Showing posts with label കുട്ടംകുളം സമരം. Show all posts
Showing posts with label കുട്ടംകുളം സമരം. Show all posts

Saturday, July 6, 2013

കുട്ടംകുളം സമരം അലയൊടുങ്ങാത്ത സ്മരണകള്‍ക്ക് 67 ആണ്ട്

വഴിനടക്കാനായി സമരം ചെയ്യേണ്ടിവന്നെന്നു കേള്‍ക്കുമ്പോള്‍ ഈ തലമുറയ്ക്ക് കെട്ടുകഥയായി തോന്നാം. എന്നാല്‍ഭഭൂതകാലത്തിന്റെ അടരുകളിലേക്കൊന്നും ഏറെ ചികഞ്ഞ് പോകേണ്ടതില്ല ഈ സമരഗാഥയുടെ ഹൃദയത്തുടിപ്പുകേള്‍ക്കാന്‍. അടികൊണ്ടും ജയിലില്‍ കിടന്നും ചോര വീഴ്ത്തിയുംതന്നെയാണ് പോയ തലമുറ ഇങ്ങനെ പലതും നേടിത്തന്നത്, നവോത്ഥാന മുന്നേറ്റങ്ങളുണ്ടായത്, സാംസ്കാരികവും സാമൂഹ്യവുമായ ഔന്നത്യങ്ങളിലേക്ക് മലയാളി നടന്നുകയറിയത്. കുട്ടംകുളം സമരം നടന്നിട്ട് ഇന്നേക്ക് 67 വര്‍ഷം.

അവര്‍ണര്‍ക്ക് വഴിനടക്കാനുള്ള അവകാശത്തിനായി കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ 1946 ജൂലൈ ആറിനായിരുന്നു സമര കാഹളമുയര്‍ന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നിലെ കുട്ടംകുളത്തിനപ്പുറത്തേക്ക് കീഴ്ജാതിക്കാര്‍ക്ക് പ്രവേശനമില്ലായിരുന്നു. 1945-46കളിലാണ് ക്ഷേത്ര പ്രവേശനത്തിനും ഉത്തരവാദഭരണത്തിനുമുള്ള പ്രക്ഷോഭവും തിരു-കൊച്ചി സംസ്ഥാനങ്ങളില്‍ കത്തിപ്പടരുന്നത്. 1946 ജൂലൈ ആറിന് ഉച്ചയോടെ അയ്യങ്കാവ് മൈതാനത്ത് ക്ഷേത്രപ്രവേശന സമ്മേളനം സംഘടിപ്പിച്ചു. എസ്എന്‍ഡിപിയും പുലയര്‍മഹാസഭയും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. പ്രസംഗകരായി പി ഗംഗാധരനും പി കെ ചാത്തന്‍മാസ്റ്ററും. കുട്ടംകുളത്തിന് സമീപം സാരിധരിച്ച് പ്രകടനം നടത്തിയ പുലയ യുവതികളെ സവര്‍ണര്‍ മുറുക്കിത്തുപ്പി കാട്ടുനീതി നടപ്പാക്കി. കുട്ടംകുളം റോഡില്‍ നിരോധനമുണ്ടോ എന്നറിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പ്രകടനമായി കുട്ടംകുളത്തേക്ക് നീങ്ങുകയാണെന്ന് പി ഗംഗാധരന്‍ പ്രഖ്യാപിച്ചു. നിയമലംഘനത്തെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ് പുതൂര്‍ അച്യുതമേനോന്‍ പിന്മാറി. കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് കെ വി ഉണ്ണിയുടെയും പി ഗംഗാധരന്റെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രകടനമായി നീങ്ങി. സി ഐ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ എംഎസ്പിക്കാരുള്‍പ്പെടെ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. നിരോധന ഉത്തരവ് കാണിക്കണമെന്ന് സമരക്കാരും ആവശ്യപ്പെട്ടു. സമരക്കാരെ വളഞ്ഞിട്ട് തല്ലി. പലരും അടിയേറ്റ് വീണു. വഴിനീളെ ചോരയൊഴുകി. സഹികെട്ട കെ വി ഉണ്ണി പൊലീസിനെ തിരിച്ചടിച്ചു. വളണ്ടിയര്‍മാര്‍ ചിതറിയോടുന്നതിനിടെ ഉണ്ണിയും പി ഗംഗാധരനും താഴെ വീണു. ഇരുവരേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയാണ് പൊലീസ് കലിയൊടുക്കിയത്.

