Showing posts with label ക്രെഡിറ്റ് കാര്‍ഡ്. Show all posts
Showing posts with label ക്രെഡിറ്റ് കാര്‍ഡ്. Show all posts

Saturday, March 14, 2009

രണ്ടാം ആഗോള തകര്‍ച്ചയെ മുതലാളിത്തം മറികടക്കുമോ?

രണ്ടാം ആഗോളതകര്‍ച്ച യാഥാര്‍ത്ഥ്യമാകുകയാണ്.

നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ലോകമെമ്പാടും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് പിരിച്ചുവിടലും, വരുമാനശോഷണവും കടന്നുചെല്ലുകയാണ്. സത്യം, ഐബിഎം, മൈക്രോസോഫ്‌റ്റ്, സോണി, പാനസോണിക്, എല്‍.ജി., സിറ്റിബാങ്ക്. അമ്പുകൊള്ളാത്തവരില്ല കോര്‍പ്പറേറ്റ് ലോകത്തില്‍. ഇതു തുടക്കം മാത്രം. തകര്‍ച്ച രണ്ടുമൂന്നുകൊല്ലം എങ്കിലും നീണ്ടുനില്‍ക്കുമെന്നും അതിനിടയില്‍ ഇനിയും അനേകം ഇടത്ത് പിരിച്ചുവിടലുകള്‍ നടക്കുമെന്നും വിദഗ്ധന്മാര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും അനേകം തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയുടെ നിഴലിലാണ്.

അതേസമയം ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്. പലര്‍ക്കും ഓര്‍ഡറുകള്‍ തീരെ നിലച്ചിരിക്കുന്നു. ബാങ്കുകള്‍ വായ്‌പ നിഷേധിക്കുന്നു. മുതലാളിയും തൊഴിലാളികളും അടക്കം എല്ലാവരും എന്നുവേണമെങ്കിലും കുത്തുപാളയെടുക്കാം എന്ന സ്ഥിതിയിലാണ് പലസ്ഥാപനങ്ങളും. കൈത്തറിയും, കയറും, കശുവണ്ടിയും അടക്കമുള്ള കേരളത്തിലെ പരമ്പരാഗതവ്യവസായങ്ങളുടെയും സ്ഥിതി മോശമാണ്. പുതിയ തൊഴില്‍ മേഖലകളായ കെട്ടിടനിര്‍മ്മാണവും, ടൂറിസവും ഐടിയും, ഭീഷണിയുടെ നിഴലിലാണ്. ഒറ്റപ്പെട്ട ചില മേഖലകളില്‍ ചില രജതരേഖകള്‍ കാണുന്നുവെങ്കിലും.

തകര്‍ച്ചയ്ക്കപ്പുറമുള്ള മുതലാളിത്തത്തിന്റെ ഭാവി

സാമ്പത്തിക തകര്‍ച്ച കുറേനാളത്തേക്കെങ്കിലും ഉറപ്പാണെന്ന് വന്നതോടെ, ആലോചനകള്‍ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച് ആയിമാറിയിരിക്കുന്നു. അമേരിക്കയിലെ പുതിയ ഒബാമ ഭരണകൂടവും അദ്ദേഹത്തിനെ സോഷ്യലിസ്‌റ്റ് എന്ന് വിളിച്ച് ആക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ റിപ്പബ്ളിക്കന്‍ എതിരാളികളും, യൂറോപ്യന്‍ നേതാക്കളും എല്ലാം മുതലാളിത്തം ഭാവിയില്‍ എങ്ങനെയാണ് വീണ്ടും കെട്ടിപ്പടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.


ഒരു കാര്യം മാത്രം ഉറപ്പാണ്. സമ്പദ്‌വ്യവസ്ഥയില്‍ സ്‌റ്റേറ്റ് ഇടപെടേണ്ടതില്ല, കമ്പോളം എല്ലാം സ്വയം നിയന്ത്രിച്ചുകൊള്ളും എന്നു വാദിച്ചിരുന്ന ശുദ്ധകമ്പോളമൌലികവാദം ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. പ്രസിദ്ധ സാമ്പത്തികശാസ്‌ത്രജ്ഞര്‍ മിക്കവാറും എല്ലാവരും ഇത് അംഗീകരിച്ചുകഴിഞ്ഞു. ശുദ്ധകമ്പോളമൌലികവാദത്തിന്റെ അസംബന്ധജല്പനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറ്റിബാങ്കും, ബാങ്ക് ഓഫ് അമേരിക്കയും പോലുള്ള കൂറ്റന്‍ ബാങ്കുകള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കരുത്, അവ പൊളിയണമെങ്കില്‍ പൊളിഞ്ഞോട്ടെ എന്ന വാദം. ഒബാമയുടെ റിപ്പബ്ളിക്കന്‍ എതിരാളികളില്‍ ചിലരാണ് ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്.

കേവലയുക്തിയുടെ അടിസ്ഥാനത്തില്‍ ശരിയാണെന്ന് തോന്നിയേക്കാവുന്ന ഈ കമ്പോളമൌലികവാദ ചിന്ത ആഴത്തില്‍ നോക്കിയാല്‍ തികഞ്ഞ അസംബന്ധമാണെന്നു ബോദ്ധ്യമാകും. ആസ്‌തിയേക്കാള്‍ വളരെക്കൂടുതല്‍ ബാധ്യതകളുള്ള ഈ ബാങ്കുകള്‍ക്ക് ഇന്നുള്ള സര്‍ക്കാര്‍ പിന്തുണ പിന്‍വലിക്കുന്നനിമിഷം നിക്ഷേപകര്‍ ഇന്റര്‍നെറ്റുവഴി നിക്ഷേപം പിന്‍വലിക്കാന്‍ പരക്കം പായുമെന്നും, നിക്ഷേപങ്ങള്‍ മടക്കിനല്‍കാനാകാതെ ഇവ നിലംപൊത്തുമെന്നും ഈ ബാങ്കുകളുടെ കണക്കുകള്‍ നോക്കിയവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നുണ്ട്. പൊളിഞ്ഞോട്ടെ എന്നായിരിക്കാം. കോടിക്കണക്കിന് നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെടുകയും, ഇൻ‌സ്‌റ്റാള്‍മെന്റുകള്‍ മുടങ്ങുകയും ചെയ്‌താല്‍ ഉണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതം ഭയാനകമായിരിക്കും എന്നുമാത്രം പറയാം. വിശേഷിച്ചും ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും, മൊട്ടുസൂചി തൊട്ട് മോട്ടോര്‍കാര്‍വരെയും ഉള്ള സര്‍വ്വവിധ നിത്യോപയോഗവസ്‌തുക്കളും ക്രെഡിറ്റ് കാര്‍ഡ് വഴിമാത്രം വാങ്ങുന്ന, കറന്‍സി നോട്ടുകളും നാണയങ്ങളും അപൂര്‍വ്വമായി മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു സാമ്പത്തികവ്യവസ്ഥയില്‍ ബാങ്ക് തകര്‍ച്ച (സര്‍ക്കാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ബാങ്ക് അവ ഏറ്റെടുത്തില്ലെങ്കില്‍) സകല കൊടുക്കല്‍ വാങ്ങലുകളെയും ബാധിക്കും. ആവശ്യക്കാരുടെ കയ്യില്‍ കറന്‍സിയോ, പ്രവര്‍ത്തനക്ഷമമായ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാത്തതുകൊണ്ട് പെട്രോള്‍ പമ്പുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും റെസ്‌റ്റോറന്റുകളും മറ്റു കടകളും കച്ചവടമില്ലാതെ അടച്ചിടേണ്ടിവരും. നിരത്തുകളില്‍ നിന്ന് സര്‍ക്കാര്‍ വാഹനങ്ങളും വന്‍സ്ഥാപനങ്ങളുടെ വാഹനങ്ങളും ഒഴിച്ചുള്ളവ അപ്രത്യക്ഷമാകും.

അത്തരമൊരു അവസ്ഥ വന്നാല്‍ മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിലെ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങി ഇതാണ് മുതലാളിത്തമെങ്കില്‍ ഇത്തരമൊന്ന് തങ്ങള്‍ക്കു വേണ്ട എന്ന് പറയാതിരിക്കില്ല. അതായത് വന്‍കിട ബാങ്കുകള്‍ തകരാന്‍ അനുവദിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കമ്പോളമൌലികവാദികളുടെ കേവലയുക്തിയില്‍ ഒതുങ്ങുന്നതാവില്ല. മുതലാളിത്തത്തിന്റെ അടിത്തറ തന്നെ അത് തോണ്ടും. അതുകൊണ്ടാണ് മുതലാളിത്തവ്യവസ്ഥിതിയെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പണ്ഡിതന്മാര്‍ ഏതാണ്ട് എല്ലാവരും ഒബാമ സര്‍ക്കാര്‍ ബാങ്കുകളെ ദേശസാല്‍ക്കരിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത്.

ഒബാമ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമല്ല.

പൊളിയാറായ വന്‍കിടബാങ്കുകള്‍ അമേരിക്ക താല്‍ക്കാലികമായെങ്കിലും ദേശസാല്‍ക്കരിക്കണം എന്ന വാദം പലഭാഗങ്ങളില്‍ നിന്നും ഉയരുകയാണെങ്കിലും ഒബാമ ഭരണകൂടം ആ ദിശയിലേക്ക് പോകാന്‍ മടികാണിക്കുകയാണ്. പ്രധാനകാരണം രാഷ്‌ട്രീയം തന്നെ.

പൊളിയാറായ ഈ സ്വകാര്യബാങ്കുകള്‍ക്ക് ശതബില്യണ്‍ കണക്കിന് ഡോളറുകള്‍ (ദശലക്ഷകണക്കിന് കോടിരൂപ) ഈടൊന്നും നോക്കാതെ കൈവായ്‌പ നല്‍കികൊണ്ട് അവയെ പിടിച്ചുനിര്‍ത്താനാണ് ഒബാമ ഭരണകൂടം (ഇതെഴുതുന്നതുവരെയും) ശ്രമിക്കുന്നത്. ഇതിനൊരു രാഷ്‌ട്രീയകാരണവും കൂടിയുണ്ട്. ഇത് തുടങ്ങിയത് ബുഷിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ളിക്കന്‍ ഭരണകൂടമാണ്. കമ്പോളമൌലികവാദികളുടെ എതിര്‍പ്പു നേരിട്ടാണ് ബുഷ് അത് ചെയ്യാന്‍ നിര്‍ബന്ധിതമായത്. അത് തുടരുക ഒബാമയ്ക്ക് രാഷ്‌ട്രീയമായി എളുപ്പമാണ്. അതേസമയം ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചാല്‍ ആ നിമിഷം മുതല്‍ ദേശസാല്‍കൃതബാങ്കിംഗ് സംവിധാനത്തിന്റെ കുറവുകളുടെ ഉത്തരവാദിത്തം മുഴുവന്‍ ഒബാമ ഭരണകൂടത്തിന്റെ തലയില്‍വരും. ഒബാമ സോഷ്യലിസം നടപ്പാക്കുകയാണെന്നുള്ള ആരോപണവുമായി എതിരാളികള്‍ രംഗത്തെത്തും. ഇന്നത്തെ അമേരിക്കന്‍ രാഷ്‌ട്രീയകാലാവസ്ഥയില്‍ ഒബാമ ഭരണകൂടം ഒട്ടും ഇഷ്ടപ്പെടാത്ത ബിരുദമാണ് സോഷ്യലിസം. അതുമാത്രമല്ല ഒബാമ ഭരണത്തിന്റെ ഉടമസ്ഥതയില്‍ ഈ വന്‍കിടബാങ്കുകള്‍ സുഖംപ്രാപിച്ചാല്‍ തന്നെ ഉടന്‍ "സോഷ്യലിസം ഉപേക്ഷിക്കാം, ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കണം'' എന്ന വാദവുമായി പണ്ഡിതന്മാര്‍ തന്നെ വീണ്ടും രംഗത്തെത്തുകയും ചെയ്യും.

ചുരുക്കത്തില്‍ പൊളിയാറായ വന്‍ബഹുരാഷ്‌ട്ര ഭീമന്‍ബാങ്കുകള്‍ ഒബാമ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പുലിവാലാണ്. വ്യവസ്ഥിതിയില്‍ ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

ഇതിലെല്ലാമുപരി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക്, വിശേഷിച്ചും അമേരിക്കക്കാര്‍ക്ക് മുതലാളിത്തവ്യവസ്ഥയുടെ പ്രായോഗികതയില്‍ വിശ്വാസം നശിച്ചുതുടങ്ങിയിരിക്കുന്നു. ഒരു ഭാഗത്ത് ഉല്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാനാവാതെ ബിസിനസുകള്‍ പൊളിയുമ്പോള്‍ മറുഭാഗത്ത് സേവനങ്ങളും ഉല്പന്നങ്ങളും ആവശ്യമായിട്ടും വാങ്ങാന്‍ പണമില്ലാതെ, തൊഴിലെടുക്കാന്‍ സന്നദ്ധമായിട്ടും തൊഴിലും മാന്യമായ വരുമാനവും ലഭിക്കാതെ ജനങ്ങള്‍ വലയുന്ന വ്യവസ്ഥിതിയില്‍ സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെടുക സ്വാഭാവികം. ഒബാമയുടെ മാസ്‌മരിക കഴിവിലുള്ള അമിതവിശ്വാസം മാത്രമാണ് ഇപ്പോള്‍ ജനങ്ങളെ പിടിച്ചുനിര്‍ത്തുന്നത്. ഒരു "സാധാരണ'' മനുഷ്യനെന്ന നിലയില്‍ ഒബാമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ.

