment for male and female workers, both rural and urban, and a rise in the numbers of the usual status openly unemployed. The net change in employment between 1993 and 2005 has been adverse.

In such a situation of disappearing job alternatives, the rural producer with a bit of land will naturally cling to it and resist any attempt at dispossession. That bit of land is security against unemployment and destitution. No matter if the neoliberal attack on agriculture, combined with exposure to global price volatility, has caused acute agrarian distress and made farming so unviable, especially in the case of many export crops, that lakhs of farmers have been driven to suicide owing to indebtedness. Suicide is a passive form of protest.

Misguided policies

But the farmers' lack of viability was not because they did not work hard or because their land suddenly became less fertile; it was the result of totally misguided neoliberal policies, which reduced public investment drastically, withdrew extension services, made credit expensive or not available at all, and exposed small producers to the violent ups and downs of global prices by doing away with protection while dismantling at the same time price-stabilisation systems (purchase at support prices by the commodity boards was abolished). One wishes that the policymakers, who have been attacking farmer and worker livelihoods, could themselves face 80 per cent salary cuts to get a small taste of what they have inflicted.

It is highly significant that farmers and rural communities are struggling against land acquisition because it means that from passive forms of protest – suicide – they have turned at last to active forms of resistance. A decade ago, this author, when drawing attention to the agrarian crisis long brewing in the countryside, was told that if things were actually that bad then peasants themselves would be protesting, which they were not. No one can put forward such an argument for ignoring agrarian distress now. Peasants are slow to move, but when they do start moving no force can hold them back.

We have to understand that land has a special characteristic in that it is not a product of human labour. Though it is the cradle of all human activity, the extent of land cannot be increased beyond a point, once the limits of reclamation have been reached, while further deforestation would be highly detrimental. In this sense, land is a primary resource that is fixed in supply.

As Karl Marx had put in striking terms, since it is not a product of human labour the ‘price of land is an irrational category'. What was meant by this is that commodities, which are all the product of labour, have prices anchored to values, namely, the amount of direct and indirect labour used for making the commodity. Land price, however, is different since land cannot be produced. The price of land is based on the market capitalisation of the income the land will yield. And the income the land will yield can vary enormously, depending on the specific use to which it is put. This is an important reason for the discontent that land acquisition has unleashed among farmers even when, initially, some of them may have acquiesced in it.

To understand this let us consider a simple example. The price of a kilogram of rice of a given quality cannot possibly vary from Rs.20 to Rs.2,000. But the price of a given hectare of land can vary from Rs.2 lakh to Rs.2 crore, depending on the purpose for which it is used. If a farmer tills a hectare of land, which produces crops from which he gets an annual net income of Rs.10,000, he will find it apparently lucrative to be offered a price of Rs.2 lakh for it if the going market rate of interest is above 5 per cent. Once he has sold it to a developer, however, he finds that the land is parcelled out in small lots to a hundred urban buyers for residential or commercial purposes and the developer thereby makes an income of Rs.2 crore, a hundred times higher. The farmer then feels thoroughly cheated out of a resource whose value, he feels, he did not know when induced to part with it for what now appears to be a mere pittance.

Since habits of investing money and living on interest are unknown to rural producers, and the state, though it takes their asset with alacrity, does not manage their cash compensation for them, the Rs.2 lakh becomes indeed a pittance, which soon disappears once a two-wheeler and a television set have been bought and living expenses met, leaving the farmer without any productive asset or source of income.

Our farmers have at last become alive to the trickery being perpetrated through the market. They are infuriated at the idea of their precious land being taken away forcibly for a pittance in the name of development, especially when most of such ‘development' does not create industry or provide jobs for them. Special economic zones (SEZs) and most smaller-scale land-acquisition projects involve nothing but land speculation for commercial and residential building, affordable only by the corporate sector or the rich minority of households.

Farmers see the ‘developers' and the corporates making profits running into several hundred times the price at which they had sold the land. Even worse is the complicity of the state whenever it uses its power to acquire land to hand over to the corporate sector, often with a subsidy element to the latter, and beyond making vague promises takes no steps to ensure that the livelihoods of the displaced are safeguarded. Worst of all is acquisition of good cropland to facilitate the setting up of ports so that foreign companies can export mineral resources, as in the Korean POSCO case, for then two types of non-replaceable resources, minerals and cropland, are being looted.

The impact of indiscriminate cropland acquisition on agricultural production will be clearly adverse. By the early 1990s, the total cropped area in the country had become stagnant. In the following two decades, as public investment and development spending were cut back, the growth rate of crop production slowed down drastically, leading to falling per capita output of many crops, including the key crop, foodgrains. Further diversion of area to non-agricultural uses will aggravate the supply problem. It is the longer-run neglect of output which already underlies the current food-price inflation, which is high despite the substantial order of demand contraction that has been brought about at the same time through public spending being cut, inducing higher unemployment and demand deflation.

On the other hand, it is also true that some forms of labour-intensive industry requiring land have to be promoted. There cannot be a permanent moratorium on land acquisition for non-agricultural purposes, nor do farmers themselves want every child of theirs to engage in farming alone. The solution lies in creating land-banks in every state by identifying land not suitable for agricultural purposes and locating manufacturing enterprises on such land.

