Showing posts with label ഐ.പി.എല്‍. Show all posts
Showing posts with label ഐ.പി.എല്‍. Show all posts

Sunday, May 2, 2010

പണം പറത്തും പരുന്ത്

എല്ലാം പറഞ്ഞുകഴിഞ്ഞശേഷവും നാലു കാളിദാസ ശ്ളോകങ്ങളില്ലാതെ ഒന്നും പൂര്‍ത്തിയാകുന്നില്ലെന്ന രാജകീയ ശാഠ്യംപോലെ കോപ്പിബുക് ക്ളാസിക് സാധ്യതകളുടെ ആശയ പരിസരത്തുനിന്ന് ക്രിക്കറ്റ് അണുവിട മാറിക്കൂടെന്നു പറയുന്നില്ല. എഴുപതുകളില്‍ ഓസ്ട്രേലിയന്‍ വിത്തപ്രമാണിയായ കെറി പേക്കര്‍ ക്രിക്കറ്റ് സംപ്രേഷണാവകാശം നേടിയെടുക്കുന്നതിന് പുറത്തെടുത്ത വൃത്തികെട്ട കളികളിലൊന്നാണ് ക്രിക്കറ്റിനെ ഇന്നു കാണുന്ന കടും വര്‍ണങ്ങളിലേക്കും ട്വന്റി 20 എന്ന ഉത്തരാധുനിക രൂപത്തിലേക്കും എത്തിച്ചത്. പേക്കര്‍ കഥാവശേഷനായി. അദ്ദേഹം ലളിത് മോഡിയെ കണ്ടിരുന്നെങ്കില്‍ നീയാണ് എന്റെ ഗുരു എന്ന് അത്യാദരത്തോടെ മൊഴിയുമായിരുന്നു.

വെറും കച്ചവടമല്ലാതെ മറ്റൊരു ലക്ഷ്യവും പേക്കര്‍ക്കില്ലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കച്ചവടത്തിന്റെ മഹാസാധ്യതകള്‍ കേന്ദ്രീകരിക്കുന്നതിനെ തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ വേള്‍ഡ് സീരീസിന് അഥവാ പൈജമാ ക്രിക്കറ്റിനു കഴിഞ്ഞു. നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പനായ കെറി പേക്കറേക്കാള്‍ ആഴത്തിലുള്ള അധോലോക ബുദ്ധിയും ചൂതാട്ടമനസ്സും മോഡിക്കുണ്ട്. ചൂതാട്ടവും മയക്കുമരുന്നു കച്ചവടവും മറ്റും മറ്റുമുള്ള മാരിയോ പുസോയുടെ 'ഗോഡ്ഫാദറിലെ' കാസിനോകള്‍ക്കു സമാനമായ അന്തരീക്ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കു സംക്രമിപ്പിക്കാനുള്ള പരിശ്രമത്തിലാണല്ലോ മോഡി എന്ന സിഇഒ. അദ്ദേഹത്തിന് വിജയകരമായി കാസിനോ ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും കേരളത്തിന്റെ ഐപിഎല്‍ മോഹങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പാഡുകെട്ടി ഇറങ്ങിയ ശശി തരൂരിന്റെ മന്ത്രിപ്പണി കളഞ്ഞ് 'ഡിക്ളയേഡ് ഔട്ടാക്കാനായി'. എങ്കിലും ബിസിസിഐക്കും അതിന്റെ അധ്യക്ഷനായ ശരത്പവാറിനും കൂട്ടാളികള്‍ക്കും ലളിത് മോഡിയിലുള്ള വിശ്വാസം അചഞ്ചലമായി തുടരുന്നു.