മുതലാളിത്തവ്യവസ്ഥയെ രക്ഷിക്കാന്‍ ബരാക് ഒബാമയ്ക്കാവില്ല

ബരാക് ഒബാമ, കറുത്ത നിറക്കാരനാണ്, ബുദ്ധിമാനാണ്, സംഭാഷണചതുരനാണ്, പ്രഭാഷകനാണ്, ജനങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ബുഷ് ഇതൊന്നുമല്ലായിരുന്നു എന്ന അനുകൂലഘടകവും ഒബാമയ്‌ക്കുണ്ട്. ഇതൊക്കെയാണെങ്കിലും ബുദ്ധിമാനായ ഒബാമയ്‌ക്കുപോലും മുതലാളിത്തത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ അതിവേഗം നീങ്ങുകയാണ്. ഇന്നത്തെ കുഴപ്പം തകര്‍ച്ചയുടെ തുടക്കമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ അതിദ്രുതവ്യാപനം വഴി ഉണ്ടാകുന്ന സാമൂഹ്യശക്തികള്‍ ഉല്പാദനവും വിതരണവും അടക്കമുള്ള അടിസ്ഥാനസാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഈ സ്ഥിതി ഉണ്ടാക്കുന്നത്. ഈ മാറ്റങ്ങള്‍ വഴി നടക്കുന്ന സമൂഹത്തിന്റെ അടിത്തറയുടെ സാമൂഹ്യവല്‍ക്കരണം മുതലാളിത്ത മേല്‍പ്പുരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതിലും അധികം ഇപ്പോള്‍ തന്നെ മുന്നോട്ടുപോയി കഴിഞ്ഞിരിക്കുന്നു. അതേസമയം ആധുനികസാങ്കേതികവിദ്യകളുടെ വ്യാപനത്തിന്റെ ശൈശവം മാത്രമേ നാം കണ്ടിട്ടുള്ളു. ഏതാനും ചില ഉദാഹരണങ്ങള്‍ ഉപയോഗിച്ച് വഴിയേ അവ വിശദമാക്കാം.

ഉദ്യോഗസ്ഥ സംവിധാനത്തിന്റെ സാമൂഹ്യമേല്‍നോട്ടം

പൊതു ഉടമയ്‌ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമെതിരെ ഇതുവരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും ശക്തമായ വിമര്‍ശനം അവ സാമൂഹ്യമേല്‍നോട്ടത്തിന്, സാമൂഹ്യഇച്ഛയ്ക്ക് വിധേയമല്ല എന്നതാണല്ലോ. കസേരയില്‍ കയറിയിരുന്ന് സര്‍ സര്‍ വിളി അടുപ്പിച്ച് പത്തുപ്രാവശ്യം കേട്ടുകഴിയുമ്പോള്‍ വന്നവഴി മുഴുവന്‍ മറക്കാന്‍ പ്രേരിപ്പിക്കുന്ന കസേരമാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ നിത്യജീവിതത്തില്‍ തന്നെ നമുക്ക് സുപരിചിതമാണല്ലോ. ഉദ്യോഗസ്ഥമേധാവിത്ത സംവിധാനങ്ങളേക്കാളും മെച്ചമാണ് മത്സരാധിഷ്ഠിത കമ്പോളസംവിധാനം എന്ന വാദമാണ് മുതലാളിത്തത്തിനനുകൂലമായി ഉന്നയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ വാദം. തിരഞ്ഞെടുക്കാന്‍ ഉള്ളത് ഉദ്യോഗസ്ഥമേധാവിത്ത സംവിധാനവും മത്സരാധിഷ്ഠിത കമ്പോളസംവിധാനവും മാത്രമാണ് എന്നാണ് മുതലാളിത്തത്തിന്റെ അനുകൂലികള്‍ ജനങ്ങളോട് എക്കാലവും പറഞ്ഞത്.

ഇന്നത്തെ കമ്പോളത്തില്‍ യഥാര്‍ത്ഥ മത്സരമില്ല, മിക്കവാറും ഉല്പന്നങ്ങളില്‍ കുത്തകാധിപത്യമാണ്. സമൂഹത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് നിയമപരമായി വിടുതല്‍ നേടി സ്വേഛാപ്രമത്തരായി അരങ്ങുവാഴുന്ന ഈ കുത്തകാധിപത്യം സമൂഹത്തിന് അപകടമാണ് എന്ന യാഥാര്‍ത്ഥ്യം സൌകര്യപൂര്‍വ്വം മറച്ചുവെയ്ക്കപ്പെടുകയും ചെയ്തു.

എന്നാല്‍ മാന്ദ്യം ശക്തിപ്പെട്ടു തുടങ്ങിയതോടെ, സാമ്പത്തികപ്രയാസങ്ങള്‍ എല്ലാവരിലേക്കും എത്തിത്തുടങ്ങിയതോടെ കുത്തകമേധാവികളും പൊതുഉടമാസംവിധാനത്തില്‍ വിമര്‍ശനവിധേയമായിരുന്ന ഉദ്യോഗസ്ഥദുഷ്പ്രഭുത്വസംവിധാനത്തിന് സമാനമായാണ് പെരുമാറുന്നതെന്നും, അവരുടെ നിരുത്തരവാദപരമായ നടപടികളാണ് മൂര്‍ഛിക്കുന്ന സാമ്പത്തികകുഴപ്പത്തിന് പ്രധാനകാരണമെന്നും കൂടുതല്‍ കൂടുതലായി വെളിപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. ഇതോടെ പൊതുമേഖലയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും എന്നപോലെ സ്വകാര്യകുത്തകകളുടെ ഉദ്യോഗസ്ഥസംവിധാനങ്ങളുടെ മേലും ശക്തമായ സാമൂഹ്യമേല്‍നോട്ടം വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങുകയാണ്. സാമൂഹ്യമേല്‍നോട്ടം എന്ന ആവശ്യത്തെ പിന്‍വാതില്‍ സോഷ്യലിസമെന്നു ആക്ഷേപിച്ചു താറടിക്കാന്‍ സ്ഥാപിതതാല്പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാന്ദ്യം ഉളവാക്കിയ പ്രതിസന്ധിയുടെ മുന്നില്‍ അത്തരം വിതണ്ഡവാദങ്ങള്‍ അമേരിക്കയില്‍പ്പോലും വിലപ്പോവുന്നില്ല.

അതേസമയം സാമൂഹ്യമേല്‍നോട്ടം ശക്തവും ഫലപ്രദവും ആക്കണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയ അതേ അവസരത്തില്‍ തന്നെ അതു നടപ്പാക്കാനുള്ള കരുക്കള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രതിസന്ധിയെ സവിശേഷമാക്കുന്നത്. എന്തെല്ലാമാണ് ആ കരുക്കള്‍ എന്ന് നമുക്ക് പരിശോധിക്കാം.

ഏറ്റവും സാധാരണ കുശിനിക്കാരിയും ഭരണചക്രം തിരിക്കാന്‍ തുടങ്ങുമ്പോള്‍ സോഷ്യലിസം അപ്രായോഗികമാണെന്നും അത് ഉദ്യോഗസ്ഥമേധാവിത്തത്തിലേക്കും മുരടിപ്പിലേക്കും നയിക്കും എന്നുമുള്ള വിമര്‍ശനങ്ങളെ മാർൿസും ഏംഗല്‍സും ലെനിനും എല്ലാം നേരിട്ടത് സാധാരണക്കാരില്‍ സാധാരണക്കാരിയായ കുശിനിക്കാരിയെപ്പോലും ഭരണചക്രം തിരിക്കാന്‍ കഴിവുള്ളവിധം ശാക്തീകരിച്ചുകൊണ്ട് പണിയെടുക്കുന്ന ബഹുഭൂരിപക്ഷത്തിന്റേതായ ഒരു ഭരണകൂടം സ്ഥാപിക്കുമെന്നും സാമൂഹ്യവിരുദ്ധനടപടികളെയും അരാജകത്വപ്രവണതകളെയും അതിശക്തമായി നിരുത്സാഹപ്പെടുത്തികൊണ്ട് ആ ഭരണകൂടം കാലക്രമേണ ഭരണകൂടമില്ലാതെതന്നെ സ്വമേധയാ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന നിലയിലേക്ക് എത്തിക്കുമെന്നും വാദിച്ചുകൊണ്ടാണ്. സമൂഹം സ്വമേധയാ ചലനാത്മകമാവുന്നതോടെ ഭരണകൂടം അലിഞ്ഞില്ലാതാവുമെന്നും അവര്‍ ദീര്‍ഘദര്‍ശനം ചെയ്തു. തീര്‍ച്ചയായും ദീര്‍ഘമായ ഒരു കാലയളവ് വേണ്ടുന്ന പ്രവര്‍ത്തിയായാണ് അവരതിനെ കണ്ടത്. മാത്രമല്ല അതിനു പ്രാപ്തമാകുംവിധം ഉല്പാദനത്തിന്റെയും വിതരണത്തിന്റേയും എല്ലാം സാങ്കേതികഅടിത്തറ പ്രാപ്തമാകുകയും വേണം എന്നുകൂടി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാമൂഹ്യമേല്‍നോട്ടം പൂര്‍ണ്ണമാകുക ഏറ്റവും സാധാരണക്കാരിയായ കുശിനിക്കാരിക്കുപോലും ഭരണചക്രം തിരിക്കാന്‍ പറ്റുമ്പോഴാണ് എന്നതു വ്യക്തമാണ്. ഇതുവരെ അത് നടന്നിട്ടില്ല എന്നതു സത്യം തന്നെ. പക്ഷേ ഒരിക്കലും അത് നടക്കില്ലെന്ന മുതലാളിത്ത പക്ഷപാതികളുടെ വാദത്തെ മുതലാളിത്ത വ്യവസ്ഥിതിയുടെ വളര്‍ച്ചതന്നെ പൊളിച്ചുകഴിഞ്ഞിരിക്കുന്നു. ഉദാഹരണങ്ങള്‍, ഇതാ....

മൊബൈല്‍ ക്യാമറ

ഇതുവരെ ഉദ്യോഗസ്ഥന്മാരുടെ പീഡനങ്ങള്‍ക്കും കൈക്കൂലിക്കും ഇരയാകുന്ന സാധാരണജനങ്ങള്‍ പരാതിപരിഹാരത്തിനായി അതേ ഉദ്യോഗസ്ഥസംവിധാനത്തെ തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു. ഉദ്യോഗസ്ഥപീഢനത്തിനെതിരായി അതേ ഉദ്യോഗസ്ഥസംവിധാനത്തെക്കൊണ്ടുതന്നെ നടപടി എടുപ്പിക്കല്‍, ബലാത്സംഗത്തിന് പുരുഷന്മാരായ നാല് ദൃൿസാക്ഷികളെ കണ്ടെത്തുന്നതുപോലെ തന്നെ ബുദ്ധിമുട്ടുള്ളതായിരുന്നു. തീര്‍ച്ചയായും ജനാധിപത്യവും എം.എല്‍.എ.യും കൌണ്‍സിലറും പാര്‍ട്ടിയും ബഹുജനസംഘടനകളും എല്ലാം കാര്യങ്ങള്‍ പഴയരാജഭരണകാലത്തേതിലും മെച്ചമാക്കിയിട്ടുണ്ട്. എങ്കിലും എല്ലാ അടവും അറിയാവുന്ന, ഫയലുകളെ വേണമെങ്കില്‍ മുക്കാന്‍ തന്നെ കഴിവുള്ള ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന് മുമ്പില്‍ തെളിവുകള്‍ ഹാജരാക്കി നടപടി എടുപ്പിക്കുക എളുപ്പമല്ല.

പക്ഷേ പൊടുന്നനെ മൊബൈല്‍ ഫോണിന്റെ വ്യാപനം കാര്യങ്ങളെ അപ്പാടെ മാറ്റിയിരിക്കുന്നു. റോഡിലും ഓഫീസിലും ലോറിയുടെ മറവിലും എല്ലാംനിന്ന് പരമരഹസ്യമായി കൈക്കൂലി കൈപ്പറ്റുന്നവരും ഏജന്റുവഴി കൈപ്പറ്റുന്നവരും എല്ലാം ഇനി മൊബൈല്‍ ഫോണ്‍ ക്യാമറയെ സൂക്ഷിക്കണം എന്നായിരിക്കുന്നു. ഇതുവരെ ജനക്ഷേമതല്പരരായ ഭരണാധികാരികള്‍ ഒന്നൊഴിയാതെ തലപുകച്ചിട്ടും നടക്കാത്ത കാര്യം നിസ്സാരമായ മൊബൈല്‍ ക്യാമറ പരിഹരിച്ചിരിക്കുന്നു.

മൊബൈല്‍ ക്യാമറയെ നിസ്സാരമായി കാണുന്നവര്‍ ഓര്‍ക്കുക. ശ്രീനാരായണ ഗുരുദേവന്‍ അരുവിക്കരയിലെ ആറ്റില്‍ മുങ്ങിത്തപ്പി ഒരു കല്ലുമായി പൊങ്ങി വന്നു അതിനെ ഈഴവശ്ശിവനായി പ്രതിഷ്ഠിച്ചപ്പോള്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മനസ്സിലാക്കിയവര്‍ അപൂര്‍വ്വമായിരുന്നു. തീണ്ടലും തൊടീലും ചേര്‍ന്ന് ഭ്രാന്താലയമാക്കി മാറ്റിയിരുന്ന കേരളത്തെ പാടെ മാറ്റിത്തീര്‍ത്തതിൽ വലിയൊരുപങ്ക് നിസ്സാരമായ ആ കല്ലിനായിരുന്നു എന്ന് ഇന്ന് ചരിത്രം അംഗീകരിക്കുന്നു. തീര്‍ച്ചയായും ഒരു കല്ലല്ല, ആ കല്ല് ഉയര്‍ത്തിവിട്ട ആശയവും ആ ആശയത്തെ നെഞ്ചേറ്റിയ ലക്ഷകണക്കിന് മനുഷ്യരുമടങ്ങുന്ന സാമൂഹ്യശക്തിയാണ് ഈ മാറ്റമുണ്ടാക്കിയത്.