In cases, which should be rare, where some cropland acquisition is unavoidable, farmers have to be treated as cooperative partners in the proposed venture and be given directly a share in the enterprise concerned over and above the cash compensation for the loss of land rights. Such arrangements are common in urban areas, where landowners feel benefited from allowing developers to build on their land since in return they get not only cash compensation but ownership of up to one–third of the total built-up area, which appreciates in value over time.

The plan of the previous Left Democratic Front (LDF) government in Kerala with regard to the tribal Chengara agitators demanding land in a plantation area is worth mentioning. Under a project named after the late K.R. Narayanan, land has been identified in Kasaragod to set up a cooperative residential-cum-activity complex in which houses for the families concerned will be constructed at state expense and alternative employment activities developed. The cooperative element is crucial as it ensures that individual households cannot be pressured to part with their new assets and will maintain productive activities, leading to a flow of income. It is to be hoped that the new United Democratic Front (UDF) government will carry the scheme forward.

There is no reason why the Kerala solution cannot be replicated elsewhere by being made a part of explicit policy. The basic principle is that acquisition of productive farmland, which is a valuable asset, has to be avoided. Where it is unavoidable, the owners, whether they have written titles or customary occupation rights, have to be given not just money but a share in the new assets either at the same site or elsewhere.

*
Utsa Patnaik
Source: Frontline/ Pragoti

Thursday, July 1, 2010

വയനാട്ടിലെ ആദിവാസിസമരവും കോടതിവിധിയും

വയനാട്ടില്‍ ആദിവാസിക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മാസങ്ങളായി നടന്നുവരുന്ന കുടിപാര്‍പ്പുസമരത്തിനെതിരെ കോടതി വിധി പ്രസ്‌താവിച്ചിരിക്കുന്നു. സമരത്തെ 'കയ്യേറ്റ'സമരമായി ചിത്രീകരിച്ച കോടതി കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നും നിര്‍ദേശം നല്‍കി. അതനുസരിച്ച് കുടിപാര്‍പ്പുകാരെ ഒഴിപ്പിക്കാന്‍ പൊലീസ് രംഗത്തുവന്നെങ്കിലും ശക്തമായ ചെറുത്തുനില്‍പുമൂലം പൊലീസിന് പിന്മാറേണ്ടിവന്നു. പൊളിച്ച കുടിലുകള്‍ പുനര്‍നിര്‍മിക്കുകയും ചെയ്‌തു.

കോടതിയുടെ നിലപാട് ഇത്തരം പ്രശ്‌നങ്ങളില്‍ ഭരണവര്‍ഗം സ്വീകരിച്ചുപോരുന്ന നിലപാടിന്റെ പ്രതിഫലനമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ഇന്ന ആള്‍ക്കാണെന്ന് തെളിവുസഹിതം വാദിക്കാന്‍ സാധിക്കുമെങ്കില്‍, അയാള്‍ക്കനുകൂലമായി കോടതി വിധിക്കും. അവിടെ കുടിപാര്‍ക്കുന്നവരെ 'കയ്യേറ്റ'ക്കാരായി ചിത്രീകരിക്കുകയും ചെയ്യും. ഇതിനുമുമ്പ് അമ്പായത്തോട് കോളനിയുടെ പ്രശ്‌നത്തിലും ഇതേ നിലപാട് നാം കണ്ടതാണ്. അവസാനം സര്‍ക്കാര്‍ ഇടപെടലിലൂടെ അമ്പായത്തോട് നിവാസികള്‍ക്കുതന്നെ ഭൂമി പതിച്ചുലഭിക്കുകയും ചെയ്‌തു.

ഇവിടെ 'നീതിയുടെ അന്ധതയ് 'ക്ക് (കല്‍പിച്ചുകൂട്ടി ഉണ്ടാക്കുന്ന അന്ധതയോ?) മറ്റൊരു പ്രധാന തെളിവുമുണ്ട്. ഒരു വസ്‌തുവിന്റെ ആധാരം തന്റെ പക്കലുണ്ടെന്ന് ഒരാള്‍ വാദിക്കുമ്പോള്‍ അതെങ്ങനെ അയാളുടെ കൈവശം എത്തിയെന്ന് അന്വേഷിക്കേണ്ട ബാധ്യതയും കൂടിയുണ്ട്. ഇവിടെ കുടില്‍കെട്ടിയ എം വി ശ്രേയാംസ്‌കുമാറിന്റെയും ജോര്‍ജ് പോത്തന്റെയും ഭൂമികള്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയതാണെന്ന വാദം ഉയര്‍ന്നിരുന്നു. അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വയനാട്ടില്‍ ആദിവാസിഭൂമിയെ സംബന്ധിച്ച വിവാദങ്ങളില്‍ അവിടത്തെ വന്‍കിട ഭൂവുടമകളുടെ മുന്‍ കയ്യേറ്റങ്ങള്‍ക്ക് പ്രധാന സ്ഥാനവുമുണ്ടായിരുന്നു. വീരേന്ദ്രകുമാര്‍പക്ഷം ജനതാദളിന്റെ നേതാക്കളായ ശ്രേയാംസ്‌കുമാറിന്റെയും പോത്തന്റെയും കയ്യേറ്റം ശക്തമായി നിഷേധിച്ച യുഡിഎഫുകാര്‍, വയനാട്ടിലെ ഒരു എംഎല്‍എയുടെ സഹോദരന്‍ ഭൂമി കയ്യേറിയെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഒരര്‍ഥത്തില്‍ ഭൂമികയ്യേറ്റം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്. ആദിവാസിക്ഷേമസമിതിയുടെ വാദവും അതുതന്നെയാണ്. വയനാട്ടിലെ ഭൂവുടമകള്‍ സര്‍ക്കാര്‍ വനഭൂമി കയ്യേറി തോട്ടങ്ങളാക്കിയെന്ന വാദമുന്നയിച്ചാണ് സമിതി സമരമാരംഭിക്കുന്നത്. ശ്രേയാംസ്‌കുമാറിന്റെയും പോത്തന്റെയും ഭൂമികള്‍ക്കാവശ്യമായ തെളിവും അവര്‍ ഹാജരാക്കി. ഇതൊന്നും അന്വേഷിക്കാതെ, കേസിന്റെ വിശദാംശങ്ങള്‍ പൂര്‍ണരൂപത്തില്‍ ആരായാതെ, ഭൂവുടമകള്‍ക്കനുകൂലമായ ഏകപക്ഷീയമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്ന് വന്നത്.

