Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts

Thursday, September 19, 2013

"ഒനാത്തപ്പാ...കുഡ്വയരാ..."

ടോഡി ഷാപ്പ് നമ്പ്ര 32-ലെ വിളമ്പുകാരന്‍ മാത്രമല്ല നാണുക്കുട്ടന്‍, മലയാള ഭാഷയോടൊപ്പം നീങ്ങിയ യുഗസഞ്ചാരി കൂടിയാണ്. നാണു ചരിത്രമാകുന്നു, ഭാഷാശാസ്ത്രമാകുന്നു, മലയാളത്തിന്റെ മുത്താകുന്നു!

ഈ മുത്തിന്റെ പ്രയാണം തുടങ്ങുന്നത് അച്ചടിയോടൊപ്പമാണ്. അച്ചടി മാധ്യമം സജീവമായതോടെ നാണുവിലെ ഭാഷാ പ്രേമിയുണര്‍ന്നു. ആറു പത്രങ്ങള്‍ ഷാപ്പില്‍ വരുത്തിയ ഒരു പുഷ്ക്കല കാലമുണ്ടായിരുന്നു പണ്ട്. ആറും തിന്നും നാണു, അതിരാവിലെ. അതോടെ അച്ചടിഭാഷ നാണുവില്‍ ആവേശിച്ചു തുടങ്ങി. പിന്നെ അങ്ങനെയായി സംസാരം. കുടിയന്മാര്‍ അമ്പരന്നു.

"നമ്മള്‍ തമ്മില്‍ കാണുവാന്‍ അവസരം ലഭിച്ചിട്ട് നാളുകള്‍ നീണ്ടുപോയപോലെ..." എന്ന് നാണു പരിചയം പുതുക്കിയതുകേട്ട് ഒരു കുടിയന്‍ പാനം റദ്ദാക്കി മാനം കാത്ത് തിരിച്ചുപോയി. നാണു വിട്ടുകൊടുത്തില്ല.

കുട്ടിയുടെ അസുഖം പറയാന്‍ ഡോക്ടറുടെയടുത്തെത്തി നാണു. ശേഷം ഇങ്ങനെ. "ഡോക്ടര്‍.... ഇതെന്റ മകന്‍ ശശാങ്കന്‍, വയസ്സ് എട്ട്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു.

ഇന്ന് രാവിലെ അതായത് ആറെ മുപ്പതിന് കുട്ടി ഉണരാതിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ ഉടനെ കാരണം അന്വേഷിച്ചു. അതിശക്തമായ തലവേദന എന്നായിരുന്നു അവന്റെ മറുപടി. ആശയം വ്യക്തമായിരുന്നില്ലെങ്കിലും ഞാന്‍ അത് ഊഹിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി മൂന്നുവട്ടം ഛര്‍ദിക്കുകയും ചെയ്തു. തളര്‍ച്ച കാണപ്പെട്ടതിനാല്‍ ഞാന്‍ അടിയന്തരമായി ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് ലയിപ്പിച്ച് ചേര്‍ത്ത് കൊടുത്തു. കുട്ടി അല്‍പ്പാല്‍പ്പമായി അത് കഴിച്ചു. ശേഷമാണ് കുട്ടിക്ക് പനിയുണ്ടെന്നും എനിക്ക് വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചത്." ഡോക്ടര്‍ മരുന്ന് കുറിച്ചു. പക്ഷേ ഒരു സ്ഥലത്തും മരുന്ന് കിട്ടുന്നില്ല. അവസാനത്തെ കടയില്‍ നാണു ചോദിച്ചു. "എന്താ ഇത് എങ്ങും കിട്ടാത്തത്?" "ഇത് മരുന്നുകടയില്‍ കിട്ടില്ല" "പിന്നെ എവിടെ നിന്ന് കരഗതമാവും?" "കറണ്ടാപ്പീസീച്ചെല്ലണം" "ങേ...!" "110 കെ വി ലൈന്‍ കടത്തിവിടണമെന്നാണ് ഡോക്ടര്‍ എഴുതിയിരിക്കുന്നത്."

പക്ഷേ അതുകൊണ്ട് നാണു പിന്‍വാങ്ങിയില്ല. ഭാഷയോടുള്ള അടങ്ങാത്ത പ്രതിപത്തി തുടര്‍ന്നുകൊണ്ടേയിരുന്നു. ചിലപ്പോള്‍ തലക്കെട്ടിട്ടും നാണു സംസാരിച്ചിരുന്നു. "ബസ് മറിഞ്ഞ് പന്ത്രണ്ടു പേര്‍ മരിച്ചു", " ആ മരണം ആത്മഹത്യയല്ല" എന്ന മട്ടില്‍.

പറ്റിയാല്‍ ഒരു പ്രൂഫ് റീഡറെയും കൊണ്ടുനടക്കണമെന്നുണ്ടായിരുന്നു നാണുവിന്. കള്ളു വ്യവസായം പ്രതിസന്ധിയിലായതിനാല്‍ കഴിഞ്ഞില്ല. ഭാഷയെ ശുദ്ധീകരിക്കാനുള്ള ഒരു ശരാശരി കേരളീയന്റെ യത്നം സാമ്പത്തിക കുഴപ്പത്തില്‍ തകരുന്നു.

ഇപ്പോള്‍ കുറ്റിയറ്റു പോകുന്ന ഇനമാണ് നാണുക്കുട്ടന്‍. താലൂക്കില്‍ പോലും ഒരെണ്ണത്തിനെ കിട്ടാനില്ല. ഇത്തരക്കാരെ കണ്ടാലറിയാം. നിവര്‍ന്ന നടപ്പ്. കൈകള്‍ ക്രമത്തില്‍ വീശും. തല താഴ്ത്തില്ല. മുഖത്ത് പക്ഷേ ഗൗരവമില്ല. ശാന്തം. കണ്ടാല്‍ ഉടന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ പിന്നെ ഫയര്‍ ഫോഴ്സുകാരെ വിളിക്കണം. നിന്ന നിലയില്‍ കത്തിപ്പോവും. കര്‍ത്താവ്, കര്‍മം, ക്രിയ കൃത്യമായിരിക്കും.

"ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നു. വഴിമധ്യേ കോട്ടയത്തു വെച്ച് സുഹൃത്ത് സിദ്ധാര്‍ഥനെ കണ്ടു. " തല്‍പുരുഷന്മാര്‍, പേരച്ചം, വിനയച്ചം എന്നിവരെല്ലാം രംഗത്തുണ്ടാവും. നാമവിശേഷണം, ക്രിയാ വിശേഷണം എന്നിവയെല്ലാം അതാത് സ്ഥലത്തുണ്ടാവും. ഇത്തരം വൈയാകരണന്മാരെ, അപശബ്ദശോധിനികളെ കണ്ടെത്തി പുരാവസ്തുവകുപ്പില്‍ ഏല്‍പ്പിച്ചാല്‍ നന്ന്. അച്ചടി മാധ്യമങ്ങളില്‍നിന്ന് ആഴ്ചപ്പതിപ്പുകളുടെ കാലം വന്നതോടെ നാണുവും മാറി. മലയാളം പ്രൊഫസര്‍മാര്‍ കൂട്ടത്തോടെ ആഴ്ചപ്പതിപ്പുകള്‍ വേട്ടയാടിത്തുടങ്ങി. വെട്ടുകിളി ശല്യം. ഉത്തരാധുനികത.

പണ്ഡിതന്മാര്‍ പണ്ഡിതന്മാരോട് സംസാരിക്കുന്ന കാലം. ഓണ്‍ലി അക്കാദമിക് ഇന്റലക്ച്വല്‍സ്. നോ പബ്ലിക് ഇന്റലക്ച്വല്‍സ്. നാണു പത്രം താഴെ വച്ചു. ആഴ്ചപ്പതിപ്പുകള്‍ കൈയിലെടുത്തു. ഒരു അക്കാദമിക്കായി സ്വയം തോന്നിയ കാലം.

ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും എന്നതിനു പകരം ഒരു വാചകത്തില്‍ ഒരു ദര്‍ശനം എങ്കിലും വേണമെന്ന് ശാഠ്യം. തത്വചിന്തയുടെ സുഗന്ധദ്രവ്യങ്ങള്‍ ഇറക്കുമതി ചെയ്യാത്ത ഒരു വാചകംപോലും പ്രത്യക്ഷപ്പെട്ടില്ല. ഭാഷയുടെ മേലധ്യക്ഷന്മാര്‍ നാണുവിനെ നയിച്ചു. കര്‍മണിപ്രയോഗം ഉറയൂരി. കുടിയന്മാര്‍ മൂക്കത്ത് സ്ഥിരമായി വിരല്‍വച്ച് പറഞ്ഞു.

"എന്തൊരു വിവരം. ഇത് മ്മട നാണുക്കുട്ടന്‍ തന്നേണാഡാ." അത്തരം സന്ദേഹങ്ങള്‍ക്ക് മീതെ ജ്ഞാനക്കാറ്റ് വീശി നാണു കടന്നുപോയി. ഒരിക്കല്‍ ഷാപ്പില്‍ വന്ന് ചാരായമുണ്ടോ എന്ന് ചോദിച്ച കുടിയനോട് നാണു പറഞ്ഞു. "ഏകമുഖമായ വില്‍പനസമുച്ചയത്തിനകത്ത് ബഹുമുഖസമീപനത്തിന്റെ അന്തര്‍ധാരകള്‍ ഉള്‍ക്കൊള്ളുന്ന സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നതല്ല." കാന്താരി മുളക് കടിച്ച പോലെയായി കുടിയന്‍. പിന്നെ വികാരതീവ്രവാദിയായി അലറി. "..മ്മട നാണുക്കുട്ടന്‍ മഹാനാണ്‍ഡാ..." പച്ചക്കുപ്പിയിലെ കള്ള് തന്നെ വേണമെന്ന് പറയുന്നവരോട് നാണു പറഞ്ഞു.

"നിറങ്ങളുടെ ഭ്രമങ്ങള്‍ക്കകത്തെ ഉള്ളടക്കം സമീപനപരമായി സമാനതകളുള്ളതാണ്. പ്രശ്നം ഉള്‍ക്കൊള്ളപ്പെടലിന്റേതാണ്. ഇതാകട്ടെ ആശയപരിസരത്തിന്റെ വിശാലപരിപ്രേക്ഷ്യങ്ങള്‍ക്കകത്ത് ഉള്‍ച്ചേര്‍ന്നിരിക്കുന്നതും." അവിടംകൊണ്ട് നിര്‍ത്തിയില്ല നാണു. " വിഘടിത സമൂഹത്തിന്റെ വൈവിധ്യം നിറഞ്ഞ രുചി സംഘര്‍ഷങ്ങളെ സാംസ്കാരികമായി അടയാളപ്പെടുത്തുമ്പോള്‍ നമ്മുടേതായ അച്ചാറുകളുടെ സ്പേസ് അഥവാ ഇടം നഷ്ടപ്പെടുകയാണ്." ആഴ്ചപ്പതിപ്പുകാര്‍ ലേഖനം ചോദിച്ച് നാണുവിന്റെ വീട്ടുമുറ്റത്ത് ക്യൂ നിന്നു.

നാണു എഴുതിക്കരേറി. ഒറ്റച്ചേരുവ. തിത്തിത്താരതിത്തത്തൈ തിത്തൈതകതക തൈ.... കാണപ്പെടലിന്റെ, അറിയപ്പെടലിന്റെ, അടയാളപ്പെടുത്തലിന്റെ, തിരിച്ചറിയപ്പെടലുകളുടെ,കണ്ടെത്തപ്പെടലിന്റെ.... തിത്തൈ തകതകതൈ.... ആശയപരിസരത്തിന്റെ, വായിച്ചെടുക്കലിന്റെ, ബോധനിര്‍മാണത്തിന്റെ, അറിവുല്‍പ്പാദനത്തിന്റെ... തിത്തൈ തകതകതൈ.... നാണുപ്പണ്ഡിതനെ നാട്ടുകാര്‍ വണങ്ങി. വഴിയിലിറങ്ങിയപ്പോള്‍ ആബാലവൃദ്ധം വിളിച്ചു..."

നാണുപ്പണ്ഡിതാ..." പലചരക്കു കടയില്‍ തൂക്കിക്കൊടുക്കുന്നവനോട് നാണു പറഞ്ഞു. "ഒരു ബഹുസ്വരതയുടെ പരിച്ഛേദമായ ഈ വാണിജ്യമേല്‍ക്കൂരക്കകത്ത് ആച്ഛാദിതമായി കിടക്കപ്പെടേണ്ടി വന്ന ഏറ്റവും പുരാതനമായ ധാന്യസംസ്കൃതികളിലൊന്നിനെ നവീന സാമ്പത്തികശാസ്ത്രബോധത്തിന്റെ വ്യവഹാരരീതികളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ നാണയവ്യവസ്ഥ എന്നിലേല്‍പ്പിക്കുന്ന ആഘാതം എത്രയായിരിക്കും?"

സോഡ കണ്ണില്‍ തളിച്ചപ്പോഴാണ് പിന്നെ തൂക്കിക്കൊടുക്കുന്നവന്‍ എഴുന്നേറ്റത്. ആരോ ആശ്വസിപ്പിച്ചു. "ഡാ.. നീ പേടിച്ചു പോയാ?..അരിക്കെന്താ വെലേന്നാ നാണു ചോദിച്ചെ" ഇമ്മാതിരി ഡയലോഗിനും കാലക്ഷയം വന്നു തുടങ്ങി. ആഴ്ചപ്പതിപ്പില്‍ വന്ന മുഴുവന്‍ തേങ്ങകള്‍ പൊതിക്കാനാവാതെ വായനക്കാര്‍ നായ്പ്പരുവത്തില്‍ ഓരിയിട്ടു.

ദാ വരുന്നു ദൃശ്യമാധ്യമം. നാണു അതൊരെണ്ണം വാങ്ങി. ഭാഷ അതില്‍ അഴിഞ്ഞാടി. ഭാഷ ഫാഷന്‍ ഷോ ആയി. ഭാഷ വേഷം കെട്ടി, ആണായും പെണ്ണായും. ശുന്‍ദരികളും ശുന്‍ദരന്മാരും പൂക്കാവടിയും ഭസ്മക്കാവടിയും ആടി. "ഇത്തവണത്തെ ഒനാം സ്പെഷലായി ഞങ്ങള്‍ പ്രെസെന്റു ചെയ്യുന്ന പുതിയ പ്രോഗ്രാമാണ്... ഒനാത്തപ്പാ കുഡ്വയരാ.... കേക്കാവോ... യ്.. യ്യോ..കേട്ടിരിക്ക്ണൂ അല്ലേ.... കഷ്ടംണ്ട്ട്ടോ..ന്നാലും കേട്ടിരിക്ക്ണൂന്ന് പറഞ്ഞൂല്ലോ..."

"ഒനാത്തപ്പാ കുഡ്വയരാ റിയാലിറ്റി ഷോയിലേക്ക് എയ്റ്റ് പാര്‍ട്ടിസിപ്പന്റ്സാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുള്ളത്.... ഇതില്‍ നിന്നാണ് നമ്മള്‍ കേരളത്തിന്റെ രിയല്‍ ഒനാത്തപ്പനെ ഫൈന്‍ഡ് ചെയ്യേണ്ടത്.... അതിനു മുമ്പ് ഒരു ഷോര്‍ട്ട് ബ്രേക്ക്." ബ്രേക്ക് പൊട്ടി, നാണുവിന്റെയും. നാക്കില്‍ കൊതിയൂറി. ഭാഷ നൃത്തമാടി. ശുന്‍ദരി വീണ്ടും വന്നു.

"നമ്മുടെ ഈ പ്രോഗ്രാം ഇന്ന് ഇനൗഗുറെയ്റ്റ് ചെയ്യുന്നത് ആരാണെന്ന് അരിയാവോ....?"

കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള കാണികള്‍ ഒന്നടങ്കം പറഞ്ഞു. "..ഇ...ല്‍...ലാ.." "യ്.. യ്യോ.. കഷ്ടംണ്ട്ട്ടോ.. ഗെസ്സ് ചെയ്യാവോ....?"

നാണുക്കുട്ടന്‍ ലേശം ആശയക്കുഴപ്പത്തിലായി. അതിനെന്താ ഇവിടെക്കാര്യം എന്ന മട്ടില്‍ ചിന്തിച്ചു. ഭാഷയില്‍ ഉണ്ടായ ഒരു ജ്ഞാനക്കുറവാണ് കാരണം. ഗെസ്സിനെ ഗ്യാസായി നാണു ഒന്ന് മാറ്റിച്ചിന്തിച്ചു പോയി. ശുന്‍ദരി വീണ്ടും ചോദിച്ചു. "കിറ്റിയോ...?"

പ്രേക്ഷകലക്ഷം അലറി. "കിറ്റിയില്ല..." റേറ്റിങ് ഉയര്‍ന്നുകൊണ്ടേയിരുന്നു. " എന്നാല്‍ ഞാന്‍ പറയറ്റെ..നമ്മുടെ ഫെയ്മസായ ഡിറക്റ്റര്‍.... കട്ടബൊമ്മനാണ് ഇന്ന് ഈ പ്രോഗ്രാം ഇനൗഗുറെയ്റ്റ് ചെയ്യുന്നത്... അതിനായി ഞാന്‍ കട്ടബൊമ്മന്‍സാറിനെ വേദിയിലേക്ക് ഇന്‍വൈറ്റ് ചെയ്യുന്നു...

കട്ടബൊമ്മന്‍ സര്‍.. പ്ലീസ്...

എല്ലാവരും കട്ടബൊമ്മന്‍ സാറിനൊരു ക്ലാപ് കൊടുത്തേ...." നാണു ക്ലാപ്പെടുക്കാന്‍ അകത്തേക്കു പോയി.