അതുപോലെ സാമൂഹ്യമേല്‍നോട്ടത്തെ ശക്തിപ്പെടുത്താന്‍ പോകുന്നത് വെറും ഒരു മൊബൈല്‍ ക്യാമറയല്ല (അത് നോക്കിയയോ, സാംസംഗോ, ചൈനയോ ആയിക്കൊള്ളട്ടെ) മറിച്ച് മൊബൈല്‍ ക്യാമറയുടെ സാധ്യത തിരിച്ചറിഞ്ഞ് ആ ആശയത്തെ നെഞ്ചേറ്റാന്‍ തുടങ്ങിയിട്ടുള്ള കോടിക്കണക്കിന് മനുഷ്യരടങ്ങിയ സാമൂഹ്യശക്തിയാണ്. വരാന്‍ പോകുന്ന മാന്ദ്യകാലം ഈ സാമൂഹ്യശക്തിക്ക് കൂടുതല്‍ കരുത്തേകാനാണ് പോകുന്നത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് മാന്ദ്യം മൊബൈല്‍ ഫോണ്‍ വില്പനയെ തെല്ലും ബാധിച്ചിട്ടില്ല എന്നാണ്. മാന്ദ്യം വഴി തല്‍ക്കാലമെങ്കിലും തൊഴിലില്ലാതാകാന്‍ പോകുന്ന ദശകോടികളില്‍ ഒരു പത്ത് ശതമാനമെങ്കിലും ഈ സാമൂഹ്യശക്തിയെ പരിപോഷിപ്പിക്കാനായി തങ്ങളുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തി തുടങ്ങുമ്പോള്‍ വമ്പിച്ച മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

തീര്‍ച്ചയായും മൊബൈല്‍ ക്യാമറ മാത്രമല്ല പുതിയ സാധ്യതകള്‍ ഉളവാക്കുന്നത്.

കറന്‍സിരഹിത പണക്കൈമാറ്റം

ബാങ്കുകളിലെ കമ്പ്യൂട്ടല്‍വല്‍ക്കരണത്തെ ഏറ്റവും കൂടുതല്‍ ജനപ്രിയമാക്കിയത് എടിഎമ്മുകളാണ്. കണ്ണടച്ചു തുറക്കും മുമ്പേയാണ് എടിഎമ്മുകള്‍ പ്രചാരത്തിലായത്. അതോടെ എടിഎമ്മും കമ്പ്യൂട്ടര്‍വല്‍ക്കരണവും ഇല്ലാതെ ബാങ്കുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്ന സ്ഥിതിയായി. അത് കറന്‍സി രഹിത പണക്കൈമാറ്റമെന്ന അടുത്തഘട്ടത്തിലേക്ക് അതിവേഗം കടക്കുകയാണ്. ദൂരയാത്രക്കും മറ്റും പണമായി കൊണ്ടുപോകേണ്ട എടിഎം കാര്‍ഡ് മതി എന്ന സ്ഥിതി ഇന്ത്യയില്‍തന്നെ വ്യാപകമായി കഴിഞ്ഞു. അതോടൊപ്പം നോട്ടുകെട്ടുകള്‍ കൈമാറുന്നതിനുള്ള അസൌകര്യവും വ്യാജകറന്‍സിയെക്കുറിച്ചുള്ള പേടിയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം കറന്‍സിയെക്കാളും സ്വീകാര്യം ക്രെഡിറ്റ് കാര്‍ഡാണെന്നതുള്ളതും വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ കറന്‍സിനോട്ടിന്റെ ഉപയോഗം കുറച്ചുകഴിഞ്ഞിരിക്കുന്നു. സാര്‍സ് മുതലായ രോഗങ്ങള്‍ കറന്‍സി വഴി അതിവേഗം പകരാം എന്നതും കറന്‍സിരഹിത പണക്കൈമാറ്റത്തിന്റെ വ്യാപനത്തിന് അനുകൂലഘടകമാണ്.

അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും മേല്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്താനായി കറന്‍സിയുടെ ഉപയോഗം വലിയതോതില്‍ കുറയ്ക്കാന്‍ ഭാവിയിലെ ഭരണകൂടങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് കറന്‍സിരഹിത പണക്കൈമാറ്റത്തിന്റെ ഈ വ്യാപനം എന്നത് വ്യക്തമാണ്.ജനങ്ങളുടെ വ്യാപകമായ പിന്തുണ പിന്‍പറ്റിക്കൊണ്ട് ഭാവിയില്‍ ഈ ആവശ്യം ഒരു സാമൂഹ്യശക്തിയായി മാറും എന്നതും ഉറപ്പാണ്.

ഇന്റര്‍നെറ്റ്

അതിരുകളില്ലാത്ത ഇന്റര്‍നെറ്റിന്റെ വ്യാപനം ഇപ്പോള്‍തന്നെ പലതരം സാമൂഹ്യശക്തികളെ രംഗത്തെത്തിച്ചിട്ടുണ്ട്. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ആദ്യം ഡെമോക്രാറ്റിക് പ്രൈമറിയിലും, പിന്നീട് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബരാക് ഒബാമയെ മുന്നിലെത്തിച്ചത് ഇത്തരമൊരു സാമൂഹ്യശക്തിയാണല്ലോ. അടുത്തകാലത്തായി കള്ളപ്പണക്കാരുടെയും അവര്‍ പണം നിക്ഷേപിക്കുന്ന സ്വിസ് ബാങ്കുകളുടെയും ഉറക്കം കെടുത്തിത്തുടങ്ങിയിട്ടുള്ള ഒരു പ്രതിഭാസത്തെക്കുറിച്ച് സൂചിപ്പിക്കാം. ഇത്തരം ബാങ്കുകളിലൊന്നിലെ ഒരു ജോലിക്കാരനില്‍ നിന്ന് കള്ളപ്പണക്കാരുടെ ലിസ്‌റ്റ് പണം കൊടുത്ത് വാങ്ങി ഒരു കൂട്ടര്‍ ഇന്റര്‍നെറ്റില്‍ വിക്കിലീക്ക്സ് എന്ന വെബ്‌സൈറ്റിലിട്ടു. ഇതറിഞ്ഞ ഉടന്‍തന്നെ ഇതിനെതിരെ ബാങ്ക് നിയമനടപടി എടുത്തുവെങ്കിലും അത് നടപ്പാക്കല്‍ അപ്രായോഗികവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധവും ആയതുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു. മാന്ദ്യം വ്യാപകമായതോടെ ഇത്തരം കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നുള്ള ആവശ്യം എല്ലാ രാജ്യങ്ങളിലും ശക്തമായി വരികയാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് സ്വിസ് ബാങ്കുകളും സുതാര്യമാവണം എന്ന ആവശ്യം ജനങ്ങളില്‍ നിന്നുയര്‍ന്നാല്‍, അത് ഒരു സാമൂഹ്യശക്തിയായാല്‍ ആര്‍ക്കാണ് അത് പ്രതിരോധിക്കാനാവുക.

സാങ്കേതിക വിദ്യാരംഗത്തുണ്ടാകുന്ന വളര്‍ച്ച ഉയര്‍ത്തിവിടുന്ന സാമൂഹ്യശക്തികളുടെ പ്രവര്‍ത്തനം ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളുടെ വളരെ ചെറിയ ഒരു പരിഛേദം മാത്രമാണ് ഇവിടെ വിവരിച്ചത്. വന്നതു തന്നെ ഗംഭീരം. വരാന്‍ പോകുന്നത് ഇതിലും എത്രയോ ഗംഭീരമായിരിക്കും. സമൂഹത്തിന്റെ സാമ്പത്തികമായ അടിത്തറ അതിവേഗം സോഷ്യലിസത്തിന് അനുയോജ്യമായിക്കൊണ്ടിരിക്കുകയാണ്; മേല്‍പ്പുരയും വൈകാതെ തന്നെ മാറും

മാര്‍ക്സിസത്തിന്റെ ഏറ്റവും പ്രധാന നിഗമനമാണ് മുതലാളിത്തം ചരിത്രത്തിന്റെ ആദ്യവും, അന്ത്യവുമല്ല എന്നത്. സമത്വസുന്ദരമായിരുന്ന, എന്നാല്‍ തികച്ചും പ്രാകൃതാവസ്ഥയിലായിരുന്ന പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്ന് ഉല്പാദനശക്തികളുടെയും, സാങ്കേതികവിദ്യയുടെയും വളര്‍ച്ചവഴി വര്‍ഗ്ഗസമുദായം ഉത്ഭവിച്ചുവെന്നും ആ വര്‍ഗ്ഗസമുദായം സാങ്കേതികവിദ്യയുടെ വികാസനത്തിനനുസൃതമായി അടിമയുടമസമുദായവും, ഫ്യൂഡല്‍ സമുദായവും മുതലാളിത്തവുമായി കാലക്രമേണ പുരോഗമിച്ചുവെന്നും, മുതലാളിത്ത സമുദായം തന്നെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുടെയും, ഉല്പാദനശക്തികളുടെയും വളര്‍ച്ചയുടെ ഫലമായി വീണ്ടും പല ഘട്ടങ്ങള്‍ കടന്ന് വര്‍ഗ്ഗരഹിതസമുദായത്തിലേക്ക് പുരോഗമിക്കുമെന്നും ആണ് മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് രൂപപ്പെടുത്തിയ ചരിത്രപരമായ ഭൌതികവാദം സിദ്ധാന്തിക്കുന്നത്.
സമൂഹത്തിന്റെ പുരോഗതിയില്‍ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്കിനെയും അതുപോലെ വലിയൊരു വിഭാഗം തൊഴിലാളികളെ തൊഴില്‍ രഹിതരാക്കുന്നതുകൊണ്ട് സാങ്കേതികവിദ്യക്കെതിരെ തൊഴിലാളികളില്‍ ഉണ്ടാകുന്ന ദ്വേഷത്തിനേയും വൈരുധ്യാത്മകമായികണ്ട അവര്‍ - സാങ്കേതികവിദ്യക്കും യന്ത്രങ്ങള്‍ക്കും എതിരെ പോരാടിയ ലുഡ്ഡൈറ്റ് തൊഴിലാളികളോട് വിയോജിച്ചു. വ്യവസ്ഥയെ മാറ്റാന്‍ പരിശ്രമിക്കാതെ, യന്ത്രങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന ലുഡൈറ്റുകള്‍ (Luddites)ചരിത്രത്തെ പുറകോട്ടുതിരിക്കാനുള്ള വിഫലശ്രമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു. മുതലാളിത്ത സമുദായം അതിന്റെ ചരിത്രപരമായ സാധ്യതകള്‍ അവസാനിക്കുംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമെന്നും അതുവരെ വര്‍ഗ്ഗസമരം ഒളിഞ്ഞും തെളിഞ്ഞും നടക്കുമെന്നും അവര്‍ പറഞ്ഞു. ഇടക്കാലത്ത് തണുത്തുപോയി എന്ന് കരുതപ്പെട്ട വര്‍ഗ്ഗസമരം മാന്ദ്യം മൂര്‍ഛിച്ചതോടെ വീണ്ടുംപൂര്‍വ്വാധികം ശക്തിയോടെ ആളിക്കത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനുമുമ്പ് വിശദീകരിച്ചതുപോലെ മുതലാളിത്ത മേല്‍പ്പുര മാറാതെ വയ്യെന്ന സാഹചര്യമൊരുക്കിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ...

ഇന്ന് സോഷ്യലിസത്തിനുള്ള അടിത്തറ, ഭൌതികമായ സാഹചര്യം പാകമായിക്കൊണ്ടിരിക്കുമ്പോഴും, മാറ്റങ്ങള്‍ സംഭവിക്കാത്തതിനു പ്രധാനകാരണം ഒരുപരിധി വരെ ആശയപരമാണെന്നു തോന്നുന്നു. പ്രൊഫസര്‍ സമീര്‍ അമീനെപോലുള്ള മാർ‌ൿസിസ്‌റ്റു ചിന്തകര്‍ ചൂണ്ടിക്കാണിക്കുംപോലെ ലിബറലിസ്‌റ്റ് മുന്‍വിധികള്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ച സൃഷ്‌ടിക്കുവാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ചുള്ള ഭയാശങ്കകള്‍ എല്ലാം സമകാലിക മാര്‍ക്സിയന്‍ ചിന്തകളെ വികലമാക്കിയിരിക്കുന്നു എന്നു പറയാമെന്നു തോന്നുന്നു. ആശയവാദാധിഷ്‌ഠിതമായ ഈ ലിബറലിസ്‌റ്റ് മുന്‍വിധികളെ തോല്പിച്ച വൈരുധ്യാത്മകഭൌതികചരിത്രവാദാധിഷ്‌ഠിതമായ പാത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടേ താല്‍ക്കാലികമായ ഇന്നത്തെ ഈ പ്രതിസന്ധി മറികടക്കാനാകൂ. അതിലേക്കുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഈ വിശകലനം.

*****

അശോകൻ ഞാറയ്‌ക്കൽ

Saturday, September 20, 2008

ചരിത്രത്തിന്റെ അവസാനവും ആഗോള ഫിനാന്‍സ് മൂലധന പ്രതിസന്ധിയും

ചരിത്രം അവസാനിച്ചിരിക്കുന്നു' എന്ന ഫുക്കുയാമയുടെ പ്രസ്താവന ആഗോളവല്‍ക്കരണയുഗത്തിന്റെ ആപ്തവാക്യമായിട്ടാണ് കരുതുന്നത്. സാമൂഹ്യപരിണാമം മുതലാളിത്ത സാമൂഹ്യവ്യവസ്ഥയോടെ അവസാനിച്ചിരിക്കുകയാണ് എന്നാണ് ഇതിന്റെ സാരം. ഇത്തരം വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ മദിരാശി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രമേയം ഇങ്ങനെ ചൂണ്ടിക്കാണിച്ചു:

"ലോകസോഷ്യലിസത്തിന് താല്‍ക്കാലികമായ തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും മുതലാളിത്തത്തിന്റെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. അതിനുള്ളിലെ വൈരുധ്യങ്ങള്‍ മൂര്‍ഛിക്കും. സാമ്പത്തികക്കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടും. സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിലൂടെയല്ലാതെ ഈ വൈരുധ്യങ്ങള്‍ പരിഹരിക്കാനാവില്ല. നമ്മുടെ യുഗത്തിന്റെ സ്വഭാവം സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടേതു തന്നെയാണ്.''