അടുത്ത ദിവസം എം കെ തയ്യിലിനേയും പി കെ ചാത്തന്‍ മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ വി കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. സമരത്തിന്റെ അലയൊടങ്ങുംമുമ്പേ കൊച്ചിയില്‍ ക്ഷേത്രപ്രവേശന വിളംബരവും ഉത്തരവാദഭരണ പ്രഖ്യാപനവുമുണ്ടായി. ചരിത്രം കടങ്കഥയല്ലെന്ന ബാലപാഠം ഓര്‍മിച്ച് ഈ വഴി കടന്നുപോകുമ്പോള്‍ കേള്‍ക്കാം ചില രണഭേരികളുടെ ആരവങ്ങളിപ്പോഴും നിലയ്ക്കാതെ.

*
കെ സി പ്രേമരാജന്‍ ദേശാഭിമാനി

Thursday, April 4, 2013

പി സി കുറുമ്പ: സമരപഥത്തിലെ പെണ്‍കരുത്ത്

'വഴിയിലൂടെ 'ഇയ്യാ... ഇയ്യോ..' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവേണം നടക്കാന്‍. സവര്‍ണ്ണരുടെ കുടുംബങ്ങളില്‍ കയറാന്‍ പാടില്ലായിരുന്നു. കുട്ടന്‍കുളം സമരമെന്നത് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രമാണ്. വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം'-ഇന്നലെ ഈ ലോകത്തിന് നഷ്ടമായ നവോത്ഥാന നായികയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ പി സി കുറുമ്പ 'ജനയുഗ'ത്തിനുവേണ്ടി വനിതകലാസാഹിതി തൃശൂര്‍ ജില്ലാ സെക്രട്ടറി ലില്ലി തോമസിനോട് പറഞ്ഞത് ഇക്കഴിഞ്ഞ ഡിസംബറിലാണ്.

കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സമരാവേശത്തിന്റെ ഉശിരന്‍ ഓര്‍മകളുമായാണ് അവര്‍ അവസാനനാളുവരെ കഴിഞ്ഞത്. രാജ്യത്ത് വോട്ടവകാശം നിലവില്‍വന്നതോടെയാണ് കമ്യൂണിസ്റ്റുകാരുടെ പോരാട്ടത്തിന്റെ ഫലമെന്തെന്ന് തൊഴിലാളിവര്‍ഗവും അടിസ്ഥാന ജനവിഭാഗങ്ങളും അനുഭവിച്ചതെന്ന് കുറുമ്പ ആവര്‍ത്തിച്ചുപറയുമായിരുന്നു. പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ചിലര്‍ സവര്‍ണ്ണ-വര്‍ഗീയ ശക്തികളുടെ അടിമകളായി രാഷ്ട്രീയത്തിന്റെ പേരില്‍ ഇന്നും നിന്നുകൊടുക്കുന്നുവെന്നത് കുറുമ്പയെ വേദനിപ്പിച്ചിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇക്കാര്യം വെട്ടിതുറന്ന് പറയുമായിരുന്ന അവര്‍, അധഃസ്ഥിത വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് പിന്നില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കെന്തെന്നും വിളിച്ചുപറഞ്ഞു.

ഇരിഞ്ഞാലക്കുട, പുല്ലൂര്‍ ഗ്രാമത്തിലെ പുലയസമുദായത്തില്‍പ്പെട്ട കര്‍ഷകത്തൊഴിലാളികളായ പാറപ്പുറത്തുവീട്ടില്‍ ചാത്തന്റെയും കാളിയുടെയും മകളാണ് കുറുമ്പക്കുട്ടി. കൗമാരം മുതല്‍  ദേശീയ പ്രക്ഷോഭത്തില്‍ അണിനിരന്ന ധീരയും മനുഷ്യസ്‌നേഹിയുമായ വനിത. കുറുമ്പയ്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളില്ലായിരുന്നു. എന്നാലും തന്റെയും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും നൊമ്പരങ്ങളും യാതനകളും തൊട്ടറിയാനും മനസ്സിലാക്കാനും അത് അവര്‍ക്കൊരു തടസ്സമായില്ല.  ആചാരമനുസരിച്ച് 15 വയസ്സായപ്പോഴേക്കും ചാത്തനുമായുള്ള വിവാഹം നടന്നു. ചാത്തന്റെ ബന്ധുവായ കെ കെ അയ്യപ്പന്റെ സഹായത്തോടെയാണ് അവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുക്കുന്നത്.