ഐപിഎല്‍ റിയാലിറ്റി ഷോയിലെ ചീഞ്ഞളിഞ്ഞ എപ്പിസോഡുകള്‍ക്ക് വമ്പന്‍ സ്രാവുകളുടെ രാഷ്ട്രീയക്കളികൂടി സമാസമം ചേര്‍ത്ത് നാടകീയത ഏറ്റിയെങ്കിലും ഈ തൊഴുത്ത് വൃത്തിയാക്കി സംശുദ്ധമായ കളിയുടെ പുനര്‍ജനി ഇവിടെ സംഭവിക്കുമെന്നു കരുതേണ്ട. കനകത്തിന്റെയും കാമിനിയുടെയും കലഹത്തിന്റെ ഫലമായുള്ള ആഘാത പ്രത്യാഘാതങ്ങളില്‍ തരൂരിന്റെ വിക്കറ്റ് തെറിച്ചപ്പോള്‍ കേരളത്തിന് ഐപിഎല്‍ ടീം പോകുമല്ലോ എന്ന ആശങ്കയില്‍ വിലപിക്കുന്നവരുണ്ടാവാം. വര്‍ഷങ്ങളായി രഞ്ജി ട്രോഫിയില്‍ കളപറിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് പുതിയ കളിക്കാരെ ലഭ്യമാക്കാനോ സാമ്പത്തിക സ്രോതസ്സ് തുറന്നിടാനോ എന്തു താല്‍പ്പര്യമാണ് പേരിനുമാത്രം മലയാളിസാന്നിധ്യമുള്ള ഗുജറാത്തി വ്യവസായ കുടുംബത്തിന്റെ റൊണ്‍ഡിവു കണ്‍സോര്‍ഷ്യത്തിനുണ്ടാവുക. മൂന്നു വര്‍ഷമായി 25 കോടി രൂപവീതം ബിസിസിഐയില്‍നിന്നു കിട്ടിപ്പോരുന്ന കേരള ക്രിക്കറ്റ് സമിതി ഈ കളിക്കായി ഒരു ചുക്കും ചെയ്യാത്തപ്പോള്‍ മറുനാട്ടുകാര്‍ ഇവിടെ സാമ്രാജ്യം പണിഞ്ഞുതരണമെന്നു വാദിക്കുന്നതില്‍ എന്തു ന്യായം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പണത്തിന്റെ അക്കങ്ങള്‍ അനന്തമായി നീണ്ടുകിടക്കുന്നു. തമോഗര്‍ത്തത്തില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന കണികപോലെയാണത്. ഐപിഎല്‍ ടെസ്റ്റോ, ഏകദിന കളിയോ അല്ല. അവിടെ എത്ര പണമിട്ടുമൂടിയാലും ടീമുകള്‍ മികവിന്റെ വഴിയില്‍ മുന്നേറണം. യുവാക്കളെ കോളയിലേക്കും ബൈക്കുകളിലേക്കും അമ്മമാരെ ടൂത്ത്പേസ്റ്റിലേക്കും പെണ്‍കുട്ടികളെ വഴിതെറ്റലിലേക്കും നയിക്കാന്‍ കെല്‍പ്പുള്ളവരാണല്ലോ, പരസ്യമോഡലുകള്‍കൂടിയായ നമ്മുടെ ക്രിക്കറ്റ് ശിങ്കങ്ങള്‍. മറ്റൊരിടത്തും ക്രിക്കറ്റുകളിക്കാര്‍ വിഗ്രഹങ്ങളാവുന്നില്ല. ഇന്ത്യയിലെപ്പോലെ ക്രിക്കറ്റ് മറ്റൊരിടത്തും കോടികളുടെ കണക്കുമാവുന്നില്ല. കളിയില്‍ കവിഞ്ഞ് ക്രിക്കറ്റ് ഇവിടെ ഒരു കള്‍ട്ടായി കഴിഞ്ഞിരിക്കുന്നു. ഓരോ കള്‍ട്ടും സൃഷ്ടിക്കുന്നത് അടിമകളെയാണ്. വിശ്വക്രിക്കറ്റിലെ രത്നങ്ങളിലൊന്നായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് രാജ്യത്തോടുള്ള അര്‍പ്പണ മനോഭാവത്തോടൊപ്പം അഗാധവും തീവ്രവുമായ ബാധ്യതകള്‍ സ്പോണ്‍സര്‍മാരോടും പരസ്യക്കാരോടും ഉണ്ട്. അല്ലെങ്കില്‍ റിക്കി പോണ്ടിങ്ങിനെപ്പോലെ ടെസ്റ്റിലും തെരഞ്ഞെടുക്കുന്ന ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് 40 വയസ്സുവരെയെങ്കിലും രംഗത്തു തുടരാനാണ് സച്ചിന്‍ ശ്രമിക്കേണ്ടത്.