മാര്‍ക്സ് ദീര്‍ഘദര്‍ശനം ചെയ്തതുപോലെതന്നെയാണ് ചരിത്രം നീങ്ങുന്നത്. സോവിയറ്റ് യൂണിയന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടവിട്ടുള്ള സാമ്പത്തികക്കുഴപ്പം മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. ഇതിന്റെ അടിസ്ഥാനകാരണം മാര്‍ക്സാണ് വിശദീകരിച്ചത്. മുതലാളിത്തം അതിവേഗത്തില്‍ വളരും. പക്ഷേ, വളര്‍ച്ചയുടെ തോതില്‍ വാങ്ങല്‍കഴിവ് വളരണമെന്നില്ല. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ചരക്ക് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്ന അവസ്ഥവരും. സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെടും. നൂറുകോടി രൂപയുടേതാണ് ഉല്‍പ്പാദനമെന്നിരിക്കട്ടെ. തൊഴിലാളികളും മുതലാളിമാരുമാണ് ഈ ഉല്‍പ്പന്നമെല്ലാം വാങ്ങിക്കുന്നത്. തൊഴിലാളികള്‍ അവരുടെ ഉപഭോഗത്തിനും മുതലാളിമാര്‍ അവരുടെ നിക്ഷേപത്തിനും. ഉല്‍പ്പാദനം ഇരട്ടിയായി 200 കോടിയായി എന്നു കരുതൂ. തൊഴിലാളിയുടെ ഉപഭോഗവും മുതലാളിയുടെ നിക്ഷേപവും ഇരട്ടിയായി ഉയര്‍ന്നാല്‍ മുഴുവന്‍ ചരക്കും വിറ്റഴിയും. എന്നാല്‍, ഇത് സംഭവിക്കില്ല. കൂലിയും ശമ്പളവും ഉല്‍പ്പാദനം വര്‍ധിക്കുന്ന തോതില്‍ ഉയരില്ല എന്നത് തീര്‍ച്ചയാണ്. അപ്പോള്‍ കുറച്ചു ചരക്ക് വില്‍ക്കാതെ കെട്ടിക്കിടക്കുന്നത് സ്വാഭാവികം. പക്ഷേ, ഇത് മുതലാളിമാര്‍ വാങ്ങിയാല്‍പ്പോരെ? ഇതും നടക്കണമെന്നില്ല എന്ന് മാര്‍ക്സ് ചൂണ്ടിക്കാണിച്ചു. കാരണം മുതലാളിമാര്‍ വാങ്ങുന്നത് നിക്ഷേപം നടത്തുന്നതിനുവേണ്ടിയാണ്. വേണ്ടത്ര ലാഭംകിട്ടില്ലെന്ന് അവര്‍ക്കു തോന്നിയാല്‍ അവര്‍ വാങ്ങുന്നതും കുറയും.

അങ്ങനെ ഇടയ്ക്കിടയ്ക്ക് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചരക്ക് വിറ്റഴിക്കാനാവാതെ സാമ്പത്തികമാന്ദ്യമുണ്ടാകുന്നത് അനിവാര്യമാണ്. അനിവാര്യമായ ഈ സാമ്പത്തികമാന്ദ്യത്തെ എങ്ങനെ മറികടക്കാം? ഇതിനുള്ള ഒരു മാര്‍ഗം വായ്പയാണ്. തൊഴിലാളികളുടെ കൂലിയും ശമ്പളവും കുറഞ്ഞാലും അവര്‍ക്ക് ഉപഭോക്തൃ വായ്പനല്‍കി സാധനം വിറ്റഴിക്കാം. അതുപോലെതന്നെ ഊഹക്കച്ചവടത്തില്‍ പണമിറക്കി ഭൂമിയുടെയും ഷെയറിന്റെയും എന്നുവേണ്ട എല്ലാ ഊഹക്കച്ചവട സാധനത്തിന്റെയും വില ഉയര്‍ത്തി വലിയ ലാഭം ഉറപ്പുവരുത്താം. ഇതോടെ പണം മുടക്കാനുള്ള മുതലാളിമാരുടെ ആശങ്കയും തീര്‍ക്കാം. മുതലാളിത്തം സുഗമമായി കടന്നുപോകും. അങ്ങനെ ലോകമുതലാളിത്തം കടത്തിന്റെ ഒരു മേല്‍പ്പാലത്തിലൂടെയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. പാലത്തിന്റെ നീളം കൂടുന്തോറും എപ്പോഴെങ്കിലും തകരാനുള്ള സാധ്യത ഏറിക്കൊണ്ടിരിക്കും. തകര്‍ന്നാലോ മുതലാളിത്തം കുഴപ്പത്തിന്റെ ആഴക്കയത്തിലേക്ക് വഴുതിവീഴും. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

സമകാലീന മുതലാളിത്തത്തിന്റെ തനിമ ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ്. ഫിനാന്‍സ് മൂലധനമെന്നാല്‍ ഉല്‍പ്പാദനത്തില്‍ നേരിട്ട് പങ്കെടുക്കാതെ ധനമേഖലയിലെ തിരിമറിയിലൂടെ ഉല്‍പ്പാദനത്തുറയിലെ മിച്ചം തട്ടിയെടുക്കുന്ന മൂലധനമാണ്. ഷെയര്‍ മാര്‍ക്കറ്റ്, ബോണ്ട് മാര്‍ക്കറ്റ്, എണ്ണ, അയിരുകള്‍, സ്വര്‍ണം, ധാന്യം, കാപ്പി, തേയില തുടങ്ങിയ ചരക്കിന്റെ അവധിക്കച്ചവടം, വിദേശനാണയ ഊഹക്കച്ചവടം, റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടം ഇങ്ങനെ കാലം കഴിയുന്തോറും ഊഹക്കച്ചവടത്തിന്റെ പുതിയ മേഖല ഫിനാന്‍സ് മൂലധനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വന്നുവന്ന് യഥാര്‍ഥത്തില്‍ എന്തെങ്കിലും ചരക്ക് വാങ്ങുകയോ വില്‍ക്കുകയോപോലും വേണ്ട എന്ന നിലയായിരിക്കുകയാണ്. വിലയുടെ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ വില്‍ക്കല്‍ വാങ്ങല്‍. 'ഡെറിവേറ്റീവ്സ് വ്യാപാരം' എന്നാണ് ഇത് അറിയപ്പെടുന്നത്.

മുകളില്‍ സൂചിപ്പിച്ച ഓരോ മേഖലയിലും ഭീമാകാരമായ മുതല്‍മുടക്കാണുള്ളത്. ഇവയുടെമേല്‍ ഒരു സര്‍ക്കാരിനും നിയന്ത്രണമില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. കാരണം ആഗോളവല്‍ക്കരണ പരിഷ്കാരംമൂലം രാജ്യാതിര്‍ത്തി കടന്ന് ഫിനാന്‍സ് മൂലധനം ഒരു ഊഹക്കച്ചവട കമ്പോളത്തില്‍നിന്ന് മറ്റൊന്നിലേക്ക് പരക്കംപാഞ്ഞുകൊണ്ടിരിക്കുകയാണ്. ആധുനിക കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് നിഷ്പ്രയാസവുമായി. സര്‍വശക്തനായ അമേരിക്കയ്ക്കുപോലും തങ്ങളുടെ രാജ്യത്തെ ഫിനാന്‍സ് മൂലധനത്തിന്റെമേല്‍ നിയന്ത്രണമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ വന്നിരിക്കുന്നു. അതുകൊണ്ട് ഊഹക്കച്ചവടത്തിന്റെ ഞാണിന്മേല്‍ക്കളി എവിടെയെങ്കിലും കൈവിട്ടാല്‍ രക്ഷിച്ചെടുക്കല്‍ അത്യന്തം ശ്രമകരമാണ്. മുതലാളിത്ത പ്രതിസന്ധി മാറ്റിവയ്ക്കാമെങ്കിലും അത് കൂടുതല്‍ രൂക്ഷമായിത്തന്നെ പൊട്ടിപ്പുറപ്പെടും.

ചുരുക്കത്തില്‍ മുതലാളിത്തത്തിന്റെ സമൃദ്ധി നിരന്തരം ഊതിവീര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കടത്തിന്റെ അടിസ്ഥാനത്തിലാണ്. സമൃദ്ധിയുടെ ലഹരിയില്‍ എല്ലാവരും കുഴപ്പകാലത്തെ മറക്കുന്നു. കുഴപ്പത്തിന്റെ വക്കിലെത്തുമ്പോഴാണ് കടത്തെക്കുറിച്ചുള്ള ഭയം മനസ്സില്‍ ഉദിക്കുന്നത്. പക്ഷേ, രക്ഷപ്പെടാനുള്ള മാര്‍ഗം വളരെ പരിമിതമാണ്. കൂടുതല്‍ കടംവാങ്ങാനും കൂടുതല്‍ കടം കൊടുക്കുവാനും ഏവരും നിര്‍ബന്ധിതരാണ്. കടം തിരിച്ചുവാങ്ങാനും കടം തിരിച്ചടയ്ക്കാനുമുള്ള ഒരു വെപ്രാളം ഏതെങ്കിലും കാരണവശാല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ കടത്തിന്റെ കടലാസുകൊട്ടാരം തകര്‍ന്നു തരിപ്പണമാകും. കടത്തിന്റെ സോപ്പുകുമിള എത്രത്തോളം വലുതാണോ അത്രത്തോളം രൂക്ഷമായിരിക്കും വരാന്‍പോകുന്ന തകര്‍ച്ചയും. അഭിവൃദ്ധിയെ ശക്തിപ്പെടുത്തുന്ന കടം തകര്‍ച്ചയെ രൂക്ഷമാക്കുന്നു. ഷെയര്‍, ബോണ്ട്, ഉല്‍പ്പന്നങ്ങള്‍, വിദേശവിനിമയം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ പല മേഖലയും ചൂതാട്ടത്തിന്റെ മേഖലയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എവിടെവേണമെങ്കിലും കുഴപ്പം പൊട്ടിപ്പുറപ്പെടാം.

ഇപ്പോള്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കുഴപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. നമ്മുടെ രാജ്യത്ത് ഇന്നും 90 ശതമാനം ജനങ്ങളും തങ്ങള്‍ക്കാവശ്യമുള്ള വീട് സ്വന്തമായി പണിയുന്നവരാണ്. എന്നാല്‍, അമേരിക്കയിലെയും മറ്റും സ്ഥിതി ഇങ്ങനെയല്ല. ഇന്നു നമ്മുടെ സംസ്ഥാനത്ത് അങ്ങിങ്ങായി കണ്ടുവരുന്നതുപോലെ വലിയ മുതലാളിമാര്‍ കണ്ണായ സ്ഥലത്ത് ഭൂമി വാങ്ങി അവിടെ കെട്ടിടം പണിത് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു. വീട് എന്നത് സൂപ്പര്‍മാര്‍ക്കറ്റില്‍ മറ്റ് ചരക്ക് വാങ്ങുന്നതുപോലെ കമ്പോളത്തില്‍നിന്നു വാങ്ങേണ്ട സാധനമായിത്തീര്‍ന്നിരിക്കുന്നു. ഈ ബിസിനസ് ഒന്നാന്തരം ഊഹക്കച്ചവട സാധ്യതയുള്ളതാണ്. കാരണം ഭൂമി പരിമിതമാണല്ലോ. പുതിയ ഭൂമി ഉണ്ടാക്കാനുമാവില്ല. അതുകൊണ്ട് ഭൂമിയുടെ വില ഉയര്‍ന്നുകൊണ്ടേയിരിക്കും. വില ഉയരുന്നതനുസരിച്ച് മുന്‍കൂട്ടി വാങ്ങിയാല്‍ മറിച്ചുവിറ്റ് ലാഭംനേടാം. ഇതു നമ്മുടെ നാട്ടിലും കണ്ടുവരുന്നുണ്ട്. ബ്രോക്കര്‍മാര്‍ ഭാവിയില്‍ നല്ല വിലകിട്ടാവുന്ന സ്ഥലമേതെന്നു കണ്ടെത്തി വാങ്ങുന്നു. അത് പിന്നീട് മറിച്ചുവിറ്റ് ലാഭം നേടുന്നു.

എന്നാല്‍ ഇതുമാത്രമല്ല നടക്കുന്നത്. ഭൂമിയുടെ വില്‍പ്പന വാങ്ങല്‍ അവധിക്കച്ചവടത്തിലേക്ക് നീങ്ങിയിരിക്കയാണ്. ഒരു ബ്രോക്കര്‍ ഭൂമിക്ക് അഡ്വാന്‍സ് കൊടുക്കുന്നു. നിശ്ചയിക്കപ്പെട്ട തീയതിക്കുള്ളില്‍ മുഴുവന്‍ പണവും നല്‍കിക്കൊള്ളാമെന്നാണ് കരാര്‍. അടുത്തതായി ബ്രോക്കര്‍ എന്തുചെയ്യും? ഈ ഭൂമി അയാള്‍ വേറൊരാള്‍ക്കു മറിച്ചുവില്‍ക്കുന്നു. പുതുതായി വാങ്ങിയ ആളും ഭൂമി ഇടപാടുകാരനാണെങ്കില്‍ പിന്നെയും ഭൂമി മറിച്ചുവില്‍ക്കപ്പെടുന്നു. അങ്ങനെ പലതവണ ഭൂമി വില്‍ക്കുകയും വാങ്ങുകയും ചെയ്തശേഷമായിരിക്കും യഥാര്‍ഥ ഉടമസ്ഥന് പണം കിട്ടുക. അതിനിടയില്‍ ഭൂമിയുടെ വില പലമടങ്ങ് ഉയര്‍ന്നിരിക്കും. എല്ലാ ബ്രോക്കര്‍മാര്‍ക്കും കനത്ത ലാഭവും ലഭിക്കും.