കൗമാരം മുതല്‍ കുറുമ്പക്കുട്ടി കര്‍ഷകസമരങ്ങളില്‍ സജീവ സാന്നിധ്യമായി മാറി. പുല്ലൂരും ചുറ്റുപാടുമുള്ള ഒളിത്താവളങ്ങളില്‍ താമസിച്ച് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാക്കന്മാര്‍ക്ക് സഹായമെത്തിക്കുക എന്നതായിരുന്നു പാര്‍ട്ടി അവരിലേല്‍പ്പിച്ച ഉത്തരവാദിത്തം. കമ്മ്യൂണിസ്റ്റുകാരെ തന്റെ വീട്ടിനുള്ളില്‍ ഒളിവില്‍ പാര്‍പ്പിച്ചതിന് ധാരാളം മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജന്മിവിരുദ്ധ, ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ അധസ്ഥിത ജനവിഭാഗങ്ങളെ ഒന്നിച്ചണിനിരത്തുന്നതിന് കുറുമ്പക്കുട്ടി അടങ്ങുന്ന പുലയമഹാസഭയും എസ് എന്‍ ഡി പി യും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. 

കുറുമ്പയുടെ പോരാട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് 1946ലെ കുട്ടന്‍കുളം സമരമാണ്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം. അയിത്താചരണം അവസാനിപ്പിക്കുവാനും ക്ഷേത്രപ്രവേശനത്തിനും ഉത്തരവാദിത്വ ഭരണത്തിനുമായാണ് പ്രക്ഷോഭം തുടങ്ങിയത്. 1946 ജൂലൈ ആറിന് അയ്യങ്കാവ് മൈതാനത്താണ് (ഇന്നത്തെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ മൈതാനം) ക്ഷേത്ര പ്രവേശന സമരം തുടങ്ങുന്നത്. പി ഗംഗാധരന്‍, പി കെ കുമാരന്‍, കെ വി ഉണ്ണി, പുതൂര്‍ അച്ചുതമേനോന്‍, പി കെ ചാത്തന്‍ മാസ്റ്റര്‍ എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിന് മുന്നിലുള്ള കുട്ടന്‍കുളത്തിന്റെ തൊട്ടടുത്തുള്ള മതില്‍ അയിത്തത്തിന്റെ അതിരായിരുന്നു. അയിത്ത ജാതിക്കാര്‍ക്ക്  അതിനപ്പുറത്തേക്ക് പ്രവേശനമില്ലായിരുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എസ് എന്‍ ഡിപിയും പുലയ മഹാസഭയും ഒന്നിച്ചാണ് മൈതാനത്ത് ഒത്തുകൂടിയത്.