"ഇന്നത്തെ നമ്മുടെ ഈ പ്രോഗ്രാമിന് മൂന്ന് ജഡ്ജസാണ് ഉള്ളത്. ആദ്യം ശ്രീ പാതാളഭൈരവന്‍ സര്‍.... സര്‍ നമ്മുടെ ഈ ഒനാത്തപ്പാ കുഡ്വയരാ പെര്‍ഫോമന്‍സിനെക്കുരിച്ച് എന്താണ് സര്‍ പറയാനുള്ളത്? സര്‍ പ്ലീസ് സര്‍... "ഓണം.." എരുമയെ തൊണ്ടയിലൊതുക്കി പാതാള ഭൈരവന്‍ പറഞ്ഞു "

...കേരളീയരുടെ ദേശീയ ഉല്‍സവമാണ്...." പുതിയ അറിവുകളുടെ മുന്നില്‍ നാണു കുമ്പിട്ടു. "സര്‍... എത്ര മാര്‍ക്സ് സര്‍?" "ഒമ്പത്" "യ്.. യ്യോ.. പത്തില്‍ ഒമ്പത്...ഒനാത്തപ്പാ നല്ല മാര്‍ക്സാണ് കേട്ടോ.." "അടുത്തത് ശ്രീ കൃതവര്‍മന്‍ സര്‍.. ഫെയ്മസ് ഫാഷന്‍ ഡിസൈനറാണ് ശ്രീ കൃതവര്‍മന്‍ സര്‍.. സര്‍.. പ്ലീസ് സര്‍...." കൃതം തുടങ്ങി.

"റിയലി ഓണം എന്നു പറയുന്നത് ഫാഷനുകളുടേതാണ്... ശരിക്കും ഹാഫ് നേക്കഡ്നെസ് കൊണ്ട് ഈസ്തെറ്റിക് ട്രെന്റ് തന്നെ ക്രിയേറ്റ് ചെയ്യുകയായിരുന്നു മാവേലി...." അടുത്തതായി ഹിഡുംബി മാഡം..ഹിഡുംബി മാഡം പ്ലീസ്... "..

എന്റെയൊക്കെ ചെറുപ്പത്തില്‍ സോ മെനി ഫ്ളവേഴ്സൊണ്ടാവും വീട്ടു മുറ്റത്തൊക്കെ... ഞങ്ങള്‍ ഫ്രണ്ട്സൊക്കെ അത് പറിച്ച്... രാവിലെ തന്നെ. .ഇന്നത്തെ കുട്ടികള്‍ക്കതൊന്നും പറഞ്ഞാ മനസ്സിലാവില്ല... അന്ന് ഒരുതരം ചെറിയ പൂവുണ്ടല്ലോ....എന്താ അതിനെ പറയ്യാ...

നാണു പറഞ്ഞു. "കാക്കപ്പൂ"

"ഇക്സാറ്റ്ലി" "അപ്പോള്‍ നമ്മുടെ ഇന്നത്തെ പ്രോഗ്രാം ഒനാത്തപ്പാ കുഡ്വയരാ അവസാനിക്കുകയാണ്...."

നാണു നാരായമെടുത്തു. എഴുതിപ്പഠിച്ചു തുടങ്ങി...

"ഒനാത്തപ്പന്‍... ഒനാത്തപ്പന്‍..."

മലയാളം ശ്രേഷ്ഠമായി. നാണു എഴുത്തച്ഛനായി.

*
എം എം പൗലോസ് ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2013

Tuesday, September 4, 2012

മാണിസാറേ...ബ്രിട്ടന്‍ വിളിക്കുന്നു

ഒരു വാര്‍ത്ത വായിക്കൂ-

" കെ എം മാണിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സ്വീകരണം"

തിരു: നാലര പതിറ്റാണ്ടിലേറെ ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും രണ്ടു പതിറ്റാണ്ടിലേറെ മന്ത്രിയായിരിക്കുകയും പത്തു ബജറ്റുകളവതരിപ്പിക്കുകയും ചെയ്ത് റെക്കോഡു സൃഷ്ടിച്ച ധനമന്ത്രി കെ എം മാണിയെ സെപ്റ്റംബര്‍ അഞ്ചിന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രത്യേക ചടങ്ങില്‍ ആദരിക്കും.

ഉന്നതതല സമ്മേളനത്തില്‍ തന്റെ രാഷ്ട്രീയ, സാമ്പത്തീക ദര്‍ശനമായ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചു പ്രഭാഷണം നടത്താനുമാണ് മാണിക്ക് ക്ഷണം. സെപ്റ്റംബര്‍ മൂന്നിന് ലണ്ടനിലേക്ക് തിരിക്കുന്ന മാണി, സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ അവസാനവട്ട മിനുക്കുപണിയിലാണ്." വാര്‍ത്ത തീര്‍ന്നിട്ടില്ല. എങ്കിലും തല്‍ക്കാലം ഇവിടെ വെച്ച് നിര്‍ത്തുന്നു. ഇതില്‍ നിന്ന് നമ്മള്‍, വെറും മനുഷ്യര്‍ എന്തെല്ലാം മനസ്സിലാക്കുന്നു?.

1. ബ്രിട്ടീഷ് പാര്‍ലമെന്റ് ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. ഈ ചടങ്ങ് എന്തിനാണെന്ന് വാര്‍ത്തയില്‍നിന്ന് വ്യക്തമല്ല. മാണിക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങാണോ അഥവാ ഒരു പ്രത്യേക ചടങ്ങിലേക്ക് മാണിയെ ക്ഷണിക്കുന്നതാണോ എന്ന് മനസ്സിലാവുന്നില്ല (എടാ കഴുതേ..എല്ലാം പറഞ്ഞു തരണോടാ.ചിലതൊക്കെ ഊഹിക്കണ്ടേടാ..വായനക്കാരനാണെന്നും പറഞ്ഞു നടക്കുന്നു. നാട് നശിപ്പിക്കാന്‍.)

2. അത് ഒരു ഉന്നതതല സമ്മേളനമാണ്. ഇതിലും ചില സംശയം. ഈ പ്രത്യേക ചടങ്ങ് തന്നെയാണോ ഉന്നതതല സമ്മേളനം അല്ലെങ്കില്‍ ഈ പ്രത്യേക ചടങ്ങിലെ പ്രത്യേക ചടങ്ങാണോ ഉന്നതതലസമ്മേളനം? പ്രത്യേക ചടങ്ങുകളെ ഉന്നതതല സമ്മേളനം എന്നും പറയാറുണ്ടോ?.( ഓ!. ഈ നിലവാരമില്ലാത്ത വായനക്കാരെക്കൊണ്ടു തോറ്റു. ഊഹിക്കടാ..ഊഹിക്ക്..)

എന്തായാലും കേരളത്തിന് , ഇന്ത്യക്ക് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ് ഇത്. എത്രയെത്ര മഹാരഥന്മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായിരുന്നു. ഒരെണ്ണത്തിനെയെങ്കിലും വിളിച്ചൊന്നാദരിക്കണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിന് തോന്നിയില്ല. ഇതാ മാണിയെത്തേടി ബ്രിട്ടീഷ് പാര്‍ലമെന്റ് വരുന്നു. കറുത്തമുത്തായ കുരുമുളക് തേടി പണ്ട് എത്രയെത്ര യൂറോപ്യന്‍ കപ്പലുകളാണ് ഇന്ത്യയിലേക്ക് വന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മല്‍സരിക്കുകയായിരുന്നു കപ്പലുകള്‍. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാനുള്ള വരവ്. അന്ന് കൊള്ളയ്ക്കാണ് വന്നതെങ്കില്‍ ഇന്ന് കാലു പിടിക്കാനാണ് വരവ്, മാണിയുടെ കാലു പിടിക്കാന്‍. നാല്‍പ്പത്തഞ്ചു കൊല്ലമായി എം എല്‍ എ, ഇരുപതുകൊല്ലത്തിലേറെ മന്ത്രി....ജോര്‍ജ് ഒന്നാമന്‍, ജോര്‍ജ് രണ്ടാമന്‍ എന്നിങ്ങനെ ബ്രിട്ടീഷ് സ്റ്റൈല്‍ രാജപ്പേരുകളാണെങ്കില്‍ മാണി നാല്‍പ്പത്തഞ്ചാമന്‍ എന്ന് പറയാം. ഒന്ന് മാറ്റണമെങ്കില്‍ ബജറ്റ് പത്താമന്‍ എന്നാക്കാം.

പാലായുടെ മാണിക്യം എന്ന് അവര്‍ കേട്ടിട്ടേയുള്ളു. "പാലേരി മാണിക്യം" എന്ന് ചുരുക്കിപ്പറയാം. അത് ഒരു അല്‍ഭുതം തന്നെയാണത്രെ!. ഒന്ന് കാണണം ന്നേ ആദ്യം ഉണ്ടായിരുന്നുള്ളു. കാണാന്‍ കഴിയുന്നതേ മഹാഭാഗ്യം!. കണ്ടപ്പോള്‍ ഒന്ന് കൊണ്ടുപോണം ന്ന്ണ്ടായി. ആദ്യം സമ്മതിച്ചില്ല. പിന്നെ ബ്രിട്ടീഷ് സാമ്രാജ്യത്തം കാലുപിടിച്ചു. "...വരണം പ്ലീസ്... ഞങ്ങളെ അനാഥരാക്കരുത്.. ഒരു മഹാ പ്രതിഭയെ നേരിട്ട് കാണാനുള്ള അവസരം ഞങ്ങള്‍ക്ക് നിഷേധിക്കരുത്.

പണ്ട് ചെയ്തു പോയ തെറ്റുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ മാപ്പ്. ഞങ്ങള്‍ ഈ രാജ്യത്തെ ചൂഷണം ചെയ്തിട്ടുണ്ട്...ഞങ്ങള്‍ ചതിച്ചിട്ടുണ്ട്്... രാജ്യം വെട്ടിമുറിച്ചിട്ടുണ്ട്...തല്ലിയിട്ടുണ്ട്... തല്ലിക്കൊന്നിട്ടുണ്ട്... എല്ലാം ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ ചെയ്തുപോയതാണ്.. ഒന്നും മനഃപ്പൂര്‍വമല്ല... പൊറുക്കാനാവാത്ത തെറ്റുകളാണ് ചെയ്തത്... ഖേദമുണ്ട്... എല്ലാ മുറിവുകളെയും കാലം ഉണക്കുകയില്ലേ... മൂന്ന് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അങ്ങയെ വിളിക്കുന്നു.

അക്കാഡമിക് സ്വഭാവത്തിന്റെ ലോകമാതൃക എന്ന് ഞങ്ങള്‍ കരുതുന്ന ഞങ്ങളുടെ പാര്‍ലമെന്റ് അങ്ങയുടെ ധിഷണാശക്തിക്കു മുന്നില്‍ ഒന്നുമല്ല എന്ന് ഇപ്പോള്‍ ബോധ്യമായി. വരണം, വരാതിരിക്കരുത്. അങ്ങയുടെ പാണ്ഡിത്യത്താല്‍ ഞങ്ങളുടെ പാര്‍ലമെന്റ് പ്രശോഭിക്കട്ടെ. അങ്ങയെ ആദരവിന്റെ പൊന്നാട ചാര്‍ത്തിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെ നിരാശപ്പെടുത്തരുത്. മഹാരഥന്മാരായ നിരവധി സാമ്പത്തീകശാസ്ത്രജ്ഞന്മാര്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് ഞങ്ങള്‍ അഭിമാനിച്ചിരുന്നു.

ഡേവിഡ് റിക്കാര്‍ഡോ, തോമസ് മാല്‍ത്തൂസ്, ജോണ്‍ സ്റ്റൂവര്‍ട്ട് മില്‍ ഇവരൊക്കെ പ്രഗല്‍ഭരാണെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ഇവരൊന്നും ഒന്നുമല്ല എന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അവരൊന്നും കേരളാ കോണ്‍ഗ്രസ് ആയിരുന്നില്ല എന്നത് മാത്രമല്ല അവരുടെ കുഴപ്പം. അവര്‍ കണ്ടെത്തിയത് അങ്ങയുടെ മുന്നില്‍ ഒന്നുമല്ല എന്നതു കൂടിയാണ്. ഇതൊരു അഡീഷണാലിറ്റി അല്ല സര്‍, അഡ്മിറേഷനാണ്. ഞങ്ങളുടെ ക്ഷണം നിരസിക്കരുത്.

ലോകത്തില്‍ എത്രയോ മഹാ.. മഹാ..മഹാരഥന്മാരുണ്ടായിരുന്നു, ഉണ്ട്. അവരെയൊന്നും ഞങ്ങളുടെ പാര്‍ലമെന്റിന്റെ നാലയലത്ത് അടുപ്പിച്ചിട്ടില്ല. അടുപ്പിക്കേണ്ട കാര്യമില്ല. പക്ഷെ അങ്ങ് അവരെപ്പോലെയൊന്നുമല്ല. ആ യശോധാവള്യത്തിന്റെ മുന്നില്‍ അവര്‍ വെറും തൃണം. ഈ ക്ഷണം നിരസിച്ചാല്‍ അക്ഷണം ഞങ്ങള്‍ക്കുണ്ടാവുന്ന ക്ഷീണം ക്ഷണനേരം കൊണ്ട് തീരുന്നതല്ല. കാത്തിരിക്കുകയാണ് ഞങ്ങള്‍- എം പിമാര്‍, മന്ത്രിമാര്‍, പ്രധാനമന്ത്രി എന്നിവരെല്ലാം.

അങ്ങയുടെ കഴിവുകള്‍ കേട്ടറിഞ്ഞ മാര്‍ഗരറ്റ് താച്ചര്‍ പോലും അങ്ങയുടെ അടുത്ത് ട്യൂഷന് വരാതിരുന്നതിലുള്ള നിരാശ പ്രകടിപ്പിച്ചിരുന്നു. അങ്ങയുടെ ക്ലാസ് കിട്ടിയിരിന്നെങ്കില്‍ മറ്റൊരു രീതിയില്‍ സാമ്പത്തീക പരിഷ്ക്കാരം നടപ്പാക്കുമായിരുന്നു. എങ്കില്‍ ബ്രിട്ടന്‍ മറ്റൊന്നാവുമായിരുന്നു, ലോകവും. ഡെസ്ഡമോണയുടെ മൂക്കിന്റെ ആകൃതി മറ്റൊന്നായിരുന്നെങ്കില്‍, അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കുരങ്ങ് കടിച്ചില്ലായിരുന്നെങ്കില്‍, ജൂലിയസ് സീസര്‍ റൂബിക്കോണ്‍ നദി കടന്നില്ലായിരുന്നെങ്കില്‍, സോക്രട്ടീസിന് വിഷം കൊടുത്തില്ലായിരുന്നെങ്കില്‍....ചരിത്രത്തില്‍ ഇങ്ങനെ കുറെ "എങ്കിലു" കള്‍ ഉണ്ട്. ഈ " എങ്കിലു" കള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നത് നിരാശയാണ്. ഞങ്ങളുടെ വരും തലമുറ "എങ്കില്‍" എന്ന് പറഞ്ഞ് നിരാശപ്പെടരുത്.

ബ്രിട്ടനെ മോഹഭംഗത്തിലാക്കരുത്. അങ്ങ് പാലാ നഗരസഭയില്‍, കേരളത്തില്‍, ഇന്ത്യയില്‍ ഒതുങ്ങി നില്‍ക്കരുത്. വിനയം കൊണ്ട് അങ്ങ് അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാം. അരുത്. അങ്ങയെ ബ്രിട്ടന് വേണം, ഈ ലോകത്തിന് വേണം. അധ്വാന വര്‍ഗ സിദ്ധാന്തം കാഞ്ഞിരപ്പിള്ളി താലൂക്കിന് മാത്രമല്ല ലോകത്തിന് ആകെ വേണം. ആഫ്രിക്കക്ക് വേണം, അമേരിക്കക്ക് വേണം, ആസ്ട്രേലിയക്ക് വേണം. ഈ അധ്വാന വര്‍ഗ സിദ്ധാന്തം ഫലപ്രദമായി നടപ്പാക്കിയാല്‍ ആഫ്രിക്കയുടെ മുഖം തന്നെ മാറും. എത്യോപ്യയും സോമാലിയയും പൊന്നു വിളയുന്ന രാജ്യങ്ങളായി മാറും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്നോക്കാവസ്ഥ മാറും.

ലോകം അങ്ങയെ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അങ്ങയെ ഇനിയും വായിച്ചെടുക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഇത്. സഹകരിക്കാതിരിക്കരുത്. വിളക്ക് കത്തേണ്ടത് പാറയുടെ അടിയിലല്ല. വരൂ.. ഞങ്ങളുടെ പാര്‍ലമെന്റ് ആകാംക്ഷയോടെ അങ്ങയെ കാത്തിരിക്കുന്നു. ലോകത്തിന്റെ വൈജ്ഞാനിക ചക്രവാളം അങ്ങയെ ക്ഷണിക്കുന്നു, ലോകത്തിന്റെ സാമ്പത്തീകശാസ്ത്ര നിധികുംഭങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു, ലോകത്തിന്റെ രാഷ്ട്രീയസിംഹാസനങ്ങള്‍ ആ സാന്നിധ്യത്തിന് കൊതിക്കുന്നു. കടന്നുവരൂ....ആ പാദാരവിന്ദങ്ങളില്‍ ഞങ്ങള്‍ പശ്ചാതപത്തിന്റെ പനീര്‍പൂക്കള്‍ ചൊരിയട്ടെ...അംഗീകാരത്തിന്റെ രാജമല്ലികള്‍ വിതറട്ടെ...യരുശലേമിലേക്കെത്തിയ യേശുദേവന് ഓശാന പാടിയ പോലെ ഒലീവിലക്കൊമ്പുകളൊടിച്ച് ഞങ്ങളും പാടട്ടെ...അധ്വാനവര്‍ഗത്തിന്റെ രക്ഷകന് ഓശാന....വളരുന്തോറും പിളരുന്നവന് ഓശാന....പിളരുന്തോറും വളരുന്നവന് ഓശാന...

ഡാഫോഡിലുകള്‍ കൊണ്ട് കോര്‍ത്ത ഹാരവുമായി ഞങ്ങള്‍ എം പിമാര്‍ കാത്തിരിക്കുകയാണ്... സ്തുതി പാടാന്‍ വേര്‍ഡ്സ്വര്‍ത്തിന്റെ വാനമ്പാടികള്‍ കാത്തിരിക്കുന്നു...ഒളിമ്പിക്സിനു ശേഷം മറ്റൊരു വൈജ്ഞാനിക ഒളിമ്പിക്സിനായി ഞങ്ങള്‍ ഒരുങ്ങുന്നു... വരില്ലേ... വരുമ്പോള്‍ അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ കുറച്ചു കോപ്പികള്‍ കൊണ്ടുവരാന്‍ മറക്കരുത്..