മുകളില്‍പ്പറഞ്ഞതിന്റെ അതിഭീമന്‍പതിപ്പാണ് അമേരിക്കയില്‍ നടക്കുന്നത്. അവിടെ റിയല്‍ എസ്റ്റേറ്റുകാര്‍ വലിയതോതില്‍ വീടും കെട്ടിടവും പണിയാന്‍ മുതല്‍മുടക്കിയിരിക്കയാണ്. ഇതിനുവേണ്ടി അവര്‍ വലിയതോതില്‍ വായ്പയെടുക്കുന്നു. റിയല്‍ എസ്റ്റേറ്റ് പണയംവച്ചാണ് വായ്പയെടുക്കുന്നത്. വാങ്ങേണ്ടവരുടെ കൈയില്‍ ആവശ്യത്തിന് പണമില്ലെങ്കിലോ അതും പ്രശ്നമല്ല. വീട് പണയംവച്ചാല്‍ അവര്‍ക്കും വായ്പ കൊടുക്കാന്‍ ബാങ്കും മറ്റും തയ്യാര്‍. വായ്പകൊടുക്കുന്ന ബാങ്കിന് സെക്യൂരിറ്റിയായി കിട്ടുന്നത് മോഹവിലയുടെ അടിസ്ഥാനത്തിലുള്ള ഭൂമിയും കെട്ടിടവുമാണ്. ഇവയുടെമേല്‍ നടക്കുന്ന അവധിക്കച്ചവടംമൂലം വില പിന്നെയും ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പണം വായ്പകൊടുക്കാന്‍ ബാങ്ക് തയ്യാറാകുന്നു. അങ്ങനെ കടത്തിന്റെ ഒരു ചീട്ടുകൊട്ടാരം ഉയരുകയായി. മുകളിലേക്കുയരുന്തോറും എപ്പോഴെങ്കിലും തകരാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കുന്നു.

ഉദാഹരണത്തിന്, ഊഹക്കച്ചവട ആവശ്യത്തിനുമപ്പുറം വീടും മറ്റും റിയല്‍ എസ്റ്റേറ്റുകാര്‍ നിര്‍മിച്ചെന്നിരിക്കട്ടെ. റിയല്‍ എസ്റ്റേറ്റ് വില താഴ്ന്നേക്കുമെന്ന് ഒരു തോന്നല്‍ ഇതുമൂലം ഉണ്ടായി എന്നും ഇരിക്കട്ടെ. ഇത്രയുംമതി കടത്തിന്റെ ചീട്ടുകൊട്ടാരം തകരാന്‍. ഉപയോക്താവ് വീടുവാങ്ങുന്നത് മാറ്റിവയ്ക്കും. വില ഇനിയും കുറയുമ്പോള്‍ വാങ്ങാമല്ലോ! ഇത് വീടിന്റെയും മറ്റും വില വീണ്ടും ഇടിയുന്നതിലേക്കു നയിക്കും. വില താണുതുടങ്ങിയാല്‍ ഊഹക്കച്ചവടക്കാര്‍ തടി രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിലായിരിക്കും. ഇനിയും വിലകുറയുന്നതിനുമുമ്പ് റിയല്‍ എസ്റ്റേറ്റ് എത്രയുംപെട്ടെന്ന് വില്‍ക്കണമെന്നാണ് അവരുടെ താല്‍പ്പര്യം. ഫലം റിയല്‍ എസ്റ്റേറ്റ് വില കുത്തനെ കുറയുന്നു. കുഴപ്പത്തിലാകുക ഊഹക്കച്ചവടക്കാര്‍ മാത്രമല്ല ബാങ്കുമാണ്. അവരാണല്ലോ ഊഹക്കച്ചവടത്തിന് വായ്പകൊടുത്തിരിക്കുന്നത്. വായ്പയാകട്ടെ റിയല്‍ എസ്റ്റേറ്റിന് മോഹവിലയുണ്ടായിരുന്ന കാലത്ത് അത് സെക്യൂരിറ്റിയായി എടുത്തുകൊണ്ടാണ്. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് വില കുത്തനെ ഇടിയുന്നതോടെ ബാങ്കിന്റെ പണയത്തിന് വിലയില്ലാതാകും.

നമ്മുടെ നാട്ടില്‍ സ്വര്‍ണം പണയംവച്ച് വായ്പയെടുക്കുന്നത് സര്‍വസാധാരണയാണ്. ഇന്ന് പവന് 9000 രൂപയാണ് വില. ഇതിന്റെ 80 ശതമാനം അതായത് 7200 രൂപവരെ ബാങ്ക് വായ്പ കൊടുക്കുന്നു. പവന്റെ വില 1000 രൂപയായി കുറഞ്ഞെന്നിരിക്കട്ടെ പിന്നെ പണയമാരെങ്കിലും തിരിച്ചെടുക്കുമോ? ബാങ്കിന്റെ സ്വര്‍ണപ്പണയം കിട്ടാക്കടമാകും. ഇതുതന്നെയാണ് റിയല്‍ എസ്റേറ്റിന്റെ വിലത്തകര്‍ച്ചയോടെ സംഭവിച്ചത്. ഈ രംഗത്ത് വലിയതോതില്‍ വായ്പകൊടുത്തിരിക്കുന്ന ബാങ്കിന്റെ കിട്ടാക്കടം പെരുകുന്നു. അതോടെ ആ ബാങ്കിന്റെ ഷെയര്‍ ആരും വാങ്ങാതെയാകുന്നു. ബാങ്കിന്റെ ഷെയര്‍വില കുറയുന്നു. ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിട്ടുള്ളവരും വായ്പ കൊടുത്തിട്ടുള്ളവരും തങ്ങളുടെ ഡിപ്പോസിറ്റ് തിരിച്ചെടുക്കാനും വായ്പ തിരിച്ചുപിടിക്കാനും ധൃതിപിടിക്കുന്നു. ബാങ്കെന്നു പറഞ്ഞാല്‍ വിശ്വാസത്തിന്റെ പുറത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണല്ലോ. ഇടപാടുകാരുടെ വിശ്വാസം തകര്‍ന്നാല്‍ ബാങ്കിന്റെ കഥതീരും. ബാങ്ക് തകരുന്നത് ഷെയര്‍മാര്‍ക്കറ്റിലുമെല്ലാം പരിഭ്രാന്തി സൃഷ്ടിക്കും. ഷെയറിന്റെ വിലയിടിയും. മുതലാളിമാരുടെ ലാഭം കുറയും. മുതല്‍മുടക്കാനുള്ള താല്‍പ്പര്യം കുറയും. മുതലാളിത്തം സാമ്പത്തികമാന്ദ്യത്തിലേക്കും കുഴപ്പത്തിലേക്കും നീങ്ങും.

തകര്‍ച്ചയുടെ തുടര്‍ക്കഥ

അമേരിക്കന്‍ ഭവനപണയമേഖലയിലെ കുഴപ്പവും ധനസ്ഥാപനങ്ങളുടെ തകര്‍ച്ചയും മലയാളത്തിലെ മാധ്യമങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവവികാസമായിരുന്നു എന്നുവേണം കരുതാന്‍. ഇപ്പോഴത്തെ കുഴപ്പത്തിന്റെ ഒന്നാംദിവസത്തെ വാര്‍ത്തകള്‍ക്ക് വേണ്ടത്ര പരിഗണന പത്രത്താളുകളിലും ടിവി വാര്‍ത്തയിലും ലഭിച്ചില്ലെന്നതാണ് വാസ്തവം. എന്നാല്‍, അമേരിക്കയിലെ ധനമേഖല കുറെ നാളായി ഇത്തരത്തിലുള്ള ഒരു പതനത്തിലേക്ക് അനിവാര്യമായി നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. സിപിഐ എം 19-ാം പാര്‍ടി കോഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ വിശകലനം ഇന്നത്തെ അമേരിക്കന്‍ ധനകുഴപ്പത്തിന്റെ ഏറ്റവും നല്ല മുഖവുരയായിരിക്കും. ഏറ്റവും പ്രസക്തമായ ഭാഗങ്ങള്‍ നോക്കുക:

"ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യംമുതല്‍ ഇടത്തരക്കാരുടെയും സമ്പന്നരുടെയും ബാങ്ക് വായ്പയെ അടിസ്ഥാനമാക്കിയുള്ള ഉപഭോഗവളര്‍ച്ചയാണ് സമ്പദ്ഘടനയെ സജീവമായി നിലനിര്‍ത്തിയത്. അമേരിക്കന്‍ കുടുംബങ്ങളുടെ കടബാധ്യതാ നിലവാരം ഈ കാലഘട്ടത്തില്‍ അഭൂതപൂര്‍വമായ നിലയിലെത്തി - ഇത് പ്രധാനമായും ഭവനനിര്‍മാണ വായ്പയും (ഭൂപണയ വായ്പ) ഉപഭോഗവായ്പയും (ക്രെഡിറ്റ് കാര്‍ഡുകള്‍) ആയിരുന്നു. ഇതിനടിസ്ഥാനമാകട്ടെ ഓഹരിക്കമ്പോളത്തിലും ഭൂപണയകമ്പോളത്തിലും ഉണ്ടായ അഭിവൃദ്ധിയായിരുന്നു. ഇത് പല കുടുംബത്തെയും ധനപരമായ സ്വത്ത് ഊതി വീര്‍പ്പിച്ചു. അവരില്‍ തങ്ങള്‍ സമ്പന്നരാണെന്ന പ്രതീതിയുണ്ടാക്കുകയും കൂടുതല്‍ കടം വാങ്ങാനും ചെലവഴിക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

സിപിഐ എമ്മിന്റെ 17-ാം കോണ്‍ഗ്രസ് സൂചിപ്പിച്ചതുപോലെ, അമേരിക്കയിലെ ഈ വായ്പാ പ്രചോദിതമായ ഉപഭോഗച്ചെലവിന് ഏറ്റ ആദ്യത്തെ ആഘാതം 2000 ലെ ഓഹരിക്കമ്പോളത്തിലെ തകര്‍ച്ചയും ഐടി അഭിവൃദ്ധിയുടെ തകര്‍ച്ചയുമായിരുന്നു. ഇത് 2001 ല്‍ അമേരിക്കയില്‍ സാമ്പത്തികമാന്ദ്യത്തിന് ഇടവരുത്തി; അത് ആഗോള ഉല്‍പ്പാദനമാന്ദ്യത്തിനും കാരണമായി. 'എന്നാല്‍, അധികം താമസിയാതെ റിയല്‍ എസ്റ്റേറ്റ് വില ഉയരാന്‍ തുടങ്ങി. അത് 2002 മുതല്‍ അമേരിക്കയിലെയും ആഗോള സമ്പദ്ഘടനയിലെയും സാമ്പത്തിക വീണ്ടെടുപ്പിന് സഹായകരമായി. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് അഭിവൃദ്ധി ഉണ്ടായത്, ഭൂപണയവായ്പ നല്‍കുന്ന ബാങ്കുകളുടെ വീണ്ടുവിചാരമില്ലാത്ത വായ്പാ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. വായ്പാ സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടെന്നു സംശയാതീതമായി ബോധ്യപ്പെടുത്താത്ത വായ്പാ അപേക്ഷകര്‍ക്കും ഭവനവായ്പ നല്‍കി (ഇതിനെയാണ് സബ്പ്രൈം വായ്പ എന്നു പറയുന്നത്). ഇങ്ങനെ വായ്പ വാങ്ങിയ ആളുകള്‍ പലരും ഭവനവായ്പയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പലിശനിരക്കിലെ ഇളവിനെയും ലളിതമായ തിരിച്ചടവു വ്യവസ്ഥയെയും കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വാഗ്ദാനത്താലാണ്; ഇത്തരം തെറ്റായ വാഗ്ദാനത്തിലൂടെ വായ്പാ സ്ഥാപനങ്ങള്‍ ആളുകളെ ആകര്‍ഷിച്ചതാകട്ടെ; വീടിനും വീടുനിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനും ഡിമാന്റ് വര്‍ധിപ്പിക്കുന്നതിനും വസ്തുവില വര്‍ധിപ്പിക്കുന്നതിനും ഇടയാക്കി. ഭൂപണയ വായ്പാ സ്ഥാപനങ്ങള്‍ ഈ വായ്പയെ സെക്യൂരിറ്റി പാക്കേജുകളാക്കി മാറ്റി. എന്നിട്ട് ഇവ മറ്റു ബാങ്കിനും ധനസ്ഥാപനങ്ങള്‍ക്കും മറിച്ചു വിറ്റു. ധനനിയന്ത്രണരാഹിത്യമാണ് ഇത്തരത്തില്‍ സങ്കീര്‍ണമായ ധനഇടപാട് നടത്താന്‍ അവസരമൊരുക്കിയത്.

'ഇത്തരം ഭൂപണയ ഭവനവായ്പയിലെ കുടിശ്ശിക പെരുകിയതോടെയാണ് 2006ല്‍ അമേരിക്കയിലെ സബ്പ്രൈം വായ്പാ പ്രതിസന്ധി രൂപം കൊണ്ടത്. കുടിശ്ശികക്കാരുടെ എണ്ണം പെരുകുകയും ഭൂപണയ വായ്പാസ്ഥാപനങ്ങള്‍ ആ വീടുകള്‍ കണ്ടുകെട്ടുകയും ചെയ്തതോടെ ഭവനനിര്‍മാണരംഗത്തെ അഭിവൃദ്ധിയുടെ കുമിള പൊട്ടിച്ചിതറി. വസ്തുവില കുത്തനെ ഇടിയാനുംകൂടി തുടങ്ങിയപ്പോള്‍, സബ്പ്രൈം വായ്പ നല്‍കിയിരുന്ന നൂറുകണക്കിനു ഭൂപണ വായ്പാ സ്ഥാപനം തകര്‍ന്നു. അമേരിക്കയിലെ ഏറ്റവും വലിയ ഭൂപണയ ഇടപാടുകാരായ 'കണ്‍ട്രിവൈഡ് ഫൈനാന്‍ഷ്യല്‍' എന്ന സ്ഥാപനം പാപ്പരായി. സോപ്പുകുമിളപോലെ പൊങ്ങിവന്ന വസ്തുവിലയില്‍നിന്ന് വമ്പന്‍ ലാഭം കൊയ്തെടുക്കാന്‍ ലക്ഷ്യമിട്ട് സബ്പ്രൈം ഭൂപണയ സെക്യൂരിറ്റികളില്‍ ഭീമമായ നിക്ഷേപം നടത്തിയ വാള്‍സ്ട്രീറ്റിലെ ബാങ്കുകള്‍ക്കും വമ്പിച്ച നഷ്ടം സംഭവിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ സിറ്റിഗ്രൂപ്പിനും ഏറ്റവും വലിയ ദല്ലാള്‍ ഏജന്‍സിയായ മെറില്‍ ലിഞ്ചിനുംകൂടി സബ്പ്രൈം വായ്പയുമായി ബന്ധപ്പെട്ട് 2007ല്‍ മൊത്തം നഷ്ടപ്പെട്ടത് 3000 കോടി ഡോളറിലേറെയാണ്.