കുട്ടന്‍കുളത്ത് സ്ഥാപിച്ചിരുന്ന നിരോധനാജ്ഞ ബോര്‍ഡ് ആരോ എടുത്ത് മാറ്റുകയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നവരെല്ലാം കുട്ടന്‍കുളത്തിനപ്പുറത്തേക്ക് മാര്‍ച്ച് ചെയ്യുവാന്‍ പി ഗംഗാധരന്‍ പ്രഖ്യാപിക്കുകയും ചെയ്തു.  എന്നാല്‍, പുതൂര്‍ അച്ചുതമേനോന്‍ നിയമലംഘനത്തെ അനുകൂലിക്കാതെ സമരത്തില്‍നിന്ന് പിന്‍മാറി.  ഇന്‍സ്‌പെക്ടര്‍ ശങ്കുണ്ണിയുടെ നേതൃത്വത്തില്‍ സായുധ പോലീസ് സമരക്കാരെ തടഞ്ഞു. പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.  ഇതോടെ ജനം ഇളകിമറിഞ്ഞു. അനേകം പേര്‍ക്ക് പരുക്കേറ്റു. പൊലീസ് സമരക്കാര്‍ക്കുമുന്നില്‍ ഒരു വര വരച്ചു. അതിനകത്തുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.  കുറുമ്പ തന്റെ ഭര്‍ത്താവ് ചാത്തനോടൊപ്പമാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. കുറുമ്പ വരയ്ക്ക് പുറത്തും ചാത്തന്‍ വരയ്ക്കകത്തുമായി.
കുറുമ്പയടക്കമുള്ള സമരത്തില്‍ പങ്കെടുത്ത എല്ലാവരേയും അതിക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയാക്കി.  സമരക്കാരുടെ കാല്‍വെള്ളയില്‍ അടിക്കാനായിരുന്നു ഉത്തരവുണ്ടായിരുന്നത്.  അടിയുടെ ഫലമായി കുറുമ്പയ്ക്ക് കാലുകള്‍ പഴുത്ത് നടക്കാന്‍ വയ്യാതെ ഏറെക്കാലം ചികിത്സിക്കേണ്ടിവന്നു.  സമരത്തില്‍ പങ്കെടുത്തവരെ സഹായിക്കരുതെന്ന് വിലക്കുണ്ടായതിനാല്‍ സമരക്കാരെല്ലാം ഏകാന്ത തടവിലായിരുന്നു എന്ന് പറയാം. പൊലീസുകാരും പ്രമാണിമാരും കാണാതെയാണ് ഇവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വീട്ടിലേക്ക് എറിഞ്ഞുകൊടുത്തിരുന്നത്. 'പി കെ ചാത്തന്‍ മാസ്റ്ററെ കാണിച്ചുകൊടുക്കാന്‍ പറഞ്ഞ് പൊലീസ് തന്നെ പോത്തിനെ തല്ലുന്നതുപോലെ തല്ലി പഞ്ചറാക്കി. ലോക്കപ്പില്‍ മലര്‍ത്തിക്കിടത്തി കാല്‍മുട്ടുകള്‍ക്ക് മുകളില്‍ കയറിനിന്നാണ് അടിച്ചിരുന്നത്. ജയിലിലെ ചെറിയ ഹാളില്‍ കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ കമ്യൂണിസ്റ്റ് നേതാവ് പി കെ  കുമാരനേയും തന്നെയും നഗ്‌നരാക്കി നിര്‍ത്തി. 

1948ലെ പരിയാരം സമരത്തിലും കുറുമ്പ സജീവപ്രവര്‍ത്തകയായിരുന്നു. നടവരമ്പില്‍നിന്ന് നടന്നാണ് പരിയാരത്തേക്ക് പോയിരുന്നത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള സമരക്കാരെ ബസില്‍ കയറ്റിയിരുന്നില്ല. ബസുകളും അക്കാലത്ത് ഏറെ കുറവായിരുന്നു. മഴ നനഞ്ഞ് മുദ്രാവാക്യം വിളിച്ച് സമരത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂര്‍വരെ നടന്ന് പോയിട്ടുണ്ട്. ഇരിഞ്ഞാലക്കുടയും പുല്ലൂരും നടന്ന എല്ലാ കര്‍ഷക, കര്‍ഷകതൊഴിലാളി സമരങ്ങളിലും പങ്കെടുത്തു. വേദനാജനകമായ സമരയാതനകളും പൊലീസ് മര്‍ദ്ദനങ്ങളും അനുഭവിച്ചത് തന്റെ കൗമാരയൗവ്വന (15-35 വയസ്സ്) കാലഘട്ടത്തിലായിരുന്നു.