കോടതിയുടെ വര്‍ഗസ്വഭാവം തെളിയിക്കുന്ന മറ്റൊരുവശംകൂടിയുണ്ട്. വ്യക്തമായ രാഷ്‌ട്രീയസ്വഭാവമുള്ള, വര്‍ഗസ്വഭാവമുള്ള സമരത്തെ 'കയ്യേറ്റ'മായി ചിത്രീകരിക്കുകയാണ് കോടതി ചെയ്യുന്നത്. തൊഴിലാളി പണിമുടക്കുകളെയും ഹര്‍ത്താലുകളെയും നിരോധിക്കുന്ന, വിദ്യാര്‍ഥിസമരങ്ങളും സംഘടനാപ്രവര്‍ത്തനവും പാടില്ലെന്ന് ശഠിക്കുന്ന, ഭരണവര്‍ഗ താല്‍പര്യങ്ങളുടെ മറ്റൊരുദാഹരണമാണിത്. ഇത്തരം സമരങ്ങള്‍ക്ക് രാഷ്‌ട്രീയമായ പരിഹാരങ്ങളാണ് വേണ്ടതെന്ന് യുഡിഎഫുകാരടക്കമുള്ള ഏതു രാഷ്‌ട്രീയക്കാരും സമ്മതിക്കും. രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വിവാദങ്ങളും അടിസ്ഥാനപരമായി സാമൂഹ്യനീതിയെക്കുറിച്ചുള്ള വിവാദങ്ങള്‍തന്നെയാണ്. അതിനായി രണ്ടുകക്ഷികളുടെയും വാദങ്ങള്‍ വിശദമായി പരിശോധിക്കണം. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ അതിന് ഉത്തരവിടുകയും ചെയ്യാം. സിസ്‌റ്റര്‍ അഭയ കേസ്, പോള്‍ മുത്തൂറ്റ് കേസ് തുടങ്ങിയ നിരവധി കേസുകളില്‍ സര്‍ക്കാര്‍ നടപടികളെ മുന്‍നിര്‍ത്തി കോടതി ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം ഉത്തരവുകള്‍ സാധാരണക്കാരുടെ, അധഃസ്ഥിതരുടെ പ്രശ്‌നങ്ങളുയരുമ്പോള്‍ കോടതികളില്‍നിന്നുണ്ടാകാറില്ല. ഉപരിവര്‍ഗത്തിന്റെ നിലപാടുകള്‍, അതെന്തായിരുന്നാലും, ആവര്‍ത്തിക്കുകമാത്രമാണ് കോടതി ചെയ്യാറുള്ളത്. ആദിവാസികളുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ച സാമൂഹ്യനീതിയുടെ പ്രശ്‌നം കണക്കിലെടുക്കാതെ, ഇരകളുടെമേല്‍ പഴിചാരുന്ന രീതിയാണ് ഇക്കാര്യത്തില്‍ കോടതി അവലംബിച്ചത്.