ആദരപൂര്‍വം ബ്രിട്ടീഷ് പാര്‍ലമെന്റ്." മഹാത്മാഗാന്ധിയോട് ചോദിക്കാത്ത മാപ്പ് അവര്‍ മാണിയോട് ചോദിക്കുന്നു. അതാണ് മാണിയും മഹാത്മാഗാന്ധിയും തമ്മിലുള്ള വ്യത്യാസം.

1885ല്‍ കോണ്‍ഗ്രസ്സിനു പകരം കേരളാ കോണ്‍ഗ്രസ്സാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാവുമായിരുന്നു. ഇതാ വീണ്ടും വരുന്നു ആ എങ്കില്‍. ഈ "എങ്കില്‍" വെച്ചൊന്ന് ആലോചിച്ചു നോക്കാം. ബ്രിട്ടീഷുകാര്‍ പിറ്റേദിവസം തന്നെ ഇന്ത്യ വിടുമായിരുന്നു.സ്വദേശിപ്രസ്ഥാനം, നിരാഹാരം, നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, ക്വിറ്റിന്ത്യ.. ഇങ്ങനെ വല്ലതും വേണ്ടിവരുമായിരുന്നോ?. പതിനായിരക്കണക്കിനു മനുഷ്യര്‍ ജയിലില്‍ പോകേണ്ടി വരുമായിരുന്നോ?.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം വെളിച്ചം കിട്ടാതെ ഒരു ചൂട്ടുകറ്റക്ക് വേണ്ടി കേരളത്തില്‍ വന്ന് തെണ്ടുമായിരുന്നു. മാണിയുടെ ഒറ്റ സിദ്ധാന്തം മതി " ആളൊണ്ടേയ്.." എന്നു പറഞ്ഞ് വൈസ്രോയിമാര്‍ കിട്ടിയ വണ്ടിക്ക് ലണ്ടനിലേക്ക് പറക്കുമായിരുന്നു. ഇന്ത്യക്ക് ഭാഗ്യമില്ലാതെ പോയി. ഏതായാലും കേരളാ കോണ്‍ഗ്രസിനെ പ്രത്യേക പഠനശാഖയാക്കാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ടത്രെ. സ്ക്കൂള്‍ ഓഫ് കേരളാ കോണ്‍ഗ്രസ്. അലക്കി ഡബിള്‍ സ്ട്രോങ്ങില്‍ തേച്ച ഷര്‍ട്ടും മുണ്ടുമായി സ്ക്കൂള്‍ ഓഫ് കേരളാ കോണ്‍ഗ്രസ്സ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരും വിദ്യാര്‍ഥികളും ഓക്സ്ഫോര്‍ഡ് കാമ്പസില്‍ നടക്കുന്നതൊന്ന് ഭാവനയില്‍ കാണു. പറന്നിറങ്ങുന്ന അരിപ്പിറാവുകള്‍. ഒറ്റ പ്രശ്നമേയുള്ളു. ഇടക്കിടക്ക് നാളികേരം ഉടയ്ക്കാനും, ശയനപ്രദക്ഷിണം നടത്താനും കാമ്പസില്‍ സൗകര്യമൊരുക്കണം. മൂന്നുമാസം കൂടുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സിന് അങ്ങനെയൊരു ചടങ്ങുണ്ട്.

മാണിയെ ശരിക്കും മനസ്സിലാക്കാന്‍ ചില എം പിമാര്‍ മലയാളം പഠിച്ചുതുടങ്ങി എന്നും കേള്‍ക്കുന്നു. സാഹിത്യകാരന്മാരില്‍ മലയാളം അറിയാവുന്ന പന്ത്രണ്ടുപേരെ കയറ്റി അയക്കാമോ എന്ന് സാഹിത്യ അക്കാഡമിയോട് അവര്‍ ചോദിച്ചിട്ടുണ്ടത്രെ!. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനി സൂര്യനസ്തമിക്കാത്ത കേരളാ കോണ്‍ഗ്രസ്സിന്റെ കെ എം മാണി- കേരള മലയാള മാണി. രോമാഞ്ചം വരുന്നു. മൂന്ന് നാല് കച്ചോടക്കാര്‍ തരപ്പെടുത്തിയ ചടങ്ങാണെന്നും അതിലേക്ക് രണ്ട് മൂന്ന് എം പിമാരെക്കൊണ്ടു വരുന്നതാണ് യഥാര്‍ഥത്തില്‍ നടക്കാന്‍ പോകുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. വിശ്വസിക്കരുത്. കേരളാകോണ്‍ഗ്രസ്സിന് എവിടെയും ശത്രുക്കളുണ്ട്. രാജ്യത്തിന് ഒരംഗീകാരം കിട്ടുമ്പോള്‍ അസൂയാലുക്കള്‍ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നു. രാജ്യദ്രോഹികള്‍ നശിക്കട്ടെ.

*
എം എം പൗലോസ് ദേശാഭിമാനി

Tuesday, May 1, 2012

മന്ത്രിയഞ്ചാമന്‍

നാലാണോ അഞ്ചാണോ വലുത്?. ഇതെന്ത് ചോദ്യം എന്ന് കരുതുന്നവരുണ്ടാവാം. അവരുടെ അറിവിലേക്ക് ചിരപുരാതനമായ മറ്റു ചില ചോദ്യങ്ങള്‍ കൂടി. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? മാവാണോ അണ്ടിയാണോ മൂത്തത്? പാണക്കാട് ഹൈദരലി തങ്ങളാണോ ഉമ്മന്‍ ചാണ്ടിയാണോ വലുത്?. ലീഗാണോ എന്‍എസ്എസ്സാണോ മൂത്തത്? ആര്യാടനാണോ കെ പി എ മജീദാണോ വലുത്? മഞ്ഞളാംകുഴി അലിയാണോ മാലിന്യമാണോ വലുത്?.....

ഇത്തരം ചോദ്യങ്ങളില്‍ തത്വശാസ്ത്രവും ദര്‍ശനവും പാണ്ഡിത്യവുമൊക്കെ കാണുന്നവര്‍ നാലാണോ അഞ്ചാണോ വലുത് എന്ന ചോദ്യത്തില്‍ എന്തുകൊണ്ട് അതൊന്നും കാണുന്നില്ല. നാല് വെറും നാലല്ല, അഞ്ച് അഞ്ചുമല്ല. അക്കങ്ങള്‍ക്ക് വെറും അക്കങ്ങള്‍ എന്ന നിലയില്‍ നിലനില്‍പ്പില്ല. ലേശം ബുദ്ധിജീവിപ്പരുവത്തില്‍ പറഞ്ഞാല്‍ അക്കങ്ങള്‍ക്ക് സ്വത്വമില്ല. ഒരു കൈമാറ്റ വ്യവസ്ഥയില്‍ അക്കങ്ങള്‍ക്ക് പ്രാതിനിധ്യ സ്വഭാവമാണുള്ളത്. വെറുതെ "ഒന്ന്" എന്നു പറഞ്ഞാല്‍ എന്തു കാര്യം. "ഒരു" കള്ളന്‍ എന്നുപറഞ്ഞാല്‍ ഒന്നിന് അര്‍ഥമായി. "നൂറ്" ആര്‍ക്കു വേണം?."നൂറ്" രൂപ, "നൂറ്" മാങ്ങ എന്നിവ പലര്‍ക്കും വേണം. നാല് എന്നു പറഞ്ഞാല്‍ ഒന്നുമല്ല. പക്ഷെ നാലു മന്ത്രിമാര്‍ എന്നു പറഞ്ഞാല്‍ അര്‍ഥം മാറി. നാലില്‍ കൂടുതല്‍ മന്ത്രിമാരെ തരില്ല എന്നു പറഞ്ഞാല്‍ അര്‍ഥം പിന്നെയും മാറി. അതു പോലെ തന്നെ അഞ്ചും. അഞ്ചു മന്ത്രിമാര്‍ വേണം എന്നു ലീഗ്് പറയുമ്പോള്‍ സംഗതി ആകെ മാറി. അപ്പോള്‍ നാലും അഞ്ചും വെറും അക്കങ്ങളല്ല. അക്കങ്ങളാണ് രാഷ്ട്രീയം. അക്കങ്ങളില്‍ കയറിയിറങ്ങിയുള്ള കളിയാണ് അധികാരം.

തോറ്റപ്പോള്‍ പനമ്പിള്ളിയുടെ പ്രതികരണം ചരിത്രപ്രസിദ്ധം."എണ്ണിനോക്കിയപ്പോള്‍ എതിരാളിക്കായിരുന്നു കൂടുതല്‍ വോട്ട്" നാലിന്റെ പക്ഷത്താണ് കോണ്‍ഗ്രസ്. ലീഗിന്റെ ഏറ്റവും വലിയ സംഖ്യ അതാണെന്ന് അവര്‍ ആണയിടുന്നു. എന്നാല്‍ അഞ്ചാണ് വലുതെന്ന് ലീഗ്. അഞ്ചോളം വരുമോ നാല് എന്നാണവരുടെ ചോദ്യം. നാലോളം വരില്ല അഞ്ചെന്ന് കോണ്‍ഗ്രസ്. ലീഗിനെന്താണ് അഞ്ചിനോടിത്ര തഞ്ചം എന്ന് അറിയില്ല. മുസ്ലീം ലീഗും മഹാഭാരതവും തമ്മില്‍ എന്തെങ്കിലും ധാരണ ഉള്ളതായി അറിയില്ല. രാമായണവുമായി ലേശം അടുപ്പമുണ്ടെന്ന് കേട്ടിട്ടുണ്ട്. "മാപ്പിള രാമായണം" എന്ന പാട്ടുണ്ട്. പണ്ട് മലബാറിലെ ചില മാപ്പിളമാര്‍ പാടിനടന്ന രാമായണമാണ് ഇത്. "പണ്ട് താടിക്കാരനൗലി പാടിവന്നൊരു പാട്ട് കണ്ടതല്ലെ ഞമ്മളീ "ലാമായണം" കതപ്പാട്ട് കര്‍ക്കടകം കാത്തുകാത്തു കുത്തിരിക്കും പാട്ട് കാതുരണ്ടിലും കൈവിരലി- ട്ടോരി കൂട്ടും പാട്ട്." ഇതില്‍ ശൂര്‍പ്പണഘ രാമനോട് പ്രണയാഭ്യര്‍ഥന നടത്തുന്ന പാട്ടുണ്ട്. യുഡിഎഫ് യോഗം ചേരുമ്പോള്‍ ലീഗ് നേതൃത്വത്തിന് കെപിസിസി അധ്യക്ഷന്റെ ചെവിയില്‍ മൂളാവുന്നതാണ്. "ആരാ നിങ്ങള് ബാല്യക്കാരാ പേരെന്താടോ കൂടെക്കാണുന്നാരാ പെണ്ണ് ബീടരാണോ മക്കളില്ലെ കൂടെ മരുമക്കളില്ലെ കൊക്കും പൂവും ചോന്ന പെണ്ണ് പെറ്റിട്ടില്ലെ." രാമായണവുമായി ബന്ധമില്ലെങ്കിലും പാണക്കാട്ട് തങ്ങള്‍ക്ക് മഹാഭാരതവുമായി അല്‍പം അടുപ്പമില്ലേ എന്നൊരു ശങ്ക. ടെസ്റ്റ് പാസായി അര്‍ജുനന്‍ പാഞ്ചാലിയേയും കൊണ്ടു വരുന്നു. വീട്ടുമുറ്റത്തു നിന്ന് ധര്‍മപുത്രര്‍ വിളിച്ചു പറഞ്ഞു. "അമ്മേ, ഞങ്ങള്‍ ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്" കുന്തിദേവി അകത്തു നിന്നു പറഞ്ഞു. "നിങ്ങള്‍ അഞ്ചു പേരും കൂടിയെടുത്തോ.." അങ്ങനെ പാഞ്ചാലി അഞ്ചുപേര്‍ക്ക് ഭാര്യയായി. ലീഗിന്റെ അഞ്ചിനും ഈ മഹാഭാരതം കഥയോട് പൊരുത്തമുണ്ട്.

തെരഞ്ഞെടുപ്പ് വിജയത്തില്‍ ആര്‍ത്തട്ടഹസിച്ച് ലീഗുകാര്‍ പാണക്കാട്ട് പടിപ്പുരയില്‍ എത്തി. അവര്‍ വിളിച്ചു പറഞ്ഞു. "നമ്മള്‍ കലക്കി." അകത്തു നിന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു "നിങ്ങള് അഞ്ചു പേരും കൂടി അനുഭവിക്ക്" അങ്ങനെ വന്നു ഭവിച്ച ഒരഞ്ചാണ് അത്. സത്യത്തില്‍ അവര്‍ക്ക് ആവശ്യമില്ല. പാണക്കാട്ട് തങ്ങള്‍ പറഞ്ഞു പോയ സ്ഥിതിക്ക് അഞ്ചില്‍ നിന്ന് ഒരിഞ്ച് മാറാന്‍ പറ്റില്ല. കുന്തി പറഞ്ഞാല്‍ പാണ്ഡവര്‍ക്ക് മറ്റൊന്നില്ല. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ ലീഗിനും മറ്റൊന്നും ചിന്തിക്കാനില്ല. പ്രശ്നം രൂക്ഷമായി. അടിയന്തര പരിഹാരത്തിന് ശ്രമം തുടങ്ങി. കാര്യം ഗൗരവമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നടപടികള്‍ തുടങ്ങി. പ്രശ്നം തീര്‍ക്കാനുള്ള യോഗം കൂടാന്‍ മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. മൂന്നംഗ സമിതി ആദ്യ യോഗം ചേര്‍ന്ന് അടുത്ത യോഗത്തിന്റെ തിയതി തീരുമാനിച്ച് പിരിഞ്ഞു. അടുത്ത യോഗം അടിയന്തരമായി ചേര്‍ന്ന് മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ നാലംഗ സമിതിക്ക് രൂപം നല്‍കി. നാലംഗ സമിതിയുടെ ആദ്യയോഗം എവിടെച്ചേരണമെന്ന് തീരുമാനിക്കാന്‍ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. അഞ്ചംഗ സമിതി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ക്രോഡീകരിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. മൂന്നംഗ സമിതി കരട് തയ്യാറാക്കി. ഈ കരട് പരിശോധിക്കാന്‍ നാലംഗ സമിതിയെ തെരഞ്ഞെടുത്തു. നാലംഗ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് കെപിസിസി നിര്‍വാഹക സമിതിയില്‍ വെക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. നിര്‍വാഹക സമിതിയോഗം വിളിച്ചു ചേര്‍ക്കാന്‍ ഏഴംഗ സമിതിക്ക് രൂപം നല്‍കി. ഏഴംഗ സമിതി യോഗം ചേര്‍ന്നപ്പോള്‍ സമയത്തെക്കുറിച്ച് ധാരണയായില്ല എന്ന് ഏകകണ്ഠമായി തീരുമാനിച്ചു. തീരുമാനത്തിന്റെ വിശദവിവരങ്ങള്‍ പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ചു. ആറംഗ സമിതി പ്രശ്നം ചര്‍ച്ച ചെയ്ത് ഏഴംഗ സമിതിക്ക് സമര്‍പ്പിച്ചു. ഏഴംഗ സമിതി യോഗം ചേര്‍ന്ന് ഇത്തവണ തിയതിയെച്ചൊല്ലി തര്‍ക്കം വേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ അതിനെച്ചൊല്ലി ഉണ്ടായ ചില അസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കാന്‍ ഉപസമിതി രൂപീകരിച്ചു.

ഉപസമിതി പ്രശ്നത്തിന്റെ നാനാ വശങ്ങളും ചര്‍ച്ച ചെയ്ത് ഹൈക്കമാന്റിനെ സമീപിക്കാന്‍ തീരുമാനിച്ചു. ഹൈക്കമാന്റിനെ സമീപിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കാന്‍ നാലംഗങ്ങളുള്ള കമ്മിറ്റി തെരഞ്ഞെടുത്തു. നാലംഗ സമിതി നാലു തവണ യോഗം ചേര്‍ന്ന് മൂന്നംഗ സമിതി രൂപീകരിച്ചു. മൂന്നംഗ സമിതി ഡല്‍ഹിക്ക് പോകാനുള്ള സമയം തീരുമാനിക്കാന്‍ മറ്റൊരു ആറംഗ സമിതിയെക്കൂടി തെരഞ്ഞെടുത്തു. ആറംഗ സമിതിയുടെ ആദ്യയോഗം തീരുമാനമാവാതെ പിരിഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിച്ചു. സമയം തീരുമാനിച്ചു. മൂന്നംഗം ഉടന്‍ ഡല്‍ഹിക്ക് കുതിച്ചു. ഹൈക്കമാന്റിന് അവധിയായതിനാല്‍ തിരിച്ചു പോന്നു. വീണ്ടും യോഗം ചേരാന്‍ രണ്ടംഗ സമിതിക്ക് രൂപം നല്‍കി. യോഗം ചേരാനുള്ള തിയതിയെച്ചൊല്ലി വീണ്ടും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. എങ്കിലും നേതൃത്വത്തിന്റെ കര്‍ശനമായ ഇടപെടലിനെത്തുടര്‍ന്ന് കലണ്ടര്‍ നോക്കി തിയതി തീരുമാനിക്കാമെന്ന അഭിപ്രായ സമന്വയത്തിലെത്തി. ഇതിനിടയില്‍ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ജില്ലാ കലക്ടര്‍മാര്‍ കര്‍ശനമായി നിരോധിച്ചു. മൂന്നു വാക്കില്‍ കൂടുതല്‍ പറയുന്നവരെ 144ാം വകുപ്പുപ്രകാരം ജയിലില്‍ അടക്കാന്‍ നിര്‍ദേശം നല്‍കി. മിണ്ടണ്ടെന്നും മിണ്ടാപ്പൂച്ചകള്‍ കലമുടച്ചാല്‍ മതിയെന്നും ഉത്തരവിറങ്ങി. സമിതി വീണ്ടും ഹൈക്കമാന്റിനെ സമീപിച്ചു. ഹൈക്കമാന്റ് പ്രശ്നം കേള്‍ക്കാമെന്ന് സമ്മതിക്കണമോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. അതിന് ദക്ഷിണേഷ്യ മുഴുവന്‍ ചുമതലയുള്ള മൂന്നു പേരെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കെപിസിസി യോഗം വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഒടുവില്‍ ഹൈക്കമാന്റിന്റെ തീരുമാനം വന്നു. പ്രശ്നം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്യണം.