ആ അനുഭവങ്ങള്‍ സന്ദര്‍ശിക്കുന്നവരോടെല്ലാം വീറോടെ പറയുമ്പോള്‍ മുഖത്ത് ആവേശവും വാക്കുകളില്‍ ധീരതയുമായിരുന്നു. പാലിയം സമരവുമായി ബന്ധപ്പെട്ട കേസിന് അഞ്ച് കൊല്ലക്കാലം കൊച്ചിയില്‍ പോകുമായിരുന്നു. അവസാനം ശിക്ഷിക്കാതെ വെറുതെ വിട്ടു. കെ വി കുമാരനേയും ഉണ്ണിയേയും കോടതി ശിക്ഷിച്ചു. ഇതിനിടയില്‍ എറണാകുളത്ത് നടന്ന കുടികിടപ്പവകാശ സമരത്തിലും പങ്കെടുത്തു. സമരങ്ങളില്‍ തന്നോടൊപ്പം കെ വി കാളിയും (ചാത്തന്‍ മാസ്റ്ററുടെ ഭാര്യ) ഉണ്ടായിരുന്നു. ഇരുവരും നിരവധി തവണ ഒരമിച്ച് അറസ്റ്റിലായിട്ടുണ്ട്. ക്ഷേത്ര പ്രവേശനം, അയിത്താചരണം, ന്യായമായ പണിക്കൂലി, സമയക്രമീകരണം എന്നിവയുടെ നീതിയുക്ത നടത്തിപ്പിനായി നടത്തിയ എല്ലാ സമരങ്ങളിലും നേതൃത്വം നല്‍കി.

കുറുമ്പക്കുട്ടി കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു. ജോലി സ്ഥലത്തും യൂണിയന്‍ അംഗവും പ്രവര്‍ത്തകയുമായിരുന്നു. സ്വാതന്ത്ര്യസമരസേനാനി പെന്‍ഷനും കശുവണ്ടി തൊഴിലാളി പെന്‍ഷനും ഉപയോഗിച്ചായിരുന്നു അവര്‍ ആരോഗ്യവും ജീവിത ചിലവുകളും തള്ളിനീക്കിയത്.

വനിതാ കലാസാഹിതിയുടെ പ്രവര്‍ത്തകരാണെന്ന് ലില്ലി തോമസ് പരിചയപ്പെടുത്തിയപ്പോള്‍ 'സ്ത്രീകള്‍ സംഘടിക്കണമെന്നും സംഘടന സ്ത്രീകള്‍ക്ക് ശക്തി നല്‍കുമെന്ന' ആഹ്വാനമാണ് പി സി കുറുമ്പ സ്ത്രീസമൂഹത്തിനാകെ സമ്മാനമായി തിരിച്ചുനല്‍കിയത്.

*
ജനയുഗം 04 ഏപ്രില്‍ 2013

Friday, January 27, 2012

'ഉണ്ണിയേട്ടന്‍' എന്ന സഖാവ് കെ വി ഉണ്ണി

ഇരിങ്ങാലക്കുടയില്‍നിന്ന് കൊടുങ്ങല്ലൂര്‍ റോഡിലൂടെ രണ്ടു കിലോമീറ്റര്‍ പോയാല്‍ 'കോലോത്തുംപടി'. അവിടെ ഇടത്തോട്ടുള്ള ഇടവഴി ചെന്നുമുട്ടുന്നിടത്തെ ഇടത്തേ വീട്ടില്‍ എഴുതപ്പെട്ട ചരിത്രത്തിന്റെ അഗ്നിവര്‍ണ്ണലിഖിതങ്ങളില്‍ അടയാളപ്പെടുത്തിയ ഒരാള്‍. സഹനവും സമരവും ത്യാഗങ്ങളും എന്തെന്ന് ഓര്‍മ്മപ്പെടുത്തുന്ന ജീവിതമുദ്ര പേറുന്ന യോദ്ധാവ്. കല്ലുങ്ങല്‍ വേലാണ്ടി ഉണ്ണി എന്ന കെ വി ഉണ്ണി. നാട്ടുകാരുടെ 'ഉണ്ണിയേട്ടന്‍'. കുട്ടംകുളം സമരനായകന്‍.