ഇവിടെ അധഃസ്ഥിതരുടെ നീതി മാത്രമല്ല നിഷേധിക്കപ്പെട്ടത്. അത് ചരിത്രനിഷേധംകൂടിയാണ്. കോടതിയും ഭരണവര്‍ഗവും ചരിത്രം പഠിക്കണമെന്നില്ല, പക്ഷേ, സാമാന്യമായ സാമൂഹ്യബോധം ആവശ്യമാണല്ലോ. വയനാട്ടിലെ കാര്‍ഷികവ്യവസ്ഥയും ഭൂവുടമാവകാശവും വ്യാപിച്ചത് 1920കള്‍ മുതലാരംഭിച്ച നിരവധി കുടിയേറ്റങ്ങളുടെ ഭാഗമായാണ്. 1929ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ സെറ്റില്‍മെന്റില്‍പോലും ഭൂവുടമകളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. മുപ്പതുകള്‍ മുതലാണ് വന്‍തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. എഴുപതുകളുടെ അവസാനംവരെ അത് തുടരുകയാണ്. ശ്രേയാംസ്‌കുമാറിന്റെ കുടുംബംപോലും വയനാട്ടിലെത്തുന്നത് 1920കളുടെ ആദ്യമാണ്. അതായത് വയനാട്ടിലെ വലിയൊരു ശതമാനം ഭൂമികളുടെയും അടിയാധാരരേഖകള്‍ 1970ല്‍ ഭൂപരിഷ്‌ക്കാരത്തിനു ശേഷമുള്ളതായിരിക്കും. അവയില്‍ 1977നുമുമ്പുള്ളവ നിയമപരമാണെന്ന് സമ്മതിച്ചാല്‍പോലും കേരളത്തിലെ മറ്റു ഭാഗങ്ങളിലുള്ള ആധാരരേഖകളുടെ വ്യക്തത വയനാട്ടിലും (മറ്റു മലയോര പ്രദേശങ്ങളിലും) ഉണ്ടാകണമെന്നില്ല. മൂലധനസമാഹരണത്തിന്റെ യുക്തി ലോകത്തിലെല്ലായിടത്തും വിഭവങ്ങളുടെ കയ്യേറ്റവും പിടിച്ചെടുക്കലും തന്നെയാണ്. അതിനാണല്ലോ വന്‍ ശക്തികള്‍ യുദ്ധങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തുന്നത്. ഉടമാവകാശത്തെക്കുറിച്ച് കൂടുതല്‍ അവ്യക്തതയുള്ള വയനാട്ടില്‍ ഇത്തരം പിടിച്ചെടുക്കലുകള്‍ എളുപ്പവുമാണ്. വയനാട്ടിലെ ആദിവാസിസമരങ്ങള്‍ ഭൂവുടമകളുടെ കയ്യേറ്റങ്ങള്‍ക്കെതിരായ വര്‍ഗപരമായ പ്രതിരോധവുമാണ്.

എന്നാല്‍, കോടതി വസ്‌തുതകളെ തലകീഴായി കാണുകയാണ് ചെയ്‌തത്. ആദിവാസികളുടെ കുടിപാര്‍പ്പുസമരം 'കയ്യേറ്റ'മാണെന്ന് വിധിയെഴുതുന്നതിനുമുമ്പ് ഭൂവുടമകളുടെ അവകാശവാദം വസ്‌തുതാപരമാണോ എന്നും അവിടെ അതിനുമുമ്പ് കയ്യേറ്റം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു.ആദിവാസി ക്ഷേമസമിതി ഭൂമിയുടെമേല്‍ നിയമപരമായ അവകാശത്തിനുള്ള രേഖകള്‍ നിര്‍മിച്ചിട്ടില്ലെന്നും അവര്‍ കുടിപാര്‍പ്പുസമരംവഴി ഭൂമിയുടെമേല്‍ അവകാശം ഉന്നയിക്കുകമാത്രമാണ് ചെയ്‌തതെന്നും ഓര്‍ക്കേണ്ടതാണ്. അവകാശം ഉന്നയിക്കുക ന്യായമായ സമരരൂപമാണ്. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അവകാശംപോലെ പണിയെടുക്കുന്നവര്‍ക്ക് അവരുടെ വിഭവങ്ങളുടെമേലും അവകാശമുണ്ട്. വനഭൂമി ആദിവാസികളുടെ വിഭവമാണ്. അതുകൊണ്ട് അവര്‍ക്ക് അത്തരം ഭൂമിയുടെമേല്‍ ന്യായമായും അവകാശവാദമുന്നയിക്കാം. അത്തരം അവകാശവാദങ്ങളെ സംബന്ധിച്ച് നീതിയുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനും കോടതികള്‍ക്കും ബാധ്യതയുണ്ട്. അത്തരമൊരു തീരുമാനത്തിലേക്കെത്തിക്കുന്ന പ്രവര്‍ത്തനം നടത്തുന്നതിനുപകരം, ഒരു സമരത്തെ കയ്യേറ്റമായും മറ്റും ചിത്രീകരിക്കുന്നത് അതിനോടുള്ള അസഹിഷ്‌ണുതയും ഭരണവര്‍ഗപരമായ ധാർഷ്‌ട്യവുമാണ്. യഥാര്‍ഥത്തിലുള്ള കയ്യേറ്റക്കാരുടെ ചെയ്‌തികളെകൂടി മറയ്‌ക്കുന്നതിനു തുല്യവുമാണിത്.