മറ്റൊരു സംസ്ഥാനത്തെയും ഇത് ബാധിക്കുന്നതല്ല. ചര്‍ച്ചക്ക് കേരളത്തെ സഹായിക്കാന്‍ ഒരു അഷ്ടവൈദ്യനെ അയക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചു. നിര്‍ദേശം നിര്‍വാഹക സമിതിയോഗം വിശദമായി ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചക്ക് ഒരു ഉപസമിതിക്ക് രൂപം നല്‍കി. ഉപസമിതി ചര്‍ച്ച ചെയ്യാനുള്ള വിഷയവുമായി ഡല്‍ഹിക്ക് കുതിച്ചു. ഹൈക്കമാന്റ് അവരെ ഓടിച്ചിട്ട് തല്ലി. ഹൈക്കമാന്റ് പ്രശ്നത്തില്‍ കാര്യമായി ഇടപെട്ടിട്ടുണ്ടെന്ന് തിരിച്ചെത്തിയ ഉപസമിതി വാര്‍ത്താലേഖകരെ അറിയിച്ചു. പ്രശ്നം ഇനി നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നും ചുരുക്കിക്കൊണ്ടു വരാമെന്നും നിര്‍വാഹക സമിതി ഏകകണ്ഠമായി തീരുമാനിച്ചു. അതിനു വേണ്ടി യുഡിഎഫ് യോഗം ചേരണമെന്ന് നിര്‍ദേശിക്കാനുള്ള കെപിസിസി യോഗത്തിന് മുന്നോടിയായ ജില്ലാ നേതൃയോഗങ്ങളുടെ തീയതി തീരുമാനിക്കാന്‍ പത്തംഗ പ്രത്യേക സമിതിക്ക് രൂപം നല്‍കി. പാവം..പാവം..അഞ്ചാം മന്ത്രി!. മിന്നുകെട്ടുന്നതും കാത്ത്, പുതുക്കങ്ങളണിഞ്ഞ്, മൈലാഞ്ചിയും പൂശി കുത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു തികഞ്ഞു. പ്രതിശ്രുത മന്ത്രിയുടെ ഇരിപ്പ് കണ്ട് അണികള്‍ ചങ്കു പൊട്ടി നിലവിളിച്ചു.

"..ന്റ ബദരീങ്ങ്ളെ..ന്റ പുള്ളേന്റെ ഇരുപ്പ് കണ്ടാ..നല്ല ന്ലാവുദിച്ച പോലേണ്ടാര്‍ന്ന ന്റ പുള്ള ബാടിക്കരിഞ്ഞിരിക്ക്ണ കണ്ടാ..അത്തറും പൂശി, പൗണ്ടറും മിനുക്കി ചൊകചൊകാന്നിരുന്ന ന്റ പുള്ളേന്റ മോന്തേന്റ ശെയ്പ് കണ്ടാ..അടക്കേന്റെ തൊണ്ടൊണങ്ങ്യ പോലായല്ലൊ പടച്ചോനെ... ഇങ്ങനത്തെ ഒരു കൊടും ശതി പടച്ചോന്‍ പൊറുക്കൂല്ലാ..ഇന്നാവും മന്ത്രി, നാളെയാവും മന്ത്രി, നാളെ കയിഞ്ഞാവും മന്ത്രി എന്നെല്ലാം ങ്ങ്ള് എത്ര തവണ പറഞ്ഞ് കൊതിപ്പിച്ച്. ശീറിപ്പായണ ബണ്ടിക്കകത്തൊള്ള ആ പോക്കും, പോലീശുകാര് കൈപൊക്കി തൊയ്കണതും..ന്റ റബ്ബേ സുബര്‍ക്കം തായിത്ത് ബന്നന്നല്ലെ ന്റ പുള്ള കര്തീത്..നാലാം കുളീം കയിഞ്ഞ് അഞ്ചാം മന്ത്രിയാകാന്‍ ശുറുമ എയ്തിയിരുന്ന ന്റ പുള്ളേനോട് ന്തിനാ ങ്ള് ഈ ശതി ശെയ്തത്..കോയിക്ക് അദ് ബന്നട്ടും ന്റ പുള്ളക്ക് മന്ത്രീന്റ പട്ടുറുമാലൊന്ന് ശുറ്റാന്‍ പറ്റീല്ലല്ലാ... കൊല്ലമൊന്ന് കയിഞ്ഞിട്ടും ന്റ പുള്ള പൊര നെറഞ്ഞ് നിക്കേയായിരുന്നില്ലേ..ഓരോ ബണ്ടി ബരുമ്പയും ഓടിച്ചെന്ന് നോക്കും..അപ്പ്ളാണ് അറിയണത് അതെന്റ പുള്ളക്കൊള്ള ബണ്ട്യല്ലാന്ന്.

സൊപ്നം കണ്ട് കണ്ട് ന്റ പുള്ള മെലിഞ്ഞ് മെലിഞ്ഞ് ഇല്ലാണ്ടായി. എല്ലാരും മന്ത്രിക്കാറീക്കേറി ശീറിപ്പാഞ്ഞ് പോകണേം കണ്ട് ന്റ പുള്ള മാത്രം തിണ്ണപ്പൊറത്തിരുന്ന് എണ്ണിപ്പെറുക്കണ കണ്ടാ..തയ്ച്ചുബെച്ച പുതിയ ശില്‍ക്ക് കുപ്പായം പാറ്റ നക്കി ഓട്ടയാക്കി. രണ്ടാനേക്കൊടുത്താലും കൊഴപ്പൂല്ലാര്‍ന്ന്. എന്തിനാ ങ്ങ്ള് ആശ കൊടുത്തത്.. " അണികളുടെ കൂട്ടക്കരച്ചില്‍ ശക്തമായി. കല്ലേറായി, കയ്യാങ്കളിയായി. കാത്തുകാത്തിരുന്ന് കല്ലായിപ്പോയ പ്രതിശ്രുത മന്ത്രിക്ക് അതോടെ ശാപമോക്ഷമായി. പക്ഷെ കിട്ടിയത് അഞ്ചാം മന്ത്രി എന്ന ചീത്തപ്പേരും!.

*
എം എം പൗലോസ് ദേശാഭിമാനി വാരിക 06 മെയ് 2012

Friday, March 16, 2012

ഒരു ചാനല്‍ ഭാഷണം

അണ്ടിപ്പരിപ്പ് വായിലിട്ട് ചവച്ചുകൊണ്ടാണ് ചാനലുകാരോട് സംസാരിച്ചത്. ഞെട്ടുന്ന വാര്‍ത്ത കൊടുക്കുമ്പോഴുള്ള ചവച്ചരയ്ക്കല്‍ അരോചകമായി തോന്നി. സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ചുമല് ചരിച്ചുപിടിച്ച് നടക്കുംപോലെയല്ലെങ്കിലും തല വലത്തോട്ട് ചരിച്ചുവെച്ച് സംസാരിക്കുന്ന നേതാവിന്റെ സ്റ്റൈല്‍ ഇഷ്ടപ്പെട്ടു. മുഖാമുഖത്തിലെ ഭൂരിഭാഗം സമയവും അതില്‍ ബദ്ധശ്രദ്ധനായി കാണപ്പെട്ടു. തന്റെ സ്വന്തം ജില്ലയൊഴിച്ച് മറ്റ് ഒട്ടുമിക്ക പ്രേക്ഷകസമൂഹത്തിനും നേതാവ് അപരിചിതനാണ്. ''ഓര്‍മ്മയുണ്ടോ ഈ മുഖം?'' എന്ന് നാളെ കഴിഞ്ഞ് ചോദിച്ചാല്‍ ഉവ്വ് എന്നല്ലാതെ വേറൊരു ഉത്തരം ആര്‍ക്കുമുണ്ടാകില്ല. നാളെ പ്രിന്റ് മീഡിയയില്‍ മത്തങ്ങാ അക്ഷരത്തില്‍ അച്ചുനിരത്തും. ഹാഫ് സൈസ് ഫോട്ടോ ചേര്‍ത്തുവെയ്ക്കും. അങ്ങനെ ജനസമൂഹത്തിന്റെ തലയ്ക്കുള്ളില്‍ കിടന്ന് കൈകാലിട്ടടിക്കും ഭവാന്‍.

നേതാവ് പ്രതീക്ഷിച്ചിട്ടുള്ളത് മേല്‍ച്ചൊന്ന പബ്ലിസിറ്റിയൊന്നുമല്ലെന്ന് സുവ്യക്തം. 'പിന്നെന്തര്' എന്ന് ചാനലിലെ അവതാരക പേര്‍ത്തും പേര്‍ത്തും ചിരിച്ച് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നത് കാര്യബോധമുള്ളവര്‍ക്ക് 'തോനെ' മനസ്സിലാവും.

അവര്‍ ചോദിച്ചത് ഇത്രയുമാണ്. ചോദ്യം നമ്പര്‍ വണ്‍ :

എന്താണ് ഇങ്ങനെയൊരു പദവിയിലിരിക്കുമ്പോള്‍ ഇപ്പൊ കേറിയങ്ങ് രാജി വെച്ചുകളയാന്‍? ബാഹ്യപ്രേരണ?

പഠിച്ചുവെച്ച മറുപടി വന്നതിങ്ങനെ: തിരഞ്ഞുപിടിച്ച പീഡനം. അവഗണന. മനം പിരട്ടല്‍.

ഉടനെയുണ്ടായി അവതാരകയുടെ ചോദ്യം: അത് ഈ കൊച്ചുവെളുപ്പാന്‍കാലത്ത് മാത്രം അനുഭവപ്പെട്ടതാണോ? നേരത്തേ ഈ അസുഖം ഉണ്ടായിരുന്നതായി ഒരു സൂചനയുമില്ലായിരുന്നല്ലൊ.

എന്നാരു പറഞ്ഞു. ജില്ലയില്‍ മൊത്തം ശിങ്കിടികള്‍ക്കും അറിയാം. അസ്‌കിത പുറത്തു പറഞ്ഞില്ലെന്നേയുള്ളു. കാര്യങ്ങള് ഇത്രടം ആയ നിലയ്ക്ക് വേണ്ടപ്പെട്ടവരുമായി ആലോചിച്ച് പുറത്തുവിട്ടതാണ്.

അവതാരക: രാജീടെ കച്ചീട്ട് തുല്യംചാര്‍ത്തി സമക്ഷം സമര്‍പ്പിച്ച സ്ഥിതിക്ക് വേക്കന്‍സി ഫില്ല് ചെയ്യാണ്ട് പറ്റൂലല്ലൊ. പിറവം കഴിഞ്ഞ് വേറൊരു പുനരങ്കം. ഇനിയൊരങ്കത്തിന് ബാല്യമുണ്ടോ?

മറുപടി: അങ്ങനെയെങ്കില്‍ പിന്നെ ഇത് തുടര്‍ന്നാല്‍ പോരായിരുന്നോ? ഞാനിതൊന്നും ആശിച്ചിട്ടല്ല രാഷ്ട്രീയത്തിലിറങ്ങിയത്. സേവനമാണെന്റെ ജീവന്‍. അതിനായി ജനിച്ചവന്‍ ഞാന്‍.
മറുചേരിക്കാര്‍ നിര്‍ബന്ധിച്ചാല്‍...? അവതാരക വിടുന്ന ലക്ഷണമില്ല.

ദ്വേഷ്യം പിടിച്ച വമ്പന്‍ കൊമ്പുകുലുക്കി - എന്റെ പട്ടി പോവും. അതിലും ഭേദം ചാവുന്നതാണ്.

അങ്ങിനെ പറയല്ലേ. അവതാരക തുടര്‍ന്നു. ജയിച്ചാല്‍ മന്ത്രിപദവിയെന്നാണല്ലൊ കേള്‍ക്കുന്നത്. അങ്ങനെയൊരു ഓഫര്‍ രാജിക്കുപിന്നില്‍? ആസൂത്രിതമാണ് ഈ രാജിയെന്നും കേള്‍ക്കുന്നു. ചീഫിനെ കണ്ടിരുന്നുവെന്ന് പറയുന്നു. എപ്പോഴാണ് കണ്ടത്? എന്താണ് ചര്‍ച്ചചെയ്തത്.

എല്ലാം ഇല്ലാത്തതാണ്. രാജികൊടുക്കാന്‍ പോയപ്പോള്‍ സ്വീകരിക്കുന്ന ആളുടെ മുഖവും എന്റെ പ്രിയപ്പെട്ടവരുടെ മുഖവും അല്ലാതെ മറ്റൊന്ന് കണ്ടിട്ടില്ല. ഈയിടെയായി അങ്ങനെയാണ്. ഇതിനിടയില്‍ എപ്പോഴെങ്കിലും കോഴി മൂന്നുവട്ടം കൂകിയതും ഞാന്‍ കേട്ടിട്ടില്ല.

അവതാരക: ഷിബുസോറനും കൂട്ടരും നരസിംഹറാവുവിന്റെ കാലത്ത്. പിന്നീട് യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വന്‍പടയെ വന്‍വില കൊടുത്ത് വാങ്ങി. പാര്‍ലിമെന്റില്‍ നോട്ടുകെട്ട് വെളിവാക്കി. കേരളത്തിലൊരു കുതിരക്കച്ചവടം ?

ഏയ് അതൊക്കെ കേന്ദ്രത്തില്‍. ഞാനൊക്കെ അന്നതിനെ എതിര്‍ത്തതാണ്. ഇവിടെയൊന്നും അങ്ങനെയൊരേര്‍പ്പാടേ ഇല്ല.

പിറവവും ഈ കരയുമായി ഈ രാജിക്ക് ബന്ധം?

ഞാന്‍ പിറവത്തെ അറിയുന്നേയില്ല. ഞാനുമായി ഒരു ബന്ധവുമില്ല (കൈ കഴുകാന്‍ നേതാവ് കൈകള്‍ തപ്പി)

ചോരപ്പാടുള്ള കൈ മണത്ത് നേതാവ് എഴുന്നേറ്റ് വിശ്വവിഖ്യാതമായി കൈകൂപ്പി (നാളത്തെ പത്രത്തില്‍ ഈ പോസ് വന്നാല്‍ ഉത്തമം) യാത്രചൊല്ലി.

അണ്ടിപ്പരിപ്പ് കുറച്ച് ജാസ്തിയായി. റസ്റ്റ്ഹൗസില്‍ ചെന്ന് വിസ്തരിച്ച് വായ കഴുകണം. നേതാവ് പിറുപിറുത്ത് സ്റ്റുഡിയോ വിട്ടു.

പിന്‍വായന :

യുഡിഎഫ് ഓഫീസ് പടിക്കല്‍ ഫ്ലക്‌സ് ബോര്‍ഡ് :

അറിയിപ്പ്. മേല്‍ത്തരവും ഇടത്തരവുമായ കുതിരകളെ ആവശ്യമുണ്ട്. വന്‍വില കൊടുക്കുന്നതായിരിക്കും.

*
വി എസ് വസന്തന്‍ ജനയുഗം 16 മാര്‍ച്ച് 2012

Monday, April 18, 2011

ആരെയാണ് വിശ്വസിക്കേണ്ടത്?

'സ്നേഹമുള്ളവരുടെ' വീട്ടിലേക്ക് കയറിച്ചെന്നവര്‍ക്കിപ്പോള്‍ മുറ്റത്താണ് കഞ്ഞി. അതും കുഴികുത്തി ഇലയില്‍ ഒഴിച്ചേ കൊടുക്കുള്ളൂ. വേണമെങ്കില്‍ കുടിക്കാം-വേണ്ടെങ്കില്‍ ഇറങ്ങിപ്പോകാം. കോഴിക്കോട് സീറ്റുകിട്ടാത്തതിന്റെ പേരില്‍ കൂടെക്കഴിഞ്ഞവരെയാകെ തള്ളിപ്പറഞ്ഞ് തെറിവിളിച്ച് ഇറങ്ങിപ്പോയ വീരന് ഇന്നും വലിയ നഷ്ടമില്ല-മകന് കല്‍പ്പറ്റ സീറ്റുകിട്ടിയല്ലോ. ഞാനും എന്റെ മോനും പിന്നെ അധികാരവും. അത്രയേ ഉള്ളൂ പുള്ളിയുടെ പുസ്തകത്തില്‍. മാതൃഭൂമിയുടെ എംഡിസ്ഥാനവും ക്രൈമിന്റെ യഥാര്‍ഥ പത്രാധിപസ്ഥാനവും കൈയിലുണ്ട്. ക്രൈം കുമാരന് ചെല്ലുംചെലവും വക്കീല്‍ഫീസും കൊടുക്കണം. സിപിഐ എമ്മിനെ ടോര്‍പിഡോ ചെയ്യണം. കുറെ പാവങ്ങളെ കൂടെക്കൊണ്ടുപോയി. ഇപ്പോള്‍ കൃഷ്ണന്‍കുട്ടിക്കു മനസ്സിലായി. പ്രേംനാഥിനും കെ പി മോഹനനും മനസ്സിലായെങ്കിലും പുറത്തുപറയാന്‍ ഭയമാണ്. സോഷ്യലിസം തലയില്‍വച്ചു കഷ്ടപ്പെട്ട പാവങ്ങളുടെ ഉദകക്രിയ നടത്തുകയാണ് നേതാവ്. ഉപജാപം, അധികാരം, ധിക്കാരം-ഇതുമൂന്നും പണംകൊണ്ട് കൊഴുപ്പിക്കാമെന്നും ജില്ലാ പ്രസിഡന്റുമാര്‍പോലും പേരുവിളിച്ച് സംബോധന ചെയ്യപ്പെടാന്‍ യോഗ്യരല്ലെന്നും ധരിച്ചുവശായ മാടമ്പിത്തത്തിന് അര്‍ഹിക്കുന്നതുതന്നെ കിട്ടിയിരിക്കുന്നു. സ്വാര്‍ഥമോഹത്താല്‍ സ്വന്തം പാര്‍ടിയെ കൊന്ന നേതാവിന് അവഗണനയും അടുക്കളപ്പുറവാസവും കൂലി. ഇനി പാര്‍ടിയെന്തിന്? കോണ്‍ഗ്രസില്‍ ചേര്‍ന്നാലും പിഴച്ചുപോകാം. ഒറ്റയ്ക്കുവേണ്ട. മകന്‍ ഒന്നൊന്നര അണിയാണല്ലോ. അബ്ദുള്ളക്കുട്ടിയും കെ എസ് മനോജും സിന്ധു ജോയിയും ജീവിക്കുന്ന നാട്ടില്‍ ഒരു വീരന് ഇടമില്ലാതെ വരില്ല.