കഴിഞ്ഞ ദശകത്തില്‍ സമാനമായ റിയല്‍ എസ്റ്റേറ്റ് കുമിളകള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റ് നിരവധി വികസിതരാജ്യങ്ങളിലും വസ്തുവിപണിയില്‍ മാന്ദ്യം പ്രത്യക്ഷപ്പെട്ടു. തന്മൂലം ഇത്തരം ഇടപാടിന് വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് വമ്പന്‍ ധനനഷ്ടമുണ്ടായി. സ്വിറ്റ്സര്‍ലന്‍ഡിലെ യുബിഎസിനും ഫ്രാന്‍സിലെ സൊസൈറ്റി ജനറലിനും 2007 ല്‍ ഇങ്ങനെ കോടിക്കണക്കിനു ഡോളറുകളുടെ നഷ്ടം സംഭവിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായ നോര്‍ത്തേണ്‍ റോക്ക് എന്ന ബാങ്കിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ദേശസാല്‍ക്കരിക്കേണ്ടതായി വന്നു. ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും ധനകമ്പനികള്‍ക്കുംകൂടി 45,000 കോടി ഡോളറില്‍ അധികം സബ്പ്രൈം വായ്പാ ഇടപാടില്‍ നഷ്ടപ്പെട്ടതായാണ് ഏകദേശ കണക്ക് സൂചിപ്പിക്കുന്നത്. തുടര്‍ന്ന് അമേരിക്കയിലെ അഞ്ചാമത്തെ ഏറ്റവും വലിയ നിക്ഷേപബാങ്കായ ബെയര്‍ സ്റ്റേണ്‍സ് തകര്‍ച്ചയെക്കുറിച്ചും വിശദമായി രാഷ്ട്രീയ സംഘടനാരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് പുതിയ തകര്‍ച്ചാ പരമ്പരയ്ക്ക് തിരികൊളുത്തിയതെന്നു പറയാം.

ബെയര്‍ സ്റ്റേണ്‍സിന്റെ ഓഹരികള്‍ 93 ശതമാനം വിലകുറച്ച് രണ്ടു ഡോളര്‍ വിലയ്ക്ക് ജെപി മോര്‍ഗന്‍ വാങ്ങുന്നതിന് അമേരിക്കന്‍ സര്‍ക്കാരിന് സബ്‌സിഡി നല്‍കേണ്ടി വന്നു. ബാങ്കുകള്‍ തകരാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന സന്ദേശം നല്‍കുന്നതിനുവേണ്ടിയാണ് ബെയര്‍ സ്റ്റേണ്‍സിനെ സഹായിക്കാന്‍ ആയിരക്കണക്കിനു ഡോളര്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഏതാനും മാസത്തേക്ക് സ്ഥിതിഗതി ശാന്തമായെങ്കിലും ഈ മാസം ആദ്യമായപ്പോഴേക്കും ഫാനി മെ, ഫ്രെഡി മാക് എന്നീ സുപ്രധാന ഇരട്ട ഭവനപണയ സ്ഥാപനത്തെ രക്ഷിക്കാന്‍ വീണ്ടും അമേരിക്കന്‍ സര്‍ക്കാരിന് ഇടപെടേണ്ടി വന്നു. ഈ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ തയ്യാറായില്ല. അവസാനം 20,000 കോടി ഡോളര്‍ ഒഴുക്കി ഇവയെ സര്‍ക്കാറിനു തന്നെ ഏറ്റെടുക്കേണ്ടി വന്നു.

അമേരിക്കയ്ക്ക് ദേശസാല്‍ക്കരണമെന്ന വാക്ക് ചതുര്‍ഥിയാണല്ലോ. അതുകൊണ്ട് കണ്‍സര്‍വേറ്റര്‍ഷിപ് എന്നൊരു പുതിയ ഓമനപ്പേരാണ് ഈ നടപടിക്ക് നല്‍കിയത്.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലേമാന്‍ ബ്രദേഴ്‌സ്, മെറില്‍ ലിഞ്ച് എന്നീ നിക്ഷേപ ബാങ്കുകളുടെ ഊഴമായി. ലേമാന്‍ ബ്രദേഴ്‌സ് 158 വര്‍ഷത്തെ പാരമ്പര്യമുള്ള അമേരിക്കന്‍ നിക്ഷേപ ബാങ്കുകളുടെ പിതാമഹനാണ്. മെറില്‍ ലിഞ്ചാകട്ടെ അത്രതന്നെ പ്രാമാണ്യമുള്ള ലേമാന്‍ ബ്രദേഴ്‌സിന്റെ എതിരാളിയും. ഓഹരിവില കുത്തനെ തകര്‍ന്നടിഞ്ഞതുമൂലം ലേമാന്‍ ബ്രദേഴ്‌സിനെ രക്ഷിക്കാനായില്ല. കമ്പനി പാപ്പര്‍ സൂട്ട് കൊടുത്തു. മെറില്‍ ലിഞ്ചിനെ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുത്തു. പിറ്റേന്ന് ഏറ്റവും വലിയ അമേരിക്കന്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ എഐജി തകര്‍ച്ചയുടെ വക്കിലെത്തി. 8500 കോടി ഡോളര്‍ അമേരിക്കന്‍സര്‍ക്കാര്‍ മുടക്കി 79 ശതമാനം ഷെയര്‍ ഏറ്റെടുക്കേണ്ടി വന്നു. ചത്തതിനൊപ്പം ജീവിക്കുക എന്ന നിലയിലാണ് ഈ ഇന്‍ഷുറന്‍സ് ഭീമന്‍. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകള്‍ക്കുശേഷമുള്ള ഏറ്റവും വലിയ ധനതകര്‍ച്ചയെ അമേരിക്ക നേരിടുകയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. 18 വര്‍ഷം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡിന്റെ മേധാവിയായിരുന്ന അലന്‍ ഗ്രീന്‍സ്പാന്‍ പ്രസ്താവിച്ചു. 'നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രം നടക്കുന്ന സംഭവവികാസം'.

ഈ സന്ദര്‍ഭത്തില്‍ നാലു ചോദ്യം പ്രസക്തമായിത്തീരുന്നു.

1) തകര്‍ച്ചയുടെ പരമ്പരയ്ക്ക് അവസാനമായോ? തകരുന്ന സ്ഥാപനമെല്ലാം എഐജിയുടെ കാര്യത്തിലെന്നപോലെ രക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനു കഴിയുമോ?
2) ധനമേഖലയിലെ കുഴപ്പം അമേരിക്കയിലെയും വികസിത രാജ്യങ്ങളിലെയും ഉല്‍പ്പാദനത്തെ എങ്ങനെ ബാധിക്കും? ഐഎംഎഫും മറ്റും വിലയിരുത്തിയതുപോലെ 2009 വീണ്ടെടുപ്പിന്റെ വര്‍ഷമാകുമോ?
3) വികസിതരാജ്യങ്ങളിലെ ഈ ധനകുഴപ്പം അവികസിതരാജ്യങ്ങളെ എങ്ങനെ ബാധിക്കും? അമേരിക്ക തുമ്മുമ്പോള്‍ പനിപിടിക്കുന്ന സ്ഥിതി തുടരുമോ?
4) അമേരിക്കയിലെ ധനകുഴപ്പം ഇന്ത്യന്‍ ധനപരിഷ്കാരങ്ങളെ എങ്ങനെ സ്വാധീനിക്കും. നമ്മുടെ സമ്പദ്ഘടനയെ ആഗോളമാന്ദ്യത്തില്‍നിന്ന് രക്ഷിക്കുന്നതിന് എന്തുവേണം?

ഒന്നാമത്തെ ചോദ്യത്തിന് ഇന്നത്തെ വാര്‍ത്തകള്‍ ഉത്തരം നല്‍കുന്നുണ്ട്. മെറില്‍ ലിഞ്ച് കഴിഞ്ഞാല്‍ ഏറ്റവും വലിയ നിക്ഷേപ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ഗോള്‍ഡ് മാന്‍ സാച്ചസും രക്ഷാകവചത്തിനായി അനുയോജ്യമായ ഒരു പങ്കാളിയെ തേടിത്തുടങ്ങിയെന്ന് വാര്‍ത്തയുണ്ട്. ബ്രിട്ടനിലെ എച്ച്ബിഒഎസ് നെ ലോയിഡ് ബാങ്ക് വാങ്ങുന്നു. വാഷിങ്ടണ്‍ മ്യൂച്ചല്‍ കമ്പനിയും പരുങ്ങലിലാണെന്ന് വ്യക്തമായിരിക്കുന്നു. പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളെ രക്ഷിക്കുന്നതിനും കമ്പോളത്തിന് ധൈര്യം നല്‍കുന്നതിനും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് മാത്രമല്ല വികസിതരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെല്ലാം ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി. പക്ഷേ, എല്ലാ ബാങ്കുകളെയും രക്ഷിക്കാനാകില്ല. പൊതുതത്വം പറഞ്ഞാല്‍ ബാങ്കിന്റെ വലുപ്പം കുറയുന്തോറും സര്‍ക്കാര്‍ സഹായം കിട്ടാനുള്ള സാധ്യത മങ്ങും. ഭീമന്‍ ബാങ്കുകളെപ്പോലും എല്ലാറ്റിനെയും രക്ഷിക്കാനാകില്ല. എഐജിയെ രക്ഷപ്പെടുത്തിയ അമേരിക്കന്‍ സര്‍ക്കാര്‍ ലേമാന്‍ ബ്രദേഴ്‌സിനെ തകരാന്‍ അനുവദിച്ചു. അമേരിക്കന്‍ സെക്യൂരിറ്റികളിലും മറ്റും വിദേശീയരുടെ വിശ്വാസം നിലനിര്‍ത്തുന്നതിന് അനിവാര്യമായ ബാങ്കുകളെക്കുറിച്ചു മാത്രമേ അമേരിക്കന്‍ സര്‍ക്കാരിന് ഇപ്പോള്‍ വേവലാതിപ്പെടാന്‍ കഴിയുന്നുള്ളൂ. എല്ലാവരെയും രക്ഷിക്കാന്‍ പോയാല്‍ അമേരിക്കന്‍സര്‍ക്കാരും മുങ്ങും. തകര്‍ച്ചയുടെ പരമ്പര തുടരുമെന്നു ചുരുക്കം.

രണ്ടാമത്തെ ചോദ്യത്തിന് സംശയരഹിതമായ ഉത്തരമുണ്ട്. 2009 ല്‍ പാശ്ചാത്യ സമ്പദ്ഘടനയില്‍ വീണ്ടെടുപ്പ് ആരംഭിക്കില്ല. ഉല്‍പ്പാദനമാന്ദ്യം രൂക്ഷമാകും. ധനമേഖലയിലെ തകര്‍ച്ച നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും ആത്മവിശ്വാസത്തെ തകര്‍ത്തിരിക്കുകയാണ്. സാമ്പത്തികക്കുഴപ്പമാകട്ടെ അമേരിക്കയില്‍മാത്രം ഒതുങ്ങാനും പോകുന്നില്ല. മറ്റു രാജ്യങ്ങളിലേക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം ലളിതമല്ല. ഭൂരിപക്ഷം അവികസിതരാജ്യങ്ങളും ആഗോളമാന്ദ്യത്തിന് അടിപ്പെടും. എന്നാല്‍, ചൈന, റഷ്യ, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുമെങ്കിലും രൂക്ഷമായ സാമ്പത്തികത്തകര്‍ച്ച ഉണ്ടാകില്ലെന്നാണ് ഒരു വലിയ വിഭാഗം വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇതിന് മുഖ്യകാരണം ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും ഈ സമ്പദ്ഘടനകള്‍ ആഗോളവ്യവസ്ഥയുമായി, പ്രത്യേകിച്ച് ധനമേഖലയുമായി, ഇനിയും പൂര്‍ണമായി ഉദ്ഗ്രഥിക്കപ്പെട്ടിട്ടില്ലെന്നതാണ്.

അവസാനമായി, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ചിദംബരവും മറ്റും വീമ്പിളക്കിയതുപോലെ ധനമേഖലയിലെ ആഗോളവല്‍ക്കരണ അജന്‍ഡ അത്ര പെട്ടന്ന് നടപ്പാക്കുന്നതിന് ഇനി കഴിയില്ല. അമേരിക്കയിലെ സാമ്പത്തികക്കുഴപ്പംമൂലം ഇന്ത്യ തകരാതിരുന്നത് പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും നിലനില്‍ക്കുന്നതുകൊണ്ടാണ്. അതിനുപുറമെ, വിദേശ വിനിമയമേഖലയില്‍ മൂലധനത്തിന്റെ സര്‍വസ്വതന്ത്രമായ ഒഴുക്കിന് ഇനിയും ഇന്ത്യ സമ്മതം മൂളിയിട്ടില്ല. ക്യാപിറ്റല്‍ അക്കൌണ്ടിലെ മൂലധന ഇടപാട് വ്യാപാരത്തിന്റെ കാര്യത്തിലെന്നപോലെ സ്വതന്ത്രമാക്കിയിട്ടില്ല. ധനമേഖലയിലെ പരിഷ്കാരം സംബന്ധിച്ച് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എടുത്തുവന്ന തത്വാധിഷ്ഠിതമായ എതിര്‍പ്പിനെ സമകാലീന അനുഭവം പൂര്‍ണമായും സാധൂകരിച്ചിരിക്കുന്നു.