ക്രിക്കറ്റ്പോലെ ഇന്ത്യക്കാരനെ ആവേശഭരിതമാക്കുന്നതാണ് സിനിമയും. കോര്‍പറേറ്റ് സിനിമ സ്പോര്‍ട്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ സൂപ്പര്‍ സര്‍ക്കസ്സായ ഐപിഎല്‍, കളിയുടെ തലത്തില്‍ എന്ത് സാമൂഹിക ധര്‍മമാണ് ഇവിടെ നിര്‍വഹിക്കുന്നത്. ഒരു മഹാരാജ്യം, അതിനു പിന്നില്‍ സ്പന്ദിക്കുന്ന കോടിക്കണക്കിനു മനസ്സുകള്‍. രാജ്യത്തിന്റെ വിജയത്തില്‍ അവയുടെ ജ്വലനം. തോല്‍വിയില്‍ വിലാപം. ഏതൊരു കായികരൂപത്തിനും ദേശീയ അഭിമാനം വാശിയും വീര്യവും പകരുന്നതാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സോ പഞ്ചാബ് കിങ്സ് ഇലവനോ തോല്‍ക്കുമ്പോള്‍ ചങ്കിടറുന്നത് ഷാരൂഖാനും പ്രീതിസിന്റയ്ക്കും മാത്രമാണ്. ശേഷമെല്ലാം താല്‍ക്കാലികവും തൊലിപ്പുറത്തുള്ളതുമായ ആരവങ്ങള്‍ മാത്രം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലും സ്പെയിനില്‍ ബാഴ്സ-റയല്‍മാഡ്രിഗ് വൈരത്തിലും കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ കൊമ്പുകോര്‍ക്കലിലും തിളച്ചുമറിയുന്ന വികാരം വേറെയാണ്. അത് കാശെറിഞ്ഞു നേടാന്‍ സാധിക്കുന്നതല്ല. അതാതിടങ്ങളിലെ ജനങ്ങളുടെ സ്വത്വവും സംസ്കൃതിയുമായി ഇഴചേര്‍ന്ന് കാലങ്ങളായി കുറുകിവന്ന കലര്‍പ്പില്ലാത്ത കളി ഭ്രാന്താണ്; അത് ജീവിതവും മരണവുമാണ്. ഐപിഎല്ലിലെ കാണികള്‍ ഇത്തരത്തില്‍ മാനസികമായി വിമലീകരിക്കപ്പെടുന്നില്ല. അവര്‍ ഈ കോര്‍പറേറ്റ് മെഗാ ഷോയിലെ നിശ്ശബ്ദ ഓഹരിയുടമകള്‍ മാത്രമാണ്. ഐപിഎല്‍ കളിക്കാരെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുവേണ്ടിയുള്ള കളി രണ്ടാമതായി. നാടിന്റെ അഭിമാനസ്തംഭങ്ങളായി നിറഞ്ഞാടിയ അവരില്‍ പലരും ഈ ഇടിമിന്നല്‍ കളങ്ങളില്‍ തങ്ങള്‍ക്കുവേണ്ടി മാത്രം കളിക്കേണ്ട ഗതികേടിലാണ്.

ജനകീയവും ജനലക്ഷങ്ങളുടെ ഹൃദയവികാരവുമായ കാല്‍പ്പന്തുകളിയില്‍പ്പോലും അമിതമായ ലാഭേഛയുടെ കരിനിഴല്‍ പതിയാന്‍ തുടങ്ങിയിട്ടുണ്ട്. വ്യാവസായിക നിക്ഷേപംപോലെ സോക്കറിന്റെ മനോഹാരിതയെയും ആസ്വാദ്യതയെയും വില്‍പ്പനച്ചരക്കാക്കുന്നതിന്റെ പ്രവണതകളും ദുരന്തഫലങ്ങളും ചിലേടത്തെങ്കിലും പ്രകടമാണ്. ഇസ്രയേലിലെ പ്രസിദ്ധമായ മക്കാബി അടക്കമുള്ള നാല് ഫുട്ബോള്‍ ക്ളബ്ബുകള്‍ സാമ്പത്തിക കാവല്‍ക്കാരില്ലാതെ പരാജയത്തിന്റെ ഗോള്‍പോസ്റ്റിലേക്ക് നടന്നടുക്കുകയാണ്.

രാഷ്ട്രത്തെ മാത്രമല്ല, കളിയെയും സംസ്കാരത്തെയുമെല്ലാം വില്‍പ്പനച്ചരക്കാക്കാമെന്ന സിദ്ധാന്തത്തിന്റെ ഉത്സവപ്പെരുമയാണ് ഐപിഎല്ലില്‍. ക്രിക്കറ്റിന്റെ സാമ്പത്തിക സാധ്യതകള്‍ വിഹിതവും അവിഹിതവുമായ വെളുപ്പും കറുപ്പും പണവും പിന്നെ ബെറ്റിങ് മടകളുടെ സമൃദ്ധിയും ചൂതാട്ടവും ചേര്‍ന്ന് അതിലേക്ക് എത്താവുന്ന സമ്പത്തിന്റെ സ്രോതസ്സുകള്‍ക്ക് സീമകളില്ലെന്നായിരിക്കുന്നു.

കളിയുടെ സൂക്ഷ്മസൌന്ദര്യം മുഴുവന്‍ അനാവശ്യമാകുമ്പോള്‍ കളി വളരുകയാണോ വരണ്ടുപോവുകയാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ബാറ്റ്സ്മാന്റെ തല്ലുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമായി ബൌളര്‍മാര്‍ ചുരുങ്ങിയാല്‍ ക്രിക്കറ്റും ബേസ്ബോളും തമ്മിലെന്തു വ്യത്യാസം. ബാറ്റ്സ്മാന്റെയും ബൌളറുടെയും മൌലികതയ്ക്കും മികവിനും എത്രത്തോളം മൂല്യമുണ്ടെന്നതാണ് ട്വന്റി 20 ഉയര്‍ത്തുന്ന വലിയ ചോദ്യം. ഒരു വെടിക്കെട്ട് ബാറ്റ്സ്മാനും പ്രതിഭയുടെ ഏറ്റവും മൂര്‍ത്തരൂപമായ സച്ചിനും തമ്മില്‍ ഈ കളിയില്‍ വ്യത്യാസമുണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. ഷെയ്ന്‍വാണും മുത്തയ്യ മുരളീധരനും ഇവിടെ കേമന്മാരാകുന്നതെങ്ങനെ? കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ക്രിക്കറ്റും പരിഷ്കരിക്കണം. അതിനു ചുക്കാന്‍പിടിക്കേണ്ടത് കളിയെയും കാലത്തെയും ക്രിക്കറ്റിനെയും ചരിത്രബോധത്തോടും യുക്തിഭദ്രതയോടും പ്രതിബദ്ധതയോടും കാണാന്‍ കഴിവുള്ളവരാകണം. അല്ലാതെ ക്രിക്കറ്റിന്റെ ദേശീയ, അന്താരാഷ്ട്ര സമിതികളെ നോക്കുകുത്തികളാക്കി, കാശില്‍ മാത്രം കണ്ണുവയ്ക്കുന്ന കളിനടത്തിപ്പുകാര്‍ക്ക് പരിഷ്കൃതമായ ക്രിക്കറ്റോ അതുളവാക്കുന്ന ആനന്ദമോ പ്രദാനംചെയ്യാനാവില്ല.