ഈ കോടതിവിധിയും മറ്റൊരു കോടതിവിധിയും തമ്മില്‍ താരതമ്യപ്പെടുത്തുക സ്വാഭാവികമാണ്. ചെങ്ങറ സമരത്തെ സംബന്ധിച്ച കോടതിവിധിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഹാരിസണ്‍ മലയാളം കോര്‍പറേഷന്‍ കയ്യേറിയതായി പറയപ്പെടുന്ന ഭൂമയില്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി താമസമാക്കിയപ്പോള്‍ അവരെ കുടിയൊഴിപ്പിക്കണമെന്ന് വാദിച്ച് ഹാരിസണ്‍ മലയാളം കോര്‍പറേഷനും കോടതിയെ സമീപിച്ചിരുന്നു. അന്ന് കുടിയൊഴിപ്പിക്കല്‍ തടയുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാരിന് സമയം നല്‍കുകയുമാണ് കോടതി ചെയ്‌തത്. ചെങ്ങറ കുടിപാര്‍പ്പുകാര്‍ക്ക് ഭൂമി നല്‍കുക എന്ന പ്രക്രിയ ഇപ്പോള്‍ പൂര്‍ത്തിയായിവരികയുമാണ്. അതിനുപകരം ഹാരിസണ്‍ മലയാളംകാര്‍ ആഗ്രഹിച്ചതുപോലെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്‌തിരുന്നെങ്കില്‍ സ്ഥിതി സ്‌ഫോടനാത്മകമായ അവസ്ഥയിലെത്തുമായിരുന്നു, എന്നുമാത്രമല്ല ഭൂരഹിതരുടെ പ്രശ്‌നം ഒരിക്കലും പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്‌തേനെ. അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട വീണ്ടുവിചാരം വയനാട്ടില്‍ കോടതിയുടെ ഭാഗത്തുനിന്ന് കണ്ടില്ല എന്നത് അത്ഭുകരമാണ്. ചെങ്ങറ സമരത്തിന് സര്‍ക്കാര്‍വിരുദ്ധ സമരത്തിന്റെ സ്വഭാവമുണ്ടായിരുന്നതുകൊണ്ടും വയനാട്ടില്‍ സര്‍ക്കാര്‍ അനുകൂലികളാണ് സമരത്തിനിറങ്ങിയത് എന്നതുകൊണ്ടുമാകുമോ ഈ വ്യത്യാസമുണ്ടായത് ? അതോ, രണ്ടു ന്യായാധിപന്മാരുടെ കൈക്രിയകളിലെ വ്യത്യാസമാണോ? രണ്ടായിരുന്നാലും, നീതിന്യായവ്യവസ്ഥയില്‍ കാണേണ്ട ശുഷ്‌ക്കാന്തിയെ ഇതൊട്ടും കാണിക്കുന്നില്ല. കക്ഷിരാഷ്‌ട്രീയമനുസരിച്ചല്ല കോടതി തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര്‍വിരുദ്ധ സമരമായാലും സര്‍ക്കാര്‍ അനുകൂല സമരമായാലും കോടതിക്ക് ഒരുപോലെയാണ്. വര്‍ഗസ്വഭാവമുള്ള സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ കണക്കിലെടുക്കാതെ ന്യായാധിപരടങ്ങുന്ന മധ്യവര്‍ഗതാല്‍പര്യങ്ങളും അവരുടെ മുന്‍വിധികളും ഒരിക്കലും വരാന്‍ പാടില്ല. പക്ഷേ, നിരവധി വിധികളിലൂടെ നിക്ഷിപ്‌തതാല്‍പര്യങ്ങളുടെ വക്താക്കളാണ് തങ്ങളെന്ന് കോടതി വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

ചെങ്ങറ സമരവുമായുള്ള താരതമ്യം മറ്റൊരു വസ്‌തുതകൂടി പുറത്തുകൊണ്ടുവരുന്നു. ചെങ്ങറ സമരത്തിലടങ്ങുന്ന സാമൂഹ്യനീതിയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ കേരളത്തിലുടനീളം നടന്നിരുന്നു. നിരവധി പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഭൂരഹിതരും ഭൂമി ആവശ്യമുള്ളവരുമായ ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചാണ് ചെങ്ങറയിലെ ഭൂസമരം നടന്നത്. ഇതിന് ദളിത്-ആദിവാസി സ്വത്വരാഷ്‌ട്രീയപരമായ നിരവധി കാരണങ്ങളും നിരത്തി. രണ്ടാം ഭൂപരിഷ്‌ക്കരണ സമരമെന്ന വിശേഷണവും നല്‍കി. സമരത്തിന്റെ രീതിയോട് എതിര്‍പ്പുണ്ടായിരുന്നവര്‍പോലും ഭൂരഹിതരുടെ പൊതു അവകാശങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭൂരഹിതരുടെ അവകാശങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ ചെങ്ങറയില്‍ താമസിപ്പിക്കപ്പെട്ട യഥാര്‍ഥ ഭൂരഹിതരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തി. അവര്‍ക്ക് ഭൂമി വിതരണം ചെയ്‌തുവരികയാണ്.