എണ്‍പത്തിയെട്ടിലും ഇന്നലെകളുടെ പോരാട്ടവീര്യം അകക്കണ്ണുകളില്‍ ഒളിമിന്നുന്നുണ്ട്. കാലത്തെ നോക്കി കാറിത്തുപ്പിയ ഒരു മനുഷ്യന്റെ ധീരധിക്കാരം ബലക്ഷയം വരാത്ത മനസിലിപ്പോഴും. ചരിത്രത്തെ മാറ്റിക്കുറിച്ചവരുടെ ആത്മസാക്ഷ്യം. യൗവനതീക്ഷ്ണനാളുകളിലേറ്റ കഠിന മര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ അലോസരമുണ്ട് ദേഹമൊട്ടാകെ. എങ്കിലും സമരമുഖത്തെ പോരാട്ടം എണ്ണിയെണ്ണി പറയുമ്പോള്‍ മനസ്സിലാവും ഓര്‍മ്മകള്‍ ദൃഢമാണ്. നാട്ടുകൂട്ടത്തെ കാണാനും വര്‍ത്തമാനം പറയാനും ഇഷ്ടമെങ്കിലും അനുസരിക്കാത്ത ശരീരം പക്ഷേ വഴിമുടക്കുന്നു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വലതുവശത്തെ കുളത്തിന് 'കുട്ടംകുളം' എന്ന് വിളിപ്പേര്. കിഴക്കെ കുളക്കരയുടെ മതിലിനോട് ചേര്‍ന്ന് ഒരു 'തീണ്ടല്‍പ്പലക' ഉണ്ടായിരുന്നു. അതില്‍ ഒരു അറിയിപ്പുണ്ടായിരുന്നു. ചരിത്രരേഖകളില്‍ നമുക്കിത് ഇങ്ങനെ വായിക്കാം:

''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍, കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു''.

ഈ ഉത്തരവ് മാറ്റിക്കിട്ടുന്നതിനും അയിത്തജാതിക്കാര്‍ക്ക് വഴിനടക്കാനും വേണ്ടിയായിരുന്നു ഐതിഹാസികമായ കുട്ടംകുളം സമരം. സ്വാതന്ത്ര്യപ്പുലരിക്ക് തൊട്ട് തലേവര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ മുന്‍കൈയെടുത്ത് നടത്തിയതായിരുന്നു കുട്ടംകുളം സമരം.

1946 -ല്‍ ഇരിങ്ങാലക്കുട ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പി കെ ചാത്തന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളനം ചേര്‍ന്നു. ഇരിങ്ങാലക്കുട നഗരത്തെ പച്ചക്കടലാക്കിയ പ്രകടനവുമുണ്ടായിരുന്നു. ആയിരക്കണക്കിന് പുലയ സ്ത്രീകള്‍ ശുഭ്രവസ്ത്രധാരികളായി പ്രകടനത്തില്‍ പങ്കുകൊണ്ടു. കെ വി കാളി (പിന്നീട് ചാത്തന്‍മാസ്റ്റര്‍ വിവാഹം കഴിച്ച് ജീവിതസഖിയാക്കി), കെ കെ അയ്യപ്പന്റെ ഭാര്യ കാളി, കെ കെ ചക്കി എന്നിവരടങ്ങിയ സമ്മേളന പ്രചരണ സംഘത്തിന്റെ നേര്‍ക്ക് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുവെച്ച് സവര്‍ണ്ണര്‍ മുറുക്കിത്തുപ്പി. പുലയസ്ത്രീകള്‍ സാരി ധരിച്ചതാണ് സവര്‍ണ്ണരെ പ്രകോപിപ്പിച്ചത്. പുലയ യുവാക്കളുടെ സൈക്കിള്‍റാലിക്ക് നേരെയും കൈയേറ്റം ഉണ്ടായി. നാടെങ്ങും പ്രതിഷേധം ഇരമ്പി. പി കെ കുമാരന്റെ നേതൃത്വത്തില്‍ ജനം കുട്ടംകുളം റോഡിലേക്ക് മാര്‍ച്ച് ചെയ്തു. ജാഥാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തെ റോഡുകളില്‍ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന 1086ലെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ കല്പനയ്ക്ക് നിയമസാധുതയില്ലെന്നും ഇപ്രകാരമൊരു ശാശ്വത നിരോധനം നല്കുവാന്‍ ഗവര്‍മെന്റിന് അധികാരമില്ലെന്നും പ്രജാമണ്ഡലം പാര്‍ട്ടി ലീഡര്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ ദിവാനെ സന്ദര്‍ശിച്ച് ധരിപ്പിച്ചു. ക്ഷേത്രപ്രവേശന പ്രക്ഷോഭം ശക്തമാക്കണമെന്ന് എസ് എന്‍ ഡി പിയും തീരുമാനമെടുത്തു.