സാമൂഹികജീവിതത്തിന്റെതന്നെ അജന്‍ഡ ടെലിവിഷന്‍ നിര്‍ണയിക്കുന്ന ഘട്ടത്തില്‍, ഈ നിറപേടകത്തിന് അനുയോജ്യമായവിധം ക്രിക്കറ്റ് കളിയെയും അതിന്റെ എല്ലാ ചേരുവകളെയും പൊളിച്ചെഴുതാന്‍ ഐപിഎല്ലിനു കഴിഞ്ഞു. ടിവിയില്‍ കാണുന്ന മെഗാ ആക്ഷന്‍ ഷോ ആയ ട്വന്റി 20 യുടെ പല അസംസ്കൃത വസ്തുക്കളില്‍ ഒന്നുമാത്രമാണ് ഗ്രൌണ്ടില്‍ നടക്കുന്ന കളി. ആക്ഷനും റീപ്ളേയും സ്ളോമോഷനും അര്‍ധനഗ്നാംഗികളുടെ ആനന്ദച്ചുവടുകളും കാണികളുടെ ആവേശവും വിലാപവുമൊക്കെ ചേര്‍ന്നുള്ള തട്ടുപൊളിപ്പന്‍ ദൃശ്യനാടകമാണ് ഈ നാനോ ക്രിക്കറ്റ്.

ക്രിക്കറ്റും വാണിജ്യവല്‍ക്കരണവും തമ്മില്‍ നാഭീനാള ബന്ധംതന്നെയാണ്. ഒന്നില്ലെങ്കില്‍ മറ്റേതില്ല എന്നിടത്തോളം അത് മൂര്‍ച്ഛിച്ചിരിക്കുന്നു. ഫ്ളാഷുകളുടെയും വെള്ളിവെളിച്ചത്തിന്റെയും പ്രകമ്പനംകൊള്ളിക്കുന്ന സംഗീതത്തിന്റെയും അകമ്പടിയോടെ സൈക്കഡലിക് വര്‍ണത്തില്‍ കുളിച്ചുനില്‍ക്കുന്ന ഐപിഎല്‍ പൂരം ദരിദ്രനാരായണന്‍മാരുടെ നാടിനു വേണോ. ഈ ബോളിവുഡ് മസാലപ്പടംകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് എന്തു നേട്ടം. വിശ്വക്രിക്കറ്റില്‍ അത് ഇന്ത്യക്ക് എന്ത് ഉയരമാണ് കൊണ്ടുവന്നിരിക്കുന്നത്? ഐപിഎല്‍ കളി വികാസത്തിന്റെ പരമാവസ്ഥയെത്തുമ്പോള്‍ ക്രിക്കറ്റ് ഇനിയും എങ്ങനെ മാറിപ്പോകുമെന്നു പ്രവചിക്കാന്‍ കഴിയില്ല. ലോക ക്രിക്കറ്റില്‍ ലഗ്ഗ്ളാന്‍സ് എന്ന റണ്‍ നേടല്‍ വിദ്യ ആവിഷ്കരിച്ച രഞ്ജിത് സിങ്ജിയുടെ പിന്മുറക്കാര്‍ എവിടെയെല്ലാമാണ് വിഹരിക്കുന്നത്. ക്രിക്കറ്റിന്റെ ഇത്തരം കെട്ടുകാഴ്ചകള്‍ തിമിര്‍ത്താടുമ്പോള്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനും അതുപോലെ മണ്‍മറഞ്ഞ മഹാരഥന്മാരുമൊക്കെ കല്ലറകളില്‍ കിടന്ന് തലയില്‍കൈവയ്ക്കുന്നുണ്ടാകും.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Friday, April 23, 2010