എന്നാല്‍, ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ആദിവാസിക്ഷേമസമിതിയുടെ സമരത്തിനില്ല. ക്ഷേമസമിതിയുടെ സമരത്തിന് സ്വത്വസ്വഭാവമില്ല. അത് ആദിവാസികളുടെ ഭൂമിയുടെമേലുള്ള അവകാശസമരമാണ്. ആദിവാസികള്‍ക്ക് വനഭൂമിയുടെമേലുള്ള 'നൂറ്റാണ്ടുകളായുള്ള' വൈകാരികബന്ധം സ്ഥാപിക്കുകയല്ല അവര്‍ ചെയ്യുന്നത്, അവരുടെ നിലനില്‍പിന് വിഭവങ്ങളുടെമേലുള്ള അവകാശത്തിനുവേണ്ടി വാദിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് അവരുടെ സമരം പ്രത്യക്ഷത്തിലുള്ള വര്‍ഗസമരമാണ്. അധ്വാനിക്കുന്ന വര്‍ഗമെന്ന നിലയില്‍ അവരുടെ സമരം മുതലാളിത്തത്തിന്റെ പിടിച്ചെടുക്കല്‍ രീതികള്‍ക്ക് എതിരാണ്. ഈ സ്വഭാവംകൊണ്ടായിരിക്കാം പുതിയ 'രാഷ്‌ട്രീയ നൈതികത'യുടെ വക്താക്കള്‍ ക്ഷേമസമിതിയുടെ സമരത്തിനോട് പുറംതിരിഞ്ഞുനില്‍ക്കുന്നത്. 'നവസാമൂഹ്യപ്രസ്ഥാന'ങ്ങള്‍ക്ക് പൊതുവിലുള്ള ഇടതുപക്ഷവിരുദ്ധ സ്വഭാവവും (അതോ ഇടതുപക്ഷ 'സംരക്ഷണ'മോ? രണ്ടും ഫലത്തില്‍ ഒന്നുതന്നെ) അവരുടെ പ്രമുഖ വക്താക്കളിലൊരാള്‍ ക്ഷേമസമിതിയുടെ എതിര്‍ചേരിയിലായതും ഈ പൊതു അവഗണനയ്‌ക്ക് കാരണമാകാം. അദ്ദേഹത്തിന് മാധ്യമങ്ങളിലുള്ള സ്വാധീനവും പ്രധാന ഘടകമാണല്ലോ.

മാധ്യമങ്ങളും ബുദ്ധിജീവികളും അവഗണിച്ചാലും ഇല്ലെങ്കിലും കേരളത്തിലെ സുപ്രധാന കര്‍ഷകസമരങ്ങളിലൊന്നാണ് വയനാട്ടില്‍ രൂപപ്പെടുന്നത്. ഗോത്രമഹാസഭ ആദ്യഘട്ടത്തില്‍ ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചുവെന്നത് നേരാണ്. അതാണ് മുത്തങ്ങയിലെ കുടിപാര്‍പ്പുസമരത്തിലെത്തിച്ചത്. ഭൂരഹിതരെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് രമ്യമായി പരിഹരിക്കുന്നതിനുപകരം യുഡിഎഫ് സര്‍ക്കാര്‍ വെടിവെയ്പ്പ് നടത്തി സംഘര്‍ഷത്തെ ആളിക്കത്തിച്ചു. തുടര്‍ന്ന് ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമിവീതം വാഗ്‌ദാനംചെയ്‌തു. പ്രായോഗികമായി നടപ്പിലാക്കാന്‍ വിഷമമായ ഈ വാഗ്‌ദാനത്തിലൂടെ ആദിവാസി സമരത്തെ വിലയ്‌ക്കെടുക്കുകയാണ് യുഡിഎഫ് ചെയ്‌തത്. ഇതിനിടയില്‍ സമരത്തില്‍ കടന്നുവന്ന സ്വത്വവാദികളും തീവ്രവാദികളും സമരത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുകയും സമരം കെട്ടടങ്ങുകയും ചെയ്‌തു. വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടിന്റെയും നേതൃത്വത്തിന്റെയും അഭാവം ഈ സമരത്തില്‍ പ്രകടമായിരുന്നു. അതുകൊണ്ട് ആദിവാസികളുടെ വര്‍ഗപരമായ അവകാശസമരമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനുപകരം സ്വത്വാടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള സമരമായി അത് മാറി. ആറളം ഫാമിലെ കുടിപാര്‍പ്പുപോലുള്ള സമരരൂപങ്ങള്‍ തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിനു വഴിതെളിച്ചു. ചെങ്ങറയിലും തൊഴിലാളികളുമായുള്ള സംഘര്‍ഷം ആവര്‍ത്തിച്ചു. അതായത് മുതലാളിത്തത്തിനെതിരായി ഒരുമിച്ച് നീങ്ങേണ്ട ശക്തികള്‍ പരസ്‌പരം പോരടിക്കുന്ന സ്ഥിതിയാണ് വളര്‍ന്നുവന്നത്. അതെല്ലാം സ്വത്വത്തിന്റെയും ഇടതുപക്ഷവിരുദ്ധതയുടെയും പേരില്‍ ന്യായീകരിക്കപ്പെട്ടു.

ക്ഷേമസമിതിയുടെ സമരം ഇതില്‍നിന്നു ഭിന്നമാണ്. ഭൂരഹിതരെ ഏതെങ്കിലും പ്രദേശത്ത് താമസിപ്പിക്കുന്നതിനുപകരം, മുതലാളിമാര്‍ കയ്യടക്കിയ ഭൂമികള്‍ കൃത്യമായി തിരിച്ചറിഞ്ഞ് അവിടെയാണ് ആദിവാസികള്‍ കുടില്‍ കെട്ടിയത്. അതുകൊണ്ടാണ് ക്ഷേമസമിതിയുടെ സമരം വര്‍ഗസമരമായി മാറിയതും മുതലാളിമാര്‍ക്കനുകൂലമായി കോടതി ഇടപെട്ടതും. കോടതി ഉത്തരവനുസരിച്ചുള്ള പൊലീസ് ഇടപെടലിനെ ചെറുത്തുനില്‍ക്കാന്‍ ആദിവാസികള്‍ക്ക് കഴിയുന്നുവെന്നത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രസക്തി കാണിക്കുന്നു.