1946 ജൂലൈ 6 ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വിവിധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ആഭിമുഖ്യത്തില്‍ വലിയൊരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു. പ്രജാമണ്ഡലം നേതാവായിരുന്ന പുതൂര്‍ അച്യുതമേനോനായിരുന്നു യോഗാദ്ധ്യക്ഷന്‍. 1086ലെ നിരോധന ഉത്തരവിന് പ്രാബല്യമുണ്ടോ എന്നറിയാന്‍ കുട്ടംകുളം റോഡിലേക്ക് പോവുകയാണെന്ന് പി ഗംഗാധരന്‍ പ്രഖ്യാപിച്ചു. അതോടെ പ്രതിഷേധം രേഖപ്പെടുത്തി പുതൂര്‍ അച്യുതമേനോന്‍ ജനകീയമാര്‍ച്ചില്‍നിന്ന് പിന്‍വാങ്ങിയതായി യോഗത്തെ അറിയിച്ചു. മൈതാനത്ത് തടിച്ചുകൂടിയ പുരുഷാരം പി ഗംഗാധരന്റെ പ്രഖ്യാപനം കേട്ടതോടെ ആവേശംകൊണ്ട് തിളച്ചുമറിഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ജനങ്ങള്‍ കുട്ടംകുളം റോഡ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പി ഗംഗാധരനും കെ വി ഉണ്ണിയുമായിരുന്നു നേതൃനിരയില്‍. തീണ്ടല്‍ ബോര്‍ഡിനടുത്തെത്തിയ ജാഥയെ സായുധരായ പോലീസ് സംഘം തടഞ്ഞു. നിരോധനം ഉണ്ടെങ്കില്‍ കാട്ടിത്തരണമെന്ന് ഗംഗാധരനും ഉണ്ണിയും ശഠിച്ചു. വാക്ക്തര്‍ക്കത്തിനിടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശങ്കുണ്ണി പി ഗംഗാധരനെ പിടിച്ചുതള്ളി. ഇതോടെ ജനം ഇളകിമറിഞ്ഞു. ജനങ്ങള്‍ക്കുനേരെ പോലീസ് ലാത്തിയും ബയനറ്റും ഉപയോഗിച്ചു. അനേകര്‍ക്ക് പരിക്കുപറ്റി. റോഡില്‍ ചോര തളംകെട്ടി കിടന്നു. കെ വി ഉണ്ണിയെയും ഗംഗാധരനെയും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പിന്നീട് ഇരുവരുടെയും കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടി രണ്ടു കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക്. 33 പേര്‍ക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പാര്‍ട്ടി നേതൃത്വത്തിലുള്ള ബീഡി തൊഴിലാളിയൂണിയന്റെയും സജീവ പ്രവര്‍ത്തകരായിരുന്നു പ്രതികളെല്ലാം. പി കെ കുമാരന്‍, പി കെ ചാത്തന്‍ മാസ്റ്റര്‍, എം കെ കാട്ടുപറമ്പന്‍ എന്നീ സഖാക്കളായിരുന്നു കുട്ടംകുളം സമരത്തിന്റെ അണിയറയില്‍. പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള കൊച്ചി മന്ത്രിസഭ അധികാരത്തില്‍ വന്നതോടെയാണ് കേസ്സ് പിന്‍വലിക്കുന്നതും പുറത്തുവരുന്നതും.