ക്രിക്കറ്റിനെ കൊല്ലുന്ന വിപണി വൈകൃതം

"കവിയെയും കലാകാരനെയും അഭിഭാഷകനെയും ഭിഷഗ്വരനെയും എല്ലാം മുതലാളിത്തം അതിന്റെ ശമ്പളംപറ്റുന്ന കൂലിവേലക്കാരാക്കി മാറ്റും'' എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും എംഗല്‍സും പറഞ്ഞിട്ടുണ്ട്. ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തം ക്രിക്കറ്റിലെ താരദൈവങ്ങളെപ്പോലും വെറും കൂലി അടിമകളും കമ്പോളത്തില്‍ വിലപേശി വില്‍ക്കുന്ന ചരക്കുകളുമാക്കി തീര്‍ത്തിരിക്കുന്നു. സച്ചിനും ഗാംഗുലിയും ധോണിയും യുവരാജുമെല്ലാം മൂലധനത്തിന് വിലക്കെടുക്കാവുന്ന ചരക്കുകളും ക്രിക്കറ്റ് കൊള്ളലാഭം കൊയ്യാവുന്ന ചൂതാട്ടവുമായിത്തീര്‍ന്നിരിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റെ പ്രത്യേകത ചൂതാട്ടസ്വഭാവമുള്ള ധനമൂലധനത്തിന്റെ അമ്പരപ്പിക്കുന്ന വ്യാപ്തിയും അതിദ്രുത വ്യാപനവുമാണ്. ഓഹരിവിപണിയും ചരക്കുവിപണിയിലെ അവധിവ്യാപാരവും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടവുമെല്ലാം ഈ അനിയന്ത്രിതമായ ചൂതാട്ടത്തിന്റെ അനേകം മേഖലകളില്‍ ചിലതാണ്. ചൂതാട്ടമൂലധനം പുതുതായി സമ്പത്ത് ഉല്‍പ്പാദിപ്പിക്കാതെ, തൊഴില്‍ സൃഷ്ടിക്കാതെ, വിയര്‍പ്പൊഴുക്കാതെ മറ്റുള്ളവരുടെ വിയര്‍പ്പ് ഊറ്റിയെടുത്ത് ലാഭം കൊയ്യുകയാണ്. ഐപിഎല്ലില്‍ നടക്കുന്നതും അതാണ്. വിയര്‍പ്പൊഴുക്കാതെ വിയര്‍പ്പ് ഓഹരികളുണ്ടാകുന്നതും അങ്ങനെയാണ്.

ഐപിഎല്ലിലേക്ക് ശതകോടികളാണ് ഒഴുകുന്നത്. ഈ പണപ്പുളപ്പിന്റെ ഹുങ്കിലാണ് 'ഐപിഎല്ലില്‍ മാന്ദ്യമില്ല' എന്ന് ലളിത് മോഡി പ്രഖ്യാപിച്ചത്. മാന്ദ്യത്തെ വെല്ലുന്ന ഈ പണക്കൊഴുപ്പിന്റെ സ്രോതസ്സുകള്‍ ഏതൊക്കെയാണ്? പണം വരുന്ന വഴി ഏതാണ്?

മൌറീഷ്യസും ബഹാമസും പോലുള്ള 'നികുതിരഹിത സ്വര്‍ഗ' പാതകളിലൂടെയാണ് കള്ളപ്പണം ഐപിഎല്ലിലേക്ക് ഒഴുകുന്നത്. ചില ടീമുകള്‍ക്കു പിന്നിലുള്ള കമ്പനികള്‍ മൌറീഷ്യസിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയും മൌറീഷ്യസും തമ്മിലുള്ള ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറിന്റെ മറവില്‍ നികുതിവെട്ടിക്കലാണ് ഉദ്ദേശ്യം. ഇന്ത്യയില്‍ കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് ഉണ്ട്. മൌറീഷ്യസില്‍ ഇതില്ല. അതുകൊണ്ട് ഇരട്ടനികുതിയുടെ പ്രശ്നം വരുന്നില്ല. എന്നാല്‍, മൌറീഷ്യസില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ കൊടുക്കേണ്ട നികുതികൂടി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇതറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ മൌനം പാലിക്കുന്നു. ഇങ്ങനെയൊഴുക്കുന്ന പണംമുടക്കി നടത്തുന്ന ഐപിഎല്ലിന് സര്‍ക്കാരുകള്‍ നല്‍കുന്ന സൌജന്യങ്ങള്‍ വേറെയുമുണ്ട്. മിക്ക സംസ്ഥാന സര്‍ക്കാരുകളും വിനോദനികുതി ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. സുരക്ഷാ സബ്സിഡിയും മറ്റും ഇതിനു പുറമെയാണ്. ഫ്ളഡ്ലൈറ്റില്‍ രാവ് പകലാക്കാന്‍ ധൂര്‍ത്തടിക്കുന്ന വൈദ്യുതിയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. വൈദ്യുതിക്ഷാമംമൂലം ജനകോടികള്‍ ഇരുട്ടില്‍ത്തപ്പുന്ന രാജ്യത്താണ് ഈ ദ്രോഹം. ഐപിഎല്ലിലെ നികുതിയിളവ് കൊടുക്കുമ്പോള്‍ത്തന്നെയാണ് പെട്രോളിനും ഡീസലിനും പുതിയ നികുതി ചുമത്തി വിലക്കയറ്റം ആളിക്കത്തിക്കുന്നത്.