വിശ്വാസത്തിന്റെയും ദൈവഭയത്തിന്റെയും പരിഗണനയുടെയും 'തെളിനീരില്‍' നീരാടാന്‍ പോയ കെ എസ് മനോജ് ജോലി രാജിവച്ച് മത്സരിക്കാന്‍ ഒരുങ്ങി. സീറ്റു കിട്ടിയതുമില്ല, ജോലി നഷ്ടവുമായി. സിന്ധു ജോയി മുട്ടയേറുകൊണ്ട് ഛര്‍ദിച്ചത് മിച്ചം. ഗ്രനേഡില്‍ തളരാത്തത് കോഴിമുട്ടയ്ക്കുമുന്നില്‍ വീഴുമ്പോഴാണ് ജനാധിപത്യം പൂത്തുലയുന്നത്. അബ്ദുള്ളക്കുട്ടിയുടെ ഗതി അറിയണമെങ്കില്‍ മെയ് പതിമൂന്നുവരെ കാത്തിരിക്കണം. അഥവാ പുഴയിലെ വെള്ളം വറ്റി യുഡിഎഫ് അക്കരെ ചെന്നാലത്തെ സ്ഥിതി എന്താവും?

എം വി രാഘവന്റെ മെഴുകുപ്രതിമയുണ്ടാക്കി നാടുചുറ്റിച്ചാണ് നെന്മാറയില്‍ വോട്ടുതേടിയത്. ഗൌരിയമ്മ ചുറുചുറുക്കു കാട്ടുന്നുണ്ട്-പ്രായം തൊണ്ണൂറു കഴിഞ്ഞിട്ടും. കുഞ്ഞാലിക്കുട്ടി, കെ എം മാണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ നയിക്കുന്ന ഒരു മന്ത്രിസഭ വരാനാണ് കേരളീയര്‍ വോട്ടുചെയ്തതെന്ന് മനോരമ പറഞ്ഞുപതിപ്പിക്കുന്നുണ്ട്. വോട്ട് പെട്ടിയിലായിട്ടും എന്തിന് ഈ പണി എന്ന് ചോദിക്കാം. അല്‍പ്പനാളത്തേക്കെങ്കിലും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിനിര്‍ത്തിയാല്‍ കിട്ടുന്ന ലാഭം എത്രയാണെന്ന് 'അകത്തെ പല്ലുകൊണ്ടും ചിരിക്കുന്ന' മനോരമയ്ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.

*****

അണ്ണ ഹസാരെയുടെ പോരാട്ടത്തെ പിന്തുണയ്ക്കൂ എന്നാവശ്യപ്പെട്ട് ഒരു ചാനല്‍പ്പെകൊടി ശതമന്യുവിന് സന്ദേശമയച്ചു. പിന്നെന്ത്, പിന്തുണ ഹസാരയ്ക്കുതന്നെ എന്ന് മറുതപാല്‍ പോയി. പിന്നാലെ വിളിവന്നു. വോട്ട് ചെയ്തോ എന്ന് ചോദ്യം. ചെയ്തു എന്ന ഉത്തരത്തിനുപിന്നാലെ ആര്‍ക്ക് എന്ന രണ്ടാം ചോദ്യക്കടലാസ്. അതിനും ഉത്തരംകിട്ടിയപ്പോള്‍, 'ഓാാാാ.......സിപിഎം ആണല്ലേ' എന്നും ചോദിച്ചു ക്ടാവ്. അതേ കക്ഷിയെ പിറ്റേന്ന് ചാനലില്‍ കണ്ടു. "ബംഗാളിലെയും കേരളത്തിലെയും ഫലം സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാകും. പാര്‍ടി പ്രത്യയശാസ്ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്'' എന്ന് മൈക്ക് പിടിച്ച് പറയുകയാണ് പെണ്‍കിടാവ്. ശതമന്യു സിപിഎം ആണെന്നറിയാന്‍ ബുദ്ധിയില്ലാത്ത ചാനല്‍കൊടി പ്രത്യയശാസ്ത്ര പ്രതിസന്ധിയെക്കുറിച്ച് ഉപന്യസിക്കുന്നതു കണ്ടപ്പോള്‍ വല്ലാത്ത സ്നേഹമാണ് തോന്നിയത്. വിവേചനബുദ്ധിയില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണമല്ലോ. അവര്‍ സ്നേഹവും സഹതാപവും അര്‍ഹിക്കുന്നുണ്ടല്ലോ.

അണ്ണ ഹസാരെ രക്ഷകനാണെന്നു കരുതിയവരും അങ്ങനെ സ്നേഹം അര്‍ഹിക്കുന്നുണ്ട്. അവരുടെ മനസ്സില്‍ കളങ്കമില്ല. അഴിമതി കളിയാട്ടമാടുന്ന നാട്ടില്‍ ഒരു രക്ഷകന്‍ ജനിക്കുകയാണെന്ന് കരുതുന്നതില്‍ തെറ്റുമില്ല, കുറ്റവുമില്ല-ഉള്ളത് അല്‍പ്പം വിവേകത്തിന്റെ കുറവുമാത്രമാണ്. കലികാലം തീര്‍ക്കാന്‍ അവതാരത്തെ കാത്തിരിക്കുന്നവര്‍ക്ക് അണ്ണ ഹസാരെയുടെ വരവ് കണ്ണിനുത്സവം തന്നെ. ഹസാരെയെ പെട്ടെന്ന് ആരും വിമര്‍ശിക്കുകയുമില്ല. രണ്ടുണ്ട് കാരണം. ഒന്നാമത്തേത്, പുള്ളിക്കാരന്‍ ഗാന്ധിത്തൊപ്പിയും പാളത്താറുമിട്ട് പറയുന്ന കാര്യങ്ങള്‍ നൂറുശതമാനം ശരിയാണ് എന്നതുതന്നെ. രണ്ടാമത്തേത്, ആരെങ്കിലും എതിരായി ഉരിയാടിയാല്‍ അപ്പോള്‍ പുറത്ത് പുള്ളി വീഴും-അഴിമതിക്കാരുടെ വക്കീലെന്ന്. ഏതായാലും ശതമന്യുവിന്റെ വക്കാലത്ത് അഴിമതിക്കാര്‍ക്കല്ല. ഹസാരെ കീ ജയ് വിളിച്ച് തേരാപാരാ നടക്കുന്നവര്‍ക്കുമല്ല. അഴിമതി തടയാന്‍ വീറുറ്റ ലോക്പാല്‍ നിയമം വേണം. അത് എഴുതി ശരിയാക്കാന്‍ സമിതി വേണം. രണ്ടിലും ശതമന്യുവിന്റെ വോട്ട് ഹസാരെയ്ക്ക്. ആ സമിതിയില്‍ ഒരച്ഛനും മകനും വരുന്നത് ഭൂഷണമെന്ന് ഹസാരെ. ശാന്തിഭൂഷണ്‍ ഉപാധ്യക്ഷ മഹോദയ്. മകന്‍ പ്രശാന്ത്ഭൂഷണ്‍ വിശുദ്ധ മെമ്പര്‍.

സംഗതി ഏതാണ്ടൊക്കെ ശരിയായി വന്നതാണ്. അപ്പോഴതാ കോണ്‍ഗ്രസ് അജ്ഞാത വേഷത്തില്‍ വരുന്നു-അഴിമതിക്കെതിരെ പൊരുതുന്ന ശാന്തിഭൂഷണ്‍ അഴിമതിക്കാരനാണെന്ന്. തെളിവായി ഒരു ടേപ്പും. ജഡ്ജിയെ സ്വാധീനിക്കാന്‍ ശാന്തിഭൂഷണ്‍ ഇടപെട്ട് കൈക്കൂലി നല്‍കിയതായി ആരോപിക്കുന്ന സിഡിയാണ് വന്നത്. ഇത് വെളിപ്പെടുത്തലുകളുടെയും രഹസ്യ സിഡികളുടെയും കാലമാണല്ലോ. സംയുക്തസമിതി യോഗത്തിനുമുന്നോടിയായി മാധ്യമസ്ഥാപനങ്ങളില്‍ അജ്ഞാതരാണ് സിഡി എത്തിച്ചത്. ഇതിനെ തപാല്‍ ജേര്‍ണലിസം എന്ന് വിളിക്കും. ആവശ്യമുള്ള വാര്‍ത്തകള്‍ കവറിലാക്കി ഓഫീസുകളിലെത്തിക്കുന്നതെന്തോ അതാണ് തപാല്‍ ജേര്‍ണലിസം. ലോകോത്തര മാന്യന്മാരും സമാജ്വാദി പാര്‍ടി നേതാക്കളുമായ മുലായംസിങ് യാദവ്, അമര്‍സിങ് എന്നിവരുമായി ചേര്‍ന്ന് ഒരു ജഡ്ജിയെ വിലയ്ക്കെടുക്കുന്ന കാര്യം ശാന്തിഭൂഷണ്‍ ചര്‍ച്ചചെയ്യുന്നതായാണ് സിഡിയില്‍. ജഡ്ജിക്ക് നാലുകോടി നല്‍കാന്‍ ശാന്തിഭൂഷണ്‍ പറയുന്നു. ഇതേ ശാന്തിഭൂഷണാണ് സുപ്രീം കോടതിയില്‍ അഴിമതിക്കാരുടെ ആറാട്ടാണെന്നും അങ്ങനെ പറഞ്ഞതിന് മാപ്പുപറയുന്നതിനുപകരം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അല്‍പ്പനാള്‍ മുമ്പ് വിളിച്ചുപറഞ്ഞത്.

ഈ സിഡി വ്യാജമാണെന്ന് പ്രശാന്ത്ഭൂഷണും ഒറിജനല്‍തന്നെയെന്ന് മറ്റുപലരുംപറയുന്നു. ഇനി ഭൂഷപിതാവും ഭൂഷപുത്രനുമാണ് തെളിയിക്കേണ്ടത്. ആരോപണം ആര്‍ക്കെതിരെയാണോ അവര്‍ നിരപരാധത്വം തെളിയിക്കണമെന്നാണല്ലോ പുതിയ അഴിമതിവിരുദ്ധ പോരാട്ട ന്യായം. എന്തോ സ്റ്റാമ്പ് ഡ്യൂട്ടി തട്ടിപ്പെന്നോ അറുപത്തിയഞ്ചു ലക്ഷത്തിന്റെ കാറുവാങ്ങിയെന്നോ വേറെയുമുണ്ട് വക്കീലന്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍. ഇനി ചില വക്കീലന്‍മാരാണ് ഏറ്റവും വലിയ അഴിമതിക്കാര്‍ എന്നുണ്ടോ? കറുത്ത ഗൌണിനുള്ളിലെ വിശുദ്ധി ജഡ്ജിക്കും വക്കീലിനും ഒരുപോലെ വേണ്ടേ? അതും ചര്‍ച്ചചെയ്യട്ടെ നമ്മുടെ നീതിപതികള്‍.

*****

നാലുതൂണും ഇങ്ങനെ ആയാല്‍ എന്തുചെയ്യുമെന്നാണ് നാം ജനങ്ങള്‍ ചിന്തിക്കേണ്ടത്. ജഡ്ജിമാര്‍ കൈക്കൂലിവാങ്ങുന്നു എന്ന് റൌഫും പറഞ്ഞു, ശാന്തിഭൂഷണും പറഞ്ഞു, സുധാകരനും പറഞ്ഞു. കേസുകള്‍ പണംകൊടുത്ത് തീര്‍പ്പാക്കാനാകുമ്പോള്‍ ജുഡീഷ്യറി എന്ന തൂണിന്റെ ഗതി അധോഗതിതന്നെ. എക്സിക്യൂട്ടിവ് എന്ന തൂണാണെങ്കില്‍ 2ജി സ്പെക്ട്രം വലുപ്പത്തിലുള്ള അഴിമതിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. നിയമനിര്‍മാണസഭയില്‍ തെരഞ്ഞെടുക്കപ്പെടാന്‍ വോട്ടര്‍മാര്‍ക്ക് പണം, ജയിച്ചുകയറിയാല്‍ കാലുമാറാന്‍ പണം. തെരഞ്ഞെടുപ്പുതന്നെ അഴിമതിയാണ്. ഇനി നാലാംതൂണിന്റെ കാര്യമോ? നിങ്ങള്‍ക്ക് അനുകൂലമായോ നിങ്ങളുടെ ശത്രുവിന് പ്രതികൂലമായോ വാര്‍ത്ത എഴുതിക്കൊടുക്കപ്പെടും- പണം റൊക്കം കിട്ടിയാല്‍ മതി. അഴിമതിവിരുദ്ധ പോരാട്ടനായകന്‍ ശാന്തിഭൂഷണ്‍ തന്നെ ജുഡീഷ്യറിയെ വിലപറഞ്ഞു വില്‍ക്കാന്‍ നടക്കുന്ന നാണക്കേടാണെന്നുവരുമ്പോള്‍ ആരെയാണ് വിശ്വസിക്കേണ്ടത്. ജനാധിപത്യം അതിന്റെ ഏറ്റവും മോശമായ വഴിയിലൂടെ കടന്നുപോകുന്നു. അതിന് സല്യൂട്ടടിക്കാന്‍ ശതമന്യു ഇല്ല.


*****


ശതമന്യു , കടപ്പാട് : ദേശാഭിമാനി

Sunday, February 27, 2011

കേന്ദ്രവും തിരുവഞ്ചൂരിനെ അവഗണിക്കുകയാണല്ലേ?

ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. സമൂഹത്തിന്റെ സജീവപ്രശ്നങ്ങളുടെ ചര്‍ച്ചകളും ഭാവിഭാഗധേയങ്ങളും നിര്‍ണയിക്കപ്പെടുന്ന നിയമനിര്‍മ്മാണങ്ങളുടെ ശ്രീകോവില്‍. ചൂടുപിടിച്ച സംവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടയില്‍, പുട്ടിന് തേങ്ങ എന്ന പോലെ, മേമ്പൊടിക്ക് നര്‍മ്മ ഭാഷണങ്ങളും സഭക്ക് അന്യമാകുന്നില്ല. പന്ത്രണ്ടാം നിയമസഭയില്‍ നടന്ന കൌതുകകരമായ സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും മലയാളിയുടെ ആസ്വാദനലോകത്തേക്ക് എത്തിക്കുന്നതും സരസന്മാരില്‍ ഒരുവനായ നിയമസഭാംഗമാണ്. എം.എം. മോനായി. പന്ത്രണ്ടാം നിയമസഭയുടെ 17 സമ്മേളനങ്ങളില്‍ സഭയില്‍ ഉയര്‍ന്നുവന്ന ഫലിത മൊഹൂര്‍ത്തങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് പുസ്തകരൂപത്തില്‍ മോനായി വായനക്കാര്‍ക്ക് എത്തിക്കുന്നത്. ‘വാക്‍പയറ്റ് 12‍ ‍ാം നിയമസഭയിലെ ഫലിതങ്ങള്‍’ എന്ന നൂറിലേറെ പേജുള്ള പുസ്തകത്തില്‍ മോനായി തന്നെ രചിച്ച മുഴുവന്‍ എം.എല്‍.എമാരുടെയും രേഖാചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമസഭ. ചോദ്യോത്തരവേള.

പ്രവാസികേരളീയരെപ്പറ്റി പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: എന്റെ മണ്ഡലത്തിലെ ചിലയാളുകള്‍ കൊലാലംപൂരില്‍ പീഢനം ഏല്‍ക്കുകയാണ്.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍: സ്ഥാനത്തും അസ്ഥാനത്തും ഒട്ടനവധി കാര്യങ്ങള്‍ ഉന്നയിക്കുന്ന തിരുവഞ്ചൂര്‍ ഈ കാര്യം ഇത്രയും നാള്‍ പറയാന്‍ വിട്ടുപോയതെന്ത്?

തിരുവഞ്ചൂര്‍: ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഞാന്‍ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി: അപ്പോള്‍ കേന്ദ്രവും തിരുവഞ്ചൂരിനെ അവഗണിക്കുകയാണല്ലേ...?

(സഭയില്‍ ആരവം. പൊട്ടിച്ചിരിക്ക് ഭരണ- പ്രതിപക്ഷ ഭേദമില്ല.)

*

സഭയിലെ മറ്റൊരവസരം. ഇത്തവണ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം ചര്‍ച്ചചെയ്യുന്നതിനിടയില്‍ കല്യാണാവീട്ടിലെ വിശേഷം വിളമ്പിയത് ഭരണപക്ഷത്തെ മുതിര്‍ന്ന അംഗം പി ജയരാജനും

'ഞങ്ങളെപ്പോലെ പ്രതിപക്ഷ എംഎല്‍എമാര്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഞങ്ങള്‍ക്ക് പൈസ തരണമെന്ന് അപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ അതിനെ ആക്ഷേപിച്ചവരാണ്. പ്രതിപക്ഷത്തുള്ള ഒറ്റയൊരാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒറ്റനയാപൈസപോലും തരില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി എന്താണ് ചെയ്തത്? അവിടെ കേരള കോണ്‍ഗ്രസിന്റെ അദ്ധ്വാനവര്‍ഗത്തിന്റെ നേതാവുണ്ടല്ലോ ശ്രീ കെ എം മാണി, അദ്ദേഹം ഓരോ വീട്ടിലുംപോയി നിങ്ങള്‍ക്ക് സുനാമി വേണ്ടെ എന്നല്ലേ ചോദിച്ചത്?