ഒളിവില്‍പോയ ഉണ്ണി മൂന്നു വര്‍ഷത്തിനൊടുവില്‍ 'ഷെല്‍ട്ടര്‍ പൊളിഞ്ഞ്' പോലീസ് പിടിയിലായി. മര്‍ദ്ദനത്തിന് പേരുകേട്ട കേന്ദ്രമായിരുന്നു അന്ന് ഇരിങ്ങാലക്കുട സബ്ബ് ജയില്‍. കമ്മ്യൂണിസ്റ്റുകാരെ തല്ലാന്‍വേണ്ടിമാത്രം പ്രത്യേകം പോലീസ് സംഘം ജയിലില്‍ സംഘടിപ്പിച്ചിരുന്നു. തല്ലുകൊടുക്കേണ്ടവരെ അവിടേക്ക് എത്തിക്കുകയായിരുന്നു. അങ്ങനെ എത്തിപ്പെട്ടവരായിരുന്നു വി വി രാഘവനും ഇ ഗോപാലകൃഷ്ണമേനോനും കെ കെ വാര്യരും സി ജനാര്‍ദ്ദനനും. ജോര്‍ജ്ജ് ചടയംമുറിയും ആര്‍ വി രാമന്‍കുട്ടിവാര്യരുമൊക്കെ ഒളിവു ജീവിതത്തിലെ സഖാക്കളായിരുന്നു. ചടയംമുറി ഒപ്പം കൊണ്ടുനടന്നിരുന്ന ബാഗിന്റെ കഥ പറയും ഉണ്ണിയേട്ടന്‍. അനാമത്ത് സാധനങ്ങളുടെ കൂട്ടത്തില്‍ തേയിലയും പഞ്ചസാരയും ഉണ്ടാകും. തരംകിട്ടുമ്പോള്‍ അനത്തികുടിക്കാന്‍. ഒളിവിലുള്ള കമ്മ്യൂണിസ്റ്റുകാരെ പിടിക്കാന്‍വേണ്ടി നാട്ടുകാരെ ചേര്‍ത്ത് പോലീസുണ്ടാക്കിയ 'പൊതുരക്ഷാ കമ്മിറ്റി' സദാ പിന്തുടര്‍ന്നിരുന്നു. അതിനെയെല്ലാം അതിജീവിച്ചു കൊണ്ടായിരുന്നു ഒളിവുജീവിതം.

ജീവിച്ചിരിക്കുന്ന ധീരരായ രണ്ടു വനിതാ സഖാക്കളെ കുറിച്ച് ഉണ്ണിയേട്ടന്‍ പറയുന്നുണ്ട്. കെ വി കാളിയും (ചാത്തന്‍മാസ്റ്ററുടെ ഭാര്യ) പി സി കുറുമ്പയും. പുല്ലൂര്‍ കശുവണ്ടി കമ്പനിയിലെ ജീവനക്കാരിയും യൂണിയന്‍ പ്രവര്‍ത്തകയുമായിരുന്നു പി സി കുറുമ്പ. ഭര്‍ത്താവ് ചാത്തനെ കാണിച്ചുകൊടുക്കാന്‍ പറഞ്ഞ് പോലീസ് 'പോത്തിനെ തല്ലുംപോലെ തല്ലി പഞ്ചറാക്കി'. മലര്‍ത്തികിടത്തി കാല്‍മുട്ടുകള്‍ക്ക് മുകളില്‍ കയറിനിന്ന് കാല്‍വെള്ളയില്‍ ചൂരലുകൊണ്ടടിച്ചു. ചാത്തനെയും കുറുമ്പയെയും പോലീസ് പിടിച്ച് ജയിലിലാക്കി. യു പി ആര്‍ മേനോന്‍ എന്ന നരാധമനായ പോലീസ് ഓഫീസര്‍ ജയിലിലെ ചെറിയ ഹാളില്‍ കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ പി കെ കുമാരനെയും കുറുമ്പയെയും നഗ്നരാക്കി നിര്‍ത്തി 'പോലീസ്തമാശ' നടത്തി. ഉണ്ണിയേട്ടനും സഖാക്കളും ജയിലഴികള്‍ക്കുള്ളില്‍. ഭര്‍ത്താവ് നേരത്തെ മരിച്ച കുറുമ്പ നടവരമ്പ് ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു.

അവര്‍ണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പാലിയം സമരത്തിലും കെ വി ഉണ്ണി പങ്കെടുത്തു. നിരോധനം നീക്കി പാര്‍ട്ടി നിയമവിധേയമായതോടെ പുറത്തുവന്ന ഉണ്ണി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിരവധി തൊഴിലാളി സംഘടനകള്‍ കെട്ടിപ്പെടുത്തു. മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലാളി യൂണിയന്‍, ചെത്തു തൊഴിലാളി യൂണിയന്‍, പീടിക തൊഴിലാളി യൂണിയന്‍ എന്നിങ്ങനെ. 1956 മുതല്‍ 6 വര്‍ഷം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുട റേഞ്ച് ചെത്തുതൊഴിലാളിയൂണിയന്റെ പ്രസിഡണ്ടായി ഇന്നും കര്‍മ്മനിരതനാണ് ഉണ്ണിയേട്ടന്‍.

*
എസ് വസന്തന്‍ ജനയുഗം 21 ജനുവരി 2012