സര്‍ക്കാരിന്റെ ഈ സൌജന്യങ്ങളുടെ പിന്‍ബലത്തില്‍ ഐപിഎല്ലിലൂടെ ശതകോടികളുടെ ലാഭംകൊയ്യുന്നത് ആരൊക്കെയെന്ന് നോക്കാം.

വിവിധ ടീമുകളുടെ ഉടമസ്ഥരായ മുകേഷ് അംബാനിയെയും വിജയ് മല്യയെയുംപോലുള്ള ആഗോള അതിസമ്പന്നരും പ്രീതി സിന്റയെയും ഷാരൂഖ്ഖാനെയും പോലുള്ള ബോളിവുഡ് ധനാഢ്യരുമാണ് ഗുണഭോക്താക്കള്‍. ഭക്ഷ്യ സബ്സിഡിയും ക്ഷേമച്ചെലവുമെല്ലാം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ധനാഢ്യരുടെ ഐപിഎല്‍ ആറാട്ടിന് സര്‍ക്കാര്‍ സഹായം വഴിഞ്ഞൊഴുകുന്നത്. ജനസംഖ്യയില്‍ 77 ശതമാനം ദിവസം 20 രൂപയില്‍ താഴെ വരുമാനംകൊണ്ട് ദുരിതം തിന്നുമ്പോഴാണ് ഐപിഎല്ലില്‍ 3000 കോടി രൂപ രണ്ട് ടീമിന് ലേലത്തുകയായി ലഭിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ അധിവസിക്കുന്ന ഇന്ത്യയിലാണ് ഈ മാമാങ്കത്തിനായി 20000 കോടി രൂപ ഒഴുകുന്നത്. അര മണിക്കൂറില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് നടക്കുന്ന നഗ്നമായ ഈ പണക്കൊഴുപ്പിന്റെ പ്രദര്‍ശനത്തെ അശ്ളീലമെന്നല്ലാതെ എന്താണ് വിളിക്കുക?

കുബേരന്മാരുടെ ഇന്ത്യയും കുചേലന്മാരുടെ ഇന്ത്യയും തമ്മിലും തിളങ്ങുന്ന ഇന്ത്യയും വിശക്കുന്ന ഇന്ത്യയും തമ്മിലുള്ള മൂര്‍ച്ഛിക്കുന്ന വൈരുധ്യത്തെയാണ് ഐപിഎല്‍ വൈകൃതം തുറന്നുകാട്ടുന്നത്. ആഗോളവല്‍ക്കരണകാലത്തെ ഭിന്നമുഖങ്ങളില്‍ ഒന്നുതന്നെയാണിത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതലുള്ളത് കച്ചവടവും ഏറ്റവും കുറച്ച് കാണുന്നത് ക്രിക്കറ്റുമാണ്. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണില്‍ 94 ബ്രാന്‍ഡാണ് പരസ്യം ചെയ്യപ്പെടുന്നതെന്ന് 'ബിസിനസ് ലൈന്‍' റിപ്പോര്‍ട്ടുചെയ്യുന്നു. നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലോഞ്ച് ചെയ്തതുതന്നെ ഐപിഎല്ലിലൂടെയായിരുന്നു. ഐപിഎല്‍ വിവാദം ധനസ്രോതസ്സുകളിലേക്കുള്ള അന്വേഷണമായി വളരുകയും ടീമിന്റെ ഉടമസ്ഥരെ നിയമം അന്വേഷിച്ചെത്തുകയുംചെയ്താല്‍ ഐപിഎല്‍ എന്ന ബ്രാന്‍ഡിനെ അത് ബാധിക്കുമെന്നും കോര്‍പറേറ്റ് ലോകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അവരുടെ ഉല്‍ക്കണ്ഠ വിവാദം ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നല്ല, ഐപിഎല്‍ ബ്രാന്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ്. കച്ചവടം കളിക്കുമേല്‍ ആധിപത്യം നേടിക്കഴിഞ്ഞുവെന്നര്‍ഥം.

ആഗോളവല്‍ക്കരണത്തിനു മുമ്പും കളി കച്ചവടവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇന്ന് വാണിജ്യതാല്‍പ്പര്യങ്ങള്‍ പരിപൂര്‍ണമായി ആധിപത്യം സ്ഥാപിക്കുകയും ലാഭം തേടുന്ന ബിസിനസ് രൂപങ്ങളിലൊന്ന് മാത്രമായി കളി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയുംചെയ്യുന്നു. ഈ അനിയന്ത്രിതമായ കച്ചവടവല്‍ക്കരണം ക്രിക്കറ്റിനെ കൊല്ലും എന്ന ആധി അസ്ഥാനത്തല്ല.