*
ധനവിനിയോഗ ബില്ലിന്‍മേല്‍ ചര്‍ച്ചയില്‍ എം എം മോനായി.

സര്‍, വൃദ്ധരടക്കമുള്ളവരുടെ സാമൂഹ്യക്ഷേമത്തിനായി അവതരിപ്പിച്ച ഈ ധനവിനിയോഗ ബില്ലിനെ ഞാന്‍ അനുകൂലിക്കുന്നു. ഈയിടെ സീനിയര്‍ സിറ്റിസണ്‍സിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പോഷക യുവജനസംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് സീനിയര്‍ സിറ്റിസണ്‍സണായിട്ടുള്ള പല ആളുകളും കടന്നുകയറിയതിന്റെ ആഘാതങ്ങളും പ്രത്യാഘാതങ്ങളും പത്രദ്വാരാ നാം വായിക്കുകയുണ്ടായി. 'ഞാന്‍ രാജിവയ്ക്കാം' എന്നുപറഞ്ഞപ്പോള്‍ 'നീ രാജിവയ്ക്കേണ്ടതില്ല. നിന്നെ ഞങ്ങള്‍ ചവിട്ടി പുറത്താക്കിക്കൊള്ളാം' എന്നായിരുന്നു ഒരുയുവതുര്‍ക്കിയുടെ ആത്മരോഷം! ഗോദറേജ് ചായമുണ്ടെങ്കില്‍ ഏത് വയസ്സനും യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയാകാം.

(വാക്കുകളിലെ ഒളിയമ്പുകള്‍ ഏതൊക്കെ നെഞ്ചുകളിലാണ് ആഞ്ഞ് തറച്ചെതെന്ന് ഇപ്പോഴും പരിശോധന തുടരുകയാണ്.)

*
ആഭ്യന്തരമാണ് ചര്‍ച്ചാ വിഷയം. ബഹുമാനപ്പെട്ട സഭാംഗം പൂഞ്ഞാര്‍ മെമ്പറും

സര്‍... സ്ത്രീകളെ പീഢിപ്പിച്ച് ജയിലിലായ സന്തോഷ് മാധവനില്‍നിന്ന് പിടിച്ച സിഡികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍മാത്രം രഹസ്യമായി കണ്ട് സുഖിക്കുന്നത് ശരിയാണോ? കാസറ്റ് നിയമസഭാംഗങ്ങള്‍ക്കുംകൂടി കാണാന്‍ സൌകര്യമൊരുക്കണം!

(ഒപ്പം കൂടാന്‍ സ്വന്തം കക്ഷിക്കാരും ഉണ്ടായിരുന്നില്ലെന്നാണ് പുന്നാമ്പുറ സംസാരം.)

*
പി സി ജോര്‍ജ്: സാധാരണ മനുഷ്യര്‍ മരിക്കും. മഹാന്മാര്‍ അന്തരിക്കും. തിരുമേനിമാരാണെങ്കില്‍ കാലംചെയ്യും. രാജാക്കന്മാരാണെങ്കില്‍ തീപ്പെടും. മൃഗങ്ങള്‍ ചാവും. ആന ചരിയും. അങ്ങ് മറുപടി പറഞ്ഞപ്പോള്‍ ആന മരിച്ചുഎന്ന് പറഞ്ഞത് ശരിയല്ല.

മന്ത്രി ബിനോയ് വിശ്വം: 'അങ്ങ് മരിക്കുമ്പോള്‍ ചരിഞ്ഞുഎന്ന് പറഞ്ഞാല്‍ മതിയോ?'

(പി സി ജോര്‍ജ് ആയതുകൊണ്ടായിരിക്കാം. ആസ്വാദനം കൂടുതല്‍ പ്രതിപക്ഷനിരയിലായിരുന്നു.)

*
കെ എം മാണി: 'ഇ പി എല്‍ നിയമത്തിന്റെ ഇംപ്ളിക്കേഷന്‍ എന്താണെന്ന് പ്രതിപക്ഷത്തിന് അറിയുമോ?'

സാജുപോള്‍: 'മന്ത്രി പറഞ്ഞതില്‍ ഒരു കോംപ്ളിക്കേഷനുമില്ല എന്നതാണ് അതിന്റെ ഇംപ്ളിക്കേഷന്‍!'

(ആപ്ളിക്കേഷനില്‍ ആര്‍ക്കും പരാതിയുണ്ടായില്ല)

*
അഡ്വക്കേറ്റ്സ് ക്ളാര്‍ക്ക് ക്ഷേമനിധി ബില്ലിന്റെ ചര്‍ച്ചാവേള.

കെ ശിവദാസന്‍ നായര്‍: എന്റെ വക്കീല്‍ ജീവിതത്തിന്റെ തുടക്കത്തില്‍ സീനിയറിനേക്കാള്‍ ഏറെ സഹായിച്ചത് ഗുമസ്തനാണ്. പല വക്കീലന്മാരേക്കാളും നിയമജ്ഞാനം ഗുമസ്തന്മാര്‍ക്കാണ്...

സ്പീക്കര്‍ കെ രാധാകൃഷ്ണന്‍: 'അതുകൊണ്ടാണോ അങ്ങ് വക്കീല്‍പ്പണി നിര്‍ത്തി എംഎംഎയായത്?'

*
ജോസഫ് എം പുതുശ്ശേരി: 'സെക്രട്ടറിയറ്റിന്റെമുമ്പില്‍ സമരം നടത്തിയ ഞങ്ങളുടെ പ്രവര്‍ത്തകരുടെ നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗം നടത്തിയതിനാല്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ബോധക്ഷയമുണ്ടായി സാര്‍.'

മന്ത്രി കോടിയേരി ബാലകൃഷ്ണന്‍: കാറ്റിന്റെ ഗതി മാറിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

വി സുരേന്ദ്രന്‍പിള്ള: 'പുതുശ്ശേരി... ഇനി കാറ്റിന്റെ ഗതിയറിഞ്ഞേ സമരത്തിന് പോകാവൂ!'

*
ഗവണ്‍മെന്റ് കൊണ്ടുവരുന്ന എല്ലാ ബില്ലുകളെയും എതിര്‍ക്കുക പാലായുടെ സ്വന്തം കുഞ്ഞുമാണിയുടെ പതിവാണ്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് സര്‍വീസ് ക്വാട്ട നിശ്ചയിക്കുന്നതിനുള്ള ബില്ലിലാണ് ഭരണഘടനാലംഘനം കണ്ടെത്താന്‍ ശ്രമിച്ചത്. പക്ഷേ, പി വിശ്വന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. മാണിയിലെ കേളുകുട്ടിനായരെ വിശ്വന്‍ അംഗങ്ങള്‍ക്ക് തുറന്നുകാട്ടികൊടുത്തു

പി വിശ്വന്‍: ഞങ്ങളുടെ നാട്ടിലെ കേളുകുട്ടിനായരാണ് കെ എം മാണി. ഭാര്യ മരിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് കേളുകുട്ടിനായര്‍. ഒരുനാള്‍ കേളുകുട്ടിനായരുടെ ഭാര്യയെ പാമ്പ് കടിച്ചു. അനക്കമില്ല. മരിച്ചെന്നുകരുതി ഉമ്മറത്ത് പൊതുദര്‍ശനത്തിന് കിടത്തി. കുറേക്കഴിഞ്ഞ് സംസ്കരിക്കാന്‍ ശവമഞ്ചത്തിലെടുത്ത് തെക്കേപ്പറമ്പിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിക്ക് ഒരുആല്‍മരമുണ്ട്. ആലിന്റെ വേരില്‍ ശവമഞ്ചം എടുത്തിരുന്നവരുടെ കാലുതട്ടി. ശവമഞ്ചം താഴെവീണു. കേളുകുട്ടിനായരുടെ ഭാര്യയ്ക്ക് ഒരുഅനക്കം. എഴുന്നേറ്റിരുന്ന അവര്‍ പതിനാറുക്കൊല്ലംകൂടി ജീവിച്ചു. ഇവര്‍ വീണ്ടും മരിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു. ശവമഞ്ചം പറമ്പിലേക്കെടുത്തവരോട് കേളുകുട്ടിനായര്‍ പറഞ്ഞു - 'സൂക്ഷിക്കണേ, ആലിന്റെ വേരില്‍ കാല് തട്ടരുത്'. ഇതുപോലെയാണ് മാണി സാറും. ഏതു നല്ലകാര്യം ചെയ്താലും ഒബ്ജക്ഷന്‍ കൊണ്ടുവരും.

*
ജി രാജേഷ്കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Wednesday, September 15, 2010

കോമണ്‍......വെല്‍ത്ത്

പുലരാന്‍ ഇനി ഏഴര രാവു കൂടി. വറുതുണ്ണി സന്തതസഹചാരി വേലായുധങ്കുട്ടിയെ വിളിച്ചു.

' എണിക്കെഡാ..പുവ്വാഡാ..'

ഒന്നു മറിഞ്ഞ്കിടന്ന് വേലായുധങ്കുട്ടി ചോദിച്ചു.

'..എങ്ങ്ടാ?'

'ഇത്തിരി ദൂരെക്കാഡാ..'

'എവിടെ വരെണ്ടാവും..മൊതലാളി?'

'..ഇത്തിരി വടക്കോട്ടാഡാ..'

'എവ്ടെ വരെ വരും?'

'ഡെല്‍ഹി വരെ..'

'ഇപ്പ്ള്ങ്ങ്ട് ഏതാ ബസ്സ്? മണിക്കുട്ടിയോ, മുരുകനോ..?'

തമാശയാണെന്നാണ് വേലായുധങ്കുട്ടി കരുതിയത്.

'ഡാ... കളിയല്ലെഡാ.. എണ്‍റ്റ് റെഡിയാവഡാ..ടിക്കറ്റൊക്കെ നേരത്തെ പൂശീട്ട്ണ്ട്റാ..'

'എന്താ മൊതലാളി ഇത്. ഡെല്‍ഹീന്ന് പറയണത് പട്ടാമ്പീപ്പോണ പോലെയാണോ..ഒരു മുന്നറിയിപ്പും തരാതെ..'

മുന്നറീപ്പ് തരാനെന്ത്റാ ഇത് വല്ല ചത്തറീപ്പാണോ. മുന്നറീപ്പ് തന്നാലും പോണ്ടത് ഡെല്‍ഹിക്ക് തന്നേല്ലേഡാ'

'എന്നാലും ഇത്ര പെട്ടെന്ന്..?'

'പെട്ടെന്നൊന്നുമല്ലെഡാ. നിന്നോട് പറയാഞ്ഞതാണ്‍ഡാ..കച്ചോഡം അപ്പനോടു പോലും പറയരുതെന്നാണ്‍ഡാ എന്റെ അപ്പന്‍ എന്നോട് പറഞ്ഞിട്ടുള്ളത്.'

വറുതുണ്ണിയും വേലായുധങ്കുട്ടിയും പുറപ്പെട്ടു. 34 മണിക്കൂര്‍ നീന്തി തീവണ്ടി ഡല്‍ഹിയില്‍ കരക്കടിഞ്ഞു. കോട്ടുവായിട്ട് വറുതുണ്ണിയും പിന്നാലെ വേലായുധങ്കുട്ടിയും പുറത്തിറങ്ങി.

ഡല്‍ഹിയില്‍ ഇദംപ്രഥമമാണെങ്കിലും വറുതുണ്ണിക്ക് ലേശംപോലും പരിഭ്രമമില്ല. എന്നാല്‍ ഡല്‍ഹിക്ക് അങ്ങനെയായിരുന്നില്ല. വറുതുണ്ണിയെ കണ്ട് കലശലായി ഭയന്നു.

പെട്ടീം തൂക്കി നടക്കുമ്പോള്‍ വറുതുണ്ണിക്ക് ഭൂമിശാസ്‌ത്രത്തില്‍ കമ്പം കയറി.

'ഡാ.. ഇബ്‌ടെയൊക്കെ സെന്റിനെന്തായിരിക്കോഡാ വെല?'

'മൊതലാളീ, ഇവ്ടെ സെന്റല്ല, മറ്റൊരളവാണ്...'

വേലായുധങ്കുട്ടി തന്റെ വിജ്ഞാനം പ്രകടിപ്പിച്ചു.

'അതെന്ത് അളവാഡാ?.. യ്മ്മടെ നാട്ടിലില്ലാത്ത അളവ്, കുന്നങ്കൊളം ഇന്ത്യേലല്ലേഡാ?.'

'ഇത് ക്യാപ്പിറ്റല്‍ സിറ്റിയല്ലെ മൊതലാളീ...'

'അതിന് യ്മ്മക്കെന്തഡാ... നീ വെല പറയ്‌ഡാ...'

ചര്‍ച്ച തുടരവെ യാത്ര ഹോട്ടലിലെത്തി.

റൂം ബോയിയോട് വറുതുണ്ണി ചോദിച്ചു.

'ചെക്കാ കുളിക്കാന്‍ ചൂടു വെള്ളോണ്ട്റാ ?...

ചെക്കന്‍ അമ്പരന്നു.

'ക്യാ....'

'എന്ത്ഡാ ഇവന്‍ പൂച്ചേപ്പോലെ നിലവിളിക്കണത്. ചെക്കാ ചൂടുവെള്ളോണ്ട്റാ...'

'ക്യാ...'

'മൊതലാളീ അവന് ഹിന്ദി മാത്രമേ അറിയൂ...'

'അതിന്.... യ്മ്മക്കെന്ത്റാ. യ്മ്മ്്ള് കാശല്ലേഡാ എണ്ണിക്കൊടുക്കണത്. പച്ചവെള്ളത്തീ കുളിച്ചാ എനിക്ക് ചൊമ വരൂഡാ... എനിക്ക് പകരം ഈ ചെക്കന്‍ ചൊമക്കോഡാ... ഡാ ചെക്കാ ചൂടു വെള്ളോണ്ട്റാ....'

വേലായുധങ്കുട്ടി അഭിനയിച്ചു കാണിച്ചു. പ്രശ്നം പരിഹരിച്ചു.

കുളി, ഭക്ഷണം ഇത്യാദികള്‍ക്കുശേഷം വേലായുധങ്കുട്ടി ചോദിച്ചു.

'മൊതലാളി എന്താ നമ്മുടെ ലക്ഷ്യം'

'കച്ചോടം'

'എന്ത് കച്ചോടം ?'

'ഡാ ഇത് കളീമ്മലുള്ള കച്ചോടം...'

'കളീമ്മലൊള്ള കച്ചോടാ...?'

'കളീലൂണ്ട്റാ കച്ചോടം...'

'ആകാംഷ പെരുകുന്നു. പറയൂ മൊതലാളി..'

'ഡാ ഇവ്ട കളിക്കണ ഒരു കേമന്ണ്ട്റ..'

'എല്ലാവരും കളിക്കണുണ്ടല്ലോ മൊതലാളീ..'

'ഡാ എല്ലാവരുംകളിക്കണ കളിയല്ലഡ ഇക്കളി. കളത്തിലെറങ്ങാതെയാണ്‍ഡാ ഇവന്റെ കളി. ഓടിച്ചും ചാടിച്ചും കാശ് കൊറെ വാരീഡാ അവന്‍. കില്ലാഡീന്ന് കേട്ടിട്ട്ണ്ടാ ?

'കില്ലാഡിയല്ല മൊതലാളി കല്‍മാഡി'

'ജഗജില്ലിയാണ്‍ഡാ അവന്‍'

'മൊതലാളിക്ക് അയാളെ അറിയാവോ...?

'അവന്‍ പൂനേല് തട്ട്കട നടത്തുമ്പ നമ്മളറിയും, അവ്ടന്നല്ലേഡാ അവന്‍ കളി തൊടങ്ങീത്, കളിച്ചും കളിപ്പിച്ചും കലക്കീടാ ചെക്കന്‍. ഇപ്പ മ്മ്്ള് കുന്നങ്കൊളത്ത് അടിക്കണ പെട്രോള് വരെ ആരുടേതാണെന്നറിയായോ ? അവന്റേഡാ.'

'ഈ വളര്‍ച്ചക്ക് പിന്നിലുള്ള അത്യധ്വാനം?'

'അതാണ്‍ഡാ കളി'

'മൊതലാളി കായികരംഗം പവിത്രമാണ്. അതിന്റെ ശ്രീകോവിലില്‍ കള്ളക്കച്ചവടങ്ങള്‍ പാടില്ല.

'ഇന്നലെ രാത്രി നീ ഒറങ്ങീല്ലേഡാ...'

'കൂടുതല്‍ വേഗത്തിലേക്ക്, കൂടുതല്‍ ഉയരത്തിലേക്ക്, കൂടുതല്‍ ദൂരത്തിലേക്ക്.. ഇതാണ് മൊതലാളീ കായികവേദിയുടെ മുദ്രാവാക്യം. അവസാനിക്കാത്ത യത്നം. മനുഷ്യന്റെ കോരിത്തരിപ്പിക്കുന്ന വിസ്‌ഫോടനം. ട്രാക്കില്‍നിന്ന് നിമിഷങ്ങള്‍ പറിച്ചെറിയുമ്പോള്‍ അംഗുലങ്ങള്‍ നീളുമ്പോള്‍, ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മനുഷ്യന്‍ അജയ്യനാവുകയാണ്. മനുഷ്യരാശി പറുദീസയെ തൊടുകയാണ്....'

'നീ കൊള്ളാല്ലാഡാ... കാശില്ലാതെ പറുദീസ ഉണ്ടാവ്വോ ഡാ അത് കില്ലാഡിക്കറിയാഡാ..'

'ഇത് വഞ്ചനയാണ്. കായികലോകത്തിന്റെ മഹാത്ഭുതങ്ങളെ നിങ്ങള്‍ മുപ്പതു വെള്ളിക്കാശിന് വില്‍ക്കുകയാണ്....'

'കാശ് കിട്ടട്ട്റാ ഞാന്‍ മൈക്ക് മേടിച്ചു തരാഡാ. നീ ഇതുപോലെ നാല് പൂശ് പൂശ്‌ഡാ...'

വേലായുധങ്കുട്ടി അടങ്ങി.

'അല്ല മൊതലാളി എന്താ നമ്മ്ടെ കച്ചോടം ?..'