******

ഡോ. ടി എം തോമസ് ഐസക്

Wednesday, August 15, 2007

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍

ക്രെഡിറ്റ് കാര്‍ഡ് അഥവാ പ്ലാസ്റ്റിക് പണം എന്ന ആശയം 1950ല്‍ അമേരിക്കയിലാണ് രൂപം കൊണ്ടത്. ഡൈനേര്‍സ് ക്ലബ്ബും അമേരിക്കന്‍ എക്സ്പ്രസ്സും പുറത്തിറക്കിയ ചാര്‍ജ് കാര്‍ഡുകളായിരുന്നു തുടക്കം. 1970ല്‍ മാഗ്നറ്റിക് സ്ട്രിപ്പിന്റെ ആവിര്‍ഭാവത്തോടെയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രചാരം വര്‍ദ്ധിച്ചത്.

കാര്‍ഡുകള്‍ അടിസ്ഥാനപരമായി രണ്ടു വിധത്തിലുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും. ഇതില്‍ ക്രെഡിറ്റ് കാര്‍ഡിനാണ് താരതമ്യേന പ്രചാരം കൂടുതല്‍. പിറകുവശത്ത് ഒരു മാഗ്നറ്റിക് സ്ട്രിപ്പോടുകൂടിയ പ്ലാസ്റ്റിക് കാര്‍ഡുകളാണ് ഇവ. ഈ മാഗ്നറ്റിക് സ്ട്രിപ്പില്‍ കാര്‍ഡുടമയുടെ പേര്, അനുവദനീയമായ തുക, കാലാവധി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. കാര്‍ഡുടമക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക, കാര്‍ഡ് നല്‍കുന്ന ബാങ്ക്/സ്ഥാപനം, ക്രെഡിറ്റ് ആയി നല്‍കുന്നതു കൊണ്ടാണ്‍ ഇവയെ ക്രെഡിറ്റ് കാര്‍ഡ് എന്നു വിളിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുവാന്‍ എന്തു ചെയ്യണം

ഇതിനായി നിശ്ചിത ഫോറത്തില്‍ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏതു ബാങ്കില്‍ നിന്നാണോ കാര്‍ഡ് വേണ്ടത് ആ ബാങ്കിലേക്ക് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിന്റെ കൂടെ തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പും വരുമാനം തെളിയിക്കുന്ന രേഖയും(ഉദാ:ആദായനികുതി റിട്ടേണിന്റെ പകര്‍പ്പ്) കൂടി നല്‍കണം. കാര്‍ഡ് നല്‍കുന്ന ബാങ്ക് ഈ അപേക്ഷ പരിശോധിച്ചശേഷം നിങ്ങള്‍ യോഗ്യനാണെങ്കില്‍ നിങ്ങള്‍ക്ക് കാര്‍ഡ് നല്‍കുന്നു. കാര്‍ഡുകള്‍ പ്രചാരത്തില്‍ വന്നു തുടങ്ങിയ ആദ്യ നാളുകളില്‍ ഈ അപേക്ഷാ ഫോറവും മറ്റും ബാങ്കുകളില്‍ നിന്നും നേരിട്ട് വാങ്ങണമായിരുന്നു. ഇന്ന് ബാങ്കിന്റെ ഏജന്റുമാര്‍ നിങ്ങളുടെ വീട്ടിലെത്തി അപേക്ഷാ ഫോറം നല്‍കുകയും പൂരിപ്പിക്കുന്നതിന്‍ സഹായിക്കുകയും ചെയ്യും.

ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം എന്ത്?

അത്ര വിദൂരമല്ലാത്ത ഭൂതകാലത്ത് എന്തെങ്കിലും വാങ്ങണമെങ്കില്‍ പണം തന്നെ ഉപയോഗിക്കണമായിരുന്നു. ഉടമക്ക് നല്ല പരിചയം ഉണ്ടെങ്കില്‍ ചെക്ക് മുഖേനയും ചിലപ്പോള്‍ ഷോപ്പിങ്ങ് നടത്താന്‍ പറ്റുമായിരുന്നു. എങ്കിലും പൈസ കിട്ടും എന്ന് ഉടമക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു. പലപ്പോഴും കയ്യില്‍ പൈസ ഇല്ലെങ്കില്‍ വാങ്ങല്‍ നടക്കില്ലായിരുന്നു.

കാര്‍ഡുണ്ടെങ്കില്‍ ഈയൊരു പ്രശ്നം ഒഴിവായിക്കിട്ടുന്നു. സാധനത്തിന്റെ വില പണമായി നല്‍കേണ്ടതിനു പകരമായി കാര്‍ഡ് ഉപയോഗിക്കാം. കച്ചവടസ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പ്രത്യേക റീഡറിലൂടെ കാര്‍ഡിന്റെ പിറകിലെ മാഗ്നറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ വായിക്കപ്പെടുകയും കാര്‍ഡ് ദാതാവായ ബാങ്കിന്റെ കമ്പ്യൂട്ടറിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു. അവിടത്തെ കമ്പ്യൂട്ടര്‍ ഈ വിവരങ്ങള്‍ പരിശോധിക്കുകയും, കാര്‍ഡിന്റെ പരിധിക്കുള്ളിലാണ് കൊടുക്കേണ്ട തുകയെങ്കില്‍ കടയുടമക്ക് അനുമതി നല്‍കുന്നു. ഇതിനെല്ലാം കൂടി 5-10 സെക്കന്റ് മാത്രമേ എടുക്കൂ.

കാര്‍ഡ് ഉടമ ഒപ്പിട്ടു നല്‍കുന്ന സ്ലിപ് ബാങ്കില്‍ നല്‍കിയാല്‍ തനിക്കു കിട്ടാനുള്ള തുക കിട്ടുമെന്ന് കടയുടമക്ക് ഉറപ്പു കിട്ടുന്നു. കടയുടമക്ക് ഉടനെ പണം ലഭിക്കുമെങ്കിലും കാര്‍ഡുടമയില്‍ നിന്ന് ബാങ്ക് ഈ പണം ഈടാക്കുന്നത് ഒരു നിശ്ചിത ദിവസത്തിനുശേഷം മാ‍ത്രമാണ്. വാങ്ങുന്ന ദിവസത്തിന്റേയും പണം ഈടാക്കുന്ന ദിവസത്തിന്റേയും ഇടയിലുള്ള കാലയളവിനെ period of credit എന്നു പറയുന്നു. കാര്‍ഡുടമയില്‍ നിന്ന് പണം പിന്നീട് മാത്രം ഈടാക്കുന്നത് കൊണ്ട് അത്രയും ദിവസത്തേക്ക് ബാങ്ക് ഒരു ക്രെഡിറ്റ് അല്ലെങ്കില്‍ അഡ്‌‌വാന്‍സ് നല്‍കുന്നു എന്നു പറയാം.

അക്കൌണ്ടിങ്ങ് രീതി

എല്ലാ ക്രെഡിറ്റ് കാര്‍ഡിനും ഒരു ബില്ലിങ്ങ് സൈക്കിള്‍(billing cycle) ഉണ്ടായിരിക്കും. ഉദാഹരണമായി ഒരു മാസത്തിലെ ഇരുപതാം തീയതി മുതല്‍ അടുത്ത മാസം പത്തൊന്‍പതാം തീയതി വരെ. പത്തൊന്‍പതാം തീയതി ഒരു ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുകയും കാര്‍ഡുടമയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യും. തുടര്‍ന്ന് പത്തുമുതല്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ മതിയാകും. നല്ല രീതിയില്‍ പ്ലാന്‍ ചെയ്ത് കണക്കു കൂട്ടി ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ കാര്‍ഡ് ഉപയോഗിച്ച് എല്ലാ മാസവും 20ന് സാധനങ്ങള്‍ വാങ്ങുന്നു. അതാവുമ്പോള്‍ പണമടയ്ക്കാന്‍ ഏതാണ്ട് 45 ദിവസം വരെ ലഭിക്കുന്നു.

പണമടയ്ക്കുന്ന രീതികള്‍

പണമടയ്ക്കുന്നതിന് പലരീതികളുണ്ട്. ഒന്നുകില്‍ മൊത്തമായി അടയ്ക്കാം അല്ലെങ്കില്‍ തവണകളായി. മൊത്തമായി അടയ്ക്കുകയാണെങ്കില്‍ കണക്ക് അപ്പോള്‍ത്തന്നെ സെറ്റില്‍ ചെയ്യുന്നു. തവണകളായി അടയ്ക്കുകയാണെങ്കില്‍ ഒരു മിനിമം തുക അടയ്ക്കണം. ചില ബാങ്കുകളില്‍ ഇത് 5% ആണ്. തവണകളായി അടയ്ക്കുമ്പോള്‍ ബാങ്കുകള്‍ പലിശ ഈടാക്കും. സാധാരണഗതിയില്‍ 25% മുതല്‍ 40% വരെ വാര്‍ഷിക പലിശ ആണ് ഈടാക്കുന്നത്.

ഇവിടെ പലപ്പോഴും കാര്‍ഡുടമകള്‍ വിഡ്ഡികളാക്കപ്പെടുന്നുണ്ട് എന്ന് പറയാതെ വയ്യ. 2% മുതല്‍ 3% വരെ പലിശയാണ് ഈടാക്കുന്നത് എന്നാണ് പരസ്യങ്ങളില്‍ കാണുക. പക്ഷെ ഇത് മാസപ്പലിശയാണ് എന്ന് എടുത്ത് പറയാറില്ല. വാര്‍ഷികനിരക്കില്‍ ഇത് 24% മുതല്‍ 36% വരെ ആകുന്നു. അതുകൊണ്ട് തന്നെ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ തവണകളായി പണമടയ്ക്കാതെ രൊക്കം അടയ്ക്കുന്നതായിരിക്കും ലാഭകരം. 24 മുതല്‍ 36 വരെ ശതമാനം പലിശക്ക് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ എന്തു കൊണ്ടും ലാഭകരം 10 മുതല്‍ 12 ശതമാനം വരെ പലിശ ഈടാക്കുന്ന കണ്‍‌സ്യൂമര്‍ ലോണുകള്‍ ഉപയോഗിക്കുന്നതായിരിക്കും.

കാര്‍ഡുകളുടെ ശൈശവദശയില്‍ കാര്‍ഡ് ദാതാക്കള്‍ വാര്‍ഷിക പുതുക്കല്‍ ഫീസ്‌ (Yearly Renewal Fees) ഈടാക്കിയിരുന്നു. 300 രൂപ മുതല്‍ 1000 രൂപ വരെയായിരുന്നു ഇതിന്റെ നിരക്ക്‌. ഈ മേഖലയിലെ കടുത്ത മത്സരം മൂലം ചില പ്രത്യേക കാലയളവിലേക്ക് ഫീസ് ഇല്ലാതെ കാര്‍ഡ് നല്‍കുവാന്‍ ദാതാക്കള്‍ തയ്യാറാകാറുണ്ട്. ആ സമയത്ത് കാര്‍ഡ് എടുക്കുന്നത് ഈ വാര്‍ഷിക പുതുക്കല്‍ ഫീസ് ഒഴിവാക്കുവാന്‍ സഹായിക്കും.

സൌജന്യങ്ങള്‍, ഇളവുകള്‍

മറ്റൊരു കാര്യം പല കാര്‍ഡ് ദാതാക്കളും കാര്‍ഡ് ഉപയോഗിച്ച് ചിലവഴിക്കുന്ന തുകക്ക് ഒരു റിവാര്‍ഡ് പോയിന്റ് നല്‍കുന്നുണ്ട്. ചിലര്‍ 100 രൂപക്ക് 2 പോയിന്റ്, മറ്റു ചിലര്‍ 125 രൂപക്ക് 1 പോയിന്റ് എന്നിങ്ങനെ. ഈ പോയിന്റ് ഉപയോഗിച്ച് വാര്‍ഷികഫീസ് അടയ്ക്കുകയോ ചില സാധനങ്ങള്‍ വാങ്ങുവാന്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ചില കാര്‍ഡ് ദാതാക്കളും വിമാനക്കമ്പനികളുമായുള്ള ധാരണപ്രകാരം ഈ പോയിന്റെ അടിസ്ഥാനത്തില്‍ air miles അനുവദിക്കുന്നുണ്ട്. ഇത് വിമാന ടിക്കറ്റ് വാങ്ങുമ്പോള്‍ കിഴിവായി കിട്ടും. അതു വഴി യാത്രാച്ചെലവ് കുറയ്ക്കാന്‍ പറ്റും. ഇത്തരത്തില്‍ നല്‍കുന്ന പോയിന്റുകളുടെ കാലാവധി അറിഞ്ഞുവെയ്ക്കുന്നത് നല്ലതായിരിക്കും. ചില കാര്‍ഡ് ദാതാക്കള്‍ 18 മാസത്തെ ഇടവേള മാത്രമേ ഈ പോയിന്റ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനോ യാത്ര ചെയ്യുന്നതിനോ അനുവദിക്കുന്നുള്ളൂ. അതിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഉപയോഗശൂന്യമായിത്തീരും.

ക്രെഡിറ്റ് കാര്‍ഡ് എവിടെയൊക്കെ ഉപയോഗിക്കാം

കാര്‍ഡ് ദാ‍താക്കളുമായി ധാരണയുണ്ടാക്കിയിട്ടുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളിലും കടകളിലും കാര്‍ഡ് ഉപയോഗിക്കാം. ഏതൊക്കെ കാര്‍ഡുകള്‍ സ്വീകരിക്കും എന്ന് അറിയിക്കുന്ന സ്റ്റിക്കറുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ കാണാം.

കാര്‍ഡുടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാര്‍ഡുകള്‍ ഒടിക്കുകയോ വളക്കുകയോ ചെയ്യാതിരിക്കുക.

ഇലക്ട്രോണിക് ഉപകരങ്ങളുടെ സാമീപ്യം ഒഴിവാക്കുക. അതുപോലെ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതും ഒഴിവാക്കുക.

പറ്റാവുന്നിടത്തോളം കാര്‍ഡ് കണ്‍‌വെട്ടത്തുനിന്ന് മാറ്റാന്‍ അനുവദിക്കാതിരിക്കുക. എങ്കിലും ചില ഹോട്ടലുകളില്‍ ബില്ലടിക്കുന്നത് മറ്റു റൂമുകളിലായിരിക്കാം. അത് പലപ്പോഴും ഒഴിവാക്കാനാവില്ല.