90കളില്‍ ഉദാരവല്‍ക്കരണാനന്തര കാലത്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ഒത്തുകളി' വിവാദം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ക്രിക്കറ്റിലേക്ക് ഒഴുകിയെത്തിയ മൂലധനമാണ് വാതുവയ്പിന്റെയും ഒത്തുകളിയുടെയും ഇരുണ്ട അധോലോകങ്ങളിലേക്ക് ക്രിക്കറ്റിനെ അധഃപതിപ്പിച്ചത് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. തങ്ങള്‍ വിഡ്ഢികളാക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ക്രിക്കറ്റ് പ്രേമികളുടെ നിരാശയും രോഷവും ഇന്ത്യാ ഉപഭൂഖണ്ഡത്തിലാകെ ക്രിക്കറ്റിന് സൃഷ്ടിച്ച വിശ്വാസപ്രതിസന്ധി ഏറെക്കാലം നീണ്ടുനിന്നു. അതിന്റെ മുറിവുകള്‍ മാറുംമുമ്പേ ഐപിഎല്‍ അധമവ്യാപാരത്തിന്റെ പിന്നാമ്പുറക്കഥകള്‍ പുറത്തുവരുമ്പോള്‍ അത് ക്രിക്കറ്റിനുതന്നെ അപരിഹാര്യമായ ആഘാതമേല്‍പ്പിക്കുന്നു.

അമേരിക്കയില്‍ ബേസ്ബോള്‍ ലീഗിനെ പിടിച്ചുലച്ച 1919ലെ ബ്ളാക്ക് സോക്സ് വിവാദം അമേരിക്കന്‍ ബേസ് ബോളിന്റെ വിശ്വാസ്യതയ്ക്ക് ഏറെ പരിക്കേല്‍പ്പിച്ചു. അതുപോലെയോ അതില്‍ കൂടുതലോ ഐപിഎല്‍ ചൂതാട്ടത്തിന്റെ ഭൂതം ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കുമെന്ന ആശങ്കകള്‍ അവഗണിക്കാവുന്നതല്ല. രഞ്ജി ട്രോഫി, ദുലിപ് ട്രോഫി, ദിയോധര്‍ ട്രോഫി തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെയെല്ലാം പ്രാധാന്യം ഐപിഎല്ലിന്റെ വരവോടെ ഇല്ലാതായി. ഐപിഎല്‍ ഏതാനും ഇന്ത്യന്‍ കളിക്കാര്‍ക്ക് വിദേശതാരങ്ങളുമായി മത്സരിക്കാനുള്ള അവസരം നല്‍കുന്നുവെന്നത് ശരിതന്നെ. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റ് തന്നെ തകരുകയും ഇന്ത്യന്‍ ടീമിലേക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുമുള്ള പ്രവേശനത്തിന്റെ വരേണ്യകവാടം ഐപിഎല്‍ മാത്രമായിത്തീരുകയും ചെയ്യുന്നതും ക്രിക്കറ്റെന്നാല്‍ ട്വന്റി ട്വന്റി മാത്രമാകുന്നതും വിനാശകരമായിരിക്കും.

ബഹുരാഷ്ട്ര കുത്തകകള്‍ തദ്ദേശീയ വ്യവസായങ്ങളെയും സമ്പദ് വ്യവസ്ഥയെയും വിഴുങ്ങുന്നതുപോലെ ഐപിഎല്‍ ആഭ്യന്തര ക്രിക്കറ്റിനെ വിഴുങ്ങുകയാണ്. ഏതാനും നഗര ടീമുകളില്‍ ഒരു സംഘം തദ്ദേശീയ കളിക്കാര്‍ക്ക് അവസരം ലഭിക്കുന്നതിനേക്കാള്‍ പ്രധാനം പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ശക്തിപ്പെടുത്തലും ആധുനിക പശ്ചാത്തല സൌകര്യങ്ങള്‍ വിപുലീകരിക്കലുമാണ്. ഇതിലൂടെ ഇന്ത്യ 'എ' പോലെ രണ്ടോ മൂന്നോ നിര ടീമുകളെ വാര്‍ത്തെടുത്ത് വിദേശ പര്യടനത്തിന് അയക്കുന്നതിലൂടെയും മറ്റും അന്താരാഷ്ട്ര മത്സര പരിചയം നേടിക്കൊടുക്കാവുന്നതാണ്. ഐപിഎല്‍ പോലുള്ള കച്ചവടങ്ങളിലൂടെയും മറ്റും ലോകത്തിലെ ഏറ്റവും കായിക സ്ഥാപനങ്ങളിലൊന്നായിട്ടും ബിസിസിഐക്ക് ഇന്ത്യയിലെ ക്രിക്കറ്റിന്റെ പശ്ചാത്തല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും ഏറെയൊന്നും കഴിഞ്ഞിട്ടില്ല. ഫാസ്റ്റ് ബൌളിങ്ങിന് സഹായിക്കുന്ന മികച്ച പിച്ചുകള്‍പോലും ഇന്ത്യയില്‍ ഇന്നും അന്യമാണ്. ഡല്‍ഹിയില്‍ ഈയിടെ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം പിച്ച് മോശമായതിനാല്‍ ഉപേക്ഷിക്കേണ്ടിവന്ന സംഭവം ഓര്‍മിക്കുക.