'ഡാ ഇവ്ടയൊരു കളി നടക്കാമ്പോണണ്‍ഡ്രാ. ഇംഗ്ളീഷിലാണ്‍ഡാ കളി. നിനക്കറിയോഡാ....?

'കോമണ്‍വെല്‍ത്ത് ഗെയിംസ് '

'അത് തന്നേ ഡാ അതിലാണ്‍ഡാ കച്ചോടം...'

'അതിന് മൊതലാളിക്കെന്ത് കളി? ഒരു ഓട്ടം പോലും തെകച്ചു കണ്ടിട്ടുണ്ടോ ?'

'അതിനെന്തിനാണ്‍ഡാ ഓട്ടം കാണണത്. കില്ലാഡി ഈ കാശൊക്കെ ഒണ്ടാക്കീത് ഓടീട്ടാണാ. ഓടണതിലല്ലഡാ, ഓടിച്ച് കാശൊണ്ടാക്കണതാഡാ കളി. കരക്കിരുന്നാടാ മീമ്പിടിക്കണ്ടത്ഡ..'

'ഇവിടെ മൊതലാളിക്കെന്താ റോള് ?'

'ഡാ നീ നേരത്തെ പറഞ്ഞ ആ കുന്ത്രാണ്ടത്തിന് സ്റ്റേജ് വേണ്ട്റാ. അതിന്റെ കച്ചോടമൊറപ്പിക്കാനാണ്‍ഡാ ഈ വരവ് '

'എങ്ങനെ'

'കാണാമ്പോണ കളി പറഞ്ഞു തരണോഡാ..'

രണ്ടുപേരും ഉടുത്തൊരുങ്ങി. കില്ലാഡീ കേന്ദ്രത്തിലേക്ക് യാത്രയായി. വറുതുണ്ണിയെയും വേലായുധങ്കുട്ടിയെയും സുന്ദരി കൈകൂപ്പി സ്വീകരിച്ചു.

ആര്‍ത്തിയോടെ നോക്കിയ വേലായുധങ്കുട്ടിയെ വറുതുണ്ണി നിരുത്സാഹപ്പെടുത്തി.

'ഡാ... അതൊക്കെ ട്രിക്കാണ്‍ഡാ....'

വറുതുണ്ണി സുന്ദരിയുടെ അടുക്കലേക്ക് നീങ്ങി. വറുതുണ്ണി വാ തുറക്കുന്നതിനു മുമ്പേ വേലായുധങ്കുട്ടി ഇടപെട്ട് മാനം രക്ഷിച്ചു.

'വറുതുണ്ണി ഫ്രം കുന്നംകുളം, കേരളാ'.

തലയാകെ കുലുക്കി പെണ്ണ് ചിരിച്ചു. അകത്തേക്ക് പോയി. വെടിയുണ്ടപോലെ തിരിച്ചുവന്ന് പറഞ്ഞു.

'ഗെറ്റിന്‍'

കില്ലാഡി വറുതുണ്ണിയെയും വറുതുണ്ണി കില്ലാഡിയേയും ഒരു നിമിഷം ഇമ വെട്ടാതെ നോക്കി നിന്നു. നൂറു മീറ്ററിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റിലെന്നപോലെ. പിന്നെ വെടിമരുന്നിന് തീപിടിച്ച മട്ടില്‍ കെട്ടിപ്പിടിച്ചു.

അമ്പരന്നുപോയി വേലായുധങ്കുട്ടി.

പെട്രോള് കച്ചോടത്തില്‍ തുടങ്ങി കാറ് കച്ചോടം, സ്ഥലക്കച്ചോടം എന്നിവയിലൂടെ കായിക ഭാരതത്തിന്റെ ശോഭന ഭാവിയിലേക്ക് ഇരുവരും എത്തി.

അപ്പോള്‍ വറുതുണ്ണി വേലായുധങ്കുട്ടിയോട് പറഞ്ഞു.

'ഡാ ഭാവി പറയുമ്പോ നീ വേണ്ടാ, പൊറത്തെറങ്ങിക്കോ..'

വേലായുധങ്കുട്ടി ബഹിഷ്‌കൃതനായി.

കില്ലാഡിയും വറുതുണ്ണിയും ചേര്‍ന്ന് ഭാവിഭാരതത്തിന്റെ കായികസ്വപ്‌നങ്ങളുടെ ഊടും പാവും നെയ്‌തു. കൃത്യം പതിനഞ്ച് മിനിറ്റ്. നെയ്ത്ത് കഴിഞ്ഞ് വറുതുണ്ണി പുറത്തിറങ്ങി. കൂടെ കില്ലാഡിയും.

ഒരിക്കല്‍കൂടി കൈകൊടുത്ത്, കെട്ടിപ്പിടിച്ച് കില്ലാഡി വറുതുണ്ണിയെ യാത്രയാക്കി.

ആഹ്ളാദചിത്തനായി വറുതുണ്ണി പറഞ്ഞു.

'കച്ചോടം... യ്മ്മള് ഒറപ്പിച്ചെഡാ..'

'മൊതലാളീ ഞാന്‍ അമ്പരക്കുന്നു. ഒരു കല്യാണത്തിനുപോലും രണ്ടു കസേര ഇട്ടിട്ടില്ലാത്ത മൊതലാളി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സ്റ്റേജ് ഒരുക്കുന്നുവെന്നോ?

'ഇങ്ങനെല്ലേഡാ ഓരോ പണി പടിക്കണേ...'

ഈ പണി എങ്ങനെ പറ്റിച്ചു മൊതലാളി?

'മൂന്നെരട്ടിക്ക് കരാറ്. ലാഭം തുല്യം തുല്യം. '

വറുതുണ്ണിയും വേലായുധങ്കുട്ടിയും മടക്കയാത്രക്ക് തീവണ്ടിയില്‍ കയറി. കായിക ഭാരതത്തിന്റെ പുത്തന്‍ ചക്രവാളത്തിലേക്ക് തീവണ്ടി കൂകിപ്പറന്നു.


*****

എം എം പൌലോസ്, കടപ്പാട് : ദേശാഭിമാനി വാരിക

Friday, August 20, 2010

എലിയില്ലാത്ത കേരളം

തലക്കെട്ടു കണ്ട് അമ്പരക്കാന്‍ വഴിയുണ്ട്. ഞാനും ഒന്ന് പരിഭ്രമിയ്‌ക്കുകയുണ്ടായി. അത് ഇങ്ങനെയൊരു പരസ്യവാചകം കണ്ടിട്ടായിരുന്നു. എലിക്കെണിയുണ്ടാക്കുന്ന ഒരു കമ്പനിയുടേതായിരുന്നു അത്. ഒരു പരസ്യവാചകത്തിനപ്പുറം ആരുടെയൊക്കെയോ മോഹപ്രകടനം കൂടിയാണ് അത് എന്നു തോന്നി. എലിയില്ലാത്ത വീട് സ്വപ്‌നം കാണാത്തവരായി ആരെങ്കിലുമുണ്ടാവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് നമ്മള്‍ എങ്ങനെയും എലികളെപ്പിടിക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുന്നു. മേല്‍പ്പറഞ്ഞ കമ്പനികള്‍ അടക്കമുള്ള നിര്‍മ്മാതാക്കളാവട്ടെ കെണിയൊരുക്കി നമ്മളേയും കാത്തിരിക്കുന്നു.

അതുകൊണ്ട് എലിക്കെണികള്‍ സുലഭമാണ് ചന്തയില്‍. 'കുടുംബ'മടക്കം കെണിയില്‍ വീഴാനുള്ള സംവിധാനങ്ങളുണ്ട്. 'ഫാമിലി കെണി'കള്‍. എലികളെ കുടുക്കാന്‍ ഇപ്പോള്‍ കേക്കുകളും കിട്ടാനുണ്ട്. കേക്കു തിന്നുന്ന എലിയ്‌ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുകയും അത് ഏതെങ്കിലും കിണറ്റിലോ കുളത്തിലോ പുഴയിലോ ചെന്നുചാടി ചാവുകയും ചെയ്യുന്നു. ഈയിടെ പുറത്തിറങ്ങിയ മറ്റൊരുപകരണത്തില്‍ എലി ഒരു ഷീറ്റില്‍ ഒട്ടിപ്പിടിക്കും. പിന്നെ നമുക്ക് അതിനെ കൊണ്ടുപോയി യാഥേഷ്‌ടം കൊല്ലാം.

യഥേഷ്‌ടം എന്നു പറഞ്ഞുവെന്നേയുള്ളൂ. അത് നല്ല ബുദ്ധിമുട്ടുള്ളതാണ്. കെണിയില്‍ കുടുങ്ങുന്നതോടെ എലി നമ്മുടെ സഹാനുഭൂതി പിടിച്ചുപറ്റും. പിന്നെ നമ്മുടെ സ്ഥിതി അനിയന്‍ മാങ്ങോട്ട്‌രിയുടെ 'ഗുണവൈഷമ്യങ്ങള്‍' എന്ന കഥയിലെ ശങ്കരന്‍കുട്ടിയേപ്പോലെയാണ്. കെണിയുടെ കോണില്‍ ചുരുണ്ടുകൂടിയുള്ള അതിന്റെ നില്‍പ്പു കാണുമ്പോള്‍ അടൂര്‍ഗോപാലകൃഷ്‌ണന്റെ 'എലിപ്പത്തായ'ത്തിലെ കരമനയേപ്പോലെ തോന്നുകയും ചെയ്യും. രക്ഷപ്പെടാനുള്ള അതിന്റെ പരാക്രമങ്ങള്‍ കണ്ടുകൊണ്ടിരിക്കാന്‍ വലിയ വിഷമമാണ്. അതു കാണുമ്പോള്‍ നമ്മള്‍ അല്‍പം വേദാന്തിയൊക്കെയാവും. പക്ഷേ കൊല്ലാതെ പറ്റില്ലല്ലോ. സാധാരണ രീതി വെള്ളത്തില്‍ മുക്കിക്കൊല്ലുകയാണ്. കുളത്തിലോ പുഴയിലോ ഒക്കെ ആവാം. ഒരു ബക്കറ്റ് വെള്ളമുണ്ടായാലും മതി. അതുമല്ലെങ്കില്‍ വെയിലത്തു വെയ്‌ക്കാം. വെയിലുകൊണ്ട് എലിയുടെ തൊണ്ടയും ദേഹവും വരളുകയും ചരമമടയുകയും ചെയ്യുന്നു. ശങ്കരന്‍കുട്ടി നഗരത്തില്‍ താമസിക്കുന്ന ആളായതുകൊണ്ട് പിടിച്ച എലിയെ കൊന്നാല്‍ത്തന്നെ എവിടെ നിക്ഷേപിക്കണം എന്ന പ്രശ്‌നം ബാക്കിയാണ്. അയാള്‍ കെണിയുമായി ടെറസ്സിലേയ്‌ക്കു നടക്കുന്നു. അവിടെ വെച്ച് കെണി തുറക്കുന്നു. ആദ്യം ചത്തപോലെ കിടന്ന എലി പൊടുന്നനെ അയാളുടെ കാലുകള്‍ക്കിടയിലൂടെ ഓടി രക്ഷപ്പെടുന്നു.

മറ്റൊരു തരം എലിക്കെണിയുണ്ട്. വെട്ടുകെണി. അതില്‍ കുടുങ്ങുന്നതോടെ കഴുത്തില്‍ ലോഹപ്പല്ലുകള്‍ അമരുകയും എലി രക്തം ചിന്തിച്ചാവുകയും ചെയ്യുന്നു. അല്‍പം ഹൃദയകാഠിന്യമുള്ളവര്‍ക്കേ ഇതൊക്കെ വെടിപ്പായി ചെയ്യാനാവൂ.

ഇത്തരം കെണികൊണ്ട് ചില സങ്കടങ്ങളും ഉണ്ടാവാറുണ്ട്. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നു പറയുന്നതു പോലെ ഒരിക്കല്‍ കെണിയില്‍പ്പെട്ടത് ഒന്നാന്തരം ഒരണ്ണാര്‍ക്കണ്ണന്‍. ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്തവനെന്നു മാത്രമല്ല ശ്രീരാമനെ സേതുബന്ധനത്തിനു സഹായിക്കുകയും ചെയ്‌തവന്‍. പറഞ്ഞിട്ടെന്താ? അതിന്റെ ഭംഗിയുള്ള വാലിന്റെ ഒരറ്റം മുറിഞ്ഞുപോയി. അതിനുശേഷം അത്തരം കെണികള്‍ വേണ്ടാ എന്നു വെച്ചു.

അപ്പോള്‍ കൊല നമ്മുടെ കൈകൊണ്ടുതന്നെ വേണം. എലിയെ കൊല്ലുക എന്നൊക്കെ പറയാന്‍ രസമാണ്. എന്നാല്‍ ഇല്ലം ചുടുന്നതുപോലെ എളുപ്പമല്ലല്ലോ അത്. അതുകൊണ്ട് എലി കുടുങ്ങിയാല്‍ സുധാകരനെ കാത്തിരിക്കുന്നു. പണിക്കു പോവുന്നതിനിടയില്‍ കയറിവന്ന് അയാള്‍ കെണി തൂക്കിപ്പിടിച്ച് പുഴക്കടവിലേയ്‌ക്കു നടക്കും. അഞ്ചുമിനിട്ടിനകം നനഞ്ഞ കെണി ഇറയത്തുവെച്ച് ഒന്നുമറിയാത്തപോലെ ഇറങ്ങിപ്പോവും. പക്ഷേ കുഴപ്പം അതല്ല. തിരക്കിനിടയില്‍ പലപ്പോഴും സുധാകരന്‍ വരാന്‍ താമസിക്കും. ദിവസങ്ങളോളം എലി കൂട്ടില്‍ക്കിടക്കും. ചിലപ്പോള്‍ അതില്‍ക്കിടന്നുതന്നെ സിദ്ധികൂടുകയും ചെയ്യും.

എന്നാല്‍ അനിയന്‍ മാങ്ങോട്ട്‌രിയുടെ കഥയിലെ അച്ഛനേപ്പോലെ ''തെയ്യുണ്യേ, അദ്‌നെ ബടെ വെച്ച് കൊല്ല്വോന്നും വേണ്ട, ദൂരെ എവിട്യേങ്ങിലും കൊണ്ടോയ് കളയ് '' എന്നു പറയാന്‍ പറ്റുമോ? ഇത്രയും ഉപദ്രവകാരിയായ ഒരു ജന്തു വേറെയുണ്ടായിട്ടുവേണ്ടേ? അരിയും പരിപ്പും പലവ്യഞ്ജനങ്ങളും അപഹരിക്കുന്നതു മനസ്സിലാക്കാം. മണ്ണിലിറങ്ങി കൊള്ളിക്കിഴങ്ങും ചേനയും ചേമ്പുമൊക്കെ ശാപ്പിടുന്നതും മനസ്സിലാക്കാം. എലിക്കും ജീവിക്കണമല്ലോ. പക്ഷേ പുസ്തകം വെട്ടി നശിപ്പിക്കുക, ടിവിയുടെ റിമോട്ട് കണ്‍ട്രോള്‍ കരണ്ടു തിന്നുക, പ്ലാസ്റ്റിക് ടിന്നുകള്‍ കരണ്ട് ഓട്ടയാക്കുക എന്നു തുടങ്ങി ഇനി ഇന്നതേ ചെയ്യൂ എന്നില്ല എലിയ്‌ക്ക്. ചില രാത്രികളില്‍ പുതപ്പിനുള്ളിലും വിരിയ്‌ക്കുള്ളിലുമൊക്കെ കയറിക്കൂടുന്നതും മനസ്സിലാക്കാന്‍ വിഷമമാണ്. പക്ഷേ ഉപദേശിച്ചു നേരെയാക്കാനൊന്നും പറ്റാത്ത കേസാണല്ലോ.

ആകെയുള്ള ആശ്രയം പൂച്ചയാണ്. അത് എലിയുടെ ആജന്മശത്രുവാണെന്നു കേട്ടിട്ടുണ്ട്. അങ്ങനെയൊക്കെ ധരിച്ചിട്ടാണ് എവിടെനിന്നോ വഴിതെറ്റിവന്ന പൂച്ചയ്‌ക്ക് പാലും ചോറും പപ്പടവും ചപ്പാത്തിയുമൊക്കെ കൊടുക്കാന്‍ തുടങ്ങിയത്. അതോടെ പൂച്ച ടോട്ടല്‍ വെജിറ്റേറിയനായിപ്പോയി എന്നാണ് തോന്നുന്നത്. അത് എലിയെ തിരിഞ്ഞുനോക്കിയതേയില്ല. ചിലപ്പോള്‍ തട്ടിന്‍പുറത്തേയ്‌ക്കും കലവറയിലേയ്‌ക്കും മറ്റും നോക്കി കരയുന്നതും വാല് കുത്തനെ വിറപ്പിക്കുന്നതും കണ്ടിരുന്നു. എലിയെ പിടിക്കാനുള്ള ഉന്നം നോക്കുകയാവും എന്നു കരുതി. നമ്മളെ വിഡ്ഢികളാക്കുന്ന നടപടികളാണ് അതൊക്കെ എന്ന് പിന്നീടു മനസ്സിലായി. അതും സഹിയ്‌ക്കാം. ഊണ്‍മേശയില്‍ വെച്ച മോര് തട്ടിമറിക്കാനും പാതിയമ്പുറത്തുവെച്ച പാല് കട്ടുകുടിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ എലിയാണോ ഭേദം എന്നുവരെ തോന്നി. അങ്ങനെ ഒരു ദിവസം അതിനെ തൂക്കിയെടുത്ത് ശത്രുരാജ്യമായ അടുത്ത ഗ്രാമപ്പഞ്ചായത്തിലേക്ക് കൊണ്ടുപോയിവിട്ടു.