പക്ഷേ, ഇതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ല. കോടതിയുടെയും പൊലീസിന്റെയും ഇടപെടല്‍ ഇനിയും ഉണ്ടാകും. പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അവര്‍ ഭൂവുടമകള്‍ക്ക് അനുകൂലമാണ്. ഭാവിയില്‍ അവര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സമരം അടിച്ചമര്‍ത്തുന്നതില്‍ മുന്‍കയ്യെടുക്കുമെന്നതിലും സംശയമില്ല. അല്ലെങ്കില്‍ മറ്റു സംഘടനകളുണ്ടാക്കി സമരത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുകയും ആകാം.

പക്ഷേ, ഭൂരഹിതര്‍ക്ക് നല്‍കുന്നതുപോലെ കേവലമായ ഭൂവിതരണത്തില്‍ ആദിവാസികളുടെ പ്രശ്‌നം ഒതുങ്ങുന്നില്ല. ആദിവാസികളുടെ വിഭവങ്ങളുടെമേലുള്ള അവകാശം അവരുടെ നിലനില്‍പിനുള്ള സമരത്തിന്റെ ഭാഗമാണ്. ഈ വിഭവങ്ങള്‍ തുടര്‍ച്ചയായ ഭൂമികയ്യേറ്റങ്ങളിലൂടെ കവര്‍ന്നെടുക്കപ്പെട്ടതുമാണ്. ശ്രേയാംസ്‌കുമാറും പോത്തനും ഹാരിസണ്‍ മലയാളവുമെല്ലാം വ്യാപകമായ കയ്യേറ്റത്തിന്റെ പ്രകടമായ തലങ്ങള്‍മാത്രമാണ്. 1977നുമുമ്പ് ഭൂപരിഷ്‌ക്കാരത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട കണക്കുകള്‍ മാത്രമാണ് ഇപ്പോഴും നമുക്കുള്ള ആധികാരിക രേഖകള്‍. അതിനുശേഷം ഭൂമി നിരവധി പ്രാവശ്യം കൈമാറിയിട്ടുണ്ട്. ഇത്തരം കൈമാറ്റങ്ങളിലും പിന്നീട് നല്‍കപ്പെട്ട പട്ടയങ്ങളിലും ആദിവാസികളുടെ വാസകേന്ദ്രങ്ങളടക്കമുള്ള വനഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ മുഴുവനും തിരിച്ചെടുക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്. മൂന്നാറില്‍ ഇപ്പോള്‍ ശ്രമിക്കുന്നതും അതിനുതന്നെയാണ്. അത്തരം ഭൂമികളില്‍ വാസയോഗ്യവും ഉല്‍പാദനക്ഷമവുമായ പ്രദേശങ്ങള്‍ ആദിവാസികള്‍ക്ക് നല്‍കുകയുംവേണം. ആദിവാസികളെ ഉപയോഗിച്ചുകൊണ്ടുള്ള ജോയിന്റ് ഫോറസ്‌റ്റ് മാനേജ്‌മെന്റ് പോലുള്ള പദ്ധതികള്‍ ഫലപ്രദമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം ആദിവാസികളുടെ വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവും വര്‍ധിപ്പിച്ചുകൊണ്ട് അവരെ ഇത്തരം പ്രദേശങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ പ്രേരിപ്പിക്കണം. അത്തരത്തിലുള്ള ഭൂവിനിയോഗക്രമം വനഭൂമികളില്‍ വളര്‍ന്നുവരണം. അതിനാവശ്യമായ കൂട്ടായ്‌മരൂപങ്ങള്‍- സഹകരണ സംഘങ്ങള്‍, കൂട്ടായ മാനേജ്‌മെന്റ് രൂപങ്ങള്‍ മുതലായവ - ആദിവാസികളില്‍ വളര്‍ന്നുവരികയുംവേണം.

ഇവ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഴ്‌ചപ്പാടിന്റെ ഭാഗമാണ്. വ്യക്തമായി കയ്യേറ്റഭൂമിയാണെന്ന് തെളിയിക്കാവുന്ന പ്രദേശങ്ങള്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് പുനര്‍വിതരണം ചെയ്യുക പ്രശ്‌നപരിഹാരത്തിന്റെ തുടക്കമാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടനെ ആരംഭിക്കണം. മുമ്പ് സൂചിപ്പിച്ചതുപോലെ മലയോര പ്രദേശങ്ങളിലെ ക്രമരഹിതമായ ഭൂമിവിതരണം പ്രശ്‌നത്തെ സങ്കീര്‍ണമാക്കുമെന്നതുറപ്പാണ്. ഇത് ഭൂമികള്‍ ഏറ്റെടുക്കുന്നതുപോലെ ആയാസരഹിതമായ പ്രക്രിയയാവില്ലെന്നതുറപ്പാണ്. പലതരത്തിലുള്ള വ്യവഹാരങ്ങള്‍ക്കുംകോടതി ഇടപെടലുകള്‍ക്കും അതു വഴിവെക്കും. ഭൂമികയ്യേറ്റക്കാര്‍ നിയമരഹിതമായിത്തന്നെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതുകൊണ്ട് നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ദുര്‍ഘടങ്ങളെയെല്ലാം വര്‍ഗാധിഷ്‌ഠിതമായ കാഴ്ചപ്പാടിലൂന്നി തരണംചെയ്യാന്‍ ആത്മാര്‍ഥമായ ശ്രമമാണ് ഇപ്പോള്‍ വേണ്ടത്.