ദ്രുതലാഭം തേടുന്ന ധനമൂലധനത്തിന്റെ ദ്രുതചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും അതിന്റെ ആസക്തികളെ തൃപ്തിപ്പെടുത്താനും അതിവേഗ ട്വന്റി ട്വന്റികള്‍ക്ക് കഴിയുമെങ്കിലും ക്രിക്കറ്റിന്റെ സാങ്കേതികത്തികവിന് ശൈലീഭദ്രതയ്ക്കും അത് പോറലേല്‍പ്പിക്കുകയും പ്രതിഭയെ പ്രലോഭിപ്പിച്ച് പാഴാക്കുകയും ചെയ്യുന്നു. പ്രതിഭാസമ്പന്നനായ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ക്ളര്‍ക്ക് താന്‍ ഐപിഎല്ലിലേക്കില്ല എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.

ഐപിഎല്‍ ക്രിക്കറ്റിനെ വിഴുങ്ങുന്ന ചൂതാട്ടമാണെന്ന് തരൂര്‍-സുനന്ദ-മോഡി ത്രയം മുഖ്യകഥാപാത്രങ്ങളായ വിവാദത്തിലൂടെ തെളിഞ്ഞു. പാര്‍ലമെന്റില്‍ ഏറെക്കുറെ ഏകകണ്ഠമായി ഉയര്‍ന്ന അഭിപ്രായം ഈ ചൂതാട്ടം അവസാനിപ്പിക്കണമെന്നായിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന ഐപിഎല്ലിന്റെ സംക്ഷിപ്തവും മൂര്‍ച്ചയേറിയതുമായ നിര്‍വചനമാണ്. 'കള്ളപ്പണത്തിന്റെ മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ടം'. ഈ കള്ളച്ചൂതിന് മൂലധനശക്തികള്‍ ഉപയോഗിക്കുന്നത് ക്രിക്കറ്റ് ഒരു പുതിയ മതവും വിശ്വാസവും താരങ്ങളെ ദൈവങ്ങളായും കാണുന്ന കോടിക്കണക്കിന്ന് ആരാധകരുടെ ഉന്മാദത്തോളമെത്തുന്ന ക്രിക്കറ്റ് പ്രണയത്തെയാണ്. ആരാധകരുടെ പോക്കറ്റ് കൊള്ളയടിച്ചും അവരുടെ ക്രിക്കറ്റ് പ്രണയം മുതലെടുത്തും കൊള്ളലാഭം പെരുപ്പിക്കുന്ന മുതലാളിത്ത ചൂഷണത്തിന്റെ ഈ വൈകൃതം തുറന്നുകാണിക്കപ്പെടണം. എന്നാല്‍, ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഈ ചൂതാട്ടത്തിന്റെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങുന്ന അന്വേഷണമുണ്ടാകില്ലെന്ന് സംയുക്ത സഭാസമിതി അന്വേഷണമെന്ന ഇടതുപക്ഷ ആവശ്യം നിരാകരിച്ചതോടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ശരദ് പവാര്‍, പ്രഭുല്‍ പട്ടേല്‍, സി പി ജോഷി, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ കേന്ദ്രമന്ത്രിമാരും രാജീവ് ശുക്ളയെപ്പോലുള്ള കോണ്‍ഗ്രസ് എംപിമാരും നരേന്ദ്ര മോഡി, വസുന്ധരരാജെ സിന്ധ്യ, അരു ജയ്റ്റ്ലി തുടങ്ങിയ ബിജെപി നേതാക്കളും വിജയ് മല്യ, മുകേഷ് അംബാനി തുടങ്ങിയ കോര്‍പറേറ്റ് പ്രഭുക്കളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കാളികളായ ഈ ചൂതാട്ടത്തിന്റെ അണിയറരഹസ്യങ്ങള്‍ പുറംലോകം അറിയാതെപോയാല്‍ അത്ഭുതപ്പെടേണ്ട.

അധികാരരാഷ്ട്രീയവും ഗ്ളാമറും കോര്‍പറേറ്റ് ധനശക്തിയും ആവോളം ചേര്‍ത്ത് പാകപ്പെടുത്തിയ ഐപിഎല്‍ ചൂതാട്ടത്തിന്റെ പിച്ചില്‍ റണ്ണൊഴുകുന്നതിനേക്കാള്‍ കൂടുതലായി ലാഭവും വിവാദങ്ങളും ഒഴുകുന്നത് അവസാനിക്കുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ ഒരു ചെറിയ ഇടവേള-എ ഷോര്‍ട്ട് കമേഴ്സ്യല്‍ ബ്രേക്ക്-ഉണ്ടായേക്കാമെന്നു മാത്രം.

*
എം ബി രാജേഷ് എംപി കടപ്പാട്: ദേശാഭിമാനി