പൂച്ച ഒന്നും ചെയ്‌തില്ലെങ്കിലും എലികള്‍ അതിന്റെ സാന്നിദ്ധ്യം അറിഞ്ഞിരുന്നിരി്ക്കണം. കുറേ കാലത്തേക്ക് ഒരനക്കവുമുണ്ടായിരുന്നില്ല. അടുക്കിവെച്ച ടിന്നുകളൊന്നും തുരക്കുന്നില്ല. അടച്ചുവെച്ച പാത്രങ്ങളൊന്നും തുറക്കുന്നില്ല. എന്തും എവിടെയും വെയ്‌ക്കാം എന്ന നില കൈവന്നതുപോലെ. സമാധാനത്തിന്റെ വെള്ളക്കൊടിയുയര്‍ത്തിയിരിയ്‌ക്കുമ്പോള്‍ അതാ, വീണ്ടും എലിയുടെ വിളയാട്ടങ്ങള്‍. അടുക്കളയിലെ ഷെല്‍ഫിന്റെ വാതില്‍ കരണ്ട് അകത്തുകടന്നിരിയ്‌ക്കുന്നു. കുത്തനെ നിന്നിരുന്ന വെളിച്ചെണ്ണക്കുപ്പി ചെരിഞ്ഞുകിടക്കുന്നു. വെളിച്ചെണ്ണ മുഴുവന്‍ പരന്നുകിടക്കുന്നു. ടിന്നുകള്‍ തുരന്ന് പരിപ്പും ഉഴുന്നുമൊക്കെ പരത്തിയിട്ടിട്ടുണ്ട്. കലവറയില്‍ കെട്ടിത്തൂക്കിയ ഞാലിപ്പൂവന്റെ ഒരു പടല മുഴുവന്‍ തിന്നിരിയ്‌ക്കുന്നു. കലവറയും അടുക്കളയും കടന്ന് കിടപ്പുമുറിയിലും എത്തിയിരിയ്‌ക്കുന്നു എലി. വീട്ടില്‍ ആളില്ലാത്ത ഒരു രാത്രി കിടക്കവിരി മുഴുവന്‍ കടിച്ചുപൊളിച്ചിട്ടു.

നഷ്‌ടങ്ങളുടെ കണക്കെടുക്കുന്നതിനു മുമ്പ് തീര്‍ച്ചയാക്കി. ഇന്നു രാത്രി കെണിയൊരുക്കുക തന്നെ. ഊണു കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പ് ഒരു നാളികേരപ്പൂളെടുത്തു. ഇത്ര വലിയ പൂള് എലിയ്‌ക്കു വേണ്ടിവരില്ല എന്നു തോന്നി. ('ഇത്ര നല്ല ദോശ ഒരു പൊലീസുകാരന്‍ തിന്നുകയോ' എന്ന് വി. കെ. എന്നിന്റെ പയ്യന്‍ ചിന്തിച്ചതുപോലെ.) അതുകൊണ്ട് നാളികേരപ്പൂള് രണ്ടായി മുറിച്ചു. വലിയ കഷണം മനുഷ്യന്‍ ശാപ്പിട്ടു. കെണി തുറന്ന് മറ്റേക്കഷണം കമ്പിയില്‍ കൊളുത്തിയിട്ടു. എവിടെ വെയ്ക്കണം എന്നാണ് ഇനി തീരുമാനിയ്ക്കാനുള്ളത്. തട്ടിന്‍പുറത്തുനിന്ന് കോണിയിറങ്ങിവരുമ്പോള്‍ നേരിട്ടു കുടുങ്ങാന്‍ തക്കവണ്ണം കോണിച്ചോട്ടില്‍ വെയ്‌ക്കാം. അല്ലെങ്കില്‍ ഷെല്‍ഫിന്റെ മുന്നില്‍ വെയ്‌ക്കാം. എലിയുടെ ഇന്നലത്തെ തച്ച് അവിടെയായിരുന്നുവല്ലോ. എവിടെയായാലും വാസന വരാതിരിക്കില്ല. നാളികേരപ്പൂള് തീയില്‍വെച്ച് ചുട്ടെടുത്തിട്ടുണ്ടല്ലോ.

കണക്കുകൂട്ടലുകള്‍ തെറ്റി. രണ്ടുരാത്രികള്‍ കഴിഞ്ഞിട്ടും എലി കെണിയില്‍ വീണില്ല. രാവിലെ പ്രതീക്ഷയോടെ അടുക്കളവാതില്‍ തുറന്നുനോക്കുമ്പോള്‍ കെണി വായ തുറന്നുതന്നെ ഇരിക്കുന്നു. കുറച്ചുകൂടി കാക്കാമെന്നു വെച്ചു. 'ഏഴുരാത്രികള്‍' എന്നാണല്ലോ കാലടി ഗോപിയുടെ കണക്ക്.

പത്രം തുറന്നപ്പോള്‍ ആറാം പേജില്‍ ഒരു വാര്‍ത്ത. ശരാശരി ഇന്ത്യക്കാരനേക്കാള്‍ ആരോഗ്യമുണ്ടത്രേ എലിയ്‌ക്ക്. പറയുന്നത് അണ്ടനോ അടകോടനോ അല്ല. ഡോ. എച്ച്. എ. ബി. പാര്‍പിയ. അറിയപ്പെടുന്ന ഭക്ഷ്യശാസ്‌ത്രജ്ഞന്‍. കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ മേധാവി. പോരാത്തതിന് ഐക്യരാഷ്‌ട്രസമിതിയുടെ ഭക്ഷ്യ കാര്‍ഷികസംഘടനയൊത്ത് പ്രവര്‍ത്തിക്കുന്ന ആളും. അദ്ദേഹത്തിന്റെ വാക്കുകള്‍: ''ഒരു മനുഷ്യന്റെ ഭക്ഷണം ആറ് എലികള്‍ കൂടി തിന്നുന്നു. ഇന്ത്യയിലെ ശരാശരി എലികള്‍ ശരാശരി മനുഷ്യരേക്കാള്‍ പോഷകസമ്പുഷ്‌ടരാണ്.'' വിളവെടുപ്പിനു ശേഷമുള്ള ഭക്ഷ്യനഷ്‌ടം 30 മുതല്‍ 35 ശതമാനം വരെയാണുപോലും. അതുമുഴുവന്‍ എലി മൂലമാണോ എന്ന് ഡോ. പാര്‍പിയ വ്യക്തമായി പറയുന്നില്ല. എന്നാലും അതില്‍ വലിയ ഒരു പങ്ക് എലിയുടേതാണെന്നു നമുക്കു തീര്‍ച്ചയാക്കാം.

കഴിഞ്ഞ മാസമാണ് ലോക്‌സഭയില്‍ ഭക്ഷ്യമന്ത്രി ശരദ് പവാര്‍ ഒരു പ്രസ്താവന നടത്തിയത്. ആയിടെ നടന്ന പരിശോധനയില്‍ വിവിധ ഭക്ഷ്യധാന്യസംഭരണശാലകളില്‍നിന്ന് 11,700 ടണ്‍ ചീഞ്ഞ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം ഏഴു കോടി ഉറുപ്പികയോളം വിലവരുന്നത്ര. ഫുഡ് കോര്‍പ്പറേഷന്റെ ചോര്‍ന്നൊലിയ്‌ക്കുന്ന സംഭരണശാലകളില്‍ ധാന്യങ്ങള്‍ മഞ്ഞും മഴയും വെയിലും കൊണ്ടു നശിക്കുകയാണ്. പലതിനും മേല്‍ക്കൂരകള്‍ പോലുമില്ല. നിരവധി ലക്ഷങ്ങള്‍ പട്ടിണിക്കാരായുള്ള ഇന്ത്യയിലാണ് ഇതു സംഭവിയ്‌ക്കുന്നതെന്നോര്‍ക്കുക. സുപ്രീം കോടതി ഇടപെട്ട് ഈ ധാന്യങ്ങള്‍ മുഴുവന്‍ നിസ്സാരവിലയ്‌ക്കോ അല്ലെങ്കില്‍ സൗജന്യമായിത്തന്നെയോ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ക്ക് കൊടുക്കാന്‍ സര്‍ക്കാരിനെ ഉപദേശിയ്‌ക്കുകയുണ്ടായി.

ഭക്ഷ്യധാന്യസബ്‌സിഡി കൊടുക്കാന്‍ പ്രതിവര്‍ഷം 55,000 കോടി ഉറുപ്പിക ചെലവാക്കുന്നുണ്ട് സര്‍ക്കാര്‍. അതില്‍ വെറും 5,000 കോടി ഉറുപ്പിക കൊണ്ട് സംഭരണസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ഇത്രയധികം ധാന്യങ്ങള്‍ പാഴായിപ്പോവുന്നത് ഒഴിവാക്കാമെന്ന് വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ പലപ്പോഴും മുന്‍ഗണനകള്‍ തലകീഴായി കിടക്കുന്ന ഇന്ത്യയില്‍ ഇതെല്ലാം സര്‍ക്കാരിന്റെ തമാശകളാണ്.

അതിനു പുറമേയാണ് എലിയുടെ തമാശകള്‍. ഡോ. പാര്‍പിയയുടെ കണക്ക് ആരേയും ഞെട്ടിപ്പിക്കാന്‍ പോന്നതാണ്. മനുഷ്യന്‍ പട്ടിണികൊണ്ടു മരിച്ചാലും എലിയ്‌ക്ക് ഭക്ഷ്യക്ഷാമം വരില്ല. അല്ലെങ്കില്‍ത്തന്നെയും തിന്നുവാനില്ലാതെ ഇന്നോളവുമെലി ചത്തതുണ്ടോ?

എഴുതിക്കഴിഞ്ഞപ്പോഴാണ് അത് എന്‍. വി. കൃഷ്‌ണവാരിയരുടെ 'എലികള്‍' എന്ന കവിതയിലെ വരിയാണല്ലോ എന്ന് ഓര്‍മ്മ വന്നത്. 1942-ലെ ബംഗാള്‍ ക്ഷാമം പശ്ചാത്തലമാക്കി എഴുതിയ കവിത. തള്ളയെലി തന്റെ കുട്ടികളെ ഉപദേശിക്കുന്ന രൂപത്തിലാണ് അത്. ചത്തുകിടക്കുന്ന ഒരു വേശ്യയുടെ ശരീരം തിന്നുകൊണ്ടിരിയ്‌ക്കുകയാണ് തള്ളയും കുട്ടികളും.

''പട്ടണം തന്നിലും - ചൊല്ലിയാരോ - മര്‍ത്ത്യര്‍ ചത്തിതുപോലെ കിടക്കുന്നത്രേ
പക്ഷേ,യെടുത്തു കുഴിച്ചുമൂടുന്നുപോല്‍ പട്ടിയും കാക്കയും നോക്കിനില്‍ക്കേ!''

എന്ന വരികളിലൂടെ ക്ഷാമത്തിന്റെ രൂക്ഷത അപ്പാടെ നമുക്ക് അനുഭവിയ്‌ക്കാറാവുന്നു. തള്ളയെലിയുടെ ഉപദേശം ചെവിക്കൊള്ളാന്‍ തക്കവണ്ണം കുട്ടികള്‍ വളര്‍ന്നിട്ടില്ല. ഇരുട്ടില്‍ അവര്‍ വേശ്യയുടെ ശവം കാര്‍ന്നുതിന്നുന്ന തിരക്കിലാണ്. ''എല്ലില്‍ക്കടിച്ചു മുറിഞ്ഞുവോ പല്ലുകള്‍?'' എന്ന് തള്ള ആശങ്കപ്പെടുന്നു. കുട്ടികള്‍ക്ക് വിവേകം ഒട്ടുമില്ല. തള്ള ദേഷ്യത്തോടെ ചോദിയ്‌ക്കുന്നു: ''നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല, നിങ്ങളെലികളോ മാനുഷരോ?''

കടുത്ത ക്ഷാമത്തില്‍ മനുഷ്യര്‍ ചത്തുചീഞ്ഞുനാറുമ്പോള്‍ എലികള്‍ അനുഷ്‌ഠിക്കുന്നത് ഒരു ശുചീകരണധര്‍മ്മമാവാം. പക്ഷേ അത് കവിതയില്‍ മാത്രമാണ്. ''ചീത്തകള്‍ കൊത്തിവലിക്കുകിലുമേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍'' എന്ന് കാക്കയെ വൈലോപ്പിള്ളി പ്രകീര്‍ത്തിയ്‌ക്കുന്നതുപോലെ എലിയെ പറ്റുമെന്നു തോന്നുന്നില്ല. ഓരോ ജീവിയ്‌ക്കും ഭൂമിയില്‍ ഓരോ ധര്‍മ്മം ഉണ്ടെന്നുതന്നെ നമ്മള്‍ വിചാരിക്കണം. എങ്കില്‍ എലിയുടെ ധര്‍മ്മമെന്താണ്? ഗണപതിയുടെ അമ്പലങ്ങളില്‍ ഡ്രൈവറുടെ ഡ്യൂട്ടിയുണ്ടെന്നതില്‍പ്പരം എന്തു പണിയാണ് എലിയ്‌ക്കുള്ളത് ?

അപ്പോഴാണ് അറിയുന്നത്, എലികള്‍ക്കും ഒരമ്പലമുണ്ടത്രേ. അത് രാജസ്ഥാനിലെ ദേശ്‌നോക്കെ എന്ന സ്ഥലത്താണ്: കര്‍ണിമാതാ ക്ഷേത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മഹാരാജാ ഗംഗാ സിംഗ് എലികളുടെ ദേവതയായ കര്‍ണിമാതയ്‌ക്കു കാണിക്കയായി പണിതതാണ് ഇത്. മാര്‍ബിളും വെള്ളിയും സ്വര്‍ണ്ണവും ധാരാളമായി ഉപയോഗിച്ചാണ് ഇത് പണിതിരിയ്‌ക്കുന്നത്. ഇവിടെ ഇരുപതിനായിരത്തോളം എലികളുണ്ട്. അവയെ ദര്‍ശിയ്‌ക്കാന്‍ അകലെനിന്നുപോലും ഭക്തര്‍ എത്തിക്കൊണ്ടിരിയ്‌ക്കുന്നു. അബദ്ധത്തിലെങ്ങാന്‍ നമ്മുടെ കാലുകൊണ്ട് അതിലേതെങ്കിലും എലി സമാധിയായാല്‍ പ്രായശ്ചിത്തമുണ്ട്. സ്വര്‍ണ്ണംകൊണ്ടോ വെള്ളികൊണ്ടോ എലിരൂപമുണ്ടാക്കി നടയ്‌ക്കു വെയ്ക്കണം.

ഈ അമ്പലം നിലവില്‍ വന്നതില്‍പ്പിന്നെ അവിടെ എലിപ്പനിയോ പ്ലേഗോ ഒന്നും ഉണ്ടായിട്ടില്ലപോല്‍. പുണ്യം തന്നെ; സംശയമില്ല.

പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ നാട്ടില്‍ ഇത്തരം അമ്പലങ്ങളൊന്നുമില്ലല്ലോ. അതുകൊണ്ട് എലികള്‍ നമ്മുടെ വീടുകളില്‍ത്തന്നെ ജീവിക്കുന്നു. നമ്മള്‍ എലിക്കെണി വെച്ച് കാത്തിരിയ്‌ക്കുന്നു.

ഏഴു രാത്രികള്‍ വരെ നീണ്ടില്ല. നാലാം ദിവസം എലി കുടുങ്ങി. അതുകൊണ്ട് കാര്യമുണ്ടായില്ല. പണിത്തിരക്കിനിടയില്‍ സുധാകരന്‍ വന്നില്ല. കുടുങ്ങിയതിന്റെ ആറാം ദിവസം എലി ജീവച്ഛവമായി. കെണിയില്‍ക്കിടന്നു ചത്താല്‍ ശരിയാവില്ല. മരണമണം പുരണ്ട കെണിയുടെ നാലയലത്തുപോലും എലികള്‍ വരില്ല. 'എലിപ്പത്തായ'ത്തിലെ ശാരദയേപ്പോലെ തന്റേടത്തോടെ കെണിയും പിടിച്ച് കുളത്തിലേയ്‌ക്കു നടക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും കണ്ണ് ഇറുക്കിയടച്ചാണ് ഞാന്‍ പുഴയിലേയ്‌ക്കു നടന്നത്.

ഇടയ്‌ക്ക് ഒന്നു കെണിയിലേയ്‌ക്കു പാളിനോക്കി. തൂക്കിപ്പിടിച്ച കെണിയില്‍ എലി താഴെ അടിഞ്ഞുകിടക്കുന്നു. പാവം, വെള്ളം പോലും കിട്ടാതെ ചത്തുപോയിരിയ്‌ക്കുന്നു. പുഴ കടന്ന് മണ്ടേമ്പാടത്തേയ്‌ക്കു നടന്നു. ഇറങ്ങിച്ചെന്ന് പാടവരമ്പിലിരുന്നു. വാതില്‍ തുറന്ന് കെണി കുടഞ്ഞ് എലിയെ പുറത്തേയ്ക്കിട്ടു.

അനിയന്‍ മാങ്ങോട്ട്‌രിയുടെ കഥയിലേപ്പോലെത്തന്നെയാണ് സംഭവിച്ചത്. അതുവരെ ചത്തപോലെ കിടന്ന എലി ജീവനുംകൊണ്ട് പാടത്തേയ്‌ക്ക് ഊളിയിടുന്നത് ഉള്‍വിറയലോടെ കണ്ടുനിന്നു. എവിടേക്കാണ് ഓടിയത് ? നോക്കിയാല്‍ വീടിന്റെ എതിര്‍ദിശയിലേയ്‌ക്കാണ്. അതുകൊണ്ടുമാത്രം ഇനി അത് വീട്ടിലേയ്‌ക്കു തിരിച്ചുവരില്ല എന്നുറപ്പിയ്‌ക്കാമോ?

ഇല്ല. ഇവിടെ ഒന്നും പ്രാവര്‍ത്തികമാവില്ല. സ്വപ്‌നങ്ങള്‍ കാണാനേ നമ്മളേക്കൊണ്ടാവൂ. അതിനു ചെലവില്ലല്ലോ. എന്തിനു കേരളമാക്കുന്നു? പരസ്യവാചകം 'എലിയില്ലാത്ത ഭാരതം' എന്നോ 'എലിയില്ലാത്ത ലോകം' എന്നുതന്നെയോ ആക്കാം. സ്വപ്‌നം കാണുമ്പോള്‍ അതു ചെറിയതാവണം എന്നു നിര്‍ബ്ബന്ധമൊന്നുമില്ലല്ലോ!

*****

അഷ്ടമൂര്‍ത്തി, കടപ്പാട് : ജനയുഗം