ചാര്‍ജ് സ്ലിപ് ഒപ്പിടുന്നതിനു മുന്‍പ് അതിലെ തുക നിങ്ങളുടേത് തന്നെ എന്ന് ഉറപ്പു വരുത്തുക. മാത്രമല്ല ഒരിടപാടിന് ഒന്നില്‍ കൂടുതല്‍ ചാര്‍ജ് സ്ലിപ് ഒപ്പിട്ടുകൊടുക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

ഒരു ഡയറിയില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും ഹെല്പ് ലൈന്‍ ഫോണ്‍ നമ്പറും കുറിച്ചിടുക. അത് തീര്‍ത്തും സുരക്ഷിതമായ ഒരു സ്ഥലത്ത് വെയ്ക്കുക. ഒരു കടലാസില്‍ കുറിച്ചിട്ട് പേഴ്സില്‍ വെക്കുന്നത് കൊണ്ട് കാര്യമില്ല. കാര്‍ഡും മിക്കവാറും പേഴ്സില്‍ത്തന്നെ സൂക്ഷിക്കുന്നത് കൊണ്ട് പേഴ്സ് അടിച്ചുപോയാല്‍ കാര്‍ഡും നമ്പറെഴുതിയ കുറിപ്പും പോയിക്കിട്ടും. :)

കാര്‍ഡ് നഷ്ടപ്പെട്ടു എന്നറിഞ്ഞ ഉടന്‍ തന്നെ ഹെല്പ് ലൈനില്‍ വിളിച്ച് പറയുക. മറ്റാരെങ്കിലും ഈ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പു നടത്താനുള്ള സാദ്ധ്യത ഇത് മൂലം ഒഴിവാക്കാം.

പഴയ കാര്‍ഡുകള്‍ നശിപ്പിക്കുമ്പോള്‍ നമ്പര്‍ ഉള്ള ഭാഗത്തിലൂടെ മുറിച്ച് നശിപ്പിച്ചു കളയുക.

ബാങ്കില്‍ നിന്നും തരുന്ന സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുകയും നിങ്ങളുടെ കണക്കുമായി ഒത്തുനോക്കുകയും ചെയ്യുക.

ഓണ്‍ലയിന്‍ ഷോപ്പിങ്ങ്

ഇന്റര്‍നെറ്റ് വഴി ഷോപ്പിങ്ങ് നടത്തുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എങ്കിലും സുരക്ഷിതമല്ലാത്ത സൈറ്റുകളില്‍ ഒരിക്കലും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കാതിരിക്കുക.

ഒരു വെബ് സൈറ്റ് സുരക്ഷിതമാണോ അല്ലയോ എന്ന് എങ്ങനെ അറിയാം?

ഇതിനു 3 വഴികളുണ്ട്.

1. നിങ്ങളുടെ ബ്രൌസറിലെ അഡ്രസ് ബാറില്‍ സൈറ്റിന്റെ വിലാസം https:\\…….. ഇങ്ങനെ ആയിരിക്കും.

2. താഴെ വലത്‌ വശത്ത് ഒരു പൂട്ടിന്റെ ചിത്രം കാണാം. ആ സൈറ്റ് സുരക്ഷിതം ആണ് എന്നതിന്റെ സൂചനയാണിത്.

3. ആ സൈറ്റില്‍ത്തന്നെ ഇത് ഒരു വെരിസൈന്‍ സുരക്ഷിത സൈറ്റ് (Verisign secure site) എന്ന് പറഞ്ഞിരിക്കും വെരിസൈന്‍ ടെക്നോളജി 128 ബിറ്റ് എന്‍‌ക്രിപ്ഷന്‍ ആണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ നല്‍കുന്ന രഹസ്യവിവരങ്ങള്‍ മറ്റാരെങ്കിലും ചോര്‍ത്തുന്നതിനുള്ള സാദ്ധ്യത ഈ ടെക്‍നോളജി ഉപയോഗിക്കുന്ന സൈറ്റുകളില്‍ വളരെ വിരളമാണ്, ഏതാണ്ട് ഇല്ല എന്നു തന്നെ പറയാം.

ഇത്തരം സൈറ്റുകളില്‍ കാര്‍ഡ്‌ ഉപയോഗിച്ച് ഷോപ്പിങ്ങ് നടത്തുന്നത് സുരക്ഷിതമായിരിക്കും.

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പിറകുവശത്തായി സാധാരണ ഗതിയില്‍ രണ്ട്‌ സെറ്റ് നമ്പറുകള്‍ കാണാം. അതില്‍ നാലക്കമുള്ള നമ്പര്‍ നിങ്ങളുടെ 16 അക്ക ക്രെഡിറ്റ് കാര്‍ഡ് നമ്പറിന്റെ അവസാനത്തെ 4 അക്കങ്ങള്‍ ആയിരിക്കും. സാധാരണഗതിയില്‍ 3 അക്കമുള്ള മറ്റെ സംഖ്യ നിങ്ങളുടേ C.V.V(Card Verification Value) നമ്പര്‍ ആണ്. ഷോപ്പിങ്ങ് നടത്തുമ്പോള്‍ ചിലപ്പോള്‍ ഈ നമ്പര്‍ ആവശ്യമായി വരും. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറും സി.വി.വി.നമ്പറും മറ്റാര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ അതുപയോഗിച്ച് ഓണ്‍ലയിന്‍ ആയി പല തട്ടിപ്പുകളും നടത്താന്‍ പറ്റും. ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ സി.വി.വി.നമ്പര്‍ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ ഒരു കാരണവശാലും നല്‍കാതിരിക്കുക.

പുതിയ ചില സുരക്ഷാ സംവിധാനങ്ങള്‍

ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള ഭീതിമൂലം പലരും ഓണ്‍ലയിന്‍ ആയി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുവാന്‍ വിമുഖത കാണിക്കുന്നതിനാല്‍, പുതിയ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വെളിപ്പെടുത്തുന്നത് അത്ര അപകടകരമല്ലാതായിരിക്കുന്നു ഈ സംവിധാനങ്ങള്‍ മൂലം.

ഉദാഹരണമായി, HDFC ബാങ്ക് നെറ്റ് സേഫ് (Netsafe) എന്ന ഒരു സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന തുകയ്ക്ക് ഒരു പ്രത്യേക ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ജെനറേറ്റ് ചെയ്യുന്നു. (നിങ്ങള്‍ക്ക് ഓണ്‍ലയിന്‍ ആയി ആയിരം രൂപക്കുള്ള ഒരു സാധനം വാങ്ങണം എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് ഇതിനായി 1000 രൂപയ്ക്കുള്ള ഒരു നെറ്റ് സേഫ് കാര്‍ഡ് തിരഞ്ഞെടുക്കാം) നെറ്റ് സേഫ് കാര്‍ഡിനായി ഇങ്ങനെ ഉണ്ടാക്കപ്പെടുന്ന നമ്പര്‍ പ്രത്യേക ക്രമമില്ലാത്തതും(random), ആ കാര്‍ഡ് ആ പ്രത്യേക തുകയ്ക്കായി (ഉദാ:1000 രൂപ ) പരിമിതപ്പെടുത്തിയിട്ടുള്ളതുമായിരിക്കും. ഇതിനര്‍ത്ഥം, അഥവാ ആ നമ്പര്‍ ആരെങ്കിലും അറിഞ്ഞാല്‍ തന്നെ പ്രത്യേകിച്ച് നഷ്ടമൊന്നും വരാനില്ല.കാരണം ഒറ്റ തവണ മാത്രമേ ആ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ഷോപ്പിങ്ങ് നടത്താന്‍ പറ്റൂ. അത് നിങ്ങള്‍ തന്നെ ചെയ്തും കഴിഞ്ഞല്ലോ.

നെറ്റ് സേഫ് കാര്‍ഡ് പോലെത്തന്നെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സംവിധാനമാണ് Itz കാഷ് കാര്‍ഡുകള്‍(Itz Cash cards). ഇതിന്റെ രീതികളും ഏതാണ്ട് നെറ്റ് സേഫ് കാര്‍ഡ് പോലെത്തന്നെയാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ഓണ്‍ലയിന്‍ തട്ടിപ്പിനുള്ള സാദ്ധ്യതകള്‍ ഫലത്തില്‍ ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഒരു നിശ്ചിതശതമാനം തുക വിസ/മാസ്റ്റര്‍ കാര്‍ഡ് പോലുള്ള ഗ്ലോബല്‍ പങ്കാളികള്‍ക്ക് നല്‍കേണ്ടി വരും. കടക്കാരന്‍ തന്റെ ലാഭത്തിലെ ഒരു പങ്ക് ഇതിനായി ഉപയോഗിക്കുന്നു. ഈ ക്രെഡിറ്റ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുക വഴി ലഭിക്കുന്ന അധികം കച്ചവടം ഈ നഷ്ടം നികത്തുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. എങ്കിലും ചില സ്ഥാപനങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 2-2.5% തുക അധികമായി ഈടാക്കുന്നുണ്ട്.

ഡെബിറ്റ് കാര്‍ഡുകള്‍

ഡെബിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് സൌകര്യം നല്‍കുന്നില്ല. അക്കൌണ്ടുള്ള ബാങ്ക് നല്‍കുന്ന ഈ കാര്‍ഡ് അക്കൌണ്ടുമായി നേരിട്ട് ബന്ധമുള്ളതാണ്. അതായത് അക്കൌണ്ടില്‍ പണം ഇല്ല എങ്കില്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റില്ല. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടതിനുശേഷം നടക്കുന്ന തട്ടിപ്പുകളില്‍ നിന്ന് കാര്‍ഡുടമക്ക് ചില സംരക്ഷണമൊക്കെ ഉണ്ടെങ്കില്‍, ഡെബിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ അത്തരം സംവിധാനങ്ങളൊന്നുമില്ല. എങ്കിലും കയ്യില്‍ പണം കൊണ്ടുനടക്കുന്നതില്‍ വിമുഖതയുള്ളവര്‍ക്കും, ക്രെഡിറ്റ് കാര്‍ഡ് എല്ലായ്പ്പോഴും ഉപയോഗിക്കാന്‍ താത്പര്യം ഇല്ലാത്തവര്‍ക്കും ഡെബിറ്റ് കാര്‍ഡ് ഒരു അനുഗ്രഹമാണ്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷന്‍ ഒരു വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപക്കു മുകളിലാവുകയാണെങ്കില്‍, ക്രെഡിറ്റ് കാര്‍ഡ് ദാതാവ് അത് ധനകാര്യ വകുപ്പിനെ അറിയിക്കണം എന്ന നിബന്ധന ഉണ്ട് , എന്നതാണ് താത്പര്യം ഇല്ലാതാക്കുന്നതിന്റെ ഒരു കാരണം.

ഒന്നുകൂടി ഓര്‍ക്കുക. മിക്കവാറും ക്രെഡിറ്റ് കാര്‍ഡുകളുടെ കൂടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്. കാര്‍ഡിന്റെ മൂല്യം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഇതിനായി തന്റെ നോമിനി ആരാണെന്ന് നിശ്ചയിക്കുന്നത് നല്ലതായിരിക്കും. എന്തെങ്കിലും സംഭവിച്ചാല്‍ നോമിനിക്ക് ആ ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാം.

ഉപഭോക്താവിന്റെ അവകാശങ്ങള്‍

ക്രെഡിറ്റ് കാര്‍ഡിനെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാസ്റ്റര്‍ സര്‍ക്കുലറില്‍ ഉപഭോക്താവിന്റെ അവകാശങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്.

ഒരു വ്യക്തി ആവശ്യപ്പെടാതെ അയാളുടെ പേരില്‍ കാര്‍ഡ് നല്‍കുന്നതിനോ, ഉള്ള കാര്‍ഡ് അപ് ഗ്രേഡ് ചെയ്യുന്നതിനോ, ക്രെഡിറ്റ് നല്‍കുന്നതിനോ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അധികാരമില്ല. ഉപഭോക്താവിനെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും അസമയത്ത് ബന്ധപ്പെടുന്നതും നിരുത്സാഹപ്പപ്പെടുത്തിയിരിക്കുന്നു. കാര്‍ഡുടമയെ സംബന്ധിച്ച് ഒരു വിവരവും ഉടമയുടെ അനുവാദമില്ലാതെ മറ്റേതെങ്കിലുംവ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കുവാന്‍ ബാങ്കുകള്‍ക്കും കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും അധികാരമില്ല. അഥവാ ഏതെങ്കിലും അവസരത്തില്‍ ഇത്തരം വിവരങ്ങള്‍ നല്‍കേണ്ടി വരികയാണെങ്കില്‍ ക്രെഡിറ്റ് ഇന്‍ഫോര്‍‌മേഷന്‍ കമ്പനീസ് (റെഗുലേഷന്‍)ആക്ട് 2005 അനുസരിച്ചാണെന്ന് കാര്‍ഡുടമയെ അറിയിക്കേണ്ട ബാദ്ധ്യത ബാങ്കുകള്‍ക്കുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കായി ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍(IBA) പുറത്തിറക്കിയിട്ടുള്ള പെരുമാറ്റച്ചട്ടം ഇവിടെ.

രണ്ടും വായിച്ച് നോക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. അതുപോലെത്തന്നെ ബാങ്കുമായോ മറ്റ് സ്ഥാപനങ്ങളുമായോ ഏത് തരത്തിലുള്ള ഇടപാടുകള്‍ നടത്തുമ്പോഴും കിട്ടാവുന്ന എല്ലാ വിവരങ്ങളും ശേഖരിക്കുകയും രേഖകളെല്ലാം തന്നെ വായിച്ച് മനസ്സിലാക്കുകയും ചെയ്യുക.

(തയ്യാറാക്കിയത് ശ്രീ. എസ്.ശങ്കര്‍)

ധന വിപണിയിലെ സ്ഥാപനങ്ങളെ/ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനം “മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍” ഇവിടെ