ഇപ്പോള്‍ നടക്കുന്ന ഭൂസമരത്തിന് മറ്റൊരു മാനവും താമസിയാതെ ഉണ്ടാകും. പശ്ചിമഘട്ടങ്ങള്‍ സമൃദ്ധമായ വാണിജ്യ വിളപ്രദേശങ്ങളാണെന്ന് അഗ്രി ബിസിനസ് കുത്തകകള്‍ക്കറിയാം. ആസിയന്‍ കരാറിനുശേഷം കാര്‍ഷികമേഖലയിലെ അന്താരാഷ്‌ട്ര ഭീമന്മാരെ കൊണ്ടുവരാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലപ്രാപ്‌തിയിലെത്തുകയാണെങ്കില്‍ നിയമപരമായ രീതിയില്‍തന്നെ ഭൂമികയ്യേറ്റം നടത്തുന്ന അന്താരാഷ്‌ട്ര കുത്തകകളും വയനാട്, ഇടുക്കി മുതലായ പ്രദേശങ്ങളില്‍ പ്രവേശിക്കും. ഈ സാധ്യത ആദിവാസികളുടെ ജീവിതത്തെ കൂടുതല്‍ ദുഷ്‌ക്കരമാക്കും. അവരുടെ അധ്വാനം അന്താരാഷ്‌ട്ര കുത്തകകള്‍ക്ക് വില്‍ക്കുന്ന സ്ഥിതിയും ഉണ്ടാകാം. അതിനെതിരായ പ്രതിരോധത്തിന്റെ അടിത്തറ ഇപ്പോള്‍ത്തന്നെ ഇടേണ്ടതുണ്ട്. കുത്തകകള്‍ക്കെതിരായ ആദിവാസികളുടെ പ്രതിരോധവും നിലവിലുള്ള ഭൂമികളില്‍ അതിജീവനത്തിനും വിഭവവര്‍ധനയ്‌ക്കുമുള്ള ശാസ്‌ത്രീയമായ ശ്രമങ്ങളും ചേര്‍ന്നുള്ള ആദിവാസി സമരരൂപങ്ങള്‍ വളര്‍ത്തേണ്ടതും ആവശ്യമാണ്. ഇതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ക്ഷേമസമിതിയുടെ ഭാഗത്തുനിന്ന് വേണ്ടിവരും.

ക്ഷേമസമിതിയുടെ ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ വിജയം ഇതിന്റെയെല്ലാം അടിത്തറയാണ്. കയ്യേറിയ ഭൂമിയുടെ പുനര്‍വിതരണംതന്നെ ആദിവാസികളുടെ പുതിയ ജീവിതത്തിന്റെയും പുതിയ സമരരൂപങ്ങളുടെ വളര്‍ച്ചയുടെയും തുടക്കമാണ്. അതിനെ സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് എതിര്‍ത്ത് പരാജയപ്പെടുത്താനാണ് ഭരണവര്‍ഗങ്ങള്‍ ശ്രമിക്കുന്നത്. അതിലവര്‍ വിജയിച്ചാല്‍ ആദിവാസി പ്രസ്ഥാനം വന്‍തോതില്‍ പിന്‍വാങ്ങേണ്ടിവരും. അതൊരിക്കലും അനുവദിച്ചുകൂടാ. അതുകൊണ്ട് ആദിവാസിഭൂമിയുടെ പുനര്‍വിതരണത്തിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കുകയും അത് സാധ്യമായ ഇടങ്ങളില്‍ ഉടനടി നടപ്പിലാക്കാന്‍ തുടങ്ങുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 'കയ്യേറ്റക്കാര്‍' ആദിവാസികളാണെന്ന കോടതിവിധിക്കും വന്‍തോതില്‍ സ്വാധീനമുണ്ടാകുന്നുണ്ട്. എല്ലാ സമരങ്ങളെയും 'അക്രമസമര'ങ്ങളെന്ന് വിശേഷിപ്പിക്കുന്ന രീതിയുടെ തുടര്‍ച്ചയാണിത്. അതിനെതിരായി ആദിവാസിമേഖലയില്‍ എന്ത് നടക്കുന്നുവെന്ന് വിശദീകരിക്കുന്ന പ്രചരണപരിപാടികളും അതിവേഗത്തില്‍ ഏറ്റെടുക്കണം. ആദിവാസി പ്രക്ഷോഭത്തെ വയനാട്ടിലെ പ്രാദേശിക സമരമായിമാത്രം കാണാതെ ഇന്നത്തെ മുതലാളിത്തരൂപത്തിനെതിരായ ശക്തമായ പ്രക്ഷോഭ രൂപങ്ങളിലൊന്നായി കാണുകയും വിപുലമായ ഐക്യദാര്‍ഢ്യം ആ സമരത്തിനോട് പ്രകടിപ്പിക്കുകയും വേണം.


*****

ഡോ. കെ എന്‍ ഗണേശ്, കടപ്പാട് : ചിന്ത വാരിക